----------------------------
"അലക്സ് എന്താ ഈ പറയുന്നത്..?"കേട്ടത് വിശ്വസിക്കാനാവാതെ ദേവി ചോദിച്ചു.
"അതെ..അവർക്ക് രാഖിയെ കുറിച്ച് അറിയണം..അതിന് വേണ്ടിയാണ് അവളുടെ കാമുകൻ ആയിരുന്ന എന്നെയും അവളുടെ ബെസ്ററ് ഫ്രണ്ട് ആയിരുന്ന നിന്നെയും അവർ ഇവിടെ കൊണ്ടുവന്നിട്ടിരിക്കുന്നത്.."അലക്സ് പറഞ്ഞു.
ദേവിയുടെ സപ്തനാഡികളും തളർന്നുപോയി.
"അലക്സ് എങ്ങനെ ഇവിടെ എത്തി?"ദേവി ചോദിച്ചു.
"ഞാൻ ഇടയ്ക്കിടെ ഒറ്റയ്ക്ക് ട്രാവൽ ചെയ്യാറുണ്ട്..അങ്ങനെ ഒരു സ്ഥലം വരെ പോയതാ.തിരികെ ഹോട്ടലിൽ വന്നപ്പോൾ മുറിയിൽ ആരോ ഉണ്ടായിരുന്നു.എന്റെ കഴുത്തിൽ എന്തോ ഇൻജെക്റ്റ് ചെയ്തു.ഞാൻ അൺകോൺഷ്യസ് ആയി..പിന്നെ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ ഇവിടെയാണ്..ഇതേതാ സ്ഥലമെന്നോ അവർ ആരാണെന്നോ എന്താ അവർക്ക് വേണ്ടതെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.പ്രൊട്ടസ്ററ് ചെയ്യാൻ നോക്കിയതിന് കിട്ടിയ സമ്മാനമാ ഇതൊക്കെ."തന്റെ കൈയിലെ കെട്ടിലേക്കും ഷർട്ടിലെ ചോരക്കറയിലേക്കും നോക്കി അലക്സ് പറഞ്ഞു.ദേവി വിഷമത്തോടെ അതിലേക്ക് നോക്കി.അലക്സിന്റെ അവസ്ഥ കണ്ട് അവളുടെ ഹൃദയം നൊന്തു..
"ഇപ്പൊ ഇവിടെ ഫുഡ് ഇട്ടുതരാൻ ഒരാൾ വന്നില്ലേ?എബി..അയാൾ പറഞ്ഞാ ഞാൻ അറിഞ്ഞത് എന്നെ എന്തിനാ ഇങ്ങോട്ട് പിടിച്ചുകൊണ്ട് വന്നതെന്ന്..ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അവളെ സ്നേഹിച്ചിരുന്നു..അവൾ എന്റെ ജീവനായിരുന്നു ദേവി..നിനക്കെല്ലാം അറിയാമല്ലൊ..പക്ഷെ അവൾക്ക്.. അവൾക്കെന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല ദേവി..എന്റെ രാഖി എന്തിനാ സൂയിസൈഡ് ചെയ്തതെന്ന് എനിക്കറിയില്ല ദേവി.."പറഞ്ഞതും അലക്സ് അവിടിരുന്ന് പൊട്ടിക്കരഞ്ഞു..അത് കണ്ട് ദേവിയും മാറിയിരുന്ന് വാ പൊത്തി കരഞ്ഞു.അലക്‌സിന്റെയും ദേവിയുടെയും ഓർമ്മകൾ കുറച്ച് വർഷങ്ങൾ പിറകോട്ട് പോയി.*******
രാഖി ഒരു വലിയ തറവാട്ടിലെ കുട്ടിയായിരുന്നു.രാഖിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകൾ ആയിരുന്നു ദേവി.സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ദേവി വളരെ ചെറുപ്പത്തിലേ തന്നെ രാഖിയുടെ കൂടെ അവളുടെ വീട്ടിലായിരുന്നു വളർന്നത് .ദേവിയുടെ പഠിപ്പും മറ്റ് കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത് രാഖിയുടെ അച്ഛനായിരുന്നു.ദേവി അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്.പുസ്തകങ്ങൾ മാത്രമായിരുന്നു അവളുടെ ലോകം. രാഖി ദേവിയുടെ നേരെ എതിർ സ്വഭാവമാണ്.അവൾക്ക് പഠിത്തമൊഴിച്ച് ബാക്കി എല്ലാത്തിനോടും നല്ല താൽപര്യമായിരുന്നു.ഓരോ മാഗസിനുകളിലും വരുന്ന ഫോട്ടോ ക്വീൻ മത്സരങ്ങളളിലേക്ക് വിവിധ പോസുകളിലുള്ള ഫോട്ടോ അയച്ചുകൊടുക്കലായിരുന്നു പ്രധാന വിനോദം. രാഖിക്ക് ദേവിയെ ജീവനായിരുന്നു.ദേവിക്കും രാഖി കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളു.. കിട്ടുന്നതെന്തും പരസ്പരം പങ്കുവെച്ചും കുശുമ്പും കുന്നായ്മയും ഒന്നുമില്ലാതെ അവർ വളർന്നു. അലക്‌സും റോബിനും ശിവയും തമിഴ്നാട്ടിൽ ശിവയുടെ അച്ഛന്റെ എഞ്ചിനീയറിംഗ് കോളേജിൽ ഫൈനൽ ഇയറിന് പഠിക്കുമ്പോഴാണ് അവിടെ ഫ്രഷേഴ്‌സ് ഡേയ്ക്ക് റാഗിങ്ങിനിടയിൽ ദേവിയെയും രാഖിയെയും പരിചയപ്പെടുന്നത്..പിന്നീട് അലക്സിന്റെയും രാഖിയുടെയും പ്രണയദിനങ്ങളായിരുന്നു.ആ കോളേജിലെ ഓരോ മണൽത്തരികളും അവരുടെ പ്രണയത്തിന് സാക്ഷിയായിരുന്നു.
"ദേവി,ഞാനും അലക്‌സും ഒരു സിനിമയ്ക്ക് പോവാ.നീ വരുന്നോ?"രാഖി ചോദിച്ചു.ദേവി ഹോസ്റ്റൽ മുറിയിൽ കട്ടിലിൽ ഒരു പുസ്തകവമായി മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു..
"പിന്നെ നിങ്ങള് അവിടെ സൊള്ളിക്കൊണ്ടിരിക്കുമ്പോ ഞാൻ അവിടെ പോസ്റ്റ് ആയിട്ടിരിക്കണം..എന്നെ കിട്ടത്തില്ല.."ദേവി പറഞ്ഞു.
"സൊള്ളാനല്ലെടി സിനിമ കാണാനാ പോവുന്നത്.."രാഖി ദേവിയുടെ കൂടെ കട്ടിലിൽ ഇരുന്നു.
"ടി അവരൊക്കെ പഠിത്തം കഴിഞ്ഞ് ടാറ്റ ബൈ ബൈ പറഞ്ഞ് ഇപ്പൊ അങ്ങ് പോവും.നമ്മൾ ഫസ്റ്റ് ഇയർ ആയിട്ടേ ഉള്ളു.നീ ഈ പുസ്തകം ഒന്ന് വായിച്ച് നോക്കിക്കേ..എന്റെ തലയിലോട്ട് ഒന്നും കയറുന്നില്ല.ഒരു മാസം കൂടി കഴിഞ്ഞാ പരീക്ഷയാ വരുന്നത്..നിനക്ക് വല്ല ബോധവമുണ്ടോ??"ദേവി രാഖിയെ നോക്കി ചോദിച്ചു.
"ഓഹ് ഞാൻ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെടി.എന്തായാലും ഞാൻ തോക്കും. ഞാൻ തോക്കുമെന്ന കാര്യം എന്നെപോലെ തന്നെ എന്റെ വീട്ടുകാർക്കും അറിയാം.അത്കൊണ്ട് എനിക്ക് ആ കാര്യത്തിൽ വലിയ പേടിയില്ല.പിന്നെ ഞാൻ എന്റെ ഫോട്ടോസ് മുറപോലെ ഓരോ മത്സരങ്ങൾക്ക് അയച്ചുകൊടുക്കുന്നുണ്ട്.ഏതെങ്കിലും ഒന്നിൽ എനിക്ക് നറുക്ക് വീഴും.എന്റെ ഫോട്ടോ ആ മാഗസിന്റെ കവർ പിക് ആവും.പതിയെ ഞാൻ ടീവി പരസ്യങ്ങളുടെ മോഡൽ ആവും..പിന്നെ ഞാൻ സിനിമ ഫീൽഡിൽ ഇറങ്ങും. എന്റെ ആദ്യത്തെ സിനിമ കൊണ്ട് തന്നെ വമ്പൻ ഡയറക്ടർസ് എന്റെ മുൻപിൽ ക്യൂ നിൽക്കും..ഇപ്പഴ്ത്തെ കാലത്ത് ഒരു സിനിമയിൽ ഒന്ന് മുഖം കാണിച്ചാൽ മതി പിന്നെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വരൂല്ല മോളെ.."രാഖി ലാഘവത്തോടെ പറയുന്നത് കേട്ട് ദേവി അവളെ എന്തോ അത്ഭുത വസ്തുവിനെ പോലെ നോക്കി ഇരുന്നു.
"എനിക്കെ ഒരു കഥയാ ഓർമ്മവരുന്നത്.."ദേവി പറഞ്ഞു.
"ആഹ് കോഴിമുട്ട പൊട്ടിയ കഥ അല്ലെ എനിക്കറിയാം.."രാഖി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെ..പണ്ട് കോഴി ഒരു മുട്ട ഇട്ടപ്പോ ആ മുട്ട വെച്ച് കാറും ബെൻസും ബംഗ്ലാവും ഒക്കെ മേടിക്കുമെന്ന് സ്വപ്നംകണ്ട് നടന്ന് കൈയിൽ ഇരുന്നതും കൂടി നഷ്ടപ്പെട്ടവന്റെ കഥ.."ദേവി പറഞ്ഞു.
"ഞാൻ അങ്ങനെ ദുരാഗ്രഹം കൊണ്ട് എന്റെ കൈയിൽ ഉള്ള മുട്ട എന്തായാലും പൊട്ടിക്കില്ല മോളെ..നീ അത് വിട്..സിനിമയ്ക്ക് വരുന്നുണ്ടോ?"രാഖി ചോദിച്ചു.
"ഞാൻ ഇല്ലെന്ന് പറഞ്ഞല്ലോ..ഞാൻ നിന്നെപ്പോലെ അല്ല.അല്പം പ്രാക്ടിക്കലാ..സിനിമയും കുന്തവുമൊക്കെ എല്ലാവർക്കും കൈയെത്തി പിടിക്കാവുന്ന ഒന്നല്ല..ഇനി എന്തെങ്കിലും ഭാഗ്യം കൊണ്ട് ആ ഫീൽഡിൽ കയറിപ്പറ്റിയാലും അത്ര എളുപ്പമല്ല അവിടെ പിടിച്ചുനിൽക്കാൻ..പിന്നെ നീ ഉദ്ദേശിക്കുന്നത് പോലെ അത്ര രസകരമായ ഒന്നായിരിക്കില്ല ഈ സിനിമാ ഫീൽഡ്..ഇറങ്ങിനോക്കുമ്പോ അറിയാം..എവിടെയാ ചതിക്കുഴികൾ ഉള്ളതെന്ന് പറയാൻ പറ്റില്ല..കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റില്ല.."ദേവി പറഞ്ഞു.
"ഓഹ് ശരി ശരി..നിന്നോട് ചോദിക്കാൻ വന്ന എന്നെ വേണം പറയാൻ..അലക്സ് അവിടെ കാത്തുനിൽക്കും.ഞാൻ ചെല്ലട്ടെ.."രാഖി ഡ്രസ്സ് മാറാൻ ബാത്‌റൂമിൽ കയറാൻ തുടങ്ങി.
"നീ മാട്രനോട് പറയുന്നുണ്ടോ?"ദേവി ചോദിച്ചു.
"പിന്നെ ഞാൻ എന്റെ കാമുകന്റെ കൂടെ സിനിമയ്ക്ക് പോവാ എന്ന് പറഞ്ഞോണ്ട് ചെന്നാൽ മതി.."രാഖി കളിയാക്കി.
"എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയണ്ടേ മേട്രനോട്?"ദേവി ചോദിച്ചു.
"നീ എന്തെങ്കിലും തട്ടീം മുട്ടീം പറഞ്ഞ് നിൽക്ക്..ഞാൻ അധികം വൈകാതെ വന്നോളാം.."രാഖി പറഞ്ഞു.
"എടി സിനിമയ്ക്ക് പോയിട്ട് നേരെ ഇങ്ങോട്ട് വന്നോണം..സംസാരിക്കാനാ കുറച്ച് നേരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാനാ എന്നൊന്നും പറഞ്ഞ് കണ്ട ഹോട്ടൽ റൂമിലൊന്നും പോയേക്കരുത്.."ദേവി പറഞ്ഞു.
"ഛെ..അലക്സിനെ കുറിച്ച് നീ അങ്ങനെ ആണോ വിചാരിച്ച് വെച്ചേക്കുന്നത്..അവൻ അങ്ങനെ ഉള്ള ഒരാൾ അല്ലെടി..പാവമാ.."രാഖി പറഞ്ഞു.
"അലക്സിനെ അല്ല നിന്നെ ഉദ്ദേശിച്ചാ പറഞ്ഞെ.."ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.
"എടി പെണ്ണെ..നിന്നെ ഇന്ന് ഞാൻ.."രാഖി മെത്തയിൽ കിടന്ന തലയണ എടുത്ത് ദേവിയെ അടിച്ചു..
അലക്സ് രാഖിയെ കാത്ത് അവന്റെ ബൈക്കുമായി കോളേജിനടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
"ഇനി ഇപ്പൊ സിനിമയ്ക്ക് പോണോ?ഇന്റർവെൽ ആയിക്കാണും.."അലക്സ് കളിയാക്കി.
"ഞാൻ ഇന്ന് കറക്റ്റ് സമയത്ത് തന്നെയാണ് വന്നത്.."രാഖി മുഖം വീർപ്പിച്ചു.
"മുഖത്ത് ഒരു ലോഡ് പുട്ടി ഉണ്ടല്ലോ..ഒന്ന് തൂത്ത് കളയെടി.."അലക്സ് കളിയാക്കുന്നതുകേട്ട് രാഖിക്ക് ദേഷ്യം വന്നു.
"അത് എന്റെ കളറാ മനുഷ്യാ..എന്തോ ഉണ്ട് കളിയാക്കാനെന്ന് നോക്കി നടക്കുവാ..നമ്മുക്ക് പോവാം ?എനിക്ക് രാത്രിക്ക് മുൻപേ ഹോസ്റ്റലിൽ തിരിച്ചെത്തണം.."രാഖി വാച്ച് നോക്കികൊണ്ട് പറഞ്ഞു.
"മേട്രനോട് പറഞ്ഞാൽ മതിയെടി അലക്സച്ചായന്റെ കൂടെയാ കറങ്ങാൻ പോയതെന്ന്.അവർ ഒന്നും പറയത്തില്ല..ഇവിടെ എല്ലാവർക്കും എന്റെ പപ്പയെം ശിവയുടെ അപ്പയേം ഒക്കെ അറിയാം.അതുകൊണ്ട് ഇവർക്കൊക്കെ ഞങ്ങളെ ഭയങ്കര പേടിയാ.."അലക്സ് പറഞ്ഞു.
"ശിവയുടെ അച്ഛൻ ഗിരിധർ സാറിന്റെ അല്ലെ ഈ കോളേജ്..മാത്രമല്ല പുള്ളി റവന്യു മിനിസ്റ്ററുമാ..അതുകൊണ്ട് പുള്ളിയെ എല്ലാവർക്കും അറിയാം അത് സമ്മതിച്ചു.പക്ഷെ അച്ചായന്റെ പപ്പയെ എങ്ങനെയാ എല്ലാവർക്കും അറിയാവുന്നത്..?"രാഖി ചോദിച്ചു.
"എടി മോളെ..നീ ആ കാണുന്ന ഓർഫനേജ് കണ്ടോ?"അലക്സ് ദൂരെ ഒരു കെട്ടിടത്തിലേക്ക് കൈചൂണ്ടി ചോദിച്ചു.
രാഖി അങ്ങോട്ടേയ്ക്ക് നോക്കി.
"ആഹ് അതും ശിവയുടെ അച്ഛൻ ഗിരിധർ സാർ നടത്തുന്ന ഓർഫനേജ് അല്ലെ?സേക്രഡ് ഹാർട്ട് ഓർഫനേജ്..ദേവി ഇടയ്ക്കവിടെ അവിടെ പോവാറുണ്ട് മദറിനെയും അവിടുത്തെ കുട്ടികളെയും കാണാൻ..എന്താ?"രാഖി ചോദിച്ചു.
"ആ ബിൽഡിംഗ് ആരുണ്ടാക്കിയതാണെന്ന് അറിയാമോ?"അലക്സ് ചോദിച്ചു.
"ഇല്ല.."രാഖി പറഞ്ഞു.
"പോട്ടെ..നമ്മടെ കോളേജ് ആഡിറ്റോറിയം പണികഴിപ്പിച്ചതാരാണെന്ന് അറിയാമോ?" അലക്സ് ചോദിച്ചു.രാഖി ഇല്ലെന്ന് തലയാട്ടി.
അലക്സ് രാഖിയെയും ബൈക്കിലിരുത്തി കോളേജിനകത്തേക്ക് വണ്ടി ഓടിച്ചു.കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്ത് കൊണ്ട് ബൈക് നിർത്തി.
"ഈ ബോർഡിൽ ഈ ആഡിറ്റോറിയം ആരാ ഉണ്ടാക്കിയതെന്ന് എഴുതിയിട്ടുണ്ട്..ആ പേര് വായിച്ചേ.."രാഖി അലക്സ് ചൂണ്ടിക്കാട്ടിയ ബോർഡിലെ പേര് വായിച്ചു.
"ജോ കൺസ്ട്രക്ഷൻസ്! " രാഖി ആ പേര് വായിച്ച് വിശ്വാസം വരാതെ അലക്സിനെ നോക്കി.
"ഇത് അലക്സിന്റെ പപ്പ ഉണ്ടാക്കിയ ആഡിറ്റോറിയം ആണോ?" രാഖി ചോദിച്ചു.
"അതേല്ലോ..ഇപ്പൊ മനസ്സിലായോ അച്ചായൻ ചില്ലറക്കാരനല്ല എന്ന്.."അലക്സ് അഭിമാനത്തോടെ പറഞ്ഞു. രാഖി അതുകേട്ട് ചിരിച്ചു.
"അധികം താമസിയാതെ പപ്പയോട് ഞാൻ പറയും ഞാൻ ഒരു നായര് പെങ്കൊച്ചിനെ പ്രേമിക്കുന്നുണ്ടെന്ന്.."അലക്സ് പറഞ്ഞു.
"പപ്പ സമ്മതിക്കുമോ?"രാഖി സംശയം ചോദിച്ചു.
"പിന്നില്ലാതെ..പപ്പയാ എന്റെ ബെസ്ററ് ഫ്രണ്ട്..പപ്പയോട് പറയാത്തതായി എനിക്കൊന്നുമില്ല..ഞാൻ ഈ കാര്യം ചെറുതായിട്ടൊന്ന് സൂചിപ്പിച്ചിട്ടുണ്ട്..പപ്പയുടെ സൈഡിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല..മമ്മിക്ക് കുറച്ച് എതിർപ്പുണ്ടാവും പക്ഷെ പപ്പ സമ്മതിപ്പിച്ചോളും.."അലക്സ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
"ആഹ് എന്റെ വീട്ടീന്ന് എന്തായാലും എന്നെ പടിയടച്ച് പിണ്ഡം വെക്കും.."രാഖി പറഞ്ഞു.
"എന്റെ പപ്പ വന്ന് ചോദിച്ചാലും അവര് സമ്മതിക്കത്തില്ലേ?"അലക്സ് ചോദിച്ചു.
"ഇല്ലെന്നേ..അവരൊക്കെ ഭയങ്കര ഓർത്തഡോക്‌സാ..ഇതിപ്പോ അന്യമതക്കാരൻ കൂടി ആവുമ്പൊ എന്റച്ഛൻ വെട്ടുകത്തി എടുക്കും!" രാഖി നിരാശയോടെ പറഞ്ഞു.
"ഇനി ഇപ്പൊ ഒറ്റ വഴിയേ ഉള്ളു.."രാഖി പറഞ്ഞു.
"എന്നെ രമണൻ ആക്കാനുള്ള പരുപാടി ആണെങ്കിൽ നടക്കത്തില്ല കേട്ടോ.."അലക്സ് ചിരിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുത്തു.
"അതൊന്നുമല്ലെന്നേ..നമ്മുക്ക് ഒളിച്ചോടാം?"രാഖി ചോദിച്ചതുകേട്ട് അലക്സ് വായുംപൊളിച്ച് അവളെ നോക്കി ഇരുന്നു.
"നീ ആള് കൊള്ളാമല്ലോ..സാധാരണ ഒളിച്ചോടുന്ന കാര്യം പറയുന്നത് ആണുങ്ങളാ..മിക്ക പെണ്ണുങ്ങളും പറയുന്നത് വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കിലെ എനിക്കും താല്പര്യമുള്ളു ഇല്ലെങ്കിൽ എന്നെ മറക്കണം എന്നൊക്കെയാ.."അലക്സ് ചിരിച്ചു.
"പറഞ്ഞല്ലോ എന്റെ അച്ഛനും അമ്മയും ഭയങ്കര സ്ട്രിക്റ്റാ..ഒരു കാര്യവും മനസ്സ് തുറന്ന് സംസാരിക്കാൻ ഉള്ള ഒരു സ്വാതന്ത്ര്യം അവർ എനിക്ക് ഇതുവരെ തന്നിട്ടില്ല.അറിവായപ്പോ തൊട്ട് എപ്പോഴും ഒരു ഡിസ്റ്റൻസ് ഇട്ടേ എന്നോടും ചേട്ടനോടും അവര് നിന്നിട്ടുള്ളു.. ഒരു പെൺകുട്ടിക്ക് അവളുടെ അമ്മയോട് മാത്രം തുറന്നുപറയാവുന്ന ചില കാര്യങ്ങളുണ്ട്..അമ്മയ്ക്ക് മാത്രം പറഞ്ഞുതരാനാവുന്ന ചില കാര്യങ്ങളുണ്ട്...പക്ഷെ എന്റെ അമ്മയ്ക്ക് എന്നോട് അങ്ങനെ ഒരു അടുപ്പവുമുള്ളതായിട്ട് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല..ഞാനും ചേട്ടനും അവർക്ക് ഏതോ നിമിഷത്തിൽ പറ്റിയ അബദ്ധങ്ങൾ ആണോ എന്നുപോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..അങ്ങനെ ഉള്ള അച്ഛനേം അമ്മയേം ഉപേക്ഷിച്ച് വരുന്നതിൽ എനിക്ക് പ്രത്യേകിച്ച് ഒരു വിഷമവുമില്ല.."രാഖി പറയുന്നത് അലക്സ് കേട്ടിരുന്നു.
"പക്ഷെ എന്റെ ദേവി..എനിക്ക് എന്റെ അമ്മയോട് പോലും തോന്നാത്ത അടുപ്പം അവളോടുണ്ട്...എന്റെ ചേട്ടനെ പോലെ തന്നെ ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്..നമ്മടെ കെട്ട് കഴിയുമ്പോ അവളെയും കൂടെ നമ്മടെ കൂടെ കൂട്ടണം കേട്ടോ..അവളെ പിരിഞ്ഞ് എനിക്കൊരു ജീവിതം വേണ്ട.."രാഖിയുടെ കണ്ണുകൾ നിറഞ്ഞു.
"ആരെ വേണമെങ്കിലും കൂടെ കൂട്ടിക്കോ..ഈ കണ്ണുകൾ നിറയാതിരുന്നാ മതി.."അലക്സ് അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
"എന്തോന്നാടാ ഇവിടെ രണ്ടും കൂടെ?സിനിമയ്ക്ക് പോവുന്നെന്ന് പറഞ്ഞിട്ട്?"ശിവയും റോബിനും അങ്ങോട്ടേക്ക് വന്നു.
"എന്റെ പപ്പയുടെ കരവിരുത് ഇവൾക്ക് കാണിച്ചുകൊടുക്കുവായിരുന്നു..നിങ്ങൾ എങ്ങോട്ടാ?"അലക്സ് ചോദിച്ചു.
"ഞാൻ ഉദയൻ ചേട്ടനെ കാണാൻ പോവാ.."ശിവ പറഞ്ഞു.അലക്സ് അവനെ രൂക്ഷമായൊന്ന് നോക്കി.ശിവ അവനെ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു.
"നീ വരുന്നോ സിനിമയ്ക്ക്?"അലക്സ് റോബിനോട് ചോദിച്ചു.
"ഇല്ലടാ..തല വേദനിക്കുന്നു.ഞാൻ ഹോസ്റ്റലിൽ പോവാ..വാല് എവിടെ?"റോബിൻ രാഖിയോട് ചോദിച്ചു..അവൻ ദേവിയെ ആണ് ഉദ്ദേശിച്ചതെന്ന് രാഖിക്ക് മനസ്സിലായി.
"അവള് ഭയങ്കര പഠിത്തം..എത്ര പഠിച്ചാലും എന്റെ തലയിൽ അതൊന്നും കേറില്ല..അതുകൊണ്ട് ഞാൻ ബുക്ക്സ് തുറക്കാറെ ഇല്ല.."രാഖി ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നീട് രാഖി അലക്സിന്റെ കൂടെ ബൈക്കിൽ കയറി സിനിമയ്ക്ക് പോയി..
പിന്നീട് ഒരു ദിവസം വെക്കേഷന് നാട്ടിൽ പോയിട്ട് തിരികെ വരുന്ന വഴി സേക്രഡ് ഹാർട്ട് ഓർഫനേജിനടുത്ത് പോലീസും നാട്ടുകാരും കൂടി നിൽക്കുന്നത് കണ്ട് ദേവിയും രാഖിയും അങ്ങോട്ടേക്ക് ഓടി.ഓർഫനേജിന്റെ മുക്കാൽ ഭാഗവും കത്തി നശിച്ച നിലയിലായിരുന്നു.
"എന്താ എന്താ പറ്റിയത്?"ദേവി അന്താളിപ്പോടെ ചോദിച്ചു.
"രാത്രി ആരാണ്ടോ തീ വെച്ചതാ..ആളുകൾ ഓടിക്കൂടിയപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു.."ആരോ പറഞ്ഞു.
ആംബുലൻസിൽ കുറെ കുട്ടികളുടെയും അവിടുത്തെ സ്റ്റാഫിന്റേയും ഒക്കെ ബോഡി എടുത്തുകൊണ്ട് പോവുന്നത് കണ്ട് ദേവി വാവിട്ട് കരഞ്ഞു.
രാഖിക്കും അവളെ ആശ്വസിപ്പിക്കാനായില്ല.ദേവി മിക്ക ദിവസവും ആ ഓർഫനേജിൽ പോയി അവിടുത്തെ മദറിന്റെയും കുട്ടികളുടെയും കൂടെ കുറച്ച് സമയം ചെലവഴിച്ചിരുന്നു.തന്നെ കൊണ്ട് ആവും പോലെ അവിടുത്തെ ജോലികളിലും അവരെ സഹായിച്ചിരുന്നു.ആ സംഭവം ദേവിയിൽ ഏൽപ്പിച്ച ആഘാതം ചില്ലറയായിരുന്നില്ല.
ആ ഷോക്കിൽ നിന്നും കര കയറുന്നതിന് മുൻപ് തന്നെ അടുത്ത ദുരന്തം അവരെ രണ്ടുപേരെയും കാത്തിരിപ്പുണ്ടായിരുന്നു.
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills
By: Anjana Ravi USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക