നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാമ്പഴമധുരം..

Image may contain: one or more people and beard
എന്റെ ചെറുപ്പത്തിലെ മാമ്പഴക്കാലത്തിന്റെ ഓർമകൾ, കല്യാണത്തിന്റെ മന്ത്രകോടി നല്ല ഭംഗിയിൽ മടക്കി അലമാരിയിൽ പൂട്ടി വെച്ച പോലെ ഒതുക്കി ഭദ്രമായി മനസ്സിൽ താഴിട്ടു പൂട്ടി വെച്ചിരിക്കുകയാണ്...
ഏതോ കാലത്ത് മാമ്പഴം ചപ്പി കുടിച്ചതും ചോറിന് പിഴിഞ്ഞ് കൂട്ടി കഴിച്ചതും നന്നായി പിഴിഞ്ഞ മാമ്പഴച്ചാർ പായയിൽ നിരത്തി ഉണക്കി മുറിച്ചെടുത്തു മാമ്പഴത്തിര ഉണ്ടാക്കിയതും..
ഒരല്പ നേരം അമ്മയോടും അച്ചുവിനോടും ഒപ്പം വീണ്ടും ഒരു മാമ്പഴമധുരം..
രാവിലെ പതിവു പോലെ, ഒരു പണിയുമില്ലാതെ, എഴുന്നേറ്റ ഉടനെ വാട്സാപ്പും നോക്കി ഉമ്മറത്ത് ഇരിക്കുകയായിരുന്നു ഞാൻ.. വിദ്യാമ്മ ജോലിക്ക് പോയിരിക്കുന്നു.. അച്ചു ഏതോ ഒരു കളിക്കുടുക്ക എടുത്ത് അതിലെ മോട്ടു മുയലിന് കാരറ്റിന്റെ അടുത്ത് പോകാൻ വഴി കാണിച്ച് കൊണ്ടിരിക്കുന്നു.. ചെറിയവൻ രാവിലത്തെ യുദ്ധം കഴിഞ്ഞ് ഒന്ന് മയങ്ങിയിട്ടുണ്ട്...
എന്റെ വീടിന്റെ നേരെ മുൻപിൽ ആണ് തറവാട്. അച്ഛനും അമ്മയും അവിടെയാണ്..രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എല്ലാം ഭക്ഷണസാധനങ്ങളും കറികളും പാൽ,തൈര്, പപ്പടം, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി എല്ലാ സാധനങ്ങളും അങ്ങോട്ടുമിങ്ങോട്ടും ബാർട്ടർ സമ്പ്രദായത്തിലൂടെ കൈമാറ്റം ഇവിടെ ഇന്നും തുടരുന്നു..
അങ്ങനെ എന്തോ എടുക്കാൻ വന്നതാണ് അമ്മ. ഉമ്മറത്ത് വെറുതെ ഇരിക്കുന്ന എന്നെ നോക്കി വെറുതെ ഒരു ചോദ്യം..
"ഡാ... നിനക്ക് മാമ്പഴം വേണോ?"
തലയ്ക്ക് മുകളിൽ ഉള്ള ഫാനിന്റെ സ്വിച്ച് മടി കാരണം ഓൺ ആക്കാതെ വിയർത്ത് കുളിച്ച് ഇരിക്കുന്ന ഞാൻ തല പൊക്കി ചോദിച്ചു..
"പൂളി വെച്ചേക്കാണോ?"
"പൂളി..@#₹_ ഇന്നലത്തെ കാറ്റത്ത് പത്തമ്പത് മാമ്പഴം വീണത് പെറുക്കി വെച്ചിട്ടുണ്ട്. വേണെങ്കിൽ അവിടെ വന്നാ തരാം. ഇപ്പൊ വന്നാ കിട്ടും. അല്ലെങ്കി ഞാൻ ആർക്കെങ്കിലും എടുത്ത് കൊടുക്കും... "
നായകന്റെ കാമുകിയെ പിടിച്ചു വച്ചിട്ട് നീ കായലിനരികിൽ പണി തീരാത്ത കെട്ടിടത്തിൽ ഉടനെ വന്നില്ലെങ്കിൽ ഇവളെ കാച്ചിക്കളയും എന്ന് ജോസ് പ്രകാശ് പറഞ്ഞപ്പോൾ നായകൻ ഞെട്ടിയതുപോലെ ഞാൻ ഞെട്ടി.. ആർക്കെങ്കിലും കൊടുക്കും എന്നാണെങ്കിൽ പിന്നെ എനിക്ക് തന്നൂടെ...
ചാടി എഴുന്നേറ്റ് വീട്ടിൽ പോയി. ഒരു കൂട നിറച്ച് മാമ്പഴം എടുത്തു കൊണ്ടുവന്നു. നന്നായി കഴുകി വൃത്തിയാക്കി. പണ്ടൊന്നും കഴുകാറുണ്ടായിരുന്നില്ല. മാവിൻ ചുവട്ടിൽ നിന്നും മാങ്ങ പെറുക്കുക നേരെ കടിച്ചു തിന്നുക. അത്ര മാത്രം. കഴിഞ്ഞദിവസം മാവിൻചുവട്ടിൽ ഒരു ചേരപ്പാമ്പിനെ കണ്ടിരുന്നു. അതുകൊണ്ടുമാത്രം കഴുകി.
പിന്നെ ചെറുക്കനെ വിളിച്ചു.
"അച്ചൂ... നിനക്ക് മാമ്പഴം വേണ്ടല്ലോ..."
"വേണല്ലോ..."
മുഖം ചുളിഞ്ഞു. ഇനി ഇവനും പങ്ക് കൊടുക്കേണ്ടി വരും. പകുതി മാറ്റി വെക്കാൻ ഉള്ള സമയം പോലും കിട്ടിയില്ല. കൈ തലയ്ക്കു ചുറ്റും കറക്കി ശക്തിമാൻ കെട്ടിടത്തിന്റെ മുകളിൽ എത്തുന്ന അത്രയും സ്പീഡിൽ ലവൻ അടുത്തെത്തി..
"എവിടെ? " എന്ന് ചോദിക്കലും ഒരെണ്ണം എടുത്ത് കടിക്കലും കഴിഞ്ഞു..
ആക്രാന്തം കണ്ട് കൊതി സഹിക്കാതെ, (കൊതി കൊണ്ട് ആക്രാന്തം സഹിക്കാതെ എന്നും പറയാം) ഒരെണ്ണം ഞാനും കടിച്ചു..
മാങ്ങാണ്ടി കൈയിൽ എടുത്ത് പിഴിഞ്ഞ് പിഴിഞ്ഞ് കുടിച്ചു കൊണ്ടിരുന്നപ്പോ സൈഡിൽ നിന്നൊരു ചോദ്യം.
"അച്ഛൻ ഇനി പറയാൻ പോണത് എന്താ ന്ന് പറയട്ടെ?"
"എന്താ?"
"മാങ്ങാണ്ടിക്ക്‌ കൂട്ട് പൊക്കോ എന്നല്ലേ?"
"അല്ല."
അവനത് അത്ര വിശ്വാസം ആകാതെ അടുത്ത മാങ്ങ എടുത്തു.. ആറേഴ് മാങ്ങ (വീതം) കടിച്ചീമ്പി തിന്നു കഴിഞ്ഞപ്പോ ഞാൻ അവനോട് ചോദിച്ചു.
"നമുക്ക് ആ മാവിന്റെ ചോട്ടിൽ ഒന്ന് പോയി നോക്കിയാലോ? ചിലപ്പോ ഒരെണ്ണം കിട്ടിയാലോ?"
"പോവാം..ബാ.."
മാവിന്റെ ചുവട്ടിൽ കൊടും പരതലിനൊടുവിൽ രണ്ട് മാങ്ങ കിട്ടി. ഒരെണ്ണം എങ്ങാനെ കിട്ടിയുള്ളായിരുന്നു എങ്കിൽ ഒരു കൊലപാതകം നടന്നേനെ.. കഴുകാൻ ഒന്നും നിന്നില്ല. ഒരെണ്ണം അവനും കൊടുത്ത് ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.
"അച്ഛാ.. നമുക്ക് രണ്ടു മൂന്നെണ്ണം ഫ്രിഡ്ജിൽ വെക്കണം."
"എന്തിനാ?"
"അമ്മയ്ക്ക് കൊടുക്കണ്ടേ?"
"അതിനു നീ വല്ലതും ബാക്കി വെക്കണ്ടെ?"
"അച്ഛനും കഴിച്ചില്ലെ?"
"കഴിച്ചു."
"എന്നാ വലിയ കാര്യം പറയണ്ട."
നന്നായി ചമ്മിയ ക്ഷീണത്തിൽ ഞാൻ മാങ്ങാ തീറ്റയിൽ മുഴുകിയതായി ഭാവിച്ചു.
പിന്നെ പയ്യെ വിളിച്ചു.
"അച്ചൂ..."
"എന്താ?"
കൈയ്യിലിരുന്ന മാങ്ങാണ്ടി, പറമ്പിലേക്ക് ഒരേറു വെച്ച് കൊടുത്ത് ഞാൻ പറഞ്ഞു...
"ഇൗ മാങ്ങാണ്ടിക്ക്‌ കൂട്ട് പൊക്കോ!"

പണിക്കത്തി അഥവാ പണിക്കരുടെ കത്തി.
NB: ഒരു മാങ്ങാത്തൊലിയുടെ കഷണം ഞാൻ തലയ്ക്ക് ചുറ്റും കറക്കി കളഞ്ഞിട്ടുണ്ട്. കൊതി കിട്ടുല്ല.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot