Showing posts with label Nisha Bibin. Show all posts
Showing posts with label Nisha Bibin. Show all posts

അമ്മക്കുറിപ്പുകൾ.

..Image may contain: 2 people, people smiling
നന്ദു.. ഇതൊക്ക വായിച്ചിട്ട് എനിക്കിപ്പോ തന്നെ സിദ്ധാർഥ് എന്ന ആ മനുഷ്യനെ കാണാൻ തോന്നുന്നു.. അമ്മ ഒരാളെ ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ??
ഈ എട്ട് വർഷത്തിനിടയിൽ നിന്നെക്കാൾ അധികം അമ്മ അടുത്തത് എന്നോടാണ്.. ഞാൻ എന്നും ചോദിക്കാറുണ്ടായിരുന്നു ഈ പെട്ടി ഒന്ന് തുറന്ന് കാണിക്കാൻ.. ഇതിൽ അമ്മ ഒരുപാട് ഇഷ്ടപ്പെടുന്ന, അമ്മയുടെ ജീവിതത്തിന്റെ ഭാഗമായ എന്തോ ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു പണ്ടേ...
പക്ഷേ ഇങ്ങനെ ഒന്നും ഞാൻ സ്വപ്നത്തിൽ കരുതിയില്ല..
ഈ ഡയറി ഇത് അമ്മയുടെ നമ്മൾ കാണാതെ പോയ ജീവിതം ആണ്.. അമ്മ ആഗ്രഹിച്ച ജീവിതം.. ഇതിലെ ഓരോ വരികളും . ഓരോ ദിവസങ്ങളും അമ്മ ആ മനുഷ്യനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട് നന്ദു...
......................
മീരയുടെ വാ തോരാതെ ഉള്ള സംസാരമോ ചോദ്യങ്ങളോ നന്ദു കേൾക്കുന്നുണ്ടായിരുന്നില്ല.. അയാൾ അത്ഭുതത്തോടെ ആശ്ചര്യത്തോടെ തന്റെ അമ്മയുടെ ഡയറി വായിച്ചുകൊണ്ടേ ഇരുന്നു.. അതൊക്ക അയാൾക്ക് പുതിയ അറിവാണ് .. ഇതുവരെ താൻ കണ്ട അമ്മയേ അല്ല അയാൾ ആ വരികളിൽ കണ്ടത്... അമ്പതുകളിൽ ആണ് അമ്മ ഈ ഡയറി എഴുത്തു തുടങ്ങിയത് എന്നത് ഡയറിയിലെ വർഷം സൂചിപ്പിക്കുന്നുണ്ട്.. അതായത് അച്ഛന്റെ മരണ ശേഷം .. ഒറ്റയ്ക്കുള്ള ജീവിതത്തിനിടയിൽ..
അച്ഛൻ അമ്മയോട് വഴക്കിടുന്നതോ സ്നേഹത്തോടെ സംസാരിക്കുന്നതോ താൻ കണ്ടിട്ടില്ല എന്ന് അയാൾ ഓർത്തു... രണ്ടുപേരും പക്ഷേ തന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.. എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തന്നു.. മീരയുടെ കാര്യം പറഞ്ഞപ്പോലും രണ്ടാളും ഒരു തരത്തിൽ ഉള്ള എതിർപ്പും പ്രകടിപ്പിച്ചില്ല.. അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചിരുന്നില്ല എന്നും തനിക്കു വേണ്ടി ഒരു കൂരക്കുള്ളിൽ രണ്ടു പരിചയക്കാർ മാത്രം ആയി ജീവിക്കുകയായിരുന്നെന്നും ഇപ്പോൾ ഇതൊക്കെ വായിച്ചപ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലായത്.. തനിക്കുവേണ്ടി മാത്രം അവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു...
............
നന്ദു... നീ നോക്കൂ.. അമ്മയുടെ പെട്ടിയിലെ നാല് ഡയറികളിൽ ഒന്നിൽ സിദ്ധാർഥ് എന്ന വ്യക്തിയോടുള്ള പ്രണയം.. അയാളോടൊപ്പം ഉള്ള ഓരോ നിമിഷങ്ങൾ.. ഓർമ്മകൾ എല്ലാം അയാൾക്കുള്ള കുറിപ്പുകൾ ആയാണ് എഴുതിയിട്ടുള്ളത്.. അമ്മ അയാളോട് പറയാൻ ആഗ്രഹിച്ചത് എല്ലാം ഉണ്ടതിൽ..
ദാ.. ഇതിൽ അമ്മയുടെ അധ്യാപന ജീവിതവും കൂട്ടുകാരും.. അമ്മ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ കാര്യവും ഒക്കെ ആണ്.. അമ്മ അവർക്കൊക്കെ എത്ര പ്രീയപ്പെട്ടവൾ ആയിരുന്നു എന്ന് ഈ കുറിപ്പുകളിൽ കാണാം നന്ദു...
ഇത് നോക്ക്.. ഇത് എനിക്കും നിനക്കും മാത്രമായി അമ്മ എഴുതിയതാണ്.. അച്ഛന്റെ മരണശേഷം അമ്മ ഒറ്റയ്ക്കിവിടെ താമസിക്കാൻ നിർബന്ധം പിടിച്ചതും ആഴ്ചാവസാനം നമ്മൾ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞതും ഒക്കെ അമ്മയ്ക്ക് മനസ്സ് തുറന്ന് ഇതൊക്ക എഴുതാൻ ഉള്ള സമയത്തിന് വേണ്ടി ആയിരുന്നിരിക്കാം..
നന്ദു.. നീ ആ ഡയറി വായിച്ചു കഴിഞ്ഞില്ലേ ഇതുവരെ ???
...........
ഡയറി കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങി കൊണ്ട് മീര ദേഷ്യപ്പെട്ടപ്പോൾ മാത്രമാണ് അയാൾ അമ്മ അച്ഛനെ കുറിച്ചും അവർക്കിടയിലെ ജീവിതത്തെ കുറിച്ചും എഴുതിയ ഡയറിയിലെ കുറിപ്പുകളിൽ നിന്നും മോചിതൻ ആയത്...
കോളേജ് അദ്ധ്യാപകരായ അമ്മയും അച്ഛനും ... സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞ ജീവിതം.. പഠനവും കൂട്ടുകാരും പിന്നെ മീരയും മാത്രം ആയിരുന്നു തന്റെ ജീവിതം.. അതിനിടക്ക് അച്ഛന്റെയും അമ്മയുടേയും ഇടയിലെ ചേർച്ചയില്ലായ്മയോ അകൽച്ചയോ ഒന്നും താൻ ശ്രദ്ധിച്ചിരുന്നില്ല.. അവർ തന്റെ മുൻപിൽ കാഴ്ചവെച്ച അഭിനയം തന്നെ അങ്ങനൊന്നും ചിന്തിക്കാൻ പോലും തോന്നിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം...
അച്ഛന് ഹേമ മിസ്സ് നോട് എന്തോ ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് കോളേജ് പഠനകാലത്തു സുഹൃത്തുക്കൾ ഒളിഞ്ഞും തെളിഞ്ഞും തന്നോട് പറഞ്ഞിരുന്നത് അയാൾ ഓർത്തു.. പക്ഷേ അതൊക്കെ വെറും ഗോസ്സിപ് ആയി മാത്രമേ താൻ കണ്ടിരുന്നുള്ളൂ.. ഇപ്പൊ അമ്മയുടെ ഈ കുറിപ്പുകൾ ആ കഥകൾ എത്ര ആഴം ഉള്ള സത്യങ്ങൾ ആയിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ... മൗനമായി അമ്മ സഹിച്ച വേദനയുടെ ആഴവും തനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്..
ഒരു മകൻ എന്ന നിലയിൽ താൻ എത്ര വലിയ പരാജയം ആയിരുന്നു എന്നതിൽ അയാൾക്ക് സ്വയം പുച്ഛം തോന്നി...
................
മീര കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് അയാൾ അമ്മ സിദ്ധാർഥ് നു വേണ്ടി കുറിച്ച വരികളിലൂടെ വീണ്ടും മിഴികൾ ഓടിച്ചു... " എന്ത് നിഷ്കളങ്കമായ പ്രണയം അല്ലേ നന്ദു.. ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ആ കാലത്തെ ആളുകൾ പ്രണയിച്ച പോലെ പ്രണയിക്കാൻ സാധിക്കില്ല.. വിരൽ തുമ്പിൽ പോലും തൊട്ട് അശുദ്ധം ആക്കാത്ത പ്രണയം.."അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര പറഞ്ഞു..
......
"സിദ്ധു... നീ ഇപ്പൊ എവിടെയാണ് എന്നോ എന്ത് ചെയ്യുന്നു എന്നോ.. എന്തിനേറെ നീ ഇപ്പൊ ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. എങ്കിലും നമ്മുടെ പഴയ കാലത്തേക്ക് ഒന്ന് കൂടി മടങ്ങി പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ അതി തീവ്രമായി ആഗ്രഹിച്ചു പോകുന്നു.. നീയും ഞാനും അല്ലാതെ നമ്മൾ മാത്രം ഉള്ള ആ കാലം.. നീളൻ നീല പാവാടയും വെള്ള ഷർട്ടും ധരിച്ച് മുടി രണ്ടായി പിന്നി റിബ്ബൺ കെട്ടിയ ആ ഹൈ സ്കൂൾക്കാരി ആയി വീണ്ടും മാറാൻ കഴിഞ്ഞിരുന്നെങ്കിൽ..
പാടവരമ്പത്തും ഇടവഴികളിലും അമ്പലപറമ്പിലുമെല്ലാം മറ്റാരും അറിയാതെ കണ്ണുകൾ കൊണ്ട് നാം കൈമാറിയ പ്രണയം... ലൈബ്രറി ബുക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു കൈമാറിയ നമ്മുടെ സ്വപ്‌നങ്ങൾ.. സിദ്ധു... എനിക്ക് ആ കാലം വീണ്ടും അനുഭവിക്കാൻ തോന്നുന്നു..
അന്നൊരിക്കൽ തോട്ടെറമ്പിൽ വച്ച് നീ എനിക്ക് അണിയിച്ച ആമ്പൽ മൊട്ടു മാല നീ ഓർക്കുന്നുവോ? അത് നീ എനിക്ക് ചാർത്തിയ താലി പോലെ ഞാൻ ഇന്നും സൂക്ഷിക്കുന്നു.. ഏറെ പൊടിഞ്ഞുണങ്ങി തുടങ്ങി.. എങ്കിലും... അമ്പലത്തിന്റെ അരികിലെ ഇടവഴിയിൽ നീ എന്റെ മുടിയിൽ തിരുകിയ തുളസികതിരും, കൈയ്യിൽ വെച്ചു തന്ന ആലിലയിലെ ചന്ദനവും.. നീ വാങ്ങി തന്ന കുപ്പി വളകളും. നീ തന്ന മയിൽ പീലി കണ്ണും... നിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും എന്തിനേറെ നീ എനിക്ക് തന്ന ചെറിയ സ്നേഹ സന്ദേശങ്ങളും അതിൽ നീ " നിന്റെ സ്വന്തം നിന്റെ മാത്രം സിദ്ധു.." എന്ന് എഴുതി നിന്റെ പേരിനടിയിൽ നീ കോറി ഇടാറുള്ള ഹൃദയ ചിഹ്നവും എന്റെ സമ്പാദ്യ പെട്ടിയിൽ ഇന്നും ഞാൻ നിധി പോലെ കാത്തു വെച്ചിട്ടുണ്ട്.. ഇനി ഒരിക്കലും നിന്നെ കാണുമെന്നൊ മിണ്ടാൻ കഴിയുമെന്നോ പോലും അറിയാതെ ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ ഓർമ്മകൾ എല്ലാം...
..............
മീരാ... എത്രയെത്ര അമ്മമാർ ഇതുപോലെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മക്കൾക്കും കുടുംബത്തിനും വേണ്ടി ത്യജിച്ചു നീറി നീറി ജീവിച്ചു മരിക്കുന്നുണ്ടാകും അല്ലേ.. നമ്മുടെ അമ്മയെ പോലെ??
മീര... ഞാൻ എന്റെ അമ്മയെ മനസ്സിലാക്കിയതിൽ.. സ്നേഹിച്ചതിൽ കൂടുതൽ നീ സ്നേഹിച്ചു.. അതാണ് അമ്മയുടെ ഈ വില മതിക്കാൻ ആവാത്ത സമ്പാദ്യം അമ്മ നിന്നെ ഏൽപ്പിച്ചത്.. അല്ലെങ്കിൽ അമ്മ നമ്മെ വിട്ട് പോകും മുൻപ് ഇത് നശിപ്പിച്ചു കളഞ്ഞേനെ.. അമ്മയ്ക്കറിയാം നിനക്കും എനിക്കും അമ്മയുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ സാധിക്കുമെന്ന്...
നന്ദു.. നമ്മുക്ക് പോണം.. അമ്മയുടെ നാട്ടിലേക്ക്.. ആ ഓർമകളിലേക്ക്.. പറ്റുമെങ്കിൽ സിദ്ധാർഥ് എന്ന അമ്മയുടെ സിദ്ധുവിനേയും കാണണം.. ഈ കുറിപ്പുകൾ അദ്ദേഹത്തിനെ ഏൽപ്പിക്കണം....
തന്റെ ആഗ്രഹം അവൾ വായിച്ചെടുത്തിൽ അയാൾ ഒരുപാട് സ്നേഹത്തോടെ അവളെ തന്നോട് ചേർത്തു പിടിച് നെറുകയിൽ ഒരു മുത്തം ചാർത്തി...
നിഷ സൈനു
29/05/18

പറയാതെപോയ പ്രണയം

പറയാതെപോയ പ്രണയം
"നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ അനുവാദം വേണ്ട.."
സിദ്ധുവിന്റെ വാക്കുകളിലെ ദേഷ്യം മനസ്സിലായിട്ടും റിപ്ലൈ ആയി പുച്ഛ സ്മൈലി ഇടാനേ എനിക്ക് തോന്നിയുള്ളൂ.. ആ മനസ്സിന്റെ നോവ് അറിയാതെ അല്ല.. പക്ഷേ ഒരു നിമിഷത്തിന്റെ തോന്നലിൽ അവന് പ്രതീക്ഷ കൊടുക്കുന്ന എന്തേലും പറഞ്ഞു പോയാൽ അത് പിന്നെ തിരുത്താൻ പറ്റാതെ പോയാലോ...
കോളേജിൽ എന്റെ ബാച്ച് മേറ്റ് ആരുന്നു സിദ്ധു.. സഖാവ് സിദ്ധാർഥ് മുരളി... തീപ്പൊരി പ്രസംഗവും.. ആരെയും പിടിച്ചിരുത്തുന്ന സംസാര രീതിയും... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കവിതാലാപനവും... അവനോട് മനസ്സിൽ പ്രണയം തോന്നാത്ത പെൺകുട്ടികൾ കുറവായിരുന്നു ക്യാമ്പസിൽ... പക്ഷേ ആരും തുറന്ന് പറഞ്ഞിരുന്നില്ല എന്ന് മാത്രം.. അതിൽ ഈ ഞാനും ഉൾപ്പെടും...
അവനെ എടാ.. എന്ന് വിളിക്കാൻ ഉള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായത് തന്നെ എന്നെ സംബന്ധിച്ചു അന്നൊക്കെ വളരെ വലിയ കാര്യം ആയിരുന്നു.. ഏത് ആവശ്യത്തിനും എപ്പോ വേണേലും അവന്റെ അരികിൽ ഓടി ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു.. ആ സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ ഞാൻ എന്റെ മനസ്സിലെ മോഹം അന്നേ ഉപേക്ഷിച്ചിരുന്നു...
കോളേജ് വിട്ടിറങ്ങിക്കഴിഞ്ഞും കുറച്ചു നാൾ ഫോൺ വിളികളിലൂടെ സൗഹൃദം തുടർന്നുവെങ്കിലും പിന്നീട് ഉപരി പഠനവും ജീവിത പോരാട്ടങ്ങളും എല്ലാ സൗഹൃദങ്ങളെയും ബാധിക്കും പോലെ ഞങ്ങൾക്കിടയിലും ബാധിച്ചു... സൗഹൃദത്തിന്റെ ആ നൂലിഴ നേർത്ത് നേർത്ത് വന്നു...
നീണ്ട 10 വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളിൽ ആരോ തുടങ്ങിയ whatsapp ഗ്രൂപ്പ് വഴി ആണ് എനിക്ക് അവന്റെ ഫോൺ നമ്പർ കിട്ടിയത്.. വിളിച്ചു.. സംസാരിച്ചു..
വിശേഷങ്ങൾ പങ്കുവച്ചു... ഒരുപാട് സന്തോഷം തോന്നി..
പിന്നെ ഗ്രൂപ്പിലെ ചാറ്റുകളിൽ കൂട്ടുകാരുടെ വക ചെറിയ ചെറിയ കളിയാക്കലുകളും തമാശകളും തുടങ്ങിയപ്പോൾ ആണ് അവൻ അത് എന്നോട് പറഞ്ഞത്... അവൻ എന്നെ സ്നേഹിച്ചിരുന്നു.. ശെരിക്കും എനിക്കത് വിശ്വസിക്കാനേ തോന്നിയില്ല..
എന്റെ പഠനം.. അവന്റെയും എന്റെയും വീട്ടിലെ സാഹചര്യങ്ങൾ.. എന്നോട് അത് പറഞ്ഞാൽ എന്റെ പ്രതികരണം.. ഇതൊക്ക ഓർത്തു ആണത്രേ അവൻ അത് പറയാതെ പോയത്.. പറയാൻ അവൻ മനസ്സ് പാകപ്പെടുത്തി എടുത്തു വന്നപ്പോളേക്കും എന്റെ വിവാഹം ഉറപ്പിച്ചു പോയിരുന്നുവത്രെ...
ചിരി ആണ് ഇത് കേട്ടപ്പോൾ ആദ്യം തോന്നിയത്.. അവന്റെ സൗഹൃദം നഷ്ടപ്പെടാതെ ഇരിക്കാൻ ഞാനും എന്റെ പ്രതികരണം ഭയന്ന് അവനും പറയാതെ പോയത് ഒന്ന് തന്നെ.... നിരാശ തോന്നിയില്ല.. ഒരു തരിമ്പും.. കാരണം പറയാതെ അറിയാതെ പോകുന്ന പ്രണങ്ങൾക്ക് ഒരു പ്രത്യേക സുഖം ഉണ്ട്... നഷ്ട പ്രണയത്തെക്കാൾ...
ഇപ്പോളും ആ പ്രണയം അല്പം പോലും കുറയാതെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന് അവൻ പറഞ്ഞു കേട്ടപ്പോൾ ഞാൻ കുറേ ദേഷ്യപ്പെട്ടു... അതിന്റെ കലിപ്പാണ്.. അവന് എന്റെ അനുവാദം വേണ്ടത്രേ എന്നെ സ്നേഹിക്കാൻ...
ഇത്രനാൾ ഉള്ള പരിചയം കൊണ്ട് അവനെ എനിക്ക് അറിയാം... തിരിച്ചു ഒന്നും ആഗ്രഹിക്കാതെ എന്നെ സ്നേഹിക്കാൻ അവനു കഴിയും.. ഇത് വരെ ചെയ്തത് പോലെ..
പക്ഷേ... സുഹൃത്തേ.. നീ എന്നെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ നീ എന്നെ സ്നേഹിച്ചിരുന്നു എന്ന് അറിയുമ്പോൾ ആണ് എനിക്ക് ഒരുപാട് സന്തോഷം തോന്നുക..
സ്നേഹിക്കുന്നു എന്നത് നമ്മെചുറ്റിയിരിക്കുന്ന മറ്റുപലർക്കും വേദന ഏല്പിച്ചാലോ??
ഇന്നലെ മുഖപുസ്തകത്തിൽ ഒരു സുഹൃത്ത് കുറിച്ചത്പോലെ.. പറയാതെ പോകുന്ന പ്രണയം പാതി പെയ്ത മഴ പോലെ ആണ്... മനസ്സിൽ അത് ഇങ്ങനെ പെയ്ത് തോരാതെ കിടക്കട്ടെ... അതിനും ഉണ്ട് ഒരു സുഖം...
നിഷ സൈനു
17/10/2017

കുഞ്ഞാവേം പത്തി മാമനും

കുഞ്ഞാവേം പത്തി മാമനും
"അച്ഛാ... എന്താ ഈ പീഡനം എന്ന് വച്ചാൽ? ആ ചേച്ചിടെ മാമൻ ആണോ ചേച്ചിയെ പീഡിപ്പിച്ചു കൊന്നത്?? എന്റെ മാമനും എന്നെ കൊല്ലുവോ??"
ടി വി യിൽ ആറു വയസുകാരിയെ അമ്മാവൻ പീഡിപ്പിച്ചു കൊന്നു എന്ന വാർത്ത കേട്ടിട്ടുള്ള അഞ്ചു വയസുകാരിയുടെ ചോദ്യമാണ്... നെഞ്ചിലൂടെ ഒരു അമ്പ് കേറി പോകുംപോലെ ഞാൻ ഒന്ന് പുളഞ്ഞു... അത് ചോദിക്കുന്നതിനിടയിൽ അവൾ എന്നെ നോക്കിയ നോട്ടം.. ആ കണ്ണിലെ ഭയം... ഇതുവരെ ആ കണ്ണിൽ എന്നോടുള്ള സ്നേഹവും കുറുമ്പും കുസൃതിയും വാശിയും മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ...
അളിയൻ എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി.. "വാവേ... വാ.. അമ്മ പറഞ്ഞു തരാം " എന്ന് പറഞ്ഞു അമ്മൂസിനെ ചേച്ചി വിളിച്ചോണ്ട് പോയത് ഒരു ആശ്വാസം ആയി കാണണം അളിയന്.. പുള്ളീടെ മുഖത്തേക്ക് നോക്കാൻ ആദ്യമായി എനിക്ക് മടി തോന്നി...
എന്താവും ചേച്ചി കുഞ്ഞാവക്ക് പറഞ്ഞു കൊടുക്കുക?? അവൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗുഡ് ടച്ച്.. ബാഡ് ടച്ച് ഒക്കെ പറഞ്ഞു കൊടുക്കുമായിരിക്കും... ആരെങ്കിലും മിഠായിയോ കളിപ്പട്ടമോ കാണിച്ചു വിളിച്ചാൽ കൂടെ പോകരുത് എന്ന് പറയുമായിരിക്കും.. അച്ഛൻ അല്ലാതെ മറ്റ് ആണുങ്ങളുടെ ആരുടേം മടിയിൽ കയറി ഇരിക്കുകയോ കെട്ടിപിടിക്കുകയോ
ഉമ്മ വെപ്പിക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും... ആരെങ്കിലും വാവാക്ക് ഇഷ്ടമല്ലാത്ത രീതിയിൽ തൊട്ടാൽ അമ്മയോട് വന്ന് പറയണം എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും...
ഇനി അമ്മൂസ് മാമന്റെ പഴയ കുഞ്ഞാവ ആയിരിക്കുമോ? ഞാൻ എടുക്കുമ്പോളും കെട്ടിപിടിക്കുമ്പോളും ഉമ്മ വെക്കുമ്പോളും ആ കുഞ്ഞു മനസ്സിൽ അമ്മ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഓടി എത്തുമോ??
കുഞ്ഞാവേ... നിന്റെ കുഞ്ഞു മനസ്സിനെ ഇത്രയേറെ വേദനിപ്പിച്ച ആ ക്രൂരന് വേണ്ടി മാമൻ നിന്നോട് മാപ്പ് ചോദിക്കുന്നു.. എല്ലാ മാമാന്മാരും അതുപോലെ അല്ല കുഞ്ഞാവേ.. നിനക്കറിയില്ല വാവേ നീ എന്റെ ചേച്ചിയുടെ ഉദരത്തിൽ ഉണ്ടായ അന്ന് മുതൽ നീ ഈ ലോകത്തേക്ക് എത്തുംവരെ നിനക്കുവേണ്ടി ആകാംഷയോടെ ഞാൻ കാത്തിരുന്നത്...
എടുത്തോണ്ട് നടക്കാൻ... കൊഞ്ചിക്കാൻ.. വഴക്കടിക്കാൻ ഒരു അനിയത്തികുട്ടിയെ കളിക്കൂട്ടുകാരി ആയി വേണം എന്നാണ് പതിനഞ്ചു വയസ്സുകാരനായ ഞാൻ അന്ന് പ്രാർതഥിച്ചത്... ഏഴാം മാസം ചേച്ചി വീട്ടിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്.. ചേച്ചിയുടെ വീർത്ത വയറിൽ നിന്റെ അനക്കം കാണുമ്പോൾ ഇടക്കൊക്കെ ഞാൻ എന്റെ കൈ ആ വയറിൽ വെച്ച് നോക്കിയിരുന്നത് നീ അറിഞ്ഞിരുന്നോ??
ആശുപത്രി വരാന്തയിൽ നിന്റെ വരവിനായി കാത്തിരുന്നപ്പോൾ ഞാൻ അനുഭവിച്ചത്ര ടെൻഷൻ പത്തിലെ റിസൾട്ട് വന്നപ്പോൾ പോലും അനുഭവിച്ചിട്ടില്ല കുഞ്ഞാവേ.. മൂന്ന് മാസം കഴിഞ്ഞു ചേച്ചി തിരികെ പോയപ്പോൾ നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തകൊണ്ടാണ് പ്ലസ് ടു വിന് മറ്റെങ്ങും ഓപ്ഷൻ കൊടുക്കാതെ ടൗണിലെ സ്കൂളിൽ മാത്രം ഓപ്ഷൻ കൊടുത്തു ഇവിടെ നിന്ന് പഠിക്കാൻ ഞാൻ ഇങ്ങോട്ട് വന്നത് എന്നത് മറ്റാരും അറിയാത്ത രഹസ്യം... നിന്റെ ഒപ്പം ആയിരിക്കാൻ വേണ്ടി ആണ് ഡിഗ്രീയും ഞാൻ ഇവിടെ നിന്ന് തന്നെ പഠിക്കുന്നത്...
കോളേജിൽ കൂട്ടുകാർ എല്ലാം എന്നും കളിയാക്കും വിക്രമാദിത്യനും വേതാളവും ആണ് നമ്മൾ എന്ന് പറഞ്ഞ്.... കാരണം എന്താന്നോ നീ ഒപ്പം ഇല്ലാത്ത ഒരു സെൽഫി പോലും എന്റെ മൊബൈൽലിൽ ഇല്ലത്രേ...
നിന്നെ എന്റെ കൈയ്യിൽ ഏൽപിച്ച് ഇനി എന്റെ ചേച്ചി പഴയ ധൈര്യത്തോടെ കുളിക്കാൻ പോകുകയോ അടുക്കളേൽ നിക്കുകയോ ചെയ്യുമോ? ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഇടക്കിടക്ക് ഓടി വന്ന് ചേച്ചി നമ്മുടെ കളികൾ ശ്രദ്ധിച്ചാലും ആ കണ്ണിൽ ചെറിയ സംശയം തോന്നിയാലും എനിക്ക് എന്റെ ചേച്ചിയോട് ദേഷ്യം തോന്നില്ല കുഞ്ഞാവേ... ഒരു പെൺകുഞ്ഞിന്റെ അമ്മയല്ലേ... ഈ ലോകത്തിൽ ആരെ വിശ്വസിക്കണം വിശ്വസിക്കരുത് എന്ന് ആ പാവത്തിന് അറിയാൻ ഒക്കില്ലല്ലോ ...
ഇന്ന് വരെ ഉണ്ടാരുന്ന സ്വാതന്ത്ര്യത്തോടെ ഇനി മുതൽ എനിക്കീവീട്ടിൽ നിക്കാൻ ഒക്കുമോ? അളിയന്റെ മനസ്സിലും എന്നോടുള്ള സമീപനം മാറില്ലേ??
കുഞ്ഞാവേ... ഇനി നീ പത്തിമാമാ എന്ന് വിളിച്ച് എന്നോട് വഴക്കുണ്ടാക്കാൻ വരുമോ?? എന്റെ തോളത്തിനി നീ കുട്ടാമ്പുറം കേറി കളിക്കാൻ വരുമോ?? ഇന്ന് വരെ എനിക്കുണ്ടാരുന്ന സ്വാതന്ത്ര്യത്തോടെ ഇനി മുതൽ എനിക്ക് നിന്നെ സ്നേഹിക്കാൻ ഒക്കുമോ??
ചേച്ചിക്കും അളിയനും ഒപ്പം എന്റെ പൊന്നുമോളെ കാക്കാൻ എന്നും ഈ മാമനും ഉണ്ടാകും.. ഒരു കാക്കക്കും കഴുകൻ കണ്ണിനും കൊത്തിവലിക്കാൻ നിന്റെ നിഴൽ പോലും കാണിക്കാതെ നിന്നെ ഒരു കുട പോലെ ഞാൻ കാക്കാം കുഞ്ഞാവേ.... ഒരിക്കലും നിന്റെ മനസ്സിൽ ഈ മാമൻ ഒരു പേടിസ്വപ്നം ആവരുതേ...
കവിളിൽ ഒരു കുഞ്ഞു കൈ തലോടിയപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്... കണ്ണ് നിറഞ്ഞൊഴുകിയതോ കുഞ്ഞാവ അടുത്ത് വന്നതോ പോലും ഞാൻ അറിഞ്ഞിരുന്നില്ല...
"അമ്മേ.. അച്ഛാ ദേ ഈ പത്തിമാമൻ കരയുന്നൂ" ....
"ഡീ.... നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവനെ പത്തിമാമാന്ന് വിളിക്കരുതെന്ന്..." എന്ന് പറഞ്ഞ് അളിയൻ കൈ ഓങ്ങിയപ്പോൾ ഞാനും എന്റെ കുഞ്ഞാവേം ഒറ്റ സെറ്റായി ആളിയനോട് ഫൈറ്റ് തുടങ്ങി.... അല്ലേലും അങ്ങനല്ലേ വേണ്ടത്?? കുഞ്ഞാവേം പത്തിമാമനും ഒറ്റകെട്ടല്ലേ എന്നും...
നിഷ സൈനു
14/10/2017

മരണമെത്തും മുൻപ്..

മരണമെത്തും മുൻപ്..
മൂക്കിലൂടെയും വായിലൂടെയും എന്തോ കയറി പോകുന്ന പോലെ തോന്നിയപ്പോൾ മരിയ കണ്ണുകൾ തുറക്കാൻ ഒരു വിഫല ശ്രമം നടത്തി.... കൺപോളക്കൾക്ക് നല്ല ഭാരം തോന്നുന്നു.. അവൾ കണ്ണുകൾ വലിച്ചു തുറന്നു.. വെള്ള വസ്ത്രം ധരിച്ച കുറേ ആളുകൾ.. കുറേ പെൺകുട്ടികൾ ധൃതിയിൽ എന്തൊക്കെയോ എടുത്തു ഒരാളുടെ കൈയ്യിലേക്ക് കൊടുക്കുന്നു ... എല്ലാരും തിരക്കിൽ ആണ്..മാസ്ക് വച്ചിരിക്കുന്നത്കൊണ്ട് ആരുടേയും മുഖം കാണാൻ കഴിയുന്നില്ല..
പെട്ടന്ന് അവളുടെ തലച്ചോറിലൂടെ ഒരു മിന്നൽ കടന്നു പോയി.. താൻ ഹോസ്പിറ്റലിൽ ആണ്.. വായിലൂടെയും മൂക്കിലൂടെയും ട്യൂബുകൾ ഇടാൻ ഉള്ള തിരക്കിലാണ് ഡോക്ടർസ്... ഒരു ഞെട്ടലോടെ അവൾ തന്റെ വയറിലേക്ക് കൈകൾ കൊണ്ടുപോയി... പറ്റുന്നില്ല.. കൈകൾ അനക്കാൻ പോലും സാധിക്കുന്നില്ല..
ദൈവമേ എന്റെ കുഞ്ഞ്.. അവൾക്കൊരു ആപത്തും ഉണ്ടാവല്ലേ.. ആ കുഞ്ഞു നെഞ്ചിടിപ്പ് തന്റെ വയറ്റിൽ ആദ്യമായി കേട്ടതിന്നാണ്‌... ഇന്ന് തന്നെ ആ താളം നിർത്തി കളയരുതേ ജീസസ്...അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.. അവ്യക്തമായ കുറെ ഓർമ്മകൾ അവളുടെ മനസിലൂടെ കടന്ന് പോയി..
.......................................
രാവിലെ ഡേവിഡിനോട് പേടിയോടെ ആണ് തന്റെ സംശയം പറഞ്ഞത്.. ഒരുക്കലും അവന് അത് അംഗീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. അറിഞ്ഞപ്പോൾ തന്നെ അവന്റെ മുഖം ഇരുണ്ടു കൂടി...പക്ഷേ പെട്ടന്നവൻ ദേഷ്യം മറച്ചു വച്ചു സ്നേഹത്തോടെ പറഞ്ഞു..
മരിയ ഇത് നമ്മുക്ക് വേണ്ട.. നീ റോസ് മമ്മിയോട് ഇത് പറഞ്ഞോ? പറയരുത്.. നമ്മുക്കിടയിടെ പ്രശ്നങ്ങൾ മമ്മിക്ക്‌ അറിയില്ല.. അറിഞ്ഞാൽ താങ്ങാനും ആവില്ല.. നീ പെട്ടന്ന് റെഡി ആക്‌.. മമ്മിയോട് വേറെ എവിടേലും പോകുവാന്ന്‌ ഞാൻ പറഞ്ഞോളാം.. ആദ്യം നമുക്കിത് ഒന്ന് കൺഫേം ചെയ്യാം..
ഡേവിഡ് ഇതേ പറയൂ എന്ന് എനിക്ക് മുൻപേ അറിയായിരുന്നു.. ഇതിൽ രൂക്ഷമായേ പ്രതികരിക്കു എന്നാണ് ഞാൻ കരുതിയതും... അവൻ മനസ്സിൽ മറ്റെന്തോ കണ്ടിട്ടുണ്ട്.. മമ്മി അറിയാതെ ഇരിക്കാനുള്ള അടവാണ്.. മമ്മിയുടെ സൽപുത്രൻ അല്ലേ..
പല തവണ ഓർത്തതാണ് മമ്മിയോട് ഡേവിഡിന്റെ തനി സ്വഭാവം പറഞ്ഞു കൊടുക്കണം എന്ന്.. പക്ഷേ മമ്മിയെ കാണുമ്പോൾ എല്ലാം വേണ്ടാന്ന് വെക്കും.. തനിക്കവർ അമ്മായിയമ്മ അല്ല.. അമ്മ തന്നാണ്.. ഒരുപക്ഷെ ഡേവിഡിനേക്കാൾ മമ്മി എന്നെ സ്നേഹിക്കുന്നുണ്ട്... അത് കൊണ്ടാണല്ലോ കോളേജിലെ തന്റെ പ്രിയപ്പെട്ട വിദ്യാർഥിയെ ഒറ്റ മകനെകൊണ്ടു വിവാഹം ചെയ്യിപ്പിച്ചത്..
എനിക്ക് എന്ത് യോഗ്യതആയിരുന്നു ഉണ്ടാരുന്നത് മമ്മിയുടെ വീട്ടിലേക്ക് മരുമകൾ ആയി വരാൻ... അപ്പനും അമ്മയും ജീവിച്ചിരിക്കെ അനാഥയായി കഴിയേണ്ടി വന്നവൾ.. പഠിക്കാൻ മിടുക്കി ആയിരുന്നതിനാൽ മെറിറ്റ് സീറ്റ് നേടി പി ജി വരെ പഠിച്ചു.. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നുള്ള പഠനം ആയിരുന്നു റോസ് ടീച്ചറെന്ന റോസ് മമ്മിയെ തനിക്ക് തന്നത്... അവധിക്ക്‌ പോലും വീട്ടിൽ പോകാത്ത തന്റെ അവസ്ഥ കൂട്ടുകാർ വഴിയാണ് ടീച്ചർ അറിയുന്നത്.. അന്ന് തുടങ്ങിയ സ്നേഹം ആണ് ഇന്നും.. കൂടിയതല്ലാതെ തരിമ്പും കുറഞ്ഞിട്ടില്ല..
പി ജി എക്സാം കഴിയാറായപ്പോൾ ആണ് റോസ് ടീച്ചർ ഡേവിഡിനെ പറ്റി എന്നോട് സംസാരിക്കുന്നത്.. ടീച്ചറിന്റെ ഒറ്റ പുത്രൻ.. ബൈക്ക് റേസിങ്ങിൽ കമ്പം കൂടുതൽ ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റ് ദുസ്വഭാവങ്ങൾ ഒന്നും തന്നെ ഇല്ല... ഒന്ന് രണ്ട് തവണ ടീച്ചറോട് ഒപ്പം കണ്ടിട്ടും ഉണ്ട്.. നല്ല പെരുമാറ്റം.. കൂട്ടുകാരും മറ്റ് ടീച്ചേഴ്സും നിർബന്ധിച്ചപ്പോ സമ്മതം മൂളി.. ഡേവിഡിനെ കണ്ടല്ല.. റോസ് ടീച്ചറെ പോലൊരു അമ്മയെ കിട്ടാൻ...
വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ എനിക്ക് മനസിലായതാണ് ഡേവിഡ് നു എന്നെ പോലൊരു പെൺകുട്ടിയെ ആയിരുന്നില്ല ആഗ്രഹം.. അവന്റെ ക്ലബ് ലൈഫിനും സ്റ്റാറ്റസിനും ചേർന്ന ആളല്ല ഞാൻ എന്ന്.. മമ്മിയുടെ വാക്ക് തട്ടി കളയാൻ ഉള്ള മടി കൊണ്ട് മാത്രം അവൻ എന്നെ സ്വീകരിച്ചതാണ്.. അതും മമ്മിയോടുള്ള സ്നേഹം കൊണ്ടല്ല.. മമ്മിയുടെ പേരിൽ ഉള്ള അളവറ്റ സ്വത്തുക്കൾ മോഹിച്ചു മാത്രം..
ഏതെങ്കിലും തരത്തിൽ മമ്മിക്കു അനിഷ്ടം ഉള്ളത് പ്രവർത്തിച്ചാൽ സ്വത്തുക്കൾ തനിക്ക് തന്നില്ലെങ്കിലോ എന്നുള്ള പേടി ഡേവിഡിനെ ഇന്നും അലട്ടുന്നുണ്ട്.. മമ്മിയുടെ കർക്കശ സ്വഭാവവും ദേഷ്യവും ഡേവിഡിന് നന്നായി അറിയാം... അതുകൊണ്ട് തന്നെ എന്നോടുള്ള ഇഷ്ടകേട് ഡേവിഡ് റോസ് മമ്മിയുടെ മുന്നിൽ കാണിച്ചിട്ടില്ല ഇതുവരെ...
...........................................
ആശാ ക്ലിനിക്കിൽ വച്ച് ഡോക്ടർ ആശയുടെ മുൻപിലെ ഡേവിഡിന്റെ തകർത്തുള്ള അഭിനയം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... ഡോക്ടർ congrats പറഞ്ഞു കൈ കൊടുത്തു കഴിഞ്ഞപ്പോൾ എന്റെ നെറുകയിൽ ഒരു ഉമ്മ തന്ന് എന്നെ ചേർത്ത് പിടിച്ച് ഉത്തമ ഭർത്താവിന്റെ റോൾ അവൻ ഗംഭീരമാക്കി...എന്റെ കണ്ണിലൂടെ ഇറ്റിറങ്ങിയ കണ്ണുനീർ സന്തോഷം കൊണ്ടുള്ളതാണെന്നു ഡോക്ടർക്ക് തോന്നി കാണും...
കുറച്ച് ചെക്ക് അപ്പ് കൂടെ നടത്താൻ ഉള്ളത് കൊണ്ട് ഫീസ് അടച്ച് പുറത്തു വെയിറ്റ് ചെയ്യാൻ ഡേവിഡ്നെ ഡോക്ടർ പറഞ്ഞു വിട്ടു..
സ്കാനിംഗ് ചെയ്യുമ്പോൾ ഡോക്ടർ എന്റെ പൊന്നോമനയുടെ ഹൃദയ തുടിപ്പുകൾ എനിക്ക് കാണിച്ചു തന്നു.. തന്റെ ജീവന്റെ അംശത്തെ ഒരിക്കലും നശിപ്പിക്കാൻ ഡേവിഡിനെ സമ്മതിക്കില്ലെന്ന് അപ്പോളെ
ഞാൻ തീരുമാനിച്ചതാണ്.. മമ്മിയോട് വിവരം പറയണം.. ആ മനസ്സ് ഒരുപാട് സന്തോഷിക്കും... തീർച്ച..
...............................................
"ഈ patient ന്റെ husband നു ഇവരെ കാണണം എന്ന് പറഞ്ഞ് പുറത്തു കിടന്ന് ഭയങ്കര ബഹളം ആണ്.."
നഴ്സമാരുടെ സംസാരം കേട്ടാണ് മരിയ ചിന്തകളിൽ നിന്നും ഉണർന്നത്..
" പാവം.. അയാൾക്കു നല്ല വിഷമം ആണ്.. എന്തൊരു കരച്ചിൽ ആണ്.. ആണുങ്ങൾ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിട്ടില്ല സിസ്റ്ററെ.."
ഒരു നഴ്സ് പറയുന്നത് കേട്ടപ്പോൾ കലി ആണ് വന്നത് എനിക്ക് മനസ്സിൽ
"അയാളോട് കേറി കണ്ടോളാൻ പറ"
ICU in charge ആ നഴ്സിനോട് പറഞ്ഞു..
വലത് കൈക്ക് ബാൻഡും.. നെറ്റിയിൽ ഒരു കെട്ടും.. നിറഞ്ഞ കണ്ണുകളുമായി കയറി വന്ന ഡേവിഡിനെ കണ്ട നഴ്സുമാർ പെട്ടന്ന് മൂകരായി..
ഡേവിഡിന്റെ അഭിനയത്തിൽ ഇവരും വീണു.. ഇവന്റെ പൊയ് കണ്ണീർ മാത്രേ ഈ പാവം കുട്ടികൾക്ക് കാണാൻ കഴിയൂ.. ഇവന്റെ ചുണ്ടിൽ ആരും കാണാതെ തത്തി കളിക്കുന്ന പുഞ്ചിരിയോ.. ആ കണ്ണിലെ വിജയത്തിളക്കാമോ മറ്റാർക്കും കാണാൻ പറ്റില്ല.. എനിക്ക് മാത്രമേ അത് കാണാൻ കഴിയൂ...
എന്റെ കൈയ്യിൽ അവൻ തൊട്ടപ്പോൾ ഇതുവരെ തോന്നാത്ത ദേഷ്യവും വെറുപ്പും എനിക്ക് തോന്നി.. കൈയ്യിൽ തല ചേർത്ത് വച്ച് ഏങ്ങി കരഞ്ഞ് അവൻ മരണം കാത്തു കിടക്കുന്ന ഒരു പെണ്ണിന്റെ ഭർത്താവിന്റെ റോളും ഭംഗിയാക്കി ആ മാലാഖമാരുടെ മുൻപിൽ... ഭാര്യയെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണ് എന്ന് ആ കുട്ടികൾ ചിന്തിച്ചിരിക്കാം.. അത്ര നാച്ചുറൽ അഭിനയം..
നിങ്ങൾ കാണുന്ന ഈ കഥയിലെ നായകൻ അല്ല വില്ലൻ ആണിവൻ എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടാരുന്നു എനിക്ക്..
വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ പിടിച്ചു നിർത്തിയിരിക്കുന്ന എനിക്ക് പക്ഷേ നാവ് ചലിപ്പിക്കാൻ പോലും ആകുമായിരുന്നില്ല...
ഡേവിഡിന്റെ മുഖം കണ്ടപ്പോൾ രാവിലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലേക് തികട്ടി വന്നു..
..............................................
ആശ ക്ലിനിക്കിൽ നിന്നും ഇറങ്ങി തനിച്ചിരുന്നു സംസാരിക്കാൻ പറ്റിയ ഒരു സ്ഥലത്താണ് ഡേവഡ് എന്നെ കൊണ്ടുപോയത്..
...... മരിയ.. ഞാൻ എന്റെ ഫ്രണ്ട് ഡോക്ടർ ശാരിയോട് കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇന്ന് തന്നെ നമ്മുക്ക് അവിടെ പോകാം.. അവൾ വേണ്ടതൊക്കെ ചെയ്തു തരും..
...... ഡേവിഡ്.. നിനക്കൊരു ശല്യമായി ഞാനോ കുഞ്ഞോ വരില്ല.. എന്റെ കുഞ്ഞിനെ കളയാൻ ഞാൻ സമ്മതിക്കില്ല.. പ്ളീസ്... ഡേവിഡ്..
.... ഇല്ല.. എനിക്കാ കുഞ്ഞിനെ വേണ്ട.. നിന്നെയും.. ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു നീ എനിക്ക് ചേർന്ന പെണ്ണല്ലന്ന്.. നിനക്കറിയാം എന്റെ ആഗ്രഹങ്ങൾ... അവ സാധിക്കണമെങ്കിൽ നാൻസിയെ പോലൊരു പെണ്ണുണ്ടെങ്കിലെ പറ്റൂ..
നാൻസിയുടെ ഫാമിലിക്ക് വേണമെങ്കിൽ എന്നെ സ്‌പോൺസർ ചെയ്യാനുള്ള ഫിനാൻഷ്യൽ കപ്പാസിറ്റി ഉണ്ട്... ഞാൻ വിവാഹിതൻ ആണെന്ന സത്യം അവൾ അറിയാതെ ഞാൻ നോക്കിക്കൊള്ളാം..
... ഡേവിഡ്.. ലോകം അറിയപ്പെടുന്ന ഒരു റേസിംഗ് ചാമ്പ്യൻ ആകണം എന്നുള്ള നിന്റെ ആഗ്രഹത്തിന് ഇതുവരെ ഞാൻ തടസ്സം ആയിട്ടില്ല.. ഞാൻ നിന്റെ ജീവിതത്തിൽ നിന്നും മാറി തന്നേക്കാം.. എന്നേം നമ്മുടെ കുഞ്ഞിനേം വെറുതെ വിട്ടുടെ നിനക്ക്?
.... നമ്മുടെ കുഞ്ഞ്.. നമ്മുടെ കുഞ്ഞ്.. വേണ്ട അങ്ങനൊരു ജന്മം.. അത് എനിക്കൊരു ബാധ്യത ആകും.. റോസ് മമ്മി ഇതറിഞ്ഞാൽ നിന്നെ ഉപേഷിക്കുന്ന കാര്യം പോലും നടക്കില്ല.. നീ തന്നെ എന്തേലും കാര്യം ഉണ്ടാക്കി എന്നെ തള്ളി കളഞ്ഞിട്ട് പോവാൻ എത്ര തവണ നിന്നോട് ഞാൻ പറഞ്ഞിരുന്നു ഇതിന്‌ മുൻപേ... അന്നേ നീ പോയിരുന്നെങ്കിൽ നാശം ഇങ്ങനൊന്നും ആവില്ലരുന്നു..
മമ്മിയെ വിട്ടുപോകാൻ ഉള്ള സങ്കടം ഒന്നുകൊണ്ട് മാത്രമാണ് ഡേവിഡ് ഞാൻ പോകാതിരുന്നത്.. കിടപ്പറയിൽ നിന്നെ അനുസരിക്കുന്ന പാവ ആയതും അതുകൊണ്ട് തന്നാണ്.. എന്നെങ്കിലും നീ എന്നെ സ്നേഹിച്ചു തുടങ്ങും എന്നുള്ള നേരിയ പ്രതീക്ഷയും എന്നിൽ ഉണ്ടാരുന്നു ഡേവിഡ്..
.... നിന്നെ സ്നേഹിക്കാൻ... ഹും.. അത് ഈ ജന്മം ഉണ്ടാവില്ല.. സമയം വൈകുന്നു .. ശാരി അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും.. ബാക്കി കേസുകൾ മാറ്റി വച്ചിട്ട്..
... ഇല്ല ഡേവിഡ് ഞാൻ വരില്ല.... മമ്മിയോട് ഞാൻ ഇതെല്ലം പറയും.. ഇതുവരെ ഞാൻ ഒന്നും മമ്മിയെ അറിയിച്ചില്ല.. എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല..
.... നീ ഒന്നും മമ്മിയോട് പറയില്ല... അതിന് നീ ജീവിച്ചിരുന്നിട്ടു വേണ്ടേ??
അവൻ എന്റെ കഴുത്തു പിടിച്ചു അമർത്തി ... ശ്വാസം കിട്ടാതെ ഒരു മാത്ര ഞാൻ പിടഞ്ഞു..
പെട്ടന്നവൻ കൈകൾ പിൻവലിച്ചു..
.... സോറി മരിയ.. സോറി.. ഞാൻ അറിയാതെ.. ചേർത്ത് പിടിച്ചുകൊണ്ട്‌ അത്രയും അവൻ പറഞ്ഞപ്പോൾ ഞാനും ആ നിമിഷം അവന്റെ നാടകം വിശ്വസിച്ചുപോയി...
................................................
ഉച്ചയ്ക്ക് ഡോക്ടർ "കാണേണ്ടവരെ ഒക്കെ കയറ്റി കാണിച്ചോളൂ" എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്കിനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലായി...റോസ് മമ്മിയുടെ മുഖം മാത്രമായി എന്റെ മനസ്സിൽ.. പാവം.... എന്റെ വേർപാട് ഒരിക്കലും മമ്മിക്കു താങ്ങാൻ ആവില്ല.. ആ വലിയ വീട്ടിൽ മമ്മി ഒറ്റക്കാവും.. ഈ മകന്റെ തനി സ്വരൂപം മമ്മിയുടെ നേരെ എന്നാവും എടുത്ത് തുടങ്ങുക?...
റൂമിന്റെ ഡോർ പതിയെ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചു.. കരഞ്ഞു തളർന്ന എന്റെ മമ്മി.. വേച്ചു വീഴാതിരിക്കാൻ മമ്മി ഒരു നഴ്സിന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട്.. എന്റെ ചങ്ക് തകർന്നു പോയി.. മമ്മിയുടെ മുഖം കണ്ടപ്പോൾ.. സ്വന്തം അമ്മ പോലും ഒരു മകളെ ഇത്ര മാത്രം സ്നേഹിക്കില്ല.. ദൈവമേ ഈ അമ്മയുടെ സ്നേഹം അനുഭവിച്ച് എനിക്ക് മതിയായില്ലല്ലോ.. എന്തിനാ നീ എന്നെ???
മമ്മിയുടെ കൈകൾ എന്റെ കൈകളിൽ അമർന്നപ്പോൾ ഒരു നനുത്ത കുളിർ ദേഹം ആസകലം പടരുന്നപോലെ.. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഏറെ നേരം മമ്മി എന്നെ നോക്കി ഇരുന്നു.. ആ മടിയിൽ ഒരു കുഞ്ഞു കുഞ്ഞിനെപോലെ വീണ്ടും ഒതുങ്ങി കിടക്കാൻ ഞാൻ ആശിച്ചു.. ആ കൈ വിരലുകൾ എന്റെ തലമുടിയിൽ കൂടെ താളത്തിൽ ഒരിക്കൽ കൂടെ ചലിച്ചിരുന്നെങ്കിൽ... ആ കൈയ്യിൽ നിന്നും എന്നത്തേയും പോലെ ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ സാധിച്ചിരുന്നെങ്കിൽ...
മമ്മി തന്റെ കൈകൾ എന്റെ വയറിൽ കൊണ്ട് വച്ചു... ആ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു.. ആ കൈകൾ തലോലിക്കാൻ ആഗ്രഹിച്ചിരുന്ന പിഞ്ചോമന അവിടെ ഇല്ല എന്ന തിരിച്ചറിവാണ് ആ വേദനക്ക് കാരണം... ആ യാഥാർഥ്യം ഞാൻ എപ്പോളേ തിരിച്ചറിഞ്ഞതാണ്.. ഞാൻ ഇല്ലാത്ത ലോകത്ത് എന്റെ കുഞ്ഞ് മമ്മിയുടെ കാലശേഷം ഒറ്റപ്പെടും... എന്നെ രക്ഷിക്കാൻ മമ്മി വന്നപോലെ എന്റെ കുഞ്ഞിന്റെ കാവലിന് മറ്റൊരാൾ വരും എന്ന പ്രതീക്ഷ വെക്കാൻ ആവില്ലല്ലോ..
.............................................
പുറത്തു പോലീസ് എത്തിയെന്ന കാര്യം ഒരു നേഴ്സ് അറിയിച്ചപ്പോൾ ആണ് മമ്മി എന്റെ അടുത്ത് നിന്നും റൂമിന് പുറത്തേക്ക് പോയത്...
മമ്മിയെ കൊണ്ട് ആക്കാൻ പോയ നേഴ്സ് തിരികെ വന്നത് എനിക്കുള്ള സന്തോഷ വാർത്തയും ആയാണ്..
"സിസ്റ്റർ.. അയാളെ പോലീസ് അറസ്റ്റ് ചെയ്തു.. ഈ patient ന്റെ ഭർത്താവിനെ.. അയാൾ മനഃപൂർവം ഇവരെ കൊല്ലാൻ വേണ്ടി ആക്സിഡന്റ് create ചെയ്തതാണത്രെ...ഇപ്പൊ പുറത്തേക്ക് ഇറങ്ങി പോയ ആന്റി അയാളുടെ അമ്മയാ.. അവർ ആണ് പോലീസ് നോട് മകനെകുറിച്ച് പറഞ്ഞത്.."
പാവം എന്റെ മമ്മി... എനിക്ക് വേണ്ടി സ്വന്തം മകനെ പോലും...
അതേ... അവൻ മനഃപൂർവം എന്നെ കൊല്ലാൻ ചെയ്തതാണിത്... അവന്റെ നാടകത്തിൽ വിശ്വസിച്ചു അവന്റെ ഒപ്പം ബൈക്കിൽ കയറിയ എന്നെ ബൈക്കിന്റെ സ്പീഡ് കൂട്ടി സ്പീഡ് കൂട്ടി ഭയപ്പെടുത്തി..
ഡേവിഡ്... എനിക്ക് പേടിയാകുന്നു... ബൈക്ക് നിർത്തൂ...എന്ന് ഞാൻ യാചിച്ചിട്ടും അവൻ കേട്ടില്ല.. ചായ്ച്ചും ചെരിച്ചും റേസിംഗ് ട്രാക്കിൽ പായും പോലെ ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ടവൻ ബൈക്ക് പറത്തി..
തിരക്കേറിയ റോഡിൽ എത്തിയപ്പോൾ എതിരേ വന്ന ബസ്സിന് നേരെ ബൈക്ക് ഇടിച്ചു കയറും പോലെ....
FMSCI ലൈസൻസ് ഉള്ള.. കോയമ്പത്തൂർ kari motor racing track ലെ സൂപ്പർ റേസർക്ക്‌ വണ്ടി പാളിച്ചു സ്വയം രക്ഷപെടാൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല..
വലത് കൈയ്യിലെ പൊട്ടലും.. നെറ്റിയിലെ മുറിവും ... ഭാര്യയെ നഷ്ടപ്പെടാൻ പോകുന്ന ഭർത്താവിന്റെ തീവ്ര വേദന തിങ്ങുന്ന ഭാവവും മറ്റുള്ളവരുടെ മുൻപിൽ ഇത് ഒരു അപകടം മാത്രമാക്കി..
എന്നാൽ.. ആശ ക്ലിനിക്കിൽ വച്ച് മമ്മിയെ വിളിച്ചു ഞാൻ പ്രെഗ്നൻറ് ആണെന്ന കാര്യവും ഡേവിഡിന്റെ ഇപ്പോളത്തെ മനോഭാവവും പറഞ്ഞിരുന്നു.. മമ്മി തന്നാണ് അവൻ സംസാരിക്കുമ്പോൾ എന്റെ മൊബൈലിൽ നിന്നും മമ്മിക്കു കാൾ ഇട്ട് വക്കാൻ പറഞ്ഞത് ... മകന്റെ യഥാർത്ഥ ഭാവം അറിയാൻ വേണ്ടി മാത്രം.. വീട്ടിൽ എത്തുമ്പോൾ ഡേവിഡ് നോട് ചോദിയ്ക്കാൻ തെളിവായി മമ്മി അത് റെക്കോർഡ് ചെയ്തിരുന്നു..
..............................................
"ഡേവിഡിന്റെ ക്രൂരത മനസിലാക്കിയ ആ ആന്റി പോലീസ്ന് മൊബൈലിലെ recorded ഡാറ്റാ കൈമാറിയത്രേ...
ഒന്നൂടെ ഉണ്ട് കേട്ടോ... മരണ ശേഷം ഈ patient ന്റെ അവയവങ്ങൾ donate ചെയ്യാനുള്ള ഫോമിലും പുള്ളിക്കാരി സൈൻ ചെയ്തു... അവരുടെ മനക്കട്ടി സമ്മതിക്കണം സിസ്റ്ററെ..."
... റോസ് മമ്മീ... മമ്മിയെ വിട്ട് പോകുന്നതിൽ മാത്രമേ എനിക്കിപ്പോ ദുഖമുള്ളു.. ഒരു പ്രാർത്ഥന മാത്രമേ ഇനി എനിക്കുള്ളൂ... വരും ജന്മത്തിൽ എനിക്ക് മമ്മിയുടെ മകളായി ജനിക്കണം... ആ സ്നേഹം ആവോളം അനുഭവിക്കണം......
നിഷ ബിബിൻ
09/06/2017

കടാവർ

കടാവർ
ചിന്നമ്മൂ....മോളേ ഓടല്ലേ... ചിന്നൂ....നിക്കെടാ കുട്ടാ അവിടെ...
അച്ഛമ്മയുടെ കണ്ണ് വെട്ടിച്ചോടി നടക്കാൻ ചിന്നമ്മു എന്ന മൂന്ന് വയസുകാരി ചിന്മയിക്കു ഒരുപാട് ഇഷ്ടമാണ്...
അച്ഛനമ്മമാരേക്കാൾ ചിന്നമ്മുന് അച്ഛമ്മയെ ആണ് ഇഷ്ടകൂടുതൽ.. ഡോക്ടേഴ്‌സ് ആയ അച്ഛനും അമ്മയ്ക്കും അവളെ കൊഞ്ചിക്കാനോ കളിപ്പിക്കാനോ സമയം ഇല്ലായിരുന്നു... ഇല്ല എന്നല്ല.. പണം വാരികൂട്ടാനുള്ള ഓട്ടത്തിനിടയിൽ അവർ അവൾക്കുവേണ്ടി സമയം കണ്ടെത്താൻ മറന്ന്‌ പോയിരുന്നു എന്നതാണ് സത്യം....ജനിച്ചനാൾ മുതൽ അച്ഛമ്മയുടെ മാറിലെ ചൂടറിഞ്ഞാണ് അവൾ ഉറങ്ങിയിരുന്നത്...
ഇടക്ക് ബോർഡിങ്ങിൽ നിന്നും വരുന്ന കാശിക്കും അച്ഛനേം അമ്മയേം ശരിക്കൊന്നു കാണാൻ പോലും കിട്ടാറില്ല.. അഞ്ചാം ക്ലാസ്സ് ആയപ്പോൾ ബോർഡിങ്കിൽ ആക്കിയതാണ് അവനെ.. രണ്ടുപേരേം ഒരുമിച്ച് അച്ഛമ്മക്ക് നോക്കാൻ പാടാണ് എന്ന് പറഞ്ഞ്.. പക്ഷേ അതൊന്നും അല്ല കാരണം.. കശിനാഥൻ ഇപ്പൊ പഠിക്കുന്ന സ്കൂളിൽ ആറാം ക്ലാസ് മുതൽ എൻട്രൻസ് കോച്ചിങ് ഉണ്ട്.. ആ സ്കൂളിൽ മക്കൾ പഠിക്കുന്നു എന്ന് പറയുന്നത് തന്നെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുന്ന കാര്യം ആണ്... ഭാവിയിലെ ഡോക്ടർസ് മാത്രം പഠിക്കുന്ന സ്കൂൾ...
ചിന്നമ്മുവിനെയും അവിടേക്ക് തന്നെ വിടാൻ ആണ് തീരുമാനം..
കെ.ജി മുതൽ അവിടെ പഠിക്കട്ടെ ചിന്മയി... ഡോണേഷൻ ഇത്തിരി കൂടിയാലും പിന്നെ ഒരു സ്കൂൾ എൻട്രൻസ് എഴുതേണ്ടല്ലോ... എന്ന് സിദ്ധാർഥ് ഭദ്രയോട് പറയുന്നത് കേട്ടപ്പോൾ തന്നെ സരസ്വതിയമ്മയുടെ മനസ് തകർന്നു..
അച്ഛമ്മേ.. അച്ഛമ്മേ എന്ന് വിളിച്ചു പിറകേ നടക്കുന്ന ചിന്നമ്മു മാത്രമാണ് ഇന്ന് തന്റെ ലോകം.. മൂന്ന് വർഷം മുൻപ് ഉണ്ടാരുന്ന കാശി അല്ല ഇന്നിപ്പോ.. ബോർഡിങ്ലെ ജീവിതം അവനെ ഒരുപാട് മാറ്റി.. ഇനി തന്റെ ചിന്നമ്മുവും അതുപോലെ ആകുമോ എന്നവർ ഭയപ്പെട്ടു..
ഏക മകനായ സിദ്ധാർഥിനെ വേണ്ടപോലെ സ്നേഹിക്കാൻ സാധിക്കാതെ പോയതിന്റെ പ്രായശ്ചിത്തം എന്ന പോലെ ആയിരുന്നു കാശിയേയും ചിന്നമ്മുവിനെയും അവർ സ്നേഹിക്കുന്നത്...
ഒരു സ്കൂൾ അദ്ധ്യാപിക ആയിരുന്ന തനിക്ക് കുട്ടികളോട് അധികം സ്നേഹം കാണിച്ചാൽ അവർ വഷളായി പോകും എന്ന ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്... എന്തിനും ഏതിനും ശിക്ഷ കൊടുത്താണ് സിദ്ധാർഥിനെ വളർത്തിയത്...അവനെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കി ഡോക്ടർ ആയ ഭദ്രയെ മരുമകളും ആക്കിയപ്പോൾ ലോകം കീഴടക്കിയ അഹങ്കാരം ആരുന്നു തനിക്ക്...
നാട്ടിലെ തറവാടും പുരയിടവും വിറ്റു ടൗണിൽ മക്കൾ പുതിയ ആശുപത്രി തുടങ്ങിയപ്പോളും അഹങ്കാരവും അഭിമാനവും കൊണ്ട് തന്റെ തല അല്പം കൂടി ഉയർന്നതേ ഉള്ളൂ... വി ആർ എസ്സ് എടുത്ത് അവരോടൊപ്പം പോരാൻ അതുകൊണ്ട് തന്നെ അല്പം പോലും മടി തോന്നിയിരുന്നില്ല...
താൻ വച്ചുണ്ടാക്കുന്ന ഭക്ഷണം പോലും കഴിക്കാൻ സമയം ഇല്ലാതെ... തന്നോടൊരു വാക്ക് പോലും മിണ്ടാൻ സമയം ഇല്ലാതെ... ആശുപത്രിയുടെ വളർച്ചക്കും പണം ഉണ്ടാക്കുന്നതിലും മാത്രം മക്കൾ ശ്രദ്ധ വക്കുന്നത് കണ്ടപ്പോൾ സരസ്വതിയമ്മക്കു തന്റെ തെറ്റ് ബോധ്യമായി...
കാശിയുടെയും ചിന്നമ്മുവിന്റെയും ജനനമോ വളർച്ചയോ പോലും ആതുരസേവനം ഒരു ബിസിനസ് ആക്കിയ സിദ്ധാർഥിന്റേയോ ഭദ്രയുടെയോ ജീവിതത്തിന് മാറ്റം വരുത്തിയില്ല... ഗ്യാസ് ട്രൗബ്ൾ മൂലം നെഞ്ചെരിച്ചിലുമായി വരുന്നവരെ എങ്ങനെ അഞ്ചിയോപ്ലാസ്റ്റിയോ അഞ്ചിയോഗ്രാമോ ചെയ്യാം എന്ന് ചിന്തിച്ചു സിദ്ധാർഥും... പ്രസവത്തിന് വരുന്നവരെ നോർമൽ ഡെലിവറിയുടെ കോംപ്ലിക്കേഷൻ പറഞ്ഞു പേടിപ്പിച്ചു സിസേറിയൻ ചെയ്യിച്ചു ഭദ്രയും തങ്ങളുടെ ആശുപത്രിയുടെ വലിപ്പം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു...
ചിന്നമ്മുവിനെ കൂടി ഹോസ്റ്റലിൽ ആക്കിയത്തിന് ശേഷം സരസ്വതിയമ്മയുടെ ജീവിതം തികച്ചും ഏകാന്തത നിറഞ്ഞതായി...വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന കൊച്ചുമക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പായി ആ ജീവിതം...
കോച്ചിങ് ക്ലാസ്സുകളും പരീക്ഷകളും കൂടുന്നതനുസരിച്ചു ചിന്നമ്മുവിന്റെയും... MBBS പഠനത്തിന്റെ തിരക്ക് മൂലം കാശിയുടെയും.. വീട്ടിലേക്കുള്ള വരവും കുറഞ്ഞു കുറഞ്ഞു വന്നു...
അച്ഛനും അമ്മയും അച്ഛമ്മയോട് കാണിക്കുന്ന അവഗണനയും... പ്രായാധിക്യം മൂലം അച്ഛമ്മ അനുഭവിക്കുന്ന വേദനകളും... വിഷമങ്ങളും.. ഏകാന്തതയും എല്ലാം ചിന്നമ്മുവിന് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു.. അതുകൊണ്ട് തന്നെ വീട്ടിലേക്കു വിളിക്കാൻ കിട്ടുന്ന അവസരങ്ങളിൽ എല്ലാം ചിന്നമ്മു അച്ഛമ്മയെ വിളിച്ചു സംസാരിക്കാൻ ശ്രമിച്ചിരുന്നു...
എൻട്രൻസ് കോച്ചിങ്ങിന്റെ സ്‌ട്രെസ്സും സ്‌ട്രൈനും കാരണം ശ്വാസം മുട്ടുന്ന ചിന്നമ്മുവിനു ഏക ആശ്വാസം അച്ഛമ്മയോട് സംസാരിക്കുന്നതായിരുന്നു... എക്സാമിനു കിട്ടുന്ന മാർക്കും റാങ്കും അറിയാനും മറ്റുള്ളവരുമായി താരതമ്യം ചെയ്യാനും മാത്രം വിളിക്കുന്ന അച്ഛനും അമ്മയും ചിന്നമ്മുവിന്റെ പേടി സ്വപനം ആയി മാറിയിരുന്നു...
പത്തിലെ പരീക്ഷയും വെക്കേഷൻ ക്ലാസ്സുകളും നടന്ന സമയങ്ങളിൽ അച്ഛമ്മ അസുഖമായി ആശുപത്രിയിൽ ആയിരുന്നതോ നോക്കാൻ ആളില്ലാതെ ഓൾഡ് ഏജ് ഹോമിൽ ആക്കിയതോ ഒന്നും ചിന്നമ്മു അറിഞ്ഞിരുന്നില്ല..
അവധിക്ക് വീട്ടിൽ വന്ന ചിന്മയി അച്ഛനോട് അതിന്റെ പേരിൽ ഒരുപാട് വഴക്കുണ്ടാക്കി എങ്കിലും പ്രായോജനം ഒന്നും ഉണ്ടായില്ല.. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വരുമ്പോൾ ചിന്മയി അച്ഛമ്മയോടൊപ്പം സാന്ത്വനത്തിൽ ചിലവഴിച്ചു...
പ്ലസ് ടു എക്സാമിനും എൻട്രൻസിനും അച്ഛമ്മയുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങിയാണ് ചിന്മയി പോയത്.. എക്സാം കഴിഞ്ഞ അന്ന് തന്നെ അവൾ അച്ഛമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു... ദിവസം ചെല്ലും തോറും അച്ഛമ്മയുടെ പ്രസരിപ്പ് കുറയുന്നതും ആരോഗ്യം ക്ഷയിക്കുന്നതും ചിന്മയി കണ്ടു.... അച്ഛമ്മയുടെ അരികിൽ നിന്ന് മാറാതെ അവൾ അവരെ ശുശ്രുഷിച്ചു... അവളുടെ മടിയിൽ തലവച്ചാണ് സരസ്വതിയമ്മ കണ്ണുകൾ അടച്ചത്...
സാന്ത്വനത്തിലെ അഡ്മിനിസ്ട്രാറ്ററിൽ നിന്നാണ് സരസ്വതിയമ്മ മരണ ശേഷം തന്റെ ശരീരം മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നതായും അതിനുള്ള ലീഗൽ പേപ്പറുകളിൽ ഒപ്പു വച്ചിരുന്നതായും അറിഞ്ഞത്... മരണാനന്തര ചടങ്ങുകൾക്ക് തയ്യാറെടുത്തിരുന്ന വീട്ടുകാർക്ക് അതൊരു ഷോക്ക് ആയി മാറി..
വയ്യാതിരുന്ന സമയത്തു തന്നെ പരിചരിക്കാനോ അടുത്ത് വന്നിരുന്ന് ഒരു വാക്ക് മിണ്ടാനോ സമയം ഇല്ലാത്ത മകൻ തന്റെ മരണ ശേഷം ഉള്ള ചടങ്ങുകൾക്കോ വർഷവും ഉള്ള ബലിതർപണങ്ങൾക്കോ വേണ്ടി സമയം കണ്ടെത്തേണ്ട എന്ന് ആ അമ്മ ആഗ്രഹിച്ചിരുന്നു... അതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നത്..
വീട്ടിലുള്ള ചെറിയ ചടങ്ങുകളും..പൊതു ദർശനത്തിനും.. ശേഷിച്ച ലീഗൽ ഫോമലിറ്റികൾക്കും ശേഷം മെഡിക്കൽ കോളേജിന്റെ ആംബുലൻസിലേക്ക് തന്റെ അച്ഛമ്മയുടെ ശരീരം കയറ്റി കൊണ്ട് പോകുമ്പോൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് ആരുടെയോ കൈകളിലേക്ക് തളർന്ന് വീണു പോയി ചിന്മയി...
എൻട്രൻസിന് നല്ല റാങ്ക് വാങ്ങി കേരളത്തിലെ തന്നെ ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യാൻ പോകുമ്പോളും അച്ഛമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ചിന്മയി മറന്നില്ല...
കോളേജിലെ ആദ്യ പ്രാക്ടിക്കൽ സെക്ഷനിൽ തന്നെ അനാറ്റമി ഡിസ്സക്ഷൻ ടേബിളിലെ കറുത്തിരുണ്ട് ..... ഉണങ്ങി വരണ്ട..... ഫോമാലിന്റെ രൂക്ഷ ഗന്ധം ഉള്ള കടാവറുകൾ അവളുടെ മനസ്സിനെ ആകെ പിടിച്ചുലച്ചു....ബോധരഹിത ആയി വീണ അവളെ കൂട്ടുകാർ ചേർന്ന് ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി.. അനാറ്റമി ലാബിൽ കുട്ടികൾ തലകറങ്ങുന്നതും ശർദ്ധിക്കുന്നതും സാധാരണ സംഭവം ആയതുകൊണ്ട് ആരും അതത്ര കാര്യം ആക്കിയില്ല..
പിന്നീടുള്ള ഡിസ്സക്ഷൻ ലാബുകളിലും ഓരോ ഉണങ്ങി വരണ്ട കടാവറുകളിലും അച്ഛമ്മയുടെ ചേതനയുള്ള മുഖം അവൾ കണ്ടു... കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയിൽ തുളസി ഇലയും നെറ്റിയിൽ ചന്ദനകുറിയും ചാർത്തിയ അച്ഛമ്മ തന്നെ കൈ നീട്ടി ചിന്നമ്മു എന്ന് സ്നേഹത്തോടെ വിളിക്കും പോലെ... അച്ഛമ്മ മുടിയിൽ തേക്കുന്ന കാച്ചെണ്ണയുടെ മണം ആയിരുന്നു ലാബിന്...
അപ്പർ ലിംബ്‌ ഡിസ്സക്റ്റ് ചെയ്ത് കാണിക്കാൻ ഡിസ്‌സെക്ഷൻ ബ്ലേഡ് ടീച്ചർ കൈയ്യിൽ എടുത്തപ്പോളെ... അയ്യോ... അരുതേ.. അരുതേ.. അച്ഛമ്മയെ ഒന്നും ചെയ്യരുതെ.. എന്നവൾഅലറി വിളിച്ചു തുടങ്ങി.... എല്ലാ ടേബിളിലെയും കടാവറുകൾ തന്റെ നേരെ കൈ നീട്ടി ചിന്നമ്മൂ എന്ന് വിളിക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ അലറി കരഞ്ഞുകൊണ്ട് ലാബിന് വെളിയിലേക്ക് ഓടി...
ചിന്നമ്മൂ....മോളേ ഓടല്ലേ... ചിന്നൂ....നിക്കെടാ കുട്ടാ അവിടെ... എന്ന് വിളിച്ചുകൊണ്ട് അച്ഛമ്മ അപ്പോളും ചിന്മയിയുടെ പിറകെ ഓടി വരുന്നുണ്ടായിരുന്നു....
നിഷ ബിബിൻ
22/05/2017

എസ്തർ

എസ്തർ
എസ്തർ... Your food is ready....
മമ്മ വിളിക്കുന്നു... ഫുഡ് കഴിച്ചിട്ട് വരാവേ ...
ടാബിലെ ടോം ക്യാറ്റിനോട് ഇപ്പോ വരാമെന്നു പറഞ്ഞിട്ട്‌ ഞാൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു....
ഡൈന്നിങ്‌ റൂമിലേക്ക് എത്തും മുൻപേ കേൾക്കാം അപ്പയുടെ മുറുമുറുപ്പ്... എന്തിനാ ഈ അപ്പേം മമ്മേം എന്നും വഴക്കുണ്ടാക്കുന്നത്...മമ്മ ചിരിച്ച് ഞാൻ കണ്ടിട്ടേ ഇല്ല...അപ്പയാണെങ്കിൽ എന്നും ഡ്രിങ്ക്സ് കഴിച്ചിട്ട് ഉറക്കെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം... രണ്ടാളും സ്നേഹത്തോടെ സംസാരിക്കാറേ ഇല്ല...
മമ്മ രാവിലെ ജോലിക്ക് പോയാൽ ഇവനിങ് ആവും മടങ്ങി വരുമ്പോൾ... അത് വരെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരു മേഡ് വരും... അവർക്കെന്നെ ഇപ്പൊ ഇഷ്ടമേ അല്ല... നേരത്തേ ഇഷ്ടാരുന്നു കേട്ടോ... അപ്പയുടെ മുറിയിൽ വച്ച് അപ്പയും അവരും ഹഗ്‌ ചെയ്യുന്നത് ഞാൻ കണ്ടപ്പോൾ മുതൽ ആണ് അവർക്ക് എന്നോട് ദേഷ്യം..
Don't tell this to your Mamma... എന്ന് പറഞ്ഞ് അപ്പ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുവേം ചെയ്തു..
ഹഗ്‌ ചെയ്യുന്നത് നല്ല കാര്യം അല്ലേ... അതിപ്പോ മമ്മയോട് പറഞ്ഞാൽ എന്താ??... ഗ്രാൻമാ ഉണ്ടാരുന്നപ്പോ പറയുവരുന്നല്ലോ ഹഗ്‌ ചെയ്യുന്നത് സ്നേഹം ഉള്ളൊരാണെന്നു... അപ്പയോട് അങ്ങനെ ചോദിക്കണം എന്നുണ്ടാരുന്നു.. പക്ഷേ... എനിക്കപ്പയെ പേടിയാ... എപ്പോ എന്നെ കണ്ടാലും കണ്ണുരുട്ടിയേ നോക്കൂ.. ഒന്നും മിണ്ടാറും ഇല്ലാ എന്നോട്...സൂസൻ എന്നാ അവരുടെ പേര്... സൂസൻ ഉള്ളപ്പോ അപ്പ ഭയങ്കര ഹാപ്പി ആണ്.. ഇടക്ക് സുസനെ പിയാനോ വായിച്ചു കേൾപിക്കും...പാട്ട് പാടും... രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും കേൾക്കാം... എന്നോടോ മമ്മയോടോ അപ്പ അങ്ങനെ ഹാപ്പി ആയി സംസാരിച്ചിട്ടേ ഇല്ല...
മമ്മയും അതേ.. എത്ര നാളായി എന്നോട് ഒന്ന് മിണ്ടീട്ടു....പക്ഷേ.. മമ്മക്ക് എന്നോട് സ്നേഹാണ് കേട്ടോ ... ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടേ ഇരിക്കും മമ്മ... പണ്ട് ഗ്രാൻമാ ചെയ്യും പോലെ... എന്ത് രസാന്നോ അത്... ഞാൻ ടോം ക്യാറ്റിനും അങ്ങനെ ചെയ്തു കൊടുക്കും ഇടയ്ക്കിടെ.. അവനും അത് ഒരുപാട് ഇഷ്ടാ...
അയ്യോ.. ടോമിനെ കുറിച് പറഞ്ഞപ്പോളാ ഓർത്തെ.. ഇപ്പൊ വരാമെന്നും പറഞ്ഞാ ഞാൻ ഇങ്ങോട്ട്‌ പോന്നേ...അപ്പേടേം അമ്മേടേം വഴക്കിനെ കുറിച് ഓർത്തു നിന്നുപോയി... അപ്പ ഇപ്പോളും എന്തൊക്കെയോ പറയുന്നുണ്ട്... പണ്ടും ഇതൊക്കെ തന്നെയല്ലേ അപ്പ പറയാറ്.... എന്തൊക്കെയോ ചീത്ത വാക്കുകൾ.... ബിച്ച്...ബാസ്റ്റഡ്...എന്നൊക്കെ... പണ്ട് ആ വാക്കൊക്കെ ഞാൻ പറഞ്ഞു നടന്നപ്പോളാ ഗ്രാൻമാ പറഞ്ഞു തന്നത് അതൊക്ക ചീത്ത വാക്കുകൾ ആണെന്ന്...
ഇടയ്ക്ക് മമ്മ എന്നെ നോക്കിയിട്ട് എന്തോ പറഞ്ഞപ്പോൾ ... അവൾ എന്റെ മോളല്ല... ആരാടി അവളുടെ തന്ത.... മന്ദബുദ്ധിയായ ഒരുത്തിയെ എന്റെ മോളെന്ന് പറയരുതെന്ന് എത്ര തവണ പറയോണോടീ...എന്ന് പറഞ്ഞു മമ്മയുടെ ദേഹത്തേക്ക് കഴിച്ചോണ്ടിരുന്ന ഫുഡ് വലിച്ചെറിഞ്ഞിട്ട് അപ്പ എഴുന്നേറ്റ് പോയി...
മമ്മ ഒന്നും മിണ്ടാതെ കുറച്ചു നേരം അവിടെ നിന്നു... എന്നിട്ട് പൊട്ടിയ പ്ലേറ്റും.. ഫുഡും ഒക്കെ മാറ്റി ഫ്ലോർ ക്ലീൻ ചെയ്തു... പണ്ടൊക്കെ അപ്പ ഇങ്ങനെ വഴക്കുണ്ടാക്കുമ്പോൾ മമ്മ കരയുവരുന്നു... ഗ്രാൻമാ പറയും നല്ല ആളുകൾകാ പെട്ടന്ന് കരച്ചിൽ വരുകാന്നു.... ഇപ്പൊ എന്റെ മമ്മ നല്ലതല്ലേ?? ഗ്രാൻമാ ഉണ്ടാരുന്നേൽ ചോദിക്കാരുന്നു... മമ്മയോട് എങ്ങനാ ചോദിക്കുക... മമ്മക്ക് വിഷമം ആയാലോ..
ജെന്നിഫർ ഉണ്ടാരുന്നേലും ചോദിക്കാരുന്നു... അതേ.. ജെന്നിഫർ എന്റെ പഴയ മേഡ് ആണ് കേട്ടോ.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആരുന്നു... ഒത്തിരി പാവം ആരുന്നു ജെന്നിഫർ.. എന്നോട് ഒരുപാട് മിണ്ടും.. കൂടെ കളിക്കും.. ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിം തരുവാരുന്നു... ഒരിക്കൽ അപ്പ ജെന്നിഫർ ക്ലീൻ ചെയ്തോണ്ടിരുന്ന റൂമിൽ കേറിയത്തിന് അപ്പയോട് കുറേ ദേഷ്യപ്പെട്ട് കരഞ്ഞോണ്ട് ഇറങ്ങി പോയി വീട്ടിൽ നിന്നും...
Be careful always... don't trust anybody... even your father...പോകും മുന്നേ എന്നെ കെട്ടിപിടിച്ചോണ്ട് ജെന്നിഫർ പറഞ്ഞതാ ഇത്... എന്തിനാ ജെന്നിഫർ കാരഞ്ഞോണ്ട് പോയേ.. ഇനി വരില്ലേ.. എന്ന് ചോദിച്ചപ്പോ ജെന്നിഫറും നല്ല ആളായോണ്ടാ കരഞ്ഞേ എന്നാ മമ്മ പറഞ്ഞത്... രണ്ട് തവണ റൂം ക്ലീൻ ചെയ്യുന്നതിന്റെ ദേഷ്യം കൊണ്ടാവാം ജെന്നിഫർ പിന്നെ വന്നേ ഇല്ല...
അതേ....അപ്പ എന്നെ ഇടയ്ക്കിടെ ബുദ്ധി ഇല്ലാത്തവൾ എന്ന് വിളിക്കും... പക്ഷേ ജെന്നിഫർ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ ബുദ്ധി ഉള്ള മിടുക്കി കുട്ടിയാണ് എന്ന്... അത് കുറച്ചു നാൾ മുൻപാണേ... ഞാൻ ഗാർഡനിൽ ചെടിയുടെ ഇല വെട്ടി കളിക്കുമ്പോൾ ഞങ്ങൾടെ ഗാർഡ്നർ എന്റെ നെഞ്ചിൽ ഞെക്കി വേദനിപ്പിച്ചു.... അപ്പോ ഞാൻ എന്റെ കൈയ്യിൽ ഇരുന്ന കത്രിക വച്ച് അയാൾടെ കൈക്കിട്ട് ഒരു കുത്തും വച്ച് കൊടുത്തു.... എന്നെ വേദനിപ്പിച്ചാൽ തിരിച്ചും കൊടുക്കേണ്ടേ?? പക്ഷേ അയാൾടെ കൈയ്യിൽ ചോര കണ്ടപ്പോ എനിക്ക് പേടിയായി... ഞാൻ ഓടി ജെന്നിഫെർനോട് കാര്യം പറഞ്ഞപ്പോ ജെന്നിഫെറാ പറഞ്ഞെ... മിടുക്കി കുട്ടിയാ ഞാൻ ... ബുദ്ധിയുള്ള കുട്ടിയാ എന്നൊക്കെ... ഇനിയും ആരേലും അങ്ങനെ വേദനിപ്പിച്ചാൽ തിരിച്ചും വേദനിപ്പിച്ചോളാൻ... ചോര വന്നാലും പേടിക്കേണ്ടാന്ന്...
ചോര എനിക്ക് പേടിയാരുന്നു...അന്നൊക്കെ... പിന്നെ ഇടയ്ക്കിടയ്ക്ക് എന്റെ പാന്റീസിലും ചോര വന്നിരുന്നു... ആദ്യമൊക്കെ അത് കാണുമ്പോൾ ഞാൻ പേടിച്ചു കരയുമായിരുന്നു.. മമ്മയും ജെന്നിഫറും ആണ്.. അത് പേടിക്കേണ്ട എന്ന് പറഞ്ഞു തന്നത്.. ടി വി യിൽ കാണുന്ന ഒരു കൂട്ടം എനിക്ക് മേടിച്ചും തന്നു.. ചോര പാന്റീസിൽ പറ്റാതിരിക്കാൻ.. ഇടയ്ക്കിടയ്ക്ക് അത് മാറണംന്നും പറഞ്ഞു... ഉടുപ്പിൽ എങ്ങാനും ചോര പറ്റിയാൽ ഉടുപ്പും വേഗം മാറി ബാത്റൂമിലെ ബക്കറ്റിൽ ഇട്ട് വെള്ളം ഒഴിച്ച് വെക്കണം എന്നും പറഞ്ഞു തന്നു രണ്ടാളും... പിന്നെ പിന്നെ എനിക്ക് ചോര കണ്ടാൽ അത്ര പേടിയൊന്നും ഇല്ലാ കേട്ടോ...
ഫുഡ് കഴിച്ച് ഞാൻ ചെല്ലുമ്പോൾ ടോം ക്യാറ്റ് എന്നോട് പിണങ്ങി കിടക്കുവാരുന്നു...എങ്ങനെ പിണങ്ങാതിരിക്കും.. കുറെ നേരമായില്ലേ ഇപ്പൊ വരാം എന്ന് പറഞ്ഞു ഞാൻ പോന്നിട്ട്... അവന് കുറച്ചു ഫുഡ് കൊടുത്തു കിടത്തി ഉറക്കിയേക്കാം.. പാവം.. നാളെ പിണക്കം മാറ്റം... ടോമിനെ ഉറക്കിയിട്ട് ഞാൻ റൂമിൽ ചെല്ലുമ്പോൾ മമ്മ കട്ടിലിൽ കിടപ്പുണ്ട്.. നെറ്റിയിൽ ഒരു തുണി വലിച്ചു കെട്ടിയിട്ടുണ്ട്.. തലവേദന ആവും.. പാവം മമ്മ... ഞാൻ കുറച്ച് ബാം മമ്മയുടെ നെറ്റിയിൽ തടവി കൊടുത്തിട്ട് മമ്മയോട് ചേർന്ന് കിടന്നുറങ്ങി...
രാവിലെ ഞാൻ ഉണർന്നപ്പോൾ മമ്മ തിരക്കിട്ട് കിച്ചനിൽ പണി ചെയ്യുവാരുന്നു.. ഇന്ന് സൂസൻ ലീവ് ആണത്രേ.. ഫുഡ് എല്ലാം റെഡി ആക്കി വച്ചിട്ട് വേണം മമ്മക്ക് ജോബിനു പോവാൻ...ഞാൻ മമ്മയെ ശല്യം ചെയ്യാതെ എന്റെ ടോം ക്യാറ്റിന്റെ അടുത്തേക്ക് പോയി...അവനെ കുളിപ്പിക്കണം ഫുഡ് കൊടുക്കണം..ഞാൻ അല്ലാതെ അതൊക്കെ ചെയ്യാൻ ആരാ ഇവിടുള്ളത്....
സൂസൻ ഇല്ലാത്തപ്പോ മമ്മ ഉച്ച ആകുമ്പോളേ തിരിച്ചു വരും.. മമ്മ വന്നു കഴിഞ്ഞാണ് ഞാൻ ഫുഡ് കഴിക്കാറ്... ഇന്നെന്തോ മമ്മ വരും മുന്നേ എനിക്ക് വിശന്നു തുടങ്ങി.. ആരും ഇല്ലാത്തപ്പോ കിച്ചനിൽ കയററുതെന്നു മമ്മ പറഞ്ഞിട്ടുണ്ട്... അപ്പയോട് ഫുഡ് എടുത്തു തരാമോന്ന് ചോദിക്കാന്ന് വച്ചാൽ അപ്പ രാവിലെ മുതൽ ഡ്രിങ്ക്സ് കഴിച്ച് പിയാനോ വായിച്ച് ഇരിപ്പാണ്.. ഇപ്പൊ ചെന്നാൽ വഴക്ക് ഉറപ്പാ...
സാരമില്ല.. ഡൈനിങ്ങ് ടേബിളിൽ ആപ്പിൾ ഇരിപ്പുണ്ട്... അത് കട്ട് ചെയ്ത് കഴിക്കാനായി ഞാൻ ചെന്നപ്പോളാണ് അപ്പ എന്നെ പിറകിൽ നിന്ന് ഹഗ്‌ ചെയ്തത്.. കഴുത്തിൽ കിസ്സും ചെയ്തു... അപ്പക്കു എന്നോട് ഇത്ര സ്നേഹം ഉണ്ടോ? സ്നേഹം ഉള്ളവർ അല്ലേ ഹഗ്‌ ചെയ്യുന്നതും കിസ്സ് ചെയ്യുന്നതും.. അതേ.. ഗ്രാൻമാ പറഞ്ഞിട്ടുണ്ടല്ലോ...ഞാനും അപ്പയേ ഹഗ്‌ ചെയ്തു... ഒരുപാട്‌ സന്തോഷത്തോടെ...
ആ ഗാർഡനർനെ പോലെ അപ്പ എന്റെ ദേഹത്ത് ഞെക്കി വേദനിപ്പിക്കാൻ തുടങ്ങിയപ്പോ ഞാൻ കുതറി മാറാൻ നോക്കി.. പക്ഷേ... അപ്പ എന്റെ ഫ്രോക്ക് ഒക്കെ വലിച്ചു കീറി എന്നെ വീണ്ടും വേദനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു... പുതിയ ഫ്രോക്ക് ആരുന്നു.. എന്റെ മമ്മ വാങ്ങി തന്നത്.. എന്ത് ദുഷ്ടനാ ഈ അപ്പ.. ഒരു ഉടുപ്പ് പോലും വാങ്ങി തന്നിട്ടില്ല എനിക്ക്.. എന്നിട്ട് എന്റെ മമ്മ വാങ്ങി തന്ന ഫ്രോക്ക് കീറുകയും ചെയ്‌തു....
ഫ്രോക്ക് കീറിയത് സാരമില്ല...എന്റെ മുഖത്തും ദേഹത്തും ഒക്കെ അപ്പയുടെ നഖം കൊണ്ട് മുറിവും ഉണ്ടായി... എന്നെ ഇങ്ങനെ വേദനിപ്പിക്കാവോ... വേദനിപ്പിച്ചാൽ തിരിച്ചും വേദനിപ്പിക്കണം.. ജെന്നിഫർ പറഞ്ഞു തന്നിട്ടുള്ളതാണ്.. പിന്നൊന്നും നോക്കിയില്ലആപ്പിൾ കണ്ടിക്കാൻ വച്ച കത്തി വച്ച് അപ്പയുടെ കൈക്കിട്ട് ഒരു വെട്ടു വച്ച് കൊടുത്തു... പക്ഷേ.. കഴുതിനിട്ടാ കൊണ്ടേന്നു തോന്നുന്നു.. കഴുത്തിൽ അമർത്തി പിടിച്ചു അപ്പ ഉറക്കെ കരഞ്ഞു.. ചോര കൈയ്യിൽ കൂടെ പുറത്തേക്ക് കുറെ ചീറ്റി... എന്റെ ഫ്രോക്കിലും മുഖത്തും ഒക്കെ വീണു..
അപ്പ എന്റെ നേരെ കൈ നീട്ടി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടാരുന്നു.. പക്ഷേ ചോര ഫ്രോക്കിൽ പറ്റിയാൽ അത് വേഗം ഊരി കഴുകാൻ ഇടണം എന്ന് മമ്മ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി.. മുഖവും ദേഹവും കഴുകി ഡ്രസ്സ് മാറി ഞാൻ വന്നപ്പോളും അപ്പ ചോര പറ്റിയ ഡ്രെസ്സും ഇട്ട് അവിടെ തന്നെ കിടപ്പുണ്ടാരുന്നു...അപ്പ ചീത്ത കുട്ടി... അല്ലേ... ചോര പറ്റിയാൽ ഡ്രസ്സ് മാറേണ്ടേ?? മമ്മ ഇതൊന്നും അപ്പക്ക് പറഞ്ഞു കൊടുത്തിട്ടില്ലേ?? എന്തായാലും ഞാൻ ഒന്നും പറയാൻ പോണില്ല..ഇനിം എന്നെ വേദനിപ്പിച്ചാലോ...
കത്തിയിൽ ചോര ഉള്ളകൊണ്ടു ഒരു ആപ്പിൾ എടുത്ത് കടിച്ചു കൊണ്ട് ഞാൻ എന്റെ ടോം ക്യാറ്റിന്റെ അടുത്തേക്ക് പോയി... ഇത്തിരി കഴിഞ്ഞപ്പോൾ മമ്മ വന്നു... അപ്പ കിടക്കുന്നത് കണ്ട്‌ ...അയ്യോ...എന്ന് നിലവിളിച്ചു കൊണ്ട് അപ്പയെ കുലുക്കി വിളിക്കുന്നത് കണ്ടു.. ഈ മമ്മക്ക് ഇതെന്താ.. ഉറക്കം കളഞ്ഞാൽ അപ്പക്ക് ദേഷ്യം വരില്ലേ...
മമ്മ ഓടി എന്റെ അരികിൽ വന്നു..മുഖത്തും കഴുത്തിലും ഉള്ള മുറിവുകളിൽ വിരലോടിച്ച് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു...ഹോ..ഇപ്പോളാ സന്തോഷം ആയത് എനിക്ക്... എന്താന്നോ... എന്റെ മമ്മ ചീത്തയല്ല.. നല്ലതാ... അതല്ലേ മമ്മ വീണ്ടും കരഞ്ഞത്...കുറെ നാളുകൾക്ക് ശേഷം.... ഇനി ഗ്രാൻമായോടോ ജെന്നിഫർനോടോ ചോദിക്കേണ്ട കാര്യം ഇല്ലല്ലോ അത്... ഞാൻ മിടുക്കി കുട്ടി അല്ലേ... നല്ല ബുദ്ധി ഉള്ള കുട്ടി...
ഞാൻ മമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്തിട്ട് എന്റെ ടോം ക്യാറ്റിന് ഫുഡ് കൊടുക്കാനും അവനെ കളിപ്പിക്കാനും പോയി...അവന്റെ ഇന്നലത്തെ പിണക്കം മാറ്റണ്ടേ.....
നിഷ ബിബിൻ
24/05/2017

നിഴലുപോലെ.....


നിഴലുപോലെ.....
ടി വി യിലെ ലോക്കൽ ചാനലിൽ ആ വാർത്ത കണ്ടപ്പോൾ മുതൽ പാർവതി ആകെ അസ്വസ്ഥ ആണ്.. എവിടെയോ കണ്ടുമറന്ന മുഖം.. അവൾ സ്‌ക്രീനിന്റെ ചുവട്ടിൽ സ്ക്രോൾ ചെയ്തു പോകുന്ന ആ വാർത്ത ഒന്നുകൂടി വായിച്ചു..
നെടുങ്കണ്ടം... യുവതി വാഹനാപകടത്തിൽ മരിച്ചു.. രാജകുമാരി ഇല്ലിത്താഴത്തു വീട്ടിൽ ഹീര (40) ആണ് മരിച്ചത്..
ന്യൂസ് അവറിൽ വാർത്ത വിശദമായി തന്നെ ഉണ്ടായിരുന്നു..
" നെടുങ്കണ്ടത്ത് യുവതി വാഹനാപകടത്തിൽ മരിച്ചു.. രാജകുമാരി ഇല്ലിത്താഴത്തു വീട്ടിൽ ഹീര (40) ആണ് മരിച്ചത്.. ആത്മഹത്യ ആണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.. എതിരെ വരുകയായിരുന്ന പ്രൈവറ്റ് ബസ്സിന്‌ നേരെ ഹീര തന്റെ ആക്ടിവ മനപ്പൂർവം ഇടിച്ചു കയറ്റുകയായിരുന്നു എന്ന് കണ്ടു നിന്നവർ പറഞ്ഞതായി പോലീസ് പറഞ്ഞു.."
വർത്തയോടൊപ്പം അവളുടെ ഫോട്ടോ ഒന്ന്കൂടി ടി വി യിൽ കാണിച്ചു.. അവൾ തന്നെ സിദ്ധുവിന്റെ ഫോണിൽ താൻ കണ്ടിട്ടുള്ള മുഖം.. കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ എന്നാണ് സിദ്ധു പറഞ്ഞിട്ടുള്ളത്..
കൂടെ ജോലി ചെയ്യുന്നവരുടെ ഒക്കെ ഫോട്ടോ എന്തിനാ ഇങ്ങനെ മൊബൈലിൽ കൊണ്ട് നടക്കുംന്നേ എന്നും ചോദിച്ചു താൻ കുറെ വഴകിട്ടതുമാണ്... അയ്യോ എന്റെ പൊന്നു ഭാര്യേ best employee of the month award ഇത്തവണ ഇവർക്കാരുന്നു.. പോസ്റ്റർ ഉണ്ടാക്കാനുള്ള ഫോട്ടോ whatsapp ആയി അയച്ചു തന്നതാ ഇത്... ഒന്ന് ക്ഷമിക്കെന്റെ പാറൂ... എന്ന് പറഞ്ഞു സിദ്ധു തമാശക്ക് തന്റെ കാല് പിടിക്കാൻ വന്നതും ഒക്കെ പാർവതിയുടെ മനസിലൂടെ കടന്ന് പോയി...
എന്താ ഈ പെണ്ണുങ്ങൾക്ക് പറ്റുന്നത്.. ഈ ഒന്ന് രണ്ടു വർഷത്തിനിടയിൽ തനിക്ക് അറിയാവുന്ന മൂന്ന് പെണ്ണുങ്ങൾ ആണ് ആത്മഹത്യ ചെയ്തത്.. ഒരാൾ തന്റെ വീടിനു അടുത്തുള്ള സവിത്രിയേച്ചി.. ഒരിക്കൽ വീട്ടിൽ പോയപ്പോ അമ്മ സിദ്ധു കേൾക്കാതെ തന്നോട് പറഞ്ഞിരുന്നു ചേച്ചിയെക്കുറിച്ച്... ഇത്തിരി മോശം നടപ്പാണ് ഇപ്പൊ.. സുധാകരേട്ടനുമായി നല്ല ചേർച്ചയിൽ അല്ല എന്നൊക്കെ.. ഇത്തിരി നാൾ കഴിഞ്ഞപ്പോ അമ്മ തന്നാണ് വിളിച്ചു പറഞ്ഞത് സവിത്രിയേച്ചി ആത്മഹത്യ ചെയ്‌തൂന്ന്...
പിന്നീടൊരിക്കൽ മായ.. തന്റെ ഇളയച്ഛന്റെ മകൻ ഹരിയുടെ ഭാര്യ... ഇവിടെ വന്നപ്പോ ഹരിക്ക് ഒരു പെണ്ണുമായി അടുപ്പം ഉണ്ടെന്നും പറഞ്ഞു ഇരുന്ന് കുറേ കരഞ്ഞു... അന്ന് താൻ കുറെ സമാധാനിപ്പിച്ചാണ് അവളെ വിട്ടതും.. ഏതാണ്ട്‌ രണ്ട്‌ മൂന്ന് മാസം കഴിഞ്ഞപ്പോ അവൾ വിളിച്ചു പറഞ്ഞു ഏടത്തി ആ പെണ്ണ് ആത്മഹത്യ ചെയ്തൂന്ന് .... ആ പെണ്ണിനും ഭർത്താവും കുട്ടികളും ഒക്കെ ഉള്ളതാരുന്നത്രേ..
ഇതിപ്പോ ഈ പെണ്ണും... ഇവൾക്കും ഉണ്ടാവില്ലേ ഒരു കുടുംബം?? ഈ പെണ്ണുങ്ങൾക്കൊക്കെ ഇത് എന്താ എന്റീശ്വരാ പറ്റിയെ?? ഹീരയുടെ കാര്യം സിദ്ധു അറിഞ്ഞോ ആവോ?? ഒരാത്മഗതം എന്നപോലെ പറഞ്ഞിട്ട് പാർവതി വീട്ടിലെ കാര്യങ്ങളിൽ മുഴുകി...
വൈകുംനേരം... സിദ്ധുവിന് ചായ കൊടുത്തുകൊണ്ട് അവൾ ഹീരയുടെ കാര്യം അയാളോട് സംസാരിച്ചു.. മറ്റ് സ്ത്രീകളുടെ ആത്മഹത്യയെ കുറിച്ചും...അവളുടെ മനസ്സിൽ തോന്നിയ ആശങ്കകളെ കുറിച്ചും...
ഒക്കെ കേട്ടുകൊണ്ട് അവൾ കാണാതെ... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ... സിദ്ധാർഥ് അടുത്ത ഇരക്കായുള്ള ചൂണ്ട എറിയുകയായിരുന്നു അപ്പോൾ...
പാവം പാറു.. ഇവൾ എന്തറിയുന്നു... കുടുംബത്തിന്റെ മാനം തകരുന്നത് കാണാൻ കെല്പില്ലാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച അച്ഛനോടുള്ള സ്നേഹകൂടുതൽ കൊണ്ട് താൻ ചെയ്യുന്നതൊന്നും ഇവൾ അറിയുന്നില്ലല്ലോ..
ഭർത്താവിനെയും കുടുംബത്തെയും വഞ്ചിച് കാമവെറി പൂണ്ട് നടക്കുന്ന ഈ പെണ്ണുങ്ങളോടെല്ലാം അന്ന് അമ്മയോട് ചെയ്യാൻ പറ്റാതിരുന്ന പ്രതികാരമാണ് തോന്നുന്നത് എന്ന് പാറൂ നിന്നോട് എങ്ങനെ പറയും.. വേണ്ട നീ ഒന്നും അറിയേണ്ട..
അമ്പലത്തിൽ വച്ച് ഒരു പുഞ്ചിരിയിലൂടെ സാവിത്രി ചേച്ചിയുടെ മൊബൈൽ നമ്പർ വാങ്ങിയതും... സായാഹ്‌ന സമ്മേളനത്തിൽ ഹരിക്ക് രണ്ട് പെഗ് കൂടുതൽ ഒഴിച്ച് കൊടുത്തു അവൻ അറിയാതെ അവന്റെ കള്ളകാമുകിയുടെ
ഫോൺ നമ്പർ കൈക്കലാക്കിയതും...ഓഫീസിലെ തന്റെ പ്രിയ സുഹൃത് സ്നേഹയുടെ ഭർത്താവിന്റെ രഹസ്യക്കാരി ആയ ഹീരയെ മറ്റാരും അറിയാതെ പരിചയപ്പെട്ടതും നീ അറിയേണ്ട പാറൂ...
ഓഫീസ് വർക്ക് എന്ന പേരിൽ പല രാത്രികളും നിന്നിൽ നിന്നും മാറി ഇരുന്ന് അവരുമായി ചാറ്റ് ചെയ്തതും അവർ തനിക്കയച്ചു തന്നിട്ടുള്ള അവരുടെ ഫോട്ടോകളും വീഡിയോകളും കാണിച്ചു അവരെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് എത്തിച്ചതും ഒന്നും നീ അറിയേണ്ട പാറു...
നിന്നെ വിവാഹം ചെയ്ത് കൊണ്ടുവന്നതിന് ശേഷം ഉള്ള നാലാമത്തെ ഇരക്കാണ് ഇപ്പൊ താൻ ചുംബന സ്മൈലികൾ വാരി കോരി എറിഞ്ഞു കൊടുക്കുന്നതെന്നും... പാളിച്ച പറ്റിയ ഒന്ന് രണ്ട് കേസുകൾ ഒഴിച്ചാൽ വിജയിച്ചവയുടെ കണക്കുകൾ ആണ് കൂടുതൽ എന്നുള്ളതും... ഒന്നും നീ അറിയേണ്ട...
നമ്മുടെ വിവാഹത്തിന് മുൻപുള്ള ഇരകളുടെ കണക്കുകൾ നീ അറിഞ്ഞാൽ പാറൂ... ഒരുപക്ഷെ നീ എന്നെ വെറുക്കും... കൊലപാതകി എന്ന് മുദ്രകുത്തും... അല്ലെങ്കിൽ ഭ്രാന്തൻ എന്ന് മുദ്രകുത്തും... അതുകൊണ്ട് പാറു നീ ഒന്നും അറിയേണ്ട.. ഒന്നും..
ഒരു നിഴലുപോലെ ഈ നീച ജന്മങ്ങളുടെ പിറകെ ഞാൻ എന്നും ഉണ്ടാകും... നിന്നെ ഒന്നും അറിയിക്കാതെ തന്നെ...നിന്നെ നഷ്ടപ്പെടുത്താതെ തന്നെ...
നിഷ ബിബിൻ
05/06/17

അടത്താപ്പ്

Image may contain: 1 person

ഫേസ് ബുക്കിലെ ഒരു കൃഷി ഗ്രുപ്പിൽ ആരോ ഇട്ട പോസ്റ്റിലൂടെ ആണ് അടത്താപ്പ് എന്ന ഐറ്റത്തിനെ ഞാൻ ആദ്യം കാണുന്നത്... കണ്ടപ്പോ എന്തോ അവനെ എനിക്ക് സ്വന്തം ആക്കണം എന്ന് വല്ലാത്ത മോഹം... ലവ് അറ്റ് ഫസ്റ്റ് സൈറ്റ്... എന്നൊക്കെ പറയും പോലെ...
ടെറസിലും... ഉള്ള ഇച്ചിരെ മുറ്റത്തും ഒക്കെ എന്തേലും കൃഷി ചെയ്യക എന്നുള്ളത് കോളേജിൽ പഠിക്കുമ്പോൾ മുതൽ ഉള്ള എന്റെ കലാപരിപാടി ആണ്... ഗ്രോ ബാഗു വാങ്ങാനും മണ്ണും വളവും വാങ്ങാനും ചിലവാക്കുന്ന ക്യാഷ് കൊണ്ട് കിലോ കണക്കിന് പച്ചക്കറി വാങ്ങാം എന്ന് എല്ലാരും എന്നെ കളിയാക്കാറുണ്ട് അന്നും ഇന്നും...
പക്ഷേ.... ആ കളിയാക്കൽ ഒന്നും എന്റെ കൃഷി സ്നേഹത്തിന് കോട്ടം വരുത്താൻ ഉതകുന്നത് ആയിരുന്നില്ല...
Ok..ഇനി നമ്മുടെ കഥാ നായകനിലേക്ക് വരാം.. അടത്താപ്പ്.. അടുക്കളത്തോട്ടം..കൃഷിത്തോട്ടം എന്നീ ഗ്രുപ്പുകളിലെ പോസ്റ്റുകളിലൂടെയാണ് ഞാൻ അവനെ കാണുന്നത് എന്ന് പറഞ്ഞുവല്ലോ... സുന്ദരൻ... ഉരുളക്കിഴങ്ങിന്റെ ആരാധികയായ എനിക്ക് അവനെ ഒറ്റ നോട്ടത്തിലേ ഇഷ്ടായി... മറ്റു മരങ്ങളിൽ പടർന്നുകയറിയ വള്ളികളിൽ കായ്ച്ചു കിടക്കുന്ന സുന്ദരൻ ഉരുളക്കിഴങ്ങ്.. അത്ഭുതം ആയിരുന്നു ആദ്യം... ഇങ്ങനെയും ഉരുളകിഴങ് ഉണ്ടാകുമോ?? ടൈറ്റിൽ നോക്കിയപ്പോളാണ് മനസ്സിലായത് ഇവൻ ആള് വേറെയാണ്... അടത്താപ്പ്... പേരും വെറൈറ്റി...
പിന്നെ ഗൂഗിൾ അമ്മാവനോടങ്ങു ആസ്കി... പുള്ളികാരനാ പറഞ്ഞു തന്നെ... ഡീ പെണ്ണെ അവൻ എയർ പൊട്ടറ്റോ എന്ന് പറയുന്ന ആളാണ്... ചിലർ അവനെ അടത്താപ്പ്... ഇറച്ചി കാച്ചിൽ എന്നൊക്കെ സ്നേഹത്തോടെ വിളിക്കാറുണ്ട്... എന്നൊക്കെ...
പ്യൂവർ വെജിറ്റേറിയൻ ആയ ഞാനും ഇറച്ചി കാച്ചിലും തമ്മിൽ എന്ത് ബന്ധം എന്നാവും എന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ മനസ്സിൽ ഇപ്പൊ ഇല്ലേ??... അവൻ ഇറച്ചിക്കൊപ്പം വേയിക്കുമ്പോൾ മാത്രമല്ല.. അല്ലാതെയും നമ്മുടെ ഉരുളകിഴങ്ങിനെക്കാൾ ടേസ്റ്റി ആണത്രേ.... പിന്നെ എനിക്ക് അവനെ കിട്ടാതെ അടങ്ങി ഇരിക്കാൻ ഒക്കുമോ??
പിന്നെ ഞാൻ വീട്ടിൽ ഉള്ളോർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സ്വൈര്യം കൊടുക്കാതെ ആയി... ആരൊക്കെ എവിടൊക്കെ അന്വേഷിച്ചാലും വേണ്ടില്ല... എനിക്ക് അടത്താപ്പ് വേണം...
അതെന്തോന്ന് കിടുത്താപ്പ്...എന്റെ ദൈവമേ... എന്നായി എന്റെ കെട്ടിയോൻ... കുടുംബത്തിൽ സമാധാനം കളയാൻ ഓരോ കിടുത്താപ്പുമായി വന്നോളും അവൾ എന്ന് വീട്ടുകാർ... എങ്കിലും എനിക്ക് അടുത്താപ്പ് വേണം എന്ന കാര്യത്തിൽ ഞാൻ ഉറച്ചു നിന്നു...
അവസാനം എന്റെ കസിൻ അവന്റെ പപ്പാ എവിടുന്നോ ഇങ്ങനൊരു ഐറ്റം കൊണ്ടുവന്നിട്ടുണ്ടെന്നു ന്യൂസ് തന്നു... ഫോട്ടോ whatsappil അയച്ചും തന്നു... കിളിർത്തു നിൽക്കുന്ന ഫോട്ടോ ആയതിനാൽ ആളെ ശരിക്കങ്ങോട്ട് പിടികിട്ടിയില്ല... പിന്നൊന്നും നോക്കിയില്ല.. വീണ്ടും ഗൂഗിൾ അമ്മാവനോട് ആസ്കി... പുള്ളി കുറെ മുളച്ചു വരുന്ന അടുത്താപ്പിന്റെ ഫോട്ടം കാണിച്ചു തന്നു... നമ്മുടെ ആൾക്കും ആ ഫോട്ടോയ്ക്കും കുറച് സാമ്യത ഒക്കെ ഉണ്ട്...
വള്ളിയിൽ കിഴങ്ങു ഉണ്ടാകുന്നതല്ല.. അത് മണ്ണിനടിയിൽ ഉണ്ടാകുന്നതാണ് എന്ന് അവന്റെ പപ്പാ പറഞ്ഞിട്ടും അത് താനല്ലയോ ഇത് എന്ന എന്റെ ആശങ്ക മൂലം അവന്റെ പപ്പാ കൊണ്ടുവന്ന രണ്ടു കിഴങ്ങിൽ ഒന്ന് എന്റെ ടെറസിലെ ചാക്കിനുള്ളിലെത്തി...
അത് കിളിർത്തു വള്ളി വീശിയപ്പോൾ ആണ് വീണ്ടും പ്രോബ്ലം.. അത് നാൻ അല്ലൈ... എന്ന മട്ടിൽ ഇവന്റെ ഇലകൾ ചെറുത്... ഷേപ്പും വേറെ... ഒന്ന് രണ്ട് ആഴ്ച്ച സമാധാനം ഉണ്ടാരുന്ന വീട് വീണ്ടും അടുത്താപ്പേ... അടുത്താപ്പേ...എന്നുള്ള നിലവിളിയിൽ കലുഷിതമായി...
അവൻ ഇല്ലാതെ പറ്റില്ല എന്ന് എനിക്ക് പൂർണ ബോധ്യം വന്നപ്പോ ഞാൻ ഒരു ടീച്ചർ ആണെന്ന ചിന്ത ഒക്കെ മറന്ന്... ഫേസ് ബുക്കിൽ അടുത്തപ്പിനേപറ്റി പോസ്റ്റ് ഇട്ട ഒട്ടുമിക്ക ആളുകൾക്കും പേർസണൽ ആയി റിക്വസ്റ്റ് ഇട്ടു... എനിക്കൂടെ തരുവോ അത്?????? പീeeeeeeച്ച്......
നോ രക്ഷ... പേർസണൽ ഇരക്കലിന്
അത്ര ഗുണം കാണാണ്ട് ഞാൻ ഗ്രുപ്പിൽ മാന്യമായിട്ടു ഒരു ഇരക്കൽ പോസ്റ്റ് അങ്ങിട്ടു..... അതെന്ത് സാധനം .... എനിക്കും വേണാരുന്നു.... തോപ്രാംകുടി ഏരിയയിൽ കിട്ടും....എന്നിങ്ങനെ ഉള്ള കമന്റ്കൾ ആരുന്നു കൂടുതൽ...
പബ്ലിക് ആയി ഇരന്നിട്ടും ഒരു മനുഷ്യന് പോലും ദയ തോന്നിയില്ലല്ലോ...എന്ന് സങ്കടപെട്ടിരിക്കുമ്പോൾ ആണ് ഇൻബോക്സിൽ ഒരു മെസ്സേജ്... അഡ്രസ്സ് തരൂ... അടത്താപ്പ് സങ്കടിപ്പിക്കാൻ ശ്രമിക്കാം... എന്ന്...മെസ്സേജ് റിക്വസ്റ്റ് accept ചെയ്ത് ആ മഹാ മനസ്കന്റെ പ്രൊഫൈലിൽ കേറി ഏകദേശ ഹിസ്റ്ററി മനസിലാക്കിയത്തിന് ശേഷം കണവന്റെ അനുവാദത്തോടെ അഡ്രസ് അങ്ങ് കൊടുത്തു...
പിന്നെ ഒരു കത്തിരിപ്പായിരുന്നു... ഒരാഴ്ച്ച... രണ്ടാഴ്ച... എന്റെ ക്ഷമ കെട്ടു.. പരിചയം ഇല്ലാത്ത ഒരു മനുഷ്യനെ ഇത്രേം ഒക്കെ ശല്യം ചെയ്യാമോ എന്നൊന്നും ഞാൻ നോക്കി ഇല്ല... അയച്ചോ??... അയക്കാമോ?? അയക്കുവോ??? എപ്പോ അയക്കും??.... ഇങ്ങനെ ദിവസോം ചോദ്യം...തന്നെ ചോദ്യം.. പാവം ആ മനുഷ്യൻ ഓർത്തുകാണും എന്തൊരു സാധനം ഇത്.... അടത്താപ്പ് കൊടുക്കാമെന്ന് പറഞ്ഞത് ഏതു നേരതാണോ വാ.. എന്ന്...
ശല്യം സഹിക്കാൻ പറ്റാഞ്ഞിട്ടോ എന്തോ ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരു കവർ പോസ്റ്മാൻ കൊണ്ട് തന്നു...VPP അയക്കാം എന്ന് പറഞ്ഞ പുള്ളി ഫ്രീ ആയി അയച്ചു തന്നു അടത്താപ്പ്... ഉരുളകിഴങ് സ്വപനം കണ്ടിരുന്ന എനിക്ക് കവറിൽ കിട്ടിയത് കൂർക്ക പോലുള്ള ഒരു സാധനം... ദൈവമേ ഇതിനുവേണ്ടി ആണോ ആണോ ഞാൻ ഇത്രനാളും കാത്തിരുന്നത് എന്ന് തോന്നിയ നിമിഷം... എങ്കിലും അതിന് ഞാൻ കണ്ട അടത്താപ്പിന്റെ വിദൂര ഛായ തോന്നിയതുകൊണ്ടു കുറച് ഒരാശ്വാസം തോന്നി എനിക്ക്... അപ്പോൾ തന്നെ ഒരു താങ്ക്സ് മെസ്സേജ് ഇട്ടു ഞാൻ എന്റെ നന്ദി ആ മനുഷ്യനെ അറിയിച്ചു...
പിന്നെ കൂർക്ക പോലുള്ള എന്റെ അടത്താപ്പിൻ കുഞ്ഞിനെ കിളുർക്കാനും വേരുപിടിക്കാനും ഒരു ഗ്രോ ബാഗിൽ കുഴിച്ചു വെച്ചു... പിന്നെയും രണ്ട്.. മൂന്നു ആഴ്ച കഴിഞ്ഞു... നോ അനക്കം... വീണ്ടും നിരാശ... അവന് വേണ്ടി ഒരുക്കിയ ടെറസിലെ ചാക്കിൽ വീണ്ടും പുതിയ അഥിതി താമസം തുടങ്ങി.. നാടൻ നന കിഴങ്...
പക്ഷേ.... ദേ.... എന്റെ നിരാശയെ മാറ്റിക്കൊണ്ട് അവൻ മുളച്ചു പൊങ്ങി വരുന്നു.... ഇപ്പൊ ചെറിയ വള്ളി വീശി തുടങ്ങിയിട്ടുണ്ട്...എന്തൊരു സന്തോഷാന്നോ അവനെ കാണുമ്പോൾ... ഇത്രമേൽ ആഗ്രഹിച്ചു കുഴിച്ചു വച്ച ഒരു ചെടി എന്റെ അടുക്കളത്തോട്ടത്തിൽ വേറെ ഇല്ല... പുതിയ ഒരു ചാക്ക് നിറച്ചു ഇനി അവനൊരു വീടൊരുക്കണം...ടെറസിലെ പന്തലിലേക്ക് കൈകൾ വീശി അവൻ നിറഞ്ഞു വളരുന്നത് കാണണം...നിറയെ പൂക്കുന്നതും കായ്ക്കുന്നതും... കാ പറിക്കുന്നതും... കറിവെക്കുന്നതും...എല്ലാം കൃഷി ഗ്രുപ്പിൽ പോസ്റ്റ് ചെയ്യണം... എന്നിട്ട്.. ഞാൻ ചോദിച്ചിട്ട് തരാത്ത മറ്റുള്ളവരെപ്പോലെ അല്ല... എനിക്ക് എവിടൊന്നൊക്കെയോ തപ്പി പിടിച്ചു അവനെ അയച്ചു തന്ന കിരൺ എന്ന ആ നല്ല യുവാവിനെപോലെ അടത്താപ്പിന്റെ വിത്ത് ആഗ്രഹിക്കുനോർക്ക് അയച്ചു കൊടുക്കണം..... ഇതൊക്കെയാണ് അവനെക്കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങൾ...
അവന്റെ ഇപ്പോളത്തെ രൂപം ഞാൻ പോസ്റ്റിനു താഴെ കമന്റ് ആയി ഇടാമേ....
നിഷ ബിബിൻ
10/05/2017

ലത്തു

Image may contain: 1 person

എട്ടു വർഷങ്ങൾക്കു മുൻപ് ആണ്... എന്റെ മൂന്നാമത്തെ ചേച്ചിയുടെ വിവാഹത്തിന് മൂത്ത ചേച്ചി വരുന്ന കൂടെ അവളുടെ ഒരു ഫ്രണ്ട് കൂടി സൗദിയിൽ നിന്നും വരുന്നുണ്ടെന്ന് അവൾ പറഞ്ഞത്... ഒരു ഫിലിപ്പിനി സുഹൃത്ത്... പറഞ്ഞറിയാം ആളെ നേരത്തെ... ലത്തിഫാ... എങ്കിലും ആകെ ഒരു അങ്കലാപ്പാരുന്നു എല്ലാർക്കും... ഭാഷ... വസ്ത്രം... ഭക്ഷണം... എല്ലാം വ്യത്യാസം ആണല്ലോ...
ഞങ്ങളുടേത് നാട്ടിൻ പുറം ആണ്... TV യിൽ കണ്ടിട്ടുള്ള ഫിലിപ്പീനികൾ വസ്ത്രത്തിന്റെ കാര്യത്തിൽ പിശുക്കികൾ ആണല്ലോ... ദൈവമേ വീടിന്റെ അടുത്തുള്ള വെയ്റ്റിംഗ് ഷെഡിൽ വെറുതെ ഇരിപ്പുകാരുടെ എണ്ണം കൂടുമല്ലോ എന്ന ചിന്ത ആയിരുന്നു മെയിൻ... അല്ലെങ്കിൽ തന്നെ എയർപോർട്ടിൽ പോലും കാണില്ല ഞങ്ങളുടെ വെയ്റ്റിംഗ് ഷെഡിൽ ഉള്ളത്ര നല്ല സ്കാനിംഗ് മെഷീൻസ്....അപ്പൊ പിന്നെ ഫിലിപ്പിനിയുടെ വരവ് കഴിഞ്ഞാൽ എന്താകുമോ അവസ്ഥ എന്നൊക്കെ പേടിച്ചാണ് ഞങ്ങൾ ഇരുന്നത്...
പക്ഷേ ഞങ്ങളുടെ ചിന്തകൾക്കെല്ലാം അപ്പുറം ഏറ്റവും മാന്യമായ വസ്‌ത്രത്തിൽ ആണ് ലത്തിഫാ.. ഞങ്ങളുടെ ലത്തു... അന്ന് വന്നത്... കല്യാണത്തിനിടാൻ സാരി തന്നെ വേണം എന്ന് വാശി പിടിച്ചും ഫുൾ കൈയും ഫുൾ ലെങ്തും ഉള്ള ബ്ലൗസ് തൈപ്പിച്ചും വീണ്ടും ലത്തു ഞങ്ങളെ ഞെട്ടിച്ചു...
കൂടെ ഉണ്ടാരുന്ന ഒരു മാസം വീട്ടിലെ അംഗത്തെ പോലെ തന്നെ ആയിരുന്നു ലത്തു... വീട് ക്ലീൻ ചെയ്യാനും കട്ടിലും മേശയും ഒക്കെ റീ അറേഞ്ച് ചെയ്യാനും ഒക്കെ ഞങ്ങളെക്കാൾ ഉത്സാഹത്തിൽ നിന്നത് ലത്തു ആയിരുന്നു...
നല്ല ഒരു ഭക്ഷണ പ്രിയ ആയിരുന്ന ലത്തുന്... നമ്മുടെ നടൻ ഭക്ഷണങ്ങൾ ഒരുപാട്‌ ഇഷ്ടമായി.. ഇല അടയും.. കുമ്പിളപ്പവും ... കപ്പയും മീനും ഒക്കെ...
എരിവ് വഴിയേ പോലും പോകാത്ത അവർക്ക് നമ്മുടെ കോട്ടയം മീൻകറി താങ്ങാൻ പറ്റില്ല എന്നാണ് ഞങ്ങൾ ആദ്യം വിചാരിച്ചത്...പക്ഷേ... എത്ര എരിവ് ആയാലും എല്ലാം ആസ്വദിച്ചു കഴിച്ചിരുന്നു ലത്തു... എരിവ് കാരണം ആ വെളുത്തു തുടുത്ത മുഖം ചുവന്ന് വരുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു... ഉമ്മായുടെ അടുത്തുന്നു കുറെ കേരളാ ഐറ്റംസ് പഠിച്ചും എടുത്തു ലത്തു...
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ അവരുടെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ എന്നോട് പങ്കുവച്ചിരുന്നു.. അറിയാവുന്ന പൊട്ട ഇംഗ്ലീഷിൽ ഞാനും എന്തൊക്കെയോ വാ തോരാതെ ലത്തുനോട് സംസാരിക്കും..
സൗന്ദര്യ സംരക്ഷണത്തിൽ ഇത്ര ശ്രദ്ധിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല ഇതുവരെ... എന്നും exercise ചെയ്യും... ഒരു ചുരുട്ടി വെക്കാവുന്ന ബാഗിൽ നിറയെ ബ്യൂട്ടി എക്വിപ്മെന്റസ് ആണ്.. പെഡിക്യൂർ..മാനിക്യൂർ... ഐ ലാഷ്‌ ക്ലീനിംഗ്.. എന്ന് വേണ്ട എല്ലാ ഐറ്റംസും അതിൽ ഉണ്ട്.. എന്നും അതൊക്കെ എടുത്ത് പ്രയോഗിക്കുന്നത് ആകാംഷയോടെ ഞാൻ നോക്കാറുണ്ടാരുന്നു....അങ്ങനുള്ള കുറെ ഐറ്റംസ് ഞങ്ങൾക്കും കൊണ്ട് വന്നിരുന്നു ലത്തുസ്...
ചേച്ചിടെ വിവാഹ തലേന്ന് വീട്ടിൽ തന്നെയാണ് ഫുഡ് ഉണ്ടാക്കിയത്... ഇടത് കൈകൊണ്ടു പാചകക്കാരെ വെല്ലുന്ന സ്പീഡിൽ സവാളയും കാബ്ബജും ഒക്കെ അരിയുന്ന ലത്തുന്റെ വീഡിയോ ചേച്ചിടെ മൊബൈലിൽ ഇപ്പോളും ഉണ്ടാകും.. കല്യാണത്തിന് ചേച്ചിയെ ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും അനാഥാലയത്തിൽ ഫുഡ് കൊണ്ട് കൊടുക്കാനും ഒക്കെ വീട്ടിലെ ഒരാളെ പോലെ തന്നെ ലത്തു ഉണ്ടായിരുന്നു...
ഹൈദ്രാബാദും ഡൽഹിയും ഒക്കെ ചുറ്റി കണ്ടിട്ടാണ് ലത്തു തിരികെ സൗദിയിലേക്ക് പോയത്..
എനിക്കും ഉമ്മയ്ക്കും ഇടയ്ക്കിടെ ബാഗൊ...ഡ്രെസ്സൊ ഒക്കെ കൊടുത്തു വിടുമായിരുന്നു... ഉമ്മ സൗദിയിൽ വിസിറ്റിനു പോയപ്പോൾ കേരളാ സ്റ്റൈലിൽ മീൻ വറുത്തതും തോരനും സാമ്പാറും ഒക്കെ ഉണ്ടാക്കി കൊടുത്താണ് ഉമ്മയെ ലത്തു സ്വീകരിച്ചത്...
പിന്നീടുള്ള ചേച്ചിയുടെ ഓരോ അവധിക്കും "മിസ്സ് യു ഓൾ" "ലവ് യൂ" എന്നൊക്കെ രേഖപ്പെടുത്തിയ കേക്ക് കൊടുത്തു വിടുന്നത് ലത്തു പതിവാക്കി... വർഷത്തിൽ രണ്ടു തവണ നാട്ടിൽ വരുന്ന ചേച്ചിയുടെ വരവിനെക്കാൾ ചേച്ചി കൊണ്ടുവരുന്ന ലത്തുന്റെ കേക്കിനായുള്ള കാത്തിരിപ്പാരുന്നു പിന്നീട്.. അത്ര സൂപ്പർ കേക്ക്.. നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ചീസ് കേക്കും ലാവേണ്ടെർ നിറമുള്ള മറ്റൊരു കേക്കും... തലേന്ന് ഉണ്ടാക്കി കേക്ക് ബോക്സിൽ ആക്കി ഹാൻഡ് ക്യാരി ആയി ചേച്ചിടെ കൈയ്യിൽ കൊടുത്തു വിടും ലത്തു... കഴിഞ്ഞ തവണ കൂടി കഴിച്ചു ഞങ്ങൾ ലത്തുന്റെ കേക്ക്...
എനിക്ക് വാവ ഉണ്ടായ സമയത്തും ..5 മാസം മുൻപ്...ചേച്ചി വന്നപ്പോൾ എന്റെ വാവക്കുള്ള ഡ്രെസ്സും ... ഷൂസും... അവളുടെ മിൽക്ക് വെക്കാനുള്ള ബാഗും ഒക്കെ കൊടുത്തു വിട്ടു ലത്തു... ഒപ്പം "welcome to the new world iza " എന്ന് എഴുതിയ രണ്ടു വലിയ കേക്കും...
ഒരു രണ്ടു മാസം മുൻപാണ് ചേച്ചി വിളിച്ചപ്പോൾ പറയുന്നത് ലത്തുന് ഒരു ഓപ്പറേഷൻ വേണം.. ബ്രൈനിൽ ട്യൂമർ ആണെന്ന്.. പേടിക്കാൻ ഒന്നും ഇല്ല.. ക്യാൻ്സറസ്‌ അല്ല.. അത് എടുത്തു കളഞ്ഞാൽ മതി.. ഇല്ലെങ്കിൽ കണ്ണിന്റെ കാഴ്ചയെ ബാധിക്കും എന്ന്... റിയാദിലെ ഹോസ്പിറ്റലിൽ ഡേറ്റ് ഓക്കേ ആകുമ്പോൾ പോകും.. പ്രാർത്ഥി്ചച്ചേക്കണം എന്നും പറഞ്ഞു...
മൂക്കിലൂടെ എടുത്ത് കളയാവുന്ന ട്യൂമർ ആയത് കൊണ്ട് വല്യ പേടി തോന്നിയില്ല .... ഓപ്പറേഷൻ തീയതി ആയി.. ഏപ്രിൽ 4... പറ്റാവുന്ന നേർച്ച കാഴ്ചകൾ നേർന്ന് ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരുന്നു...
മൂക്കിലൂടെ ചെയ്ത ഓപ്പറേഷനിൽ എന്തോ കോംപ്ലിക്കേഷൻ ഉണ്ടായപ്പോൾ തല തുറന്ന് ഓപ്പറേഷൻ നടത്തി... ബ്രൈനിൽ ബ്ലീഡിങ് ആയി... ലത്തു വെന്റിലേറ്ററിൽ ആണ് എന്ന് ചേച്ചി വിളിച്ചു പറഞ്ഞു...ജോലി സ്ഥലത്തൂന്ന് ഒരുപാട് ദൂരെ ആയതുകൊണ്ട് ചേച്ചിക്കൊന്നും പോയി കാണാൻ പോലും ആകുമായിരുന്നില്ല... ലത്തുന്റെ സഹോദരൻ അയക്കുന്ന മെസ്സേജിലൂടെ മാത്രമേ വിവരങ്ങൾ അറിയാൻ കഴിയൂ...
ഇത്തവണ അവധി ആയി...ചേച്ചി നാട്ടിലുണ്ട്... ഒരുമാസം ആയി ലത്തുന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട്... ഒരു നിമിഷം പോലും അടങ്ങി ഇരിക്കാൻ ഇഷ്ടപ്പെടാത്ത ഞങ്ങളുടെ ലത്തു ഒരു മാസം ആയി വെന്റിലേറ്ററിൽ ആണ്... കൺ്പോള പോലും ഒന്ന് അനക്കാൻ സാധിക്കാതെ...ഭക്ഷണം കൊതിയോടെ കഴിച്ചോണ്ടിരുന്ന ലത്തുന് ഇപ്പൊ വയറിൽ ട്യൂബ് ഇട്ടേക്കുവാണ്... ഒരൽപം ഫ്ലൂയിഡ് എങ്കിലും കൊടുക്കാൻ...ഓർക്കുമ്പോൾ സഹിക്കാൻ സാധിക്കുന്നില്ല...
ജീവിതത്തിലേക്ക് ലത്തു മടങ്ങി വരണേ എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്... ഡോക്ടറിന്റെ ഭാഷയിലെ ആ മിറാക്കിൾ സംഭവിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് ...
ഞങ്ങളുടെ മനസ്സിനെ കീഴടക്കിയ ആ ഫിലിപ്പിനി സുന്ദരിക്ക് വേണ്ടി... ഞങ്ങളുടെ ലത്തൂന് വേണ്ടി... നിങ്ങളും പ്രാർത്ഥിക്കില്ലേ....
നിഷ ബിബിൻ
06/05/2017

കണ്ണൻ.... ഒരു തൂലികാ സൗഹൃദം.

Image may contain: 1 person

ഡിഗ്രി പഠനം കഴിഞ്ഞുള്ള അവധികാലത്ത് കമ്പ്യൂട്ടർ കോഴ്സ് നു ചേർന്നപ്പോളാണ് ഞാൻ പ്രദീപചേച്ചിയെ പരിചയപ്പെടുന്നത്.. ഞങ്ങളുടെ കമ്പ്യൂട്ടർ ടീച്ചർ... വാചകമടിയിൽ വിദഗ്ദ്ധ ആയ ഞാൻ ചേച്ചിയുമായി പെട്ടന്ന് കൂട്ടായി...
ചേച്ചി പറഞ്ഞാണ് ഞാൻ കണ്ണനെകുറിച്ച് അറിയുന്നത്....
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ സുഹൃത്തുക്കളെ തേടുന്നു എന്ന പരസ്യം കണ്ടപ്പോൾ വെറുതെ ഒരു കൗതുകത്തിന് അയച്ച കത്തിലൂടെയാണ് ചേച്ചി കണ്ണനെ പരിചയപ്പെടുന്നത്...18- 19 വയസുള്ള ഒരു ചെക്കൻ... വീട്ടിലെ വിശേഷങ്ങളും അവന്റെ മറ്റ് കൂട്ടുകാരെകുറിച്ചും ഒക്കെയായുരുന്നു മറുപടി കത്തിൽ ആദ്യം... പിന്നീടുള്ള കത്തുകളിലൂടെ കണ്ണൻ എന്ന വ്യക്തിയെ ചേച്ചി കൂടുതൽ അറിഞ്ഞു...
പതിനാറാം വയസ്സിൽ പ്ലസ് ടു പഠന കാലത്തു ഒരു പനിയുടെ രൂപത്തിൽ അവനു കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെകുറിച്ച്....ക്യാൻസറിനെ കുറിച്ച്... ബ്ലഡ് കാൻസറിനെക്കുറിച്... ഒക്കെ പിന്നീടുള്ള കത്തുകളിലൂടെ ചേച്ചി അറിഞ്ഞു....
RCC യിൽ അവൻ കണ്ട ഓരോ മുഖങ്ങളെക്കുറിച്ചും... അവരുടെ കഥകളും ഒക്കെ അവൻ ചേച്ചിക്ക് എഴുതുമായിരുന്നു.... അവരുടെ അനുഭവങ്ങളും ജീവിതങ്ങളും കണ്ടുകണ്ടാണത്രെ അവൻ ജീവിക്കാനുള്ള ധൈര്യം നേടി എടുത്തത്...
ഒരിക്കലും അവൻ അനുകമ്പ ആഗ്രഹിച്ചിരുന്നില്ല.. അവന് സംസാരിക്കാനും സ്നേഹം കൊടുക്കാനും...സൗഹൃദം പങ്കിടാനും കുറച്ചു പേർ...അതാണ് കണ്ണൻ ഈ തൂലികാ സൗഹൃദത്തിലൂടെ ആഗ്രഹിച്ചത്...ഇതുപോലുള്ള അസുഖങ്ങളിലൂടെ കടന്ന് പോകുന്ന ഒരുപാട് ആളുകൾക്ക് കത്തിലൂടെ അവൻ ആശ്വാസം പകർന്നു... ഫേസ് ബുക്കോ വാട്സാപ്പോ ഒന്നും അന്നില്ലയിരുന്നല്ലോ... എന്തിന് മൊബൈൽ പോലും സാധാരണക്കാർക്ക് അപ്രാപ്യം ആയിരുന്ന കാലം...കത്തുകളിലൂടെ കണ്ണൻ ഒരു സൗഹൃദ വലയം തന്നെ ഉണ്ടാക്കി എടുത്തു... അവർ തങ്ങളാൽ ആകും വിധം പരസ്പരം സഹായിച്ചു....
ചേച്ചിയുടെ കത്തുകളിലൂടെ കണ്ണന് എന്നെയും പരിചയമായി... എന്റെ അഡ്രസ്‌ ചേച്ചിയില്നിന്നും വാങ്ങി അവൻ എനിക്കും ഒന്ന് രണ്ടു കത്തുകൾ അയച്ചു... അക്ഷരം പഠിച്ചു തുടങ്ങിയ കുട്ടികളുടെ എഴുത്ത് പോലെ ആയിരുന്നു അതിലെ അക്ഷരങ്ങൾ... വലിയ അക്ഷരങ്ങൾ... വരികൾ പോലും നേർ വരയിൽ ആയിരുന്നില്ല... എന്താണ് ഇവൻ ഇങ്ങനെ എഴുത്തുന്നതെന്ന് ആരും ചിന്തിക്കും... അത്ര മോശമായ കൈപ്പട....
അങ്ങനിരിക്കെ ഒരു ദിവസം ചേച്ചി എന്നോട് ചോദിച്ചു നമ്മുക്ക് അവനെ കാണാൻ ഒന്ന് പോയാലോന്നു... വീട്ടിൽ ചോദിച്ചപ്പോൾ പോകുവാൻ അനുമതിയും കിട്ടി... അങ്ങനെ ചേച്ചിയും ഞാനും കണ്ണനെ കാണാൻ പോയി...ചെല്ലുന്ന ദിവസം അറിയിച്ചുകൊണ്ട് ചേച്ചി അവന് കത്തെഴുതിയിരുന്നു...
മൂന്ന് ബസും ബോട്ടും ഒക്കെകയറി ഞങ്ങൾ അവന്റെ നാട്ടിൽ എത്തി... ഒരു അമ്പലത്തിന്റെ സൈഡിലൂടെ ഉള്ള മൺപാതയിലൂടെ നടന്ന് അവന്റെ വീട്ടിൽ ചെന്നു.. ഓടിട്ട ചെറിയ ഒരു വീട്...
ആദ്യമായി ഒരു വീട്ടിൽ എത്തിയതാണ് എന്ന ഒരു തോന്നൽ ജനിപ്പിക്കാത്ത അന്തരീക്ഷം ആയിരുന്നു അവിടെ... കണ്ണന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയെ നല്ല പരിചയമാണ്... കണ്ടിട്ടില്ലെങ്കിലും കത്തിലൂടെയും ഇടക്കിടക്കുള്ള ഫോൺ വിളികളിലൂടെയും ചേച്ചി ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു...
വഴിയിലേക്കുള്ള ജനൽ പാളി തുറന്നിട്ട് ഞങ്ങളുടെ വരവും കാത്തിരിക്കുകയായിരുന്നു കണ്ണൻ.... നീണ്ടു മെലിഞ്ഞു വെളുത്ത ഒരു സുന്ദരനായ യുവാവ്... അവനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ അസുഖം ഉണ്ടെന്ന് തോന്നില്ല...അത്ര പ്രസന്നത ആണ് മുഖത്ത്...ചേച്ചിയെ കണ്ടതിലുള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. കട്ടിലിൽ തലയണ ഉയർത്തി വച്ച് ചാരി കിടന്നുകൊണ്ട് വാ തോരാതെ സംസാരിച്ചു അവൻ... എഴുന്നേറ്റ് നടക്കാൻ വയ്യ... ശരീരം ഭാഗീകമയി തളർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി...
എന്നിട്ടും അവൻ എങ്ങനെയാണു ഈ കത്തുകൾ എല്ലാം എഴുത്തുന്നതെന്ന് ഞാൻ ആലോചിച്ചു... കത്തുകൾ എഴുത്തേണ്ടപ്പോൾ പേനയും പേപ്പറും എല്ലാം അമ്മയോ അച്ഛനോ ഒക്കെ എടുത്തു കൊടുക്കും.. കമഴ്ന്നു കിടന്ന് തലയിണയിൽ പേപ്പർ വച്ചുകൊണ്ടാണത്രെ അവൻ എഴുതാറ്.... ബലമില്ലാത്ത തന്റെ കൈകൊണ്ട് ഒരു കത്ത് എഴുതി പൂർത്തിയാക്കാൻ അവൻ എത്ര വേദന സഹിച്ചു കാണുമെന്ന് നമ്മുക്ക് ഊഹിക്കാൻ പോലും ആവില്ല... അപ്പോളാണ് അവന്റെ കൈപ്പടയുടെ മനോഹാരിത എത്രത്തോളം ഉണ്ടെന്ന് ഞാൻ മനസിലാക്കിയത്....
ചേച്ചിയും കണ്ണനും ഒരുപാട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു... അവൻ ചേച്ചിക്ക് പരിചയപ്പെടുത്തിയ മറ്റാളുകളുടെ വിശേഷങ്ങൾ... അവന്റെ വീട്ടു വിശേഷം... നാട്ടു വിശേഷം...അങ്ങനെ അങ്ങനെ എന്തൊക്കെയോ... ഞാൻ അവരുടെ സൗഹൃദം ആശ്ചര്യ പൂർവം നോക്കി ഇരുന്നു...
ഉച്ചക്ക് ഊണും കഴിഞ്ഞേ അവൻ ഞങ്ങളെ വിട്ടുള്ളൂ... കണ്ണിൽ നിന്നും മറയും വരെ അവൻ ഞങ്ങളെ നോക്കി ജനാലയ്ക്കൽ ഇരുന്നിരിക്കണം....
പിന്നീട് ഇടയ്ക്കു വല്ലപ്പോലും ഞാൻ അവനും അവൻ എനിക്കും കത്തുകൾ അയക്കും.. പഠനത്തിന്റെ തിരക്കിൽ പെട്ട് എനിക്ക് ആ സൗഹൃദം ദൃഢമായി തുടരാൻ സാധിച്ചില്ല... ചേച്ചി അവന്റെ സ്വന്തം ചേച്ചി ആയി മാറി... സ്ഥിരമായി അവർ കത്തുകൾ അയച്ചുകൊണ്ടിരുന്നു...
മാർച്ച് 26..2008 ഇൽ അവൻ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയി... തലേന്ന് കൂടെ ഫോണിൽ വിളിച്ചു സംസാരിച്ച അവന്റെ വേർപാട് ചേച്ചിക്ക് വിശ്വസിക്കാൻ പോലും ആയില്ല.. അവൻ തന്നെ ഫോണിൽ വിളിച്ചു പറ്റിക്കുവായിരിക്കും എന്നാണ് ചേച്ചി കരുതിയത്... പോടാ കണ്ണാ പറ്റിക്കാതെ..ഏപ്രിൽ ഫൂൾ ആക്കാൻ ഇനിയും ദിവസം ഉണ്ടല്ലോ എന്നാണ് ചേച്ചി മറുപടി പറഞ്ഞത്...
അവൻ പോയി കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാണ് അവൻ അവസാനമായി അയച്ച കത്തും ഫോട്ടോയും ചേച്ചിക്ക് കിട്ടിയത്....
ഇന്നും അവൻ നൽകിയ കുറെ സൗഹൃദങ്ങളും... അവന്റെ കത്തുകളും..അകാലത്തിൽ പൊലിഞ്ഞു പോയ ആ സഹോദരന്റെ ഓർമ്മകളോടൊപ്പം ചേച്ചി സൂക്ഷിച്ചു വച്ചിരിക്കുന്നു....
നിഷ ബിബിൻ
02/05/2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo