നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പപ്പയുടെ സ്വന്തം മിന്നൂസ്


പപ്പാ, മിന്നുമോൾക്ക് നന്നായി പേടിയാകുന്നുണ്ട്, വിശക്കുന്നുമുണ്ട്, വെള്ളം കുടിയ്ക്കാനും തോന്നുന്നുണ്ട് പക്ഷെ കിച്ചനിൽ ലൈറ്റിട്ടിട്ടില്ല പിന്നെ എങ്ങിനെ ഇരുട്ടത്ത് പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കും, മിന്നൂന് ഇരുട്ട് പേടിയാണെന്ന്
പപ്പയ്ക്കറിയില്ലേ, ഈ പപ്പ എവിടെയാണ് എത്ര നേരമായി പോയിട്ട്. കുറെ രാത്രിയായോ, നേരമെത്രയായി എന്നറിയുന്നില്ല, ക്ലോക്കിൽ നോക്കിയിട്ട് ഒരു സൂചി പന്ത്രണ്ടിലും ഒരു സൂചി ഒന്നിലും അപ്പോൾ എത്ര മണിയാണ്, വലിയ സൂചിയുള്ളതിനെ നോക്കിയാണ് സമയം പറയുന്നത് എന്ന് മമ്മി ഇന്നാള് പഠിപ്പിച്ചതാണ് പക്ഷെ മറന്നു പോയി, വലുത് എന്ന് പറയുന്നത് നീളം കൂടിയ സൂചിയേ ആണോ, അതോ വണ്ണം കൂടിയതിനെയാണോ? ആർക്കറിയാം. എന്തായാലും
ഇപ്പോൾ എത്ര മണിയായെന്ന് അറിയില്ല. പപ്പ പോകാൻ നേരം ഫോൺ വന്നപ്പോൾ പറയുന്നതു കേട്ടത് പത്തര മണി ആയി എന്നായിരുന്നു.
താനും പപ്പയും ഷോപ്പ് അടച്ച്
പോന്നിട്ട് വണ്ടി പാർക്ക് ചെയ്ത് റൂമിൽ കയറിയ നേരത്താണ് ആരോ എന്തോ സാധനത്തിന് വിളിച്ചത്. അപ്പോഴാണ് പപ്പ പറഞ്ഞത് ഒന്ന് ഷോപ്പിൽ പോയിട്ട് വരാം എന്ന്, പക്ഷെ വണ്ടിയെടുക്കുന്നില്ല
പെട്ടെന്ന് നടന്നു ചെന്ന് സാധനം എടുത്തു കൊടുക്കട്ടെ. അതുകൊണ്ട് മിന്നുമോൾ റൂമിൽ ഇരുന്നോ പപ്പ പെട്ടെന്ന് പോയിട്ട് വരാം. തിരിച്ചു വരുമ്പോൾ കിൻ്റർ ജോയും, ഐസ്ക്രീമും എല്ലാം വാങ്ങി കൊണ്ടുവരാം എന്നെല്ലാം പറഞ്ഞത് കൊണ്ടാണ് മോളും കൂടെ പോകാതിരുന്നത്. പപ്പ പുറത്തു നിന്ന് ഡോറും പൂട്ടി പോയി. മോൾ കാർട്ടൂണും കണ്ടിരുന്നു. പക്ഷെ കുറെ നേരമായിട്ട് പപ്പയെ കാണാതിരുന്നതിനാൽ ആണ് മോൾക്ക് അകെ പേടിയാകുന്നത്.
അയ്യോ പപ്പ നേരത്തെ പറഞ്ഞിരുന്നു നാളെ രാവിലെ എയർപോർട്ടിൽ പോകേണ്ടതാണെന്ന്. മമ്മിയും അനിയത്തി വാവയും നാളെ രാവിലെ തിരിച്ചെത്തും. മമ്മിയ്ക്ക് ഒരു ടെസ്റ്റ് എഴുതാനുള്ളതിനാൽ രണ്ടു ദിവസത്തേയ്ക്ക് അവർ നാട്ടിൽ പോയതാണ്. ഇന്ന് രാത്രിയാണ് അവരുടെ ഫ്ലൈറ്റ്. മമ്മി ചിലപ്പോൾ വിളിച്ചിട്ടുണ്ടെങ്കിലും അത് പപ്പയുടെ ഫോണിലേയ്ക്ക് ആയിരിക്കും. ഇപ്പോൾ മമ്മി എങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ പേടി പോയേനേ. ഇത് അവിടെയും ഇവിടെയും എല്ലാം എന്തെങ്കിലുമെല്ലാം ഒച്ചകൾ കേൾക്കുമ്പോൾ മോൾ അകെ പേടിച്ച് വിറച്ച് പോകുന്നു. അതിനാൽ സോഫയിലേയ്ക്ക് ഒന്നു കൂടെ ചുരുണ്ടുകൂടി ഇരുന്നു.
ഉറക്കവും വരുന്നുണ്ടെന്ന് തോന്നുന്നു. കണ്ണടഞ്ഞു പോകുന്നു, കഴിഞ്ഞ വർഷം യൂകെജിയിൽ ചേർത്തപ്പോൾ മുതൽ മമ്മി നേരത്തെ കിടത്തി ഉറക്കിയതിനാൽ എന്നും ഈ സമയം
ആകുമ്പോൾ തന്നത്താൻ ഉറക്കം വന്നു പോകും.
ദാ ഫോൺ അടിയ്ക്കുന്നുണ്ടല്ലോ, പപ്പയാണ്, ടിവി സ്റ്റാൻഡിൽ ഇരിയ്ക്കുന്ന തൻ്റെ ചെറിയ ഫോണിലേയ്ക്ക് പപ്പ മാത്രമേ വിളിക്കാറുള്ളു.
ഹലോ പപ്പാ, എവിടെയാണ് പെട്ടെന്ന് വാ, മോൾ ആകെ പേടിച്ചിരിയ്കുകയാണ്. ഇപ്പോൾ എത്തുമെന്നോ, ഹായ് പപ്പ ഐസ് ക്രീമും,, കിൻ്റർ ജോയിയെല്ലാം വാങ്ങിന്നോ, ഐ ലവ് പപ്പാ, സോ മച്ച്.
അയ്യോ എന്താ പപ്പേ ഒരൊച്ച കേട്ടത് , മോളേന്ന് വിളിച്ച് പപ്പയെന്താ കരഞ്ഞേ, ഹലോ, ഹലോ ഫോൺ നിലത്തു വീണോ, പൊട്ടിയോ, ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ, പപ്പാ, പപ്പാ.
മോൾ കരയാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് പപ്പയ്ക്കറിയാമോ. കുഞ്ഞിക്കൈ കൊണ്ട് ഫ്ലാറ്റിൻ്റെ മുൻ വാതിലിൽ മോൾ എത്ര നേരമായി തട്ടി വിളിയ്ക്കുന്നു, കൈയ്യെല്ലാം, വേദനിച്ച് ചുവന്നു പക്ഷെ ആരും കേൾക്കുന്നില്ലല്ലോ. പേടിച്ചിട്ട് ഒച്ചയൊന്നും പുറത്തേയ്ക്ക്
വരുന്നില്ല. വാതിലിൽ ചാരി ഇരുന്ന് ഉറങ്ങി പോയെന്നു തോന്നുന്നു, പിന്നെയും ഫോൺ വന്നപ്പോളാണ് മോൾ ചാടി എഴുന്നേറ്റ് കണ്ണു തുറന്നു നോക്കിയത്. പപ്പയായിരിക്കും, പുറത്തെത്തിയിട്ടുണ്ടെന്ന് തോന്നുന്നു. പപ്പയെ കാണാൻ കൊതിയാകുന്നു എത്ര നേരമായി പപ്പ തന്നേ ഒറ്റയ്ക്കാക്കി പോയിട്ട് എന്നാലും തനിക്ക് പപ്പയോട് ദേഷ്യമൊന്നുമില്ല, സ്നേഹം മാത്രമേ ഉള്ളൂ, പപ്പയ്ക്കും തന്നോട് എന്തു സ്നേഹമാണ്. തൻ്റെ പൊന്നു പപ്പയാണ്, പപ്പയുടെ സ്വന്തം മിന്നൂസാണ്, സ്നേഹത്തോടെ തന്നെ കൊഞ്ചി വിളിക്കുന്നത് മിന്നൂസേ എന്നല്ലേ, ഹായ് പപ്പ വന്നല്ലോ.
ഹലോ പപ്പയല്ലല്ലോ, മമ്മിയാണോ, മമ്മി ഇവിടെ എത്തിയോ, മമ്മിയും, പപ്പയും പുറത്തുണ്ടോ, മമ്മിയുടെ കൈയ്യിൽ ചാവിയില്ലേ, പെട്ടെന്ന് തുറക്കു മമ്മീ , മോൾക്ക് നിങ്ങളെ എല്ലാം പെട്ടെന്ന് കാണണം. മോളാകേ പേടിച്ചു പോയി മമ്മീ, പപ്പയോട് മിണ്ടണ്ടാട്ടോ, മോളെ ഇവിടെ ഒറ്റയ്ക്കാക്കിയാണ് പപ്പ എയർപോർട്ടിലേക്ക് വന്നത്.
മമ്മി ഇപ്പോഴും എയർപോർട്ടിലാണോ, പപ്പയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നോ, പപ്പ ഇവിടെ ഇല്ല മമ്മീ, പപ്പ രാത്രി ഷോപ്പിലേയ്ക്ക് പോയിട്ട് ഇതുവരേ വന്നില്ല, മോളിവിടെ പേടിച്ചിരിയ്ക്കുവാ. മമ്മി എന്താണ് കരയുന്നത്. മമ്മി പെട്ടെന്ന് എത്തില്ലേ. മോൾക്ക് വിശക്കുന്നുണ്ടമ്മേ, വെള്ളവും വേണം.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് മോൾ ഉറക്കം ഉണർന്നത്. മമ്മിയേയും, അനിയത്തി വാവയേയും കണ്ട ഉടനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു, മമ്മി കൈയ്യിലിരുന്ന വെള്ളക്കുപ്പി തുറന്ന് മോൾക്ക് കുടിയ്ക്കാനായി വെള്ളവും, കൂടെ കേക്കും തന്നു. പപ്പയെ അവരുടെ കൂടെ കാണാതെ തിരക്കിയപ്പോഴാണ് മമ്മി പറഞ്ഞത് പപ്പയ്ക്ക് ഇന്നലെ രാത്രി ഒരു ചെറിയ അപകടം പറ്റിയിട്ട് ആശുപത്രിയിൽ ആണ്. ഇപ്പോൾ കുറവുണ്ട്. മരുന്നിൻ്റെ മയക്കത്തിൽ ആണ്. നമ്മൾ ചെല്ലുന്ന നേരത്തേയ്ക്ക് ഉണർന്നിട്ടുണ്ടാവും. മമ്മി വന്ന ടാക്സി പുറത്തു കിടക്കുന്നുണ്ട്, അതിൽ നമുക്ക് പപ്പയെ കാണാൻ പോകാം.
അങ്ങിനെ പപ്പയുടെ സ്വന്തം മിന്നൂസ് പപ്പയെ കാണാൻ പോകുകയാണ്, നിങ്ങളും വരുന്നുണ്ടോ?
മോളും മമ്മിയും ആശുപത്രിയിൽ ചെന്നു കയറിയതും പപ്പയുടെ ബോധം തെളിഞ്ഞ് മിന്നു മോളെ നോക്കി മഞ്ഞുപോലെ പുഞ്ചിരിച്ചതും ഒരേ സമയത്തായിരുന്നു. മിന്നുമോളുടെ പേടിയെല്ലാം പോയി, സന്തോഷമായി.

By: PS Anilkumar Devidiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot