
മിനിക്കഥ | ഗിരി ബി വാരിയർ
~~~~~
"കൗണ്ടിങ്ങ് കഴിഞ്ഞ് ഉണ്ണി അവിടെനിന്നും മാറിക്കഴിഞ്ഞാൽ പിന്നെ ഒട്ടും സമയം കളയരുത്.. നാലുവശത്തുനിന്നും ചെന്ന് അറ്റാക്ക് ചെയ്യണം. ഇത്തവണ ജയിക്കാൻ സമ്മതിക്കരുത്.. "
അവനവന്റെ ഒളിസ്ഥലങ്ങൾ എടുക്കുന്നതിന് തൊട്ടുമുൻപ് പദ്ധതിയുടെ അവസാന ആസൂത്രണമായിരുന്നു. വാസുവാണ് ഗാങ്ങ് ലീഡർ. നളിനിയും ശാലിനിയും അടങ്ങുന്നതാണ് ഈ ഗാങ്ങ്. നളിനിയുടെയും ശാലിനിയുടെയും വീട്ടുകാർക്ക് അറിയില്ല അവർ സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയ വിവരം, ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാനെന്ന് പറഞ്ഞു പോന്നതാണ്. വീട്ടുകാർക്ക് അറിയുന്നതാണ് ഫലപ്രഖ്യാപനം വന്നാൽ ഈ സ്ഥലത്ത് എന്തും നടക്കുമെന്ന്.
വാസു ശബ്ദം വളരെ താഴ്ത്തി തന്റെ കൂട്ടുകാർക്ക് നിർദ്ദേശങ്ങൾ നൽകി.
"ഞാൻ കൈ മലർത്തി ഓരോ വിരലുകൾ ഉയർത്തി അഞ്ചു വരെ എണ്ണും. നിങ്ങളുടെ ശ്രദ്ധ എന്റെ കൈകളിൽ ആയിരിക്കണം. രണ്ടെണ്ണിക്കഴിഞ്ഞാൽ നളിനിയും ശാലിയും പിന്നിലൂടെ ചെല്ലണം. നാലെണ്ണുമ്പോൾ രാജനും വാസുവും ഇടതുഭാഗത്തുകൂടെ പോകണം, അഞ്ചെണ്ണുമ്പോൾ ഞാനും കിച്ചുവും വലതുഭാഗത്തുകൂടെ വന്ന് അറ്റാക്ക് ചെയ്യാം."
ജില്ലയിലെ ലോകസഭാ നിയോജമണ്ഡലത്തിന്റെ വോട്ടെണ്ണൽ നാട്ടിലെ ഈ സർക്കാർ സ്‌കൂളിൽ ആണ്. ഇലെക്ഷൻ തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് സ്കൂൾ പോലീസ് സംരക്ഷണത്തിലായതാണ്. ഇന്നലെ മുതൽ സ്‌കൂൾ മുഴുവൻ പോലീസും പട്ടാളവും വളഞ്ഞിരിക്കുന്നു. തൊട്ടടുത്ത അമ്പലമൈതാനം തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന പാർട്ടിക്കാരും, ടിവിക്കാരും, ക്യാമറകളും കൊണ്ട് തിങ്ങിയിരിക്കുന്നു. സ്ഥാനാർത്ഥികളും, അവരുടെ ശിങ്കിടികളും ഏതൊരു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കുന്നുണ്ട്.
സ്‌കൂളിന്റെ പ്രധാന കവാടം പോലീസ് സംരക്ഷണത്തിലാണ്. സ്‌കൂളിന്റെ പിറകിൽ പഞ്ചായത്ത് ചാലുണ്ട്, തൊട്ടടുത്ത കനാലിൽ നിന്നും പാടത്തേക്ക് വെള്ളം കൊണ്ടുപോകുന്നത് ഈ ചാലിലൂടെയാണ്. ചുറ്റുമതിലിൽ ചാൽ പോകുന്നത്തിന്റെ താഴെ ഒരു വലിയ ദ്വാരം ഇട്ടിട്ടുണ്ട്. അതിലെ ഗ്രിൽ തുരുമ്പ് പിടിച്ച് പോയതിലൂടെയാണ് അകത്ത് കടന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ ഈ ചാൽ വരണ്ടുകിടക്കും. സ്‌കൂളിന്റെ പിറകിലെ പഴയ ഉപ്പുമാവുപുരയാണ് ഇപ്പോൾ താവളമാക്കിയിരിക്കുന്നത്. സ്‌കൂൾ വേനലവധിക്കാലത്ത് ഇവിടം ഉപയോഗിക്കാറില്ല.
ഉണ്ണിയാണ് കൗണ്ടിങ്ങിൽ ഉള്ളത്. ബാക്കി ആറുപേരും കുറച്ചുമാറി ഉപ്പുമാവുപുരയുടെ അടുത്തുള്ള ഒരു കുറ്റിച്ചെടികൾക്കിടയിൽ പല ഭാഗത്തായി മറഞ്ഞിരുന്നു.
ആദ്യത്തെ റൌണ്ട് കൗണ്ടിങ്ങ് കഴിഞ്ഞു. ഉണ്ണി ചുറ്റുപാടും തിരിഞ്ഞുനോക്കി. ഉണ്ണിയുടെ അച്ഛൻ സ്ഥലം എംഎൽഎ യാണ്. ഗ്രൗണ്ടിൽ അദ്ദേഹം നിൽക്കുന്നുണ്ട്. അച്ഛൻ കാണാതിരിക്കാൻ ഉണ്ണി ഒരു തൂണിന്റെ മറവ് എടുക്കുന്നുണ്ടായിരുന്നു. എല്ലാവരും അക്ഷമരായി കാത്തിരുന്നു, ഉണ്ണി അവിടെനിന്നും കുറച്ചുമാറിയിട്ടുവേണം അറ്റാക്ക് ചെയ്യാൻ.
"ഇത്തവണ തോൽക്കാൻ പാടില്ല" വാസു ഒരിക്കൽക്കൂടി സ്വയം ആത്മവിശ്വാസം പകർന്നു.
വാസു കൈകൾ കുറച്ചുയർത്തി വിരലിൽ കൗണ്ട് ചെയ്യാൻ കൈ മലർത്തി.
പെട്ടെന്നാണ് കഴുത്തിൽ പിടി വീണത്. രണ്ടുപോലീസുകാർ.
"എന്തൂട്ടാടാ പിള്ളേരെ.. കളിക്കാൻ വേറെ സ്ഥലം കിട്ടീല്ല്യേ. അവന്മാരുടെ ഒരു ഒളിച്ചുകളി.. ഓടടാ.." ഒരു പോലീസുകാരൻ വിരട്ടി.
"സാറേ, ഇവിടെ ഞങ്ങൾ വെക്കേഷൻ ആയേപ്പിന്നെ ദിവസോം കള്ളനും പോലീസും കളിക്കണതാ.. ഗ്രൗണ്ടിൽ ഇന്ന് പോലീസും പട്ടാളോം ആയ കാരണം ഞങ്ങളെ അവിടേക്ക് അടുപ്പിക്ക്ണില്ല്യാ. അതുകൊണ്ട് ഞങ്ങൾ ഇവിടെ ഒളിച്ചുകളിക്ക്യാ."
അപ്പോഴേക്കും കൗണ്ടിങ്ങ് നിർത്തി ഉണ്ണിയും ഓടിയെത്തി.
"ഡാ, നീയ്യ് എംഎൽഎ മാധവൻ സാറിന്റെ മോനല്ലേ.. .. തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നുകഴിഞ്ഞാൽ പിന്നെ വല്ലാതെ തിക്കും തിരക്കുമാവും., ഇന്ന് നിങ്ങളെല്ലാവരും വീട്ടിൽ പോയി കളിക്ക്, അതാണ് നല്ലത്." പ്രായം ചെന്ന പോലീസുകാരൻ ഉണ്ണിയോട് പറഞ്ഞു.
" വാസൂ, വാടാ, നമുക്ക് എന്റെ വീട്ടീൽ പോയി കള്ളനും പോലീസും കളിക്കാം...." ഉണ്ണി പറഞ്ഞു.
അവർ കൂട്ടുകാർ എല്ലാവരും പരസ്പരം കൈകോർത്ത് പിടിച്ച് ആര് കള്ളനാവണം ആരൊക്കെ പോലീസാവണം എന്ന് പരസ്പരം ചർച്ച ചെയ്ത് നടക്കുമ്പോൾ, അമ്പലപ്പറമ്പിൽ പാർട്ടി ജയിക്കുകയോ, മുൻപിലെത്തുകയോ ചെയ്തതിന് പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും പാർട്ടി പ്രവർത്തകർ സന്തോഷപ്രകടനം നടത്താൻ തുടങ്ങിയിരുന്നു.
****
ഗിരി ബി വാരിയർ
23 മെയ് 2019
©️copyright protected
ഗിരി ബി വാരിയർ
23 മെയ് 2019
©️copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക