നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 15

ഏതാണ്ട് 20 മിനിറ്റുകൾക്കു മുൻപ്
********************************************
അനക്കമറ്റു കിടന്ന സുജിത്തിന്റെ ശരീരത്തിനടുത്തേക്ക് ചൂണ്ടിപ്പിടിച്ച തോക്കുമായി ഒരു പട്ടാളക്കാരൻ ചുവടുകൾ വെച്ചു.
ജീവന്റെ ഒരു കണിക പോലും അവശേഷിക്കുന്നതായി തോന്നില്ല ആ കിടപ്പു കണ്ടാൽ. ചോരയിൽ കുതിർന്ന മുഖം... മിഴിച്ചു പിടിച്ചിരുന്ന കണ്ണുകളിൽപ്പോലും ചോര തളം കെട്ടി കിടന്നിരുന്നു.
“He is down!!” ആ പട്ടാളക്കാരൻ വിളിച്ചു പറഞ്ഞു. അയാളുടെ മുഖത്ത് ആശ്വാസമായിരുന്നു. കേട്ടിടത്തോളം, സുജിത്ത് വളരെ അപകടകാരിയാണ്. ‘ബസൂക്ക’ പോലുള്ള ആയുധങ്ങളുമായാണ് അവനെ നേരിടാൻ അവർ പുറപ്പെട്ടത്. വിറയ്ക്കുന്ന കൈകളിൽ കൂട്ടി പിടിച്ചിരുന്ന തോക്കിൽ അമർന്നിരുന്ന വിരലുകൾ അയഞ്ഞു..
അയാൾ കുറച്ചു കൂടി അടുത്തേക്കു ചെന്ന് തോക്കിൻ കുഴൽ സുജിത്തിന്റെ നെറ്റിത്തടത്തിലമർത്തി. അവന്റെ വിറയാർന്ന വിരലുകൾ ട്രിഗറിൽ തൊട്ട നിമിഷത്തിലാണ് അത് സംഭവിച്ചത്..
‘മരിച്ചു’ കിടന്ന സുജിത്ത് ഒരലർച്ചയോടെ ആ തോക്കിൻ കുഴൽ കടന്നെടുത്തതും, ആ ചെറുപ്പക്കാരനെ തന്റെ ശരീരത്തിലേക്കു വലിച്ചിട്ടതും ഒരുമിച്ചായിരുന്നു.
“ശ്ശ്...ശ്ശ്...” സൂക്ഷ്മതയോടെ അയാളുടെ വായ് പൊത്തിപ്പിടിച്ചു കൊണ്ട് സുജിത്തിന്റെ ഉരുക്ക് കൈത്തണ്ട അവന്റെ കഴുത്തിനെ ചുറ്റി പുറകോട്ടു വരിഞ്ഞു മുറുക്കിത്തുടങ്ങിയിരുന്നു.
താടിയെല്ല് വേർപെടുന്ന ശബ്ദം കേട്ടു. ഒപ്പം കഴുത്തിനു പുറകിൽ, കശേരുക്കൾ ഞെരിഞ്ഞ് ശരീരം തുളച്ചു പുറത്തേക്കു തള്ളി വന്നു. ഏതാണ്ട് 10 സെക്കൻഡിനുള്ളിൽ ആ പട്ടാളക്കാരന്റെ ചലനം നിലച്ചു.. കിടന്ന കിടപ്പിൽ തന്നെ സുജിത്ത് അയാളുടെ ശരീരത്തിലുണ്ടായിരുന്ന സകല ആയുധങ്ങളും കൈക്കലാക്കി. ഗ്രനേഡുകൾ, ബൈനോക്കുലർ തുടങ്ങി തന്റെ നേരേ ചൂണ്ടിയ ആ AK-47 റൈഫിളടക്കം കൈക്കലാക്കിയതിനു ശേഷം, പതിയെ ഇഴഞ്ഞിഴഞ്ഞ് മുൻപോട്ടു നീങ്ങിയ അവൻ താഴേക്ക് ചെങ്കുത്തായ ഒരു ഇറക്കം കണ്ടു. കരിമ്പാറക്കെട്ടുകളാണ്. അതിനിടയിലൂടെ ആ താല്ക്കാലിക മിലിട്ടറി താവളത്തിന്റെ ഭാഗങ്ങൾ കാണാമായിരുന്നു.
ഒരു വലിയ ടെന്റും, അതിനെ ചുറ്റിപ്പറ്റി കുറേയേറെ ചെറു ടെന്റുകളുമാണ്. നേരേ ഇറങ്ങിച്ചെല്ലുന്നിടത്ത് ഹെലി-പാഡാണ്. അവിടേല്ലാം വിജനമായിരിക്കുന്നു. എല്ലാവരും തന്നെ തേടിയിറങ്ങിക്കാണും. അവന്റെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി വിടർന്നു.
“ഒരൊറ്റയെണ്ണം ഇവിടുന്ന് ജീവനോടെ പോകില്ല!” അവൻ ശബ്ദമുണ്ടാക്കാതെ മന്ത്രിച്ചു.
ഒട്ടും സമയം നഷ്ടപ്പെടുത്താതെ അവനാ പാറക്കെട്ടിന്റെ ഇടയിലൂടെ ഇഴഞ്ഞു താഴേക്കിറങ്ങാൻ തുടങ്ങി. മലയുടെ അപ്പുറത്തു നിന്നും പട്ടാളക്കാർ ഇപ്പോൾത്തന്നെ എത്തുമെന്ന് അവനറിയാമായിരുന്നു. തനിക്ക് ചുറ്റും കാണാമറയത്ത് അവർ ഉണ്ടായിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നു.
കുറച്ചങ്ങു ചെന്നപ്പോഴേക്കും പാറകളിൽ വഴുക്കൽ തുടങ്ങി. പായൽ മൂടിക്കിടക്കുകയാണ് മിക്കതും. ഇനി എഴുന്നേറ്റു നിന്നേ മതിയാകൂ എന്നവനു മനസ്സിലായി. പക്ഷേ അതപകടമാണ്. തല ഉയരുന്ന നിമിഷം ചിലപ്പോൾ വെടി പൊട്ടിയേക്കാം. താൻ അത്ര വേഗം മരിക്കുമെന്ന് അവർ കരുതിയിരിക്കാനും സാധ്യതയില്ല എന്നത് സുജിത്തിന് ഉറപ്പായിരുന്നു. അവൻ പതിയെ മുട്ട് മടക്കി. തോളിൽ തൂക്കിയിട്ടിരുന്ന റൈഫിൾ വലതു കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പതിയെ നിവർന്നു.
യാന്ത്രികമായെന്നോണം അവന്റെ കൈ വിരലുകൾ തോക്കിന്റെ ‘ചാർജ്ജിങ്ങ് ഹാൻഡിൽ’ പുറകോട്ടു വലിച്ചു. തോക്ക് ഫുള്ളി ഓട്ടോമാറ്റിക് സെക്ടറിലേക്ക് സെറ്റ് ചെയ്ത് അവൻ പുറകോട്ടു തിരിഞ്ഞു നോക്കി. ഇനി ആ തോക്കിന്റെ ട്രിഗർ അമർത്തിയാൽ, അത് വിടുവിക്കുന്നതു വരെ തുടർച്ചയായി നിറയൊഴിക്കാനാകും.
കാഴ്ച്ചയിൽ വിജനമായിരുന്നു അവിടം! പക്ഷേ തനിക്കു ചുറ്റും നടന്നടുക്കുന്ന അനേകം ബൂട്ടുകളുടെ ശബ്ദം അവനു വ്യക്തമായി കേൾക്കാമായിരുന്നു. അവ നിലത്തു പതിയുന്നത്... ചെറിയ ചുള്ളിക്കമ്പുകൾ ഒടിയുന്നത്... എല്ലാം അവൻ അറിയുന്നുണ്ടായിരുന്നു.
തന്റെ കാൽ പുറകോട്ട് നീട്ടി ഒരു പാറയിൽ ഉറപ്പിച്ചു ചവിട്ടി, തോക്ക് നീട്ടിപ്പിടിച്ച് അതിന്റെ ‘ബട്ട്’ തന്റെ പേശീ നിബദ്ധമായ മാറിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് അവൻ തയ്യാറായി. ഫുൾ മാഗസിനാണ്. ഭാരം കൊണ്ടു തന്നെ അവനതു തിരിച്ചറിഞ്ഞിരുന്നു.
പെട്ടെന്നാണ് അവന്റെ ചെവികൾ ആ ശബ്ദം പിടിച്ചെടുത്തത്!
താഴെ മലമടക്കുകളിൽ പ്രതിദ്ധ്വനിയുണർത്തിക്കൊണ്ട്, താഴ്വാരത്തു നിന്നും ഉയർന്നു വരുന്ന ഒരു ഹെലികോപ്റ്റർ!
നിമിഷങ്ങൾക്കുള്ളിൽ അവൻ നിലത്തേക്കു കമിഴ്ന്നുകൊണ്ട് ഒരു പാറക്കടിയിലേക്കു നുഴഞ്ഞു കയറി. കൃത്യമായി കോപ്റ്ററിന്റെ ദിശ മനസ്സിലാക്കാനാകുന്നില്ല. മലക്കപ്പുറം താഴ്വാരത്തിലേക്കു താഴ്ന്ന് വീണ്ടും ഉയർന്നു വരികയാണതെന്നു മാത്രം മനസ്സിലായി. അവൻ തോക്ക് ആകാശത്തേക്കു ചൂണ്ടിപ്പിടിച്ച് കാത്തിരുന്നു.
അധികം വൈകിയില്ല. ഇൻഡ്യൻ ആർമിയുടെ ‘ഹാൽ ധ്രുവ്’ എന്ന പേരുള്ള ആ ഹെലികോപ്റ്റർ അവന്റെ തലക്കു മുകളിലൂടെ ശര വേഗത്തിൽ പാഞ്ഞു പോയി.
വളരേൽ താഴ്ന്നു പറന്ന അത് ടെന്റുകൾക്കുക് മുകളിലൂടെ ഒന്നു വലം വെച്ച് വേഗത കുറച്ച് ഹെലിപ്പാഡിനു മുകളിലേക്കു പതിയെ ബാലൻസ് ചെയ്തു നിന്നു. പിന്നെ പതിയെ താഴേക്ക്...
കഴുത്തിൽ കൊളുത്തിയിട്ടിരുന്ന ബൈനോക്കുലറിലൂടെ സുജിത്ത് എല്ലാം കാണുന്നുണ്ടായിരുന്നു. കടും പച്ച നിറത്തിലുള്ള ആ യന്ത്രപ്പക്ഷി, തിരിഞ്ഞ് അവനഭിമുഖമായി വന്നതും, കോക്ക്പിറ്റിനുള്ളിൽ, പൈലറ്റിനോടൊപ്പമിരിക്കുന്നയാളിന്റെ മുഖം അവൻ തിരിച്ചറിഞ്ഞു!
ബ്രിഗേഡിയർ ജനറൽ സാവന്ത് ഭട്ട്!
തന്റെ ശരീരത്തിൽ എന്തോ അതീന്ദ്രിയ ശക്തി ആവേശിച്ചതു പോലെ തോന്നി അവന്. പല്ലുകൾ ഞെരിഞ്ഞമർന്നു. തോക്കിന്മേലുള്ള പിടി മുറുകിയപ്പോൾ അതിന്റെ ലോഹപ്പാളികൾ ഞെരിയുന്ന ശബ്ദം കേട്ടു. അവൻ ഒരൊറ്റ കുതിപ്പിന് ആ പാറയ്ക്ക് അടിയിൽ നിന്നും പുറത്തെത്തി, മുൻപിൽ കീഴ്ക്കാം തൂക്കായി നില്ക്കുന്ന കൂറ്റൻ പാറയിലൂടെ അള്ളിപ്പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങി. പാറയുടെ വഴുക്കൽ ഒന്നും അവൻ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി . പല വട്ടം തെന്നി താഴേക്ക് ഊർന്നിട്ടും അവൻ പിന്മാറാതെ താഴേക്കു തന്നെ ഇറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ, ഏറ്റവുമടിയിൽ നിരനിരയായി അടുക്കി വെച്ചിരുന്ന മണൽ ചാക്കുകൾക്കു പുറകിലെത്തിയിട്ടേ അവൻ നിന്നുള്ളൂ.
ഹെലികോപ്റ്റർ ഇപ്പോഴും വായുവിൽ തന്നെ നില്ക്കുകയാണ്. ലാൻഡിങ്ങ് പെർമിഷൻ കിട്ടിയിട്ടുണ്ടാകില്ല എന്ന് സുജിത്ത് കണക്കുകൂട്ടി. സുജിത്തിന്റെ രണ്ടു കണ്ണുകളിലും അതിന്റെ പുറകിലെ ‘ടെയിൽ റോട്ടോർ’ പ്രതി ഫലിച്ചു കാണാമായിരുന്നു. അവന്റെ കൃഷ്ണമണികൾ വികസിച്ചു വന്നു. അപ്പോൾ അവൻറെ മുഖത്തെ ഭാവം വർണ്ണനാതീതമായിരുന്നു. വർഷങ്ങളായി താൻ കാത്തിരുന്ന... ഇഞ്ചിഞ്ചായി കൊല്ലണമെന്ന് താൻ സ്വപ്നം കണ്ടിരുന്ന ഒരു ശത്രു തോക്കിൻ മുൻപിലേക്ക് പറന്നിറങ്ങിയാൽ...
മുകളിൽ നിന്നും താഴേക്ക് പതിയെ വീശിയ കാറ്റിൽ കലർന്ന് പാറമടക്കുകളിൽ തട്ടി പ്രതിധ്വനിച്ച ഹെലികോപ്റ്ററിൻ്റെ ഇരമ്പം നാലു ഭാഗത്തുനിന്നും കേൾക്കുന്നതു പോലെ തോന്നി..
പുറകിൽ നിന്നും മറ്റാരെങ്കിലും ആക്രമിക്കുമോ എന്നുള്ള മുൻകരുതൽ ഒക്കെ അവനിൽ നിന്നും വിട്ടകന്നു.. ഇപ്പോൾ അതൊന്നും അവനെ ബാധിക്കുമായിരുന്നില്ല..
ഭ്രാന്തമായ ചിരിയോടെ, അവൻ ആ AK-47 ഉയർത്തി. ഇടതു കണ്ണിനടിയിലേക്ക് ആ ബാരൽ ചേർത്തു വെച്ച്, ആ ടെയിൽ റോട്ടോറിലേക്ക് തോക്കിൻ കുഴൽ ചൂണ്ടി ഒരു അണുവിട പോലും അനങ്ങാതെ ആ തോക്കു ചൂണ്ടിപ്പിടിച്ചപ്പോൾ, ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്തൊരു ക്രൂരമായ ആനന്ദം അവന്റെ സിരകളിൽ പടർന്നു. ഹെലികോപ്റ്ററിൻറെ ഇരമ്പം തൻറെ ഉള്ളിൽനിന്നും പുറത്തേക്കാണ് പുറപ്പെടുന്നത് എന്നവന് തോന്നി..
സിംഗിൾ ഷോട്ട് മതി... പുറകിലെ ആ കൊച്ചു പങ്കയിലേക്ക്, അതോടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടും. മുകളിലെ പ്രൊപ്പല്ലർ കറങ്ങുന്നതിന്റെ എതിർദിശയിൽ അതി വേഗം അത് വട്ടം തിരിയാനാരംഭിക്കും. എത്ര സമർത്ഥനായ ഒരു പൈലറ്റാണെങ്കിൽ പോലും, അത് തിരിച്ചു ലാൻഡ് ചെയ്യുക എളുപ്പമായിരിക്കില്ല.
“ഒരൊറ്റ ഷോട്ടിന് ടെയിൽ റോട്ടോർ, പിന്നെ അതു കറങ്ങി വരുമ്പോൾ, അടിയിലെ ഫ്യുവൽ ടാങ്കിൽ ഒന്നു കൂടി. പിന്നെ തോക്കു താഴ്ത്തി ആ സ്പെക്റ്റാക്കുലർ ഫയർ വർക്ക്സ് ആസ്വദിച്ചാൽ മത്രം മതി!” സുജിത്ത് എല്ലാം മനസ്സിൽ കാല്ക്കുലേറ്റ് ചെയ്തു കൊണ്ട്, തോക്ക്, സെമി ഓട്ടോമാറ്റിക്ക് മോഡിലേക്കിട്ടു.
അപ്പോൾ...
കാതു തുളക്കുന്ന ഹെലികോപ്റ്ററിന്റെ ആ സീല്ക്കാര ശബ്ദത്തിനിടയിലെവിടെയോ, ഒരലർച്ച കേട്ടതു പോലെ ഒരു തോന്നൽ. അവൻ സംശയത്തോടെ ചുറ്റും നോക്കി.
താൻ ഇറങ്ങി വന്ന ആ പാറക്കെട്ടിനു മുകളിലായി ഒരു ചെറുപ്പക്കാരൻ ! ഉറക്കെ അലറിക്കൊണ്ട് തന്റെ കൂട്ടാളികളെ വിളിച്ചു കൂട്ടുകയാണയാൾ. നിമിഷങ്ങൾക്കുള്ളിൽ ആ മലമുകളിൽ പലയിടങ്ങളിൽ നിന്നുമായി പത്തോളം സായുധരായ പട്ടാളക്കാർ പ്രത്യക്ഷപ്പെട്ടു.
ഒരൊറ്റ നിമിഷത്തെ ചിന്തയേ വേണ്ടിവന്നുള്ളൂ, സുജിത് ആ മണൽ ചാക്കുകൾക്കപ്പുറത്തേക്കു ചാടി. എന്നിട്ട് അതിന്റെ മറ പറ്റി പരമാവധി വേഗത്തിൽ കുനിഞ്ഞ് ഓടി ആ ബാരിയറിന്റെ അവസാനത്തേക്കെത്തി.
അടുത്ത നിമിഷം തലക്കു മുകളിൽ നിന്ന് യന്ത്രത്തോക്കുകളുടെ ഗർജ്ജനം മുഴങ്ങിത്തുടങ്ങി.
“SHIT!!” ഹെലികോപ്റ്ററിൽ നിന്നാണ്! പൈലറ്റ് തന്നെ കണ്ടിരിക്കുന്നു. അവൻ ഗത്യന്തരമില്ലാതെ മുൻപിൽ കണ്ട ഒരു കിടങ്ങിലേക്കു ചാടി കമിഴ്ന്നു കിടന്നു.
സാമാന്യം ആഴമുള്ള ആ കിടങ്ങിനുള്ളിൽ നിറയെ വെള്ളം കെട്ടിക്കിടന്നിരുന്നു. അവൻ തോക്കിൻ കുഴലിൽ വെള്ളം കയറാതെ ഉയർത്തിപ്പിടിച്ചുകൊണ്ട് അതിന്റെ വശത്തേക്കു ചാരിക്കിടന്നു.
ആ മണൽച്ചാക്കുകൾക്ക് സമീപം തുടരെ തുടരെ ഗ്രനേഡുകൾ വീണു പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. അവനിപ്പോഴും അവിടെ തന്നെയാണെന്നാണ് മുകളിൽ നില്ക്കുന്ന പട്ടാളക്കാരുടെ ധാരണ.
ചാരിക്കിടന്നു കൊണ്ട് സുജിത്ത് തന്റെ വായിൽ നിറഞ്ഞ വെള്ളം തുപ്പിക്കളഞ്ഞു.ഒരിക്കൽ കൂടി തോക്ക് പ്രവർത്തനക്ഷമമാണെന്നുറപ്പുവരുത്തി അവൻ ഹെലികോപ്റ്ററിനു നേരെ ചൂണ്ടി. ഉയരുന്ന പൊടിപടലങ്ങൾക്കിടയിലൂടെ അവർക്ക് തന്നെ കാണാൻ സാധിക്കുന്നില്ല എന്ന് അവന് മനസ്സിലായി. അവനും വ്യക്തമായി ആ റോട്ടോർ ബ്ലേഡുകൾ കാണാനാകുന്നുണ്ടായിരുന്നില്ല. ഒടുവിൽ...
രണ്ടും കല്പ്പിച്ച് അവൻ ട്രിഗർ വലിച്ചു. പല വട്ടം.
ഓരോ ഷോട്ടിനു ശേഷവും അവൻ ആ കിടങ്ങിലൂടെ കുതിച്ചു തന്റെ പൊസിഷൻ മാറ്റിക്കൊണ്ടിരുന്നു. അതി ശക്തമായി വെടിയുതിർത്തുകൊണ്ടിരുന്ന ആ റൈഫിളിന്റെ റീക്കോയിൽ അവനിൽ ഒരു ചലനം പോലുമുണ്ടാക്കിയില്ല. മാറിൽ അമർന്നിരുന്ന ‘ബട്ട്’ അതേ പോലെ തന്നെ നിലകൊണ്ടു.
ഹെലികോപ്റ്ററിനു താഴെ ഉറപ്പിച്ചിരുന്ന ഒരു മെഷീൻ ഗൺ താഴേക്ക് അടർന്നു വീഴുന്നതു കണ്ടു. ഒരെണ്ണം കൂടിയുണ്ട്. അവൻ വീണ്ടും നിറയൊഴിച്ചു. ഇപ്രാവശ്യം കോപ്റ്റർ ഒന്നു കുലുങ്ങി! അതിനടിയിൽ നിന്നും ഒരു ജെറ്റ് പോലെ പുക വമിക്കാൻ തുടങ്ങി. അടുത്ത ഷോട്ടിൽ ഫ്യുവൽ ടാങ്ക് തകരണം! അവൻ ഒരിക്കൽ കൂടി ബാരൽ തന്റെ കണ്ണിലേക്കു ചേർത്തു പിടിച്ചു.
അടുത്ത നിമിഷം!
തന്റെ തലക്കു പുറകിൽ ഒരു ക്ലിക്ക് ശബ്ദം കേട്ട് അവൻ ഞെട്ടിത്തിരിഞ്ഞു.
“സാലേ ബെഹൻ&*^%$!! Hands up!!” പല്ലു ഞെരിച്ചുകൊണ്ട് ഭീമാകാരനായ ഒരു പഞ്ചാബി!
സുജിത്തിന്റെ മുടിക്കുത്തിനു പിടിച്ച് ആ കിടങ്ങിൽ നിന്നും വലിച്ചുകയറ്റിക്കൊണ്ട് അയാൾ മല മുകളിലേക്കു നോക്കി ഉറക്കെ എന്തൊക്കെയോ അലറി.
കിടങ്ങിനു വെളിയിലെത്തിയതും, അയാൾ സുജിത്തിന്റെ കഴുത്തിൽ നിന്നും ആ തോക്ക് ഊരിയെടുത്ത് നിലത്തേക്കിട്ടു. എന്നിട്ട് തന്റെ പോക്കറ്റിൽ നിന്നും വിചിത്ര രൂപത്തിലുള്ള ഒരു കത്തിയെടുത്ത് അവന്റെ കഴുത്തിലേക്കു ചേർത്തു.
മലമുകളിൽ നിന്നും വീണ്ടും വെടിയൊച്ച മുഴങ്ങി!
“STOP shooting, you bastards!! ഞാൻ പറഞ്ഞത് കേട്ടില്ലേ ?? എനിക്കിവനെ കിട്ടി!! എന്നെക്കൂടെ കൊല്ലാൻ നോക്കുകയാണോ ?” ക്രൂദ്ധനായ ആ മനുഷ്യന്റെ അലർച്ച ഹെലികോപ്റ്ററിന്റെ മുരൾച്ചയിൽ മുങ്ങിപ്പോയി.
അയാളുടെ ശ്രദ്ധ ഒന്നു പാളിയ ആ ഒരൊറ്റ നിമിഷം...!
സുജിത്ത്, ഒരൊറ്റ കുതിപ്പിൽ തന്റെ തുടയിൽ കൊളുത്തിയിട്ടിരുന്ന ഒരു ഗ്രനേഡ് കയ്യിലെടുത്തു. അത് അവന്റെ കയ്യിലൊതുങ്ങിയതും, പിൻ തെറിച്ചു പോയതും ഒരുമിച്ചായിരുന്നു. സേഫ്റ്റി ക്ലിപ്പ് അമർത്തിപ്പിടിച്ചുകൊണ്ടു തന്നെ അവൻ അതീവ സ്ഫോടക ശേഷിയുള്ള ആ ഗ്രനേഡ് അയാളുടെ ഷർട്ടിന്റെ പിന്നിലെ കോളർ വലിച്ച് അകത്തേക്കിട്ടു. പിന്നെ ഒരു സെക്കൻഡ് പോലും പാഴാക്കാതെ ഒരൊറ്റയടിക്ക് ഭീമാകാരനായ ആ മനുഷ്യനെ കിടങ്ങിലേക്കു അടിച്ചു വീഴിച്ചു.
“സോറി മാൻ! എനിക്ക് നിന്ന് ഇതൊന്നു കാണണമെന്നാഗ്രഹമുണ്ട്. പക്ഷേ...അറിയാമല്ലോ.” ഉറക്കെ അലറിച്ചിരിച്ചുകൊണ്ട് അവൻ തന്റെ തോക്ക് കടന്നെടുത്ത് താഴേക്കോടിയിറങ്ങി.
ഹെലികോപ്റ്ററിനടുത്തേക്കെത്തുന്തോറും, കണ്ണിലും മൂക്കിലുമെല്ലാം പൊടി നിറഞ്ഞിരുന്നു. പക്ഷേ അവൻ പിന്മാറിയില്ല.
വീണ്ടും ഒരിക്കൽ കൂടി അവൻ നിറയൊഴിച്ചതും, കിടങ്ങിനുള്ളിൽ ആ ഗ്രനേഡ് പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. ആ പ്രദേശം മുഴുവൻ ഒന്നു കുലുങ്ങി. സുജിത്ത് പുറകോട്ട് മലർന്നടിച്ചു വീണു പോയി.
ആ കിടപ്പിൽ അവനാ കാഴ്ച കണ്ടു.
തന്റെ അവസാനത്തെ ബുള്ളറ്റ് ആ കോപ്റ്ററിന്റെ ‘ടെയിൽ റോട്ടർ’ തകർത്തിരിക്കുന്നു!
ഭയാനകമായ വേഗതയിൽ ആ ഹെലികോപ്റ്റർ വട്ടം തിരിയുകയാണിപ്പോൾ. എഞ്ചിനിൽ നിന്നുമുയർന്ന പുക ഇപ്പോൾ മുകളിലേക്കുയർന്ന് ഒരു ചുഴലിക്കാറ്റു പോലെ കോപ്റ്ററിനെ വലയം ചെയ്തിരിക്കുന്നു. താഴെ ഫ്യുവൽ ടാങ്കിൽ ഒരു ദ്വാരം വീണിട്ടുണ്ട്. ഇന്ധനം പുറത്തേക്ക് ചീറ്റിത്തെറിക്കുന്നതു കാണാം. അവൻ ഒരു നിമിഷം ആലോചിച്ചു.
"വേണ്ട... പതിയെ മതി. ഈയൊരു നിമിഷത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആസ്വദിച്ച് കാണണമെനിക്ക്!" അവൻ ആ തോക്ക് നിലത്തേക്കു കുത്തിപ്പിടിച്ചു. എന്നിട്ട് തിരിഞ്ഞ് ആ മലമുകളിൽ നിരയായി നില്ക്കുന്ന പട്ടാളക്കാരെ നോക്കി.
എല്ലാവരും, നിയന്ത്രണം വിട്ട ആ ഹെലികോപ്റ്ററിനെ നോക്കി പകച്ചു നില്ക്കുകയാണ്.
ഫുള്ളി ഓട്ടോമാറ്റിക്ക് മോഡിലേക്കിട്ട് ഒരു റൗണ്ട് ഷൂട്ട് ചെയ്താൽ അവരെല്ലാവരേയും തറപറ്റിക്കാനാകും തനിക്ക്. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിലായിരിക്കും തീയുണ്ടകൾ പറന്നു ചെല്ലുക. സുജിത്ത് ചിന്തിച്ചു.
“NO!! ആവശ്യത്തിൽ കൂടുതൽ പേർ മരിച്ചു കഴിഞ്ഞു.ആ നില്ക്കുന്നവരാരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. ആജ്ഞകൾ അനുസരിക്കുക മാത്രം ചെയ്ത പാവങ്ങൾ...”
അടുത്ത നിമിഷം!
കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹെലികോപ്റ്റർ നിലത്തേക്കു കൂപ്പു കുത്തി! ഭീമാകാരമായൊരു അഗ്നിഗോളം അതിനടിയിൽ നിന്നുയർന്നു വന്ന് ആ പ്രദേശമാകെ വിഴുങ്ങിക്കളഞ്ഞു!
സ്ഫോടനത്തിന്റെ ശക്തിയിൽ ആ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നു വീണു. റോട്ടോർ ബ്ലേഡിന്റെ കൂർത്ത കഷണങ്ങൾ സുജിത്ത് നിന്നിടത്തേക്കു വരെ തെറിച്ചു വന്നു. അവൻ അക്ഷോഭ്യനായി മുൻപോട്ടു തന്നെ ചുവടുകൾ വെച്ചു. ആ പടുകൂറ്റൻ അഗ്നി ഗോളത്തിനടുത്തേക്കു ചെല്ലും തോറും കാഴ്ച്ചകൾ കൂടുതൽ വ്യക്തമായിത്തുടങ്ങി.
കോക്ക്പിറ്റിനുള്ളിലെ മരണവെപ്രാളം!
അവൻ അടുത്തെത്റ്റിയപ്പോഴേക്കും, ഡോർ തുറന്ന് ജനറൽ പുറത്തേക്കു ചാടിയിറങ്ങിയിരുന്നു. ജനറലല്ല... ആ രൂപത്തിൽ ഒരു അഗ്നിസ്തംഭം!
ഭയാനകമായൊരു അലർച്ചയോടെ ആ മനുഷ്യൻ സുജിത്തിനു നേരേ ഓടിവരികയാണ്. അവൻ തോക്കു ചൂണ്ടിയിട്ടും അയാൾ നിന്നില്ല. തൊട്ടടുത്തെത്തിയതും, സുജിത് തന്റെ വലം കാലുയർത്തി അയാളുടെ നെഞ്ചിൽ തന്നെ ആഞ്ഞൊരു ചവിട്ടു കൊടുത്തു.
മലർന്നടിച്ചു വീണ ആ ശരീരത്തിൽ നിന്നും വലതു കൈമുട്ടിനു കീഴെ വെച്ച് അടർന്നു തെറിച്ചു പോയി! മംസം കരിഞ്ഞ രൂക്ഷ ഗന്ധം അവിടെയാകെ പരന്നു.
“Shoot me!! You mother Fu*&^%$!! PLease shoot me!!” ദയനീയമായൊരു നിലവിളി അവ്യക്തമായി കേൾക്കാമായിരുന്നു.
ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ട് കൊണ്ട് സുജിത് ബ്രിഗേഡിയർ ജെനറൽ സാവന്ത് ഭട്ടിന്റെ മാറിൽ തന്റെ ബൂട്ടമർത്തി പിന്നെ പതിയെ ആ ശരീരത്തിലേക്കു കയറി നിന്നു. തോക്കിൻ കുഴൽ ആ മനുഷ്യന്റെ നെറ്റിയിലേക്ക് കുത്തിപ്പിടിച്ചു.
“കഴിഞ്ഞില്ലേ നിന്റെ പരീക്ഷണങ്ങൾ ? എല്ലാം അവസാനിപ്പിച്ച്, സ്വന്തം നാടിനെ ഒറ്റിക്കൊടുത്ത് സ്വിറ്റ്സർലൻഡിലേക്കു പറക്കാൻ വന്നതല്ലേ നീ നായേ? നിൻറെ ഗിനിപ്പന്നി ആയ സുജിത്ത് എന്ന എൻഹാൻസ്ഡ് ഹ്യൂമൻ സബ്ജക്റ്റിന്റെ കാൽ കീഴിൽ തന്നെ പിടഞ്ഞു നീ തീരണം! അതാണ് നിനക്കു പറഞ്ഞിട്ടുള്ള ഏറ്റവും നല്ല മരണം! നീയുണ്ടാക്കിയ ആയുധം കൊണ്ടു തന്നെയാകണം നിന്റെ അന്ത്യം!”
അവൻ ചുട്ടു പഴുത്തിരുന്ന തന്റെ തോക്കിൻ കുഴലിന്റെ അഗ്രം കൊണ്ടു തന്നെ ജനറലിന്റെ കൺപോളകൾ മൂടി.
അവൻറെ ശരീരത്തെ ചൂഴ്ന്നു നിന്നിരുന്ന അതിശക്തമായ ഒരു കാറ്റിൻറെ പാളി പതിയെ പതിയെ ശാന്തമായത് പോലെ തോന്നി. ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിടുമ്പോൾ അഗ്നി പോലെ ചുട്ടു പഴുത്തിരുന്ന ശ്വാസത്തിന് ഇപ്പൊൾ മഞ്ഞിന്റെ തണുപ്പായിരുന്നു.. യുഗങ്ങളോളം തിരയടങ്ങാത്ത കടലിൻറെ ആഴങ്ങളിൽ നിന്നും ആശ്വാസത്തിൻ്റെ കുഞ്ഞലകൾ ഉപരിതലത്തിലേക്ക് തലനീട്ടിത്തുടങ്ങിയിരുന്നു.. തലക്കുമീതെ ജ്വലിച്ചു നിന്ന സൂര്യൻ അഭൗമമായ ഒരു പ്രകാശം ബാക്കിയാക്കി, ഒരു നിമിഷംകൊണ്ട് പടിഞ്ഞാറിന്റെ വിരിമാറിൽ അഭയം തേടി.. ശാന്തത..
ഹെലികോപ്റ്റർ പ്രൊപ്പല്ലർ തുടങ്ങി വെച്ചതിന്റെ ബാക്കിയെന്നോണം, ഹുങ്കാരം മുഴക്കി ഒരു കാറ്റു തുടങ്ങിയിരുന്നു. ടെന്റുകൾക്കു പുറകിൽ വൃക്ഷത്തലപ്പുകൾ ഭ്രാന്തമായി ആടിയുലഞ്ഞു.
*****************************************
അല്പ്പം മുൻപ് - ലാബിനുള്ളിൽ
*****************************************
പുറത്തെ ഉഗ്ര സ്ഫോടനത്തിൽ ആ മുറിയാകെ ഒന്നു കുലുങ്ങി.
ഡോക്ടറുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. വല്ലാത്തൊരു പുഞ്ചിരി...
“അവനാണത്... എന്റെ മകൻ! ഞാൻ പറഞ്ഞില്ലേ, എല്ലാവരേയും ഞാൻ ഒരിടത്തേക്കെത്തിച്ചെന്ന് ?” അദ്ദേഹം പൊട്ടിച്ചിരിച്ചു.
“What is going on Doctor ? എന്തായിരുന്നു ആ എക്സ്പ്ലോഷൻ ? I think it was a helicopter crash! ” അവൾക്കൊന്നും മനസ്സിലായില്ല.
“എനിക്കറിയില്ല കുട്ടീ...” അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് മേശപ്പുറത്തു നിന്നും ഒരു ലാപ്ടോപ്പെടുത്തു തുറന്നു. “ആദ്യം ചെയ്തു തീർക്കേണ്ട കുറച്ചു ജോലി ഉണ്ട്. അതു കഴിഞ്ഞിട്ടാകാം എക്സ്പ്ലോഷനൊക്കെ.”
ലാപ് ടോപ്പ് തുറന്ന അദ്ദേഹം, കുനിഞ്ഞ് ഡോ. രഘുചന്ദ്രയുടെ തള്ളവിരൽ അതിന്റെ കീ പാഡിൽ അമർത്തി.
സ്ക്രീനിൽ ‘Welcome Doctor !’ എന്നൊരു മെസേജ് തെളിഞ്ഞു.
ഒട്ടും സമയം പാഴാക്കാതെ തന്റെ പോക്കറ്റിൽ നിന്നും ഒരു യു എസ് ബി ഡ്രൈവെടുത്ത് ആ കമ്പ്യൂട്ടറിൽ കണക്റ്റു ചെയ്തു കൊണ്ട് ഡോ. ശങ്കർ ആ വെറും നിലത്തു ചമ്രം പടിഞ്ഞിരുന്നു.
“ഓരോ പേഷ്യന്റിന്റെയും വിവരങ്ങൾ, അവരുടെ പരീക്ഷണങ്ങളുടെ ഡീറ്റയിൽസ് എല്ലാം ഇതിലുണ്ട്. നമുക്കതിന്റെയൊക്കെ കോപ്പി കിട്ടിയെങ്കിലേ ഒക്കൂ. ഒരു 2 മിനിറ്റ് മതി! ഇയാളുടെ വിരലടയാളമില്ലാതെ ഇത് നടക്കില്ല. അതുകൊണ്ടാണ്.”
നതാലിയായുടെ മുഖം ഗൗരവപൂർണ്ണമായി. കുറുകിയ കണ്ണുകളോടെ അവൾ ഡോ. ശങ്കറിന്റെ ചെയ്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു.
രണ്ടു മിനിറ്റുകൾ വേണ്ടി വന്നില്ല. ഫയൽസ് എല്ലാം കോപ്പി ചെയ്തു തീർന്നതും ഡോ. ശങ്കർ എഴുന്നേറ്റു.
“Lets Go Agent Natalia! Our job here is done! ഇനിയുള്ളത് ഫൈനൽ ഫയർവർക്ക്സ് ആണ്. അതിനു മുൻപ് നമുക്ക് ഈ പ്രദേശത്തു നിന്നു തന്നെ രക്ഷപെടണം.” ഡോക്ടറുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ഒരു വിജയിയുടെ ചിരി. പക്ഷേ അത് അധിക നേരം നീണ്ടു നിന്നില്ല.
“ആ യു. എസ്. ബി. ഇവിടെത്തരൂ ഡോക്ടർ!” നതാലിയായുടെ തോക്കിൻകുഴലിനു മുൻപിലേക്കാണ് ഡോക്ടർ എഴുന്നേറ്റു നിന്നത്.
“What ??" ഡോക്ടർ അമ്പരന്നു പോയ പോലെ തോന്നി.
”നിങ്ങൾ പറഞ്ഞതു ശരിയാണെങ്കിൽ... മറ്റു പേഷ്യന്റ്സിനെയും, മകനെയുമൊക്കെ ഹെല്പ് ചെയ്യാനാണെങ്കിൽ, ഞാൻ നിങ്ങളെ സഹായിക്കാം. പക്ഷേ അത് ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും അറിവോടെ മാത്രം. I just cannot leave such a sensitive piece of information with you! മനസ്സിലാകുമെന്നു കരുതുന്നു.“
ഡോക്ടർ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി കുറച്ചു സമയം നിന്നു. മുഖത്തൊരു പുഞ്ചിരി വിടർന്നു. ”മിടുക്കിയാണ് നീ നതാലിയ! ഇങ്ങനെയായിരിക്കണം ഉത്തരവാദിത്തമുള്ള ഒരു ഏജന്റ്!“ അദ്ദേഹം പുഞ്ചിരി മായാതെ തന്നെ ആ ഡിസ്ക് അവൾക്കു കൈമാറി.
“ഇയാളെ ഇനി എന്തു ചെയ്യും ?” ഡോ. രഘുചന്ദ്രയെ ചൂണ്ടിയാണ് അദ്ദേഹം ചോദിച്ചത്.
ആ ചോദ്യത്തിനു മറുപടിയുണ്ടായില്ല.വാതില്ക്കലേക്കു തിരിഞ്ഞ നതാലിയ സ്തബ്ധയായി നില്ക്കുകയാണ്.
“പ്രവീൺ എവിടെ ??” അവളുടെ ചോദ്യത്തിൽ ആശങ്ക നിഴലിച്ചിരുന്നു. “He was right behind me when we walked in here!"
ഡോക്ടറും അപ്പോഴാണതു ശ്രദ്ധിക്കുന്നത്.
അല്പ്പ നേരം മുൻപു വരെ അവരോടൊപ്പം ആ മുറിയിലുണ്ടായിരുന്ന, പ്രവീൺ സത്യ അപ്രത്യക്ഷനായിരുന്നു!
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot