Slider

ഇന്നത്തെ ചർച്ചാവിഷയം : വമ്പിച്ച പോളിംഗ്.

0
Image may contain: 1 person, smiling, closeup

നമസ്ക്കാരം 
കേരളത്തിലെ പ്രബുദ്ധരായ എല്ലാ പ്രേക്ഷകർക്കും ലൈവ് ചർച്ചയിലേയ്ക്ക് സ്വാഗതം. 
ശ്രീമാൻ കുമാരനേയും, ശ്രീമതി സ്നേഹലതയേയും, മിസ്സ് മുത്തിനേയും ഇന്നത്തെ രാത്രി ഒമ്പതുമണിക്കുള്ള ലൈവ്ചർച്ചയിലേയ്ക്ക് ക്ഷണിയ്ക്കുന്നു. കന്നിവോട്ട് ചെയ്ത മിസ്സ്.മുത്തിനും, കാലാകാലങ്ങളായി മാറിയും മറിഞ്ഞും വോട്ട് ചെയ്യുന്ന ശ്രീമാൻ കുമാരനും, ശ്രീമതി സ്നേഹക്കും സ്നേഹത്തോടെ ചൂടൻചർച്ചയിലേക്ക് ഹാർദ്ദവമായ സ്വാഗതം.
ചർച്ചയ്ക്ക് മുമ്പൊരു ചെറിയ ബ്രേക്ക്.
ബ്രേക്കിനു ശേഷം ആശയസംഘട്ടനങ്ങളുടെ, അടിപതറാതുള്ള ചർച്ചകളുടെ അങ്കത്തട്ടിൽ അടുത്ത യുദ്ധം ആരംഭിക്കുന്നു.
ഒരു മിനിട്ട് ഒന്ന് ക്യാമറ ഓഫ് ചെയ്തേക്ക്. ഒരു കുടുംബത്തിൽ നിന്ന് വരുന്നവരാണ് കുമാരേട്ടനും, സ്നേഹേച്ചിയും, മുത്തും എന്ന് എനിക്കും ചാനലുകാർക്കും അറിയാം പക്ഷെ പാവം പൊതുജനത്തിനതറിയില്ല, അതിനാൽ ചർച്ചയിൽ നിങ്ങൾ തമ്മിലടുപ്പമില്ലാതെ വർദ്ധിതവീര്യത്തോടെ പൊരുതിക്കൊള്ളണം, എതിരാളിയെ കടന്നാക്രമിയ്ക്കണം, അവരെ മലർത്തിയടിയ്ക്കണം. നിങ്ങൾ ഇവിടെ അടുത്തടുത്ത മൂന്നു കാബിനിൽ ആണിരിക്കുന്നതെങ്കിലും ഞങ്ങൾ പറയും ഒരാൾ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്നാണെന്നും, ഒരാൾ ആലപ്പുഴയിൽ നിന്നും, അടുത്തയാൾ ത്രിശൂർ സ്റ്റുഡിയോയിൽ നിന്നാണെന്നെല്ലാം. അതിനനുസരിച്ച് നിങ്ങൾ അഭിനയിച്ച് തകർക്കണം. പരിപാടി കഴിയുമ്പോൾ നിങ്ങളെ ഇവിടെ നിന്നുള്ള വണ്ടിയിൽ
നിങ്ങളുടെ വീട്ടിലാക്കുകയും
ചെയ്യാം അതുവരെ നിങ്ങൾ എതിരാളിക്ക് ഒരു പോരാളിയായി തകർക്കണം. ഇനി ഇപ്പോൾ കുടുംബസ്നേഹം എല്ലാം കളഞ്ഞിട്ട് ക്യാമറയ്ക്ക് മുമ്പിൽ വഴക്കടിക്കാൻ തയ്യാറെടുത്തോളൂ, ചർച്ച തുടങ്ങുകയായി.
നമസ്ക്കാരം, കഴിഞ്ഞ ഒരു മാസത്തെ പൊരിഞ്ഞ തെരഞ്ഞെടുപ്പു ചൂടിനിടയിലേയ്ക്ക് വേനൽമഴ പോലെ കടന്നുവന്ന ഇന്നത്തെ തെരഞ്ഞെടുപ്പിനു ശേഷമുള്ള ചെറുകുളിരിൽ
ചൂടോടെ ചർച്ച ചെയ്യുന്ന ഇന്നത്തെ വിഷയം.
വമ്പിച്ച പോളിംഗ് എങ്ങിനെ നിങ്ങളുടെ കക്ഷികളുടെ വിജയത്തെ സ്വാധിനിക്കുന്നു എന്നതിൻ്റെ ചൂടൻ സംവാദം, വൻ പിച്ച പോളിംഗാണോ, വമ്പിച്ച പോളിംഗാണോ എന്നെല്ലാം ഇഴകീറി പരിശോധിക്കുന്ന തകർപ്പൻ ചർച്ചയിലേക്ക് ആദ്യം ത്രിശ്ശൂർ സ്റ്റുഡിയോയിൽ നിന്നും മിസ്സ് മുത്തിനെ ക്ഷണിയ്ക്കുന്നു.
ചർച്ച തുടങ്ങട്ടെ.
എല്ലാവർക്കും ഞങ്ങളുടെ കൂപ്പുകൈ നമസ്ക്കാരം. ഈ വമ്പിച്ച പോളിംഗ് ഒരു ചൂണ്ടു പലകയാണ്. കേന്ദ്ര,കേരള ഭരണപരാജയങ്ങളിൽ നിന്ന്
ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കാനായി രക്ഷകൻ എത്തിയതിന് കേരളം നൽകിയ ശക്തമായ മുന്നറിയാപ്പാണീ വമ്പിച്ച പോളിംഗ്. ഇത് കാണിക്കുന്നത് ഞങ്ങളുടെ
കെട്ടുറപ്പും ശക്തിയും മനസ്സിലാക്കിയതിൻ്റെ ശക്തമായ പിന്തുണയാണ്.
ശരി, മിസ് മുത്ത് നമുക്ക് സമയം വളരെ പരിമിതമാണ്
അതു കൊണ്ട് ഞാൻ ഒന്നിടപ്പെടുന്നു. ഇതിന് തക്കതായ മറുപടി പറയാൻ ശ്രീമാൻ കുമാരനേ സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഹലോ ശ്രീ കുമാരൻ കേൾക്കുന്നില്ലേ, പറയൂ, വേഗം പറയൂ
മിസ്സ് മുത്തിനോടും, ശ്രീമതി
സ്നേഹയോടും വളരെ ശക്തമായി എനിക്ക് പറയാനുള്ളത് ഞങ്ങളുടെ ഉറച്ചതും സംശുദ്ധവുമായ കേരള ഭരണത്തിന് കിട്ടിയ അംഗീകാരത്തിൻ്റെ പൂച്ചെണ്ടുകൾ ആണ് വമ്പിച്ച പോളിംഗ്, ഒരു മാസം കഴിഞ്ഞ് വോട്ടെണ്ണുമ്പോൾ ഞങ്ങൾക്ക് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടാനുള്ളതിൻ്റെ സൂചനയാണീ കനത്ത പോളിംഗ്.
ശരി, ശരി, ശ്രീ കുമാരൻ, കാണാൻ പോകുന്ന പൂരം കാത്തിരുന്ന കാണാമെന്ന പ്രതീക്ഷയോടെ കാത്തിരുന്നോളു, തുടർച്ചർച്ചകൾക്കായി ശ്രീമതി സ്നേഹാജീ യെ ക്ഷണിക്കുകയാണ്.
മിസ് മുത്തിനും, ശ്രീകുമാറിനും കാര്യങ്ങൾ ഏകദേശം മനസ്സിലായതിൻ്റെ വിറളിപിടുത്തം ഞാൻ കാണുന്നുണ്ട്, ഞങ്ങളുടെ ആചാരസംരക്ഷണവും ഭരണനേട്ടവും കണ്ട ജനങ്ങൾ
ഓടിവന്ന് വോട്ടു ചെയ്തതിൻ്റേ തെളിവാണ്
ഈ വമ്പിച്ച പോളിംഗ്. ആദ്യമായിട്ടാണെങ്കിലും അഞ്ചാറു സീറ്റിൽ അധികം കിട്ടാം എന്നതിൻ്റെ തെളിവാണ് വമ്പിച്ച പോളിംഗിലൂടെ കാണുന്നത്.
ശരി എല്ലാം സമ്മതിച്ചു. മിക്കവാറും ഇവരുടെ ചർച്ച കാണുയും കേൾക്കുകയും ചെയ്തിട്ട് മിക്കവാറും ഇവർ മൂന്നുകൂട്ടരും പാസ്സാകാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. പോളിംഗ് കൂടുമ്പോൾ ഓരോ കക്ഷികളും അതിന് സമാനമായി അവരവരുടെ സീറ്റും ഭൂരിപക്ഷവും കൂടും എന്നു പറയുന്നതിൻ്റെ ലോജിക്ക് തുടർന്നുള്ള ദിവസങ്ങളിലൂടെയുള്ള ചർച്ചയിലൂടെ മനസ്സിലാകും
എന്ന തോന്നലിൽ ഇന്നത്തെ
ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. ചർച്ചയിൽ പങ്കെടുത്ത മൂന്നു പേർക്കും നന്ദി, നമസ്കാരം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo