Slider

തുടർച്ചക്കാരി!

0

തനിക്കെവിടെയും രണ്ടാം സ്ഥാനമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരുപക്ഷെ, ശ്രീക്കുട്ടി പറയുന്നത് പോലെ അത് തന്റെ വെറും തോന്നൽ മാത്രമായിരിക്കാം. ശ്രീക്കുട്ടി പറയുന്നത് അച്ഛനമ്മമാർക്ക് തങ്ങളുടെ എല്ലാ മക്കളും ഒരുപോലെ തന്നെയായിരിക്കുമത്രേ.
ഇച്ചേച്ചിയും താനും ഒന്നര വയസ്സ് വ്യത്യാസമേ ഉള്ളു. ഇളയകുട്ടി താനാണെങ്കിലും അമ്മ ഇച്ചേച്ചിയെ കുഞ്ഞോളെന്നും തന്നെ വീണമോൾ എന്ന് പേര് ചേർത്തുമായിരുന്നു വിളിച്ചിരുന്നത്.
അവളിട്ട് പഴകിയ ഉടുപ്പുകളും അവൾ കളിച്ചു നിറം മങ്ങിയ പാവകളും മറ്റുമാണ് തനിക്കു സ്വന്തമായി കിട്ടിയിരുന്നത്.
അത് മാത്രമല്ല, അവളുടെ പഴയ പാഠപുസ്തകങ്ങളും തനിക്ക്. അവളുടെ നോട്ടു പുസ്തകത്തിലെ എഴുതാതെ മിച്ചം വന്ന പേജുകൾ കൂട്ടി തുന്നിയതാണ് തനിക്കുള്ള നോട്ട് ബുക്ക്‌.
ശ്രീക്കുട്ടിയുടെ പുസ്തകമെടുത്തു എത്ര പ്രാവശ്യം അതിന്റെ പുത്തൻ ഗന്ധം താൻ ആസ്വദിച്ചിരിക്കുന്നു. പ്രധാനപ്പെട്ട വരികൾ ടീച്ചർ അടയാളപ്പെടുത്തുവാൻ പറയുമ്പോൾ, തനിക്കു സങ്കടം വരും. ബാക്കിയുള്ളവർ അടയാളപ്പെടുത്തുന്നത് കൊതിയോടെ നോക്കിയിരിക്കും .കാരണം തന്റെ പുസ്തകത്തിൽ അതൊക്ക നേരത്തെ തന്നെ ഇച്ചേച്ചി വരച്ചു വച്ചിട്ടുണ്ടല്ലോ!!
മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രമാരെന്നു മലയാളം സെക്കന്റ്‌ ക്ലാസ്സിൽ ടീച്ചർ ചോദിച്ചപ്പോൾ, ബാക്കി നാൽപ്പത്തിരണ്ടു കുട്ടികളും കൃഷ്ണൻ, അർജുനൻ, കർണ്ണൻ, അഭിമന്യു എന്നൊക്കെ ഉത്തരം നൽകി.
താൻ മാത്രമാണ് അന്ന് ഭീമനെന്നു പറഞ്ഞത്.
പ്ലസ് ട്ടുവിനു കമ്പ്യൂട്ടർ സയൻസ് ആയിരുന്നു ആഗ്രഹമെങ്കിലും ഇച്ചേച്ചി ആ വിഷയം തിരഞ്ഞെടുത്തത് കൊണ്ട് മാത്രം താൻ സയൻസിനു ചേർന്നു!!
അവളോടെന്നും തനിക്ക് ഒരുതരം പകയായിരുന്നു. പുറമെ പ്രകടമാക്കാറില്ലെന്നു മാത്രം.
"മോളെ, നിന്റെ തീരുമാനം പറഞ്ഞില്ല." അമ്മയുടെ ചോദ്യം വീണയെ ചിന്തയിൽ നിന്നുമുണർത്തി.
"എനിക്ക് സമ്മതമാണെന്ന് അച്ഛനോട് പറഞ്ഞോളൂ അമ്മേ." വീണ പതുക്കെ പറഞ്ഞു.
അമ്മയുടെ മുഖത്ത് സമാധാനഭാവം. നെടുവീർപ്പോടെ അമ്മ ഉമ്മറത്തേക്ക് പോയി.
******************************************
ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു വീണ.
ഇന്ന് തന്റെ ആദ്യരാത്രിയാണ്. പുറത്തു നല്ല നിലാവ്.
പെട്ടന്നതാ കുഞ്ഞിന്റെ കരച്ചിൽ.അവൾ വേഗം കട്ടിലിനടുത്തേക്ക് ചെന്നു.
കുഞ്ഞിനെ വാരിയെടുത്തു തോളിൽ കിടത്തി.
"വാവോ വാവാവോ" വീണ പതിഞ്ഞ സ്വരത്തിൽ പാടി.
കുഞ്ഞു കരച്ചിൽ നിർത്തി വീണ്ടും മയങ്ങുവാൻ തുടങ്ങി.
കുഞ്ഞിനേയുമെടുത്തു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ചുമരിലെ തൂക്കിയിട്ട ഫോട്ടോയ്ക്ക് മുന്നിൽ ഒരു നിമിഷം നിന്നു വീണ.
"നിന്റേതായിരുന്നതിനു ശേഷം, എനിക്കായി നൽകപ്പെട്ട മറ്റെല്ലാത്തിനോടും ഒരു തരി സ്നേഹമോ കൗതുകമോ എനിക്ക് തോന്നിയിട്ടില്ല ഇച്ചേച്ചി, മാത്രമല്ല പലപ്പോഴും അതെല്ലാമെടുത്ത് വലിച്ചെറിയണമെന്നും എനിക്ക് തോന്നാറുണ്ടായിരുന്നു".
"എന്നാൽ ഇവൾ.. പാൽ മണം മാറാത്ത ഈ പൊന്നിനെ, എനിക്കു തന്നിട്ട് ഈ ലോകത്തു നിന്നും നീ പോയപ്പോഴാണ് എനിക്ക് മനസ്സിലായത്,
ഞാൻ ഒരിക്കലും നിനക്ക് രണ്ടാമതല്ല, നിന്റെ തന്നെ തുടർച്ചയായിരുന്നുവെന്ന്!!!
ഞാനിവൾക്കു നീ തന്നെയായിരിക്കും ഇച്ചേച്ചി."
വീണയുടെ കണ്ണുകൾ നിറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, ചുമരിലെ ചിത്രം പെട്ടന്ന് മങ്ങിയതു പോലെ തോന്നി. ആത്മാവുപേക്ഷിച്ച ജീവനില്ലാത്ത ശരീരം പോലെ.ഒരുപക്ഷെ ഇച്ചേച്ചി എന്നേക്കുമായി സ്വർഗത്തിലേക്ക് പോയതായിരിക്കും. ആശ്വാസത്തോടെ.
താരാട്ടു നിർത്തിയതിനാലാവാം, കുഞ്ഞു വീണ്ടും കരയുവാൻ തുടങ്ങി.
"അമ്മേടെ കുഞ്ഞോളുറങ്ങിക്കോ", വീണ വീണ്ടും പാടാൻ തുടങ്ങി.
അതെ സമയം, അനന്തു പടികൾ കയറി, മുല്ലപ്പൂക്കളാലലങ്കരിക്കാത്ത മണിയറയുടെ വാതിൽക്കലെത്തി ഒരു നിമിഷം നെടുവീർപ്പോടെ നിന്നുപോയി.
അകത്തു തന്റെ കുഞ്ഞും, പിന്നെ തന്റെ "രണ്ടാം" ഭാര്യയും!!!!

Written By: Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo