നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോളിങ്ങ് ബൂത്ത് നഗരം


'' കേരളത്തിലെ പോളിങ്ങ് ബൂത്ത് നഗരങ്ങളിലേക്ക് എന്റെ സഞ്ചാരം വാഹനം പ്രവേശിച്ചു കഴിഞ്ഞു,...
അഴിമതിയുടേയും ,അക്രമ രാഷ്ട്രിയത്തിന്റേയും മനോഹരമായ മൊട്ടക്കുന്നുകളുളള സ്ഥലമാണ് പോളിങ്ങ് ബൂത്തെന്നറിയപ്പെടുന്ന സ്ഥലങ്ങൾ ...
അതി വിശാലമായ രാഷ്ട്രീയ പാതയിലൂടെ എന്റെ ഡ്രൈവർ വാഹനം ഡ്രൈവ് ചെയ്യുകയാണ് ...
പുറത്തെ കാഴ്ചകളിലേക്കും നോക്കി ഞാൻ വാഹനത്തിലിരിക്കുകയാണ് ...
അഞ്ചു വർഷത്തിനു ശേഷമാണ് ഈ ഗ്രാമത്തിലേക്ക് ഞാനെത്തുന്നത്,
ബ്രട്ടീഷ് ഭരണത്തിനു ശേഷമുളള രാഷ്ട്രീയ പാതയ്ക്കിരു വശവും വർഗീയതയുടെ തണൽ മരങ്ങൾ നട്ട് വളർത്തിയിട്ടുണ്ട് ...
പോളിങ്ങ് ബൂത്തെന്നറിയപ്പെടുന്ന നഗരത്തിലെ കാഴ്ചകളിലേക്ക് എന്റെ കാമറയെ ഞാൻ തിരിച്ചു വച്ചു,...
അഞ്ചു വർഷം കൂടുമ്പോഴുളള ''ഇലക്ഷൻ ഉത്സവം '' ഇവിടുത്തെ വളരെ പ്രധാനപ്പെട്ട ഉത്സവമാണ് ...
''ഉത്സവത്തിലെ പ്രധാന ഇനമാണ്
''കാലുവാരൽ ' എന്ന ഗെയിം,...
പരമ്പരാഗത ചിഹ്നങ്ങൾ ധരിച്ച പാർട്ടി ഗോത്രങ്ങളിലെ മൂപ്പന്മാർ '' കോടി കൾ ''വാങ്ങി മറുകണ്ടം ചാടുന്ന അതി സാഹസികമായ കളിയാണ് '' കാലുവാരൽ '' കളി ...
കാലുവാരൽ കളിക്കു ശേഷം മൂപ്പന്മാർ ഒന്നിച്ചിരുന്ന് പെരും നുണയിൽ ചുട്ടെടുക്കുന്ന
''പ്രകടന പത്രിക '' ഇവരുടെ പ്രധാനപ്പെട്ട മധുര പലഹാരമാണ് ...
'' പാർട്ടി ഗോത്രങ്ങളിലെ താഴെ സമുദായത്തിൽ പെട്ട ''അണികൾ '' എന്നൊരു വിഭാഗം ഇവിടെ അധിവസിക്കുന്നുണ്ട് ...
കൊടി പിടിക്കുക പോസ്റ്റ് ഒട്ടിക്കുക, സമരത്തിനിറങ്ങുക, മുതലായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് അവരിലധികം പേരും...
ഗോത്ര പാർട്ടികൾ തമ്മിലുളള സംഘട്ടനം സർവ്വ സാധാരണമാണ് ...
അങ്ങനെ കൊല്ലപ്പെടുന്ന അണികളെ രക്തസാക്ഷികളെന്നാണ് വിളിക്കുന്നത്,
താഴ് വാരയിൽ കൊല്ലപ്പെട്ടവരുടെ മണ്ഡപങ്ങൾ കാണാം .... അതിനടുത്ത് ഒരു ബക്കറ്റും വച്ചിട്ടുണ്ട്,
വർഷാവർഷം പിരിവു നടത്താനുപയോഗിക്കുന്ന പരമ്പരാഗത പാത്രമാണത് ...
ഞങ്ങളുടെ വാഹനം ഒരു കവലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ...
അവിടെ ഇലക്ഷൻ ഉത്സവത്തിന്റെ തിരക്കുകൾ കാണാം ...
ഉത്സവത്തിനെത്തിയ ജാതിമതഭേദമന്യേ ആളുകളുടെ നീണ്ട ക്യൂ നയന മനോഹരമായ ദ്യശ്യമായിരുന്നു ...
ഏതാണ്ട് കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തിലാണ് ഇത്തരം ക്യൂ അവസാനമായി ഇവിടെ കണ്ടതെന്ന് ഒരു ഗ്രാമീണൻ ഞങ്ങളോട് പറയുകയുണ്ടായി ...
അന്ന് ദുരിതാശ്വാസ ക്യാമ്പിൽ നിന്നുയർന്ന'' ഏമ്പക്ക'' ത്തിന് മതമില്ലായിരുന്നെന്നും,
ഇന്ന്,
ഇലക്ഷൻ ഉത്സവത്തിനെത്തിയ ക്യൂ വിന് ജാതിയുടെ മണമാണെന്നും ആ ഗ്രാമീണൻ പറഞ്ഞത് മൂക്ക് പൊത്തിപ്പിടിച്ചായിരുന്നു ...
ക്യൂ നില്ക്കുന്ന ആളുകളുടെ കൈകളിൽ '' ബാലറ്റു പേപ്പ''റെന്ന ഒരു തരം പേപ്പറുകൾ കാണാം ...
ഗോത്ര പാർട്ടിയിലെ മൂപ്പന്മാരെ തെരഞ്ഞെടുക്കുന്ന ഫോട്ടോ പതിച്ച പേപ്പറുകളാണത് ...ഗോത്ര ചിഹ്നങ്ങളും ആ പേപ്പറിൽ കൊടുത്തിട്ടുണ്ട് ....
ഉത്സവത്തിനെത്തിയ പട്ടാളക്കാരും, പോലിസ് മേധാവികളും തോക്കുമായി റോന്തു ചുറ്റുന്നുണ്ട് ...
ഉത്സവത്തിൽ പങ്കെടുത്തുവരുടെ ഇടത്തെ കൈയ്യിലെ ചൂണ്ടു വിരലിൽ മഷി തേയ്ക്കുന്ന ഒരു പരമ്പരാഗത ചടങ്ങും ഇവർക്കിടയിലുണ്ട് ...
ബാലറ്റു പെട്ടിയിൽ സംസ്ക്കരിക്കുന്ന മൂപ്പന്മാർ ഒരു മാസത്തിനു ശേഷം ഉയിർത്തെഴുന്നേല്ക്കുമെന്ന ഉറച്ച വിശ്വാസവും ഇവർക്കിടയിൽ നിലനില്ക്കുന്നു ...
''ഉയിർത്തെഴുന്നേല്ക്കുന്ന മൂപ്പന്മാരെ പാർലമെന്റെന്ന ക്ഷേത്രത്തിലെ കസേരയിലേക്ക് സത്യപ്രതിക്ഞ്ജ മന്ത്രം ചൊല്ലി പ്രധാന പൗരനെന്ന മൂപ്പൻ ആവാഹിച്ചിരുത്തുന്ന ചടങ്ങോടു കൂടി ഇലക്ഷൻ ഉത്സവത്തിന്റെ കൊടിയിറങ്ങുകയും ചെയ്യും,...
പിന്നീട് അഞ്ചു വർഷക്കാലം '' പൊതു ജന ''മെന്ന കഴുതകളുടെ മുകളിലാണ് മൂപ്പന്മാരുടെ ഇരുപ്പ് ...
ഗോത്ര പാർട്ടികളുടെ നിലനില്പ്പിനാവശ്യമായ ''ഹർത്താലെ ''ന്ന കൃഷിയാണ് ഈ നഗരത്തിലെ മറ്റൊരു പ്രത്യേകത,...
പണ്ട് ഈ നഗരം ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു,...
നാല്പത്തിയേഴിലെ സ്വാതന്ത്രത്തിനു ശേഷമാണ് ''ജനാധിപത്യം '' എന്ന സമ്പ്രദായം നിലവിൽ വന്നത്,...
സമയം സായ്ഹാനത്തിനോട് അടുത്തിരിക്കുന്നു,
സൂര്യൻ നഗരത്തെ മറച്ചു കൊണ്ട് അസ്തമനത്തിനോടു അടുക്കുകയാണ് ...
വഴിയോരത്തെ വർഗീയതയുടെ തണൽ മരങ്ങളുടെ വളർച്ച ഈ നഗരത്തിന്റെ ശാപമാണെന്നു ഡ്രൈവർ ഞങ്ങളോട് പറഞ്ഞു,
പോളിങ്ങ് ബൂത്തു നഗരത്തിന്റെ അതിർത്തിയിലേക്ക് ഞങ്ങളുടെ വാഹനം പ്രവേശിക്കുകയാണ് ...
ഇലക്ഷൻ ഉത്സവം കഴിഞ്ഞു പോകുന്ന ഗ്രാമീണരുടെ ചെറു സംഘങ്ങളെ മറി കടന്ന് ഞങ്ങളുടെ വാഹനം മുന്നോട്ടു കുതിച്ചു,...
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot