നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തനിയാവർത്തനം

Image may contain: 1 person
കായലിന് അഭിമുഖമായുള്ള ആ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയായിൽ തന്റെ ബൈക്ക് കൊണ്ട് പോയ് വെച്ച നന്ദൻ...ഹോട്ടലിനുള്ളിലേക്ക് കടക്കാതെ, അതിന്റെ ലോണിലേക്ക് നടന്നു. അവിടെക്കണ്ട ഹട്ടുകളിൽ ആളൊഴിഞ്ഞ ഒന്നിൽ കയറിയ അവൻ, ബാഗ് ടേബിളിൽ വെച്ച ശേഷം... ജാലകത്തിനരികിലുണ്ടായിരുന്ന ഒരു ചെയറിലേക്ക് ചെന്നിരുന്നു.അവിടെ നിന്നും ദൃശ്യമായ കായൽക്കാഴ്ചയിൽ ഓളപ്പരപ്പിലൂടെ പുരവഞ്ചികൾ സാവധാനം ഒഴുകി നീങ്ങുന്നത് കാണാമായിരുന്നു... അതിൽ തന്നെ ശ്രദ്ധിച്ച് അല്പനേരം ഇരുന്ന അവൻ ... തന്റെ ഇരു കൈകളും തലക്ക് പിന്നിൽ പിണച്ച് വെച്ച്, പിന്നിലേക്ക് ചാരി എന്തോ ചിന്തിക്കാൻ തുടങ്ങി ...
വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ... എച്ച് . ആർ മാനേജർ പറഞ്ഞ വാക്കുകൾ അവന്റെ കാതുകളിലേക്കപ്പോൾ വന്നലച്ചു:-
"മിസ്ടർ നന്ദൻ... ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് താങ്കൾക്ക് വല്ല ധാരണയുണ്ടോ...? മറ്റെല്ലാവരും ടാർജറ്റ് അച്ചീവ് ചെയ്തിട്ടും, അവരുടെ പകുതി പോലും നേടാൻ താങ്കൾക്കിതുവരെ കഴിഞ്ഞിട്ടില്ല...! ഒരു കാര്യം നന്ദൻ മറക്കരുത്, താങ്കളുടെ ഭാര്യാ പിതാവിന്റെ ശുപാർശയിലാണ് നന്ദനെ ഞങ്ങൾ ഈ കമ്പനിയിൽ നിയമിച്ചത്... അദ്ദേഹത്തെ പോലൊരു ബിസിനസ്സ് മാഗ്നറ്റിന്റെ മരുമകനിൽ നിന്നും കമ്പനി ഇതല്ല പ്രതീക്ഷിക്കുന്നത്!." ...
ആ ലേബലിനപ്പുറം...നന്ദൻ സ്വന്തമായ് മജ്ജയും, മാംസവും, മനസ്സുമുള്ള ഒരു വ്യക്തിയാണെന്ന് അയാളോട് പറയണമെന്ന് ആ സമയം മനസ്സ് പറഞ്ഞെങ്കിലും, അതിന് കഴിയാത്തതിൽ അവന് അതിയായ ദു:ഖം തോന്നി... ആ ചിന്തയുളവാക്കിയ നിരാശയിൽ അവനപ്പോൾ ദീർഘ നിശ്വാസമുതിർത്തു.
കായലിൽ നിന്നും വീശുന്ന കാറ്റ്... ഹട്ടിന് ചുറ്റുമുള്ള അന്തരീക്ഷത്തെ തണുപ്പിച്ചിരുന്നുവെങ്കിലും...അവന്റെ നെറ്റിയിൽ നിന്നും വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് കൊണ്ടേ ഇരുന്നു...! അല്പസമയം കഴിഞ്ഞ് അവിടേക്ക് വന്ന വെയിറ്റർ ആ കാഴ്ചകണ്ടിട്ടാവണം... തന്റെ കൈയ്യിലിരുന്ന ഗ്ലാസ്സ് ടേബിളിൽ വെക്കുന്നതിന് മുൻപേ ഹട്ടിലെ ഫാൻ ഓൺ ചെയ്തു... എന്നിട്ട് അവന്റെ അരികിലേക്കെത്തി ചോദിച്ചു... "സർ ഓർഡർ പ്ലീസ് ". അയാളുടെ ചോദ്യം കേട്ട് തന്റെ ചിന്തകളിൽ നിന്നും മോചിതനായ നന്ദൻ... ആ കസേരയിൽ നിവർന്നിരുന്നു. പിന്നെ മെനു കാർഡിലേക്ക് അലസമായ് കണ്ണോടിച്ച ശേഷം പറഞ്ഞു..." അധികം തണുപ്പില്ലാത്ത ഒരു ബ്രിട്ടീഷ് എംപയർ ബീയറും, വെജിറ്റബിൾ സലാഡും തരൂ. "
കുറച്ച് നാളുകളായ് തന്നെ വന്ന് പൊതിയുന്ന ചിന്തകളുടെ നീരാളി പിടുത്തത്താൽ അവൻ വല്ലാതെ അസ്വസ്ഥനായിരുന്നു...! അതിൽ നിന്നും കുതറിമാറാൻ കാര്യമായ് പരിശ്രമിച്ചിരുന്നുവെങ്കിലും, അഴിക്കും തോറും മുറുകുന്ന കുരുക്ക് പോലെ...അവ കൂടുതൽ കരുത്തോടെ വന്ന് അവനെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു.
അവനെ കുഴക്കുന്ന ആ ചിന്തകളെല്ലാം ആരംഭിച്ചിരുന്നത് അവൻ തന്നോട് തന്നെ ചോദിക്കുന്ന ചില ചോദ്യങ്ങളിൽ നിന്നുമായിരുന്നു:-
"എങ്ങനെയാണ് എനിക്ക് എന്നെ നഷ്ടപ്പെട്ടത്... ?എപ്പോൾ മുതലാണ് ഞാൻ ഞാനല്ലാതായത്...? എന്താണ് എനിക്കിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്...ഇതിന്റെ ഒക്കെ അവസാനം എവിടെയാണ് ...?". ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളായ് ഇവ ഓരോന്നും അവനെ നിരന്തരം വീർപ്പുമുട്ടിച്ചു.
ഓർഡർ എടുത്ത് വെയിറ്റർ പോയതോടെ നന്ദൻ വീണ്ടും തന്റെ ചിന്തകളിലേക്ക് കൂപ്പുകുത്തി...സ്വപ്നങ്ങളിൽ മുഴുവൻ പച്ചപ്പിന്റെ ശോഭയും, നനുത്ത മഞ്ഞിന്റ കുളിർമയും, നീണ്ട് കിടക്കുന്ന പാടവും, തെളിമയാർന്ന കുളവും, ഗ്രാമത്തിന്റെ ശാന്തതയും മാത്രം കണ്ടിരുന്ന താൻ... ഈ നഗരത്തിരക്കിലേക്ക് എത്തപ്പെട്ടത് മനസ്സോടെ ആയിരുന്നില്ല...! നഗരത്തിലെ പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ അരലക്ഷത്തിന് മേൽ ശമ്പളം വാങ്ങുന്ന ബിസിനസ്സ് എക്സിക്യൂട്ടീവിന്റെ ഈ ജോലി... തന്റെ ഉടലിന് ചേരാത്ത കുപ്പായമാണെന്ന് അറിയാമായിരുന്നുവെങ്കിലും, ജീവിതത്തിന്റെ അനിവാര്യതയിൽ ഇതണിയാൻ താൻ നിർബന്ധിതനാവുകയായിരുന്നു…! പക്ഷെ അടുത്തിടെയായി ഫ്ലാറ്റിന്റെ ചുവരുകളും, ഈ നഗരത്തിരക്കും തന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...താൻ അനുഭവിക്കുന്ന ആത്മസംഘർഷം ഭാര്യയോട് പങ്കുവെച്ചെങ്കിലും, പരിഹാസ രൂപേണ... അവൾ "ഇതൊക്കെ നിങ്ങളുടെ വെറും തോന്നലാണെന്ന് "...പറഞ്ഞ് ചിരിച്ച് തള്ളുകയാണ് ചെയ്തത്. " ഈ ജോലിയും ഉപേക്ഷിച്ച് നിങ്ങളുടെ ആ പട്ടിക്കാട്ടിലേക്ക് ചെന്നാൽ എങ്ങനെ ജീവിക്കും ...? മോന് പഠിക്കാൻ അവിടെ നല്ലൊരു സ്കൂളുണ്ടോ ...? പോട്ടെ രോഗം വന്നാൽ ചികിത്സിക്കാൻ നല്ലൊരു ആശുപത്രിയുണ്ടോ..? ... മണ്ടപോയ കുറെ തെങ്ങുകളല്ലാതെ എന്തുണ്ട് ആ തൊടിയിൽ...? അവൾ മറുചോദ്യമുന്നയിച്ചു.
വിലയേറിയ ആഡംബര വസ്ത്രങ്ങളിലും, സൗന്ദര്യ വർധക വസ്തുക്കളിലുമാണ് ജീവിതത്തിലെ സന്തോഷം കുടിയിരിക്കുന്നതെന്ന് തെറ്റിധരിച്ചിരിക്കുന്ന അവളുടെ മുൻപിൽ, തന്റെ ചിന്തകൾക്ക്... കോമാളിയുടെ പരിവേഷമാണെന്ന് മനസ്സിലാക്കിയ താൻ പീന്നീടൊരിക്കലും അവളോടതിനെക്കുറിച്ച് സംസാരിക്കാൻ പോയില്ലെന്ന് അവനോർത്തു.
നന്ദന് വലാത്ത ആത്മരോഷം തോന്നി... ടേബിളിലിരുന്ന ടിഷ്യൂ ബോക്സിൽ നിന്നും... ഒന്നടുത്ത അവൻ അത്കൊണ്ട് മുഖത്തെ വിയർപ്പൊപ്പിയ ശേഷം ചുരുട്ടി ഹട്ടിന്റെ ചുവരിലേക്ക് വലിച്ചെറിഞ്ഞു... അപ്പോഴേക്കും വെയിറ്റർ, അവൻ ഓർഡർ ചെയ്ത ബിയർ ബോട്ടിലും, സലാഡുമായ് അവിടേക്ക് എത്തി... കുപ്പി ഓപ്പൺ ചെയ്ത ശേഷം അയാൾ നന്ദനോട് ചോദിച്ചു "സർ സിഗരറ്റ്...? " അയാളോട് "നൊ താങ്ക്സ് "എന്ന് പറഞ്ഞ അവൻ ഒന്ന് നിർത്തിയിട്ട്... മുഖത്തെ നിരാശാ ഭാവം മറച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് "ഞാൻ വലിക്കാറില്ല "എന്ന് കൂടി കൂട്ടിച്ചേർത്തു.
അയാൾ പോയതും എന്തോ തീരുമാനിച്ചുറച്ച പോലെ ബാഗ് തുറന്ന നന്ദൻ... തന്റെ ലാപ്ടോപ്പ് വെളിയിലേക്കെടുത്തു, എന്നിട്ട് ചില വ്യക്തിപരമായ കാരണങ്ങളാൽ താൻ കമ്പനിയിൽ നിന്നും രാജിവെക്കുകയാണെന്നുള്ള ഒരു ലെറ്റർ അതിൽ ടൈപ്പ് ചെയ്തു!. അത് എച്ച്. ആർ മാനേജർക്ക് മെയിൽ ചെയ്തപ്പോൾ... അതുവരെ താൻ അനുഭവിച്ചുകൊണ്ടിരുന്ന ആത്മ സംഘർഷത്തിന് ചെറുതായൊരു മോചനം ലഭിച്ചതുപോലെ നന്ദന് തോന്നി. ലാപ്പ്ടോപ്പ് തിരികെ ബാഗിൽ വെച്ച അവൻ സലാഡിൽ നിന്നും കുക്കുംബറിന്റെ ഒരു കഷണം എടുത്ത് കടിച്ച ശേഷം... ബിയർ ബോട്ടിലുമെടുത്ത് നേരെ വാഷ്ടബ്ബിനരികിലേക്ക് ചെന്നു.... കുപ്പിയിലുണ്ടായിരുന്ന ബിയർ ടബ്ബിലേക്ക് ഒഴിച്ചുകളഞ്ഞ ശേഷം... ബില്ല് പേ ചെയ്ത് അവൻ അവിടെ നിന്നും പുറത്തേക്കിറങ്ങി... നന്ദന് തന്റെ മനസ്സിന് വല്ലാത്തൊരു കുളിർമ്മയപ്പോൾ അനുഭവപ്പെട്ടു!. രാവിലെ ജോലിക്കിറങ്ങുമ്പോൾ മോൻ ആവശ്യപ്പെട്ട കളറിംഗ് ബുക്ക് കൂടി വാങ്ങിയ അവൻ, ആതിരക്കിനിടയിലൂടെ തന്റെ ബൈക്ക് ഫ്ലാറ്റ് ലക്ഷ്യമാക്കി ഓടിച്ചു.
പാർക്കിംഗിൽ അവൻ ബൈക്ക് നിർത്തുന്നത് മുകൾ നിലയിലെ ജാലകത്തിലൂടെ കണ്ടിട്ടാവണം ... ലിഫ്റ്റിൽ നിന്നും നന്ദൻ വെളിയിലേക്കിറങ്ങുമ്പോൾ വാതിൽക്കൽ തന്നെ അവന്റെ ഭാര്യ നിൽപ്പുണ്ടായിരുന്നു... അവളുടെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ ചുവന്നിരുന്നു... അവനെ കണ്ട മാത്രയിൽ ശബ്ദം ഉയർത്തി അവൾ ചോദിച്ചു :-
'' നിങ്ങൾ ജോലി വേണ്ടെന്ന് വെച്ചുവല്ലെ?! .. അച്ഛനിപ്പോൾ എന്നെ വിളിച്ചിരുന്നു... നിങ്ങളുടെ ആ നശിച്ച നാട്ടിലേക്ക് വരാൻ എന്നെയും മോനെയും കിട്ടില്ല... ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകുന്നു....പിന്നെ എന്റെ അക്കൗണ്ടിൽ കിടക്കുന്ന പണം കണ്ടു കൊണ്ടാണ് നിങ്ങൾ ഈ തോന്ന്യാസമൊക്കെ കാണിക്കുന്നതെങ്കിൽ... ആ പ്രതീക്ഷ വേണ്ട...!. അത് ഞാൻ എന്റെ മോന് വേണ്ടി കരുതിയിരിക്കുന്നതാ...! എനിക്കവനെ "യു.കെയിൽ അയച്ച് പഠിപ്പിക്കണം...അവന്റെ കരിയറെങ്കിലും സേഫ് ആക്കണം... അല്ലാതെ നിങ്ങളെപ്പോലെ ആർക്കും വേണ്ടാത്ത കുറെ ഭ്രാന്ത് പുലമ്പുന്നവന്റെ മകനായല്ല അവൻ വളരേണ്ടത്. '"
ഒന്നും മിണ്ടാതെ നിന്ന നന്ദനരികിലേക്കപ്പോൾ എൽ. കെ .ജിയിൽ പഠിക്കുന്ന അവരുടെ മോൻ " അച്ഛാ ദാ ഇതു കണ്ടോ? " എന്ന് ചോദിച്ചുകൊണ്ട് ഒരു ബുക്കും കൈയ്യിൽ പിടിച്ച് ഓടിയെത്തി... അവന്റെ കൈവശമിരുന്ന ആ ബുക്കിൽ ഉണ്ടായിരുന്നത് ഭംഗിയായ് അവൻ തന്നെ നിറം പകർന്ന ഒരു ചിത്രമായിരുന്നു... അതിൽ ഒരു പുഴയും, അതിനോട് ചേർന്ന് പച്ചപ്പാർന്ന ഒരു കുന്നിൻ ചെരുവും... ആ ചെരുവിലൊരു കൊച്ചു വീടും കാണാമായിരുന്നു !.
തനിയാവർത്തനത്തിന്റെ അരങ്ങിലേക്ക് തള്ളപ്പെടുന്ന... ഒരു ബാല്യത്തിന്റെ കഥ അവിടെ തുടങ്ങുന്നതായ് നന്ദന് അപ്പോൾ തോന്നി.
അരുൺ - Arun V Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot