നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 11

----------------------------
ഇത്തവണ ദേവിയുടെ കണ്ണുകൾ മൂടികെട്ടാതെ ആണ് അവളെ മുറിക്ക് വെളിയിൽ ഇറക്കിയത്.വെളിയിൽ ഇറങ്ങി വെളിച്ചം അടിച്ചപ്പോൾ അവൾ പെട്ടെന്ന് കണ്ണുകൾ പൊത്തി.കുറച്ച് ദിവസങ്ങൾ കൂടിയായിരുന്നു അവൾ ഇത്രയും വെളിച്ചം കാണുന്നത്.  ആ  സ്ഥലം ഏതാണെന്ന് തിരിച്ചറിഞ്ഞതും അവൾ സ്തബ്ധയായി നിന്നു!ഒരു നിലവിളി അവളുടെ  തൊണ്ടയിൽ കുടുങ്ങി!  തമിഴ്നാട്ടിലെ അംബാ മിൽസ്! രാഖി മരിക്കുന്ന അന്ന് ഉദയൻ പറഞ്ഞതനുസരിച്ച് താനും രാഖിയും അവസാനമായി ഒരുമിച്ച് വന്ന സ്ഥലം. ദേവി കുറച്ച് നേരം അവിടെ നിന്ന് ചുറ്റും  നോക്കി.ദൂരെ താനും രാഖിയും പഠിച്ചിരുന്ന കോളേജ് കെട്ടിടം കണ്ടു.അവളുടെ ഓർമ്മകൾ പലവഴിക്ക് പോയി.താനും രാഖിയും കൈകോർത്ത് പിടിച്ച് ചിരിച്ച് കളിച്ച് നടന്ന  വഴികൾ കണ്ടപ്പോൾ നെഞ്ചിൽ കല്ല് കയറ്റി വെച്ചത് പോലെ തോന്നി..അധികം ദൂരത്തല്ലാതെ സേക്രഡ് ഹാർട്ട് ഓർഫനേജിന്റെ അവശിഷ്ടങ്ങളും കണ്ടു! അവൾക്കൊന്നുറക്കെ കരയണമെന്ന് തോന്നി..അംബാ  മിൽസിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു അവൾ നിന്നിരുന്നത്.ദേവി  അവിടെ നിന്നും താഴേക്ക് ഒന്ന് നോക്കി.രാഖിയുടെ ബോഡി കിടന്നിരുന്ന സ്ഥലം അവൾ കൃത്യമായി  ഓർത്തടുത്തു.തന്റെ ശരീരം തളരുന്നത് അവൾ അറിഞ്ഞു.എബി അവളുടെ കൈപിടിച്ച് അവളെ മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.ദേവി ചെല്ലുമ്പോൾ മുറിയിൽ അലക്‌സും റോബിനും ശിവയും രാഗേഷും എല്ലാവരും ഉണ്ടായിരുന്നു.
ദേവിയുടെ പ്രാകൃത കോലം കണ്ട് റോബിനും രാഗേഷും അവളെ സഹതാപത്തോടെ നോക്കി നിന്നു.അവളുടെ ആ അവസ്ഥയിലും ശിവയുടെ കഴുകൻ  കണ്ണുകൾ അവളുടെ അഴകളവുകളിൽ  ആർത്തിയോടെ ഓടി നടന്നു.
അലക്സിന് മാത്രം ഒരു മാറ്റവും ഇല്ലായിരുന്നു.അവൻ ദേവിയുടെ അടുത്തേക്ക് പതിയെ നടന്ന് ചെന്നു.
"വെൽക്കം  മിസ് മരിയ എലീന..!" അലക്സ് അവളെ കളിയാക്കി.
"ഈ വൈകിയ വേളയിലെങ്കിലും നിനക്ക് ഒന്നും പറയാനുണ്ടാവില്ല എന്നെനിക്കറിയാം.എന്നാലും കൊടും കുറ്റവാളികളെ കൊല്ലുന്നതിന് മുൻപ്  കോടതി പോലും ചോദിക്കുന്ന ചോദ്യമുണ്ട്.അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന്...നിനക്ക് അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടോ മിസ് മരിയ എലീന ഏലിയാസ് ദേവി?"അലക്സ് പുച്ഛിച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.
ദേവി ഒന്നും മിണ്ടിയില്ല.
"ഈ സ്ഥലം ഏതാണെന്ന് നിനക്ക് മനസ്സിലായല്ലോ അല്ലെ?എന്റെ രാഖിയുടെ ശ്വാസം നിലച്ച അതെ അംബാ മിൽസ് ! ഇന്ന് നിന്നെ ഞാൻ ഇവിടെ ഇവരുടെ എല്ലാവരുടെയും മുൻപിൽ വെച്ച് പാതാളത്തിലേക്ക്  ചവിട്ടി താഴ്ത്താൻ പോവുകായാണ് ദേവി. അതിന് മുൻപ് ഞാൻ നേരത്തെ ചോദിച്ചത്  പോലെ അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞോളു !"അലക്സിന്റെ ചോദ്യം കേട്ട് അവൾ രാഗേഷിനെ  നോക്കി. രാഗേഷ് മറ്റാരും കാണാതെ അവളെ നോക്കി ഒന്ന് തലയാട്ടി.
അത് കണ്ട് ദേവിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.പതിയെ അവൾ അവരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.അവളുടെ ഭാവമാറ്റം കണ്ട് രാഗേഷ് ഒഴികെ ബാക്കി എല്ലാവരും അമ്പരന്നു!
"നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?"അലക്സ് ചോദിച്ചു.
ദേവി ഒന്നും മിണ്ടാതെ അതെ ചിരിയോടെ അവിടെ ഒരു കസേരയിൽ കയറി ഒരു കാല് മറ്റേ കാലിന്റെ മുകളിൽ കയറ്റി വെച്ച് ഇരുന്നു.എന്നിട്ട് എല്ലാവരെയും ഒന്ന് നോക്കി.എന്താണവളുടെ  ഉദ്ദേശം എന്ന് ആർക്കും മാനസ്സിലായില്ല.
"അലക്സിന് എന്തൊക്കെയോ ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞില്ലേ?എന്തൊക്കെയാണാ  ചോദ്യങ്ങളെന്ന്  ഒന്ന് കൂടി പറയാമോ?"ദേവി ചോദിച്ചു.
"നീയെന്താ മനുഷ്യനെ കളിയാക്കുവാണോ ?അതോ നിന്നെ കൊല്ലാതിരിക്കാനുള്ള  പുതിയ അടവുകൾ എന്തെങ്കിലും പരീക്ഷിക്കുകയാണോ?"അലക്സ് ചോദിച്ചു.
"ശരി ഞാൻ തന്നെ ആ ചോദ്യങ്ങൾ ആവർത്തിക്കാം.രാഖി എന്തിന് ആത്മഹത്യ ചെയ്തു? ഞാൻ എന്തിന് ഒളിച്ചോടി? എങ്ങനെ മെക്സിക്കോയിൽ  എത്തി ?ദേവി എന്ന ഈ ഞാൻ  എങ്ങനെ എന്തിന് മരിയ എലീന ആയി? ഇതൊക്കെ അല്ലെ അലക്സിന് അറിയേണ്ടത്?പറയാം.എല്ലാം ഞാൻ  പറയാം.പക്ഷെ അതിന് മുൻപ് എനിക്ക് ഒരു ഡിമാൻഡ് ഉണ്ട്!"ദേവി പറഞ്ഞത് കേട്ട് അലക്സ് അവളെ അമ്പരപ്പോടെ നോക്കി.മരിക്കാൻ  പോവുന്നതിന്റെ ഒരു ഭയവും അവളുടെ സംസാരത്തിൽ  ഉണ്ടായിരുന്നില്ല.അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു അവളുടെ  പെരുമാറ്റത്തിൽ .
"എന്ത് ഡിമാൻഡ്?"അലക്സ് ചോദിച്ചു.
"രാഗേഷേട്ടന്റെ ഒഴിച്ച്  ഈ മുറിയിൽ ഉള്ള എല്ലാവരുടെയും ഈ എബിച്ചന്റെ ഉൾപ്പെടെ മൊബൈൽ എന്റെ കൈയിൽ തരണം .ഒരാൾക്ക് ഒന്നിൽ കൂടുതൽ മൊബൈൽ ഉണ്ടെങ്കിൽ അതും.അത് മാത്രമല്ല ഞാൻ സംസാരിച്ച് തീരുന്നത് വരെ ആരെങ്കിലും ചാവാൻ പോവാണെന്ന് പറഞ്ഞാൽ പോലും ഒറ്റ ഒരെണ്ണവും  ഈ മുറി വിട്ട് പുറത്തിറങ്ങരുത്! എന്താ സമ്മതമാണോ?"ദേവിയുടെ ചോദ്യം  കേട്ട് അലക്സ് അവളെ തന്നെ നോക്കി നിന്നു.
അവൻ എല്ലാവരെയും ഒന്ന് നോക്കി.അവളുടെ ഡിമാൻഡ് അംഗീകരിച്ച് കൊടുക്കാൻ ആർക്കും താൽപ്പര്യമില്ലെന്ന്  അവരുടെ ഒക്കെ മുഖഭാവത്തിൽ നിന്നും അവന് വ്യക്തമായി.
"ഇത് ഇവളുടെ അടവാ അലക്‌സേ..നീ കുറച്ച് സമയം ഒന്ന് വെളിയിലേക്കിറങ്ങി നിൽക്ക്.ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ഇവൾ മണി മണി പോലെ എല്ലാം പറയും. അക്കാര്യം ഞാൻ ഏറ്റു!" ശിവ അലക്സിനോട് പറഞ്ഞു.
"ആഹ്  ഒറ്റയ്ക്ക് കിട്ടിയാൽ പിന്നെ എന്നെ എത്രയും പെട്ടെന്ന് മുകളിലോട്ട് അയക്കാമല്ലോ അല്ലെ..? കൊള്ളാം!"ദേവി പുച്ഛിച്ചു.ശിവ ദേവിയെ പല്ലുകടിച്ചുകൊണ്ട് നോക്കി.
"എന്റെ ഡിമാൻഡ് അംഗീകരിച്ച് തരാൻ സമ്മതമാണെങ്കിൽ അലക്സിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഞാൻ പറയാം."ദേവി അലക്സിനെ നോക്കി.
"സമ്മതം!" അലക്സ് പറഞ്ഞതുകേട്ട് എല്ലാവരും അവനെ അന്താളിപ്പോടെ നോക്കി.അലക്സ് എല്ലാവരുടെയും കൈകളിൽ നിന്നും അവരുടെ ഫോൺ മേടിക്കാൻ തുടങ്ങി.
"അലക്സേ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?" ശിവ ചോദിച്ചു.
"നിനക്കെന്തിനാ ഇത്ര ഭയം?"അലക്സ് അവനെ സംശയത്തോടെ നോക്കി.
"അല്ല..എന്റെ കുറച്ച് പേർസണൽ വീഡിയോസ്..ഇതിനകത്ത് ഉണ്ട്..അത് ആരെങ്കിലും കണ്ടാൽ.."ശിവ തടി തപ്പാനായി പറഞ്ഞു.
"ഹലോ എനിക്ക് നിങ്ങളുടെ പോൺ വീഡിയോസ് ഒന്നും കാണണ്ട ശിവാ .ഞാൻ സംസാരിച്ച് കഴിയുന്നത് വരെ നിങ്ങൾ മറ്റാരുമായും ബന്ധപ്പെടാൻ ശ്രമിക്കരുത്.അതിന് വേണ്ടി മാത്രമാണ് നിങ്ങളുടെ എല്ലാവരുടെയും  ഫോൺ എന്റെ കൈയിൽ തരണമെന്ന് പറഞ്ഞത്. "ദേവി പറഞ്ഞു.
അലക്സ് ശിവയുടെ കൈയിൽ നിന്നും അവന്റെ ഫോൺ പിടിച്ച് വാങ്ങി.
"നിനക്കും ഫോൺ തരാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"അലക്സ് റോബിനോട്  ചോദിച്ചു.റോബിൻ ദേവിയെ ഒന്ന് നോക്കി.ദേവിയും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
"ഇല്ല.."റോബിൻ ദേവിയെ നോക്കിക്കൊണ്ട് തന്റെ ഫോൺ അലക്സിന്റെ കൈയിൽ കൊടുത്തു.രാഗേഷ് എല്ലാം നോക്കി നിൽക്കുകയായിരുന്നു.
എബിയുടെ  ഫോണും കൈയിൽ മേടിച്ചതിന് ശേഷം അലക്സ് കൈയിലിരുന്ന മൊബൈൽ എല്ലാം ടേബിളിൽ ദേവിയുടെ മുൻപിലായി വെച്ചു.
"ആ വാതിൽ അങ്ങ് അടച്ചേരേ എബിച്ചായാ.."അലക്സ് എബിയോടായി പറഞ്ഞു.
"അടയ്ക്കാൻ വരട്ടെ..ഒരാളെ വിളിക്കാനുണ്ട്.."ദേവി പറഞ്ഞതുകേട്ട് അലക്സ് അവളെ നോക്കി.ശിവയും റോബിനും എബിയും എന്താണ് അവിടെ  നടക്കാൻ പോകുന്നതെന്ന് മനസ്സിലാവാതെ പരസ്പരം നോക്കി.
പെട്ടെന്ന് രാഗേഷ് തന്റെ മൊബൈലിൽ നിന്നും ആരെയോ വിളിച്ചു.
കുറച്ച് കഴിഞ്ഞ് വാതിലിന് വെളിയിൽ നിന്നും ഒരു സ്ത്രീ രൂപം അകത്തേക്ക് കയറി വന്നു.
അധികം നിറമില്ലാത്ത മുഷിഞ്ഞ കോട്ടൺ സാരി ഉടുത്ത് മുഖത്തെ തേജസ്സ്  നഷ്ടപ്പെട്ട് ഒരു വിഷാദ ഭാവത്തോടെ തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അലക്സ് മാത്രമല്ല എല്ലാവരും ഞെട്ടി!
"മിനി മിസ് !"അലക്സ് വിളിച്ചു.
"അതെ മറന്നിട്ടില്ല അല്ലെ..നമ്മുടെ മിനി മിസ് തന്നെ.."ദേവി പറഞ്ഞു.
ദേവിയെ കണ്ടതും മിനി മിസ് വിശ്വാസം വരാതെ അവളെ തന്നെ നോക്കി നിന്നു.തന്റെ ഫേവറേറ്റ് സ്റുഡന്റ്സിൽ ഒരാൾ ആയിരുന്ന ദേവിയുടെ ഇന്നത്തെ അവസ്ഥ കണ്ട്  മിനി മിസ്സിന്റെ  കണ്ണുകൾ നിറഞ്ഞു.പെട്ടെന്ന് അവിടെ ആരെയോ കണ്ട് മിനി മിസ്സിന്റെ കണ്ണുകളിൽ ഭീതി പടർന്നു!
"മിസ്സിന് നമ്മളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..അത് പറഞ്ഞ് തീരുന്നതുവരെ ആരും ഇവിടുന്ന് അനങ്ങി പോവരുത്!" ദേവി എല്ലാവരോടുമായി പറഞ്ഞു.
"ഇനി ആ വാതിൽ അങ്ങ് അടച്ചേരെ രാഗേഷേട്ടാ.."ദേവി പറഞ്ഞു.രാഗേഷ് വാതിലടച്ച് കുറ്റി ഇട്ടു .
ദേവി എഴുന്നേറ്റ് ചെന്ന് മിനി മിസ്സിന്റെ കൈയിൽ പിടിച്ച് തന്റെ അരികിൽ കൊണ്ടുവന്നിരുത്തി.
"മിസ്സെ..ഈ നിൽക്കുന്ന അലക്സിനും രാഗേഷേട്ടനും ഒക്കെ കുറച്ച് സംശയങ്ങൾ  ഉണ്ട്. മിസ് വേണം അതിനുള്ള ഉത്തരങ്ങൾ പറയാൻ. ആരെയും ഭയക്കേണ്ട  കാര്യമില്ല.മിസ്സും മിസ്സിന് വേണ്ടപ്പെട്ടവരും സേഫ് ആണ്.."ദേവി പറഞ്ഞു.അപ്പോഴും മിനി മിസ്സിന്റെ കണ്ണുകളിൽ ഭയം തളം കെട്ടി നിന്നു.
"ഞാൻ മിസ്സിനെ  നിർബന്ധിക്കുന്നില്ല.പക്ഷെ മിസ് ഇപ്പൊ സത്യങ്ങൾ തുറന്ന് പറഞ്ഞില്ലെങ്കിൽ ഇവർ എന്നെ ഇവിടെ ജീവനോടെ ചുട്ടെരിക്കും.മരിക്കാനുള്ള ഭയം കൊണ്ടല്ല.ജീവിക്കണമെന്ന് എനിക്ക് ഒട്ടും ആഗ്രഹവുമില്ല.പക്ഷെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പഴികേട്ട് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അതും ഞാൻ എന്റെ ജീവനെ  പോലെ സ്നേഹിച്ച എന്റെ രാഖിയെ ഞാൻ ആണ് കൊന്നതെന്ന് പറയുമ്പോൾ എനിക്കത് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല.മിസ് എന്നെ സഹായിക്കണം.."ദേവി മിസ്സിനെ  തൊഴുകൈയോടെ നോക്കി പറഞ്ഞു.മിനി മിസ് ഒന്നും മിണ്ടാതെ പേടിയോടെ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
ദേവി രാഗേഷിനെ  നോക്കി.രാഗേഷ് ഇനി എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി.
"ഓരോരോ വെളച്ചിലുമായിട്ട് ഇറങ്ങിക്കോളും.ഞാൻ അപ്പഴേ പറഞ്ഞില്ലേ ഇതൊക്കെ ഇവളുടെ നാടകമാണെന്ന്.അലക്‌സേ നിന്റെ പെണ്ണിനെ കൊന്നത് ഇവള് തന്നെയാടാ.."ശിവ ദേവിയെ ചൂണ്ടി അലക്സിനോട് പറഞ്ഞു.
"അല്ല!" മിനി മിസ്സിന്റെ ശബ്ദമായിരുന്നു അത്!
"രാഖിയെ കൊന്നത് ദേവിയല്ല! "മിനി മിസ്സിന്റെ വാക്കുകൾ കേട്ട് അലക്സ് ഞെട്ടി!അവന്റെ  നെഞ്ചിൽ ഒരു നീറ്റലുണ്ടായി.
അവൻ മിസ്സിന്റെ  അടുത്തേക്ക്  വന്ന് അവരുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
"രാഖി മരിക്കുന്നതിന്റെ കുറച്ച് ദിവസം മുൻപ് ദേവി എന്നെ കാണാൻ വന്നിരുന്നു.രാഖി ദേവിയും അലക്‌സും അറിയാതെ ഏതോ ഒരു ഫിലിം ഓഡിഷന് വേണ്ടി  ഫോട്ടോ എടുക്കാൻ നമ്മുടെ കോളേജിനടുത്തുള്ള ഉദയന്റെ ഫോട്ടോ ബൂത്തിൽ പോയി.പക്ഷെ അയാൾ രാഖി  അറിയാതെ ചേഞ്ചിങ് റൂമിൽ വെച്ച് അവൾ വസ്ത്രം മാറുന്ന കുറച്ച് ഫോട്ടോസ്   എടുത്തു.പിന്നീട് ആ ഫോട്ടോസ് കാണിച്ച് അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങി.അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തില്ലെങ്കിൽ  ആ ഫോട്ടോസ് മുഴുവൻ പുറത്തുവിടുമെന്ന് പറഞ്ഞ് ഉദയൻ  നിരന്തരം അവളെ വേട്ടയാടാൻ തുടങ്ങി..രാഖി ദേവിയോട് ഈ കാര്യം പറഞ്ഞു.ദേവി എന്നെ കാണാൻ വന്നു.എന്റെ ഹസ്ബൻഡ് സത്യരാജ് പോലീസിൽ ആയിരുന്നത്കൊണ്ട് ദേവി ഈ വിവരം എന്നെയും സത്യേട്ടനെയും  അറിയിച്ചു.ആ തിങ്കളാഴ്ച്ച കോളേജിനടുത്ത് തന്നെയുള്ള പൂട്ടിക്കിടക്കുന്ന അംബാ മിൽസിലേക്ക് ചെല്ലാനായിരുന്നു ഉദയൻ  രാഖിയോട് പറഞ്ഞിരുന്നത്.അയാളെ കുടുക്കാനുള്ള പ്ലാൻ സത്യേട്ടൻ  തയ്യാറാക്കി.സത്യേട്ടന്റെ നിർദേശമനുസരിച്ച് രാഖി തിങ്കളാഴ്ച്ച  ഉദയൻ  പറഞ്ഞ സമയത്ത് തന്നെ  അംബാ മിൽസിൽ  എത്തി.പിന്നാലെ സത്യേട്ടനും ദേവിയും അവളുടെ  പിറകെ പോയി കെട്ടിടത്തിന്  താഴെ ഒളിച്ചിരുന്നു.പിന്നെ..പിന്നെ .."മിനി മിസ് ഏങ്ങലടിച്ച് കരയുകയായിരുന്നു.
അലക്സ് ഇതെല്ലാം  കേട്ട് സ്തബ്ധനായി നിന്നുപോയി!
തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ  അവിടെ നടന്നിട്ടുണ്ടെന്ന് അവന് മനസ്സിലായി.
രാഗേഷ് വേദനയോടെ കണ്ണുകളടച്ച് നിന്നു.ദേവി മിനി മിസ്സിനെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
"ബാക്കി ഞാൻ പറയാം."ദേവി പറഞ്ഞു.അവൾ എല്ലാവരെയും ഒന്ന് നോക്കി.
"ഇടയ്ക്ക്  സത്യരാജ് സാറിന് ഒരു കാൾ വരുന്നതും അദ്ദേഹം ശബ്ദം താഴ്ത്തി സംസാരിക്കുന്നതും അദ്ദേഹത്തിന്റെ മുഖത്ത് ഗൗരവം നിറയുന്നതും ഞാൻ കണ്ടു.മുകളിലേക്ക് കയറി പോയ രാഖി പെട്ടെന്ന് തന്നെ താഴേക്ക് ഓടി വന്നു.ഉദയന്റെ പ്ലാൻ മാറിയെന്നും ഇനി എന്നാണ് വരേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നും അയാൾ പറഞ്ഞെന്ന് അവൾ പറഞ്ഞു.രാഖിയുടെ  ഫോട്ടോസ് ഉദയൻ തിരികെ കൊടുത്തിരുന്നില്ല .ഉദയൻ  ഫോട്ടോസ് കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്നറിയാത്തത്  കൊണ്ട് സത്യരാജ് സാർ അപ്പൊ ഇടപെടുന്നത് മണ്ടത്തരമാണെന്ന് അറിയാമായിരുന്നത്കൊണ്ട്   ഇനി അടുത്ത കൂടിക്കാഴ്ച്ച വരെ വെയിറ്റ് ചെയ്യണമായിരുന്നു.അതുകൊണ്ട് ഞങ്ങൾ തൽക്കാലം  തിരിച്ച് പോകാൻ തീരുമാനിച്ചു. സത്യരാജ് സാറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരികെ ഹോസ്റ്റലിലേക്ക് നടന്നു...രാഖിയുടെ സംസാരത്തിൽ നിന്നും ആ മുറിയിൽ ഉദയൻ മാത്രമായിരുന്നില്ല അവളെ കാത്ത് നിന്നത് എന്നെനിക്ക് മനസ്സിലായി.ഉദയന്റെ കൂടെ അംബാ മിൽസിൽ രാഖിയുടെ ശരീരത്തിനായി കാത്തിരുന്ന ആളുടെ പേര് അവളുടെ  നാവിൻ തുമ്പിൽ നിന്നും കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി! "ദേവിയുടെ മുഖത്ത് പകയും വെറുപ്പും നിറഞ്ഞു.
"ആരാ..ആരായിരുന്നു അത്?"അലക്സ് മുരണ്ടു!

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot