Slider

സീബ് വേവ്സ്

0

കുങ്കുമച്ഛവി കലർന്ന സന്ധ്യാകാശവും, നീണ്ടു പരന്നു കിടക്കുന്ന നീലക്കടലും കണ്ണെത്താത്ത ദൂരത്തെവിടെയോ ഒന്നായ് ചേരുന്ന അസുലഭസുന്ദരമായ കാഴ്ച രമേഷിൽ വലിയ ആനന്ദനിർവൃതിയും ഉൾപുളകങ്ങളുമൊന്നും സൃഷ്ടിച്ചില്ല. നീലകടലിൽ നിന്ന് അധികമുയരങ്ങളിലേയ്ക്ക് ഉയർന്നു പൊങ്ങാത്ത തിരകൾ തൻ്റെ ഉള്ളിലെ ചിന്തകൾ പോലെ ഇടവേളകളില്ലാതെ അലയടിച്ചുയർന്നുകൊണ്ടേയിരുന്നു.
ജീവിക്കാൻ മറന്നു പോയ പ്രവാസികളിൽ ഒരുവനായ തന്നേ സുരേഷ് വിളിച്ചിട്ടാണ് രാവിലെ അവൻ്റെ ജോലി സ്ഥലമായ സീബിലേയ്ക്ക് വെള്ളിയാഴ്ചയായ ഇന്ന് വന്നത്.
ഉച്ചക്ക് അവൻ്റെ റൂമിൽ ഭക്ഷണവും ഉറക്കവും കഴിഞ്ഞ് സായാഹ്നസവാരിക്ക് എത്തിയതാണീ സീബ് ബീച്ചിലേയ്ക്ക്. നീണ്ടു നിവർന്നു കിടക്കുന്ന ബീച്ചിൻ്റെ മുന്നിലൂടെ പോകുന്ന പാതയ്ക്കു പുറകിലുള്ള വിശാലമായ സീബ് വേവ്സ് ഹോട്ടലിൻ്റെ മുൻഭാഗത്ത് ഇരുന്ന് കടലിലേക്ക് നോക്കിയിരുന്ന് ചായയും കുടിച്ച് വിശേഷങ്ങൾ പറഞ്ഞിരിയ്ക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.
പരസ്പരം കുറെ വിശേഷങ്ങൾ പങ്കിട്ടപ്പോൾ ഉള്ളിലെ ഭൂകമ്പങ്ങൾക്ക് ചെറിയൊരാശ്വാസം.
സുരേഷേ, ഇനി ഞാൻ തിരിച്ചുപൊയ്ക്കോട്ടെ, ഇപ്പോൾ പോയാൽ അധികം രാത്രിയാവുന്നതിന് മുമ്പ് എനിക്ക് ടാക്സിയിൽ അങ്ങെത്താം. രാവിലെ നേരത്തെ കട തുറക്കുകയും ചെയ്യാം.
നീയല്ലെ പറഞ്ഞത് കച്ചവടം തീരെ കുറഞ്ഞിരിയ്ക്കുകയാണെന്ന്.
അത് ശരിയാണ് കസ്റ്റമർ വരാതിരിയ്ക്കുക എന്നതാണ് കച്ചവടക്കാരൻ്റെ ഏറ്റവും വലിയ വിഷമം. സെയിൽസ് കുറയുന്നത് ആരോട് പറയാനാണ്. എല്ലാ ഇടത്തരം ബിസ്സിനസുകാരും തുല്യ ദു:ഖിതർ.പക്ഷെ നഷ്ടമണെങ്കിലും തുറക്കാതിരിക്കാനാവില്ലല്ലോ.
വീടിൻ്റെ ലോൺ, കുട്ടികളുടെ പഠിപ്പ്, വീട്ടു ചിലവ്, കടയുടെ വാടക, മറ്റു ചിലവുകൾ എല്ലാത്തിനും പൈസ വേണ്ടേ. അതു കൊണ്ട് ഒഴിവു ദിവസം പോലും അവധിയായ് ആസ്വദിക്കാൻ പറ്റാത്ത പാവം പ്രവാസികളുടെ ഒരു നേർ ചിത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പിള്ളേർ പറയുന്ന പാവപ്പെട്ട ഗൾഫുകാരൻ. മിസ്കീൻ.
മതി, മതിയെടാ പയ്യാരം നിൻ്റെ ഒരു പറച്ചിൽ.
നിൻ്റെ വീടുപണിയെല്ലാം തീർന്നില്ലെ?
അത് തീർന്നു,എല്ലാ പ്രവാസികളേയും പോലെ
സ്വപ്നസാക്ഷാത്ക്കാരമായി
വീടുപണി തുടങ്ങുകയും, ഇടയ്ക്കു വച്ച് നിന്നു പോയ വീടുപണി പുനരാരംഭിയ്ക്കാൻ സ്വർണ്ണം പണയം വയ്ക്കുകയും ബാക്കി ലോണെടുക്കുകയും ചെയ്തെങ്കിലും പണിയെല്ലാം
തീർത്തെടുത്തു.
എന്നിട്ട് വീടുപണി മൊത്തം കഴിഞ്ഞിട്ട് താമസം തുടങ്ങിയില്ലേ?
അത് മൊത്തം കഴിഞ്ഞു മൂന്നാലു വർഷമായി പുതിയ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പക്ഷെ ഞാൻ ഇത്ര നാളായിട്ട് ആകെ പത്തു മുപ്പത് ദിവസമാണ് പുതിയ വീട്ടിൽ എല്ലാവരും ഒന്നിച്ച് കഴിഞ്ഞിരിക്കുന്നത്.
പ്രവാസികളുടെ പ്രയാസം തീർന്ന് ഒന്നു നടുവു തീർക്കുന്ന സമയം ആകുമ്പോഴേക്കും തെക്കോട്ട് എടുക്കാനുള്ള സമയം ആയിട്ടുണ്ടാകും
അങ്ങിനെയൊന്നും ചിന്തിയ്ക്കണ്ടടാ, ഇവിടത്തെ മാന്ദ്യമെല്ലാം തീർന്ന് നമുക്കും ഒരു നല്ല നാളെ ഉണ്ടാകും. ഏതായാലും ഇന്നിനി രാത്രി യാത്ര വേണ്ട, നമുക്കിവിടെ നിന്നും ഭക്ഷണം കഴിച്ച് റൂമിലേയ്ക്കു പോകാം. നിനക്ക് രാവിലെ നേരത്തെ എഴുന്നേറ്റ് പോകുകയും ചെയ്യാം. ആദ്യം ഭക്ഷണം കഴിയ്ക്കാം
ഇവിടത്തെ ഭക്ഷണം സൂപ്പറാടാ, അറബിക്, ചൈനീസ്, ഏഷ്യൻ വിഭവങ്ങൾ എല്ലാമുണ്ട്. മുന്നിലെ കടലിൽ നിന്ന് പിടിച്ചു കൊണ്ടു വന്നിട്ടുള്ള ഫ്രഷ് മത്സ്യങ്ങളായ ഷേരി, ഹാമോസ് എന്നിവയിൽ ഏതാണ് വേണ്ടതെന്ന് കാണിച്ചു കൊടുത്തിട്ട് വരാം.
എനിക്കിതൊന്നും വേണ്ടടാ,
സുരേഷേ.
നീ ഒന്നും പറയണ്ട. നമ്മൾ രണ്ട് ചിക്കൻസൂപ്പിന് ഓർഡർ ചെയ്ത്, ഇത്തിരി നാരങ്ങാ പിഴിഞ്ഞ്, ഉപ്പും കുരുമുളകുപൊടിയും പാകത്തിന് ചേർത്ത് സൂപ്പ് കുടിച്ചു തീരുമ്പോഴേയ്ക്കും വൃത്തിയാക്കിയെടുത്ത മീൻ അറബിക് മസാലയും പുരട്ടി, ഉപ്പും നാരാങ്ങാനീരും പുരട്ടി കനലിൽ ചുട്ടെടുത്തതും, നാനും, സലാഡും, കടല അരച്ച് മൈനൂസും ചേർത്തത് വെളുത്തുള്ളി ഫ്ളേവറോടെ മേശപ്പുറത്ത് എത്തിയിട്ടുണ്ടാകും.
എന്നാൽ മീൻ വേണ്ടെങ്കിൽ പാക്കിസ്ഥാനി കടായിചിക്കനും, തന്തൂരി റൊട്ടിയും പറയാം. ഇതൊന്നും താല്പര്യമില്ലെങ്കിൽ കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കാം.
സുരേഷേ എനിക്കിതൊന്നും വേണ്ട എന്നു പറഞ്ഞതിന് കാരണമുണ്ടെടാ.
അതെന്താടാ നീയിപ്പോൾ നോൺവേജ് ഭക്ഷണം നിർത്തിയോ, എങ്കിൽ ഇഷ്ടമുള്ള വെജിറ്റേറിയൻ ഭക്ഷണവും ഫ്രഷ് ജ്യൂസും ആകാം.
ഞാൻ എന്ത് ഭക്ഷണം ആഗ്രഹിച്ചാലും നീ വാങ്ങിത്തരുമെന്ന് അറിയാഞ്ഞിട്ടല്ല. നിനക്കറിയില്ലേ എൻ്റെ കുട്ടികൾക്കും ചിക്കനും, മട്ടനും, മീനും എല്ലാം ഇഷ്ടവിഭവങ്ങൾ ആണ്. പക്ഷെ ഇപ്പോഴത്തെ മാന്ദ്യകാലത്ത് ലോണിനും, ഫീസിനും, പാൽ, പത്രം ഫോൺ,കറൻ്റ് എന്നിവയ്ക്കുള്ള പൈസ തന്നേ തട്ടിമുട്ടി അയച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾക്ക് നല്ല ഭക്ഷണങ്ങൾക്കും, നല്ല വസ്ത്രങ്ങൾക്കുമുള്ള പൈസ അയയ്ക്കാൻ പറ്റിയ സാഹചര്യമല്ല. അതിനാൽ അവർക്ക് കൊടുക്കാൻ പറ്റാത്ത നല്ല ഭക്ഷണങ്ങൾ സന്തോഷത്തോടെ ഇവിടെ എനിക്ക് എങ്ങിനെ കഴിക്കാനാവും. അത് തൊണ്ടയിൽ നിന്നിറങ്ങില്ലെടാ എന്നതാണ് സത്യം. അതൊക്കെ കൊണ്ട് സാഹചര്യങ്ങൾ ഒന്ന് ശരിയാകുന്നതു വരേ ഞാനും ലളിത ഭക്ഷണങ്ങൾ ആണ്
ഉപയോഗിക്കുന്നത്. നാട്ടിലാണെങ്കിൽ വല്ല കൂലിപ്പണിക്ക് പോയെങ്കിലും കുടുംബം നന്നായി നോക്കാമായിരുന്നു. ഇവിടെ ഇങ്ങിനെ കഷ്ടപ്പെടുന്ന പ്രവാസികളുടെ കുടുംബം നാട്ടിൽ അങ്ങിനെ കഷ്ടപ്പെടുന്നു.
എടാ എങ്കിലീ സ്ഥാപനം എല്ലാം വിറ്റ് നാട്ടിലേയ്ക്ക് മടങ്ങുന്നതല്ലേ നല്ലത്. നാട്ടിൽ എന്തെങ്കിലും തുടങ്ങാം. പഴയ പോലെ ഒന്നുമല്ല നാട്ടിൽ എന്തു തുടങ്ങിയാലും ഇത്തിരി കഷ്ടപ്പെട്ടാൽ വിജയിപ്പിച്ചെടുക്കാം.
അതു ഞാൻ ആലോചിച്ചു. അതല്ലേ
അതിനേക്കാൾ രസം ഇതിപ്പോൾ കച്ചവടവും ഇല്ല പിന്നെ കടയും വാങ്ങാനാളില്ല, കമ്പനിക്കാരുടെ ബാധ്യതകൾ തീർക്കാതെ പോകാനുമാവില്ല. പണ്ട് നമ്മൾ എക്കണോമിക്സിൽ പഠിച്ച പോലെ വിഷ്വൽ സർകിൾസ് ഓഫ് പോവർട്ടി ആൻ്റ് അൺ എംപ്ലോയ്മെൻ്റ്
തന്നെ ഇപ്പോൾ ഇവിടെയും അനുഭവിക്കുന്നു.
എനിക്ക് മനസ്സിലാകുന്നുണ്ടെടാ നിൻ്റെ മാനസികാവസ്ഥ. നിനക്ക് എന്നാൽ കഴിയാവുന്ന എന്ത് സഹായവും ചെയ്യാൻ ഞാനൊരുക്കമല്ലേടാ. ഞാനും നീയും എന്ന വ്യത്യാസം നമുക്കിടയിൽ ഇല്ലല്ലോ പിന്നെ നീ എന്തിന് പേടിക്കണം. സൗഹൃദത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഒന്നുമില്ലെടാ.
അതറിയാം. നിൻ്റെ ഇപ്പോഴത്തെ അവസ്ഥയും ഏറെ വ്യത്യസ്ഥമല്ലല്ലോ. സഹായിക്കാനുള്ള ഒരു നല്ല മനസ്സ് കൈയ്യകലത്തുണ്ടെങ്കിൽ അത് മനസ്സിന് തരുന്ന ഒരാശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്.
ശരിയാണ് നമ്മളെ പോലുള്ള ഓരോ ശരാശരി പ്രവാസിയും കഷ്ടപ്പാടുകളുടെ മരക്കുരിശും, മുൾക്കിരീടവുമണിഞ്ഞുള്ള ഗാഗുൽത്താ മലകയറ്റ പ്രവാസത്തിൽ ആണ്. വീശിയടിക്കുന്ന ചാട്ടവാറടികൾ പോലെ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി നമ്മളിൽ മുറിപ്പാടുകൾ തീർക്കുന്നു. പ്രാവാസികൾ. നമുക്കെന്നും ദുഃഖവെള്ളിയാഴ്‌ചകൾ മാത്രം . ജീവിയ്ക്കാൻ മറന്നു പോയ നമുക്കെന്നാണിനി ഒരുയിർത്തെഴുന്നേൽപ്പ്.
രമേഷേ, ഒരു കുന്നിനപ്പുറത്ത് കുഴിയും, കുഴിയ്കപ്പുറം കുന്നും ഉണ്ടാകും എന്ന് പറഞ്ഞ പോലെ എല്ലാം മാറ്റത്തിന് വിധേയമാണ്. ഇതെല്ലാം മാറും ഒരു നല്ല നാളെ ഇനിയും ഉദിച്ചുയരുമെന്ന പ്രതീക്ഷയിൽ ആയിരിക്കട്ടെ എല്ലാ ഉറക്കങ്ങളും.

By: PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo