
വിശാലമായ തൊടിയുടെ ഒത്തമധ്യത്തിലായ് സ്ഥിതിചെയ്തിരുന്ന, കാലപ്പഴക്കമേറെയുള്ള...ആ വലിയ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ... അച്ചുവേട്ടൻ നീണ്ട് നിവർന്ന് കിടന്നു. ഇടക്ക് തന്റെ വിശറിപ്പാള കൈയ്യിലെടുത്ത് സാവധാനം അത് വീശുന്നുമുണ്ട്. ആ കിടപ്പിൽ പലപ്പോഴും ചിന്താധീനനായ് മാറിയ വൃദ്ധൻ...തന്റെ നരച്ച താടിയിയിൽ വിരലോടിച്ച ശേഷം, ആരെയോ കാത്തിരിക്കും പോലെ... ദൃഷ്ടി പടിക്കലേക്ക് നീട്ടിക്കൊണ്ടേയിരുന്നു!. സന്ധ്യ വിടവാങ്ങി സമയമപ്പോൾ ഏഴും കഴിഞ്ഞിരുന്നു...കസേരയുടെ മുകളിലെ കഴുക്കോലിൽ, തൂക്കിയിരുന്ന റാന്തൽ വിളക്കിൽ നിന്നും, ചിതറി വീണ മങ്ങിയ മഞ്ഞ വെട്ടം... ഇരുട്ട് കട്ട പിടിച്ച് നിന്നിരുന്ന ആ വീടിന്റെ പൂമുഖത്തെ കുറച്ചെങ്കിലും അപ്പോൾ പ്രകാശമാനമാക്കി.
അല്പസമയം കഴിഞ്ഞപ്പോൾ പടിക്കലെ ഇരുമ്പ് ഗേറ്റ് ഉലയുന്ന ശബ്ദം അച്ചുവേട്ടൻ കേട്ടു... കസേരയിൽ നിന്നും എഴുന്നേൽക്കാതെ തന്നെ... അതിൽ നിവർന്നിരുന്ന് അയാൾ... ആ ഗേറ്റിലേക്ക് നോക്കി. മങ്ങിയ വെളിച്ചത്തിൽ ഗേറ്റിനരികിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം ആ കണ്ണുകളിൽ ഒരു തിളക്കം മിന്നി!.
" വന്നുവല്ലെ ...? നീ വരുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കിൽ തന്നെ, എന്നെ വിട്ട് പോകാൻ കഴിയുമോ നിനക്ക്... ?. ഇടക്ക് ഞാനൊന്ന് ശങ്കിച്ചു... പക്ഷെ എന്റെ കാത്തിരിപ്പ് വെറുതെയായില്ല... " തന്റെ ഉള്ളിലെ ആഹ്ലാദം ആ വാക്കുകളിലൂടെ പ്രകടിപ്പിച്ച അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ ശേഷം മുണ്ട് മുറുക്കി ഉടുത്തു കൊണ്ട് തുടർന്നു :-
"എന്തൊരു വിഡ്ഢിയാടോ താൻ... ? മോട്ടോർ കാറിനൊപ്പം ഓടാനുള്ള വേഗതയൊന്നും തനിക്കില്ലെന്നറിയില്ലെ...?!. അല്ലെങ്കിൽ തന്നെ നിന്റെ ഓട്ടം കാണാനുള്ള ദയ ക്യാമറാക്കണ്ണിന്റെ കാവലുള്ള, ഫ്ലാറ്റിൽ ജീവിക്കുന്നവർക്കുണ്ടാകുമോ...? നീ അവർക്ക് വെറും നാൽക്കാലി... !." പിന്നെ തെല്ലിട നിർത്തിയ അയാൾ ദുഖത്തോടെ പറഞ്ഞു :-
"ദേവകി ഫോൺ വിളിക്കുമ്പോളെല്ലാം സങ്കടത്തോടെ പറയും... പിന്നാലെ നീ ഒത്തിരി ദൂരം ഓടിയെന്നും പിന്നെ തിരക്കിൽ എവിടെയോ മറഞ്ഞെന്നും, തിരിച്ച് വീട്ടീൽ നീ വന്നോ എന്നും തിരക്കും...?. അവൾക്ക് ആ വീട്ടിൽ ഒരു സുഖവുമില്ലഡോ...! ജോലിക്കാരി പോയ ഒഴിവിലേക്ക് ഒരാൾ വേണമായിരുന്നു അവർക്ക്... അതിനാ അവർ അവളെ കൊണ്ടുപോയത് !. മകനാണെന്നാലും ലാഭേച്ചയില്ലാതെ സ്നേഹിക്കാൻ അവൻ നിന്റെ വർഗ്ഗമല്ലല്ലോ...? ഇരുകാലി അല്ലെ ഇരുകാലി...?!. "
ഇതും പറഞ്ഞ് കസേരയിൽ നിന്നും എഴുന്നേറ്റ അയാൾ... മുറ്റത്ത് ചിതറിക്കിടന്നിരുന്ന കരിയിലകൾക്ക് മുകളിലൂടെ ആയാസപ്പെട്ട് പടിക്കലേക്ക് നടന്നു... എന്നിട്ട് ആ ഗേറ്റിന്റെ പാളി തളളിത്തുറന്നു. തുറന്ന വാതിലിലൂടെ അച്ചുവേട്ടന്റെ അരികിലേക്ക് കുതിച്ചെത്തിയ രാമുവിന്റെ കണ്ണുകളിൽ നിറയെ സ്നേഹത്തിന്റെ തിളക്കമായിരുന്നു. പതിനെട്ട് ദിവസം നീണ്ട അലച്ചിലും, പട്ടിണിയും മറന്ന അവൻ... ചടച്ച് പോയ തന്റെ ചെമ്പൻ ദേഹം അച്ചുവേട്ടന്റെ കാലിൽ ഉരച്ച് സ്നേഹം പ്രകടിപ്പിച്ച ശേഷം... വരാന്തയിലെ തന്റെ കിടപ്പ് സ്ഥാനം ലക്ഷ്യമാക്കി കുതിച്ചു.
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക