നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചക്കരമുത്തി


°°°°°°°°°°°°°°°°°°°
"മുത്തീ... ചോറു തീർന്നല്ലോ...
ഇനിയിയെന്തു ചെയ്യും...?"
വേലിക്കപ്പുറത്തെ വീടിന്റെ അടുക്കളപ്പുറത്ത് നിന്ന് വിമലേച്ചി ചക്കരമുത്തിയോട് കൈമലർത്തിക്കാണിച്ചു.
പടി കയറി വരുന്നതേയുണ്ടായിരുന്നുള്ളു, മുത്തി.
"സാരമില്ല മോളേ.. ചോറു തന്നെ വേണമെന്നില്ല. എന്താള്ളത് ന്നു വച്ചാൽ അതു മതി... " മുത്തി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
"ഒന്നും ഇരിക്കുന്നില്ല മുത്തീ... നാളെ വാ, ഞാനെന്തെങ്കിലും എടുത്തു വയ്ക്കാം." വിമലേച്ചി അകത്തേയ്ക്കു കയറിപ്പോയി.
"വിമലേച്ചി വെറുതെ പറയുകയാ.. " ഞാൻ അമ്മയോടു പറഞ്ഞു. അമ്മ കണ്ണുരുട്ടി.
വിമലേച്ചിയുടെ വാസൂട്ടൻ ചോറു വേണ്ടെന്നും പറഞ്ഞു കരയുന്നതും രാവിലത്തെ ദോശ തരട്ടെ എന്നു ചേച്ചി ചോദിക്കുന്നതുമൊക്കെ അൽപം മുമ്പാണ് ഞാൻ കേട്ടത്...
മുത്തി പരിഭവമില്ലാതെ തിരിഞ്ഞു നടന്നു. വാസൂട്ടൻ വിമലേച്ചി കാണാതെ ഉമ്മറവാതിലിലൂടോടി വന്ന് മുത്തിയുടെ കൈയിൽ തൊട്ടു വിളിച്ചു.
മുത്തി വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി. മടിശ്ശീലയഴിച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച ചക്കര ഒരെണ്ണമെടുത്ത് അവന്റെ കൈയിൽ കൊടുത്തു. വാസൂട്ടൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചക്കരയൊന്നു കടിച്ചു.
എനിക്ക് വലിയ ഇഷ്ടമാണ് ചക്കരമുത്തിയെ. മാമൻ ഗൾഫിൽ നിന്നു കൊണ്ടുവരുന്ന ചോക്കളേറ്റ്, പൂരത്തിനു വാങ്ങിയ പലഹാരങ്ങൾ, പിറന്നാൾ കേക്ക്... എല്ലാത്തിൽ നിന്നും മുത്തിക്ക് ഒരോഹരി ഞാൻ കരുതി വയ്ക്കും
മുത്തി എപ്പോൾ വരും എന്നു പറയാൻ പറ്റില്ല. പക്ഷേ എപ്പോൾ വരുമ്പോഴും മുത്തിയുടെ മടിശീലയിലെ ഒരു ചക്കര ഈ പാറുക്കുട്ടിക്കുള്ളതാണ്.
അമ്പലപ്പറമ്പിന്റെ ഒരു മൂലയിൽ, കുത്തിക്കെട്ടിയ ഒറ്റമുറിച്ചായ്പ്പിലാണ് മുത്തിയുടെ താമസം. ഒറ്റയ്ക്കല്ല കേട്ടോ. അഞ്ചാറു പൂച്ചകൾ മുത്തിക്കൊപ്പമുണ്ട്. പിന്നെ അമ്പലപ്പറമ്പിൽ അലഞ്ഞു നടക്കുന്ന പട്ടികളും മുത്തിയുടെ സ്വന്തം ആൾക്കാരാണ്.
അമ്പലക്കുളത്തിനപ്പുറത്തെ പൊന്തക്കാട്ടിലെ കരിയിലക്കിളി മുതൽ ഞങ്ങളുടെ പൂളമരത്തിൽ കൂടു വച്ച കാക്കവരെ നേരം വെളുത്താൽ മുത്തിയുടെ മുറ്റത്തെത്തും. നാടുതെണ്ടിക്കിട്ടുന്ന ഭക്ഷണം മുത്തശ്ശി അവർക്കു പങ്കുവെച്ചു കൊടുക്കും.
അച്ഛൻ വീട്ടിലുണ്ടെങ്കിൽ മുത്തിക്ക് കാശ് കൊടുക്കാറുണ്ട്. ഓണം വിഷു പോലുള്ള ആണ്ടറുതികളിൽ മുത്തിക്ക് വീടുകളിൽ നിന്ന് ഇഷ്ടം പോലെ തുണിയും പണവുമൊക്കെ കിട്ടും.
മുത്തി പടി കടന്നു വരുന്നതു കണ്ടപ്പോൾ അമ്മ ഭീഷണിപ്പെടുത്തും പോലെ പറഞ്ഞു.
"പെണ്ണേ, നിന്റെ ചക്കര തീറ്റ നിർത്തിക്കോ ട്ടോ...
പല ജാതി ജന്തുക്കൾക്കൊപ്പമാണ് മുത്തിയുടെ താമസം എന്നു മറക്കണ്ട. വൃത്തിയും വെടിപ്പുമില്ലാതെ... "
മുത്തി ദിവസവും രണ്ടു നേരം അമ്പലക്കുളത്തിൽ കുളിക്കും. അലക്കി വെളുപ്പിച്ച മുണ്ടേ ഇടുക്കൂ. പല്ലില്ലാത്ത ആ ചിരിയോളം വൃത്തിയും ഭംഗിയുമുള്ള മറ്റൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല.
"അമ്മയേക്കാളും വൃത്തിയുണ്ട് മുത്തിക്ക്... " ഞാൻ പിറുപിറുത്തു കൊണ്ട് മുത്തിയുടെ അടുത്തേയ്ക്കോടി.
പ്രാതലിനു ബാക്കി വന്ന ഇഡ്ഡലി അമ്മ മുത്തിക്കു കൊടുത്തു. ഉമ്മറപ്പടിയിലിരുന്ന് മുത്തി തുണിപ്പൊക്കണം കെട്ടഴിച്ച് അലുമിനിയത്തിന്റെ ഒരു വലിയ തൂക്കുപാത്രമെടുത്തു. ഇഡ്ഢലി അതിലേയ്ക്ക് പെറുക്കിയിട്ട് പാത്രമടച്ചു വെച്ചു.
എന്നിട്ട് ഒരു ചക്കരയെടുത്ത് എന്റെ കൈയിൽ തന്നു. അമ്മയുടെ കുറുമ്പു നോട്ടം കാണാത്ത മട്ടിൽ മുത്തിയോടൊട്ടിയിരുന്ന് ഞാനത് കഴിച്ചു.
അമ്മ മുത്തിക്കായി കുറച്ച് ചോറും കറിയും പ്ലേറ്റിലാക്കി കൊണ്ടുവന്നു വച്ചപ്പോഴേയ്ക്കും എവിടെ നിന്നാണെന്നറിയില്ല ചക്കിപ്പൂച്ച പറന്നെത്തി.
ആദ്യമുരുട്ടിയ ചോറുരുള മുത്തി ചക്കിക്കു കൊടുത്തു. ബാക്കി ചോറുണ്ട് കൈ കഴുകി വന്ന് പൊക്കണം മുറുക്കുമ്പോൾ ഞാൻ ചോദിച്ചു, "മുത്തിക്കു വയറു നിറഞ്ഞോ...?"
മുത്തി എന്നെ അണച്ചുപിടിച്ചു നെറുകയിൽ മുത്തി.
ഞാൻ അകത്തു പോയി തൊടിയിൽ നിന്നു പെറുക്കിക്കൊണ്ടുവന്നു വെച്ച പഴുത്ത മാങ്ങ മുത്തിക്കു കൊണ്ടു കൊടുത്തു. മുത്തി അതും പൊക്കണത്തിലിട്ടു.
എനിക്കൊരു കഥ പറഞ്ഞു തര്വോ മുത്തീ? ഞാൻ ചോദിച്ചു. മുത്തി വീണ്ടും പടിമേലിരുന്നു .അപ്പോൾ അമ്മയും വന്ന് തിണ്ണയിലിരുന്നു.
എന്റെ തലയിൽ വിരലോടിച്ച് ചക്കരമുത്തി കഥ പറയാൻ തുടങ്ങി.
"പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു രാജാവും ഒരു റാണിയുമുണ്ടായിരുന്നു. അവർക്കു രണ്ട് ആൺമക്കളും. നല്ല മിടുക്കൻമാരായ രണ്ടു രാജകുമാരൻമാർ.. "
രാജാവിന്റെ കഥ എനിക്കിഷ്ടമാണ്. അച്ഛൻ കൊണ്ടുവന്ന പഞ്ചതന്ത്രം കഥകളിലെ രാജകുമാരന്മാരെ ഞാനോർത്തു. അവർ മണ്ടൻമാരായിരുന്നു...
"രാജാവിനു കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. റാണിയേക്കാളും മക്കളേക്കാളുമൊക്കെ ഇഷ്ടം അവരോടായിരുന്നു..." മുത്തി തുടർന്നു.
"ഒരിക്കൽ കൂട്ടുകാർക്കൊപ്പം കാട്ടിൽ നായാട്ടിനു പോയ രാജാവ് തിരിച്ചു വന്നില്ല...."
അതെന്താ മുത്തീ? ഞാൻ ചോദിച്ചു
"നായാട്ടിനിടെ അപകടത്തിൽ രാജാവ് മരിച്ചു പോയി. അതു തന്നെ... " മുത്തി അകലേയ്ക്കു നോക്കി ഒരു നിമിഷമിരുന്നു.
"രാജാവു മരിച്ചപ്പോൾ റാണിയും മക്കളും പട്ടിണിയിലായി. മക്കൾ വിശന്നു കരയാൻ തുടങ്ങിയപ്പോൾ റാണി പണിക്കു പോകാൻ തുടങ്ങി... അപ്പോൾ ആളുകൾ റാണിയെ കളിയാക്കിച്ചിരിച്ചു." മുത്തി ചിരിച്ചു.
"അതെന്തിനാ കളിയാക്കുന്നത്... " ഞാൻ ചോദിച്ചു.
"അവരൊന്നും വിശപ്പറിഞ്ഞിട്ടുണ്ടാവില്ല. അതാവും..." ഇത്തവണ മുത്തി ചിരിച്ചില്ല.
"മക്കളൊക്കെ പഠിച്ചു വലിയ ആൾക്കാരായപ്പോൾ അന്യനാട്ടിലൊക്കെ പോയി... അവിടെ വലിയ കൊട്ടാരങ്ങൾ പണിതു... പിന്നെ, ഓരോ രാജകുമാരിമാരെ കണ്ടെത്തി കല്യാണവും കഴിച്ചു. പഴയ കൊട്ടാരത്തിൽ അമ്മ മഹാറാണി തനിച്ചായി... "
"ഒരു ദിവസം മക്കളൊക്കെ റാണിയെ കാണാനെത്തി. എന്നിട്ട്, അമ്മ റാണി ഇങ്ങനെ തനിച്ചു കഴിഞ്ഞാൽ വലിയ കഷ്ടമാണെന്നു പറഞ്ഞു... " ഞാൻ അമ്മയെ നോക്കി. അമ്മയും കഥയിൽ ലയിച്ചിരിക്കുകയാണ്. ചക്കിപ്പൂച്ച മെല്ലെയെണീറ്റു വന്ന് മുത്തിയുടെ കാലിൽ മുഖമുരുമ്മിക്കിടന്നു.
ചക്കിയെ മെല്ലെ തലോടി മുത്തി തുടർന്നു. "ദൂരെ വലിയൊരു കൊട്ടാരമുണ്ടത്രെ. എല്ലാ സൗകര്യവുമുണ്ട്, എല്ലാ കാര്യങ്ങൾക്കും ജോലിക്കാരുണ്ട്. കൂട്ടിന് വേറെയും കുറേ അമ്മ റാണിമാരും അവിടെയുണ്ടെന്ന്... മഹാറാണി അങ്ങോട്ടു താമസം മാറ്റണമെന്ന് രാജകുമാരൻമാർ നിർബന്ധം പിടിച്ചു... "
എന്നിട്ട് റാണി പോയോ? ഞാൻ ചോദിച്ചു.
"ഇല്ല.... പിറ്റേന്ന് മക്കളുണരും മുമ്പേ റാണി നാടുവിട്ടു....!! അതു തന്നെ കഥ, പാറുക്കുട്ടിയേ... "
മുത്തി കൈകൊട്ടിച്ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. പക്ഷേ ചിരിക്കിടയിൽ മുത്തിയുടെ കണ്ണുനനഞ്ഞതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ചക്കരമുത്തി നാളെ വര്വോ ...? എഴുന്നേറ്റ് പൊക്കണം മുറുക്കുന്ന മുത്തിയെ നോക്കി ഞാൻ ചോദിച്ചു.
"അറിയില്ല കുട്ടീ... " മുത്തി പറഞ്ഞു., "മുത്തി വന്നില്ലെങ്കിലും എന്റെ പാറുക്കുട്ടി ഈ ചക്കിപ്പൂച്ചയ്ക്ക് ഇത്തിരി ചോറു കൊടുക്കണം ട്ടോ... "
പൊക്കണമെടുത്ത് പടിയിറങ്ങും മുമ്പേ മുത്തി ഒരിക്കൽ കൂടി എന്നെ അണച്ചുപിടിച്ചു. മുത്തിയെ ചുറ്റിപ്പിടിച്ച് തണുത്ത വയറിൽ മുഖമമർത്തിയപ്പോൾ എന്തോ.. എന്റെ കണ്ണും നിറഞ്ഞു.
...... Surya Manu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot