Slider

സ്വർണ ചെമ്പകപ്പൂക്കൾ

0
Image result for ചെമ്പകപ്പൂക്കൾ

അമ്പലത്തിലെ പാട്ടു കേട്ട ഉടനേ  രാധു എഴുന്നേറ്റു .
അവളുടെ  മുത്തശ്ശി പഠിപ്പിച്ചു കൊടുത്ത  ശീലമാണ്.
വാരസ്യാര് കുട്ട്യോളാകുമ്പോൽ അങ്ങനെയാവാണമെന്നാണ് രാധുവിന്റെ അമ്മയും പറയുക.
രാവിലെ എഴുന്നേറ്റ്  കുളിച്ച്  അമ്പലത്തിൽ പോയി വരണം. അതിനു ശേഷമേ മറ്റെന്തും ചെയ്യാൻ പാടുള്ളൂ .
നാളിതുവരെ അവളത് തെറ്റിച്ചിട്ടില്ല.
 പതിവ്പോലേ  തലേദിവസം അമ്മ കോർത്തുവച്ച പൂക്കളുമെടുത്ത്  രാധു അമ്പലത്തിലേക്ക് നടന്നു.
പൂക്കളോടു വല്ലാത്ത ഭ്രമമാണവൾക്ക്, വിശേഷിച്ചും ചെമ്പകപ്പൂക്കളോട്!
ചെമ്പകപ്പൂക്കളുടെ സുഗന്ധംമാണ്‌ രാധുവിന് ഏറെ പ്രിയം.
അമ്പലത്തിലേക്കുള്ള പൂക്കൾ മണത്തു നോക്കാൻ പാടില്ലെന്ന് മുത്തശ്ശി എപ്പോഴും പറയും. അതുകൊണ്ട് ആ പൂക്കളിൽ തൊടാറില്ല. പക്ഷേ പോകുന്ന  വഴിക്ക്  കാണുന്ന  പൂക്കളിളെല്ലാം ഒന്നു തൊട്ടിട്ടെ രാധു അമ്പലത്തിലെത്താറുള്ളു .

 പത്താം ക്ലാസ്സിലേക്ക് ജയിച്ചിട്ടു സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു അന്ന്.  അത് കൊണ്ടുതന്നെ കൃഷ്ണനുള്ള മാലയും സമർപ്പിച്ചു വീട്ടിലേക്കു രാധു വേഗം ഓടിയെത്തി.
ഉമ്മറക്കോലായിൽ മുത്തശ്ശി നാമജപവും കഴിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു.
പ്രസാദം മുത്തശ്ശിയുടെ കയ്യിൽ കൊടുത്തവൾ അമ്മയുടെ അരികിലേക്ക്  പോയി.
രാധുവിന്റെ അമ്മ നല്ല ചൂട്‌ ദോശയും സാമ്പാറും ഒക്കെ ഉണ്ടാക്കുന്ന  തിരക്കിലായിരുന്നു. എല്ലാം ഇത്തിരി നേരത്തെ ആയില്ലേൽ അമ്മക്ക് ടെൻഷനാണ്‌, വല്ലാത്ത ഒരു വെപ്രാളാണ്.

രാധു റൂമിൽ പോയി സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു മുടിയൊക്കെ പിന്നിക്കെട്ടി നല്ല സുന്ദരിയായി ഒരുങ്ങി അവളെപ്പോഴും അങ്ങനെയാണ്. ചന്ദനക്കുറിയൊക്കെ തൊട്ട് തനി അമ്പലവാസി പെണ്കുട്ടിയായിട്ടാണ് സ്കൂളിൽ പോവുക. ആ നിഷ്കളങ്കത അവളുടെ പെരുമാറ്റത്തിലെപ്പോളും   ഉണ്ടായിരുന്നു.

രാധു സ്കൂളിലേക്ക് തിരിച്ചു. രണ്ട് മാസത്തെ വെക്കേഷനിൽ  തന്റെ കൂട്ടുകാരെയൊക്കെ കാണാഞ്ഞിട്ട് അവൾക്കു വിഷമമായിരുന്നു.
വഴിയിലുള്ള ചെമ്പകപ്പൂക്കളുടെ മരം കാണുമ്പോൾ അവൾ അവിടെയൊന്നു നിന്നു.
 ചെമ്പകമരം നിറയെ സ്വർണനിറമുള്ള സുഗന്ധം പരത്തുന്ന പൂക്കൾ!!
എന്നും നിലത്തു വീണുകിടക്കുന്ന ഇതളുകൾ കൊഴിഞ്ഞ പൂക്കൾ ചേർത്ത് വച്ച് അവൾ തലയിൽ ചൂടുമായിരുന്നു.
പാതിവാടിയ പൂക്കൾ വാരിയെടുത്തവൾ നടന്നു.
ആദ്യ ദിവസമായതു കൊണ്ട് തന്നെ സ്കൂളിൽ എല്ലാവരും നേരത്തെ എത്തിയിരുന്നു.
വരാന്തയിലാകെ കുട്ടികളുടെ ബഹളം.
അവളുടെ സഹപാഠിയായ രാമു അന്നും അവളെ കാത്ത്  വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.
രാധുവിനെ കണ്ടനിമിഷം തന്നെ അവൻ അവൾക്കായി കരുതിവച്ച ചെമ്പകപ്പൂക്കൾ  അവളുടെ കൈക്കുമ്പിളിൽ ഇട്ടു കൊടുത്തു.
പൂക്കൾ കണ്ടപ്പോൾ  രാധുവിന്റെ മുഖം ചിരികൊണ്ടു നിറഞ്ഞു.
പിന്നെ ആ പൂക്കളുടെ സുഗന്ധം ആവോളം ആസ്വദിച്ചു. അവളുടെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടം പ്രതീക്ഷിച്ചാണ് രാമു എന്നും അവൾക്ക് പൂക്കൾ കൊടുക്കാറ്.
പതിവുപോലേ  അവനു നേരെ ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച് അവൾ ക്ലാസ്സിലേക്ക് ചെന്നു.

പക്ഷെ അവൻ അറിയുന്നുണ്ടായിരുന്നില്ല; അവൾക്കെന്നും പ്രണയം സ്വർണനിറമാർന്ന ആ ചെമ്പകപ്പൂക്കളോടായിരുന്നുവെന്ന്.

Chithra Rajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo