നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൈക്കുകളേ ഇതിലേ.. ഇതിലേ.

Like, Font, Thumb, Hand, Facebook, Social Network

രാവിലെ തന്നെ ഉറക്കം വിട്ടെണീറ്റ പ്രശസ്ത ഓൺലൈൻ സാഹിത്യകാരൻ പ്രകാശ് പി മാഞ്ചുവട്ടിൽ (പി പി എം),തന്റെ സ്ഥിരം പണി ആരംഭിച്ചു.( സ്ഥിരം പണി എന്നു കേൾക്കുമ്പോൾ നിങ്ങൾ തെറ്റിദ്ധരിക്കണ്ട മൊബൈലിൽ തോണ്ടൽ അത് തന്നെ ).ഇന്നലെ മാതൃദിനത്തിൽ പോസ്റ്റ് ചെയ്ത അമ്മയോടൊപ്പം ഇരുന്നെടുത്ത ഫോട്ടോക്കും, ഒപ്പം ഇട്ട സാഹിത്യത്തിൽ മുക്കിയെടുത്ത പോസ്റ്റിനും കിട്ടിയ ലൈക്ക്സിന്റെയും കമൻസിന്റേയും കണക്കെടുത്തു തുടങ്ങി.. വിചാരിച്ചതിനെക്കാൾ കൂടുതൽ ലൈക്ക് കിട്ടിയിട്ടുണ്ട്... ഹൊ അമ്മയെ കൊണ്ട് ചുരിദാർ ഇടീക്കാമായിരുന്നു... പരിഷ്കാരം തൊട്ട് തീണ്ടാത്ത ഈ ഓണം കേറാൻ മൂലയിലാണ് താമസം എന്ന് ആർക്കും സംശയം തോന്നരുതല്ലോ.
" സുജൂ,,,, മോളെ സുജൂ ഏട്ടന്റെ ചായ കിട്ടിയില്ല"
ഇനി ഒരു ചായ കുടിച്ചിട്ടാവാം എല്ലാം കമൻസിനുമുള്ള റിപ്ലേ കൊടുക്കൽ എന്നു കരുതി പി പി എം, ഭാര്യ സുജാതയെ ചായക്കായി ഓർമ്മിപ്പിച്ചു...
" നേരം വെളുത്തത് മുതൽ തുടങ്ങിക്കോണം ഈ തോണ്ടൽ, ആ പല്ലെങ്കിലും ഒന്നു തേയ്ക്ക് മനുഷ്യാ, എന്നിട്ട് ചായകുടിക്ക് "
ഇതും പറഞ്ഞ് ചായയും ടേബിളിൽ കൊണ്ടു വച്ചിട്ട് സുജാത കലി തുള്ളി പോയി..
" അല്ലേലും നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, സാഹിത്യ ബോധം വേണം, സാഹിത്യ ബോധം ! അതെങ്ങനെ ഉണ്ടാകാനാ? സ്ഥല കച്ചവടക്കാരന്റെ മോൾക്ക് സാഹിത്യം എവിടെ വരാനാ..? "
പി പി എം സുജാതയുടെ അച്ഛനെ കളിയാക്കി കൊണ്ട് ഒളി കണ്ണാലെ അവളെ നോക്കി..
" പ്രിയ ആര്യപുത്രാ ഈയുള്ളവൾ ഇവിടെ സാഹിത്യം വിളമ്പി കൊണ്ടിരുന്നാൽ അങ്ങേയ്ക്കും നമ്മുടെ സ്നേഹവല്ലരിയിൽ തളിരിട്ട രണ്ട് മുകുളങ്ങൾക്കും തൊള്ള നിറക്കാൻ ആരുണ്ടാക്കിത്തരും?
ഇന്നലെ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ എണീറ്റ് അമ്മയെ കാണാൻ പോകാൻ എന്ത് ശുഷ്കാന്തിയായിരുന്നു.. അമ്മയോടൊടൊപ്പമുള്ള ഫോട്ടോ എടുത്ത് മദേഴ്സ് ഡേയിൽ എഫ് ബി യിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നില്ലേ അത്..അല്ലാതെ നിങ്ങൾ അവിടേക്ക് തിരിഞ്ഞു നോക്കുവോ മനുഷ്യാ...?പാവം അമ്മ കഴിഞ്ഞയാഴ്ച ഞാൻ പോയപ്പോഴും എന്നോട് പറഞ്ഞതാ പ്രകാശനോട് ഒന്നു വരാൻ പറ മോളെ, എനിക്കവനെ കാണാൻ കൊതിയാവുന്നു എന്ന്.. ഞാനപ്പഴേ പറഞ്ഞു അടുത്ത ഞായാറാഴ്ച എന്തായാലും വരുമെന്ന്.. ലൈക്കും കമൻസും വാങ്ങി പുഴുങ്ങിത്തിന്നാനുള്ളതല്ലേ നിങ്ങൾക്ക്.. അതു കൊണ്ടെന്തായാലും പോകുമെന്നറിയാമായിരുന്നു.
എന്നിട്ടിപ്പൊ എന്റച്ഛന്റെ സാഹിത്യകൊണം അളക്കാൻ വന്നിരിക്കുന്നു.
മനുഷ്യാ,, വേണ്ട...എന്റെ വായിലിരിക്കണത് കേൾക്കാണ്ട് എണീറ്റ് പൊക്കോണം അവിടന്ന് "
ഇനിയും താനിവിടെ ഇരുന്നാൽ സംഗതി പന്തികേടാവുമെന്ന് മനസിലാക്കിയ പി പി എം പതുക്കെ തന്റെ മുറിയിലേക്ക് ഉൾവലിഞ്ഞു.
അത്യാവശ്യം പ്രാഥമിക കർമ്മങ്ങളൊക്കെ നടത്തിയിട്ട് പി പി മെല്ലെ കിച്ചനിലേക്ക് പ്രവേശിച്ചു.. സുജാതയപ്പോൾ തിരക്കിട്ട പണിയിലായിരുന്നു. മക്കളുടെ സ്കൂൾ ബസ് വരുമ്പോഴത്തേക്ക് എല്ലാം തയ്യാറാക്കണം..
"നീ മാറി നിൽക്ക് തേങ്ങ ഞാൻ ചിരകിത്തരാം " എന്ന് പറഞ്ഞ് പി പി എം സുജാതയുടെ കയ്യിൽ നിന്നും തേങ്ങ വാങ്ങി ചിരകാൻ തുടങ്ങി..
സാധാരണ ഒന്നാം തീയതി യേ ഇത്തരത്തിലുള്ള വീരകൃത്യങ്ങൾ പി പി എം ചെയ്യാറുള്ളൂ..
ഇന്ന് എന്തു പറ്റി എന്ന മട്ടിൽ അവൾ അയാളെ നോക്കി..
എല്ലാ പണികൾക്കുമന്നയാൾ സുജാതയെ സഹായിച്ചു.. . ഏഴിലും അഞ്ചിലും പഠിക്കുന്ന ശ്രദ്ധയും, കിരണുമാണ് അവരുടെ സ്നേഹ വല്ലരിയിൽ വിടർന്ന രണ്ട് മുകുളങ്ങൾ.. രണ്ടാളെയും സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം പിപി എം സുജാതയുടെ അടുക്കൽ വന്നപ്പോളവൾ ഓഫീസിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു ...
"നിന്റെയാ ഫ്രണ്ടിന്റെ പേരെന്താ ?വെളുത്ത് മെലിഞ്ഞ വിടർന്ന കണ്ണുകൾ ഉള്ള കല്യാണം കഴിയാത്ത ആ ക്രിസ്ത്യാനി കൊച്ച്?
ആ സെലിൻ മാത്യൂസ് ഓർമ്മ വന്നു, അവളിപ്പഴും വരുന്നുണ്ടല്ലോ അല്ലേ?"
പി പി എം സുജാതയോടായി ചോദിച്ചു..
"യ്യോ നിങ്ങൾക്കവൾടെ പേരറിയില്ല ഇല്ലേ ? ഇന്നലെയും കണ്ടു നിങ്ങൾടെ ഒരു കഥക്ക് അവളിട്ടിരിക്കുന്ന കമന്റ്റ്...
'അനുവാചകരുടെ ഹൃദയത്തിലൊരു ദുന്ദുഭീ നാദം പോൽ ഒഴുകി എത്തിടുന്നു താങ്കളുടെ വരികൾ.. '
പിന്നെ... ദുന്ദുഭീ ... അവൾക്കൊന്നും ഒരു പണീം ഇല്ല വീട്ടിൽപ്പോയാൽ,, സഹായിക്കാൻ ജോലിക്കാരി, പിന്നെ കെട്ട് കഴിയാത്തതുകൊണ്ട് പ്രാരാബ്ധങ്ങൾ ഒന്നും ഇല്ല അങ്ങനെ വരുമ്പോൾ ദുന്ദുഭീയല്ല ഭൈരവി നാദം പോലെയൊക്കെ തോന്നും, അവളുടെ വലംകൈ പ്രവീണയും ഇപ്പൊ നിങ്ങൾടെ ആരാധികയാണല്ലോ... അവളിന്നലെ പറയ്കയാ.. " മാഡം സർന്റെ എഴുത്ത് സൂപ്പറാട്ടോ ", ,, ഞാനൊന്നും പറഞ്ഞില്ല
" ഒരു സൂപ്പർ എഴുത്തുകാരൻ വന്നിരിക്കുന്നു. എന്റെ മെയിൽ ഒന്നു ചെക്ക് ചെയ്യാൻ നിങ്ങൾടെ ഫോണിന്നലെ എടുത്തപ്പോൾ സെലിന്റെ മെസേജ് മെസഞ്ചറിൽ കണ്ടു.. ചാറ്റിംഗ് മൊത്തം ഞാൻ നോക്കീ .ചീപ്പാണ് ആ പ്രവൃത്തി എന്നറിയാഞ്ഞിട്ടല്ല എന്റെ സഹപ്രവർത്തകയോടുള്ള നിങ്ങൾടെ സമീപനമൊന്നറിയണമല്ലോ ! ഞാൻ കണ്ടു ; അവൾക്കു തലവേദന, മൈഗ്രയ്നാണെന്ന് പറഞ്ഞപ്പോഴുള്ള നിങ്ങൾടെ ചികിൽസ ; തുമ്പയില നന്നായിട്ടരച്ച് നെറ്റിയിൽ എണീറ്റ ഉടനെ പിടിപ്പിക്കുക അല്ലെ....എന്നിട്ട് കൃത്യ സമയത്തുള്ള അന്വേഷണവും; 'മരുന്നു പരീക്ഷിച്ചു നോക്കിയോ ഡിയർ ,ഇപ്പം എങ്ങനുണ്ട് ഡിയർ? വേദന കുറഞ്ഞോ ഡിയർ?' ഇവിടെ ഞാനൊന്നു തലവേദന എന്നു പറഞ്ഞാൽ നിങ്ങൾ മൈൻഡ് ചെയ്യുവോ മനുഷ്യാ? ഹൊ അവൾടെ തലവേദന മാറ്റാനെന്തു വ്യഗ്രത.."
കലിപ്പിലാണ് തന്റെ സഹധർമ്മിണി എന്ന് മനസ്സിലാക്കിയ പി പി എം വിഷയം മാറ്റാൻ നോക്കി..
"യ്യോ നിന്റെ മുടിയൊക്കെ കൊഴിഞ്ഞ് കഷണ്ടി കയറിത്തുടങ്ങിയല്ലോ.. പിന്നേയ് നമുക്കിന്ന് പോയി നീലിഭൃംഗാതി എണ്ണ മേടിക്കാം ട്ടോ ..മുടി കൊഴിച്ചിലിന് നല്ലതാ, ഓഫീസിലെ സുനിത പറഞ്ഞു ."
"ഓഹോ നിങ്ങൾ സുനിത തേയ്ക്കുന്ന എണ്ണയുടെ മണം പിടിച്ച് നടക്കാല്ലേ ? "
ഒരു ബോട്ടിൽ എണ്ണ മേടിക്കാൻ നിങ്ങൾ കൂടെ വരണമെന്നില്ല. ഞാനെടുത്താലും എണ്ണയുടെ ബോട്ടിൽ പൊങ്ങും. ഹും അല്ല പിന്നെ.. "
സുജാതയുടെ താപനില വീണ്ടും വർദ്ധിച്ചു...
" ഇന്നും ജോലിക്കു പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ മനുഷ്യാ?
നിങ്ങളെ ഓഫീസിൽ നിന്നും പിരിച്ചു വിട്ടോ. '?
അല്ലേലും നിങ്ങൾക്ക് പറ്റിയ ഡിപ്പാർട്ട്മെന്റ് തന്നെയാ.. ആർക്കിയോളജിക്കൽ ഡിപ്പാർട്ട് മെന്റ്റ്. "
സുജാത ഒരൽപ്പം മയപ്പെട്ടുവെന്ന് മനസ്സിലാക്കിയ പി പി എം അവളുടെ അടുക്കലെത്തി പറഞ്ഞു
" ഇന്ന് ഞാൻ ലീവാണ്, ഞങ്ങൾടെ ഗ്രൂപ്പിൽ ഒരു കഥയെഴുത്തു മൽസരം ഉണ്ട് ..നാളെയാ അതിന്റെ ലാസ്റ്റ് ഡേറ്റ്.. ഇന്നു തന്നെ ഒരു കഥ എഴുതി തീർക്കണമെന്നു വിചാരിക്കുന്നു. "
" ഇന്നലെ അവധിയായിരുന്നില്ല ?"
സുജാതയുടെ ചോദ്യം ആദ്യം കേൾക്കാത്ത പോലെ പി പി എം നിന്നു..
പക്ഷേ അവളുടെ നോട്ടത്തിൽ പേടിച്ചു പിന്നെ പറഞ്ഞു
" ഇന്നലെ മുഴുവൻ ഭാവനയും വിരിഞ്ഞില്ല സുജൂ, ഒരു ഒമ്പത് മാസം .ആയതേ ഉള്ളൂ ,ഇന്ന് ഞാൻ പ്രസവിക്കും തീർച്ച"
"ങേ... ? "
സുജാത അന്തം വിട്ട് പി പി എം നെ നോക്കി..
" അതേയ് ഈ പ്രസവം ഞങ്ങൾ എഴുത്തുകാരുടെ ഭാഷയാണ്, ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഉണ്ടാകുന്ന അതേ നിർവൃതിയാണ് ഞങ്ങളുടെ ഓരോ രചനകളും പിറന്നു വീഴുമ്പോൾ ഞങ്ങൾക്കുണ്ടാകുന്നത്.. അതാ ഞാൻ പ്രസവം എന്നു പറഞ്ഞത് മനസ്സിലായോ ഡിയർ? "
" അപ്പം നിങ്ങൾ എഴുത്തുകാരിൽ സുഖപ്രസവം മാത്രമേ ഉള്ളുവോ .. സിസേറിയൻ ഇല്ലെ?"
അവളുടെ കളിയാക്കൽ കേട്ട് നാവ് തരിച്ച് വന്നെങ്കിലും, ഇപ്പൊ ആവശ്യം തന്റേതാണ് എന്ന് മനസ്സിലാക്കിയ പി പി എം,, "ഈ സുജുവിന്റെ ഒരു തമാശ.. എന്ന് പറഞ്ഞു അവൾടെ തോളിലൊന്നു തട്ടി.
" നിങ്ങള് കാര്യം പറയ് മനുഷ്യാ,, രാവിലെ നിന്ന് കുറുകാതെ, എനിക്ക് പേറും പ്രസവുമൊന്നുമില്ലാത്തതു കൊണ്ട് ഓഫീസിൽ പോകണം."
അവൾ അയാളെ നോക്കിപ്പറഞ്ഞു.
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആണ് സുജാത.
"ഞാമ്പറഞ്ഞില്ലെ,കഥാ മൽസരം..?അതിൽ ലൈക്കിന്റെ അടിസ്ഥാനത്തിലാ വിജയികളെ തീരുമാനിക്കുന്നത്.. അതു കൊണ്ട് നീ ഒരു സഹായം ചെയ്യണം "
പി പി എം അവളുടെ അടുക്കൽ കുറച്ച് കൂടി ചേർന്നു നിന്നു പറഞ്ഞു.
" എന്ത് സഹായം,,? എന്റെ കമ്പനിയിലെ ഏകദേശം സ്റ്റാഫിനെയും നിങ്ങളുടെ ഗ്രൂപ്പിൽ നിങ്ങൾ തന്നെ ആഡ് ചെയ്തിട്ടുണ്ടല്ലോ.. പിന്നെന്താ?"
അവൾ അയാളെ നോക്കി നെറ്റി ചുളിച്ചു.
" അതല്ല കാര്യം, നിന്റെ കമ്പനിയിൽ ഉള്ള വർക്കേഴ്‌സിൽ കുറെ ആസാമിസും ബംഗാളികളും ഇല്ലെ .? എല്ലാവരേയും എനിക്കൊന്ന് പരിചയപ്പെട്ടുത്തിത്തരണം.. അവരേയും അവരുടെ ഫ്രണ്ട്സിനേയും ഒക്കെ നമുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്യാം.. വെറും പരിചയപ്പെടുത്തൽ പോര, ഓരോന്നിന്റെയും പേരെഴുതി വയ്ക്കണം, അല്ലേൽ ഒന്നിനേയും മനസ്സിലാവില്ല, എല്ലാത്തിനേറെയും മുഖം ഒരു പോലല്ലേ ഇരിക്കുന്നത്..
എഫ്.ബി അക്കൗണ്ടില്ലാത്തവർക്ക് നമുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കൊടുക്കാം..
ഇനി അക്കൗണ്ട് ഓപ്പ്ൺ ചെയ്ത് നോക്കാൻ അറിയാത്തവർ ഉണ്ടെങ്കിൽ ,അവരുടെ അക്കൗണ്ട് ഞാൻ തന്നെ ഓഫീസിൽ ഇരുന്ന് ഓപ്പൺ ചെയ്ത് ലൈക്കിക്കോളാം ട്ടോ, അവിടെയാണേൽ എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. "
പി പി എം ന്റെ ഈ വാക്കുകൾ കേട്ട് സുജാത ആദ്യമൊന്ന് ഞെട്ടി..
" നിങ്ങൾക്ക് വട്ടായോ മനുഷ്യാ...?"
" നീ ഒന്നു സഹായിക്ക്, ഞാനുച്ചക്ക് നിന്റെ ഓഫീസിൽ വരാം എന്നിട്ട് നമുക്ക് സൈറ്റിൽ പോകാം, ഷോപ്പിംഗ് കോംപ്ലക്സ് അല്ലെ പുതിയ കൺസ്ട്രക്ഷൻ,.?
അവരിൽ നിന്നും ഡാറ്റാസ് കളക്ട് ചെയ്ത് അക്കൗണ്ട് തുടങ്ങാം. "
" പിന്നേ നിങ്ങൾ ഡാറ്റാസ് കളക്ട് ചെയ്യുന്ന കാര്യങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ബാങ്ക് അക്കൗണ്ടാണ് തുടങ്ങാൻ പോകണതെന്ന്.
" നിങ്ങൾ ഇവിടിരുന്നു പ്രസവിക്കുന്നതൊക്കെ കൊള്ളാം ഈ വാതിൽ തുറന്ന് ഇടരുത്, കള്ളൻമാരുടെ ശല്യം നന്നായിട്ടുള്ളതാ"
സുജാത അതും പറഞ്ഞ് പുറത്തേക്കിറങ്ങി... എന്നിട്ട് പി പി എം നെ നോക്കിയെന്ന് ഊറി ചിരിച്ചു.
പി പി എം എത്ര ആലോചിച്ചിട്ടും ആ ചിരിയുടെ അർത്ഥം പിടി കിട്ടിയില്ല..
എന്തെങ്കിലും ആവട്ടെ എന്നു കരുതി വാതിലടച്ചിട്ട യാൾ അകത്തേക്ക് കയറി പ്പോയി..
,തനിക്ക് ബംഗാളികളുടേയും ആസാമീകളുടേയും വരൽതുമ്പിൽ നിന്നും കിട്ടാൻ പോകുന്ന ലൈക്കുകളുടെ എണ്ണമോർത്തു രോമാഞ്ചകഞ്ചുകനായി
പി പി എം കഥ എഴുതാനിരുന്നു.
"ലൈക്കുകളേ ഇതിലേ ഇതിലേ " ശീർഷകം എഴുതിയതിനുശേഷം, അയാൾ തകർത്തെഴുതാനാരംഭിച്ചു..
ഉച്ചയോടു കൂടി പി പി എം കഥ എഴുതി തീർത്തു..
വേഗത്തിൽ ഭക്ഷണം കഴിച്ചിട്ട് സുജാതയുടെ ഓഫീസിലേക്ക് യാത്ര തിരിച്ചു.
അവിടെ എത്തിയപ്പോൾ സുജാത ജോലി ത്തിരക്കിലായിരുന്നു.. സെലിനെ കണ്ടപ്പോൾ ഒന്നു സംസാരിക്കാമെന്നു കരുതി പി പി എം സെലിന്റെ അടുത്തെത്തി..
" എന്താ പി പി എം വി ശേഷം, പുതിയ കഥ അസ്സലായിട്ടുണ്ട് ട്ടോ.." സെലിൻ പുകഴ്ത്തൽ ആരംഭിച്ചു...
" ഞാൻ സുജുവിനെ കൂട്ടി ഒരിടം വരെ പോകാൻ വന്നതാ, നിങ്ങളുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സൈറ്റിൽ.. "
അയാളുടെ വാക്കുകൾ കേട്ട് സെലിൻ ആദ്യമൊന്നമ്പരന്നു.
" അപ്പം പി പി ഒന്നുമറിഞ്ഞില്ലെ? ആ കൺസ്ട്രക്ഷൻ നിർത്തിവച്ചിരിക്കയാ, ആ സ്ഥലത്തിനെ ചൊല്ലി ചില ലീഗൽ ഇഷ്യൂസ് ഉണ്ട് അതാ സ്‌റ്റോപ് ചെയ്യാൻ കാരണം. അതു കൊണ്ട് ലേബേഴ്സായ ആസാമി സീനെയും ബംഗാളികളേയും നാട്ടിൽ പറഞ്ഞയച്ചിരിക്കയാ.
സുജു മാഡം ഇതൊന്നും പറത്തില്ലെ?"
സെലിൻ പറഞ്ഞത് കേട്ട് പി പി എം ന്റെ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞു... എന്തൊക്കെ മനക്കോട്ടകൾ ആണ് താൻ കെട്ടിയത്! ലൈക്ക്, സമ്മാനം...!
പി പി ക്ക് തല കറങ്ങുന്നത് പോലെ തോന്നി. പണ്ട് മണി ചേട്ടന് അവാർഡ് നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോഴുണ്ടായ അതേ ഫീലിംഗ് ആയിരുന്നു.പി പി ക്കും..
അപ്പോഴേക്കും സുജാത അവിടേക്കു വന്നു, സംഭവം എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്നത് : പി പി യുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായി.
അവളെ കണ്ടപ്പോൾ പിപിക്ക് ദേഷ്യം ഇരച്ചു കയറിയെങ്കിലും ഓഫീസായതിനാൽ സ്വയം നിയന്ത്രിച്ചു.
" നിങ്ങൾടെ പ്രസവം കഴിഞ്ഞോ.? കുട്ടി സുഖമായിരിക്കുന്നോ?."
സുജാത പിപി യെ കളിയാക്കാൻ തുടങ്ങി.
" നീ കൂടുതൽ വിളയണ്ട ഞാൻ വിചാരിച്ചാൽ ഒന്നുകൂടി നീ പ്രസവിക്കും കാണണോ?" അയാളവളുടെ ചെവിയിൽ ദേഷ്യത്തോടെ പറഞ്ഞു..
" യ്യോ അതിനിനി നിങ്ങളല്ല ഏത് ദേവേന്ദ്രൻ വിചാരിച്ചാലും കഴിയില്ല "
ശരിയാണല്ലോ അതൊക്കെ ഇവൾടെ രണ്ടാമത്തെ ഡെലിവറിയോടു കൂടി നിർത്തിയതാണല്ലോ എന്ന്, നമ്മുടെ പിപി തളർന്നവശനായി ഓർത്തു..
" നിങ്ങൾ വിഷമിക്കണ്ട ,ആദ്യം നിങ്ങളുടെ കുട്ടിയെ ഗ്രൂപ്പിൽ പോസ്റ്റൂ. അതിനെ പരിപോഷിപ്പിക്കാൻ നമ്മുടെ സെലിനെപ്പോലെയുള്ള കുറച്ച് പേർ നിങ്ങൾക്ക് ആരാധകരായി ഉണ്ടല്ലോ.. പിന്നെ ലൈക്കിന്റെ എണ്ണം ; അത് നമുക്ക് ശരിയാക്കാം, നാട്ടിൽ പോയ തൊഴിലാളികളുടെ പേരും ഡീറ്റെയ്ൽസും ഇവിടുണ്ട്,, അതു വച്ച് നമുക്ക് അവരുടെ എല്ലാവരുടെ പേരിലും ഓരോ അക്കൗണ്ട് തുടങ്ങാം.. അവരെയൊക്കെ വിളിച്ച് കാര്യം ഞാൻ പറഞ്ഞോളാം.. പോരെ?"
സുജാതയുടെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ '
പി പി അവളെത്തന്നെ നോക്കി... എന്നിട്ട് പരിസരം മറന്ന്അവളെ കെട്ടിപിടിച്ച് ഒരു ചുംബനവും നൽകി...
നാണത്താൽ പിപിയെ ഒന്നു പിടിച്ച് തള്ളിയിട്ട് തൊഴിലാളികളുടെ ഡീറ്റെയ്ൽസ് എടുക്കാനവൾ പോയി..
"ലതാണ്ട് പോയ ലണ്ണാനെപ്പോലെ നിന്ന പി.പി. എം സന്തോഷം കൊണ്ട് തുള്ളിച്ചാടി... തനിക്ക് കിട്ടാൻ പോകുന്ന ലൈക്കിന്റെ എണ്ണവും, പിന്നെ അങ്ങനെ ലഭിക്കുന്ന സമ്മാനവും ഒക്കെ ഓർത്തയാൾ, അവിടെയിരുന്ന് ആത്മഗതമായി പറഞ്ഞു...
ലൈക്കിനെന്ത് ബംഗാളി മലയാളി വേർതിരിവ് ... മലയാളത്തിലും, ബംഗാളിയിലും ലൈക്ക് ലൈക്ക് തന്നെ....
Image may contain: 2 people, including Sajitha Anil, people standing, child and outdoor
സജിത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot