Slider

ഡാനിയെന്ന കൂട്ടുകാരി

0
Image may contain: 1 person, tree, closeup and outdoor
***** ***** **** **** ***
ഇതൊരു അന്വേഷണമാണ്. കാലങ്ങൾക്ക് പിറകിൽ ബാല്യത്തിന്റെ വഴിവക്കിൽ ഉപേക്ഷിച്ചു പോയ മഞ്ചാടിമണികളെ തേടിയുള്ള അന്വേഷണം.
ഓർമ്മകളെ കൂട്ടിച്ചേർത്തു എടുക്കുമ്പോഴൊക്കെയും ഏറ്റവും മുകളിലായി അവളുടെ മുഖമാണ് ആദ്യം വരുന്നത്
ഞാൻ ജനിച്ചപ്പോഴേ തൊട്ടയൽപ്പക്കം അവൾ ഉണ്ടായിരുന്നിരിക്കാം. എന്റെ കാലടികൾക്കൊപ്പം അവളും കൂട്ട് വന്നിട്ടുണ്ടാകാം. പക്ഷെ അവളെ ഞാൻ ഓർത്തെടുക്കുമ്പോൾ എന്റെ പ്രായം ആറോ ഏഴോ മാത്രമേ ആകുന്നുള്ളൂ.
തലശ്ശേരിയിൽ വാടക ക്വട്ടേഴ്സിൽ ആയിരുന്നു ഞങ്ങൾ. മുന്നിലെ നിരനിരയായി ഉള്ള അഞ്ച് വീടുകളും അതിനു പിന്നിലായി വേറെ രണ്ട് ക്വട്ടേഴ്സുമായിരുന്നു. മുന്നിലെ വീട്ടിൽ ഉള്ളവരെല്ലാം ക്രിസ്ത്യാനികൾ ആയിരുന്നു. ആദ്യമായി കേക്ക് രുചി അറിഞ്ഞത് അതിലേതോ ഒരു വീട്ടിലെ ക്രിസ്മസ് ആഘോഷത്തിലായിരുന്നു.
എന്നെക്കാൾ ഒരു വയസ്സിനു മൂത്ത ഡാനിയെന്ന ആ ക്രിസ്ത്യാനി കൊച്ചായിരുന്നു എന്റെ ആദ്യത്തെ കൂട്ട്. അവളുടെ പിന്നാലെ അവൾ പറയുന്ന ലോകകാര്യങ്ങൾ കേട്ട് എല്ലായിടത്തും ചാടിത്തുള്ളി നടക്കാൻ വലിയ ഇഷ്ടമായിരുന്നു എനിക്കും.
സൂസി ടീച്ചറായിരുന്നു അവളുടെ അമ്മ. അവളുടെ പപ്പയുടെ പേര് ഓർക്കുന്നില്ല. അതിനൊരു കാരണവുമുണ്ട്. അവളുടെ പപ്പയ്ക്ക് വലിയ ഗൗരവമായിരുന്നു. ഞങ്ങൾ കുട്ടികളോട് പോലും ചിരിക്കാറില്ല. ചിരിക്കാനാറിയാത്തവരെ എനിക്കും ഇഷ്ടമല്ലായിരുന്നു. അതു കൊണ്ട് തന്നെ അവളുടെ പപ്പ വരുന്ന ദിവസം ഞാൻ ആ വീട്ടിൽ പോവതായി. സൂസി ടീച്ചർ ഇടയ്ക്ക് വഴക്ക് പറഞ്ഞാലും ഞാൻ എന്നും അവിടെ പോകും. അവളുടെ മമ്മിയെ കാണാൻ നല്ല ഭംഗിയാണ്. വെളുത്തു തടിച്ചു സുന്ദരി ടീച്ചർ. ടീച്ചർ എത്തും വരെ ഒന്നുകിൽ അവൾ എന്റെ വീട്ടിലോ ഞാൻ അവളുടെ വീട്ടിലോ ആകും.
അവളായിരുന്നു ആദ്യമായി കഥപുസ്തകം വായിച്ചു തന്നത്. അവളായിരുന്നു ആദ്യമായി വായിക്കാൻ പുസ്തകം കടംതന്നത്. പഠിക്കാൻ മിടുക്കിയായ കൂട്ടുകാരി. അവൾ അന്നേ പുസ്തകങ്ങളുടെയും കൂട്ടുകാരിയായിരുന്നു. പിണക്കങ്ങളും ഇണക്കങ്ങളും പതിവായിരുന്നു ഞങ്ങൾക്കിടയിൽ.
അവളുടെ ഏട്ടൻ പ്രിൻസ്, ചേച്ചി മിനി, കോട്ടയത്തോ മറ്റോ ആയിരുന്നു അവർ. ഇടയ്ക്ക് കുറെ നാൾ കൂടുമ്പോൾ മിനിച്ചേച്ചി വരാറുണ്ട്. കാണുന്നത് വളരെ ചുരുക്കവും.
അപ്പൊ എനിക്ക് കുശുമ്പ് വരും. ഡാനി അവളുടെ ചേച്ചിയുടെ വിരലിൽ തൂങ്ങുമ്പോൾ എന്നെ കളിക്കാൻ കൂട്ടില്ലലോ എന്നോർക്കും. അവളുടെ ഏട്ടൻ കോളേജ് പഠനം കഴിഞ്ഞപ്പോ സ്വന്തം നാട്ടിലേക്ക് പോയി. വാവ എന്ന വിളി ആ ഏട്ടന് ഇഷ്ടമല്ലായിരുന്നു. ആ മുഖങ്ങളൊക്കെ ഓർമ്മകളിൽ മങ്ങിത്തുടങ്ങിയിരിക്കുന്നു.
സന്ധ്യാനേരത്തെ നാമജപത്തിൽ അവളും കൂടെ ഇരിക്കാറുണ്ട്. ഇടയ്ക്ക് അച്ഛമ്മയും ആന്റിയും അവളോട് സന്ധ്യാനേരം ആയി വീട്ടിൽ പൊയ്ക്കോ പറയും എന്നാലും അവൾ ഇരിക്കും. അങ്ങനെ ഒരു സന്ധ്യാനേരം ആയിരുന്നു കൈയിലൊരു മഞ്ഞ പേപ്പറും കൊണ്ട് അവൾ വന്നത്. ഇതു വായിക്ക്‌ എന്നു പറഞ്ഞു അവളും അടുത്തിരുന്നു. തപ്പിപിടഞ്ഞു വായിക്കുന്ന എനിക്ക് തിരുത്തി തന്നു അതൊക്കെ വായിച്ചു തന്നു അവൾ, ഒരു പ്രാർത്ഥനയായിരുന്നു അതു. ഇനി എന്നും ഇതും കൂടെ ചൊല്ലിക്കോ എന്നു പറഞ്ഞു അവൾ അടുത്തിരുന്നു. കോലായിൽ ഇരിക്കുന്ന അച്ഛമ്മ, 'നിങ്ങൾ ക്രിസ്ത്യാനികളുടെ പ്രാർത്ഥനയാണോ' എന്നു ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ അച്ഛമ്മയുടെ മുഖത്തു നോക്കി ചിരിച്ചു. ഞങ്ങൾ കുട്ടികൾക്ക് അന്ന് മതം, ജാതി എന്നൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ ദേഹത്ത് അടയാളങ്ങളും ഇല്ലായിരുന്നു. ശിവന്റമ്പലത്തിലെ പൂഴിമണ്ണിൽ കളിക്കാൻ അവളും കൂടിയിരുന്നു. അവളുടെ പ്രാർത്ഥനയുടെ ഓരത്ത് ഞാനുമുണ്ടായിരുന്നു. ഞങ്ങൾ അന്ന് വെറും കുട്ടികൾ മാത്രമായിരുന്നു.
ആ മഞ്ഞ കടലാസിലെ വരികൾ ചൊല്ലുന്നത് പിന്നീടൊരിക്കലും മുടങ്ങിയിട്ടില്ല. പിന്നീടെപ്പോഴോ കാലങ്ങൾക്കിപ്പുറം ആരും പറഞ്ഞു തരാതെ, പക്ഷെ ആരോ മുന്നിലേക്ക് ഇട്ടു കാണിച്ചു തരികയായിരുന്നു ഇത്രനാളും ചൊല്ലിയത് ശ്രീനാരായണ ഗുരു എഴുതിയ ദൈവദശകം ആയിരുന്നു എന്ന്. പണ്ടേ അതു അവളുടെ കുഞ്ഞു കൈകളിൽ ഭദ്രമാക്കി അവൾ വെച്ചിരുന്നു. മതത്തിനും ജാതിക്കുമപ്പുറം അതൊരു പ്രാർത്ഥനയാണ് എന്ന് അവളുടെ കുഞ്ഞു മനസ്സ് ആ പ്രായത്തിലും മനസിലാക്കിയിരുന്നു. അതവൾ ആരും പറയാതെ എന്നിലേക്കും പകരുകയായിരുന്നു.
പക്ഷെ പിന്നീട് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു, ഗുരുദേവന്റെ ഫോട്ടോ വെച്ചുള്ള ആരാധനയും ഒക്കെ കൊണ്ടു നടന്ന വീട്ടിലെ മുതിർന്നവർക്ക് എന്തേ ഞാൻ ചൊല്ലിയ ദൈവദശകം മനസിലായില്ല എന്നു. ഉത്തരം അപ്പോൾ എന്റെ ഉള്ളിൽ നിന്നു തന്നെ വരുന്നുണ്ടായിരുന്നു, വിശ്വാസികൾ എന്നതിൽ ഭൂരിപക്ഷവും എന്താണ് വിശ്വാസം എന്നറിയാത്തവരാണല്ലോ
പിന്നെയും വർഷമേഘങ്ങൾ വന്നു പോയി, കാലം ആരെയും കാത്തു നിന്നില്ല. എന്നെയും പറിച്ചു നട്ടു അമ്മവീട്ടിലേക്ക്. ഞാനാണോ അവളാണോ ആദ്യം യാത്ര പറഞ്ഞു പോയത് എന്നെനിക്കോർമ്മയില്ല. ചിലപ്പോൾ ഞാനാകും. അവളാ മതിലരികിൽ നിന്നിട്ടുണ്ടാകും. അവളുടെ വെളുത്ത കവിളിൽ കണ്ണീരിറ്റു വീണിട്ടുണ്ടാകും. എന്നെയും കാത്തു അവളുടെ കുഞ്ഞു മുറിയിൽ കഥ ബുക്കുകൾ കാത്തിരുന്നിട്ടുണ്ടാകും.
വർഷങ്ങൾ പോകുമ്പോഴും ഞാനവളെക്കുറിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ വീട്ടിലെ യാത്രയിൽ ,അവിടെ എത്തുമ്പോൾ പലപ്പോഴും അവളുടെ വീട്ടിലേക്ക് ഓടിച്ചെന്നപ്പോഴും അവൾ സ്കൂളിൽ ആയിരുന്നു. പിന്നീടൊരിക്കൽ എത്തിയപ്പോൾ എന്നെ സ്വീകരിച്ചത് പൂട്ടിയിട്ട വാതിലുകളും തൂത്തുവാരാത്ത മുറ്റവുമായിരുന്നു.
"അവരൊക്കെ പോയി. ടീച്ചർ അവരുടെ നാട്ടിലെ സ്കൂളിൽ പോയി" പിന്നിൽ അച്ഛമ്മയുടെ ശബ്ദം.
ഹൃദയത്തിൽ ഇളം നീല ഉടുപ്പും ഒരു മഞ്ഞക്കടലാസും പാറിവീഴുകയായിരുന്നു. അവളെ ഇനി ഒരിക്കലും കാണില്ലെന്ന ചിന്തയാകാം അച്ഛമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയത്
അവൾ ദൂരെയെങ്ങോ ഉണ്ട്. ഒരുപക്ഷേ കുടുംബമായി, കുട്ടികളായി. ഇടയ്ക്ക് ആരോ പറഞ്ഞു ജേർണലിസ്റ്റ് ആയെന്നു. ഇപ്പൊ കാണാൻ നല്ല ഭംഗിയുണ്ട് എന്നൊക്കെ. കാണാൻ അത്രയേറെ മോഹിച്ചു ഇങ്ങു ദൂരെ ഞാനും
ഡാനി.. കാലങ്ങൾക്കിപ്പുറം ഞാനുമുണ്ട്. ആൾക്കൂട്ടത്തിൽ പോലും നിന്നെ തിരഞ്ഞു കൊണ്ട്. നീ തീർത്ത സൗഹൃദലോകത്തിൽ നിന്നും ഇനിയും പുറത്തുകടക്കാനാവാതെ നമ്മൾ നടന്നു പോയ വഴിത്താരകളിൽ ഊർന്നുവീണ മഞ്ചാടിമണികളെ തിരഞ്ഞു ഓർമ്മകളിൽ അലഞ്ഞു ഞാനിരിപ്പുണ്ട്. നിന്നെ കാണുമെന്ന പ്രതീക്ഷയുമായി.
(ഈ എഴുത്ത് അവളിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ)
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo