Slider

ശിവമ്മ

0
വർഷങ്ങൾക്ക് മുൻപ് മാഗ്ലൂരിൽ നിന്നും കാർവാറിലേക്കുള്ള ബസിൽ വച്ചാണ് ഞാൻ ശിവമ്മയെ പരിചയപ്പെട്ടത് .
നര വീണ മുടിയിഴകൾ അനുസരണയില്ലാതെ പാറികളിക്കുന്നത് ഒന്ന് കോതിയൊതുക്കാൻ പോലും നോക്കാതെയുള്ള ഇരുപ്പായിരിക്കണം എന്റെ ശ്രദ്ധയിൽ പെട്ടത് ആദ്യം..
മേടസൂര്യൻ കത്തി ജ്വലിക്കുന്നത് പുറത്തുള്ള സൂര്യകാന്തിപാടത്തിലാണോ അതോ നര വീഴാത്ത അവരുടെ മനസ്സിലോ ....
ആ മുഖത്തെ നിസ്സഹായതയും സംഘർഷവും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
ചൂട് കൊണ്ട് കരിഞ്ഞ മണ്ണിന്റെ മണമാണ് വീശിയടിക്കുന്ന കാറ്റിന് ... പുറത്തെ കാഴ്ചകളിൽ കാണാം ഉണങ്ങി നിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ.
സാധാരണ യാത്ര ചെയ്യുമ്പോൾ ആരുമായും കൂട്ട് കൂടാത്ത എനിക്കെന്തോ അവരറിയാതെ നിറഞ്ഞുതൂകുന്ന കണ്ണുകൾ കണ്ട് അങ്ങോട്ട് കയറി ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...
"ഏനാഗിതേ അമ്മാ യെല്ലാ സരി ഇതിയാ "(എന്തു പറ്റി അമ്മേ എല്ലാം ഓക്കേ അല്ലേ ) .
മറുപടിയായി കേട്ട മലയാളത്തിൽ ഞാൻ അവരെ അത്ഭുതത്തോടെ ഒന്നു കൂടി നോക്കി...
കഴുത്തിലെ കരിമണി മാലയും പുരികത്തിനിടയിൽ മൂക്കിന് തൊട്ട് മുകളിലുള്ള കുങ്കുമപൊട്ടും കണ്ടക്ടറോട് സംസാരിക്കുമ്പോഴുള്ള കന്നഡഭാഷയുടെ ഒഴുക്കും എനിക്കറിയാവുന്ന മലയാളികൾക്ക്
ചേരുന്നതായിരുന്നില്ല ...
ആദ്യം പിശുക്കി ചിരിച്ചു കൊണ്ട്
"ഞാൻ നല്ലതായിരിക്കുന്നു "
എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചെങ്കിലും
മറ്റുള്ളവരുടെ കാര്യങ്ങളിൽ അറിയാതെ ആകാംഷ കാണിക്കുന്ന മലയാളി എന്റെ ഉള്ളിലും ഉള്ളത് കൊണ്ട് ഞാൻ അവരെ ശല്യം ചെയ്തു വെള്ളം വേണോ എന്നു ചോദിച്ചു ഒന്നുകൂടി....
ആരോടെങ്കിലും മനസ്സ് തുറന്നു അവർ സംസാരിച്ചിട്ട് ഒരു യുഗം മുൻപായിരിക്കണമെന്ന് തോന്നിക്കും വിധമായിരുന്നു ആ സ്വരം...
"ഞാൻ വരുന്നത് ജയിലിൽ നിന്നാണ് ...ഏഴു വർഷമാണു അവിടെ ..."
വാക്കുകൾ അവർക്ക് മുറിഞ്ഞു പോയത് എന്റെ ഹൃദയമിടിപ്പ് പള്ളിപറമ്പിലെ ബാൻഡ് മേളത്തിനേക്കാൾ ഉച്ചത്തിൽ കേട്ടത് കൊണ്ടാണോ എന്ന് തോന്നാതിരുന്നില്ല
പിന്നീട് ആയമ്മ പറഞ്ഞു തീരും വരെ ഞാൻ അവരുടെ കണ്ണിൽ നിന്നും മിഴിയെടുക്കാതെ ..അവരുടെ മെല്ലിച്ച ഞരമ്പുകൾ ഉയർന്നു നിൽക്കുന്ന കയ്യുകൾ എന്റെ ഉള്ളംകൈക്കുള്ളിലാക്കി നോക്കിയിരുന്നു .
അതു അവർക്ക് ധൈര്യം കൊടുക്കാനോ അതോ അവർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ എനിക്ക് ധൈര്യം കിട്ടാനോ ഇന്നും അറിയില്ല ....
വർഷങ്ങൾക്കു മുൻപേ ഇടുക്കിയിൽ നിന്നും ബെല്ലാരിയിലേക്ക് ഭർത്താവിനോടൊപ്പം ഉപജീവനത്തിനായി കുടിയേറി പാർത്ത കഥയിലായിരുന്നു തുടക്കം...
ഒരു സുപ്രഭാതത്തിൽ മക്കൾ ഉണ്ടാകാത്തത് അവരുടെ കുറവ് കൊണ്ടാണെന്നു കുറ്റപ്പെടുത്തി അന്യനാട്ടിൽ അവരെയും ഉപേക്ഷിച്ചു കടന്നു പോയ ഭർത്താവും ...
ആരുമില്ലാതെ ഒറ്റക്കായി പോയ അവരെ രാമയ്യ കല്യാണം കഴിച്ചതും...ഇടുക്കിക്കാരി മേരി അങ്ങനെ ശിവമ്മ ആയതും എല്ലാം ഓരോ കഥാപാത്രങ്ങളും സന്ദർഭങ്ങളും ആയി എന്റെ മനസ്സിൽ കൂടി കടന്നു പോയി .
കാലം ശിവമ്മയുടെ ആദ്യഭർത്താവിനുള്ള മറുപടി കാത്തു വച്ചിരുന്ന പോലെ രാമയ്യയിൽ ശിവമ്മക്ക് ഒരു മകനെയും ദൈവം കൊടുത്തു ..
അന്ന് വരെ അനുഭവിച്ച മാനസികസംഘർഷം ആ മകനിലൂടെ അവർ മറന്നു..
മകൻ വളർന്ന് ജോലിയെല്ലാം നേടിയതോടെ കഷ്ടപ്പാടെല്ലാം മാറി അത്യാവശ്യം തരക്കേടില്ലാത്ത തരത്തിലേക്ക് ജീവിത നിലവാരം മാറി ....
സ്നേഹിച്ച പെണ്ണിനെ തന്നെ മകന് വിവാഹം ചെയ്യിപ്പിച്ചു കൊടുത്തു അച്ഛനും അമ്മയും സ്വസ്ഥരായി .
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയത് മകന്റെയും മരുമകളുടെയും സ്നേഹത്തിൽ അവരറിഞ്ഞില്ല .
കല്യാണം കഴിഞ്ഞു പിറ്റേമാസം തൊട്ട് വിശേഷമുണ്ടാകാൻ വൈകിയാൽ അന്നുമിന്നും വീട്ടുകാരേക്കാൾ അസ്കിത നാട്ടുകാർക്കാണല്ലോ എവിടെയും...
അങ്ങനെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടു തഴമ്പിച്ച അഞ്ചു വർഷത്തെ കാത്തിരിപ്പിന് ദൈവം കൊടുത്ത സുന്ദരിപൊന്ന്
"ശിവശങ്കരി "
അമ്മയോടുള്ള മകന്റെ അതിരുകളില്ലാത്ത സ്നേഹമായിരുന്നു ആ പേരിന്റെ തുടക്കത്തിലെ ശിവ..
ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാതെ ആ കുഞ്ഞിനെ അവർ കൊണ്ട് നടന്നു .
ഓരോ പിറന്നാളും ആഘോഷങ്ങളാക്കി മാറ്റി
രണ്ടു വയസ്സ് കഴിഞ്ഞതും അവളോടിയെത്താത്ത സ്ഥലങ്ങളില്ല ആ വീട്ടിൽ... ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത വികൃതി കുടുക്ക ...
തുളസികല്ല്യാണത്തിന്റെ തലേന്ന് ശിവമ്മ വീടിനു ചുറ്റും വൃത്തിയാക്കാനൊക്കെ ആയി പുലർച്ചെ എഴുന്നേറ്റു..
ശങ്കരിയെ നോക്കിയപ്പോൾ അമ്മയെ കെട്ടിപിടിച്ചു നല്ല ഉറക്കമാണ് കുറുമ്പി .
പുറത്തേക്കിറങ്ങി മുറ്റമെല്ലാം വൃത്തിയാക്കുന്നതിനിടയിൽ കേൾക്കാം വെള്ളം വീഴുന്ന ഒച്ച ടാങ്കിൽ നിന്നും..
മുറ്റത്തെ നിലത്താണ് അവിടങ്ങളിലെ വാട്ടർ ടാങ്ക് , മൂടി തുറന്നു നോക്കിയപ്പോൾ വെള്ളം നിറഞ്ഞിട്ടില്ല . വെള്ളം നിറഞ്ഞാൽ പൈപ്പ് നിർത്തി വെക്കാനായി അവർ അതൽപം തുറന്നു വച്ചു ജോലിയിൽ മുഴുകി .
എല്ലായിടവും വൃത്തിയാക്കി ഒതുക്കിപെറുക്കി വച്ചു മുറ്റത്തെ ടാങ്കിന്റെ മൂടിയും വലിച്ചിട്ട് അവർ അടുക്കളയിലേക്ക് ചെന്നു .
രാവിലെ മകൻ പോകുന്നതിനു മുമ്പേ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം , എന്തൊക്കെ വേണമെന്ന തിരച്ചിലിനിടയിൽ രാമയ്യ വന്നു , ചായ കുടിക്കാനായി...
"ഇന്നെന്തേ ശിങ്കാരി പെണ്ണ് എണീറ്റില്ലേ "
ചായ കുടിച്ചു അയാൾ നേരെ ചെന്നു കുഞ്ഞിനെ എടുക്കാനായി ....മോൾ എണീറ്റ് അങ്ങോട്ടേക്ക് വന്നിരുന്നല്ലോ എന്ന മരുമകളുടെ ഉത്തരത്തിന്റെ സാധാരണത്തം നിമിഷനേരം കൊണ്ട് ഇല്ലാതായി .
മുക്കിലും മൂലയിലും അവളെ അവർ പരതി ....
അതുവരെയും പതിയെ കഥ പറഞ്ഞിരുന്ന അവർ പെട്ടെന്ന് ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു
"ന്റെ കുഞ്ഞു ടാങ്കിൽ വീണതറിയാതെ ഞാൻ അത് അടച്ചു കളഞ്ഞല്ലോ മോളെ .....ന്റെ പൊന്ന് ശ്വാസത്തിന് വേണ്ടി പിടഞ്ഞു മുങ്ങി താഴുമ്പോൾ ഞാൻ അവൾക്കുള്ള പാല് ഉണ്ടാക്കുന്ന തിരക്കിലായി പോയല്ലോ "
ശ്വാസം തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കും വിധം സങ്കടമെന്നെ വരിഞ്ഞുമുറുക്കി.. ഞാനറിയാതെയെന്റെ കണ്ണുകൾ അണപൊട്ടിയൊഴുകാൻ തുടങ്ങി...ഇനിയും അടക്കി പിടിക്കാതെ അവരും കരഞ്ഞോട്ടെ എന്നു ഞാനും കരുതി ....
ഇതിനിടയിൽ കാര്യം അന്വേഷിച്ച മറ്റു യാത്രക്കാരോട് ഒന്നുമില്ലെന്ന്‌ പറഞ് വാ പൊത്തി പിടിച്ചു കരഞ്ഞുകൊണ്ടിരുന്ന അവരെ ചേർത്ത്പിടിച്ചു പുറത്തേക്ക് നോക്കി ഞാനുമിരുന്നു .
കരച്ചിലിന്റെ താളം മാറി തേങ്ങലുകൾ ആയപ്പോൾ അവർ വീണ്ടും പറഞ്ഞു തുടങ്ങി .....
മനഃപൂർവമല്ലാത്ത കൊലപാതകം അതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം ഏഴു വർഷം തുംകൂറിലെ ജയിലിൽ ....
മകനും മരുമകളും അവരെ കാണാനേ വന്നില്ല ഭർത്താവു ഒരു തവണ വന്നിരുന്നു.. ആരെയും കാണാൻ ആഗ്രഹമില്ല എന്ന് ആയമ്മ പറഞ്ഞത് കൊണ്ട് അയാൾക്ക് കാണാതെ മടങ്ങേണ്ടി വന്നു .
ശിക്ഷ തീരുന്നതിന്റെ തലേന്ന് ജയിൽ വാർഡൻ അവർക്ക് ഒരു കത്ത് കൊണ്ട് വന്നു കൊടുത്തു ....
"വീട്ടിലേക്ക് വരണം എല്ലാവരും അതാഗ്രഹിക്കുന്നു ഞങ്ങൾ കാത്തിരിക്കും...ഞങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ വരാതിരിക്കരുത്.."
എന്തിനാണ് മടങ്ങുന്നത് എന്നു പലതവണ മനസ്സിൽ ചോദിച്ചു ,അവരുടെ സങ്കടം കാണാൻ വയ്യ ...
അറിയാതെ പറ്റി പോയ ഒരു തെറ്റിന് നീറി നീറി കഴിയുകയാണ് .
പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുമ്പോൾ പോലും മകനും ഭാര്യയും തലയുയർത്തി ഒരു തവണ പോലും അവരെ നോക്കിയില്ല പിന്നെങ്ങനെ ....
അവരുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരങ്ങൾ ഇല്ലായിരുന്നു അവർ അത് ആഗ്രഹിക്കുന്നതും ഇല്ലെന്ന് എനിക്കറിയാം ...
എല്ലാം കേട്ടുകഴിഞ്ഞിട്ടും ഇത് വരെയും ഞാൻ ഒന്നും മിണ്ടിയില്ലെന്ന് ഞാനോർത്തു... അവരുടെ കഴുത്തിലൂടെ ഒരു കയ്യിട്ട് മറു കൈ കൊണ്ട് അവരുടെ കൈ എന്റെ ഉള്ളം കയ്യിൽ കൂട്ടിപിടിച്ചിരിക്കുകയാണ്...
മൗനമാണെങ്കിലും എന്റെ മനസ്സിൽ അവരെ സാന്ത്വനിപ്പിക്കുന്നത് അവരും അറിയുന്നുണ്ടാകണം...
ഉച്ച ഭക്ഷണത്തിനു വണ്ടി നിർത്തിയിട്ടും കഴിക്കാതെ ഇരുന്നത് കൊണ്ട് വയറ്റിലൊന്നുമില്ല എങ്കിലും വിശപ്പ് അറിയുന്നേ ഇല്ല .
"അമ്മേ ഞാനും വരാം വീട്ടിലേക്കു "
കുറെനേരത്തിനു ശേഷം ചലിച്ച നാവിനു അല്പം കുഴച്ചിൽ ഇല്ലേ ...
"വേണ്ട മോളെ അവരെന്നെ വിളിച്ചെങ്കിലും എനിക്കറിയില്ല എന്താവും അവിടുത്തെ സ്ഥിതി എന്ന് ,എന്നാലും ന്റെ മനസ്സിന്റെ ഭാരം കുറഞ്ഞു.. ആരോടും മിണ്ടാതെ സ്വയം ശിക്ഷിക്കുകയായിരുന്നു ഇത്രെയും കാലം ...."
കാർവാറിൽ എത്തിയപ്പോൾ ഞങ്ങൾ ബസിറങ്ങി , അവരെ ഓട്ടോറിക്ഷയിൽ കയറ്റി ഇരുത്തിയപോഴും എനിക്ക് മിണ്ടാൻ കഴിയുന്നില്ലായിരുന്നു .
ഇനി എന്താവും അവിടെ ചെന്നാൽ എന്നോർത്ത് ഞാൻ അവർ പോകുന്ന ഓട്ടോയും നോക്കി നിന്നു....
ഒരാഴ്ചക്ക് ശേഷം ഞായറാഴ്ച..ഹോസ്റ്റൽ വാർഡൻ വന്നു എനിക്ക് വിസിറ്റർസ് ഉണ്ടെന്നു പറഞ്ഞു .
ഇവിടെ എന്നെ ആര് വന്നു കാണാൻ ? എന്ന അങ്കലാപ്പോടെ സന്ദർശക മുറിയിൽ വന്ന എന്നെ , പൂണ്ടടക്കം കെട്ടിപിടിച്ചു ശിവമ്മ .....
ആളാകെ മാറിയിരിക്കുന്നു , മുഖത്തു സന്തോഷമാണ്
ഞാൻ സന്തോഷത്തോടെ അവരെ നോക്കിനിൽക്കുമ്പോൾ അവരുടെ ഭർത്താവും മകനും അടുത്തേക്ക് വന്നു..
"ഞങ്ങൾ അമ്മയെ ഉപേക്ഷിച്ചതല്ല , അറിയാമായിരുന്നു അത് അബദ്ധത്തിൽ സംഭവിച്ചതാണ് എന്ന് പക്ഷെ ഞങ്ങൾക്കൊപ്പം മകളേ നഷ്ടപെട്ട ഒരമ്മയുണ്ടായിരുന്നു അവൾ ആ സംഭവത്തിനു ശേഷം ഒന്ന് മിണ്ടിയത് മാസങ്ങൾ കഴിഞ്ഞാണ്.
പിന്നീട് അമ്മയെ പോയി കാണാൻ അച്ഛനോട് ആവശ്യപ്പെട്ടതും അവളാണ് .
അമ്മ സമ്മതിക്കാതിരുന്നപ്പോൾ മനസ്സ് ശാന്തമാകും വരെ അമ്മയെ ശല്യം ചെയ്യണ്ട എന്നതും അവളുടെ തീരുമാനം ആയിരുന്നു "
"എവിടെ ഈ കക്ഷി ഞാനൊന്നു കാണട്ടെ "
അവരെന്നെ പുറത്തേക്ക് കൂട്ടി..
പുറത്തു മൂന്നോ നാലോ വയസ്സുള്ള ഒരാൺകുട്ടിയും പെൺകുട്ടിയും ഓടി കളിക്കുന്നു .....ഒപ്പം അവരെ കളിപ്പിക്കുന്ന ഒരമ്മയും
അതേ ശിവശങ്കരിയെ കൂട്ടി കൊണ്ട് പോയ ദൈവം അവർക്ക് ശിവയേയും ശങ്കരിയേയും മടക്കി കൊടുത്തിരിക്കുന്നു..ഇരട്ടകുട്ടികളായി..
ഒരു യാത്ര...മണിക്കൂറുകൾ മാത്രമുള്ള ബന്ധം..എന്നിട്ടു പോലും ഞാൻ ഓടി പോയി അവരെ കെട്ടിപിടിച്ചു ....
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ ...
എന്നിരുന്നാലും അതിനെ താങ്ങാനും മറികടക്കാനും നഷ്ടപ്പെട്ടവർക്ക് കരുത്തു കൊടുത്ത ദൈവത്തിന്റെ മടിയിൽ ഇരുന്ന ശിവശങ്കരിയും പാൽപുഞ്ചിരി പൊഴിക്കുന്നുണ്ടാവും .
വീട്ടിലേക്ക് വരണം എന്നു പറഞ്ഞു കെട്ടിപിടിച്ചു ശിവമ്മ യാത്ര പറയുമ്പോൾ ഞാനും കരയുന്നുണ്ടായിരുന്നു ......
പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ഒരാഴ്ചയായി കൊണ്ടുനടന്ന മനസ്സിലെ വിങ്ങൽ മാറിയ സന്തോഷത്തിൽ .....
••••••••
ലിസ് ലോന ( written in Nallezhuth FB group)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo