(ഒരു ഹെയർ കളർ പരസ്യകഥ)
"എടീ ത്രേസ്യേ. എനിക്കിച്ചിരി വെള്ളം തായോ...."
വരാന്തയിലെ പ്ലാസ്റ്റിക് കസേരയിലിരുന്ന് നെഞ്ച് തടവിക്കൊണ്ടാണ് ഔസേപ്പച്ചൻ വെള്ളം ചോദിച്ചത്.
ഹാളിൽ ഉച്ചക്ക് 2 മണിയുടെ സീരിയലിനു മുന്നിൽ കുത്തിയിരിപ്പായിരുന്ന ത്രേസ്യാമ്മ കേട്ടുകാണില്ല എന്നോർത്ത് ഔസേപ്പച്ചൻ പിന്നേം വിളിച്ചു.
"എടി ത്രേസ്യേ....നീയെന്നായെടുക്കുവാടീ....മനുഷ്യനിച്ചരി വെള്ളം ചോദിച്ചിട്ട്...."
"നിങ്ങളൊന്ന് സമാധാനപ്പെടെന്റെ ഇച്ചായാ..സീരിയലിൽ പരസ്യം വരുന്ന സമയത്ത് ഞാൻ കൊണ്ടുവന്നേക്കാവേ..."
സീരിയലിൽ അമ്മായിയമ്മ വെള്ളം ചോദിച്ചപ്പോ കൊടുക്കാത്ത മരുമകളോടുള്ള കലിപ്പ് സ്വന്തം പല്ലുകടിച്ചു തീർത്തുകൊണ്ട് ത്രേസ്യാമ്മ പിന്നെയും ടീവിയിൽ കണ്ണുനട്ടിരിപ്പായി.
സീരിയലിൽ അമ്മായിയമ്മ വെള്ളം ചോദിച്ചപ്പോ കൊടുക്കാത്ത മരുമകളോടുള്ള കലിപ്പ് സ്വന്തം പല്ലുകടിച്ചു തീർത്തുകൊണ്ട് ത്രേസ്യാമ്മ പിന്നെയും ടീവിയിൽ കണ്ണുനട്ടിരിപ്പായി.
"എന്റെ കർത്താവേ....."കസേര മറിഞ്ഞു വീഴുന്ന ശബ്ദവും ഔസേപ്പച്ചന്റെ കരച്ചിലും ഒരുമിച്ചു കേട്ട് തേസ്യാമ്മ വരാന്തയിലേക്ക് ഓടിയെത്തി.
ഔസേപ്പച്ചൻ ദേ തറയിൽ വീണു കിടക്കുന്നു ."എടീ നെഞ്ചുവേദന സഹിക്കാൻ വയ്യേ...ഞാനിപ്പൊ ചത്തു പോവുവേ...എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടു പോടീ..."
ഔസേപ്പച്ചനേക്കാൾ ഇരട്ടി ഉച്ചത്തിൽ തേസ്യാമ്മയും അലറാൻ തുടങ്ങി.
"എടാ മോനേ ടോണിക്കുട്ടാ....ഓടിവായോ....അപ്പച്ചൻ ദേ വീണെടാ...."
അകത്തെ മുറിയിൽ "ടിക് ടോക് " ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ടോണിക്കുട്ടൻ തന്റെ ഫ്രീക്ക് താടിയിൽ അമർത്തിച്ചൊറിഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയെത്തി.
"എന്ത് പറ്റി അമ്മച്ചീ...."
മോനേ അപ്പച്ചന് നെഞ്ചുവേദനയാടാ വേഗം ആശുപത്രിയിൽ കൊണ്ടുപോണം.
" ഓ ....ഇത്രയേ ഉള്ളാരുന്നോ....സിമ്പിൾ ടാസ്ക്..."
സുരേഷ് ഗോപിയുടെ "ഷോൾഡർ ഡാൻസ്" ആക്ഷൻ കാണിച്ചുകൊണ്ട് ടോണി പറഞ്ഞു.
"നീ നിന്നു കളിക്കാതെ എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടോവാൻ നോക്കെടാ..."
വേദന സഹിക്കാനാവാതെ ഔസേപ്പച്ചൻ അലറി വിളിച്ചു.
പെട്ടെന്ന് ഒരടി മാറിനിന്ന് ഒന്നു ചിണുങ്ങിക്കൊണ്ട് ടോണിക്കുട്ടന്റെ ഡയലോഗ്....
"ഇങ്ങനാണേൽ അപ്പനെന്റൊപ്പം വരണ്ട.... എന്റെ ഫ്രണ്ട്സെന്നെ കളിയാക്കും."
സീരിയലുകൾക്കിടയിൽ കേട്ടു മറന്ന ഏതോ പരസ്യവാചകം ഓർമ്മവന്ന ത്രേസ്യാമ്മ ഔസേപ്പച്ചന്റെ കഷണ്ടി കയറിയ തലയിലേക്കു നോക്കി. കരിമ്പാറയിലെ ഉണക്കപ്പുല്ലുപോലെ ആകെയുള്ള പത്തോ പതിനാറോ മുടികൾ. അതിൽ അഞ്ചാറ് വെള്ളി മുടികൾ ഇളം കാറ്റിൽ പ്രകമ്പനം കൊള്ളുന്നു.
" അതിനെന്താ ഇപ്പോൾ വെറും ഒരു മിനിറ്റിൽ മുടി കറുപ്പിക്കാനുള്ള മാജിക് ഉണ്ടല്ലോ" എന്നും പറഞ്ഞു ത്രേസ്യാമ്മ അകത്തേക്ക് ഓടി.
"വെറും ഒരു മിനിറ്റിലോ......" തന്റെ ഡയലോഗ് പറഞ്ഞ് തീരും മുൻപ് ഔസേപ്പച്ചന്റെ ബോധവും പോയി.
by Riju Kamachi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക