----------------------------
അകത്തേക്ക് കയറിയ ആൾ അയാളുടെ കൈയിലിരുന്ന മൊബൈലിലെ ലൈറ്റ് ഓൺ ചെയ്തു..ആ വെളിച്ചത്തിൽ മുറിയുടെ ഒരു കോണിൽ ഒരു ടോർച്ചും പിടിച്ച് പേടിച്ച് ചുരുണ്ടു കൂടി ഇരിക്കുന്ന ദേവിയെ കണ്ടു.അവൾ കൈകൾ കൊണ്ട് മുഖം മറച്ച് പിടിച്ചിരുന്നു.
അയാൾ അടുത്തെത്തിയതും അവൾ പേടിച്ച് ഒന്നുകൂടി ചുരുണ്ടു കൂടി.
"പേടിക്കണ്ട..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല..എന്നെ ഓർമ്മയുണ്ടോ?"ആ ശബ്ദം കേട്ടതും ദേവി ഒന്ന് ഞെട്ടി.
കണ്ണ് തുറന്ന് നോക്കിയതും മുൻപിൽ തന്റെ നേരെ മൊബൈലും പിടിച്ച് തന്നെ തന്നെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ദേവി തരിച്ചിരുന്നു!
"രാഗേഷേട്ടൻ!" ദേവിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"അപ്പൊ മറന്നിട്ടില്ല അല്ലെ?"അവൻ താഴെ ദേവിയുടെ അടുത്ത് ചമ്രം പടഞ്ഞിരുന്നു.
മൊബൈളിലെ ലൈറ്റ് ഓഫ് ചെയ്യാതെ അവരുടെ സൈഡിലായി ഭിത്തിയിൽ ചാരി വെച്ചു.
"ഞാൻ എത്ര വർഷങ്ങൾ കൂടിയാ ഇന്ത്യയിലേക്ക് വരുന്നതെന്ന് അറിയാമോ?എന്റെ രാഖി പോയപ്പോ പോലും ഞാൻ വന്നില്ല.ജീവനില്ലാത്ത അവളുടെ തണുത്ത് മരവിച്ച ശരീരം കാണാൻ വയ്യ.ചിരിച്ച് കളിച്ച് നടക്കുന്ന ഒരു പെങ്ങളുടെ മുഖം എന്റെ മനസ്സിൽ ഉണ്ട്.എന്റെ മരണം വരെ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ."രാഗേഷ് പറഞ്ഞു.
"അമ്മയും അച്ഛനും ഒരു ഡിസ്റ്റൻസ് ഇട്ടല്ലാതെ ഞങ്ങളോടൊരിക്കലും അടുത്ത് പെരുമാറിയിട്ടില്ല.അമ്മമാർക്ക് പെണ്മക്കളോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരിക്കും.പക്ഷെ ഞങ്ങളുടെ അമ്മ അവളുടെ കൂടെ ഒന്നിരിക്കുന്നതോ ചിരിച്ച് സംസാരിക്കുന്നതൊ ഒന്നും ഞാൻ കണ്ടിട്ടില്ല. എല്ലാവരും ഉണ്ടായിട്ടും ഞങ്ങൾ ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.ഞങ്ങളുടെ ഇടയിലേക്ക് നീ വന്നപ്പോ ഒരു പുതിയ കൂട്ട് കിട്ടിയതിൽ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു.ഒരു പെണ്ണിന് അവളുടെ ആങ്ങളയോട് സംസാരിക്കാൻ പറ്റുന്ന കാര്യങ്ങൾക്ക് കുറച്ച് പരിമിതികൾ കാണുമല്ലോ.അതുകൊണ്ട് നിന്റെ വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവളായിരുന്നു. ഹയർ സ്റ്റഡീസിന് വേണ്ടി ഞാൻ എബ്രോഡ് പോയപ്പോൾ അവളെ ഞാൻ എന്റെ കൂടെ വിളിച്ചു.അവളുടെ ആദ്യത്തെ ഡിമാൻഡ് നിന്നെ കൂടെ കൂട്ടണമെന്നായിരുന്നു.പക്ഷെ നിനക്ക് നാട് വിട്ട് വരാൻ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല.ആ ഒറ്റ കാരണം കൊണ്ട് അവളും എന്റെ കൂടെ വരാൻ തയ്യാറായില്ല.എന്റെ കൂടെ അന്നവൾ വന്നിരുന്നെങ്കിൽ ഇന്നൊരുപക്ഷേ അവൾ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു.."രാഗേഷിന്റെ സ്വരം ഇടറി.ദേവി മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
"കോളേജിൽ കയറിയ ദിവസം മുതൽ രാഖി മരിക്കുന്നതിന്റെ തലേന്ന് വരെ അവളെ ഞാൻ എന്നും വിളിക്കുമായിരുന്നു.എല്ലാവരുടെയും എല്ലാ വിശേഷങ്ങളും അവൾ എന്നോട് പറഞ്ഞിരുന്നു.കോളേജിലെ വിശേഷങ്ങളും തമാശകളും ഫോട്ടോ കോണ്ടെസ്റ്റിലേക്ക് അയക്കുന്ന ഫോട്ടോസ് എല്ലാം റിജെക്ട് ആവുന്നതും പഠിക്കാത്തതിന്റെ പേരിൽ നീ അവളെ വഴക്ക് പറയുന്നതും ഒക്കെ പറഞ്ഞ് അവൾ ചിരിക്കും..നിന്നെ അവൾക്ക് എന്തിഷ്ടമായിരുന്നെന്നോ .സ്വന്തം അമ്മയോട് പോലും തോന്നാത്ത അടുപ്പം അവൾക്ക് നിന്നോടുണ്ടായിരുന്നു. അലക്സിനോടുള്ള അടുപ്പവും അവൾ എന്നോട് പറഞ്ഞിരുന്നു.അതേപോലെ നീ അവൾക്ക് വേണ്ടി വേണ്ടാന്ന് വെച്ച ഒരിഷ്ടവും രാഖി എന്നോട് പറഞ്ഞു."രാഗേഷ് പറഞ്ഞു.ദേവി പെട്ടെന്ന് അവനെ നോക്കി."നിനക്ക് അലക്സിനോടുള്ള ഇഷ്ടം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അവൾ ഏത് വിധേനെയും നിങ്ങളെ ഒരുമിപ്പിച്ചേനേം.വളരെ വൈകിയാണ് അറിഞ്ഞതെങ്കിലും അവൾ നിനക്ക് വേണ്ടി അവനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നു.അങ്ങനെ ഉള്ള എന്റെ പാവം പെങ്ങളെ നീ എന്തിനാ ദേവി കൊലയ്ക്ക് കൊടുത്തത്?"രാഗേഷിന്റെ ചോദ്യം കേട്ട് ദേവി പൊട്ടിക്കരഞ്ഞു.
"നിനക്കും അവളെ ജീവനായിരുന്നു എന്നെനിക്കറിയാം.ഞാൻ ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ നിങ്ങളെ കാണാൻ തുടങ്ങിയത്.പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുറെ ഉണ്ട്..അന്ന് ഹർത്താൽ ദിവസം രാഖി എന്തിനാണ് പൂട്ടികിടന്നിരുന്ന അംബാ മിൽസിൽ പോയത്?എന്തിനാണ് അവൾ അംബാ മിൽസിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്?"രാഗേഷ് ചോദിച്ചു..ദേവി കരഞ്ഞതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
"അവൾ മരിച്ച അന്നാണ് എല്ലാവരും നിന്നെ അവസാനമായി കണ്ടത്.അത് കഴിഞ്ഞ് നീ അപ്രത്യക്ഷായായി.വേറൊരു രാജ്യത്ത് വേറൊരു ഐഡന്റിറ്റിയിൽ നീ ജീവിതം ആരംഭിച്ചു.എന്തിന്?ആർക്കു വേണ്ടി?എന്തായാലും നിന്റെ പിന്നിലുള്ളവർ ചില്ലറക്കാരല്ല.ഞാൻ അറിയുന്ന ദേവി ഒരു പാവമാണ്.രാഖിയെ സ്വന്തം കൂടപ്പിറപ്പിനെപോലെ മറ്റെന്തിനേക്കാളും സ്നേഹിച്ചിരുന്നവളാണ്.എന്നിട്ടും നീ എന്തിന് ഒളിച്ചോടി? മരിക്കുന്നതിന്റെ തലേന്നും ഞാൻ രാഖിയോട് സംസാരിച്ചിരുന്നു.അവളുടെ മനസ്സിൽ എന്തോ ഭയങ്കര വിഷമം ഉള്ളതായി അവളുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നിയിരുന്നു. ഞാൻ അവളോട് കാരണം ചോദിച്ചു.ഒന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും അത് കള്ളമാണെന്ന് എനിക്ക് മാനസ്സിലായി.അലക്സുമായി എന്തെങ്കിലും സൗന്ദര്യപിണക്കം ഉണ്ടായതാവാം എന്നാണു ഞാൻ വിചാരിച്ചത്.അത് കൊണ്ട് ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.പക്ഷെ എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല പിന്നീട് അവളുടെ മരണ വാർത്തയാവും ഞാൻ കേൾക്കേണ്ടി വരികയെന്ന്! "രാഗേഷ് പറഞ്ഞ് നിർത്തി.അവന്റെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി.
"അലക്സ് പറഞ്ഞു നിനക്ക് എന്റെ പെങ്ങളുടെ മരണത്തിൽ പങ്കുണ്ടെന്ന്.നിന്നെ ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്ന് അവൻ വിളിച്ച് പറഞ്ഞതനുസരിച്ച് വന്നതാ ഞാൻ.എനിക്ക് നിന്നെ നേരിട്ട് ഒന്ന് കാണണമായിരുന്നു.അലക്സ് കരുതുന്നതുപോലെ എന്റെ രാഖിയെ കൊന്നത് നീയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ദേവി. പക്ഷെ നിനക്ക് എന്തൊക്കെയോ അറിയാം.നീ എന്തൊക്കെയോ ഞങ്ങളിൽ നിന്നും ഒളിക്കുന്നു.നീ എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഞങ്ങൾക്കാർക്കും മനസ്സിലാവുന്നില്ല.അലക്സ് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.ഇനിയും നീ സത്യം തുറന്ന് പറഞ്ഞില്ലെങ്കിൽ അവൻ നിന്നെ കൊല്ലും.ഞാൻ ഭീഷണിപ്പെടുത്തിയതല്ല.കാര്യം പറഞ്ഞതാണ്.അവനെ തടുക്കാൻ എനിക്കെന്നല്ല ആർക്കും കഴിഞ്ഞെന്ന് വരില്ല.അതിന് മുൻപ് നിനക്ക് എന്നോടെങ്കിലും സത്യം തുറന്ന് പറഞ്ഞുകൂടേ?"രാഗേഷ് ചോദിച്ചു.
ദേവി എന്നിട്ടും ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരിപ്പാണ്.
"ശരി.നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.ചിലപ്പോ നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച ആവും ഇത്.എന്റെ രാഖിയെ പോലെ തന്നെയാണ് ഞാൻ നിന്നെയും സ്നേഹിച്ചത്.പക്ഷെ നീ ഒരു നന്ദികെട്ടവൾ ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു!" രാഗേഷിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.അവൻ പോകാനായി എഴുന്നേറ്റു.പെട്ടെന്ന് ദേവി അവനെ അവിടെ അവന്റെ കൈയിൽ പിടിച്ച് ഇരുത്തി. ഒന്നും മിണ്ടരുത് എന്ന് കൈകൊണ്ട് അവൾ ആംഗ്യം കാണിച്ചു.രാഗേഷിന് കാര്യം എന്തെന്ന് മനസ്സിലായില്ല.അവൾ രാഗേഷിന്റെ ഫോൺ താഴെ നിന്നും എടുത്ത് അതിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു.കുറച്ച് സമയം കഴിഞ്ഞ് ദേവി ആ ഫോൺ രാഗേഷിന് നേരെ നീട്ടി.അവൻ ആ ഫോൺ വാങ്ങിച്ച് അവൾ ടൈപ്പ് ചെയ്തത് മുഴുവൻ വായിച്ചു.എന്നിട്ട് ദേവിയെ നോക്കി.അവൾ കണ്ണീരോടെ കൈകൾ കൂപ്പി അവനോട് അപേക്ഷിച്ചു.
രാഗേഷ് ഒന്നും മിണ്ടാതെ കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് അവിടെ നിന്നും ഇറങ്ങി.
രാഗേഷ് അലക്സിന്റെ അടുത്തേക്ക് ചെന്നു.അവിടെ അലക്സിന്റെ കൂടെ റോബിനും ശിവയും എബിയും നിൽപ്പുണ്ടായിരുന്നു.
"എന്തായി അവൾ എന്തെങ്കിലും പറഞ്ഞോ?"ശിവ ചോദിച്ചു.
"ഇല്ല.പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.കരച്ചിൽ തന്നെ."രാഗേഷ് പറഞ്ഞു.
"പഠിച്ച കള്ളിയാ.ഇത്ര ദിവസം പട്ടിണി കിടന്നിട്ടും ആവുന്നപോലെയൊക്കെ മെന്റൽ ഷോക്ക് കൊടുത്തിട്ടും അവൾ വാ തുറന്നിട്ടില്ല."അലക്സ് പറഞ്ഞു.
"അത് തന്നെ..അവൾ ആള് അത്ര ശരിയല്ലെന്ന് കണ്ടാലേ അറിയാം.."ശിവ പറഞ്ഞു.
"ദേവിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം അലക്സ്.അവൾ അങ്ങനെ കള്ളത്തരം കാണിക്കുന്ന ടൈപ്പ് അല്ല.."രാഗേഷ് പറഞ്ഞു.
"അങ്ങനെ ആണെങ്കിൽ അവൾക്കെന്ത് കൊണ്ട് സത്യങ്ങൾ തുറന്ന് പറഞ്ഞുകൂടാ?അവൾ ആരെയാണ് പേടിക്കുന്നത്?"അലക്സിന്റെ ചോദ്യങ്ങൾക്ക് രാഗേഷിന് മറുപടി ഇല്ലായിരുന്നു.
"ഞാൻ തൽക്കാലം ഇറങ്ങുന്നു.ഞാൻ കുറച്ച് ദിവസം സ്ഥലത്തുണ്ടാവില്ല.ഒരു ഫ്രണ്ടിൻറെ വീട്ടിൽ പോവുന്നു.ദേവി ഞാൻ അനിയത്തിയെ പോലെ കണ്ടിരുന്ന കുട്ടിയാണ്.കൊല്ലാനാണെങ്കിലും വെറുതെ വിടാൻ ആണെങ്കിലും എന്നോട് പറയാതെ ഞാൻ വരാതെ ഒരു തീരുമാനവും എടുക്കരുത്.."രാഗേഷ് പറഞ്ഞു.
"കൊല്ലുന്നെങ്കിൽ നിങ്ങളുടെ മുൻപിൽ വെച്ചേ അവളെ തീർക്കുള്ളു.സ്വന്തം പെങ്ങളുടെ മരണത്തിനുത്തരവാദിയായവൾ പച്ചയ്ക്ക് നിന്ന് കത്തുന്നത് നിങ്ങൾക്ക് ഞാൻ കാണിച്ചുതരാം!" അലക്സിന്റെ മുഖത്ത് നോക്കാൻ രാഗേഷിന് ഭയം തോന്നി.ശിവയും റോബിനും ഒന്നും മിണ്ടാതെ വേറെ എങ്ങോട്ടോ നോക്കി നിന്നു. രാഗേഷ് അവിടെ നിന്നും ഇറങ്ങി.
കാറിൽ കയറി അവൻ തന്റെ ഫോൺ എടുത്തു.അതിൽ ദേവി ടൈപ്പ് ചെയ്ത രണ്ട് മേൽവിലാസങ്ങൾ ഒന്ന് കൂടി വായിച്ചു. അതിൽ ആദ്യത്തേത് തമിഴ് നാട്ടിലെ ഒരു വീടിന്റെ അഡ്രെസ്സ് ആയിരുന്നു.രാഗേഷ് അവിടെ നിന്നും നേരെ ചെന്നത് തമിഴ് നാട്ടിൽ അലക്‌സും രാഖിയും ദേവിയും പഠിച്ച കോളേജിരിക്കുന്ന സ്ഥലത്ത് നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയുള്ള ഒരു രണ്ട് നില വീട്ടിലേക്കാണ്.ബെൽ അടിച്ചതും ഒരു മധ്യ വയസ്ക വാതിൽ തുറന്നു.
"യാര്?എന്ന വേണോം?"അവർ ചോദിച്ചു.
രാഗേഷ് താൻ വന്നതിന്റെ ഉദ്ദേശം അറിയിച്ചു.
"അവങ്ക ഇങ്ക ഇല്ല തമ്പി.കണവൻ എരന്തതിക്കപ്പറം എല്ലാമേ പാക്ക് പണ്ണി അപ്പവേ കേരളാവ്ക്ക് പോയാച്ച്.."അവർ പറഞ്ഞു.രാഗേഷ് നിരാശയോടെ തല കുടഞ്ഞു.
"തമ്പി ഒരു വൺ മിനിറ്റ് വെയിറ്റ് പണ്ണുങ്കോ.അവങ്ക കേരളാ അഡ്രസ് എങ്കിട്ടെ ഇരുക്ക്.."ആ സ്ത്രീ പറഞ്ഞു.അത് കേട്ടപ്പോ രാഗേഷിന്റെ മുഖം തെളിഞ്ഞു .പിന്നീട് ആ സ്ത്രീ കൊടുത്ത അഡ്രസ്സ് അന്വേഷിച്ച് രാഗേഷ് കേരളത്തിലേക്ക് പോയി...
എബി കൊണ്ടിടുന്ന ആഹാരം ദേവി കഴിച്ച് തുടങ്ങി.രാഗേഷ് വന്ന് പോയതിൽ പിന്നെ അവൾക്ക് നല്ല ആത്മവിശ്വാസം വന്നു.താൻ തോൽക്കില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
"ഇപ്പൊ നിന്റെ വാശിയും ദേഷ്യവും എവിടെപ്പോയി?മൂക്ക് മുട്ടെ കഴിക്കുന്നുണ്ടല്ലോ.."എബി പരിഹസിച്ചു.
ദേവി ഒന്നും മിണ്ടാതിരുന്ന് കഴിച്ചു.എല്ലാ ദിവസവും അലക്സ് കിളിവാതിൽ തുറന്ന് അവളെന്ത് ചെയ്യുകയാണെന്ന് നോക്കും.അവളുടെ അവസ്ഥ കണ്ട് മനസ്സിൽ എവിടെയോ ഒരു നോവ് പടരുന്നത് അലക്സ് അറിയുന്നുണ്ടായിരുന്നു.പക്ഷെ രാഖിയുടെ മുഖം ഓർക്കുമ്പോൾ അവൻ അതെല്ലാം മറക്കും.എന്തെങ്കിലും കുത്തുവാക്കുകൾ പറഞ്ഞ് അവളെ പ്രകോപിക്കിക്കും.പക്ഷെ എന്തെല്ലാം പറഞ്ഞിട്ടും ദേവിയുടെ വായിൽ നിന്നും ഒന്നും വീഴില്ല എന്ന് അലക്സിന് മനസ്സിലായി.ചോദ്യം ചോദിച്ച് ക്ഷമ കേട്ട് അലക്സ് അവളെ തല്ലാൻ കൈയോങ്ങുമ്പോൾ എബിയും റോബിനും ഓടി വന്ന് അവനെ തടയും.
" നിന്റെ കൂടെ ഞാൻ ഇതിനൊക്കെ കൂട്ട് നിൽക്കുന്നത് നീ എന്റെ ജോച്ചായന്റെ മോൻ ആയത് കൊണ്ട് മാത്രമല്ല.രാഖി പോയതിൽ പിന്നെ നീ എന്ത് മാത്രം അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ നേരിൽ കണ്ടിട്ടുള്ളത് കൊണ്ടാ.നിന്റെ അവസ്ഥ എനിക്ക് ശരിക്ക് അറിയാവുന്നത് കൊണ്ടാ.അതുകൊണ്ട് മാത്രമാ തെറ്റാണെന്നറിഞ്ഞിട്ടും ആ പെണ്ണിനെ തട്ടിക്കൊണ്ടുവന്ന് ഇങ്ങനെ കൊല്ലാക്കൊല ചെയ്യാൻ കൂട്ട് നിൽക്കുന്നത്.പക്ഷെ അവളും ഒരു പെണ്ണല്ലേടാ..എത്ര ദിവസങ്ങളായി നമ്മൾ അതിനെ പിടിച്ചുകൊണ്ട് വന്ന് ആ ഇരുട്ട് മുറിയിലിട്ടേക്കുന്നു..ഭക്ഷണം പോലും നേരാംവണ്ണം കൊടുക്കുന്നില്ല.എത്ര ദിവസമായി നാറിയ ഉടുപ്പുമിട്ടോണ്ട് പല്ലും തേക്കാതെ കുളിക്കാതെ നനയ്ക്കാതെ അത് പേക്കോലം കണക്കെ അവിടെ ഇരിക്കുന്നത്.ചോദിക്കാനും പറയാനും ആരുമില്ലെന്ന് വെച്ച് അതിനോടിത്രയൊക്കെ ചെയ്യുന്നത് ക്രൂരത അല്ലെ ..എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു പെങ്കൊച്ച്.അവളോടാണ് ആരെങ്കിലും ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ!"എബി പറയുന്നത് കേട്ട് അലക്സിന് ദേഷ്യം വന്നു.
"ശരിയാടാ..ചിലപ്പോ അതിനൊന്നും അറിയത്തിലായിരിക്കും..ഒരു തെറ്റിദ്ധാരണയുടെ പേരിൽ നമ്മൾ ഇത്രയൊക്കെ ചെയ്യണോ ?"റോബിൻ ചോദിച്ചു.
"ഓഹ് സഹതാപം ആയിരിക്കും.."അലക്സ് അവനെ പുച്ഛിച്ചു.
"അവനവന് നഷ്ട്ടപ്പെടുമ്പഴേ അതിന്റെ വേദന അറിയത്തൊള്ളൂ.രാഗേഷ് തിരികെ വരുന്നത് വരെ ഞാൻ കാക്കും.അതിനുള്ളിൽ അവളുടെ വായിൽ നിന്നും ഒന്നും വീണിട്ടില്ലെങ്കിൽ അവളെ ഞാൻ തീർക്കും!പോവേണ്ടവർക്ക് പോവാം.എന്റെ തീരുമാനത്തിന് ഒരു മാറ്റവുമില്ല."അലക്സ് ദേഷ്യത്തോടെ പറഞ്ഞിട്ട് അവിടെ നിന്നും പോയി.റോബിനും എബിയും പരസ്പരം നോക്കി ഇരുന്നു.ശിവ അവരെ നോക്കിയതേയില്ല.
കുറച്ച് കഴിഞ്ഞ് എബി ദേവിയുടെ മുറിയിലേക്ക് ചെന്നു.
"എന്റെ കൊച്ചെ നീ ഇങ്ങനെ വാ തുറക്കാതിരുന്നാ അവൻ നിന്നെ കൊല്ലും.ചോദ്യം ചോദിച്ചിട്ട് അവൻ നിന്നെ വെറുതെ വിട്ടേക്കുമെന്നാ ഞാൻ ഇതുവരെ ഓർത്തത്.പക്ഷെ അവൻ രാഗേഷ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാ.അതിനുള്ളിൽ നീ ഒന്നും പറഞ്ഞില്ലെങ്കിൽ അവൻ നിന്നെ ഉറപ്പായും കൊന്നുകളയും മോളെ. നിനക്കെന്തെങ്കിലും അറിയാമെങ്കി അത് പൊട്ടും പൊടിയും ആണെങ്കിൽ കൂടെ അലക്സിനോട് പറയ്.ഇല്ലെങ്കിൽ എന്തെങ്കിലും ചുമ്മാ ഉണ്ടാക്കി പറഞ്ഞാലും മതി.എന്റെ വീട്ടിലും എനിക്ക് ഒരു പെങ്കൊച്ച് ഉള്ളതാ.നീ ഇങ്ങനെ കിടന്ന് നരകിക്കുന്നത് കാണാൻ വയ്യാത്ത കൊണ്ട് പറയുവാ."എബി പറഞ്ഞത് കേട്ട് ദേവി ചിരിച്ചു.
"അവന്റെ കൈ കൊണ്ട് തീരുമ്പഴും ഈ ചിരി കാണണം കേട്ടോ.."എബിക്ക് ദേഷ്യം വന്നു.
"ഇല്ലെങ്കിൽ നിന്നെ ഞാൻ തുറന്ന് വിടട്ടെ?നീ രക്ഷപെട്ടോ.ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം."സഹികെട്ട് എബി പറഞ്ഞു.
"വേണ്ട എബിച്ചായാ..ഇത്രയെങ്കിലും പറഞ്ഞല്ലോ.നന്ദി.രക്ഷപ്പെട്ടാലും എനിക്ക് പോവാൻ ഒരു സ്ഥലമില്ല.അതിലും ഭേദം ഈ ഇരുട്ടറ തന്നെയാ.അന്ന് എബിച്ചായൻ കളിയാക്കിയത് പോലെ ഇവിടെ എനിക്ക് കൂട്ടിന് ഇവനെങ്കിലുമുണ്ടല്ലോ.."ദേവി ഗ്ലാസ് ടാങ്കിലേക്ക് ചൂണ്ടി കളിയായി പറഞ്ഞു.
എബി ഒന്നും മിണ്ടാതെ വെളിയിലിറങ്ങി മുറി ലോക്ക് ചെയ്തിട്ട് തിരികെ പോയി..
പിറ്റേന്ന് വെളുപ്പിനെ എബി അവളുടെ മുറി വന്ന് തുറന്നു.
"ഇന്ന് നിന്റെ അവസാനമാ കൊച്ചെ.അലക്സ് നിന്നെ അങ്ങോട്ട് വിളിപ്പിച്ചു.രാഗേഷ് വന്നിട്ടുണ്ട്!"എബി പറഞ്ഞത് കേട്ട് ദേവി എന്തിനോ വേണ്ടി സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills
By: Anjana Ravi USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക