Slider

ബിലാലിന്റെ രണ്ടാംവരവ്....(കഥ)

0
ബിലാൽ ഒരു വ്യക്തി മാത്രമായിരുന്നില്ല. പലതിനും ഒരുൽപ്രേരകമായിരുന്നു .. ബിലാലില്ലാത്ത കണ്ടാണിമംഗലം ഇന്നൊരു മരിച്ച വീടുപോലെ ശോകമൂകമാണ് ... അവനെക്കുറിച്ച് പറയുമ്പോൾ കണ്ടാണിമംഗലത്തുകാർക്ക് ആയിരം നാവാണ് ... പതിനായിരം കൈകളാണ്.
"കുട്ട്യോക്കർക്കാ വന്നൊരു പോക്ക് ..."
സാഹിത്യനഭസ്സിലെ ചരിത്രരേഖകളിൽ കണ്ടാണിമംഗലത്തുകാർ എന്നുമോർക്കുന്ന ബിലാലിന്റെ കൈയ്യെഴുത്ത് ...!
ഇതരങ്ങേറുന്നത് ഏകദേശം പത്ത് പന്ത്രണ്ട് വർഷങ്ങൾക്കു മുന്നേയുള്ള ഒരു കർക്കിടകത്തിലാണ് ... അന്ന് കോരപ്പുഴ നിറഞ്ഞു കവിഞ്ഞിരുന്നു .മഴയുടെ ആലസ്യം ഒപ്പിയെടുത്ത് സർവ്വരും മടിയുടെ കുടച്ചോട്ടിൽ തീ കായുന്നൊരു പ്രഭാതം .. ചാപ്പൻ നായരുടെ മസാലക്കട മാത്രമാണ് തുറന്നത് ,അവിടെയാണെങ്കിൽ പുറത്തെ ബെഞ്ചിൽ ബീഡിപ്പുകയൂതി തീവണ്ടി കളിക്കുന്ന മൂന്നു തമിഴൻമാർ മാത്രവും .
ചാപ്പൻ നായരുടെ ആത്മാവിൽ ഇന്നലത്തെ ശേഷിപ്പുകൾ മുട്ടിവിളിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. പന്ത്രണ്ട് നിരപ്പലകകളിട്ട് പൂട്ടിപ്പോവാനുള്ള മടിയും വിഷമവും കാരണം കുറച്ചു സമയമായി ഒരു കൈ തൂണിലും മറ്റേ കൈ ഊരയ്ക്കും കൊടുത്ത് ഒരു കാൽപ്പാദത്തിൽ മറ്റേ കാൽപ്പാദം അമർത്തിച്ചവുട്ടി നിൽക്കാൻ തുടങ്ങിയിട്ട് ..
പരിചയമുള്ള ആരെങ്കിലും വന്നാൽ ഓടാൻ റെഡിയായി കാലൻ കുട തൊട്ടടുത്ത് തുറന്ന് വെച്ചിട്ടുണ്ട് ...
"എന്നാ നായരണ്ണാ ഉങ്കൾക്ക് വലിക്ക്താ ..?"
നായരുടെ പരാക്രമം കണ്ട് പാവം തോന്നിയ തമിഴന്റെ ചോദ്യത്തിന് രൂക്ഷനോട്ടം കൊണ്ട് മറുപടി കൊടുത്ത് ചാപ്പൻ നായർ പാദം ഒന്നു മാറ്റിച്ചവുട്ടി ...
ആ സമയത്താണ് ദൈവദൂതനെപ്പോലെ ഒരു മുഴുനീള നാക്കിലയുടെ ചുവട്ടിൽ ബിലാൽ പ്രത്യക്ഷപ്പെട്ടത് ... നായരുടെ കണ്ണുകൾ താനേ വികസിച്ചു ...
"മോനേ വിലാലേ ... ഞ്ഞി കൊറച്ചേരം പീട്യ നോക്കണേ ... ഞാനൊന്നിമ്മാരത്ത് പോയിട്ട് ബേം ബരാം ... സ്ഥിരക്കാരാന്നേല് ഒരു പേപ്പറില് എയ്തി വെച്ചോ ട്ടോ ..."
പറഞ്ഞു തീരുന്നതിന് മുൻപേ തന്നെ ചാപ്പൻ നായർ ഓട്ടം തുടങ്ങിയിരുന്നു ... കുറച്ചു നേരമായിട്ടുള്ള വാം അപ്പ് ആ ഓട്ടത്തിന്ന് ശക്തി പകർന്നുനൽകാതിരുന്നില്ല ...
ബിലാൽ മുണ്ടിന്റെ കോന്തല കൊണ്ട് തലതുവർത്തി നായരുടെ കസേരയിൽ ഞെളിഞ്ഞമർന്നു. ...
"നായരച്ചാച്ഛൻ ഏടപ്പോയ് ...? "
ബിലാൽ മുഖമുയർത്തി നോക്കി ... വടക്കേതിലെ ജോണിന്റെ മോള് ...
"ഉം എന്തേണ്ണേ ..." ഗൗരവം വിടാതെ ബിലാൽ തിരക്കി ...
"ഒരർത്ഥം മാണ്ടിനു ... "
"ന്ത് ...? അങ്ങനെ ഒരു സാധനം ഇബ്ടണ്ടോ .. " ബിലാൽ ചിന്താധീനനായി ...
"മ്മേഹ് ...ഇബ്ടള്ള സാധനല്ല ...മലിയാളത്തിന്റെ അർത്ഥം ... അച്ഛാച്ഛനാ ഇൻങ്ക് പറഞ്ഞ് തരല് ..."
അവളൊന്നു ചിണുങ്ങി .
"എന്താച്ചാ ങ്ങ് ചോയ്ച്ചോ ... ഞാനും അത്രയ്ക്ക് മോശന്നൊല്ല..." ബിലാൽ കസേരയിൽ നിന്നും ഒന്ന് എഴുന്നേറ്റിരുന്നു ..
'തരു '...ഇയിന്റെ രണ്ടർത്ഥം മാണം ...
ബിലാൽ ചിന്തിച്ചു ... അവൻ എപ്പോഴും അങ്ങിനെയാണ് ... ചിന്തിച്ചേ തീരുമാനിക്കൂ ...
എയ്തിക്കോ ... തരു സമം ഇങ്ങ്ടക്ക് ,ഇങ്ങൊണ്ട്വാ...
അവളുടെ മുഖത്തെ സംശയം മനസ്സിലാക്കിയ ബിലാൽ വിശദീകരിച്ചു ...
അതായത് ...
പെൻ തരു ... എന്നു പറഞ്ഞാൽ പെന്ന് ഇങ്ങൊണ്ട്വാ അല്ലെങ്കിൽ പെന്ന് ഇങ്ങ്ടക്ക് എന്നല്ലേ ... ആ.. അതന്നെ ബേഗം സ്ഥലം ബിട്ടോ ...
അവളോടിപ്പോയതും കുട്ട്യോക്കർക്കാ വന്നതും ഒരുമിച്ചായിരുന്നു ...
"ആഹാ വിലാലാ .... നായര് രണ്ടാം ഘട്ടത്തിന് പോയതാല്ലേ ... എന്തായാലും ബേണ്ടീല ...ഇങ്ക്യ് ബന്ന് ഒരു പാക്കറ്റ്
മാണം ... ആയിശയ്ക്ക് പനി ..."
ബിലാലിന് വിഷമം വന്നു ... തന്റെ ആയിശയ്ക്ക് പനിയോ .. അവളെ കിനാവ് കാണാത്ത രാവുകളില്ല ... പടച്ചോനെ.. പെട്ടന്ന് ഓളെ പനി മാറ്റണേ ...അവൻ കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു ..
"ഒറങ്ങാ ശെയ്ത്താനെ ഇഞ്ഞ്...ബന്ന് ഞാൻ എടുത്തിക്ക് ആടെ എയ്തി വച്ചാളി ."
പനിച്ചു വിറയ്ക്കുന്ന ആയിശയ്ക്കൊപ്പം കരിമ്പടച്ചോട്ടിൽ കണ്ണോട് കണ്ണും നോക്കി ബിലാൽ കുറേ നേരം കിടന്നു ... !
തന്റെ സർവ്വ സാമ്രാജ്യവും ഘോര യുദ്ധത്തിനൊടുവിൽ അടിയറവു വെച്ച് പരിക്ഷീണനായി അങ്കത്തട്ടിൽ നിന്നും വരുന്ന ധീരയോദ്ധാവിനെപ്പോലെ ചാപ്പൻ നായർ വലിഞ്ഞുകയറി വന്നു ...!
"നി .. ഞ്ഞ് വിട്ടോ ... ആരേലും വന്നീനോ ..? "
ഞെട്ടിയുണർന്ന ബിലാൽ എഴുതിവെച്ച പേപ്പർ ചാപ്പൻനായർക്ക് നൽകി ചഞ്ചലചിത്തനായി ബെഞ്ചിലിരുന്നു
"അല്ല ഹിമാറേ ... ഇബ്ടെ വരുന്നോരേം പോന്നോരേം പേര് എയ്താൻ ഞാൻ പറഞ്ഞീനോ ... സാമാനം വാങ്ങുന്നോരെ പേര് എയ്താനല്ലേ പറഞ്ഞത് .. "
തന്റെ സ്വപ്നം തല്ലിക്കെടുത്തിയ ദേഷ്യം ഉള്ളിലൊതുക്കി ബിലാല് കടലാസ് വാങ്ങി വായിച്ചു ...
"അതെന്യാ എയ്തീത് .. കുട്ട്യോക്കർക്ക ബൺ ഒരു പേക്ക് ..."
അതും പറഞ്ഞ് അവൻ പോയി . ചാപ്പൻ നായർ അവൻ തന്ന കടലാസ്സ് നോക്കി ..
കുട്ട്യോക്കർക്ക വന്നൊരു പോക്ക് ...
ബിലാലിന്റെ പാണ്ഡിത്യം അങ്ങിനെ നാടറിഞ്ഞു ... കോരപ്പുഴയിലൂടെ വെള്ളം തടിച്ചും മെലിഞ്ഞും കലങ്ങിയും ഒരുപാടൊഴുകി ... ബിലാലിന്റെ ഉമ്മയുടെ മരണവും ബാപ്പയുടെ തിരോധാനവും കണ്ടാണിമംഗലം നിറമിഴിയോടെയേറ്റുവാങ്ങി .മൂപ്പിൽ നായരുടെ വയൽകുനിയിലുണ്ടായിരുന്ന ചെറ്റപ്പുര ഒരു കാലവർഷം കവർന്നെടുത്തതോടെ അവന്റെ മേൽവിലാസം കണ്ടാണിമംഗലം എന്നു മാത്രമായി. ചാപ്പൻ നായരുടെ
പീടികച്ചായ്പ്പിൽ ബിലാൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു തുടങ്ങി .
നാട്ടുകാരുടെ ഏതാവശ്യത്തിനും ബിലാലുണ്ടായിരുന്നു എന്നും മുന്നിൽ. അവൻ ചെയ്യാത്ത പണികളില്ല. പക്ഷെ ഒന്നിലും ഉറച്ച് നിൽക്കാറില്ല. ചാപ്പൻ നായര് പറയും
"ഓൻ ഓന്റെ ബാപ്പാനെ പോലെന്യാ.. പണ്ടാരി മുതൽ പൈക്കോച്ചോടം ബരെ ചെയ്യും .. പക്കെങ്കില് ഒന്നിലും ഒറയ്ക്കൂല "
കുട്ട്യോക്കറാക്കാന്റെ കുറ്റൂശ അടുത്തെത്തി .അവിടെ തകൃതിയായി പണി നടക്കുന്നു ... ബിലാല് എല്ലാത്തിനും സഹായിയായി അവിടെത്തന്നെയുണ്ട് .. ഇടയ്ക്കിടെ ആയിശയുടെ മിഴികൾ
അവനിലേക്കെത്താറുണ്ട് .. വലപ്പോഴും ആ മിഴികൾ തമ്മിലിടയും .കുറ്റൂശ ദിവസം അണിഞ്ഞൊരുങ്ങിയ ആയിശയെ ബിലാൽ കണ്ണ് നിറയെ നോക്കി നിന്നു ... അവളുടെ കടക്കൺ മിഴികളിലെ ഇന്ദ്രജാലങ്ങൾ അവന്റെ മനസ്സിൽ പൂത്തിരി കണക്കെ പൊട്ടിച്ചിതറി വർണ്ണജാലങ്ങൾ തീർത്തു.
അവളെ മംഗലം കഴിക്കാനുള്ള പൂതി ചാപ്പൻ നായരെ മടിയോടെയാണങ്കിലും അറിയിച്ചു .. നായരാണ് ഇപ്പോൾ ബിലാലിന്റെ രക്ഷിതാവ്'...
"ഉമ്മേം ബാപ്പേം ഇല്ലാത്തോൻ, കേറിക്കിടക്കാൻ പൊരണ്ടോ ഓന് ... എന്തെങ്കിലും ഒരു പണി മുയ്മനും അറിയോ .... ഓന് ഇമ്പളെ പൊരേല് പെണ്ണില്ല നായരെ ... ങ്ങള് ബേറെ ആളെ നോക്കിൻ "
കുട്ട്യോക്കറാക്കാന്റെ മുഖത്തടിച്ച പോലുള്ള മറുപടി നായരെ വിഷമത്തിലാക്കി .. പക്ഷെ അകത്തെ ചായ്പ്പിൽ ആ മറുപടി രണ്ടു മിഴികളെ ഈറനണിയിച്ചിരുന്നു ...
പെയ്തൊഴിയാൻ കാത്ത് നിൽക്കുന്ന കാർമേഘം രണ്ടു മൂന്ന് ദിവസം അന്തരീക്ഷത്തെ ചുട്ടുപൊള്ളിച്ചു.
"മോനെ ഇഞ്ഞ് വെശമിക്കരുത് .. എല്ലാത്തിനും ഒരു വഴിതെളിയും .പയേ പോലെ ഉശാറാവ് "
നായർ ബിലാലിനെ സമാധാനിപ്പിച്ചു.
"ഉപ്പ കൊച്ചീല്ണ്ടന്ന് ആരോ പറഞ്ഞീനു ... ഞാനൊന്നു പോയി നോക്ക്യാലോ നായരെ .. ങ്ങള് കൊച്ചീലൊക്കെ പോയതല്ലേ ...? "
"അതൊക്കെ പണ്ടല്ലേ ... ഇപ്പോ കൊച്ചി പയേ കൊച്ച്യല്ല ."
"കൊച്ചി പയേ കൊച്ചി ആയിരിക്കേല .. പക്കേങ്കില് ബിലാല് പയേ ബിലാല് തന്ന്യാ..."
ഈ വാചകം പിന്നീടും പലതവണ തന്നെ നിരുത്സാഹപ്പെടുത്തിയരോട് ബിലാൽ പറഞ്ഞിട്ടുണ്ട് ... വായ്മൊഴിയായും വരമൊഴിയായും ഇത് ഓരോ മലയാളിയുടേയും ചുണ്ടിൽ പറന്നെത്തിയതൊന്നുമറിയാതെ ഒക്കത്തൊരു കവറിൽ കുപ്പായവും മുണ്ടുമായി ഒരു ദീപാവലി ദിവസം അതിരാവിലെ പാലാരിവട്ടത്തെ റോഡ് സൈഡിൽ ബിലാൽ എത്തിയിരുന്നു. ...
ബാപ്പാനെ കണ്ടു പിടിക്കുക .. മാന്യമായി ആയിശാനെ പെണ്ണ് ചോദിക്കുക .... ഇത് മാത്രമായിരുന്നു അവന്റെ മനസ്സിൽ ...
ചിന്തകൾക്ക് തീ പിടിച്ചപ്പോൾ തൊട്ടടുത്ത് വന്നു നിർത്തിയ മിനിലോറിയിൽ ആരോ അവനെ പിടിച്ചു കയറ്റിയത് അവനറിഞ്ഞിരുന്നില്ല. ഓർമ്മകളിൽ നിന്നും മുക്തനായ അവൻ തനിക്ക് പരിചിതമല്ലാത്ത സംസാരത്തിൽ പകച്ചു നിന്നു .. വണ്ടി നിർത്തി എല്ലാരും ഇറങ്ങുമ്പോൾ അവനും ഇറങ്ങി ... മുമ്പിലെ ബോർഡിൽ 'കാക്കനാട് ' എന്നവൻ വായിച്ചെടുത്തു ...
"ഞാനെന്താ ഇബ്ടെ ...? "
കൂട്ടത്തിൽ പുതു വസ്ത്രമണിഞ്ഞയാളോട് ബിലാൽ തിരക്കി ...
അയാളവനെ സൂക്ഷിച്ചു നോക്കി ... "ഇവരൊക്കെ ബംഗാളികളാ ഇവിടെ പണിക്ക് വന്നതാ .നിങ്ങളോടാരാ ഇതിൽ കേറാൻ പറഞ്ഞത് ..."
"ഞാൻ ബാപ്പാനെ തിരക്കി വന്നതാ ... കൊച്ചീലുണ്ട് ."
"ഇന്ന് പണിക്കാര് കുറവാണ് .വേണമെങ്കിൽ കൂടിക്കോ .. ബാപ്പാനെ നമുക്കന്വേഷിക്കാം .. "
അങ്ങിനെ കണ്ടാണിമംഗലത്തെ ബിലാൽ കാക്കനാട്ട് വാർക്കപ്പണിക്കാരനായി .
പാതാളം ഷെമീറിന്റെ വിശ്വസ്തനായ പണിക്കാരൻ ...അധികം താമസിയാതെ ഗൾഫിലേക്ക് പറന്ന ഷമീറിന്റെ പണികളുടെ മേൽനോട്ടക്കാരനായി നമ്മുടെ ബിലാൽ ...
ഈ സമയത്തും കോരപ്പുഴ ഒഴുകുന്നുണ്ടായിരുന്നു .. കണ്ടാണിമംഗലത്തുകാർ ദിവസവും ബിലാലിനെ ഓർക്കും ... ഏതോ ഗൾഫുകാരൻ വന്ന് ആയിശയെ കെട്ടിക്കൊണ്ടുപോയി ... ചാപ്പൻ നായർ വല്ലാതെ വിഷമിച്ചിരുന്നു .. ബിലാലിനെ കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു.
മാസങ്ങളടർന്നു വീണെങ്കിലും ബിലാൽ വന്നില്ല. .. പക്ഷെ ആയിശ തിരിച്ചു വന്നു . ഗൾഫുകാരൻ എല്ലാവർഷവും ഭംഗിയായി നടത്താറുള്ള കല്യാണ മഹാമഹം ഏതോ നാട്ടുകാര് കണ്ടുപിടിച്ച് അയാളകത്തായി .. അതോടെ ആയിശ വഴിയാധാരമായി .. പുതിയ വീടും പറമ്പും പണയം വെച്ച് കുട്ട്യോക്കർക്ക നൽകിയ സ്ത്രീധനവും തിരിച്ചു കിട്ടിയില്ല.
ഇതിനിടെ ബിലാൽ തന്റെ സർഗ്ഗ ഭാവനകളെ പരിപോഷിപ്പിക്കാനായി രാത്രിയിൽ ബംഗാളികളെ മലയാളം പഠിപ്പിക്കാൻ തുടങ്ങിയിരുന്നു ... തന്റെ സ്വതസിദ്ധമായ ശുദ്ധമലയാളം പഠിക്കാൻ ബംഗാളികൾക്കു മാത്രമല്ല സാക്ഷാൽ കൊച്ചിക്കാർക്കു പോലും കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം
മാസപ്പിറവി മാനത്തുദിച്ചതോടെ ഷമീർ തിരിച്ചെത്തി ... ഇനി ഒരു മാസം പണിയുണ്ടാവില്ല ... ബിലാൽ ഇതിനിടെ ബാപ്പാനെ കുറേ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം ..
അങ്ങിനെ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ബിലാൽ കണ്ടാണിമംഗലത്തിന്റെ വിരിമാറിൽ പാദമൂന്നി .. പുതിയ കളികൾ പഠിച്ച അവനെ ഹർഷാരവത്തോടെ കണ്ടാണിമംഗലത്തുകാർ സ്വീകരിച്ചു. പുത്തൻ പണക്കാരന്റെ ഗർവ്വോടെ ആ നോമ്പു കാലം ബിലാൽ അവിടെ പറന്നു നടന്നു .നായർ അത്യുൽസാഹത്തിലായിരുന്നു..... കുട്ട്യോക്കർക്ക നായരുടെ പുറകേത്തന്നെ പുത്തൻ പ്രതീക്ഷയുടെ ചന്ദ്രിക തെളിയുന്നതും പ്രതീക്ഷിച്ച് ഒരേ നടപ്പാണ്.
പെരുന്നാൾ പിറ മാനത്തുദിച്ചതോടെ കണ്ടാണിമംഗലത്ത് ആഘോഷം തുടങ്ങി .. ആഘോഷരാവിൽ ആയിശയുടെ മധുരമിഴികൾ ബിലാലിനെത്തേടി ... തന്റെ മനസ്സിലെ തേൻ നിലാവായി അവൻ അയിശയെ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല ... ബിലാലും ... അവന്റെ പുത്തൻ കാറിൽ വിരലുകൾ കോർത്ത് ആയിശയുമുണ്ട് .. പുതിയ ലോകത്തിന്റെ വാതായനങ്ങൾ തള്ളിത്തുറന്ന് അവന്റെ കാർ അതിശീഘ്രം കുതിച്ചു.
അവസാനിച്ചു ...
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo