Slider

ഞണ്ടുകളുടെ കൂടെ.

0
Image may contain: 1 person, beard and closeup
.{Based on a real story}
അലക്സിന്റെ ബെഡിലേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്.
താനും ഇനി എത്ര നാൾ...!
ഡോക്ടർമാർ പറഞ്ഞതു പ്രകാരം അവന്റെ അസുഖമാണ് തന്നെക്കാൾ തീവ്രത കുറഞ്ഞത്.എന്നിട്ടും തനിക്ക് മുൻപേ അവൻ യാത്രയായി.
സത്യത്തിൽ താനായിരുന്നില്ലേ ആദ്യം പോകേണ്ടവൻ.എല്ലാം ദൈവത്തിന്റെയൊരു വിനോദം.അതിൽ നമ്മൾ വെറുമൊരു കരുക്കൾ മാത്രം...!
ചതിയും വഞ്ചനയും ഏറെ പയറ്റിതെളിഞ്ഞവർ പോലും അവന്റെ കൈകൾക്കുള്ളിലിരുന്ന് ഞെരിഞ്ഞമരും...!
ചില സമയങ്ങളിൽ അവൻ നന്മയേയും കൈകൾക്കുള്ളിലാക്കി ഞെരിക്കുന്നത് കാണാം.എന്തൊരു വിരോധാഭാസമാണല്ലെ...!ആ...നിമിഷത്തിൽ അവനും ഒരു പക്ഷെ കപട പ്രാർത്ഥനകളുടെ മുൻപിൽ മനുഷ്യനായി പരാകായപ്രവേശം ചെയ്യുക ആവാം...!
അല്ലെങ്കിൽ സചേതനമായ ഉടലുകളും,മൃതിയടഞ്ഞ മനസ്സുകളും നിറഞ്ഞ ഒരിടം എന്തിനാണ് ഈ ഭൂമിയിൽ?!
അലക്സിന് മുൻപേ...ആ ബെഡിൽ സ്ഥാനം പിടിച്ചിരുന്ന ഇന്ദിരയുടെ കരച്ചിൽ ഇന്നും കാതിൽ മുഴങ്ങുന്നു.ആ കരച്ചിൽ അന്ന് ഓരോ മാത്രയിൽ കാതിൽ മുഴങ്ങുമ്പോൾ താൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു...
ദൈവമേ എന്റെ കർണപുടങ്ങൾ നിശ്ചലമാക്കി നൽകാൻ അങ്ങേക്ക് എന്തു കൈക്കൂലിയാണ്
നൽകേണ്ടത്....!
അത്ര ഭീകരമായിരുന്നില്ലേ അവരുടെ അവസ്ഥ.
പത്തുവർഷം കാത്തിരുന്ന് ജനിച്ച കടിഞ്ഞൂൽ കണ്മണിക്ക് സ്വന്തം മുലയൂട്ടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവൾ.അവളുടെ സ്തനങ്ങളിലും ഞണ്ടുകൾ കടന്നാക്രമണം നടത്തിയിരുന്നു.
ഒരു പക്ഷെ അവരാണ് യഥാർത്ഥ രക്തസാക്ഷി.തന്റേയുള്ളിൽ നവ ജീവന്റെ തുടിപ്പുകൾ ഉണ്ടെന്ന് മനസിലാക്കിയതിന് ശേഷമുള്ള ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേ അവരുടെ ഉള്ളിൽ കടന്നുകൂടിയ ഞണ്ടുകളുടെ ആക്രമണം അവർ തിരിച്ചറിഞ്ഞിരുന്നു.ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം ദൈവമായി നൽകിയിരുന്നു.ആ നാളുകളിൽ നവ മുകുളം മുളയിലേ നുള്ളികളഞ് സ്തനങ്ങൾ അറുത്തുമാറ്റിയിരുന്നുവെങ്കിൽ
അവർക്ക് ഈ ഭൂമിയിൽ കൂടുതൽ കാലം ജീവിച്ചിരിക്കാമായിരുന്നു.
പക്ഷെ അവർ തിരഞ്ഞെടുത്ത് സ്നേഹത്തിന്റെ വഴിയായിരുന്നിരിക്കാം...! അതുമല്ലെങ്കിൽ താനും സ്ത്രീയാണെന്ന് സമൂഹത്തോട് ബോധിപ്പിക്കുവാനുള്ള ശ്രമം ആയിരുന്നിരിക്കാം...!
************************************
കീമോ കഴിഞ്ഞ ക്ഷീണം ഉള്ളതിനാലാവാം അമിതമായ ഉറക്കത്തിൽ നിന്നും ഉണരാൻ ഞാൻ വൈകിയത്...!
അലക്സിന്റെ ബെഡിൽ പുതിയൊരു അഥിതി വന്നിരിക്കുന്നു.ഒറ്റ കാഴ്ചയിൽ തന്നെ മനസ്സിലായി ഒരു അച്ഛനും മകളും ആണെന്ന്.
അറുപതിനോട് അടുത്ത് പ്രായമുള്ളൊരു വൃദ്ധൻ.അവരുടെ കൂടെയുള്ള സ്ത്രീക്ക് ഏറിയാൽ മുപ്പത്തിയഞ്ച് വയസ്സ്കാണും.
കുഴിഞ്ഞ കണ്ണുകൾ,കഴുത്തിലെ എല്ലുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.അതിന് ഭീകരത കൂട്ടാനായി ഒഴിഞ്ഞ കാതുകളിൽ ഈർക്കിൽ കൊണ്ട് കമ്മൽ തീർത്തിരിക്കുന്നു.ഒറ്റ നോട്ടത്തിൽ അവരെ കണ്ടാലറിയാം ഏതോ വലിയ മുതലാളിമാരുടെ കൊള്ളയുടെ ഇരയായി അവസാനം ഇവിടേക്ക് വലിച്ചെറിയപ്പെട്ടവർ ആണെന്ന്.
ഞാൻ അവരെ നോക്കി കൃത്രിമമായി ഒരു ചിരി വരുത്തികൊണ്ട് ചോദിച്ചു...?
എവിടെയാണ്....?
അവർ അതേ രീതിയിൽ മറുപടി നൽകി "രക്തത്തിൽ,,ഇച്ചിരി കൂടിയ ഇനമാണ് ബ്ലാസിക് ലുക്കീമിയ."
എന്റെയുള്ളിൽ ഒരു വിങ്ങൽ...
അപ്പോൾ എനിക്ക് മുൻപേ ഇവരും പോകുമായിരിക്കും...!
"ഡോക്ടർ എന്തുപറഞ്ഞു ?"
നല്ല ഭക്ഷണം കഴിക്കണം,നല്ല വിശ്രമം വേണം പിന്നെ ദൈവത്തിന്റെ കൈയിൽ ആണല്ലോ എല്ലാം എന്ന്.
കൈയിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി അവൾക്ക് വേണ്ടിചിലവാക്കി.
ഇനിയൊന്നും ഇല്ല്യാ....
വല്ല കരളോ,കിഡ്‌നിയോ ദാനം ചെയ്തിട്ടായാലും വേണ്ടില്ല്യ എന്റെ മോൾ രക്ഷപെട്ടാൽ മതി എനിക്ക് ഇനി ഇവൾ മാത്രമേ ഉളളൂ.
എന്റെ ഉള്ളോന്ന് പിടഞ്ഞു ഞാൻ അവളോട് ചോദിച്ചു...
അപ്പൊ അസുഖം ഇയാൾക്ക് അല്ലെ...?
അവൾ ജനലിന് നേരെ കൈചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു...
"അല്ല...!എന്റെ മകൾക്ക്...!"
അവർ പറഞ്ഞു തീർന്നതും അവൾ ഓടിവന്ന് മുത്തച്ഛന്റെ മടിയിലേക്ക് കയറിയിരുന്ന് തന്റെ അധികാരം സ്ഥാപിച്ചു.
ഏറിവന്നാൽ പതിമൂന്ന് വയസ്സ് കാണും അവൾക്ക്.രക്തത്തിലെ അണുക്കളുടെ എണ്ണം കൂടിയതിനാലാവാം മുഖമെല്ലാം വിളറിവെളുത്തിരിക്കുന്നു. അങ്ങിങ്ങായ് അല്പം ചോര കുത്തുകൾ മാത്രം.അവൾ മുത്തച്ഛനോട് അധികാര ഭാവത്തിൽ ചോദിച്ചു...
"എന്റെ കടല മിഠായി എവിടെ...?"
അയാൾ തന്റെ മടിയിൽ നിന്നും മിഠായി എടുത്തു ചെറിയൊരു ഭാഗം അവളുടെ കൈവെള്ളയിൽ
വച്ചുകൊടുത്തു.അവൾ അതിലൊരു കഷ്ണം എടുത്ത് എനിക്ക് നേരെ നീട്ടി..
"അങ്കിളിന് വേണോ മിഠായി...?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
"ആ...ഒരു കുഞ്ഞി കഷ്ണം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.."
"ഹ..ഹ...ഹ...അയ്യടാ ഒരാൾ ഒരു സാധനം വേണൊന്ന് ചോദിക്കുമ്പോൾ ഉടനടി വേണെന്നാ പറയാ....?
നോർട്ടി ബോയ്...ഷെയ്മം... ഷെയ്മം."
"എന്താ നിന്റെ പേര്....?"
"ന്റെ...പേര് ജ്യോതി...ന്നാ...!"
പിന്നീടുള്ള ദിനങ്ങളിൽ ഞാനും,മുത്തച്ഛനും,ജ്യോതിയും കൂടി ഒരാഴ്ചയോളം അവിടെ കളിച്ചും,ചിരിച്ചും നടന്നു.ഞാൻ,എന്റെ രോഗവസ്ഥാ പൂർണമായും മറന്നു കഴിഞ്ഞിരുന്നു.മനസ്സിനുംശരീരത്തിനും പുതിയൊരു ഉന്മേഷം.
എന്നും വൈകുന്നേരം മുത്തച്ഛൻ കൊണ്ടുവരുന്ന കടല മിഠായി പങ്കുവെച്ചും,കളിച്ചും,ചിരിച്ചും ഓരോദിനങ്ങൾ കടന്നുപോയി.
ഒരു ദിവസം സന്ധ്യക്ക് ഞങ്ങൾ രണ്ടുപേരും പുറത്ത് സർക്കീട്ട് കഴിഞ്ഞു വരുമ്പോഴാണ് 'ജ്യോതി' എനിക്ക് മുൻപിൽ തളർന്ന് വീണത്.ചെവിയിൽ നിന്നും,മൂക്കിൽ നിന്നും വരണ്ട മരുഭൂമിയിലേക്ക് ഒഴുകുന്ന ജല കണങ്ങൾ പോലെ രക്തം ഒലിച്ചിറങ്ങി.
അവളെ വാരിയെടുത്ത് ഡോകടരുടെ മുറി ലക്ഷ്യമാക്കി കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ ഏതോ അദൃശ്യശക്തി
പുറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു.
"ദൈവമേ....എന്റെ പ്രാണൻ നിനക്ക് ബലി നൽകാം.പകരം ആ കുഞ്ഞിനെ വെറുതെ വിടൂ...!
അവൾ വെറുമൊരു പൂമൊട്ട്.
നല്ല നറുമണമുള്ള പൂവായ് വിരിഞ്ഞ്,കനിയായിമാറി ഇവിടം നല്ല വിത്തുകൾ മുളപ്പിക്കേണ്ടവൾ അവളെ നീ വെറുതെ വിടൂ...!
മൂന്ന് ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ അവൾക്ക് വേണ്ടി ഞാൻ,കഴിച്ച വഴിപാടുകളിൽ ഒന്നിൽ ദൈവം പ്രസാദിച്ചിരിക്കുന്നു.
ദൈവം അവളെ വെറുതെ വിട്ടിരിക്കുന്നു.അസുഖം പൂർണമായും ഭേദമായിരിക്കുന്നു.ചില സമയങ്ങളിൽ ദൈവം ക്രൂരനാവും.മറ്റു ചില സമയങ്ങളിൽ ദൈവം അതീവകരുണാമയനായി.
നമ്മെ അത്ഭുതപ്പെടുത്തും...!
ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ...!
അസുഖം ഭേദപ്പെടുന്നതിനാൽ അവളെ മറ്റേതോ ബ്ലോക്കിലാണ് തുടർ ചികിത്സ നൽകിയിരുന്നത്.
ഒന്ന് കാണുവാൻ ശ്രമിച്ചിട്ടും നടന്നില്ല. എന്നാലും അവൾ മൃത്യുവിൽ നിന്നും രക്ഷനേടിയതിനാലുള്ള ആശ്വാസം എനിക്കും തോന്നിയിരുന്നു.
രണ്ടാഴ്ച്ചക്കുള്ളിൽ അവളുടെ അമ്മ എന്നെ കാണാൻ വന്നു.
അവരെന്നോട് പറഞ്ഞു;"ഞങ്ങൾ ഇന്ന് ഡിസ്ചാർജ് ചെയ്തുപോവും.
അതിന് മുൻപ് എനിക്ക് നിങ്ങളൊരു ഉപകാരം ചെയ്തു തരണം."
ഞാൻ,അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ മകളുടെ അസുഖം മാറിയ സന്തോഷമൊന്നും കാണുന്നില്ല.
ഇപ്പോഴും അവരുടെ നെഞ്ചിൽ എന്തൊക്കൊയോ ദുഃഖം തളം കെട്ടിക്കിടക്കുന്നതുപോലെ.ഞാൻ ഒട്ടും മടിക്കാതെ ആവേശത്തോടെ അവരോട് പറഞ്ഞൂ.
"ന്റെ...ജ്യോതികുട്ടിക്ക് വേണ്ടി എന്ത് കാര്യമാണ് ഞാൻ ചെയ്യേണ്ടത്...?"
"വിരോധമില്ലെങ്കിൽ ജ്യോതിയുടെ ഡോക്ടർ താങ്കളോട് ഒരു കാര്യം പറയും.അത് ജ്യോതിയോട് പറയണം."
ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി അവരോടൊപ്പം ജ്യോതിയെ കാണാനുള്ള സന്തോഷത്തിൽ തിടുക്കത്തിൽ മുന്നോട്ട് നടന്നു.ഈ തവണ പുറകിൽ നിന്നും പിടിച്ചുവലിക്കാൻ ഒരു ദൈവവും തുനിഞ്ഞില്ല എന്നതാണ് സത്യം.
ജ്യോതിയുടെ മുറിയിൽ ഞാൻ ചെല്ലുമ്പോൾ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവർ എന്നെ ഡോക്ടർക്ക് പരിചയപ്പെടുത്തി.
അദ്ദേഹം എന്നോട് പറഞ്ഞു...
"ജ്യോതിയെ കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാനായി കൊണ്ടുപോയിരിക്കുകയാണ്.
അവൾ പൂർണമായും അസുഖത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു.
പക്ഷെ അവളെ മറ്റൊരു പ്രധാനപ്പെട്ട കാര്യം അറിയിക്കാൻ ഉണ്ട്.
"താങ്കളുടെ ഈ അവസ്ഥയിൽ ഇങ്ങനെയൊരു കാര്യം ഏൽപ്പിക്കുന്നത് എന്റെ ജോലിക്ക് നിരക്കുന്നത് അല്ല...!
പക്ഷെ ഇതല്ലാതെ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗമില്ല...!"
"ജ്യോതിയുടെ മുത്തച്ഛന് അവൾക്ക് അസുഖം കൂടിയത് താങ്ങാനായില്ല.അമിതമായ രക്തസമ്മർദം കൂടി അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു.ഈ കാര്യം അവൾ വീട്ടിലെത്തുമ്പോൾ നിശ്ചയമായും അറിയും.
ആ...ഷോക്ക് അവളുടെ ശരീരത്തിനെ ആണോ,അതോ മനസ്സിനെയാണോ
തളർത്തിക്കളയുക എന്ന് എനിക്കിപ്പോൾ പറയാൻ
സാധിക്കില്ല...ഇവിടെ വച്ച് അവൾ ആ സത്യം അറിയുകയാണെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾക്ക് ഒരു ഹോപ്പ് ഉണ്ട്.താങ്കൾ ദയവായി ഞങ്ങളുമായി സഹകരിക്കൂ...."
ഡോക്‌ടർ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു...
"ദൈവം ഇത്ര അധികം അവളെ കടാക്ഷിച്ചതല്ലേ അപ്പോൾ ഇതും....!"
എന്റെ മനസ്സിലൂടെ അപ്പോൾ കടന്നുപോയത് ഈ നിമിഷം ഉടലോടെ താഴേക്ക് വീണുപോയെങ്കിൽ എന്നാണ്.അധികം വൈകാതെ ജ്യോതിവന്നു എന്നെ കണ്ടതും അവൾ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു സന്തോഷം കൊണ്ടായിരിക്കാം.
അവളുടെ ഈ...സന്തോഷം ആണല്ലോ ദൈവമേ ഞാൻ അൽപസമയത്തിനകം തല്ലികെടുത്താൻ പോകുന്നത്...!
എന്തൊരു ക്രൂരമായ പരീക്ഷണമാണ് ഈ കുഞ്ഞിന് നേരിടേണ്ടിവരുന്നത്...!
ഞാൻ അവളെ പിടിച്ച് കസേരയിൽ ഇരുത്തികൊണ്ട് അവളോട് പതിയെ പറഞ്ഞു.
"മോളെ,അങ്കിൾ ഒരു കാര്യം പറയാൻ പോകുന്നു.മോളുടെ മനസ്സിന് വിഷമം ഉണ്ടാക്കുന്ന കാര്യമാണ് പക്ഷെ...!
മോളുടെ മുത്തച്ഛൻ നമ്മേ....വിട്ടുപോയിരിക്കുന്നു."
അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചുനോക്കി....
നിർവ്വികാരതയോടെ അവൾ ഇരിക്കുന്നു.കണ്ണുകളിൽ തിളക്കം കൂടുന്നുണ്ട് അല്പം പോലും അവളുടെ കണ്ഠത്തിൽ നിന്നും സ്വരം പുറത്ത് വന്നില്ല.കണ്ണിൽ നിന്നും തുള്ളികൾ തിടുക്കത്തിൽ താഴേക്ക് പതിക്കുന്നുണ്ട്.
ഡോക്ടർ എന്നോട് പറഞ്ഞു;"സാരല്യ നമ്മൾ ഉദ്ദേശിച്ച അത്ര വിഷയമില്ല.അവൾ നല്ല കുട്ടിയാണ് പ്രായത്തിൽ കവിഞ്ഞ പക്വത നേടിയിരിക്കുന്നു അവൾ.
അല്പനേരം തനിച്ചിരിക്കുമ്പോൾ എല്ലാം ശരിയാവും.താങ്കൾ പോയ്‌ക്കൊളൂ വളരെ നന്ദി."
ഞാൻ അവിടെനിന്ന് തിരികെ നടക്കുമ്പോൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
"അങ്കിൾ എനിക്കൊരു കടല മിഠായി വാങ്ങി തരോ....?!"
ഞാൻ കടല മിഠായി വാങ്ങാനായി അവിടെന്നും ഇറങ്ങി ക്യാന്റീൻ ലക്ഷ്യമാക്കി നടന്ന് നീങ്ങുമ്പോൾ മനസ്സിൽ ഇപ്രകാരം പറഞ്ഞൂ...
ദൈവമേ എന്റെ ജീവന് പകരം നീ ആ സാധു വൃദ്ധന്റെ ജീവനാണല്ലോ എടുത്തത്.ഒരുപക്ഷെ എന്നേക്കാൾ വലിയ ഓഫർ അദ്ദേഹം നൽകിയിട്ടുണ്ടാവും അല്ലെ...!
നീയൊരു ക്രൂരനാണ്...!
നിന്നെ വിശ്വസിച്ച ഞാനൊരു വിഢ്ഢി...!
അവസാനിച്ചു.
🔏സിജു പവിത്ര മുപ്ലിയം©
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
മൂലകഥ പി.വി.ഗംഗാധരൻ സാറിന്റെ അനുഭവ കുറിപ്പിൽ നിന്ന്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo