
ഹോളിവുഡ് സിനിമകൾ മൊഴിമാറ്റം നടത്തുന്ന പരിപാടി കുറെ കാലം മുൻപാണ് വന്നത് ,ഹിന്ദി തമിഴ്,തെലുങ്ക് അങ്ങനെ കുറെ ഭാഷകൾ ,മലയാളത്തിൽ എന്ത് കൊണ്ടോ സംഗതി ക്ലച്ച് പിടിച്ചില്ല,വലിയ ആവേശമായി വന്ന മമ്മി റിട്ടേണ്‍സ് ,അവതാർ എല്ലാം ചീറ്റിപ്പോയി,ഒറിജിനൽ അങ്ങനെ തന്നെ കാണാൻ ആയിരുന്നു മലയാളികൾക്ക് ഇഷ്ട്ടം,
പക്ഷെ ഈ മൊഴിമാറ്റം കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ട്, വെറുതെ അടിയും ഇടിയും മാത്രം കാണാൻ കേറിയിരുന്ന സാദാ ജനം എന്തിനാണ് ഈ അടിയും ഇടിയും എന്ന് മനസിലാക്കാൻ തുടങ്ങി,കഥാപാത്രങ്ങൾ തമിഴ് പേശി തുടങ്ങിയപ്പോൾ ഹോളിവുഡ് സിനിമയും തമിഴനു സ്വന്തം സിനിമ ആയി മാറി,പടം കോടികൾ വാരാനും തുടങ്ങി
പക്ഷെ തമിഴന് ഒരു ചെറിയ കുഴപ്പമുണ്ട്, അന്ധമായ ഭാഷാ സ്നേഹം,സംസ്കാരത്തോടുള്ള അടുപ്പം,അത് കൊണ്ട് വെറും മൊഴി മാറ്റത്തിൽ ഒതുക്കാതെ സംഗതി മൊത്തം തമിഴ്വൽക്കരിച്ച് കളയും. ഞാൻ ആദ്യമായി ഇത്തരം ഒന്നിന് പോയി കഴുത്ത് വെക്കുന്നത് കുറെ കാലം മുൻപാണ്,സിനിമ വെർട്ടിക്കൽ ലിമിറ്റ്,അതിലെ ആദ്യ സീനിൽ മൂന്നു പേർ റോപ് കെട്ടി കുത്തനെ ഉള്ള മല കയറുന്ന സീൻ ആണ് ,അതിൽ ഒരു സായിപ്പ് പാടുന്നു,
അതോ അന്ത പറവൈ പോലെ വാഴ വേണ്ടും , ഇതോ ഇന്ത അലൈകൾ പോലെ ആട വേണ്ടും
അപ്പോൾ മദാമ്മ ചോദിക്കുന്നു,ഇത് ആയിരത്തിൽ ഒരുവനിൽ എം ജീയാർ പാടിന പാട്ട് താനെ,
ആമാ അമ്മാ,എം ജി ആർ അന്ത കാലത്തിലെ പെരിയ സോഷ്യലിസ്റ്റ്, ഉനക്കു തെരിയാതാ ?
ആ സായിപ്പു മറുപടി പറഞ്ഞതാണ്
ഇതെല്ലം കൂടെ കേട്ട് സ്ഥലകാല ബോധം , ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ ഉടനടി നഷ്ട്ടപ്പെട്ട ഞാൻ എന്നെ നിർബന്ധിച്ചു സിനിമക്ക് കയറ്റിയ സുഹൃത്തിന്റെ കാലു ചവിട്ടിപ്പരത്തി , സിനിമയിൽ ലയിച്ച് ഇപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്ന ഏതോ അമ്മാവന്റെ മൂക്കിൽ ഇടിച്ചു,ചെവിയിൽ കടിച്ചു,ഒടുവിൽ നിവൃത്തിയില്ലാതെ അവരെല്ലാം കൂടെ എന്നെ എടുത്തു പുറത്തു കളഞ്ഞു
പിന്നെ ഞാൻ അറിഞ്ഞു കൊണ്ട് തന്നെ വീണ്ടും ഇതിനു തല വെക്കുന്നത് ജെയിംസ് ബോണ്ട് സിനിമ ആയ ടുമാറോ നെവെർ ഡൈസ് എന്ന സിനിമക്കാണ് ,കാരണം വേറെ വഴി ഇല്ല, കരൂരിൽ ആകെ തമിഴ് ബോണ്ടനെ ഉള്ളു,ഇംഗ്ലീഷ് ബോണ്ടനെ കാണാൻ ലീവ് എടുത്തു നാട്ടിൽ പോകേണ്ടി വരും
അങ്ങനെ അത് കണ്ടു കൊണ്ടിരിക്കെ, റോഡിലും വീടിനു മുകളിലുമായി നടന്ന ഒരു ഉഗ്രൻബൈക്ക് സംഘട്ടനത്തിനു ശേഷം,ബോണ്ട് കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു
എന്നോടെ പേര് വന്ത് ബാണ്ട് ജെയിംസ് ബാണ്ട് ,വാങ്കോ, അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാം ?
വീണ്ടും അന്നത്തെ പോലെ സ്ഥലകാല ബോധം , ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടായ ഞാൻ അടുത്തിരുന്ന ഏതോ അണ്ണാച്ചിയുടെ കണ്ണിലിട്ടു കുത്തി.മുന്നിലെ സീറ്റിൽ ഇരുന്ന വേറെ ഒരു തടിയന്റെ മുടി വലിച്ചു പറിച്ചു കാറ്റിൽ പറത്തി,ഒടുവിൽ അവിടന്നും എല്ലാരും കൂടെ എന്നെ പൊക്കിയെടുത്തു പുറത്തു കളഞ്ഞു
അതാണ് തമിഴന്മാരുടെ ഡബ്ബിംഗ്,മൊഴി മാത്രമല്ല,ആകെ മൊത്തം ടോട്ടൽ മാറ്റിക്കളയും,ഇടയ്ക്കു ചെന്നയിൽ പോകുമ്പോൾ ഞാൻ നോക്കും, ഹുണ്ടായ് ഐ ടെൻ പേര് മാറ്റി ഉണ്ടായ് നാൻ പത്ത് എന്നും ടൊയോട്ട കൊറോള പേര് മാറ്റി ദ്രാവിഡ കുരുവിള എന്നും, ഹോണ്ട സിറ്റി പേര് മാറ്റി ഊട്ടിപ്പട്ടണം എന്നുമൊക്കെ ഓടുന്നുണ്ടോയെന്ന്, പറയാൻ പറ്റില്ല, അങ്ങനെ പേര് മാറ്റിയില്ലെങ്കിൽ കമ്പനി പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന് വരെ അവർ പറഞ്ഞു കളയും,
അവസാനമായി എന്നെ മൊഴിമാറ്റ പടം കാണാൻ ഒരു കൂട്ടുകാരൻ ക്ഷണിച്ചത് റോമിയോ ജൂലിയറ്റ് സിനിമക്ക് ആയിരുന്നു, ഞാൻ പറഞ്ഞു ചത്താലും വരില്ലാ എന്ന്,കാരണം പടം കണ്ടില്ലെങ്കിൽ കണ്ടില്ല എന്നെ ഉള്ളു,റോമിയോ അകത്തേക്ക് നോക്കി ജൂലിയറ്റിനോട്
ഡീ കാമാച്ചീ നാളേക്ക് തഞ്ചാവൂർ പോയി തിരുട്ടു കല്യാണം പണ്ണിക്കലാമാ??
എന്ന് ചോദിക്കുന്നത് കേൾക്കാൻ ഉള്ള കപാസിറ്റി ഇല്ലാത്തതു കൊണ്ടാണ്...
അപ്പൊ നന്ദ്രി വണക്കം...പോയി ഇഡലി വട സാപ്പിടട്ടെ.
Written by അജോയ് കുമാർ @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക