നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെൺപൂക്കളോട്

-Image may contain: 1 person, beard, tree, outdoor, nature and closeup
ഉയിരേറി വന്നൊരു പെൺകിടാവേ
ഉടനെയുരുക്കിൻ കരുത്തേറുക.
ഉടലിൽ തുടംകണക്കെണ്ണയൊഴിച്ചുകൊ-
ണ്ടുയിരെടുക്കുന്നവർ ഏറെയുണ്ട്.
ചൊടിയിൽ ചിരിക്കുന്ന പെൺപൂക്കളേ
ഇതളിൽ വിഷം തേച്ചൊരുങ്ങിനിൽക്ക.
നിനവറിയാതെയുയിർകൊണ്ടുപോകുവാൻ-
നിരനിരയായുണ്ട് ചതിവണ്ടുകൾ.
കൂടൊന്നു തീർക്കുന്ന പെൺകിളിയെ
കരുതേണമുയിരിൽ കുതിപ്പിൻതുണ.
കഴുകൻമാരേറെയുണ്ടുയരത്തിലായി-
കഴുത്തു ഞെരുക്കും കരുത്തുമായി.
മിഴികൾവിടർന്ന പെൺമാൻകുരുന്നേ
ഉടനെയാ കൊമ്പുകൾ കൂർപ്പിക്കുക.
പിറകിൽ വരുന്നോരിരുൾക്കണ്ണുനോക്കി-
ക്കുതിക്കുക കൊമ്പിൻ മുനക്കരുത്തിൽ.
കരിച്ചും മുറിച്ചും അടിച്ചും തകർത്തും
കലിപ്പു തീർക്കുന്ന പിഴച്ചജന്മം
കരുതലില്ലാതെ വളർന്നവരാണോ-
കാളകൂടത്തിൽ വിരിഞ്ഞതാണോ.
കരുത്തേതുമില്ലാ കിടക്കുന്നുകാവലാൾ
കഴുവിലേറ്റാനോ കഴിവുമില്ല.
കരിവാരി നോക്കി നടക്കുന്നു കണ്ടാൽ
കവിളിലായ് പൂശി വശംകെടുത്താൻ.
കഴുമരത്തേക്കാളുയരമത്രേ ഇവർ-
കൊടിമരങ്ങൾതൻ തണലിലത്രേ.
കൊടിവച്ചകാറിന്റെയകമേയിരിക്കുന്ന-
തിവരുടെയടിമകളാണതത്രേ.
ഭയമില്ല നാടിൻ നടപ്പുകളെ.
അറിയില്ല കൂടപ്പിറപ്പുകളെ
പറയുവാനറിയുവാൻ സമയവുമില്ലത്രെ-
അരിതിന്ന കാലം മറന്നുവത്രെ.
ഉയിരേറി വന്നൊരു പെണ്കിടാവേ
ഉടനെയുരുക്കിൻ കരുത്തേറുക.
ഉടലിൽ തുടംകണക്കെണ്ണയൊഴിച്ചുകൊ-
ണ്ടുയിരെടുക്കുന്നവർ ഏറെയുണ്ട്.
-വിജു കണ്ണപുരം-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot