
"ചേട്ടാ... ഈ മയിൽപ്പാറയിലേക്ക് ഇനി എത്രദൂരം പോകണം?"
ചുരംകയറിവരുന്നതിനിടയിൽ പാതയോരത്തുകൂടി നടന്നുപോകുന്ന വൃദ്ധനെ കണ്ടതോടെ ജീപ്പിന്റെ സ്പീഡ് കുറച്ച് ബ്രേക്കിൽ കാലമർത്തി ഗിയർ മാറുന്നതിനിടയിൽ അരവിന്ദ് ചോദിച്ചു.
ആ വൃദ്ധൻ അരവിന്ദനെ നോക്കി അർദ്ധഗർഭമായി നേരിയ പുഞ്ചിരിയോടെ പറഞ്ഞു;
"ഇനി അധികദൂരമില്ല. മൂന്നു വളവുകൂടി കഴിഞ്ഞാൽ ഇടതുഭാഗത്തായി വലിയൊരു പാറകാണാം. താഴെനിന്നും നോക്കിയാൽ പുറം തിരിഞ്ഞിരിക്കുന്ന ഒരു മയിലിനേപ്പോലെ. ആ വഴിയേ മൂന്നു കിലോമീറ്റർ മേലേക്ക് കയറിയാൽ മതി."
"ചേട്ടൻ ഈ നാട്ടുകാരനാണോ? "
ജീപ്പിൽ കൂടെയുണ്ടായിരുന്ന അരവിന്ദന്റെ രണ്ടു സുഹൃത്തുക്കളിൽ ഒരാളായ ചന്ദ്രബാബു ചോദിച്ചു. ചന്ദ്രബാബുവിനെ കൂടാതെ വിമൽ എന്ന മറ്റൊരു ചെറുപ്പക്കാരൻകൂടി ആ യാത്രയിൽ അവരോടൊപ്പം ഉണ്ടായിരുന്നു.
വൃദ്ധൻ ജീപ്പിനുള്ളിലേക്ക് സാകൂതം വീക്ഷിച്ച് മറ്റൊരുചോദ്യം അവരോടായി ചോദിച്ചു;
"ഈ വഴി ആദ്യമായാണല്ലേ? "
"അതെ. ചേട്ടൻ ആ വഴിക്കാണെങ്കിൽ കയറിക്കൊള്ളൂ."
വൃദ്ധൻ അയാളുടെ മുഷിഞ്ഞ വേഷത്തിലേക്കും അരവിന്ദനേയും മാറിമാറി നോക്കുന്നതുകണ്ട് കാര്യം മനസ്സിലാക്കിയതുപോലെ അരവിന്ദൻ പറഞ്ഞു;
"അതൊന്നും സാരമില്ല ചേട്ടാ.. ചേട്ടൻ ധൈര്യമായി കയറിക്കൊള്ളൂ. ഇറങ്ങേണ്ട സമയമാവുമ്പോ പറഞ്ഞാൽ മതി."
വിമൽ ജീപ്പിന്റെ പിൻവാതിൽ തുറന്നു. വൃദ്ധൻ ജീപ്പിന്റെ ഒരു വശത്തായി മുറുകെ പിടിച്ച് ഫുട്ട്ബോഡിൽ ചവിട്ടി മെല്ലെ അകത്തേക്കുകയറി ഒതുങ്ങി ഇരുന്നു.
അവർ വീണ്ടും യാത്ര തുടരുന്നതിനിടയിൽ പലവിധ തമാശകളുമായി മുന്നോട്ടുപോയി. ഒരുപാട് തവണ ആ വഴി സഞ്ചരിച്ചിരുന്നുവെങ്കിലും ആ പ്രദേശത്തെ കാനനസൗന്ദര്യം ആദ്യമായി ആസ്വദിക്കുംപോലെ അയാൾ പ്രകൃതിയെ നോക്കി നിശ്ശബ്ദനായി യാത്ര തുടർന്നു.
വീണ്ടും ഒരു ഹെയർപിൻ വളവുകൂടി പിന്നിടുന്നതിനിടയിൽ ഡ്രൈവ് ചെയ്തിരുന്ന അരവിന്ദൻ ജീപ്പിനകത്തെ കണ്ണാടിയിലൂടെ നോക്കി അയാളോട് ചോദിച്ചു;
"ചേട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്? എന്തെങ്കിലും തമാശയൊക്കെ പറഞ്ഞു നമുക്ക് പോകാലോ..."
"അയാൾ ഒന്നു ചിരിച്ചുകൊണ്ട് വീണ്ടും പിന്നിടുന്ന വഴികളിലേക്ക് ശ്രദ്ധതിരിച്ചു."
"ചേട്ടന് എവിടെയാണ് ഇറങ്ങേണ്ടത്? സ്ഥലം എത്തുമ്പോൾ പറയാൻ മടിക്കേണ്ട."
"ഉം..."
അരമണിക്കൂറിനുള്ളിൽ മൂന്നു ഹെയർപിൻ വളവുകളും പിന്നിട്ട് അവർ മയിൽപ്പാറയുടെ താഴ്വാരത്തെത്തി. ജീപ്പ് ഒരു വശത്ത് ഒതുക്കിനിർത്തി അരവിന്ദൻ താഴെയിറങ്ങി. കൂടെ രണ്ടു സുഹൃത്തുക്കളും.
കുറച്ചകലെയായി ഒന്നോരണ്ടോ ചെറിയ കടകൾ കാണാമായിരുന്നു. അതിനപ്പുറം ഒരു പള്ളിയുടെ മുൻവശം. കൂടാതെ ഒരു സ്ക്കൂൾ. അത്രയും മാത്രമേ അവർക്ക് ഒറ്റനോട്ടത്തിൽ ദൃശ്യമായതുള്ളൂ. അതിനപ്പുറം പാത താഴേക്ക് ഇറങ്ങുകയാണ്. തേയിലക്കാടുകളായിരുന്നു ആ പരിസരമാകെ. ഇടയിൽ ചെറിയ കുടിലുകൾ അവിടവിടെയായി കാണപ്പെട്ടിരുന്നു.
ഇടതുവശത്ത് പീലി വിടർത്തിയിട്ടില്ലാത്ത വലിയൊരു മയിലിനേപ്പോലെ ഒരു കുന്ന്. അതിനുമപ്പുറം മലമുകളിൽനിന്നും പെയ്തിറങ്ങുന്ന വെൺമേഘങ്ങളേപ്പോലെ താഴേക്ക് പതിക്കുന്ന കാട്ടുറവകൾ. വളരെ ദൂരത്തായിരുന്നു ആ ജലസ്രോതസ്സെങ്കിലും താഴേക്ക് പതിക്കുന്ന അവയുടെ ശബ്ദം ചുറ്റും മാറ്റൊലികൊണ്ടിരുന്നു.
പ്രകൃതിക്ക് ഇത്രയും ഭംഗിയുണ്ടോ എന്ന് ആരും ഒരുനിമിഷം ചിന്തിച്ചുപോകുന്ന സ്ഥലം. അരവിന്ദൻ ഒരു സിഗരറ്റെടുത്ത് ജീപ്പിനുള്ളിൽ ലൈറ്റർ ഓണാക്കി ചുണ്ടോടുചേർത്ത് ആഞ്ഞുവലിച്ച് പുക അന്തരീക്ഷത്തിലേക്ക് കലർത്തി. കൂടെ സുഹൃത്തുക്കളും പങ്കുചേരന്നതിനിടയിൽ വൃദ്ധൻ ശ്രദ്ധാപൂർവ്വം താഴെ ഇറങ്ങി.
"നിങ്ങൾ പൊയ്ക്കൊ. എനിക്ക് ഇവിടെ ഒരിടത്ത് കയറാനുണ്ട്. "
"ചേട്ടന്റെ വീട് ഇവിടെയാണോ?" അരവിന്ദൻ.
ഒരു നിമിഷം ചിന്തിച്ചിട്ടെന്നപോലെ വൃദ്ധൻ പറഞ്ഞു;
"അല്ല. എന്റെ വീട് ഓ അങ്ങ് മേലെ മയിൽപ്പാറയുടെ അറ്റത്താണ്. അവിടെ ആകെ നാലു കുടിലുകളാണുള്ളത്. അതിലൊന്ന് ഞാനും താമസിക്കുന്നു."
"അപ്പോൾ ചേട്ടനെന്തേ ഇവിടെ ഇറങ്ങി? "
അരവിന്ദന്റെ ചോദ്യം ഇഷ്ടപ്പെടാത്തതുപോലെ വൃദ്ധൻ അയാളെ അല്പം നീരസത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു;
"എന്റെ ചെറുമോള് ആ ഉസ്ക്കൂളിൽ പടിക്കുവാ. ഉസ്ക്കൂള് വിട്ട് മോളെ കൂട്ടിപ്പോകാനാ. "
വൃദ്ധൻ മറ്റൊന്നും പറയാതെ, അരവിന്ദന്റെ മറുപടിപോലും കേൾക്കുവാൻ നില്ക്കാതെ ധൃതിയിൽ വലതുവശത്തെ ചെങ്കൽ പാതയിലൂടെ നടന്നു. അരവിന്ദനും സുഹൃത്തുക്കളും മുഖത്തോടുമുഖം നോക്കി എന്തോ തീരുമാനിച്ചതുപോലെ ആ വൃദ്ധനെ വിളിച്ച് പറഞ്ഞു;
"ഞങ്ങൾ ചേട്ടൻ വന്നിട്ടേ പോകുന്നുള്ളൂ. നമുക്ക് ഒരുമിച്ച് മയിൽപ്പാറയിലേക്ക് പോകാം."
അയാൾ ഒന്നും മിണ്ടാതെ യാത്ര തുടർന്നു. അരവിന്ദനും സുഹൃത്തുക്കളും പലവിധ ചിന്തകളുമായി ആ പരിസരം വീക്ഷിച്ചു.
"അപ്പോൾ കലാപരിപാടികൾ ആരംഭിക്കല്ലേ?"
വിമൽ ജീപ്പിനകത്തുനിന്നും ബക്കാർഡിയുടെ ഫുൾബോട്ടിലും ഒന്നര ലിറ്റർ സോഡയുടെ ബോട്ടിലുമായി പാതയോരത്തുവന്നു. ചന്ദ്രബാബു മൂന്നു ഡിസ്പൊസ്സിബിൾ ഗ്ലാസ്സും ഒരു പേക്കറ്റ് എരിവുള്ള മിക്ചറുമായി കൂടെയെത്തി. മദ്യം മൂന്നു ഗ്ലാസ്സുകളിലേക്ക് പകരുന്നതിനിടയിൽ അരവിന്ദൻ ആ വൃദ്ധൻ പോയ വഴിയേനോക്കി പറഞ്ഞു;
"ആരും അധികം ഓവറാക്കേണ്ട.."
അയാളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം ഗ്രഹിച്ചിട്ടെന്നതുപോലെ അവർ പരസ്പരം ചിരിച്ചു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ അകലെ ആ വൃദ്ധന്റെ നിഴൽ അവർ കണ്ടു. അവരുടെ മൂന്നുപേരുടെയും മനസ്സുകളിൽ പലവിധ ചിന്തകളും ഉടലെടുത്തു. അയാളുടെ കൂടെവരുന്ന പെൺകുട്ടിയെ അവർ പല രൂപത്തിലും ഭാവത്തിലും ഇതിനോടകം പലതവണ കണ്ടുകഴിഞ്ഞു. മൂന്നുപേർക്കും മൂന്നു വ്യത്യസ്തമായ സങ്കല്പങ്ങൾ. എന്നാൽ ആ സങ്കല്പങ്ങളുടെ ക്ലൈമാക്സിന് ഒരേ രൂപമായിരുന്നു.
ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ചില സങ്കല്പങ്ങളുടെ ആൾരൂപങ്ങളായിരുന്നു അവർ മൂന്നുപേരും. സ്ക്കൂൾ യൂണിഫോമിട്ട ഒരു പാവം പെൺകുട്ടിയുടെ പലപല രൂപങ്ങൾ അവർ കണ്ടു. മുൻപ് കേട്ടറിഞ്ഞ കഥകളിലെ സുന്ദരിയായ പെൺകുട്ടിയുടെ പേടമാൻകണ്ണുകൾ അവർ പലതവണ വീക്ഷിച്ചുകഴിഞ്ഞു. മൂടിവെച്ച അവളുടെ അംഗലാവണ്യം പലതവണ അവർ മനക്കണ്ണുകൊണ്ട് ആസ്വദിച്ചു. തേടിയവള്ളി കാലിൽചുറ്റി എന്നതുപോലെ ഉടനെ കഴിക്കുവാൻ തയ്യാറാവുന്ന വിഭവത്തെ അവർ പലവുരു രുചിച്ചിറക്കി.
മേലെ അന്തരീക്ഷത്തിൽ ശവംതീനി പരുന്തുകൾ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് വട്ടമിട്ടു പറന്നു.
അരവിന്ദൻ ജീപ്പിനടുത്തുപോയി മിററിലൂടെ തന്റെ സൗന്ദര്യം ഉറപ്പുവരുത്തി. മേൽച്ചുണ്ടിനു മുകളിലൂടെ അല്പം താഴേക്ക് വളരുന്ന തന്റെ ഭംഗിയുള്ള മീശ അല്പം മേലേക്ക് ചുരുട്ടി. വിമൽ ഇൻചെയ്ത ഷർട്ട് ഒന്നുകൂടി ഭംഗിയാക്കി രണ്ടു കൈകളും പാന്റ്സിനുള്ളിലേക്കു തിരുകി അല്പം ഉന്തിയ വയർ അകത്തേക്ക് വലിച്ചുപിടിച്ചു നിന്നു. ചന്ദ്രബാബു അപ്പോഴും തന്റെ വിലകൂടിയ ക്യാമറ മൊബൈലിൽ നോക്കി സ്വയം തൃപ്തിപ്പെടുന്നതിനിടയിൽ ക്യാമറയിലെ മെമ്മറി സ്റ്റാറ്റസ് കൂടി തിട്ടപ്പെടുത്തിവച്ചു.
വൃദ്ധനും കൂടെ ഒരു പെൺകുട്ടിയും നടന്നുവരുന്നത് അവർ കണ്ടു.
"ഇത്രയും സമയം ഞാൻ ജീപ്പോടിച്ചതല്ലേ. ഇനി നിങ്ങൾ ആരെങ്കിലും ഡ്രൈവ് ചെയ്യണം." അരവിന്ദൻ പറഞ്ഞു.
"വേല മനസ്സിൽ ഇരിക്കട്ടെ. നമ്മൾ യാത്ര തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞതാണ് ഞാൻ ഓടിക്കാമെന്ന്. അപ്പോൾ എന്താ പറഞ്ഞത്... നിങ്ങൾക്ക് ചുരം കയറി പരിചയമില്ല, ഞാൻ തന്നെ ഓടിക്കാമെന്ന്. അതിന് ഒരു മാറ്റവും വേണ്ട. ..ഞങ്ങൾക്ക് ഇപ്പോഴും ഒരു പരിചയവുമില്ല.. നീ തന്നെ ഓടിച്ചാൽ മതി."
ചന്ദ്രബാബുവിന്റെ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും അരവിന്ദൻ നിശ്ശബ്ദനായി വീണ്ടും അവരെ വീക്ഷിക്കാൻ തുടങ്ങി.
ഇപ്പോൾ വൃദ്ധന്റെ മുഖം വ്യക്തമാണ്. അയാൾക്ക് പുറകിലായി ഏകദേശം പതിമൂന്നോ പതിനാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി ഇരുവശത്തും മെടഞ്ഞിട്ടിട്ടുണ്ടെങ്കിലും അതിലൊന്ന് മുൻപോട്ട് ഇട്ടിട്ടുണ്ട്. ഒരു കൈകൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടാണ് ആ പെൺകുട്ടി നടന്നിരുന്നത്. അവൾ അടുത്തെത്തിയതോടെ തങ്ങളുടെ ഇതുവരെയുള്ള സ്വപ്നങ്ങൾ തകർന്നടിയുന്നത് അവർ മൂവരുമറിഞ്ഞു. കറുത്തുമെലിഞ്ഞ അവളുടെ മുഖത്തിന്റെ ഒരു വശം വളരെ വികൃതമായ രൂപത്തിൽ പൊള്ളലേറ്റു പഴുത്ത നിലയിലായിരുന്നു. അവരെ കണ്ടതോടെ അവൾ ഷാളുകൊണ്ട് , വെളിയിൽ കാണുന്ന തന്റെ കൈപ്പത്തികൾ മൂടിവെക്കുവാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. എല്ലാ പ്രതീക്ഷകളും ഒരു നിമിഷംകൊണ്ട് തകരുന്നത് അവരറിഞ്ഞു. നിരാശയോടെ അവർ പരസ്പരം നോക്കി.
അവരുടെ അടുത്തെത്തിയപ്പോൾ വൃദ്ധൻ ചോദിച്ചു;
"നിങ്ങൾ ഇതുവരെ പോയില്ലേ മയിൽപ്പാറയിലേക്ക്? സമയം വൈകിയാൽ തിരിച്ചുപോരാൻ ബുദ്ധിമുട്ടാണ്. ആറുമണിയാവുമ്പോഴേക്കും അവിടെ ഇരുട്ട് നിറയും. പിന്നെ ഒന്നും കാണില്ല."
"അല്ല... ഞങ്ങൾ മറ്റൊരു ദിവസം പോകാമെന്ന് തീരുമാനിച്ചു. ഇപ്പോൾ വഴി മനസ്സിലായല്ലോ..."
അരവിന്ദൻ ഉള്ളിലെ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു. അവരെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ അവൾ, മയിലമ്മ മുന്നോട്ട് നടക്കുമ്പോൾ ആ മുഖത്ത് ഒന്നുകൂടി നോക്കുവാനാവാതെ അവർ മൂവരും മറുവശത്തേക്ക് തിരിഞ്ഞു.
വൃദ്ധൻ ചിരിച്ചുകൊണ്ട് അവരോടായി പറഞ്ഞു;
"അതു നന്നായി. മറ്റൊരു ദിവസം വന്നാൽ മതി. അതാണ് നല്ലത്. എന്തെങ്കിലും സഹായം വേണമെങ്കിൽ ഞാനും മോളും അവിടെ ഉണ്ടാകും.."
"ഓ.. അങ്ങനെയാവട്ടെ."
അയാളുടെ ഒരു സഹായം... ഫൂ എന്ന് ആത്മഗതത്തോടെ ചന്ദ്രബാബു മൂന്നു ഗ്ലാസ്സുകളിലേക്കായി വീണ്ടും മദ്യം നിറച്ചു.
അവരുടെ ദൃഷ്ടിയിൽനിന്നും മാഞ്ഞതോടെ ആ വൃദ്ധൻ ചുമലിൽ കിടന്നിരുന്ന തോർത്ത് എടുത്ത് മയിലമ്മയോട് പറഞ്ഞു;
"അപ്പൂപ്പന്റെ മോള് ഇതുകൊണ്ട് ആ മുഖത്തൊക്കെ നല്ലപോലെ തുടയ്ക്ക്. ചെമ്പരത്തിപ്പൂവ് എപ്പോഴും രക്ഷകനായി വരണമെന്നില്ല കേട്ടോ. മോള് ശ്രദ്ധിക്കണം."
"ഉം.."
ജീവിതത്തിന്റെ കയ്പ്പേറിയ പല മുഖങ്ങളും കണ്ടുമറന്ന ആ വൃദ്ധന്റെ വാക്കുകളിൽ എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ശവംതീനി പരുന്തുകൾ ചിറകടിച്ച് എങ്ങോ പറന്നുപോയി. മയിൽപ്പാറയിൽ സൂര്യൻ അസ്തമിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ചുവന്നുതുടുത്ത മയിൽപ്പാറക്കുന്നിലേക്ക് മയിലമ്മ ഒരു പക്ഷിയേപ്പോലെ പറന്നുയർന്നു.
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക