Slider

പെരുമ്പാവൂരിലെ എന്റെ സഹോദരീ സഹോദരന്മാരേ....

0

എന്റെ മകൻ അച്ചുവിന്റെ വായ്പ്പാട്ട് അരങ്ങേറ്റമായിരുന്നു പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ വച്ച്. പത്തു രണ്ടായിരം പേർക്ക് ഇരിക്കാവുന്ന വലിയ ഓഡിറ്റോറിയം. എട്ടു മീറ്ററോളം വരുന്ന വലിയ സ്റ്റേജ്. പ്രഗത്ഭമതികളായ കലാകാരന്മാർ അണിനിരക്കുന്ന പക്കമേളം. അതിപ്രഗത്ഭയായ രാജലക്ഷ്മി ടീച്ചർ. തനിക്ക് മുമ്പ് പഠിച്ചിറങ്ങിയ വളരെ മിടുക്കരായ ഗായകരുടെ കൂടെ പാടാനുള്ള അവസരം..
മൂന്നുദിവസം തുടർച്ചയായുണ്ടായ പരിപാടിയിൽ ആറു വയസ്സു മാത്രമുള്ള അച്ചു അവന്റെ സെൻസിന് നിരക്കുന്ന രീതിയിൽ, യാതൊരു ടെൻഷനുമില്ലാതെ പാടി.
എനിക്കും കുടുംബത്തിനും സന്തോഷിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ അവശേഷിപ്പിച്ചുകൊണ്ട്.
ഇന്നും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.
********************
ഫാസ് ഓഡിറ്റോറിയത്തിൽ പോയി ഇരിക്കുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്ന ഒരു കഥ ഉണ്ട്. സ്കൂളിൽ നിന്നും പ്രസംഗം മത്സരത്തിന് ഒന്നാം സമ്മാനം നേടി ഉപജില്ലാ മത്സരത്തിന് പങ്കെടുക്കാനായി ഫാസ് ഓഡിറ്റോറിയത്തിൽ എത്തിയ മറ്റൊരു പയ്യന്റെ കഥ.
സ്കൂളുകളിലെ പ്രസംഗമത്സരം തികച്ചും പ്രഹസനമാണ്. പ്രത്യേകിച്ച് എൽപി, യുപി വിഭാഗങ്ങളിൽ. മത്സരത്തിൽ പങ്കെടുക്കാൻ വളരെ കുറച്ചുപേരേ പേര് കൊടുത്തിട്ടുണ്ടാവുകയുള്ളു. പതിവ് വിഷയങ്ങൾ ആയിരിക്കും. ബാല കലോത്സവം, യുവജനോത്സവം, ഉത്സവങ്ങൾ, മഹാന്മാർ അങ്ങനെ കേട്ടുപഴകിയ വിഷയങ്ങൾ. അതും തലേദിവസം തന്നെ വിഷയം ലഭിക്കും.
എൻറെ അച്ഛനും മൂത്ത അമ്മായിയും പ്രസംഗങ്ങളുടെ ഉസ്താദുകളായിരുന്നു. ഇത് വിഷയത്തിലും ക്ഷണനേരംകൊണ്ട് ഒരു പ്രസംഗം എഴുതാൻ കപ്പാസിറ്റി ഉള്ളവരായിരുന്നു.
പ്രസംഗ മത്സരത്തിന്റെ തലേദിവസം, വിഷയം കിട്ടിയാലുടനെ ഞാൻ അമ്മായിയെ സമീപിക്കും. എത്രയോ വർഷങ്ങളോളം സ്കൂൾ ടീച്ചറായിരുന്ന അമ്മായിയുടെ പക്കൽ പഴയ പ്രസംഗങ്ങളുടെ ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു. തത്ത ചീട്ട് എടുക്കും പോലെ അതിൽ നിന്നും നമുക്ക് ആവശ്യമുള്ള വിഷയം പുള്ളിക്കാരി വളരെ ഈസിയായി എടുത്തു തരുമായിരുന്നു. അഥവാ ആ വിഷയമല്ല വേറെ എന്തെങ്കിലും ആണെങ്കിൽ പറഞ്ഞ നേരം കൊണ്ട് ഒരു കിണ്ണംകാച്ചി പ്രസംഗം കക്ഷി തയ്യാറാക്കിക്കഴിയും.
രാത്രിമുഴുവൻ വീട്ടിലിരുന്ന് പ്രസംഗം പഠിക്കലാണ്. എന്തെങ്കിലും പോരായ്മ ഉള്ളത് അച്ഛൻ പരിഹരിക്കും. പ്രസംഗത്തിനിടെ ഉപയോഗിക്കേണ്ട, കൈകാലുകളുടെ ചലനവും കേൾവിക്കാരും ആയുള്ള ഐ കോൺടാക്ടും എല്ലാം ട്രെയിനിങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.
അങ്ങനെ ബാലകലോത്സവം എന്ന വിഷയത്തിൽ സ്കൂൾ തലത്തിൽ ഒന്നാം സമ്മാനം നേടി വിജയശ്രീലാളിതനായി ഉപജില്ലാ മത്സരത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ഞാൻ.
മത്സരത്തിന് പോകുന്നതിന്റെ തലേ ദിവസം വരെയും സ്കൂളിൽ നിന്നും വിഷയവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചില്ല. മാത്രവുമല്ല, സ്കൂളിൽനിന്ന് എന്നെ കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന കർത്താവ് സാർ എന്തോ സാഹചര്യ കുറവു നിമിത്തം വരാൻ സാധിക്കില്ല എന്ന് സ്കൂളിൽ അറിയിച്ചതായും വിവരം ലഭിച്ചു. മുൻപ് പല സാഹചര്യങ്ങളിലും കൊണ്ടു പോയിട്ടുള്ള ആളായതിനാൽ കർത്താവ് സാറും ഞാനും തമ്മിൽ ഒരു സീറ്റിങ് ഉണ്ടായിരുന്നു. ഇതിനിടെ ഇവിടെ മകന്റെ ബോംബ്ലാസ്റ്റിങ്ങ് പെർഫോമൻസ് നേരിട്ട് കണ്ടുകളയാം എന്നുള്ള അത്യാഗ്രഹം നിമിത്തം പ്രസംഗ മത്സരത്തിന് കൊണ്ടുപോകാനുള്ള ദൗത്യം എന്റെ അച്ഛൻ ഏറ്റെടുത്തു. ഇതിനു മുൻപുള്ള പല പ്രസംഗമത്സരത്തിലും ഞാൻ കസറിയതായി റിപ്പോർട്ട് വീട്ടിൽ കിട്ടിയത് കാരണം എന്റെ പെർഫോമൻസിന്റെ കാര്യത്തിൽ അച്ഛന് സംശയം തീരെ ഉണ്ടായിരുന്നില്ല.
ഉപജില്ലാ മത്സരം ഒരു പ്രസ്‌റ്റീജിയസ് പരിപാടി ആയത് കാരണം കൂട്ടത്തിൽ കൊള്ളാവുന്ന ഒരു നിക്കറും ഷർട്ടും തന്നെ ഞാൻ സെറ്റപ്പാക്കി വെച്ചു. ഇത്തരം മത്സരങ്ങൾക്ക് സാധാരണ തരാറുള്ള അഞ്ചാറു വിഷയങ്ങൾക്കുള്ള പ്രസംഗങ്ങൾ മനസ്സിരുത്തി കാണാപ്പാഠം പഠിച്ചു. എല്ലാരും പ്രസംഗം പറയുമ്പോൾ തുടക്കമിടാൻ ഉപയോഗിക്കുന്ന മാന്യ സദസ്സിനു വന്ദനം, സദസ്സിലിരിക്കുന്ന എല്ലാ മാന്യ വ്യക്തികൾക്കും ഇവിടെ കൂടിയിരിക്കുന്നവർക്കും എന്റെ വിനീതമായ കൂപ്പുകൈ തുടങ്ങിയ ക്ലീഷെ അഭിസംബോധനകൾ എല്ലാം ഒഴിവാക്കി, സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ പ്രസംഗിച്ച പോലെ "പെരുമ്പാവൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ" എന്നു തുടങ്ങി എല്ലാരേയും ഞെട്ടിക്കണം എന്നും ഞാൻ തീരുമാനമെടുത്തു. (ഇക്കാര്യം ഞാൻ അച്ഛനോട് പോലും പറഞ്ഞില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.)
അച്ഛന്റെ യമഹ ബൈക്കിൽ യാത്ര ചെയ്യുക എന്നത് ഒരു വലിയ അഹങ്കാരമാണ് അന്ന്. ചുറ്റും പുറത്ത് ഒന്നും ആർക്കും വണ്ടികൾ ഇല്ല. ആയ കാലത്ത് വലിയ കാശുകാർ മോറിസ് മൈനറും ആസ്റ്റൺ മാർട്ടിനും ഒക്കെ ഓടിക്കുന്ന പോലെ ആയിരുന്നു എനിക്ക് അന്ന് യമഹ ആർ എക്സ് 100. അതിന്റെ പുറകിൽ അച്ഛനെ അള്ളിപ്പിടിച്ച് യാത്ര ചെയ്യുമ്പോൾ ഭയങ്കര കോൺഫിഡൻസാ.. അങ്ങനെ പുറകിൽ ഇരുന്ന് കിംഗ് സൈസിൽ ഞാൻ ഫാസ് ഓഡിറ്റോറിയത്തിൽ എത്തി.
ഞങ്ങൾ പ്രധാന ഗേറ്റ് കടന്ന് കൗണ്ടറിൽ നിന്നും ചെസ്റ്റ് നമ്പർ വാങ്ങിക്കഴിഞ്ഞപ്പോൾ തന്നെ ഒരു ടീച്ചർ വന്ന് എന്നെ സ്റ്റേജിന്റെ ബാക്കിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അവിടെ പിന്നെയെപ്പൊഴോ നാടോടി നൃത്തത്തിന് വേണ്ടി മേക്കപ്പ് ചെയ്തു കൊണ്ടിരുന്ന കുട്ടികളുടെയും മേക്കപ്പ് സാധനങ്ങളുടെയും ഇടയിൽ ഒന്നു രണ്ടു ബഞ്ചുകളിലായി ഇരുന്നിരുന്ന പത്ത് പതിനഞ്ച് കുട്ടികളുടെ ഇടയിൽ എന്നെ ഇരുത്തിയ ശേഷം തികച്ചും നാടകീയമായി പ്രസംഗ മത്സരത്തിനുള്ള വിഷയം പറഞ്ഞു.
സത്യസന്ധത!
ഒള്ള സത്യം പറഞ്ഞാൽ ഞാൻ പഠിച്ചു വെച്ച ഒരു വിഷയത്തിലും സത്യസന്ധത തൊട്ടു തീണ്ടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ സാമാന്യം നന്നായിത്തന്നെ വിയർത്തു. ദൂരേ ഒരു സ്റ്റൂളിൽ വെച്ചിരുന്ന ഒരു മൺ കൂജ അവിടെ നിന്ന് പറന്നു വന്ന് എന്റെ വായിൽ ഒരല്പം വെള്ളം ഒഴിച്ച് തന്നെങ്കിൽ എന്ന് ആത്മാർത്ഥമായും ഞാൻ ആഗ്രഹിച്ചു.
എന്റെ പരവേശം കണ്ട ടീച്ചർക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അവർ എന്നോട് വെള്ളം വേണോ എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. ഉടൻ അവർ എന്നെ കൂജയ്ക്കരികിലേക്ക്‌ കൊണ്ടു പോയി. കൂജയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പകർന്ന് എനിക്ക് തന്നു.
വെള്ളം കുടിച്ചു കൊണ്ടിരിക്കെ സൈഡിൽ നല്ല കട്ടിയ്ക്ക്‌ തൂക്കിയിട്ടിരുന്ന കർട്ടനിൽ ഉള്ള ഒരു തുള എന്താണെന്ന സംശയം തോന്നിയ ഞാൻ അതിലൂടെ ഒന്നുളിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ തന്നെ ആ ചേതോഹരമായ കാഴ്ച എന്റെ കണ്ണ് നിറച്ചു.
നിറഞ്ഞു കവിഞ്ഞിരിക്കുന്ന സദസ്സ്. കുറേപ്പേർ സീറ്റ് കിട്ടാതെ വശങ്ങളിലുള്ള വാതിലിൽ നിൽപ്പുണ്ട്. മുൻപിൽ ഒരു ഡസ്ക് ഇട്ട് ജുബ്ബയൊക്കെ ഇട്ട നീണ്ട താടിയുള്ള കണ്ടാൽ തന്നെ ബുജി ലുക്കുള്ള മൂന്ന് പേർ പേപ്പറും പേനയും ഒക്കെയായി ഇരിക്കുന്നു... അവരിൽ ഒരാളോട് അച്ഛൻ എന്തോ സംസാരിക്കുന്നു. വീട്ടിൽ നിന്നുള്ള ബിൽഡപ്പ്‌ വെച്ച്, "എന്റെ മോൻ ഉണ്ട്. വല്യ പ്രസംഗക്കാരനാ..ഒരു ഷോ കേസ് നിറച്ച് സമ്മാനമാ" എന്നൊക്കെ ആയിരിക്കും പറയുക എന്ന് എന്റെ മനസ്സ് പറഞ്ഞു. അതോടെ ഒരല്പം ശക്തി ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെട്ട് പന്തലൊടിഞ്ഞ പാവൽ മാതിരിയായി എന്റെ അവസ്ഥ.
ഏതാണ്ട് പതിനഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ എന്റെ പേര് വിളിച്ചു. സോണിയയുടെ മുന്നിൽ പെട്ട രമണന്റെ പോലെ ഞാൻ ഇടത്ത് മാറി വലത്ത് ചവിട്ടി സ്റ്റേജിനു പുറകിലുള്ള കർട്ടൻ പകുത്ത് മാറ്റി സ്റ്റേജിലേക്ക് കയറി.
മുന്നിലെ എല്ലാ കാഴ്ചകളും കല്യാണ ആൽബങ്ങളിലും മറ്റും ഫോട്ടോകളിലെ ബാക്ക്ഗ്രൗണ്ട് പോലെ ബ്ലർ ആയിരിക്കുന്നത് കൊണ്ട് അൽപ സമയം മൈക്ക് കാണാതെ ഞാൻ ഉഴറി. ഇതിനോടകം ടീച്ചർ സ്റ്റേജിലേക്ക് കയറിവന്ന് എന്നെ മുന്നോട്ട് നീക്കി മൈക്കിൽ പിടിപ്പിച്ചു. ഇനി നീയായി നിന്റെ പാടായി എന്ന മട്ടിൽ നിഷ്കരുണം എന്നെ ആ ജന സാഗരത്തിൽ ഉപേക്ഷിച്ച് വീണ്ടും ബാക്കിലേക്ക്‌ പോയി.
ഞാൻ ഒന്ന് മുരടനക്കി. പിന്നെ ഒന്നു കൂടി കണ്ണ് മിഴിച്ച് നോക്കി. അച്ഛൻ മുന്നിൽ തന്നെ ഇരിപ്പുണ്ട്. മുഖത്ത് നല്ല അഭിമാനം. ചെറുതായി എനിക്ക് ഒരു ചിരി വന്നു. പിന്നാലെ തന്നെ കരച്ചിലും... വരുന്നത് വരട്ടെ എന്നോർത്ത് ഞാൻ കാണാതെ പഠിച്ച അഭിസംബോധന ഉറക്കെ പറഞ്ഞു. "പെരുമ്പാവൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ..."
ആരും കേട്ടില്ല. കാരണം ഒരു വക ശബ്ദവും പുറത്തേക്ക് വന്നില്ല.
അടുത്ത സീനിൽ ലോട്ടറി അടിച്ച കിട്ടുണ്ണിയേട്ടന്റെ വീഴ്ച പോലെ അടിച്ചു മോളേ എന്ന് പറയാനുള്ള സമയം പോലും നൽകാതെ ഞാൻ പിന്നിലേക്ക് മറിഞ്ഞ് വീണു.
ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം ബോധം തെളിഞ്ഞ എന്നെ, ഇനിയും വീഴാതിരിക്കാൻ, വണ്ടിയുടെ മുന്നിൽ ഇരുത്തി വീട്ടിലേക്ക് പോവുകയായിരുന്ന അച്ഛനോട്, ഞാൻ എന്റെ വീഴ്ചയുടെ കാരണം വിശദീകരിക്കാൻ വേണ്ടി, ഇങ്ങനെ പറഞ്ഞു തുടങ്ങി..
"അതായത് അച്ഛാ..."
അച്ഛൻ ഇടയ്ക്ക് വെച്ച് തടഞ്ഞു കൊണ്ട് ചോദിച്ചു..
"നിനക്ക് നല്ല ജിലേബി വേണോ?"
"വേണം."
"എന്നാ ഇവിടെ കയറാം."
പിന്നെ വരുന്ന വഴിക്കുള്ള ഒരു ബ്രാഹ്മണാൽ കാപ്പി ശാപ്പാട് കടയിൽ കയറി ഒരു ജിലേബിയും പാലും വെള്ളവും വാങ്ങിത്തന്നു.
ഒരുമ്മയും തന്നു.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo