
ഭാര്യക്ക് വാങ്ങിച്ചുകൊടുത്ത സാനിറ്ററി പാഡിന്റെ പടം ഇന്നലെ ഞാൻ ഫേസ് ബുക്കിലിട്ടത് എത്ര സ്നേഹമയനായ ഒരു ഭർത്താവാണ് ഞാനെന്ന് നിങ്ങൾ അസൂയപ്പെടാൻ തന്നെയാണ്. ഒറ്റപ്പാളി മാത്രമുള്ള ജീവിതം നോക്കി നോക്കി വെള്ളെഴുത്ത് വന്നു ഭവിച്ച അവളുടെ കണ്ണുകളുടെ ചിത്രം എന്തേ അവിടെ ഇടാതിരുന്നത് എന്ന് ചോദിക്കാൻ മാത്രം നിങ്ങൾ വിഡ്ഢികളല്ല എന്നെനിക്കുറപ്പുണ്ട്.
കാലത്ത്, കോളജിൽ പോകുമ്പോൾ വസ്ത്രം അറിയാതെ കാറ്റിലൊന്നുലഞ്ഞപ്പോൾ മകളെ ഞാൻ ശാസിച്ചത് ഞാനൊരു ഉത്തരവാദിത്വമുള്ള അച്ഛനായതുകൊണ്ടാണ്. വൈകിട്ട്, ഏതോവളുടെ ചലിക്കുന്ന നിതംബത്തെക്കുറിച്ച്, മാറിടത്തിന്റെ അളവുകളെക്കുറിച്ച്, ഞങ്ങൾ ഒരു കുപ്പിയുടെ കരുത്തിൽ തർക്കിച്ചു ചിരിച്ചത് നിങ്ങൾ കാര്യമാക്കേണ്ട.
വിശപ്പിനെക്കുറിച്ചെഴുതാൻ മാറ്റിവെച്ചൊരു ആറുവരിക്കവിത ഉച്ചക്ക് കഴിച്ച അഞ്ചു പൊറോട്ടയുടെയും അരക്കോഴിയുടെയും ആലസ്യത്തിൽ എന്നിൽ നിന്നും അടർന്നുപോയതിന്റെ ദുഃഖം നിങ്ങളോടു പറഞ്ഞാൽ മനസ്സിലാവില്ല.
രാത്രിയിൽ കൂട്ടുകാർ വന്നാൽ വിയർക്കാൻ പാടില്ലെന്ന് മകൻ താക്കീത് തന്നപ്പോഴാണ് മരിക്കാതെ മടിച്ചു കിടക്കുന്ന അച്ഛന് ഞാനൊരു എ.സി വാങ്ങിയതെന്ന് നാട്ടുകാർ പറയുന്ന നുണ നിങ്ങളെങ്കിലും വിശ്വസിക്കരുത്
കഷ്ടം! ഇനിയും എന്തൊക്കെ തെളിവുകളാണ് നിങ്ങൾക്ക് ഞാൻ തരേണ്ടത് ?
ഞാനൊരു സത്യമാണെന്ന് ഇനിയെങ്കിലും നിങ്ങൾ പറയൂ..
(ഹാരിസ്)@ Nallezhuth😊
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക