Slider

ചന്ദനംപെറ്റ പെണ്ണ് - Part 1

0

സുല്ത്താൻ ബത്തേരി താലൂക്ക് ഓഫീസിലെ തന്റെ ക്യാബിനിൽ എമർജൻസി ഫയലുകൾ നോക്കിത്തീർക്കുന്ന തിരക്കിലായിരുന്നു പൊതുഭരണ വിഭാഗം എൽ ഡി ക്ലാർക്ക് ശ്രീജ. വൈകുന്നേരത്തിനു മുമ്പുതന്നെ ഫയൽ തഹശീൽദാർക്ക് സബ്മിറ്റ് ചെയ്യണമെന്നാണ് യു ഡി ക്ലാർക്കിന്റെ ഉത്തരവ്.വനംവകുപ്പിലേക്ക് തിരിച്ചയക്കാനുള്ള ഫയലുകളാണ്. നളെ രണ്ടാംശനിയാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ സാമാന്യത്തിൽ അധികം തിരക്കുണ്ട്. ഇനി രണ്ടു ദിവസം കഴിഞ്ഞേ ഓഫീസിലെത്തേണ്ടതുള്ളൂ അതിനാൽ അത്യാവശ്യ ഫയലുകൾ വേഗം നോക്കിക്കൊടുക്കണം. പൊതുഭരണ ഡിപ്പാർട്ട്മെന്റിൽ അവളെ കൂടാതെ ക്ലാർക്കുമാർ ആറുപേരുണ്ട്. എല്ലാവരും പേരിന് ജോലിയും ബാക്കിയുള്ള സമയം അവരുടെ സർവ്വീസ് സംഘടനകളുടെ പ്രവർത്തനങ്ങളുമായി നടക്കുന്നു. ശമ്പളം മുടങ്ങാതിരിക്കാൻ പലരും സമയത്തിന് ഓഫീസിൽ വന്ന് പഞ്ചിംങ് നടത്തിയിട്ട് മുങ്ങും.ആരും ആരേക്കുറിച്ചും പരാതി പറയാറില്ല എല്ലാവർക്കും അവരേപ്പോലുള്ളവരുടെ സഹായമില്ലാതെ ഈ ഓഫീസിൽ പിടിച്ചുനില്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവും താരതമ്യേനെ അവരേക്കാൾ ജൂനിയറായതുകൊണ്ട് മറുത്താെന്നും പറയാനും ശ്രീജ ശ്രമിക്കാറില്ല. അവർ നിർദ്ദേശിക്കുന്ന ഫയലുകൾ അവൾ മടി കൂടാതെ നോക്കിക്കൊടുക്കും. ഫയലിന്റെ അടിയിൽ സീല് പതിപ്പിച്ച് അവർ ഒപ്പ് ഇട്ടുകൊള്ളും. എങ്കിലും ആരേയും വെറുപ്പിക്കാതെ അവൾ ജോലി ചെയ്യുന്നു.
ഫയലുകളുമായുള്ള ദ്വന്ദയുദ്ധത്തിനുശേഷം ഉച്ചഭക്ഷണത്തിനു പോകാനായ് സമയം നോക്കിയപ്പോൾ രണ്ടരമണി കഴിഞ്ഞിരുന്നു. അവൾ വേഗം ഫയലുകൾ മടക്കിവച്ച് കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്തു. തന്റെ ഷോൾഡർ ബാഗും എടുത്ത് കാന്റീനിലേക്ക് പോകാൻ തുടങ്ങുമ്പോൾ പ്യൂൺ ലക്ഷ്മിയമ്മ അവളുടെ അടുത്തുവന്നു.
"സാറേ ... സാറിനെ കാണാൻ ഒരാളുവന്നിട്ടുണ്ട് അവിടിരിപ്പുണ്ട്. നേരിൽ കണ്ടു സംസാരിക്കണമെന്നാണ് പറഞ്ഞത് ഇങ്ങോട്ട് വിളിക്കണോ.?"
"ഇപ്പോ വേണ്ട ലക്ഷ്മിയമ്മേ... എനിക്ക് നല്ല വിശപ്പൊണ്ട് ചോറുണ്ണാനിപ്പത്തന്നെ താമസിച്ചു ഇനിയും വൈകിയാൽ വയറ്റില് ഗ്യാസുകേറും. അയാളോട് ഒരരമണിക്കൂർ കഴിഞ്ഞ് വരാൻ പറയൂ. "
"ഓ.. ശരി സാറേ.. ഞാൻ പറയാം "
അവർ തലയാട്ടിക്കൊണ്ട് പറഞ്ഞു.
ശ്രീജ ക്യാന്റീനിലേക്കുപോയി.
കൃത്യം അരമണിക്കൂറിനു ശേഷം ഭക്ഷണം കഴിച്ച് തിരിച്ചുവന്ന അവൾ പ്യൂൺ ലക്ഷ്മിയമ്മയെ വിളിച്ച് പുറത്ത് തന്നെ കാണാൻ കാത്തുനില്ക്കുന്ന അയാളെ വിളിക്കാൻ പറഞ്ഞു പിന്നീട് തന്റെ കമ്പ്യൂട്ടർ ഓണാക്കി ജോലി ചെയ്യാൻ തുടങ്ങി.
"നമസ്ക്കാരം സാറേ "
"നമസ്ക്കാരം "
വന്ന അയാളുടെ ഉപചാരവാക്കിന് മറുപടി പറഞ്ഞുകൊണ്ട് അവൾ മുഖമുയർത്തി നോക്കി. കാഴ്ച്ചയിൽ ആയാൾക്ക് ഏകദേശം അമ്പതുവയസ്സോളം പ്രായമുണ്ടെന്നു തോന്നി.
"വരൂ ഇങ്ങോട്ടിരിക്കാം "
അവൾ തന്റെ മേശയ്ക്കു മുന്നിലുള്ള കസേരകളിൽ ഒന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു.
" വേണ്ട സാർ ഞാനിവിടെ നിന്നോളാം"
അദ്ദേഹം വിനയത്തോടെ ഇരിക്കാൻ മടിച്ചുകൊണ്ട് പറഞ്ഞു.
" സാരമില്ല ഇരുന്നോളൂ നിങ്ങളെപ്പോലെയുള്ളവർക്ക് ഇരിക്കാനാണ് സർക്കാർ ഇവിടെ കസേരകൾ വാങ്ങിയിട്ടിരിക്കുന്നത് നിങ്ങൾ ഇരുന്നോളൂ. ഇരുന്ന് സംസാരിച്ചാൽ മതി"
അയാൾ ഇരുന്നു.അവളുടെ മുഖത്തേക്ക് വിഷാദഭാവത്തിലൊന്നുനോക്കി പുഞ്ചിരിച്ചു പിന്നീട് ഒന്നും പറയാതെ അവളുടെ ക്യാബിൻ മുഴുവനും വീക്ഷിച്ചു. അദ്ദേഹം ഉള്ളിൽ വളരെയേറെ സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ ശ്രീജയ്ക്കുതോന്നി. തന്റെ സീറ്റിന്റെ അടിയിൽ വച്ചിരിക്കുന്ന വെള്ളക്കുപ്പിയെടുത്ത് അയാൾക്കു നീട്ടിക്കൊണ്ട് പറഞ്ഞു.
"ഇതാ കുറച്ചു വെള്ളം കുടിക്കൂ..."
അയാൾ അതു വാങ്ങാൻ മടിച്ചപ്പോൾ അവൾ നിർബന്ധിച്ചു.
"സാരമില്ല കുടിച്ചോളു, ജീരകവെള്ളമാണ്..."
കുപ്പി വാങ്ങി അടപ്പു തുറന്നു ഒരഞ്ചാറു കവിൾ വെള്ളം കുടിച്ച ശേഷം അടപ്പടച്ച് വെള്ളക്കുപ്പി തിരിച്ച് അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
" ഒത്തിരി നന്ദി മോളേ .."
അതു പറയുമ്പോൾ എന്തിനെന്നറിയാതെ ആ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾവിതുമ്പിയിരുന്നു.
"എന്താ ചേട്ടന്റെ പേര് എവിടെന്നാ വരുന്നേ? "
തന്റെ തോളത്തു കിടന്ന വെള്ളത്തോർത്തിന്റെ തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചുകൊണ്ട് അവളുടെ ചോദ്യങ്ങൾക്ക് അയാൾ മറുപടി പറഞ്ഞു.
“എന്റെ പേര് രാഘവൻ..ഗൂഡല്ലൂരിന്നാണ് വരുന്നേ "
" ഓ... അതുശരി എന്താണ് കാര്യം, എന്തു സഹായമാണ് നിങ്ങൾക്കു വേണ്ടത്? ഗവർമെന്റിന്റെയാണെങ്കിൽ നിങ്ങൾക്ക് ഇവിടെന്നൊന്നും ലഭിക്കില്ല സ്റ്റേറ്റു മാറിപ്പോയി നിങ്ങളുടെ താലൂക്കാഫീസറെപ്പോയി കണ്ടാൽ മതി നീലഗിരി ജില്ലയല്ലേ? പിന്നെ വേറെ അപേക്ഷയെന്തെങ്കിലും കൊടുക്കാനാണെങ്കിൽ ഇവിടെ എന്റെയടുത്തല്ല തരേണ്ടത് പുറത്തെ കൗണ്ടറിൽപോയി ഫോംവാങ്ങി പൂരിപ്പിച്ചു തഹശീൽദാർക്ക് നേരിട്ടു നല്കിയാ മതി"
"അയ്യോ.. അതിനല്ല. പരാതി പറയാനോ അപേക്ഷ നല്കാനോ അല്ല ഞാൻ വന്നത് മോളെയൊന്നു കാണാൻ വേണ്ടി മാത്രം വന്നതാണ് "
"ങ്ങേ...എന്നെക്കാണാനോ ..എന്തിന് ...എന്തു കാര്യത്തിന്?"
അവൾ അത്ഭുതത്തോടെ ചോദിച്ചു.അവൾക്ക് ദേഷ്യം വന്നു ഓഫീസിൽ പിടിപ്പതു പണിയുണ്ട് വെറുതേ കളയാൻ സമയം ഒട്ടുമില്ല അതിനിടയിലാണ് ഈ തമാശ.
" നോക്കൂ ഇവിടിപ്പോൾ തിരക്കുള്ള സമയമാണ് എനിക്കാണെങ്കിൽ വൈകുന്നേരത്തിനുള്ളിൽ തീർക്കേണ്ട ഒരുപാടു ജോലിയുണ്ട് വെറുതെ സമയം മെനക്കെടുത്താതെ നിങ്ങൾ വന്ന കാര്യം പറഞ്ഞിട്ടു പോകൂ "
അവൾ അല്പം നീരസത്തോടെ പറഞ്ഞിട്ട് മേശയുടെ സൈഡിലിരുന്ന ബെല്ലിൽ വിരലമർത്തി. കുറച്ച് കഴിഞ്ഞപ്പോൾ പ്യൂൺ ലക്ഷ്മിയമ്മ വന്നു ചോദിച്ചു.
"എന്താണ് സാർ?"
" ഇയാളിവിടെ വെറുതെയെന്റെ സമയം കളയാൻ വന്നിരിക്കുവാ ലക്ഷ്മിയമ്മേ, ഇങ്ങേരോട് ചോദിച്ച് കാര്യങ്ങൾ എന്തെന്നു മനസ്സിലാക്കൂ. അല്ലെങ്കിലിയാളോട് പോകാൻ പറയൂ "
ലക്ഷ്മിയമ്മ രാഘവനെ നോക്കി കണ്ണുകൾകൊണ്ട് പുറത്തേക്ക് വരുവാൻ ആഗ്യം കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. ശ്രീജയെ വീണ്ടുമൊന്ന് നോക്കി തോർത്തിന്റെ തലപ്പുകൊണ്ട് തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അയാൾ അവളുടെ ക്യാബിനിൽനിന്നും പുറത്തിറങ്ങി ഓഫീസിന്റെ ഇടനാഴിയിലെ ഒരു തൂണിൽ ചാരി ലക്ഷ്മിയമ്മ നില്പുണ്ടായിരുന്നു. അവർ അയാളെ കൈമാടി വിളിച്ചു.
" ഇന്ന് സാറിന് പിടിപ്പതു പണിയൊണ്ട് അതായിങ്ങനെ ദേഷ്യപ്പെടുന്നേ.. പിന്നെയാക്കൊച്ചാളൊരു പാവാ ഈ താലൂക്കോഫീസിലെ ഏറ്റോം തങ്കപ്പെട്ട സ്വഭാവമൊള്ളതും അതിനാ, നായപൈസ കൈക്കൂലി വാങ്ങിക്കൂല നമ്മള് മനസ്സറിഞ്ഞ് കൊടുത്താലും വാങ്ങൂല നല്ല വഴക്കും പറയും അതോണ്ടെന്താ ഇവടെ ബാക്കിയുള്ളോർക്ക് ആ കൊച്ചിനെ കണ്ണെടുത്താൽ കണ്ടൂട. ആക്കൊച്ചിന് അതിന്റമ്മ ലക്ഷ്മിയേടത്തീടെ സ്വവാവമാ കിട്ടിയേക്കുന്നേ. അതോണ്ടെന്നാ എന്നെ വല്യ കാര്യാക്കൊച്ചിന് അവടെ അമ്മേടെ പേരാ എനിക്കും ലക്ഷ്മീന്ന്."
ചിരപരിചിതയെപ്പോലേ അവർ അയാളെനോക്കി തലയാട്ടിച്ചിരിച്ചു.
" ങ്ഹാ .. അതുപോട്ടെ നിങ്ങള് വന്ന കാര്യം പറ എന്താ പ്രശ്നം?"
അവർ പറഞ്ഞു നിറുത്തി രാഘവന്റെ മുഖത്തു നോക്കി ചോദിച്ചപ്പോൾ അയാൾ ആ നോട്ടം നേരിടാനാകാതെ പുറത്തേക്കു നോക്കി അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ലക്ഷ്മിയമ്മയെ അത്ഭുതപ്പെടുത്തി.പെട്ടന്നു എന്തോ ഓർമ്മ വന്നതുപോലേ ചോദിച്ചു.
"ഞാനിപ്പഴാ ഓർത്തേ കഴിഞ്ഞ കൊറേ ദെവസങ്ങളായിട്ട് നിങ്ങളിവിടെയൊക്കെ കറങ്ങി നടക്കുന്നത്‌ കാണുന്നൊണ്ടല്ലോ? എന്നതാ കാര്യം?"
"ഒന്നുമില്ല സാറേ... ഞാൻ പോക്വാ പിന്നെ വരാം "
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാളോട് ലക്ഷ്മിയമ്മ പറഞ്ഞു:
"നിക്ക് നിക്ക് പോകാൻ വരട്ടേ എന്തൊണ്ടെങ്കിലും എന്നോടു പറഞ്ഞാ മതി ഇനിയാകൊച്ചിനേക്കൊണ്ടെന്തെങ്കിലും കാര്യം സാധിക്കാനൊണ്ടെങ്കി അതും പറ ഞാനവളോട് സംസാരിച്ച് ശര്യാക്കിത്തരാം എന്നെ വിശ്വസിച്ചോളൂ ഞാനാരോടും പറയില്ല. ഇങ്ങനെയൊരുപാടു പേർക്കുവേണ്ടി ഞാമ്പലതും ചെയ്യാറൊണ്ട് അത് നിങ്ങടെ കൈയ്യിന്നെന്തെങ്കിലും കിട്ടൂന്നോർത്തല്ല. "
അയാൾ നിറമിഴികളോടെ ലക്ഷ്മിയമ്മയെ നോക്കി
"വെഷമിക്കണ്ട നിങ്ങള് കാര്യമെന്താണെന്നു പറ, ദേ.. ഇതൊരു സർക്കാരോഫീസാണ് പോരാത്തതിന് അവിടെ ഇവിടെയൊക്കെ ക്യാമറയൊണ്ട് ആരേലും നമ്മളെയിങ്ങനെ കണ്ടാ തെറ്റിദ്ധരിക്കും"
ലക്ഷ്മിമിയമ്മയുടെ ശബ്ദത്തിനു വന്ന മാറ്റം മനസിലാക്കിയിട്ടാകണം ചുണ്ടുകൾ കടിച്ചു പിടിച്ച് തന്റെ സങ്കടം നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. അപ്പോൾ അതു വഴി വന്നവർ അവരെ ശ്രദ്ധിച്ചുകൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു.
"സാറേ.. എനിക്കൊന്നും പറയാനില്ല ഞാമ്പാേവാണ് "
എന്തെങ്കിലും മറുപടി പറയുന്നതിനും മുമ്പേ രാഘവൻ പുറത്തേക്കു നടന്നു. അതുകണ്ടു ഒന്നും മനസ്സിലാവാതെ പിറുപിറുത്തുകൊണ്ട് ലക്ഷ്മിയമ്മ ഓഫീസിനകത്തേക്കുപോയി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo