Slider

പട്ടി

0

" ഛീ...പോ പട്ടീ "
ആട്ടിയോടിക്കലിന്റെ ആ അലർച്ച കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്. എന്താണ് ചിന്തിച്ചു കൊണ്ടിരുന്നതെന്ന് ഓർത്തെടുക്കാനാവാത്ത ചിന്തകളിൽ ആയിരുന്നതിനാൽ സാമാന്യം നല്ല രീതിയിൽ തന്നെ ഞാനൊന്ന് ഞെട്ടി. അതാ മുമ്പിലൂടെ ഒരു തെരുവുപട്ടി വാൽ താഴ്ത്തി കാലിന്റെ ഇടയിൽ തിരുകിക്കൊണ്ടു ഓടുന്നു.
ഒരുപാട് ആളുകൾ കൂടി നിൽക്കുന്ന ഒരിടം ആയിരുന്നു അത്. മാന്യമായി വസ്ത്രം ധരിച്ചു വിലകൂടിയ പെർഫ്യൂം പൂശി നിൽക്കുന്ന ആളുകൾ നിറഞ്ഞ ഒരിടം. ഞാനും അവരിലൊരാൾ തന്നെ. വെറുതെ ഞാൻ ആ പട്ടിയെ ശ്രദ്ധിച്ചു. അതിന്റെ കണ്ണിൽ ഒരു ദൈന്യത കാണാം. ഒരുപക്ഷേ അവഗണനയുടെയും ആട്ടിയോടിക്കലിന്റെയും പരിണിതഫലം ആയിരിക്കണം ആ ദൈന്യത.
എനിക്ക് വെറുതെ ഒന്ന് ചിരിക്കുവാൻ തോന്നി. കാരണം ആ പട്ടി വിശപ്പ് മാറിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണം തേടി അലയുകയില്ല. നാളെ വിശക്കുമല്ലോ എന്നോർത്ത് ഇന്നേ അതിനുവേണ്ടി എടുത്തുവെയ്ക്കുകയില്ല. ആവശ്യമില്ലാത്ത കാര്യത്തിന് ഒരു പട്ടികളോടും ഏറ്റുമുട്ടാൻ പോകാറില്ല. ആ പട്ടി പ്രാർത്ഥിക്കാറുണ്ടോ എന്നെനിക്കറിയില്ല. ഈ ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത് ഈശ്വരൻ എന്നയാൾ ആയതുകൊണ്ട് ഒരുപക്ഷേ പ്രാർത്ഥിക്കുന്നുണ്ടാകും. പക്ഷേ ആ പട്ടി പ്രാർത്ഥിക്കുന്നത് മറ്റു പട്ടികൾ അറിയാറില്ല. ഒരിക്കലും മറ്റു പട്ടികൾക്ക് ശല്യമായ രീതിയിൽ പ്രാർത്ഥിക്കാറില്ല. മറ്റൊരു പട്ടിയോടും എന്റെ ദൈവമാണ് വലുത് എന്നുപറഞ്ഞു വീമ്പിളക്കി നടക്കാറില്ല. തന്റെ ദൈവത്തെ കുറ്റം പറഞ്ഞാൽ അതിന്റെ പേരിൽ മറ്റു പട്ടികളോട് കടിപിടി കൂടാറില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ആ പട്ടിക്ക് ആകുലതകളില്ല, കുതികാൽ വെട്ടലുകളില്ല, ചതിയില്ല, വഞ്ചനയില്ല, വെട്ടിപ്പിടിക്കലുകളില്ല... എന്നിട്ടും...!?
ഞാൻ വെറുതെ അവിടെ കൂടി നിന്നവരെ ഒന്ന് നോക്കി. പകുതിയിലധികം പേർ ചിരിക്കാൻ അറിയാത്തവർ, മറ്റുള്ളവരുടെ വേഷവിധാനത്തിലും ആഭരണങ്ങളിലും നോക്കി അസൂയപ്പെടുന്നവർ, മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് ഇമവെട്ടാതെ ശ്രദ്ധിച്ചു നോക്കി നിൽക്കുന്നവർ, മറ്റുള്ളവർ കാണാതെ അവരെ ചൂണ്ടി അടക്കം പറഞ്ഞു ചിരിക്കുന്നവർ, ശരീരം വേദനിക്കാതെ കരയാൻ കഴിവുള്ളവർ, നാക്കിൽ കത്തി വെച്ചു കെട്ടിയവർ, കയ്യിൽ ആയുധം ഒളിപ്പിച്ചു വെച്ചു മുഖത്ത് നിറഞ്ഞ ചിരിയോടെ നിൽക്കുന്നവർ.... പക്ഷേ ഇവരെല്ലാം ഒരേ സ്വരത്തിൽ ആ പട്ടിയോട് പറയുന്നു.
" ഛീ... പോ പട്ടീ "
എനിക്ക് മനസ്സിൽ തോന്നിയത് അവിടെ കൂടി നിന്ന ആരോടും ഞാൻ പറഞ്ഞില്ല. കാരണം ഈ ലോകത്ത് ഞാൻ കണ്ട ദൈവങ്ങളെല്ലാം മൗനിയായിരിക്കുമ്പോൾ കേവലമൊരു മനുഷ്യനായ ഞാൻ എന്തിന് മിണ്ടണം ? എനിക്കെന്താ ഭ്രാന്തുണ്ടോ ?. അഥവാ മിണ്ടിയാൽ ഒരുപക്ഷേ അവർ എന്നോടും ' പോ പട്ടീ ' എന്നു പറഞ്ഞാലോ. അതുകൊണ്ട് ഞാനും കൈയുയർത്തി ആട്ടിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു.
" ഛീ.. പോ പട്ടീ "
 :- ജയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo