നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 12


"അത് പറയുന്നതിന് മുൻപ് നമുക്ക് വേറൊരാളെ കൂടെ ഈ  മുറിയിലേക്ക് വിളിപ്പിക്കാം."ദേവി പറഞ്ഞു.അവൾ രാഗേഷിനെ  നോക്കി.രാഗേഷ് തന്റെ മൊബൈലിൽ വീണ്ടും ആരെയോ വിളിച്ചു.
പെട്ടെന്ന് രാഗേഷിന്റെ കൂട്ടുകാരൻ ശരൺ  ആരെയോ വാ മൂടിക്കെട്ടി വലിച്ചിഴച്ച് അവിടേക്ക് കൊണ്ടുവന്നിട്ടു!
"താങ്ക്സ് ശരൺ! നീ തിരികെ കാറിലേക്ക്  പൊയ്ക്കോ.ഞാൻ വന്നേക്കാം.."രാഗേഷ് പറഞ്ഞു.ശരൺ തിരികെ കാറിലേക്ക് പോയി.
വാ മൂടിക്കെട്ടിയ ആൾ കരഞ്ഞ് കൊണ്ട് താഴെ നിന്നും എഴുന്നേറ്റു.അത് ഉദയനായിരുന്നു! അലക്സിന്റെ കണ്ണുകൾ കുറുകി.അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മിന്നിമറഞ്ഞു! ഉദയന്റെ   മുഖമാകെ നീര് വന്ന് വീർത്തിരുന്നു.അയാൾ അവിടെ നിന്ന എല്ലാവരെയും ഭീതിയോടെ  നോക്കി..അലക്സ് ഓടി ചെന്ന് ഉദയന്റെ  വയറിനിട്ട് തന്നെ ആഞ്ഞ് ചവിട്ടി.
"പന്ന *(&#$@# എന്റെ പെണ്ണിനെ തന്നെ നിനക്ക് വേണമായിരുന്നു അല്ലേടാ നാറി! "അലക്സ് അയാളുടെ കരണത്ത് മാറിമാറി അടിച്ചു.
പെട്ടെന്ന് രാഗേഷും റോബിനും അവനെ തടഞ്ഞു.
"മതി അലക്സ്! ആവോളം കൊടുത്തിട്ടാ  ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.ഇനി തല്ലിയാൽ അവൻ ചത്ത് പോകും."രാഗേഷ് പറഞ്ഞു.
"ചാവണ്ടേ..ഇവനെ  പോലൊരുത്തൻ ഇനി ജീവിച്ചിരിക്കണ്ട.."അലക്സ് അയാൾക്ക് നേരെ ആക്രോശിച്ചു.
"ശെരിയാണ്. പക്ഷെ  അത് നിന്റെ കൈകൊണ്ടാവരുത് അലക്സ്.ആദ്യം ഇവന്റെ കൂടെ അന്നാ മുറിയിൽ ആരായിരുന്നുവെന്ന് നമ്മക്ക് അറിയണ്ടേ?"രാഗേഷ് ചോദിച്ചു.
"അതിനി ഇയാളുടെ നാവിൽ നിന്നെനിക്ക് കേൾക്കണമെന്നില്ല..എന്തിനായിരുന്നെടാ നാറി നീ എന്നെ ചതിച്ചത്?"പറഞ്ഞതും അലക്സ് ശിവയുടെ കരണത്തിനിട്ട്  ഒന്ന് പൊട്ടിച്ചു.ശിവ കവിൾത്തടം പൊത്തിപ്പിടിച്ച് തരിച്ച് നിന്നു!
ദേവിയും റോബിനും എബിയും രാഗേഷും എല്ലാവരും അലക്സിനെ പകച്ച്  നോക്കി!
"നാട്ടിൽ എല്ലാ ബിസിനസ്സും പൊട്ടിത്തകർന്ന് കുത്തുപാള എടുത്ത് നടന്നിരുന്ന നിന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട ഈ ഉദയനെ നീ  ആണ്  ഇങ്ങോട്ടേക്ക് കൊണ്ടുവന്ന് ഇവിടെ ഒരു ഫോട്ടോ ബൂത്ത് ഇട്ടുകൊടുത്തത്... നീ മിക്കപ്പോഴും ഇയാളുടെ കൂടെ ആ ഫോട്ടോ ബൂത്തിൽ സമയം ചെലവഴിക്കുന്നതും അവിടെ ഫോട്ടോ എടുക്കാൻ വരുന്ന സ്ത്രീകളെ പറ്റി ഓരോന്ന് പറയുന്നതും  ഒക്കെ ഈ പ്രായത്തിന്റെ ചോരത്തിളപ്പായെ ഞാൻ കണ്ടിരുന്നുള്ളൂ.പക്ഷെ ദേവി ഇവിടെ ഉണ്ടെന്നറിഞ്ഞത് മുതൽ നീ കുറ്റം അവളുടെ മേൽ കെട്ടി വെയ്ക്കാൻ കഷ്ട്ടപ്പെടുകായായിരുന്നു.എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ നീ ദേവിയോടുള്ള എന്റെ പക കൂട്ടിക്കൊണ്ടേ  ഇരുന്നു.ഇന്ന് ഫോൺ തരാൻ  മടിച്ചപ്പോൾ പോലും എന്റെ സംശയം കൂടി .പക്ഷെ മിനി മിസ്സിന്റെ വായിൽ നിന്നും ഉദയൻ എന്ന പേര് കേട്ടതും അയാളുടെ കൂടെ വേറൊരാൾ എന്റെ രാഖിക്കായി വല വിരിച്ച് അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു എന്ന് ദേവി പറഞ്ഞതും ഞാൻ ഉറപ്പിച്ചു അത് വേറാരുമല്ല നീ യാണെന്ന്!"അലക്സിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ശിവ ഒന്നും മിണ്ടാതെ ദേവിയെ പകയോടെ നോക്കി നിന്നു.
"മരിക്കുന്നതിന് മുൻപ് രാഖി എന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവുമെന്ന് ഇവൻ ഊഹിച്ചു.ഇവന്റേം ഉദയന്റേം  ഭീഷണി ഭയന്നാവാം രാഖി ആത്മഹത്യ ചെയ്തതെന്നും ഇവരെ ഭയന്നാവാം ഞാൻ നാടുവിട്ടതെന്നും ഇവൻ  വിചാരിച്ചു.അതുകൊണ്ട് ഞാൻ ഇവിടെ അലക്സിന്റെ തടങ്കലിൽ ആയിരുന്നപ്പോ എന്നെ ഭീഷണിപ്പെടുത്താൻ വന്നിരുന്നു ."ദേവി വെറുപ്പോടെ ശിവയെ നോക്കി പറഞ്ഞു.എബി വിശ്വാസം വരാതെ ശിവയെ നോക്കി.
"എങ്ങനെ തോന്നിയെടാ നായെ?ഒന്നുമില്ലെങ്കിലും  അവൾ എന്റെ പെണ്ണായിരുന്നു എന്ന ഒറ്റ കാരണം മതിയായിരുന്നു.. അവളെ ജീവിക്കാൻ അനുവദിച്ചുകൂടായിരുന്നോ?"ശിവയോടുള്ള അലക്സിന്റെ ചോദ്യം കേട്ട് രാഗേഷിന്റെ  കണ്ണുകൾ നിറഞ്ഞു.റോബിൻ അലക്സിനെ സമാധാനിപ്പിച്ചു.ദേവി ഒരു കൈ കൊണ്ട് മിനി മിസ്സിനെ പൊതിഞ്ഞ് പിടിച്ചിരിക്കുകയായിരുന്നു.
"നിനക്കൊക്കെ കാശായിരുന്നു വേണ്ടതെങ്കിൽ ഞാൻ എത്രവേണമെകിലും തരുമായിരുന്നല്ലോ..പെണ്ണിന്റെ നഗ്നത കണ്ട് രസിക്കുമ്പോൾ ഓർത്തില്ല അല്ലെ കൈ വളരുന്നോ  കാലു വളരുന്നോ എന്ന് നോക്കി അവളെ വളർത്തിയവർ അതിന്റെ കണക്ക് തീർക്കാൻ വരുമെന്ന്?"രാഗേഷ് ശിവയുടെ തല പിടിച്ച് ഭിത്തിയിൽ ആഞ്ഞടിച്ചു.ഉദയൻ  അത് കണ്ട് ഭയന്ന് നിലവിളിച്ചു!
"സ്വന്തം പെങ്ങടെ സ്ഥാനത്ത് കാണേണ്ട ഒരുത്തിയെ കാമത്തോടെ പ്രാപിക്കാൻ നടന്ന നീ ഇനി ഈ ഭൂമിയിൽ വേണ്ട!"അലക്സ് നിലത്ത് വീണ് കിടന്ന ശിവയെ ചവിട്ടാനായി കാലോങ്ങി!
റോബിനും എബിയും അവനെ തടയാൻ ശ്രമിച്ചു.പക്ഷെ അവൻ  വിട്ടില്ല.ഒടുവിൽ രാഗേഷും കൂടി ചേർന്ന് അലക്സിനെ  പിടിച്ച് മാറ്റി.
"അലക്സ് കഥ ഇവിടെ തീരുന്നില്ല!"ദേവി പറഞ്ഞത് കേട്ട് അലക്സ് അവളെ നോക്കി.
"രാഗേഷേട്ടന്റെ ഫോണിൽ ഒരു വീഡിയോ ഉണ്ട്.അത് ഒന്ന് കണ്ടുനോക്ക്.."ദേവി പറഞ്ഞു.
രാഗേഷ് തന്റെ ഫോൺ അലക്സിന് നേരെ നീട്ടി.അതിൽ പോസ് ചെയ്ത വെച്ചിരുന്ന വീഡിയോ പ്ലേയ് ചെയ്തു.
ആ വീഡിയോ കണ്ട് അലക്സിന്റെ സപ്തനാഡികളും തളർന്നുപോയി! അവൻ ഞെട്ടിത്തരിച്ച് നിന്നു! ********
മാളിയേക്കൽ തറവാട്ടിൽ അന്ന് ഉത്സവമായിരുന്നു.അലക്സ് തിരികെ വരുന്നെന്ന് വിളിച്ച് പറഞ്ഞതനുസരിച്ച് ലിസമ്മ അവനിഷ്ടമുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചിരുന്നു.ജോസഫ് വിളിച്ച് പറഞ്ഞതനുസരിച്ച്  ചെന്നൈയിൽ നിന്നും ഗിരിധറും  എത്തിയിട്ടുണ്ടായിരുന്നു.
"ഇങ്ങനെ വലിച്ച് കേറ്റി നീ ഇപ്പൊ തന്നെ അങ്ങ് മുകളിലോട്ട് പോകുന്ന മട്ടുണ്ടല്ലോടാ.."ഗ്ലാസ്സിലിരുന്ന മദ്യം ഒറ്റയടിക്ക് വലിച്ചുകുടിക്കുന്ന ജോസഫിനെ ഗിരിധർ കളിയാക്കി.
"ഓഹ് പ്രഷറും  ഷുഗറും കൊളസ്ട്രോളും ഒന്നുമില്ലാത്ത നിനക്ക് അതൊക്കെ പറയാം.ലിസമ്മ  ഒന്നിൽ കൂടുതൽ കുടിക്കാൻ സമ്മതിക്കുകേല..കണ്ടാൽ പിന്നെ അത് മതി."ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"മനസ്സ് നന്നായിരിക്കണമെടാ..ഇല്ലെങ്കിൽ ഇങ്ങനത്തെ പല രോഗങ്ങളും വരും."ഗിരിധർ അയാളെ കളിയാക്കി.
"അതെ ഞാൻ ഒന്നും അറിയുന്നില്ലെന്ന് വിചാരിക്കേണ്ട ..എല്ലാം കാണുന്നുണ്ട് കേട്ടോ."ലിസമ്മ ചിരിച്ചുകൊണ്ട് അകത്തേക്ക് വന്നതും ജോസഫ് കുറ്റവാളിയെ പോലെ മുഖം താഴ്ത്തി.
"ഗിരി സാർ ഉള്ളത് കൊണ്ട് തൽക്കാലം  ക്ഷമിച്ചിരിക്കുന്നു.."ലിസമ്മ പറഞ്ഞത് കേട്ട്  ജോസെഫിന്റെ മുഖം തെളിഞ്ഞു.
"ചോറ് പോലെയാ ഗിരി സാറേ ജോച്ചായൻ ഗുളികകൾ കഴിക്കുന്നത്.ഒരുപാടുണ്ട്..അത് കൊണ്ടാ ഞാൻ ഇത്ര സ്ട്രിക്ട് ആയിട്ട് നിക്കുന്നത്.."ലിസമ്മ പറഞ്ഞു.ഗിരിധർ ചിരിച്ചു.
"ലിസമ്മ ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ.."ഗിരിധർ പറഞ്ഞു.
"അലക്സി വരുന്നെന്റെയാ..എന്റെ ചെറുക്കനെന്തോ പറ്റിയെന്നും പറഞ്ഞ് നെഞ്ചത്തടിച്ച് കരച്ചിലായിരുന്നു.ഇപ്പഴാ മുഖം ഒന്ന് തെളിഞ്ഞ് കണ്ടത്.."ജോസഫ് കളിയാക്കി.ലിസമ്മ മുഖം വീർപ്പിച്ചു.
"പിള്ളേര് വന്നു കേട്ടോ.."സാറാമ്മ വിളിച്ച് പറഞ്ഞു.
ലിസമ്മ വേഗം വെളിയിലേക്കിറങ്ങി ചെന്നു.
അവിടെ കാറിൽ നിന്നും അലക്‌സും റോബിനും ഇറങ്ങി.
"മക്കളെ.."ലിസമ്മ ഓടി ചെന്ന് അലക്സിനെ കെട്ടിപ്പിടിച്ചു.
അവൻ ഒന്നും മിണ്ടാതെ അവരുടെ കൈവിടുവിച്ച് അകത്തേക്ക് കയറി.പിറകെ റോബിനും.രാഖി പോയതിൽ പിന്നെ അലക്സിന്റെ അവസ്ഥ അറിയാവുന്നത്കൊണ്ട് ലിസമ്മ  അത് കാര്യമാക്കിയില്ല.ഹാളിൽ ജോസഫ് തരകനും ഗിരിധറും  അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു.
"എന്റെ പൊന്ന് കൊച്ചനെ.ഇനി എങ്ങോട്ടെങ്കിലും പോവാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പൊക്കോണേ .നീ പോയതിൽ പിന്നെ എനിക്ക് ചെവിതല തന്നിട്ടില്ല നിന്റെ മമ്മി.."ജോസഫ് തരകൻ  ചിരിച്ചുകൊണ്ട് പറഞ്ഞു.
"അല്ല ശിവ വന്നില്ലേ..?"ഗിരിധർ അവരുടെ പിറകിലേക്ക് നോക്കികൊണ്ട്  ചോദിച്ചു.
"അവൻ കുറച്ച് ഫ്രെണ്ട്സിന്റെ  കൂടെ ഗോവ വരെ പോയി.."അലക്സ് പറഞ്ഞു.
"എന്നിട്ട് നിങ്ങൾ പോയില്ലേ?"ജോസഫ് ചോദിച്ചു.
"ഞങ്ങള് ചെല്ലണ്ട എന്ന് പറഞ്ഞു. കുറച്ച് ദിവസം തനിയെ എൻജോയ് ചെയ്യണമെന്ന്.."അലക്സ് പറഞ്ഞതിന്റെ അർത്ഥം  അവർക്കാർക്കും മനസ്സിലായില്ല.സാധാരണ നാട്ടിൽ വന്നാൽ അലക്സിനെയും റോബിനെയും കൂട്ടാതെ ശിവ എങ്ങും പോകാറില്ല.
റോബിൻറെയും അലക്‌സിന്റെയും മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നു..
"നിങ്ങൾ എങ്ങനെ കൂട്ടിമുട്ടി?ഇവന്മാര് നിന്നെ അന്വേഷിച്ചാ വരുന്നതെന്ന് ഞങ്ങളോട് പറഞ്ഞില്ലായിരുന്നു.."ലിസമ്മ പറഞ്ഞു.അലക്സ് ഒന്നും മിണ്ടിയില്ല.
"എന്നതാടാ പിള്ളേരെ?എന്താ രണ്ടിന്റേം മോന്ത ഇങ്ങനെ ഇരിക്കുന്നത്?കാര്യം പറയ്.."ജോസഫ് ചോദിച്ചു.
"എന്താ അലക്സ്?എന്തെങ്കിലും പ്രശ്നം ഉണ്ടോ?എന്താ റോബിൻ കാര്യം?"ഗിരിധറും  ചോദിച്ചു..
"എന്റെ രാഖി എങ്ങനെയാ മരിച്ചതെന്ന് ഞാൻ കണ്ടെത്തി പപ്പാ.."അലക്സ് പറഞ്ഞു.
"അവളെ കൊന്നതാ പപ്പാ..അവളെ കൊന്നതാ.."അലക്സ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ജോസഫിന്റെ തോളിലേക്ക് വീണു.അയാൾ മകനെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
"കരയാതെ..കരയാതെ മക്കളെ.. എന്നാ ?എന്നാ സംഭവിച്ചത് ? ആരാ അത് ചെയ്തത്?"ജോസഫ് ചോദിച്ചു.
"ഉദയൻ..ഈ നിൽക്കുന്ന ഗിരി അങ്കിളിന്റെ റിലേറ്റീവ് ഉദയൻ.."അലക്സ് പറഞ്ഞു.
"ഉദയനോ! നീ എന്താ മോനെ ഈ പറയുന്നത്?ഉദയനും രാഖിയും തമ്മിൽ എന്ത് ബന്ധം?എനിക്ക് മനസ്സിലാവുന്നില്ല..."ഗിരിധർ പറഞ്ഞു.
"അതെ.രാഖിയുടെ കുറച്ച് ന്യൂഡ് ഫോട്ടോസ് വെച്ച് അയാൾ രാഖിയെ ഭീഷണിപ്പെടുത്തി.ഗിരി അങ്കിളിന്റെ പേരിലുള്ള അംബാ മിൽസിലേക്ക് വിളിച്ച് വരുത്തി.ഇതെല്ലം രാഖിയുടെ ബെസ്ററ്  ഫ്രണ്ട് ദേവിക്ക് അറിയാമായിരുന്നു..അവൾ എല്ലാം നേരിൽ കണ്ടതാണ്.."അലക്സ് പറഞ്ഞു.ലിസമ്മ അലക്സിന്റെ  അടുത്തേക്ക് ചെന്ന് സമാധാനിപ്പിക്കാനെന്നവണ്ണം അവന്റെ തലയിൽ വിരലോടിച്ചു.റോബിൻ ഒന്നും മിണ്ടാതെ അവിടെ ഒരു സോഫയിൽ ഇരുന്നു.
"എന്നിട്ട് എന്നിട്ട് എന്ത് ഉണ്ടായി മോനെ?"ഗിരിധർ ചോദിച്ചു.
"ദേവി ഇവിടെ വന്നിട്ടുണ്ട്..അവൾ ബാക്കി ഡീറ്റെയിൽസ് പറയും.."അലക്സ് പറഞ്ഞതും ദേവി അങ്ങോട്ടേക്ക് വന്നു.പിറകെ രാഗേഷും.
അലക്സ് രാഗേഷിനെ അവിടെ എല്ലാവര്ക്കും പരിചയപ്പെടുത്തി.
"എന്താ അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന്  എല്ലാവര്ക്കും പറഞ്ഞ് കൊടുക്ക് ദേവി.."അലക്സ് പറഞ്ഞു.ദേവി അലക്സിനെ ഒന്ന് നോക്കി.
അവൻ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.
"ഉദയൻ പറയുന്ന സ്ഥലത്ത് ചെന്ന് അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തില്ലെങ്കിൽ തന്റെ കൈയിലുള്ള രാഖിയുടെ ഫോട്ടോസ് എല്ലാവരെയും കാണിക്കും എന്ന് ഭീഷണിപ്പെടുത്തി.അവളോട് അംബാ മിൽസിലേക്ക് ചെല്ലണമെന്ന് അറിയിച്ചു. ഞാൻ രാഖിയുടെ  കാര്യം ഞങ്ങളെ പഠിപ്പിച്ചിരുന്ന മിനി മിസ്സിനോടും അവരുടെ ഭർത്താവിനോടും പറഞ്ഞിരുന്നു.അവരുടെ ഭർത്താവ് സത്യരാജ് സാർ പോലീസിലായിരുന്നു.അദ്ദേഹം ഞങ്ങളെ സഹായിക്കാമെന്ന് ഏറ്റു.. ഉദയൻ  പറഞ്ഞതുപോലെ രാഖി  അംബാ മിൽസിൽ അയാളെ കാണാൻ ചെന്നു.ഞാനും  സത്യരാജ് സാറും അംബാ മിൽസിന്റെ  താഴെ വെയിറ്റ് ചെയ്തു..രാഖി ചെല്ലുമ്പോൾ മുറിയിൽ  ഉദയൻ  മാത്രമേ ഉണ്ടായിരുന്നുള്ളു."ദേവി അലക്സിനെ ഒന്ന് കൂടി നോക്കി.അവൻ അത് ശരി വെക്കുന്ന മട്ടിൽ ഒന്ന് തലയാട്ടി..റോബിൻ കണ്ണുകളടച്ച് ഇരുന്നു.
"പക്ഷെ ഉദയന്റെ പ്ലാനിൽ ചെറിയൊരു മാറ്റം വന്നു.പിന്നീട് വേറെ എവിടെയെങ്കിലും വെച്ച് മീറ്റ് ചെയ്യാമെന്ന് പറഞ്ഞ് അവളെ പറഞ്ഞ് വിട്ടു.ഉദയന്റെ കൈയിൽ രാഖിയുടെ  ഫോട്ടോസ്  ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാതെ തൽക്കാലം  ഇതിൽ ഇടപെടേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.ഞാനും രാഖിയും  സത്യരാജ് സാറിനോട് യാത്ര പറഞ്ഞ് തിരികെ നടന്നു.
ഹോസ്റ്റലിന്റെ പടിക്കൽ  എത്തിയപ്പോളാണ് തന്റെ കൈയിൽ കിടന്നിരുന്ന അലക്സ് കൊടുത്ത ബ്രേസ്‌ലെറ്റ് നഷ്ട്ടപ്പെട്ട  കാര്യം രാഖി  മനസ്സിലാക്കിയത്. ഞങ്ങൾ വന്ന വഴി തിരികെ മുഴുവൻ നടന്നിട്ടും അത് കണ്ടില്ല.അംബാ മിൽസിൽ എവിടെയെങ്കിലും വീണ് പോയിട്ടുണ്ടാവുമെന്ന് ഞങ്ങൾക്ക് തോന്നി.അങ്ങനെ ഞങ്ങൾ അവിടെ  എത്തി താഴെ എല്ലാടവും അരിച്ച് പെറുക്കി.അത് കണ്ടെത്താനായില്ല.ഉദയന്റെ കൂടെ മുറിയിൽ നിന്നപ്പോൾ അത് അവിടെ എവിടെയെങ്കിലും ഊരി  വീണതായിരിക്കാം എന്നവൾ പറഞ്ഞു.  അങ്ങനെ ഞങ്ങൾ സ്റ്റെയർകേസ് കയറി ആ മുറിയിലേക്ക് നടന്നു.അവിടെ പക്ഷെ മറ്റൊരു മുറിയിൽ ആരുടെയൊക്കെയോ സംസാരം കേട്ട് ഞങ്ങൾ നിന്നു..”
എല്ലാവരും  ദേവി  പറയുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കുകയായിരുന്നു.
"ആരായിരുന്നു അത് ?"ലിസമ്മ ചോദിച്ചു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot