Slider

ലവ് യു അമ്മാ

0
"ഇന്നും ഇഡ്ഡലിയാണോ ?"
ഉണ്ണി ദേഷ്യത്തിൽ പാത്രം ഒറ്റ നീക്ക് വെച്ച് കൊടുത്തു
"ഇഡ്ഡലിക്കെന്താ കുഴപ്പം ?ഈ ചേട്ടനെന്താ ?ഇത് പോലെ നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് ഇല്ലെന്ന സായിപ്പുമാർ പോലും പറയുന്നേ ?" കണ്ണൻ സ്കൂൾ യൂണിഫോമിന്റെ മടക്കു ശരിയാക്കി പ്ലേറ്റിലേക്കു രണ്ടിഡ്ഡലി എടുത്തു വെച്ച് കഴിച്ചു തുടങ്ങി
"എനിക്കേറ്റവും ഇഷ്ടം ഇഢലിയാ."അവനാസ്വദിച്ചു കഴിക്കുന്നത് കാണെ ഉണ്ണിക്കു വീണ്ടും ദേഷ്യം പിടിച്ചു
"നാളെ 'അമ്മ ചപ്പാത്തി ഉണ്ടാക്കി തരാട്ടോ ഉണ്ണി. ഇന്ന് അമ്മക്ക് ഓഫീസിൽ ഒരു ഓഡിറ്റ് ഉണ്ട്. നേരെത്തെ പോകണം അതാ " ഉണ്ണി മുഖം തിരിച്ചു
"ഓ പിന്നെ അതൊന്നുമല്ല അവനിഷ്ടമുളളതല്ലേ 'അമ്മ ഉണ്ടാക്കുവുള്ളു .ഞാൻ നിങ്ങളുടെ സ്വന്തം മോനൊന്നുമല്ലലോ ?"അവൻ കസേര നീക്കി എഴുനേറ്റു പോയി
മായയുടെ കണ്ണ് നിറഞ്ഞു .കണ്ണൻ സാരമില്ലെന്ന മട്ടിൽ കണ്ണടച്ച് കാട്ടി. മെഡിസിന് പഠിക്കുകയാണ് ഉണ്ണി .കണ്ണൻ പ്ലസ് ടുവിലും. അവരുടെ അച്ഛൻ പോലീസ് ഡിപ്പാർട്മെന്റിലാണ് .വീട്ടിലുണ്ടായിരുന്നെങ്കിൽ ഉണ്ണിക്കിപ്പോൾ കിട്ടിയേനെ
പറഞ്ഞത് ശരിയല്ല എന്ന് ഉണ്ണിക്കും അറിയാമായിരുന്നു
കുറച്ചു നാളുകളായി ഈ അസ്വസ്ഥത തുടങ്ങിയിട്ടു കൃത്യമായിപറഞ്ഞാൽ താരയുമായുള്ള സൗഹൃദമൊക്കെ തുടങ്ങിയതിന് ശേഷം. .അവൾക്കമ്മയെ ഇഷ്ടമല്ല എന്ന് തോന്നിയിട്ടുണ്ട് .താൻ അവളോടെല്ലാം പറഞ്ഞിട്ടുണ്ട് .
ഒരിക്കൽ അവൾ പറഞ്ഞു
"അന്നേ ഞാൻ കരുതിയതാ ചോദിക്കണമെന്ന് ..നിന്റെ അമ്മയെയും നിന്നേം കണ്ടാൽ ഒരു ഛായയുമില്ല..നിന്റെ അമ്മയാണെന്ന് പറയില്ല "
"നിന്റെ അമ്മയ്ക്കെന്തു നിറമാ ..ചന്ദനം പോലെ. നീ ഒരു മാതിരി ..."എന്നിട്ടവൾ ചിരിക്കും
ശരിയാണ് 'അമ്മ ഭയങ്കര സുന്ദരിയാണ് .താൻ ചിലപ്പോൾ തന്റെ അമ്മയെ പോലാവും ..അവൾ പറയുന്ന കുത്തുവാക്കുകൾ തന്റെ മനസിലും വിഷം കലർത്തി തുടങ്ങിയോ ?
ഇന്ന് അമ്മയുടെ കണ്ണ് നിറഞ്ഞു. ആദ്യമായാണ് അങ്ങനെ
തന്റെ ഓർമയിൽ എന്നും 'അമ്മ തന്റെ സ്വന്തം 'അമ്മ തന്നെ ആയിരുന്നു .അയല്പക്കത്തെ വീട്ടിൽ അച്ഛൻ തന്നെയും കൊണ്ട് താമസത്തിനെത്തുമ്പോൾ 'അമ്മ കോളേജിൽ പഠിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട് .തന്നോടുള്ള അമിതമായ അടുപ്പമാണ് അച്ഛന്റെ ജീവിതത്തിലേക്കു അമ്മയെ എത്തിച്ചതെന്നും കേട്ടിട്ടുണ്ട് .തന്നെ അത്ര ഇഷ്ടമാണ് അമ്മക്ക് .കണ്ണൻ ജനിച്ചിട്ടും ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല .ഒരു പലഹാരം ഉണ്ടാക്കിയാൽ ,ഡ്രസ്സ് എടുത്താൽ ,ഒക്കെ ആദ്യം ഉണ്ണിക്കു അത് കഴിഞ്ഞു കണ്ണന് ...ഒന്ന് വയ്യാതെവന്നാൽ 'അമ്മ "" ഉണ്ണി ...."എന്നാണ് ആദ്യം വിളിക്കുക
"എന്താണ് ഒരു മൂഡ് ഓഫ് ?" താര അടുത്ത് വന്നിരുന്നപ്പോൾ അവൻ ഫോണുമായി എഴുനേറ്റു
"ആരെയാ വിളിക്കാൻ പോണേ?"
"അമ്മയെ "അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു
"ആഹാ പതിവില്ലാതെ ഒരു 'അമ്മ പ്രേമം ..."ആ സ്വരത്തിൽ ഒരു പുച്ഛം
"അവർക്കെത്ര വയസുണ്ടെടാ ?"
"അവരോ ..?താര അതെന്റെ അമ്മയാണ് ..."
"ഓ പിന്നെ അമ്മയൊന്നുമല്ല നിന്റെ അച്ഛന്റെ ഭാര്യ അത്ര തന്നെ..ഒരു 'അമ്മ പോലും "
അവളുടെ മുഖത്ത് വെറുപ്പാണോ അസൂയയാണോ?
അവന്റെ മുഖം ഇരുണ്ടു
"എടി നിന്റെ അമ്മയെയും അച്ഛനെയും അവരുടെ ലീലാവിലാസങ്ങളുമൊക്കെ ഈ നാട്ടിൽ പാട്ടാണ് .ഞാൻ അത് ഈ കൂട്ടിൽ കാണിക്കാതിരിക്കുന്നത് എന്താന്നറിയുമോ ?എന്റെ 'അമ്മ പറഞ്ഞിട്ടുണ്ട് എല്ലാരേം സമന്മാരായി കാണണമെന്ന് ..ഇപ്പോൾ ഞാൻ പക്ഷെ ഒരു പുതിയ പാഠം പഠിച്ചു,സൗഹൃദം തിരഞ്ഞെടുക്കുന്നതിലും അന്തസ്സ് പാലിക്കണമെന്ന് ...എന്റെ 'അമ്മ ദേവി ആണ് ...ആ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും നിനക്കില്ല. ബൈ"
മായാ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഉണ്ണി ബൈക്കുമായി കാത്തു നിൽക്കുന്നുണ്ടയിരുന്നു
"ഇതെന്താ ഈ വഴി ?'
"ഈ വഴി ..ഒരു ഫ്രണ്ടിനെ ഡ്രോപ്പ് ചെയ്തിട്ട് വരുന്ന വഴിയാ അപ്പോള ഓർത്തെ അമ്മയ്ക്ക് ഓഫീസിൽ ടൈം ആയല്ലോ എന്ന് "
മായാ കള്ള ചിരിയോടെ അവന്റെ പിന്നിലിരുന്നു
"കള്ളം പറയാൻ എന്റെ ഉണ്ണിക്കുട്ടൻ ഇത് വരെ പഠിച്ചിട്ടില്ല"
ഉണ്ണി ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു
അടുക്കളയിൽ ചപ്പാത്തിക്കുള്ള മാവ് കുഴക്കുകയായിരുന്നു മായ
"ഞാൻ പരത്തി തരാം "
ഉണ്ണി ചെറിയ ഉരുളകളാക്കി എടുത്തു പരത്താൻ ആരംഭിച്ചു.
"അച്ഛൻ വന്നിട്ടുണ്ട് കുളിക്കാൻ കേറിയതാ.കണ്ടാരുന്നോ ?"
"ഇന്നെന്താ മഴ പെയ്യുമോ ?"
പറഞ്ഞു തീർന്നതും അച്ഛൻ.ഉണ്ണി മിണ്ടിയില്ല പരിഹാസമാണ്. താൻ അടുക്കളയിൽ കയറാറില്ല
""അല്ല മായെ ഇവൻ വല്ല കല്യാണോം കഴിക്കാൻ പോവാണോ? അടുക്കളയിൽ ഒക്കെ കയറി പ്രാക്ടിസ് ചെയ്യുന്നു "
"അച്ഛൻ ഒന്ന് പോയെ എന്റെ കോൺസെൻട്രേഷൻ കളയല്ലേ "
"പിന്നെ യൂണിവേഴ്സിറ്റി പരീക്ഷ അല്ലെ? ഒന്ന് പോടാ ചെക്കാ "
"അമ്മെ അച്ഛനോട് പോകാൻ പറഞ്ഞെ ...ചളി കോമഡി ആയിട്ട് ഇറങ്ങിയിരിക്കുക ..."
"എന്റെ വിനയേട്ടാ ഒന്ന് പോയെ. അവന്റ കോൺസെൻട്രേഷൻ കളയാതെ "
ഉണ്ണി അമ്മയെ ഒന്ന് നോക്കി അമ്മയുടെ കള്ളചിരിയിലേക്ക് . ഉള്ളിൽ ഒരു നീരുറവ പൊട്ടുന്നുണ്ട് കണ്ണുകളിൽ നനവ് വ്യാപിച്ചപ്പോൾ അവൻ തിരിഞ്ഞു
"അമ്മെ സോറി ട്ടോ ..രാവിലെ "
"ഓ ശെരി ...ആ ചപ്പാത്തി യുടെ ജോലി കഴിഞ്ഞാൽ എന്റെ പൊന്നുമോൻ ഉരുളക്കിഴങ്ങു് ഒന്ന് അരിഞ്ഞു വെച്ചേക്കണേ .ഞാൻ ആ സീരിയൽ ഒന്നും കണ്ടിട്ട് വരട്ടെ ഇന്ന് ലാസ്‌റ് ആണെടാ "
"അയ്യോ ..എന്റെ പൊന്നമ്മയല്ലേ പോകല്ലേ .."അവൻ അവരെ കെട്ടിപ്പിടിച്ചു
" അതെ ..അമ്മയാണ് ..അത് മറക്കണ്ട .നീ എന്റെ സ്വന്തം മോനും "ആ ശബ്ദം ഒന്ന് അടച്ചു
" വേഗം ജോലി തീർക്കേടാ ചെക്കാ "ഒരു ചിരി അണിഞ്ഞു അവന്റെ കവിളിൽ ഒന്ന് നുള്ളി അവർ കടന്നു പോയി
"ലവ് യു 'അമ്മാ "അവനുറക്കെ വിളിച്ചു പറഞ്ഞു
"ലവ് യൂ ടൂ "
മറുവിളി കേട്ട് അവൻ ചിരിയോടെ ചപ്പാത്തി ചുട്ടെടുത്തു തുടങ്ങി
മനസ്സിപ്പോൾ ശാന്തമാണ് .തിരകളടങ്ങിയ കടൽ പോലെ ..

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo