Slider

പെയ്തൊഴിയാതെ ....(കഥ)

0
"സ്വന്തം മകനെ കൊന്ന
ഒരമ്മയുടെ മാനസികാവസ്ഥ എനിക്കൂഹിക്കാം .അവരെ ചോദ്യം ചെയ്യലിനും തുടർന്ന് തെളിവെടുപ്പിനും സന്നദ്ധയാക്കുക എന്നത് അത്ര എളുപ്പമല്ല.
എന്റെ മുന്നിൽ അവരെയിരുത്തുക എന്നതാണ് എന്നെ സംബന്ധിച്ച് ആദ്യ ടാസ്ക് .. അതിന് ആദ്യം അവരെക്കുറിച്ചുള്ള സകല ഡീറ്റൈൽസും...., ഇൻക്ലൂഡിങ്ങ് ഓൺലൈൻ റെസ്പോൺസും എനിക്ക് വേണം ... "
"തരാം ഡോക്ടർ ... " സി.ഐ ജഹാംഗീർ പുറത്തേക്ക് നടന്നു ..അതുവരെയുള്ള എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയ പ്രതികരണങ്ങളും ഒരു ഫയലിലാക്കി ഡോക്ടർക്ക് കൈമാറാനുള്ള നിർദ്ദേശം നൽകി .
മൂന്ന് ദിവസമായി ഇതിന് പുറകേ ഉറക്കം പോലുമില്ലാതെ നടക്കുന്നു .പത്രക്കാരുടേയും ചാനലിന്റെയും ശല്യം വേറെയും.പ്രതിയെ ചോദ്യം ചെയ്യാൻ പഠിച്ച പണികളൊക്കെ നോക്കി . അവർ ഇതുവരെ തങ്ങളെ ശ്രദ്ധിക്കപോലും ചെയ്തിട്ടില്ല. ഒരേയിരുപ്പ് തന്നെ ..
പിറ്റേന്ന് കാലത്ത് പോലീസ് ക്ലബിലെത്തുമ്പോഴേക്കും ഡോക്ടർ തയ്യാറായി കഴിഞ്ഞിരുന്നു ...
"ഗുഡ് മോർണിങ്ങ് ഡോക്ടർ ... ഡീറ്റൈൽസ് കിട്ടിയില്ലേ ... ഇനി എന്റെ ഭാഗത്ത് നിന്നും വല്ലതും ... ?"
"നത്തിങ്ങ് മോർ ഇൻസ്പക്ടർ ...താങ്ക്സ്, ബട്ട് ഇത് പ്രതീക്ഷിച്ച പോലെ എളുപ്പമാണെന്ന് തോന്നുന്നില്ല .അവർ വല്ലാത്ത ഒരവസ്ഥയിലായിരിക്കും ... പക്ഷെ ഈ മൗനം അത്യന്തം അപകടകരവുമാണ് ... ഞാൻ ശ്രമിക്കാം .. പെട്ടന്ന് റിസൽട്ട് പ്രതീക്ഷിച്ച് സ്ക്രീനിൽ നോക്കണ്ട ... "
ഡോക്ടർ അകത്തേക്ക് നടന്നു .
ക്ലബ് ഏറെക്കുറെ ശൂന്യമാണ് . ഒരു പ്രതിയും, ചോദ്യം ചെയ്യലും ഉള്ളതിനാൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രതീക്ഷിച്ചാവും ഈ ശൂന്യത .അയാൾ സ്ക്രീനിനു മുന്നിലുള്ള സീറ്റിലിരുന്ന് പത്രം തുറന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ കഥകൾ പത്രങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ച് ഒരു പാട് വിതറിയിട്ടുണ്ട് ..
............ ............. ................. ....................
സാരിക്കൊണ്ട് മേലാസകലം മൂടിപ്പുതച്ച് കൂനിക്കൂടിയിരിക്കുന്ന അവരുടെ നേർക്ക് ഡോക്ടർ നടന്നടുത്തു .അമ്പതിനോടടുത്ത് പ്രായം തോന്നും ... ശരീരം പക്ഷേ നന്നേ ക്ഷീണിച്ചിരിക്കുന്നു ... ബ്രേക്ക് ഫാസ്റ്റ് കഴിച്ച ലക്ഷണമില്ല..
"ട്രീസാന്റി .. "
പ്രതികരണമില്ലാത്തതിനാൽ ഡോക്ടർ കുറച്ചു കൂടി അടുത്തേക്ക് ചെന്ന് അവരുടെ ചുമലിൽ മൃദുവായി സ്പർശിച്ചു. ..
"ട്രീസാന്റി ഇത് ഞാനാ ... അന്ന ."
അവർ പതിയേ മുഖമുയർത്തി ..
"ആന്റിക്കോർമ്മയില്ലേ .. തേനാക്കുഴി പള്ളിയുടെ താഴെ നിങ്ങളുടെ വീടിനോട് ചേർന്നുള്ള കുര്യച്ചന്റേയും കത്രീനയുടേയും മോള് അന്ന ."
നിസ്സംഗമായ ഒരു നോട്ടം മാത്രമായിരുന്നു പ്രതികരണം ...
"ആന്റി ഇവിടുണ്ട് എന്നറിഞ്ഞ് കാണാൻ വന്നതാ .ഇവിടടുത്താ എന്റെ വീട് ... ആന്റി ഒന്നും കഴിച്ചില്ല അല്ലേ ...? "
ഡോക്ടർ പാത്രത്തിന്റെ അടപ്പു തുറന്ന് ദോശയുടെ ഒരു കഷ്ണം മുറിച്ചെടുത്ത് അവർക്ക് നേരെ നീട്ടി ...
പക്ഷെ അവർ അവളെ ഒന്നുകൂടി നോക്കിയതല്ലാതെ കഴിക്കാൻ തയ്യാറായില്ല ..
.............. ............... ................. ................
"ജയൻ നീ ഒഴിഞ്ഞു മാറരുത് ... നിനക്ക് പറ്റുമെന്നെനിക്കറിയാം ... എന്നെയൊന്ന് സഹായിക്കണം പ്ലീസ് ..."
"നോക്കൂ ആൻ ,ഇത് വല്ലാത്തൊരു കേസ് ആണ് .. സമൂഹം പല ആംഗിളിലും ചർച്ച ചെയ്യപ്പെട്ട ഒന്ന് ... എനിക്ക് അത്ര കോൺഫിഡൻസ് ഇല്ല ."
അയാൾ പേപ്പർ വെയ്റ്റ് കറക്കിക്കൊണ്ടേയിരുന്നു....
"എനിക്കൂഹിക്കാം നിന്റെ മനസ്സ് ..മകനെ കൊന്ന ഒരമ്മയ്ക്ക് വേണ്ടി വാദിക്കാൻ നിന്നെപ്പോലെ പേരുകേട്ട വക്കീലിനുള്ള സങ്കോചം ... പക്ഷെ ഒരമ്മയെ കൈവിടാൻ മകൾക്കു പറ്റില്ലല്ലോ .. ഞാൻ ഇനിയും വരും .. നിന്റെ മനസ്സ് മാറുന്നവരെ ."
........ ............ ............ ............ ...............
"എന്റെ ജോമോനെ കൊല്ലാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ അന്നയ്ക്ക് ...? "
ചഞ്ചലമനസ്സിന്റെ ഉൾക്കാമ്പിൽ നേരിയ വിള്ളൽ വീണിരിക്കുന്നു . തിളച്ചുമറിയുന്ന ലാവ പുറത്തേക്കൊഴുകുകയേ വേണ്ടൂ .അത് സർവ്വവും നശിപ്പിച്ചേക്കാം .. അല്ലെങ്കിൽ ....
"എനിക്കറിയില്ലേ,ആന്റി ..ജോമോനേ .. അവന് നാലു വയസ്സുള്ളപ്പോഴല്ലേ നിങ്ങൾ നെടുങ്കണ്ടത്തേക്ക് പോയത് .. "
ഈ ഒരു ലെവൽ നിലനിർത്തിയേ മതിയാവൂ .. തണുത്തുറഞ്ഞാൽ ഒരു പക്ഷേ ..
"അഞ്ചാം വയസ്സിലാ അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് ... ഞാനും അവന്റെ പപ്പയും ജോലിക്ക് പോവുമ്പോൾ റൂമിൽ അടച്ചിരിപ്പായിരുന്നു സാധാരണ ... പതിയേ പതിയേ ഞങ്ങൾ വന്നാലും റൂമിൽ നിന്നും പുറത്തിറങ്ങാതായി ... രണ്ടു വർഷത്തിനുള്ളിൽ അവൻ പൂർണ്ണമായും മൗനിയായി .. ഒരു കുഞ്ഞു പാവക്കുട്ടിയുമായി ദിവസം മുഴുവനും ഇരിക്കും ... സ്ക്കൂളിൽ ചേർത്തെങ്കിലും പോവാൻ കൂട്ടാക്കിയില്ല. ... "
അവരുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു ... അവരെ ചേർത്തു പിടിച്ച് മൂർദ്ധാവിൽ ഒന്നു മുത്തി. മിഴികൾ തുടച്ചു .. ഒരു ഗ്ലാസ് ചൂടുവെള്ളം അവൾക്ക് പകർന്നു നൽകവേ പതിയേ ചോദിച്ചു
"ട്രീറ്റ്മെന്റ് ഒന്നും എടുത്തില്ലേ..?"
വെള്ളം ഒരിറക്ക് കുടിച്ച് ഗ്ലാസ് നിശ്ശബ്ദം വെച്ചു .
"ഒരു പാട് ഡോക്ടർമാരെ കണ്ടു ... ജീവിതം ആകെ താളം തെറ്റാൻ തുടങ്ങി ... പിന്നീട് സ്പെഷ്യൽ സ്കൂളിൽ ചേർത്തു ... നാലഞ്ചു വർഷം അവിടെ നിന്നു ... പക്ഷെ അവിടെ വെച്ച് .... ഒരു ടീച്ചറെ ..!
അവർ തല താഴ്ത്തി ...
"ഒരമ്മയ്ക്ക് ഒറ്റയ്ക്ക് എത്രത്തോളം പറ്റും മോളേ ... സ്ഥിര ബുദ്ധിയ്ക്ക് മാത്രമല്ലേ കുഴപ്പം .. ആ വളർച്ച കൂടി കർത്താവ് അവന്റെ ശരീരത്തിന് നൽകിയിരുന്നു .. "
സെറിബ്രൽ പാൾസി ... ! ഡോക്ടറുടെ മനസ്സിലൂടെ പലരും കയറിയിറങ്ങാൻ തുടങ്ങി .
"അപ്പോൾ തോമസങ്കിൾ ..?"
"ബുദ്ധിയുറയ്ക്കാത്ത മകനും ഭാര്യയും ഒരു ഭാരമാവുമെന്ന് കരുതി പോയതായിരിക്കും .. "
"അപ്പോ ആന്റി തനിച്ച് .... എങ്ങിനെ.?"
"എന്റെ മോനല്ലേ മോളെ .. ഒരമ്മയും കാണാൻ പാടില്ലാത്തത് അവൻ ആവേശത്തോടെ എന്റെ മുന്നിൽ നിന്നും ചെയ്യാൻ തുടങ്ങി ... അവനേം കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .. വല്ലതും .... "
അവരുടെ മിഴികൾ നിറഞ്ഞു. ശബ്ദം ഇടറുന്നുണ്ടായിരുന്നു
"വല്ലതും ..കഴിക്കാൻ വാങ്ങാൻ പോവുമ്പോൾ മുറിയിൽ പൂട്ടിയിടും ... "
അവർ കൈകളിൽ മുഖമമർത്തി കരയാൻ തുടങ്ങി ...
ആന്റി ഞാൻ ഊണ് വാങ്ങി വരാം ... വേണ്ടെന്ന് പറയരുത് ... ഇന്ന് അന്ന മോളും ആന്റിയും ഒരുമിച്ച് കഴിക്കും ..
........... ........... ............. ......................
''ബുദ്ധിയുറയ്ക്കാത്ത മകനെ ഉറക്കി എത്ര നാളെന്ന് വെച്ച് ഒരമ്മയ്ക്ക് ഉറങ്ങാതിരിക്കാനാവും ...നില തെറ്റി വീഴുമെന്നാവുമ്പോൾ അവർ അവനെ മുറിയിൽ പൂട്ടിയിട്ട് ഒന്ന് മയങ്ങും .. പക്ഷെ അപ്പോഴേക്കും കതക് തല്ലിപ്പൊളിക്കാൻ തുടങ്ങിയിട്ടുണ്ടാവും .. "
"ഒക്കെ ആൻ ... ഐ അഗ്രീ ...എന്ന് വെച്ച് സ്വന്തം മകനെ കൊല്ലാൻ പാടുണ്ടോ .. ഈ നാട്ടിൽ എന്തൊക്കെ സംവിധാനങ്ങളുണ്ട് .. "
സഹപാഠികളാണെങ്കിലും ജയനെ അനുനയിപ്പിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു ..
"ചോരയിൽ കുളിച്ചുകിടക്കുന്ന മകനെ കെട്ടിപിടിച്ചു കരയുന്ന ആ അമ്മയെ ഒഴിവാക്കാനാവില്ല ജയൻ..പ്ലീസ്..."
നീണ്ട മൗനം വീണുടഞ്ഞു ..
"ആൻ ... തനിക്കു വേണ്ടി ..ഒരമ്മയ്ക്ക് വേണ്ടി നമുക്ക് ശ്രമിക്കാം ."
............ ................. ............. ...............
അന്നയുടെ കൈയ്യിൽ നിന്നും രണ്ടുരുളകൾ മടിയോടെയെങ്കിലും അവർ കഴിച്ചു ..
"ആൻറി ഒന്നു കിടന്നോളൂ ... ഞാൻ ഇവിടെത്തന്നെ ഇരിക്കാം .. "
പെട്ടന്നായിരുന്നു അവരുടെ ഭാവം മാറിയത് ... കണ്ണുകൾ കുറുകുന്ന പോലെ ...
"വേണ്ട എനിക്ക് കിടക്കണ്ട ... മോൾക്കറിയാമോ ഞാൻ കിടന്നിട്ട് നാളുകളേറെയായി ... അവൻ ഉറങ്ങുമ്പോൾ കസേരയിൽ ഇരുന്ന് മയങ്ങാറേ ഉള്ളൂ ...
പക്ഷെ അന്ന് ...."
അവരുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി ... ആകെ ഒരു വെപ്രാളം ...
"അന്ന് കാലിൽ നീര് വന്ന വീർത്ത കാരണം ഇരിക്കാനേ പറ്റിയില്ല ... അവനുറങ്ങുകയായിരുന്നു .... "
അവർ ശബ്ദം താഴ്ത്തി വീണ്ടും പറഞ്ഞു
"അവനുറങ്ങുകയായിരുന്നു.... കട്ടിലിനു താഴെ കിടന്നുറങ്ങിപ്പോയി ഞാൻ ... "
അവർ കരയുന്നുണ്ടായിരുന്നു പക്ഷെ വർദ്ധിത വീര്യത്തോടെ കരച്ചിലിനിടയിലും അവർ പറഞ്ഞു , ഏതോ ഒരു സ്വപ്നത്തിന്റെ കഥ ...
ഒരിരുട്ടുമുറിയിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് സ്വബോധം നഷ്ടപെട്ട തന്റെ ശരീരത്തിലേക്ക് ഉറുമ്പുകൾ അരിച്ചു കയറുന്നപോലെ ... കണ്ണുകൾ തുറക്കാനേ പറ്റുന്നുണ്ടായിരുന്നില്ല ... വല്ലാതെ അസഹ്യമായപ്പോൾ ശക്തിയോടെ കണ്ണുകൾ തുറന്നു ....
"മോളേ ... ഒരമ്മയാ ഞാൻ .. ഒരമ്മ ...! നൊന്തു പ്രസവിച്ച മകൻ തന്നെ .. ഞാൻ അതെങ്ങിനെ മോളോട് പറയും .. "
അവർ അലറിക്കരഞ്ഞു ...
"സർവ്വ ശക്തിയുമെടുത്ത് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ശക്തിക്കു മുന്നിൽ ഞാൻ ....
പക്ഷെ, ഞാൻ തോറ്റില്ല ... ഓർഫനേജിന്റെ ഇരുട്ടു മുറികളിലും എനിക്ക് തുണയായ മാതാവിന്റെ കരുണ കൊണ്ടാവാം എവിടുന്നോ കിട്ടിയ ശക്തിയിൽ അവനെ തള്ളി മാറ്റി ചാടിയെഴുന്നേറ്റു .. "
............. .......... ............ ..............
സ്ക്രീനിൽ അവരുടെ തുറന്നു പറച്ചിൽ കാണുന്ന ജഹാംഗീറിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും മിഴികൾ ഈറനണിഞ്ഞിരുന്നു ..പ്രതിയുടെ മാറ്റം അവരിൽ പക്ഷെ പുതിയ പ്രതീക്ഷകൾ നൽകിയിരുന്നു .. ഡോക്ടറുടെ കഴിവിൽ അവർ അത്ര മാത്രം സന്തുഷ്ടരായിരുന്നു.
.......... ......... ............. ............. ................
"അവനെ തള്ളി മാറ്റി സകല ശക്തിയുമെടുത്ത് ഞാനോടി ... അടുക്കളയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറക്കുന്നതിന് മുൻപേ പക്ഷെ അവൻ .....
മോനേ ... ഞാൻ നിന്റെ അമ്മയാടാ .... ഞാൻ കരഞ്ഞു പറഞ്ഞെങ്കിലും അവൻ അവ്യക്തമായി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു ...
എന്നെ കീഴ്പെടുന്നതിനു മുന്നേ കൈയ്യിൽ തടഞ്ഞ കൊടുവാൾ കൊണ്ട് ഞാൻ തലങ്ങും വിലങ്ങും വെട്ടി..."
ഒരു ദീർഘ നിശ്വാസം ഡോക്ടറുടെ മുഖത്തെ പുണർന്നു
"എന്റെ ഈ കൈകൾ കൊണ്ട് എന്റെ ജോമോനെ ഞാൻ ...." അവർ അലറി വിളിച്ചു ...
മേലാസകലം വിറയ്ക്കുന അവരെ ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ... അവർ പക്ഷെ മുറിയിൽ ആകവേ ഓടാൻ തുടങ്ങി തല ചുവരിൽ ഇടിക്കാൻ തുടങ്ങവേ വാതിൽ തള്ളിത്തുറന്ന് ജഹാംഗീറും സംഘവും എത്തി .... അവർ അവരുടെ കൈകളിലേക്ക് തളർന്നു വീണു. ..
"നോ പ്രോബ്ലം ... ഷീ വിൽ ബി ഒക്കെ .. അവർ വിശ്രമിക്കട്ടെ ... "
വാതിൽ തുറന്ന് അവർ പുറത്തിറങ്ങി ...
"ഡോക്ടർ മരിയ ...എങ്ങിനെ നന്ദി പറയണം എന്നറിയില്ല ... പക്ഷെ ഒരു ചെറിയ സംശയം ... ഈ അന്ന ആരാണ് ...? അവർ അന്നയെ അന്വേഷിച്ചാൽ ...? "
"ഡോണ്ട് വറി ഇൻസ്പകർ ...
ഈ ആൻ മരിയ തന്നെയാണ് അവരുടെ അന്ന . അവരുടെ കൈയ്യിൽ നിന്നും ഒരു പാട് കുഞ്ഞുരുളുകൾ വാങ്ങി കഴിച്ചിട്ടുണ്ട് .. എന്റെ അമ്മ തന്നെയാണ് അവർ ... പക്ഷെ ഞങ്ങളുടെ കുടുംബം തമ്മിൽ പിരിഞ്ഞിട്ട് വർഷം ഒരുപാടായി ... അതു കൊണ്ടാണ് അവരുടെ ഫുൾ ഡീറ്റൈൽസ് ഞാൻ ആവശ്യപെട്ടത് ... ഞങ്ങളും ആ നാട് വിട്ടിട്ട് കുറേ ആയി ... സോഷ്യൽ മീഡിയയിൽ അവരുടെ നാട്ടുകാരുടെ
റെസ്പോൺസിലൂടെയാണ് ഞാൻ വീണ്ടും അവരുടെ അന്നയായത് ..
അപ്പൊ ഞാൻ വിട്ടോട്ടെ ... എനിക്ക് അഡ്വക്കേറ്റ് ജയശങ്കറിനെ കാണണം .. ഈ അമ്മയെ എനിക്ക് വേണം എന്റെ സ്വന്തം അമ്മയായി ... "
മൂടിക്കെട്ടിയ ആകാശം പതിയെ തെളിയാൻ തുടങ്ങി .വിങ്ങി വരണ്ട നൊമ്പരങ്ങൾ പെയ്തൊഴിയാതെ പുതിയ മേച്ചിൽ പ്പുറങ്ങൾ തേടി .
........... ........................
അവസാനിച്ചു .
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo