Slider

നൂതൻ

0
Image may contain: 1 person
ഇനി നിങ്ങളാരും നൂതൻ്റെ കാര്യം ഒരക്ഷരം മിണ്ടരുത്.
എടാ സുനിലേ പോളണ്ടിൻ്റെ കാര്യം ഒരക്ഷരം മിണ്ടരുത് എന്നല്ലേ സാധാരണ പറയാറുള്ളത്.
എന്നാൽ നൂതൻ്റേയും പോളണ്ടിൻ്റേയും കാര്യം ഒരക്ഷരം മിണ്ടരുത്.
അതിപ്പോൾ നൂതൻ്റെ കാര്യം ആകുമ്പോൾ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറഞ്ഞാലേ അതിൻ്റെ ഫലം ലഭിയ്ക്കുകയുള്ളു.
നീയൊക്കെ ഇനിയും പറഞ്ഞാൽ എൻ്റെ കൈയിൽ നിന്ന് നിനക്കൊക്കെ നല്ല ഫലം ലഭിയ്ക്കും.
അവൻ അങ്ങിനെ പറഞ്ഞതിന് തെറ്റൊന്നും പറയാനാവില്ല, നൂതൻ്റെ പേരിൽ അവൻ കേട്ട ചീത്തയ്ക്കും, കളിയാക്കലിനും കൈയ്യും കണക്കുമില്ല. ഇനി നിങ്ങളായിട്ട് കൂടുതൽ ചിന്തിച്ച് തല പുണ്ണാക്കണ്ട. പഴയ സിനിമാ നടി നൂതനോ, സുനിലിൻ്റെ തേച്ചിട്ടു പോയ കാമുകിയോ ആണ് നൂതൻ എന്നെല്ലാം ഓർത്ത് തെറ്റിദ്ധരിക്കേണ്ട, നൂതനാരാണെന്നുള്ള കാര്യം ഇപ്പോൾ പറഞ്ഞ് ശരിയാക്കിത്തരാം.
ഞങ്ങൾ കൂട്ടുകാരെല്ലാം സുനിലിൻ്റെ വീട്ടിലെ നിത്യസന്ദർശകരാണ്. മിക്ക സമയത്തും ഞങ്ങൾ അവിടെ ഉണ്ടാകാറുള്ളതിൻ്റെ പ്രധാന കാരണം മറ്റൊന്നുമല്ല.
അവൻ്റെ അമ്മയ്ക്ക് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ആണ് ജോലി, അവിടെ നിന്ന് കൊണ്ടുവരാറുള്ള മുട്ടയും, പാലും, ബ്രഡ്ഡും, ബട്ടറും, നന്നായി അവലോകനം ചെയ്ത് അളവു കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ സായാഹ്ന പരിപാടികളുടെ ഒരു പ്രധാന ഐറ്റം. രണ്ട് കഷണം ബ്രഡ്ഡ് എടുത്ത് അതിൽ ബട്ടർ തേച്ച് അതിൽ അല്പം പഞ്ചസാര വിതറി പിന്നീട് ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച് ഇന്നത്തെ ബ്രഡ്ഡ് സാൻ്റ്വിച്ചിൻ്റെ പുരാതന മാതൃകകൾ പരീക്ഷിക്കുക.
ബട്ടർ ചൂടാക്കി നെയ്യാക്കിയിട്ട് അതിൽ ബ്രഡ്ഡ് ടോസ്റ്റ് ചെയ്ത് കഴിക്കുക, അതിനകമ്പടിയായി ബുൾസ്ഐ, ഓംപ്ലേറ്റ് എന്നിങ്ങനെയുള്ള കലാപരിപാടികൾ വേറേയും
. കൂടെ പാലോ കട്ടൻ ചായയോ ഒരു വെറ്റൈറിയക്ക് മാറി മാറി ഉണ്ടാക്കുക, കുടിയ്ക്കുക. ഇതെല്ലാം തന്നെയായിരുന്നു അന്നത്തെ പ്രധാന പരിപാടികൾ. അങ്ങിനെയുള്ള സുന്ദരമായ സൗഹൃദ സായാഹ്നങ്ങൾ വർണ്ണ മനോഹരമാക്കി കൊണ്ടിരുന്ന എമ്പതുകളിലെ ഒരു സായാഹ്നം. അന്നെല്ലാം മിക്കവീട്ടിലും, വിറകടുപ്പ്, അറക്കക്കപ്പൊടി അടുപ്പ് പിന്നെ സ്റ്റവ്വും ആണ് ഉള്ളത്.
ഗ്യാസടുപ്പുകൾ വന്നു തുടങ്ങിയിട്ടില്ല. ഞങ്ങളുടെ പാചക പരീക്ഷണങ്ങൾ സ്റ്റൗവ്വിൽ ആയിരുന്നു, പാചക പരീക്ഷണങ്ങളുടെ പ്രയോഗാധിക്യം കൊണ്ട് സ്റ്റൗവ്വിൻ്റെ കട്ടയും പടവും എപ്പോഴോ മടങ്ങി. അങ്ങിനെയാണ് അവൻ്റെ അമ്മ അടുത്ത ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ
അന്നത്തെ ഫേമസ് കമ്പനിയായ നൂതൻ്റെ ഒരു പുതിയ സ്റ്റൗവ്വും വാങ്ങി വന്നത്. പേരുപോലെ തന്നെ
പുത്തനായുള്ളതും,
തിളങ്ങുന്ന പച്ചക്കളറുമുള്ള നല്ല പുതുപുത്തൻ നൂതൻ സ്റ്റൗ. നേരത്തെ അവരുടെ വീടിൽ ഉണ്ടായിരുന്നതും നൂതൻ്റെ തന്നേയാണ്, ഉപയോഗിച്ച് കറുത്ത് പഴകിയതിനാൽ അതിൻ്റെ വാങ്ങിയ കാലത്തെ നിറമെന്തായിരുന്നെന്ന് കമ്പനിക്കാർക്ക് പോലും കണ്ടു പിടിയ്ക്കാനാവില്ല.
പതിവുപോലെ അടുത്ത ദിവസത്തെ ഞങ്ങളുടെ പാചക പരാക്രമങ്ങൾക്കിടയിലേയ്ക്കാണ് അവൻ്റെ അമ്മ ജോലി കഴിഞ്ഞെത്തിയത്. പിന്നെ ഞങ്ങളുടെ പ്രകടനങ്ങൾ നിത്യ കാഴ്ചയായതിനാൽ
അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
അതിനിടയിൽ അമ്മ സുനിയോടായി ചോദിച്ചു,
എടാ ഇന്നലെ കൊണ്ടുവന്ന പുതിയ സ്റ്റൗ തിരിയെല്ലാം ഇട്ട് മണ്ണെണ്ണ ഒഴിച്ച് തയ്യാറാക്കി വയ്ക്കണം എന്ന് പറഞ്ഞിട്ട് നീ കാളകളിച്ച് നടന്ന് അതെല്ലാം മറന്നോ?
ആരു മറന്നു, അമ്മ പറഞ്ഞതിനാൽ അതെല്ലാം രാവിലെ തന്നെ ശരിയാക്കിയല്ലോ.
അത്യന്തം വിനയകുനീതനായുള്ള അവൻ്റെ മറുപടി കേട്ട് സംപ്രീതയായ അമ്മ വീണ്ടുമവനോട് ചോദിച്ചു. പിന്നെന്തിനാ അത് മാറ്റി വച്ചിരിക്കുന്നത്, നിങ്ങൾക്കതിലാകാമായിരുന്നില്ലെ ഇന്നത്തെ കലാപരിപാടികൾ. എവിടെ വച്ചിരിക്കുന്നു പുതിയ സ്റ്റൗ , എടുത്തു കൊണ്ടു വാ, അമ്മ ഒന്ന് കത്തിച്ചു നോക്കട്ടെ. വല്ല കുഴപ്പവും ഉണ്ടോന്ന് നോക്കട്ടെ.
ഇതല്ലേ അമ്മേ പുതിയ സ്റ്റൗ . ഒരു കുഴപ്പവുമില്ല, നന്നായി
കത്തുന്നുണ്ട്.
അവൻ്റെ മറുപടി കേട്ട് അമ്മ മാത്രമല്ല ഞങ്ങളേവരും അത്ഭുതപരതന്ത്രരായിപ്പോയി, ഇവനെന്തു മണ്ടത്തരമാണ് പറയുന്നതെന്നോർത്തിട്ട്. ഇന്നലെ കൊണ്ടുവന്ന സ്റ്റൗ ഞങ്ങളേവരും കണ്ടതല്ലേ തിളങ്ങുന്ന പച്ച നിറമുള്ള നല്ല പുതുപുത്തൻ സ്റ്റൗ അതിനു പകരം കാലാകാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കറുത്തു പഴകിയ സ്റ്റൗ കാണിച്ചിട്ട് ഇതാണ് പുതിയതെന്ന് പറയുന്നത് അവൻ ഞങ്ങളെ ഏവരേയും കളിയാക്കുന്നതാണോ, അതോ അവൻ്റെ കിളി പോയതാണോ എന്നറിയാതെ
അവൻ്റെ അമ്മയും, പാവമീ കൂട്ടുകാരും അസ്ത്രപ്രജ്ഞരായി നിന്നു പോയി.
നീ തമാശ പറയാതെ പുതിയ സ്റ്റൗ എടുത്തു കൊണ്ടു വാ,
തമാശ കാണിച്ചത് മതി. കുറെ നേരമായല്ലോ ബാക്കിയുള്ളവരേ പൊട്ടൻ കളിപ്പിക്കുന്നത്. അമ്മയും ഞങ്ങളും കോറസ്സായി പറഞ്ഞു.
ഞാൻ നിങ്ങളെ ആരേയും പൊട്ടൻ കളിപ്പിക്കുന്നതല്ല. സംഗതി സത്യമാണ്. ഇതു തന്നേയാണ് പുതിയ സ്റ്റൗ, എൻ്റെ വളരെ ബുദ്ധിപരമായ
ഒരു മണ്ടത്തരത്തിൻ്റെ പരിണിത ഫലമാണിതിൻ്റെ ഇന്നത്തെ ഈ അവസ്ഥ.
അതെന്താണ് നീ പരീക്ഷണ വിധേയമായി കാണിച്ച മണ്ടത്തരം.
അതായത് രമണാ എങ്ങിനെ സംഭവിച്ചു എന്നു വച്ചാൽ, അമ്മ ഇന്നലെ പറഞ്ഞിട്ടു പോയതിൻ പ്രകാരം ഞാൻ പുതിയ സ്റ്റൗവ്വിൽ തിരിയെല്ലാം ഇട്ട് മണ്ണെണ്ണ എല്ലാം ഒഴിച്ച് തയ്യാറാക്കി വച്ചു. മണ്ണെണ്ണ ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞ് കുറച്ച് മണ്ണെണ്ണ പുറത്തേയ്ക്ക് ഒഴുകി പരന്നു. ടാങ്കിൻ്റെ അടപ്പ് എല്ലാം വൃത്തിയായി അടച്ചു. ചെറിയ കമ്പിയുടെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ചാ ണല്ലോ സ്റ്റൗവ്വിൻ്റെ അകത്തെ തിരിയ്ക്ക് തീ പിടിപ്പിക്കുന്നത്. അതിനായിട്ട് കമ്പിയുടെ അറ്റത്ത് ചുറ്റിയിരിയ്ക്കുന്ന എണ്ണയിൽ മുക്കിയ തുണിയുടെ തുമ്പത്ത് തീ പകർന്നു. അപ്പോഴാണ് ഞാൻ ഓർത്തത് സ്റ്റൗവ്വിൻ്റെ തട്ടിൽ വീണു കിടക്കുന്ന മണ്ണെണ്ണയും കൂടി ഇതുകൊണ്ട് വലിച്ചെടുക്കാം എന്ന ചിന്തയിൽ ഒന്നങ്ങോട്ട് നീട്ടിയതേ ഓർമ്മയുള്ളു. പുതിയ പെയ്ൻ്റിൽ കുളിച്ചു കിടക്കുന്ന മണ്ണെണ്ണ ഒറ്റയടിയ്ക്ക് ഭും എന്ന് കത്തിപ്പടർന്ന് പഴയപ്പച്ചക്കളറിനെ ഒരു നിമിഷം കൊണ്ട് ചുവപ്പാക്കി,
അടുത്തു കിടന്ന ചാക്കു കൊണ്ട് പൊതിഞ്ഞ് തീ കെടുത്തിയപ്പോൾ ചുവപ്പു നിറം നല്ല കറുപ്പായി. അങ്ങിനെ നൂതൻ സ്റ്റൗ പുരാതൻ സ്റ്റൗ ആയി.
അതിൻ്റെ പരിണിത ഫലം ആയിരുന്നു മുൻ പറഞ്ഞ സംഭാഷണ ശകലം. പിന്നീട് കുറേക്കാലത്തേയ്ക്ക് എല്ലാവരും നൂതൻ്റെ കാര്യം പറഞ്ഞ് അവനെ കളിയാക്കി
കൊല്ലാൻ തുടങ്ങിയപ്പോൾ
ആണ് അവൻ പുതിയ തീരുമാനം പറഞ്ഞത്.
ഇനി ആരും നൂതനെ പറ്റി ഒരക്ഷരം പറയരുത് എന്ന്.
പിന്നെ അതും കൂടെ ചേർത്തായി കളിയാക്കൽ
എന്നു മാത്രം.
നൂതൻ്റെ കാര്യം പറയരുത്
എന്നു പറഞ്ഞാൽ പോലും
അവൻ ചീത്ത പറയുന്ന ലെവൽ വരേ ആയി കാര്യങ്ങൾ.

By: PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo