നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അദാനം

Image may contain: 1 person, selfie, closeup and outdoor
പുലരിയിലെ അമ്പലമണിയുടെ ഒച്ചകേട്ട് പതിവ് പോലെ നന്തി ഉണർന്നു.
സൂര്യോദയം ആയിട്ടില്ല.
നേരിയ വെളിച്ചം തങ്ങി നിൽക്കുന്ന മുറി.
വെട്ടുകല്ലുകളാൽ തീർത്ത സിമന്റ് തേയ്ക്കാത്ത ചുവരുകൾ.
കിടന്ന് കൊണ്ടുള്ള കാഴ്ച്ചയിൽ ചുവരിൽ കോർത്തിരുന്ന ആണിയിലെ കലണ്ടർ.
അതിലെ കറുപ്പും ചുവപ്പുമാർന്ന അക്കങ്ങളിലേക്ക് നോക്കി കുറച്ച് നേരം നന്തി കിടന്നു.
ഓട്ടോയുടെ താക്കോൽ കലണ്ടറിന് മുകളിൽ ചുവരിൽ കോർത്ത ആണിയിൽ തൂങ്ങിയാടുന്നു.
"കാപ്പിയിടട്ടെ നന്തിയേട്ടാ?" അരികിൽ കിടന്നിരുന്ന ഭൈമ മുടി വാരിച്ചുറ്റിക്കൊണ്ട് എഴുന്നേറ്റു.
അവൾ കാപ്പിയുമായി വന്നപ്പോഴേക്കും നന്തി കാക്കി ഉടുപ്പും ധരിച്ച് തയ്യാറായി ഇറങ്ങിയിരുന്നു.
ഭൈമയുടെ കൈയ്യിൽ നിന്നും കാപ്പി ഗ്ലാസ്സ് വാങ്ങി നന്തി. ചൂട് ഊതി കപ്പ് അവൻ ചുണ്ടിലേക്ക് മൊത്തി കുടിച്ചു.
ആണിയിൽ നിന്നും താക്കോൽ എടുക്കുമ്പോൾ,
കലണ്ടറിലെ മഞ്ഞ നിറമുള്ള കണിക്കൊന്നപ്പൂക്കളിലേക്ക് നന്തി നോക്കി.
അതിന് താഴെയായി കറുപ്പും ചുവപ്പുമാർന്ന അക്കങ്ങൾ.
മഞ്ഞപ്പൂക്കളുടെ മാസം കഴിഞ്ഞു.
നന്തി ആ കടലാസ്സ് മറിച്ചിട്ടു.
അക്കങ്ങൾക്ക് മാറ്റമില്ല.
മറിഞ്ഞ് പോയതും പുതിയതും ഒരുപോലെ, കറുപ്പും, ചുവപ്പും നിറങ്ങളോടെ തന്നെ.
അതിന് മുകളിലെ ചിത്രത്തിന് മാറ്റമുണ്ടായിരുന്നു.
കണിക്കൊന്ന പൂക്കൾക്ക് പകരം മറ്റൊരു ചിത്രമായിരുന്നു.
യുഗങ്ങളായി ജലസ്പ്പർശമേൽക്കാത്തൊരു തരിശ്ശു ഭൂമി.
ചതുപ്പുനിലം പോൽ കണ്ണെത്താ ദൂരത്തോളം വിണ്ട് കീറിക്കിടന്നിരുന്നു.
ഇരുകൈകളും വശങ്ങളിലേക്ക് നീട്ടിപ്പിടിച്ച് ആകാശത്തേയ്ക്ക് നോക്കി നിൽക്കുന്നൊരു പെൺകുട്ടി.
പാറിപ്പറന്ന ചെമ്പിച്ച തലമുടികൾ,
മുഷിഞ്ഞ വേഷം, മുട്ടോളം എത്തിയ പാവാടയും ഉടുപ്പും അവിടവിടെയായി പിഞ്ഞിക്കീറിയിട്ടുണ്ട്.
ആകാശത്തേയ്ക്ക് നോക്കി നിൽക്കുന്ന അവൾ വായ് തുറന്ന് നാവ് പുറത്തേയ്ക്ക് നീട്ടി നിൽക്കുന്നു.
അവൾക്ക് ചുറ്റും കുറെ വന്യമൃഗങ്ങളുണ്ട്.
സിംഹം, കടുവ, ചെന്നായ, ആന, പുലി, പാമ്പ്, തുടങ്ങി മാൻ, മുയൽ, മയിൽ, പക്ഷികൾ വരെയുണ്ട്.
എല്ലാ ജീവനുകളും മുഖം ആകാശത്തേയ്ക്ക് ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നു.
തുറന്ന വായിലൂടെ നാവ് നീണ്ടു നിൽക്കുന്നതും കാണാം.
ആകാശത്തേയ്ക്ക് ഉയർത്തി നീട്ടിപ്പിടിച്ചിരിയ്ക്കുന്ന ആനയുടെ തുമ്പിക്കൈയ്ക്ക് മുകളിലുമുണ്ട് ഒരു കുഞ്ഞ് കുരുവി.
കുരുവിയുടെ നാവിലേക്കായിരിക്കും
ആദ്യമായിറ്റു വീഴുന്ന ഒരിറ്റു ജലം പതിക്കുക.
മുകളിൽ കറുത്തിരുണ്ട ആകാശമാണ്. കാർമേഘങ്ങൾ ഉരുണ്ട് കൂടിയിട്ടുണ്ട്.
യഥാർത്ഥ അന്നദാതാവിന് മുന്നിൽ കൈയ്യും, നാവും നീട്ടി നിൽക്കുന്ന ജീവനുകളുടെ ജീവനുള്ള ചിത്രം.
"പെയ്തിട്ടുണ്ടാകുമോ?"
നന്തിയുടെ മനസ്സ് ചോദിച്ചു.
''ഉച്ചയ്ക്ക് കഴിക്കാൻ വരുമോ നന്തിയേട്ടാ" ?
മറുപടിയായി ഭൈമയുടെ ചോദ്യം.
വരില്ലെന്ന് അവൾക്ക് അറിയാം.
കുറച്ച് ദിവസമായി കഴിക്കാനായി വരാറില്ല. നന്തി.
അടുത്തൊരു ദേവാലയത്തിൽ ഉത്സവം നടക്കുന്നു.
നാല് ദിവസമായിട്ട് അവിടെന്നാണ് ഭക്ഷണം. അന്നദാനം.
"ഇല്ല ഞാൻ വരില്ല. നീ കഴിക്കണേ.. മോളെ"
തോളിൽ കുഞ്ഞുമായിറങ്ങി വന്നവളെ നോക്കി പറഞ്ഞു.
ഒരു വയസ്സാകാറായ മോൾ ഉണർന്നിട്ടില്ല.
അവളുടെ തോളിൽ ഉറങ്ങുന്നുണ്ട്.
നന്തി കുഞ്ഞിന്റെ തലമുടിയിൽ ഒന്നു തഴുകി.
കവിളിൽ ഒരു ഉമ്മ വച്ചു.
തെങ്ങിൻ തോപ്പിന് നടുവിലൂടെയുള്ള ഒറ്റയടിപാതയിലൂടെ നടക്കുമ്പോഴും അവൻ ചിന്തിച്ചു.
"ആ ജീവനുകൾ നീട്ടിപ്പിടിച്ച നാവിലേക്ക് അന്നദാതാവ് ഒരു തുള്ളി പെയ്തിട്ടുണ്ടാകുമോ?"
ചിത്രം വരച്ചവനോട് എന്തുകൊണ്ടോ മനസ്സിൽ ചെറിയൊരു ദേഷ്യം ഉണ്ടായി.
ഒറ്റയടിപ്പാത തീർന്നു.
അവൻ കാളിപ്പാറ കാവിനടുത്തെത്തി.
ഒരു വശം കായലും അതിനരികിൽ തെങ്ങിൻ തോപ്പും.
തെങ്ങിൻ തോപ്പിന് മറുവശം ഉയർന്ന് നിൽക്കുന്ന പാറമലയാണ്.
ഒരു വശം ഭിത്തി പോലെ ഉയരത്തിൽ നീണ്ടു നിൽക്കുന്ന പാറമലയും, മറുവശം കായലും.
രണ്ടിനും നടുവിലായാണ് തെങ്ങിൻ തോപ്പ്.
തെങ്ങിൻ തോപ്പ് തുടങ്ങുന്നിടം മുതലുള്ള ഒറ്റയടിപ്പാത ചെന്നവസാനിക്കുന്നത് നന്തിയുടെ ഓട് മേഞ്ഞ ചുവരുകൾ സിമന്റ് തേയ്ക്കാത്ത വീട്ടിലാണ്.
ഒറ്റയടിപ്പാത തുടങ്ങുന്നതിനരികിലെ
ചെറിയ കാട്ടിനുള്ളിലാണ് കാളിപ്പാറ ക്ഷേത്രം.
കരിങ്കല്ലിനാൽ പണിതൊരു കുഞ്ഞു കെട്ടിടമാണ്. ചുറ്റിനും ചുവരുകളിൽ വള്ളിപ്പടർപ്പുകൾ ചുറ്റി മുകളിൽ പന്തലിച്ച് നിൽക്കുന്നു.
മാസത്തിലൊരിക്കൽ മാത്രം നട തുറക്കുന്ന ഭദ്രകാളി ക്ഷേത്രമാണ്.
ശത്രു നിഗ്രഹത്തിനായ് അനേകം ഭക്തർ അന്ന് ചുവന്ന പുഷ്പ്പങ്ങളുമായി അവിടെ കാത്തു നിൽക്കാറുണ്ട്.
പൂജയ്ക്ക് ശേഷം ശത്രുക്കളുടെ പേരും വിലാസവും എഴുതിയ രസീതുകൾ ചുവന്ന പുഷ്പ്പങ്ങളുമായി ക്ഷേത്രപ്പടിയ്ക്കകത്ത് വച്ച് നടയടയ്ക്കുന്നു.
അറ്റം വളഞ്ഞ വാളുമായി കലിതുള്ളി കാളി രാത്രിയിൽ പുറപ്പെടുമായിരിക്കും.
ശത്രു നിഗ്രഹത്തിനായി.
ഓട്ടോയ്ക്കരികിലെത്തി സ്റ്റാർട്ട് ചെയ്തു. നന്തി.
ആൽത്തറയിൽ ഉറങ്ങിയിരുന്ന വൃദ്ധ ഉണർന്നു.
മുഷിഞ്ഞ മുണ്ട് തല വഴി മൂടി തിരിഞ്ഞു കിടന്നു.അവർ.
കുറച്ചു ദിവസങ്ങളായി നന്തി ഇവരെ ഇവിടെ കാണാൻ തുടങ്ങിയിട്ട്.
ആ നാട്ടിലെ തന്നെ
മൂന്ന് മക്കൾ ഉള്ള അമ്മയാണ്. ആ വൃദ്ധ.
നന്തിയ്ക്ക് അവരെ മനസ്സിലായിരുന്നു.
സ്വത്തുക്കൾ ഭാഗം വച്ചതിന്റെ അളവുകൾ സ്നേഹം അളക്കുന്നതിന്റെ തോതായി മാറ്റി മക്കൾ.
നല്ല പാതിയും നഷ്ട്ടപ്പെട്ട അമ്മയ്ക്ക് ഉറക്കം കാളിപ്പാറയിലെ ആൽത്തറയിലായി.
ആലിൻ കൊമ്പിലെ ശിഖരത്തിൽ ദിനവും ഊഴമനുസരിച്ച് മക്കൾ ഭക്ഷണപ്പാത്രങ്ങൾ കൊണ്ട് കെട്ടിത്തൂക്കുന്നു.
അടുത്തുള്ള ദേവാലയത്തിലെ അന്നദാനം തുടങ്ങിയ അന്നു മുതൽ കാലി പാത്രങ്ങൾ കാറ്റിലാടുന്നതാണ് കാണുന്നത്.
ദേവാലയത്തിലെ മൈക്കിലെ വിളിച്ചു പറയലിൽ വൃദ്ധയുടെ മൂന്നു മക്കളുടെയും പേരുകൾ ഒരു ദിവസം നന്തി മനസ്സിലാക്കിയിരുന്നു.
മൂന്നു മക്കളുടേയും പേരെഴുതി ഒരു രാത്രി അവൻ കാളി ക്ഷേത്രത്തിന്റെ വാതിലിന്റെ വിടവിലൂടെ അകത്തേക്കിട്ടു.
കുറച്ച് ചുവന്ന പുഷ്പ്പങ്ങളും.
രാത്രിയിൽ കാളി എഴുന്നെള്ളുന്നു.
ഉടൽ നീല നിറത്തിൽ അർദ്ധനഗ്നയായിരുന്നു. ഒരു കൈയ്യിൽ ചോരയിറ്റുന്ന മുറിച്ചെടുത്ത ശിരസ്സ്.
അരയിൽ ചുറ്റിയ
ചുവന്ന പട്ടിന് മീതെ മുറിച്ചെടുത്ത കൈകൾ,
കരിയെഴുതിയ മിഴികൾക്കുള്ളിൽ ഉഗ്രകോപത്തിന്റെ ചോരച്ച നിറവും, പുറത്തേക്ക് നീട്ടിയ കറുത്ത നാവും.
മാറ് മറച്ച് വീണു കിടക്കുന്ന ജടകൾക്കിടയിലൂടെ കുടം കമിഴ്ത്തിയ പോലെ തള്ളി നിൽക്കുന്ന ഉരുണ്ട മുലകൾ.
അവയെ തഴുകി അമ്പത്തൊന്ന് തലയോട്ടികളാൽ കോർത്ത ഹാരവുമണിഞ്ഞ്,
പാദങ്ങളിൽ കിലുങ്ങുന്ന ചിലമ്പുമായി
കൈയ്യിൽ വാളുമേന്തി, ഉഗ്രകോപവുമായി
കാളി ചെന്ന് അവരെ നിഗ്രഹിക്കുന്നതവൻ അന്ന് രാത്രി സ്വപ്നം കണ്ടു.
സവാരിയ്ക്കായി നന്തി കാത്തിരുന്നിട്ടും ഉച്ചവരെയും സവാരിയൊന്നും വന്നില്ലായിരുന്നു.
വിശപ്പായി തുടങ്ങിയപ്പോൾ അടുത്തുള്ള ദേവാലയത്തിലെ അന്നദാനപ്പുരയിലേക്ക് നടന്നു.
ദേവാലയബിംബത്തിനിന്ന് സങ്കട ദിവസമാണെന്ന്.
ദു:ഖമായതിനാൽ ഇന്ന് അന്നദാനമില്ല.
പുലരി മുതൽ ഇരുട്ടും വരെ ഉപവാസമാണ്.
അവിടെച്ചെന്നപ്പോഴാണ് നന്തി അറിഞ്ഞത്.
തലേന്ന് കഴിച്ചുപേക്ഷിച്ച എച്ചിലിലകൾക്കിടയിൽ വിശപ്പിന് പരിഹാരം തിരയുന്നൊരു നായയെ കണ്ടു.
നായയും ഇന്നു പട്ടിണിയായി കാണും.
ഉച്ചവെയിൽ മാഞ്ഞു തുടങ്ങി.
വിശപ്പ്, വയർ മുതുകിൽ ചെന്നൊട്ടുന്ന അവസ്ഥയായി. വൈകുന്നേരമായപ്പോൾ.
ഒരു സവാരിയ്ക്ക് പോലും ആരും വന്നതുമില്ല.
റോഡരികിലെ പൈപ്പിൻ ചുവട്ടിലെ വെള്ളം വീണുണ്ടായ കുഴിയിൽ ഉച്ചയ്ക്ക് കണ്ട നായ വന്ന് മണപ്പിച്ച് നിൽക്കുന്നു.
ഈശ്വരന് ദു:ഖമായതിനാൽ അതും ഇന്ന് പട്ടിണിയായി.
നന്തി ഓട്ടോയിൽ നിന്നെഴുന്നേറ്റ് ചെന്ന് പൈപ്പിന്റെ കമ്പിയിൽ പിടിച്ച് പമ്പ് ചെയ്തു.
പതഞ്ഞ് പുറത്തേക്ക് വീണൊഴുകിയ വെള്ളം നായ ആർത്തിയോടെ നക്കി കുടിക്കുന്നു.
നായ പോയ ശേഷം അതിലും ആർത്തിയോടെ പൈപ്പിലെ വെള്ളം നന്തിയും കുടിച്ചു.
ഇന്നും ഒന്നും കിട്ടാതെ വീട്ടിലേക്ക് എങ്ങനെ കയറി ചെല്ലും. എന്ന തോന്നലായി നന്തിയ്ക്ക്.
നേരം സന്ധ്യയായി.
ഇന്നത്തെ ദിവസം കുറച്ചൂടെ വൈകി വീട്ടിൽ ചെന്നാൽ മതി.
ഉള്ളത് അവൾ കഴിച്ച് കിടക്കുമല്ലോ?.
എന്ന് നന്തി വെറുതെ വിശ്വസിച്ചു.
അറിയാം, അവൾ കിടക്കില്ല.
ഒരു പാത്രം ചോറുമായവിടെ കാത്തിരിപ്പുണ്ടാകുമെന്ന്.
"ഒരു സവാരി പോകാമോ..?"
ചിന്തകൾക്കിടയിൽ ഒരു ചോദ്യം.
തിരിഞ്ഞ് നോക്കിയപ്പോൾ
പുറകിൽ ഒരാൾ കയറിക്കഴിഞ്ഞിരുന്നു.
ഒരു സ്ത്രീ. നെറ്റിയിൽ ചുവന്ന നിറത്തിലെ വട്ടപ്പൊട്ട്.
മുല്ലപ്പൂവിന്റെ മണം അവിടമാകെ നിറഞ്ഞത് പോലെ.
കുളിച്ചീറനായി പുറകിൽ വിടർത്തിയിട്ടിരിക്കുന്ന തലമുടി.
അതിൽ ഒരു തുളസിക്കതിർ മാത്രമെ കാണാനുള്ളു.
എന്നിട്ടുമവിടമാകെ മുല്ല മണം നിറഞ്ഞത് പോലെ.
ഒന്നു പുഞ്ചിരിച്ചപ്പോൾ കണ്ണുകളിൽ നിന്ന് പ്രകാശം പ്രവഹിക്കുന്നതായി നന്തിയ്ക്ക് തോന്നി.
"കുറച്ച് സാധനങ്ങൾ കയറ്റണം അത് ഒന്നിറക്കി വയ്ക്കാനും സഹായിക്കണം."
വീണാനാദം പോലെ അവരുടെ ശബ്ദം.
അവർ പറഞ്ഞ വഴിയിലൂടൊക്കെ ഓടി ഓട്ടോ ഒരു വീടിന് മുന്നിലെത്തി നിന്നു.
അകത്ത് നിന്നും വലിയ ചാക്കുകെട്ടുകൾ തലയ്ക്ക് ചുമന്ന് നന്തി ഓട്ടോയിൽ കൊണ്ട് നിറച്ചു.
ചോറിന്റെയും കറികളുടേയും മണം.
നന്തിയുടെ മൂക്കിലത് ഇരച്ച് കയറി.
വയറ്റിനുള്ളിൽ നിന്ന് എന്തോ കൊത്തിവലിക്കും പോലെ.
"പോകാം" അവർ വണ്ടിയിൽക്കയറി പറഞ്ഞു.
നന്തി ഓട്ടോ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി.
ചോറ് പൊതികളാണ് ഓട്ടോ നിറയെ.
ചുടു ചോറിന്റെയും കറികളുടേയും മണവും ഭക്ഷിച്ച് നന്തി യാത്ര തുടർന്നു.
'വിശപ്പിന്റെ വാതിൽ'
നന്തിയുടെ ചുണ്ടുകൾക്കുള്ളിൽ അക്ഷരങ്ങൾ പിറുപിറുത്തു.
കറുപ്പ് നിറത്തിലെ ഗേറ്റ് കടന്ന് ഓട്ടോ അകത്തേക്ക് കയറി.
വലത് വശത്തെ മതിലിൽ കൊത്തി വച്ചിരിക്കുന്ന വെളുത്ത അക്ഷരങ്ങളായിരുന്നു.
അക്ഷരങ്ങൾ മങ്ങി പൊടി പിടിച്ചിരിക്കുന്നു.
അക്ഷരങ്ങളെല്ലാം തെളിഞ്ഞിട്ടുമില്ല.
എങ്കിലും പരിചിതമായ വാക്കുകളും അനുഭവവും ആയതിനാൽ നന്തിയത് വായിച്ചെടുത്തു.
"എനിക്ക് ഇപ്പോൾ ചെന്ന് കയറാൻ പറ്റിയ വാതിലും, സ്ഥലവും."
ഓർത്തപ്പോൾ നന്തിയുടെ ഉള്ളിലൊരു ചിരിയുണർന്നു.
അകത്തേയ്ക്ക് കയറി ഓട്ടോ നിന്നു.
അകത്ത് നിന്നും ആരവമായി ശബ്ദമുയരുന്നു.
പാത്രങ്ങൾ ഇരുമ്പിൽ മുട്ടുന്ന ശബ്ദം.
അവനോട് പറഞ്ഞത് പോലെ ചാക്കിൽ നിറച്ച ചോറ് പൊതികളും ചുമന്ന് നന്തി നടന്നു.
തലയ്ക്ക് മുകളിൽ ആഹാരത്തിന്റെ സഹിക്കാനാകാത്ത ഭാരം.
വയറ്റിനുള്ളിൽ സഹിക്കാനാകാത്ത വിശപ്പിന്റെ വിളി.
എത്തിച്ചേർന്നത് വിശപ്പിന്റെ കവാടവും കടന്ന് അതിന്റെയുള്ളിൽ.
വിശക്കുന്നവന് ചുമക്കാൻ ഭാരം നിറഞ്ഞ ഭക്ഷണപ്പൊതികളും.
വെള്ള വസ്ത്രം ധരിച്ച തലമുണ്ഡനം ചെയ്ത രണ്ടുപേർ വന്ന് തലയിലെ ഭാരം ഇറക്കി വച്ചു.
പൊതികൾ ഓരോന്നോയി അകത്തേയ്ക്ക് കൊണ്ടുപോയി.
നന്തിയും കുറച്ച് പൊതികളുമായി അവരുടെ പുറകെ കൂടി.
അടച്ചിട്ട മുറികളിലെ അഴികൾക്കിടയിലൂടെ ഓരോരുത്തർക്കായാ പൊതികൾ നൽകി.
ഉൻമാദാവസ്ഥയിൽ മറ്റൊരു ലോകത്തിലായിരുന്നു.
അവരെങ്കിലും,
വിശപ്പ് എന്നത് അതുള്ളവർക്കെല്ലാം ഒരു ലോകം മാത്രമായിരുന്നു.
എന്ന് തോന്നി നന്തിയ്ക്ക് അവരുടെ ആവേശത്തിൽ.
നന്തി അവിടമാകെ ഒന്നു ചുറ്റി നടന്നു.
വിശപ്പിന്റെ വീടിനുള്ളിലെ ജീവനുകൾ.
പുറത്തൊരു മരച്ചുവട്ടിലിരുന്ന് ചുവന്ന പേന കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നൊരു പെൺകുട്ടിയെ കണ്ടു.
ഒരുപാട് പേനകൾ അവൾക്ക് ചുറ്റും കിടപ്പുണ്ട്.
ഓരോന്നായി മാറി മാറി എടുത്തവൾ വെളുത്ത കടലാസ്സിൽ കുത്തിവരയ്ക്കുന്നു.
എല്ലാത്തിനും നിറം ഒന്നു തന്നെയായിരുന്നു.
ചുവപ്പ്. എന്നിട്ടും ഇടക്കിടക്ക് അവൾ പേന മാറ്റി മാറ്റി എടുത്തു വരയ്ക്കുന്നു.
അവൾക്ക് അരികിലായിരുന്ന് വരയ്ക്കുന്നതും നോക്കി,
രണ്ട് കൈയ്യും പൊള്ളിയടർന്ന് വ്രണമായി മാറിയൊരു വൃദ്ധൻ ഇരിയ്ക്കുന്നുണ്ടായിരുന്നു.
അയാൾക്ക് ചോറ് വാരിക്കൊടുക്കുന്ന ആ സ്ത്രീയെയും നന്തി കണ്ടു.
തിരിച്ചുള്ള യാത്രയിൽ നന്തി വിശപ്പ് തന്നെ മറന്ന് പോയിരുന്നു.
ഇവർ ആരാണ്? ദൈവമാണോ?പല ചോദ്യങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു.
"ഇവിടെ നിർത്തിക്കോളു. "
ഓട്ടോയുടെ പുറകിൽ ഇരുന്ന അവർ പറഞ്ഞു.
ചുറ്റിനും ചെടികളും മരങ്ങളും നിറഞ്ഞ് നിൽക്കുന്നതായിരുന്നു.
ഓട് മേഞ്ഞയാ വീട്.
അതിനരികിലേക്ക് ചേർത്ത് ഓട്ടോ നിർത്തുമ്പോൾ ശരിക്കും അതൊരു അമ്പലമായിട്ട് അവന് തോന്നി.
കുറച്ച് മുൻപ് വന്ന് പോയതെങ്കിലും
അപ്പോൾ കാണാൻ കഴിയാത്ത ഒരു അദൃശ്യ ശക്തി വന്ന് പുണരും പോലെ.
"എത്ര രൂപയായി..?"
നന്തിയുടെ ചെവി അടഞ്ഞു പോയിരുന്നു.
ചോദ്യം അവൻ കേട്ടില്ല. അവൻ പരിസരം ആസ്വദിക്കുവായിരുന്നു.
വീടിന് ഒരു വശത്തായി ഭക്ഷണം പാകം ചെയ്യാനായി നിർമ്മിച്ചിരിക്കുന്നൊരു മുറി.
അടുപ്പുകളിൽ കയറ്റി വച്ചിരിക്കുന്ന വലിയ പാത്രങ്ങൾ.
വീടിന് മുറ്റം മുതൽ അകലെ പടിപ്പുര വാതിൽ വരെ പറമ്പുകളിൽ നട്ടുവളർത്തിയിരിക്കുന്ന പച്ചക്കറികൾ നിറഞ്ഞ സസ്യങ്ങൾ.
കുലച്ച് നിൽക്കുന്ന വാഴകൾ.
കാഴ്ച്ചകൾ ആസ്വദിച്ചിരിക്കെ
"എത്ര രൂപയായി..?"
വീണ്ടും അവർ ചോദിച്ചു.
"പൈസയൊന്നും വേണ്ട.. "
ഞാൻ തന്നെയാണോ പറഞ്ഞതെന്ന്
നന്തി തന്നെയോർത്തു.
വീട്ടിൽ വിശന്ന രണ്ട് വയറുകൾ ഉണ്ട്.
കൂടാതെ ഞാനും ഒന്നും കഴിച്ചിട്ടില്ല.
ഇപ്പോൾ വിശപ്പില്ല.വയറും മനസ്സും നിറഞ്ഞത് പോലെ.
"ഇത് വച്ചോളു.. "
നന്തി നോക്കിയപ്പോൾ ഒരു ചോറ് പൊതി.
നന്തിയത് വാങ്ങി.
"കഴിയുമെങ്കിൽ നാളെ ഉച്ചയ്ക്ക് വന്നോളു "
ചെറിയൊരു സവാരിയുമാകും.
കൂടെ എനിക്കൊരു സഹായവും.
ഇന്നത്തെപ്പോലെ കൂലി വാങ്ങാതിരിക്കാനാകില്ല.
നാളെ മുതൽ കൂലിയും ഉണ്ട്. "
ഒരു പൊതിച്ചോറും വാങ്ങി നന്തി വീട്ടിലേക്ക് തിരിച്ചു.
സമയം രാത്രി ഏറെ വൈകിയിരുന്നു.
ഓട്ടോ കാളിപ്പാറയിലെ ആൽത്തറയ്ക്കരികിൽ നിർത്തി.
ആൽത്തറയമ്മ അവിടെ കിടപ്പുണ്ടായിരുന്നു.
ഭക്ഷണം തൂക്കുന്ന ശിഖരത്തിൽ കാറ്റിൽ കാലി പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം.
ഊഴം മറന്ന മക്കൾ ആരോ ഇന്ന് ഭക്ഷണം എത്തിച്ചിട്ടില്ല.
"ഇന്ന് താമസിച്ചു പോയോ മോനെ.?"
എന്നൊരു ചോദ്യം കേട്ടു.
ആൽത്തറയിൽ ആൽത്തറയമ്മ എഴുന്നേറ്റിരിക്കുന്നു.
മുഷിഞ്ഞ വേഷവും ശബ്ദത്തിലെ ക്ഷീണവും ഇന്നിവരും പട്ടിണിയായിരിക്കും.
ഈശ്വരനിന്ന് സങ്കടമായിരുന്നല്ലോ?
അമ്പലത്തിലെ മണിനാദം പോലെ കാറ്റിലൂടെ
ആൽമരശിഖരത്തിലെ കാലി പാത്രങ്ങൾ താളത്തിൽ കൂട്ടിമുട്ടിക്കൊണ്ടിരുന്നു.
"ഓള് കാത്തിരിക്കുന്നുണ്ടാകും മോൻ വെക്കം ചെല്ല്.. "
ഒരു അമ്മയുടെ ഭീതിയുടെ ശബ്ദം.
ഉണ്ടായിരുന്നു ആ പറച്ചിലിൽ
"അമ്മ എന്തെങ്കിലും കഴിച്ചതാണോ?"
ചുളിവു വീണ മുഖത്തിൽ നിന്നുള്ള പുഞ്ചിരിയിൽ ഇരുട്ടിലും ആ കണ്ണിലെ തടാകങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ നന്തി കണ്ടു.
ചോറ് പൊതി ആർത്തിയോടെ കഴിക്കുന്ന അവരെ നോക്കി നന്തി പറഞ്ഞു.
"നാളെ അമ്മച്ചിയെ ഞാൻ ഒരിടത്ത് കൊണ്ട് പോകും.
ഉത്സവങ്ങളില്ലാത്ത ഒരമ്പലത്തിൽ.
ആനയും, അമ്പാരിയും ഇല്ലാതെ ഉത്സവം നടക്കുന്നൊരു ഒരമ്പലത്തിൽ.
ഈശ്വരന്മാരുടെ ദുഖത്തിന് ഭക്തൻ പട്ടിണി കിടക്കാത്തൊരു അമ്പലത്തിൽ."
അവർ നന്തിയെ നോക്കി ചിരിച്ചു.
"മോൻ പൊയ്ക്കോ..മോൻ പൊയ്ക്കോ..
അവളും കുഞ്ഞും അവിടെ ഒറ്റയ്ക്കേ ഉള്ളു.. "
അവർ ആ പറഞ്ഞത് നന്തിയോട് ആണെന്ന് അവന് തോന്നിയില്ല.
മുൻപ് എന്നോ പറഞ്ഞ് മറന്നത് ആവർത്തിക്കുന്നത് പോലെ.
തെങ്ങിൻതോപ്പിന് നടുവിലെ ഒറ്റയടി പാതയിലൂടെ നടക്കുമ്പോൾ നന്തി കണ്ടു.
ദൂരെ വീട്ടിൽ ചിമ്മിനിവെട്ടം മുനിഞ്ഞ് കത്തുന്നുണ്ട്.
അവൾ ഉറങ്ങിയിട്ടില്ല കാത്തിരിക്കുന്നുണ്ടാകും.
ചിന്തയിലുള്ളത് സത്യമായിരുന്നു.
ചിമ്മിനിയുടെ വെളിച്ചത്തിൽ ഒരു പാത്രം തണുത്ത ചോറുമായി അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒരു പാത്രത്തിൽ നിന്ന് തന്നെ രണ്ട് പേരും കഴിച്ചു.
കിടക്കുന്നതിന് മുൻപായി നന്തി ചുവരിലെ കലണ്ടറിനരികിലെത്തി.
കൈയ്യിലെ ചിമ്മിനി വെട്ടം അതിനരികിലേക്ക് നീട്ടിപ്പിടിച്ചു.
ആ കടലാസ്സിലെ മറുവശം അവൻ ഉയർത്തി നോക്കി.
ആ ചിത്രം കണ്ട് നന്തിയുടെ കണ്ണുകൾ വിടർന്നു.
പെയ്തിട്ടുണ്ട്.
ജല സ്പർശമേൽക്കാത്ത വിണ്ടു കീറിയ ഭൂമിയല്ല.
കോരിച്ചൊരിയുന്ന മഴയുടെ ചിത്രമാണ്.
താഴെ പച്ചപ്പുകളിൽ പറക്കുന്ന പക്ഷികൾ.
ഒരു വശത്തെ വനത്തിനുള്ളിൽ മഴനൃത്തമാടുന്ന മൃഗങ്ങൾ.
നനഞ്ഞ് കുതിർന്ന് ആനപ്പുറത്തിരിക്കുന്ന പെൺകുട്ടിയുടെ മുഖത്തെ ചിരിയും, സന്തോഷവും നന്തിയുടെ മുഖത്തേയ്ക്കും പടർന്നു.
പുറത്ത് കരയുന്ന ചീവിടുകളുടേയും തവളകളുടേയും ശബ്ദം
അകലെ ദേവാലയത്തിലെ ചെണ്ടമേളവും കേൾക്കുന്നു.
ചെണ്ടമേളം വേഗതയിൽ ഉച്ചസ്ഥായിയിലായി നിലച്ചു.
പുറകെ മൈക്കിലൂടെയുള്ള ശബ്ദം വന്നു.
"നാളത്തെ വിഭവസമൃദ്ധമായ കല്ല്യാണസദ്യ സംഭാവനയായി നൽകിയിരിക്കുന്നത്......"
ചീവീടുകളും, തവളയും,പല്ലിയും കരച്ചിൽ നിർത്തി കാതോർത്തു.
മൈക്കിൽ നിന്നും പിന്നെ ചില പേരുകൾ ഒഴുകി വരുന്നുണ്ടായിരുന്നു.
അതു നിലച്ചപ്പോൾ പരിഹാസച്ചിരിയെന്നോണം ചീവിടുകളും, തവളയും, പല്ലിയും,മറ്റും വീണ്ടും ശബ്ദം ഉയർത്തി.
അകലെ ഒരു നായ പരിഹസിച്ച് ഓരിയിട്ടു.
രണ്ട് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ഒച്ച വേഗതയിലെ മണിനാദം പോലുയർന്നു.
അതിനെ ഖണ്ണിച്ച് കൊണ്ട് ഒരു വൃദ്ധയുടെ പൊട്ടിച്ചിരിയും കാറ്റിലലിഞ്ഞു.
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot