Slider

മരണമെത്തും മുൻപ്..

0
മരണമെത്തും മുൻപ്..
മൂക്കിലൂടെയും വായിലൂടെയും എന്തോ കയറി പോകുന്ന പോലെ തോന്നിയപ്പോൾ മരിയ കണ്ണുകൾ തുറക്കാൻ ഒരു വിഫല ശ്രമം നടത്തി.... കൺപോളക്കൾക്ക് നല്ല ഭാരം തോന്നുന്നു.. അവൾ കണ്ണുകൾ വലിച്ചു തുറന്നു.. വെള്ള വസ്ത്രം ധരിച്ച കുറേ ആളുകൾ.. കുറേ പെൺകുട്ടികൾ ധൃതിയിൽ എന്തൊക്കെയോ എടുത്തു ഒരാളുടെ കൈയ്യിലേക്ക് കൊടുക്കുന്നു ... എല്ലാരും തിരക്കിൽ ആണ്..മാസ്ക് വച്ചിരിക്കുന്നത്കൊണ്ട് ആരുടേയും മുഖം കാണാൻ കഴിയുന്നില്ല..
പെട്ടന്ന് അവളുടെ തലച്ചോറിലൂടെ ഒരു മിന്നൽ കടന്നു പോയി.. താൻ ഹോസ്പിറ്റലിൽ ആണ്.. വായിലൂടെയും മൂക്കിലൂടെയും ട്യൂബുകൾ ഇടാൻ ഉള്ള തിരക്കിലാണ് ഡോക്ടർസ്... ഒരു ഞെട്ടലോടെ അവൾ തന്റെ വയറിലേക്ക് കൈകൾ കൊണ്ടുപോയി... പറ്റുന്നില്ല.. കൈകൾ അനക്കാൻ പോലും സാധിക്കുന്നില്ല..
ദൈവമേ എന്റെ കുഞ്ഞ്.. അവൾക്കൊരു ആപത്തും ഉണ്ടാവല്ലേ.. ആ കുഞ്ഞു നെഞ്ചിടിപ്പ് തന്റെ വയറ്റിൽ ആദ്യമായി കേട്ടതിന്നാണ്‌... ഇന്ന് തന്നെ ആ താളം നിർത്തി കളയരുതേ ജീസസ്...അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.. അവ്യക്തമായ കുറെ ഓർമ്മകൾ അവളുടെ മനസിലൂടെ കടന്ന് പോയി..
.......................................
രാവിലെ ഡേവിഡിനോട് പേടിയോടെ ആണ് തന്റെ സംശയം പറഞ്ഞത്.. ഒരുക്കലും അവന് അത് അംഗീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. അറിഞ്ഞപ്പോൾ തന്നെ അവന്റെ മുഖം ഇരുണ്ടു കൂടി...പക്ഷേ പെട്ടന്നവൻ ദേഷ്യം മറച്ചു വച്ചു സ്നേഹത്തോടെ പറഞ്ഞു..
മരിയ ഇത് നമ്മുക്ക് വേണ്ട.. നീ റോസ് മമ്മിയോട് ഇത് പറഞ്ഞോ? പറയരുത്.. നമ്മുക്കിടയിടെ പ്രശ്നങ്ങൾ മമ്മിക്ക്‌ അറിയില്ല.. അറിഞ്ഞാൽ താങ്ങാനും ആവില്ല.. നീ പെട്ടന്ന് റെഡി ആക്‌.. മമ്മിയോട് വേറെ എവിടേലും പോകുവാന്ന്‌ ഞാൻ പറഞ്ഞോളാം.. ആദ്യം നമുക്കിത് ഒന്ന് കൺഫേം ചെയ്യാം..
ഡേവിഡ് ഇതേ പറയൂ എന്ന് എനിക്ക് മുൻപേ അറിയായിരുന്നു.. ഇതിൽ രൂക്ഷമായേ പ്രതികരിക്കു എന്നാണ് ഞാൻ കരുതിയതും... അവൻ മനസ്സിൽ മറ്റെന്തോ കണ്ടിട്ടുണ്ട്.. മമ്മി അറിയാതെ ഇരിക്കാനുള്ള അടവാണ്.. മമ്മിയുടെ സൽപുത്രൻ അല്ലേ..
പല തവണ ഓർത്തതാണ് മമ്മിയോട് ഡേവിഡിന്റെ തനി സ്വഭാവം പറഞ്ഞു കൊടുക്കണം എന്ന്.. പക്ഷേ മമ്മിയെ കാണുമ്പോൾ എല്ലാം വേണ്ടാന്ന് വെക്കും.. തനിക്കവർ അമ്മായിയമ്മ അല്ല.. അമ്മ തന്നാണ്.. ഒരുപക്ഷെ ഡേവിഡിനേക്കാൾ മമ്മി എന്നെ സ്നേഹിക്കുന്നുണ്ട്... അത് കൊണ്ടാണല്ലോ കോളേജിലെ തന്റെ പ്രിയപ്പെട്ട വിദ്യാർഥിയെ ഒറ്റ മകനെകൊണ്ടു വിവാഹം ചെയ്യിപ്പിച്ചത്..
എനിക്ക് എന്ത് യോഗ്യതആയിരുന്നു ഉണ്ടാരുന്നത് മമ്മിയുടെ വീട്ടിലേക്ക് മരുമകൾ ആയി വരാൻ... അപ്പനും അമ്മയും ജീവിച്ചിരിക്കെ അനാഥയായി കഴിയേണ്ടി വന്നവൾ.. പഠിക്കാൻ മിടുക്കി ആയിരുന്നതിനാൽ മെറിറ്റ് സീറ്റ് നേടി പി ജി വരെ പഠിച്ചു.. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നുള്ള പഠനം ആയിരുന്നു റോസ് ടീച്ചറെന്ന റോസ് മമ്മിയെ തനിക്ക് തന്നത്... അവധിക്ക്‌ പോലും വീട്ടിൽ പോകാത്ത തന്റെ അവസ്ഥ കൂട്ടുകാർ വഴിയാണ് ടീച്ചർ അറിയുന്നത്.. അന്ന് തുടങ്ങിയ സ്നേഹം ആണ് ഇന്നും.. കൂടിയതല്ലാതെ തരിമ്പും കുറഞ്ഞിട്ടില്ല..
പി ജി എക്സാം കഴിയാറായപ്പോൾ ആണ് റോസ് ടീച്ചർ ഡേവിഡിനെ പറ്റി എന്നോട് സംസാരിക്കുന്നത്.. ടീച്ചറിന്റെ ഒറ്റ പുത്രൻ.. ബൈക്ക് റേസിങ്ങിൽ കമ്പം കൂടുതൽ ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റ് ദുസ്വഭാവങ്ങൾ ഒന്നും തന്നെ ഇല്ല... ഒന്ന് രണ്ട് തവണ ടീച്ചറോട് ഒപ്പം കണ്ടിട്ടും ഉണ്ട്.. നല്ല പെരുമാറ്റം.. കൂട്ടുകാരും മറ്റ് ടീച്ചേഴ്സും നിർബന്ധിച്ചപ്പോ സമ്മതം മൂളി.. ഡേവിഡിനെ കണ്ടല്ല.. റോസ് ടീച്ചറെ പോലൊരു അമ്മയെ കിട്ടാൻ...
വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ എനിക്ക് മനസിലായതാണ് ഡേവിഡ് നു എന്നെ പോലൊരു പെൺകുട്ടിയെ ആയിരുന്നില്ല ആഗ്രഹം.. അവന്റെ ക്ലബ് ലൈഫിനും സ്റ്റാറ്റസിനും ചേർന്ന ആളല്ല ഞാൻ എന്ന്.. മമ്മിയുടെ വാക്ക് തട്ടി കളയാൻ ഉള്ള മടി കൊണ്ട് മാത്രം അവൻ എന്നെ സ്വീകരിച്ചതാണ്.. അതും മമ്മിയോടുള്ള സ്നേഹം കൊണ്ടല്ല.. മമ്മിയുടെ പേരിൽ ഉള്ള അളവറ്റ സ്വത്തുക്കൾ മോഹിച്ചു മാത്രം..
ഏതെങ്കിലും തരത്തിൽ മമ്മിക്കു അനിഷ്ടം ഉള്ളത് പ്രവർത്തിച്ചാൽ സ്വത്തുക്കൾ തനിക്ക് തന്നില്ലെങ്കിലോ എന്നുള്ള പേടി ഡേവിഡിനെ ഇന്നും അലട്ടുന്നുണ്ട്.. മമ്മിയുടെ കർക്കശ സ്വഭാവവും ദേഷ്യവും ഡേവിഡിന് നന്നായി അറിയാം... അതുകൊണ്ട് തന്നെ എന്നോടുള്ള ഇഷ്ടകേട് ഡേവിഡ് റോസ് മമ്മിയുടെ മുന്നിൽ കാണിച്ചിട്ടില്ല ഇതുവരെ...
...........................................
ആശാ ക്ലിനിക്കിൽ വച്ച് ഡോക്ടർ ആശയുടെ മുൻപിലെ ഡേവിഡിന്റെ തകർത്തുള്ള അഭിനയം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... ഡോക്ടർ congrats പറഞ്ഞു കൈ കൊടുത്തു കഴിഞ്ഞപ്പോൾ എന്റെ നെറുകയിൽ ഒരു ഉമ്മ തന്ന് എന്നെ ചേർത്ത് പിടിച്ച് ഉത്തമ ഭർത്താവിന്റെ റോൾ അവൻ ഗംഭീരമാക്കി...എന്റെ കണ്ണിലൂടെ ഇറ്റിറങ്ങിയ കണ്ണുനീർ സന്തോഷം കൊണ്ടുള്ളതാണെന്നു ഡോക്ടർക്ക് തോന്നി കാണും...
കുറച്ച് ചെക്ക് അപ്പ് കൂടെ നടത്താൻ ഉള്ളത് കൊണ്ട് ഫീസ് അടച്ച് പുറത്തു വെയിറ്റ് ചെയ്യാൻ ഡേവിഡ്നെ ഡോക്ടർ പറഞ്ഞു വിട്ടു..
സ്കാനിംഗ് ചെയ്യുമ്പോൾ ഡോക്ടർ എന്റെ പൊന്നോമനയുടെ ഹൃദയ തുടിപ്പുകൾ എനിക്ക് കാണിച്ചു തന്നു.. തന്റെ ജീവന്റെ അംശത്തെ ഒരിക്കലും നശിപ്പിക്കാൻ ഡേവിഡിനെ സമ്മതിക്കില്ലെന്ന് അപ്പോളെ
ഞാൻ തീരുമാനിച്ചതാണ്.. മമ്മിയോട് വിവരം പറയണം.. ആ മനസ്സ് ഒരുപാട് സന്തോഷിക്കും... തീർച്ച..
...............................................
"ഈ patient ന്റെ husband നു ഇവരെ കാണണം എന്ന് പറഞ്ഞ് പുറത്തു കിടന്ന് ഭയങ്കര ബഹളം ആണ്.."
നഴ്സമാരുടെ സംസാരം കേട്ടാണ് മരിയ ചിന്തകളിൽ നിന്നും ഉണർന്നത്..
" പാവം.. അയാൾക്കു നല്ല വിഷമം ആണ്.. എന്തൊരു കരച്ചിൽ ആണ്.. ആണുങ്ങൾ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിട്ടില്ല സിസ്റ്ററെ.."
ഒരു നഴ്സ് പറയുന്നത് കേട്ടപ്പോൾ കലി ആണ് വന്നത് എനിക്ക് മനസ്സിൽ
"അയാളോട് കേറി കണ്ടോളാൻ പറ"
ICU in charge ആ നഴ്സിനോട് പറഞ്ഞു..
വലത് കൈക്ക് ബാൻഡും.. നെറ്റിയിൽ ഒരു കെട്ടും.. നിറഞ്ഞ കണ്ണുകളുമായി കയറി വന്ന ഡേവിഡിനെ കണ്ട നഴ്സുമാർ പെട്ടന്ന് മൂകരായി..
ഡേവിഡിന്റെ അഭിനയത്തിൽ ഇവരും വീണു.. ഇവന്റെ പൊയ് കണ്ണീർ മാത്രേ ഈ പാവം കുട്ടികൾക്ക് കാണാൻ കഴിയൂ.. ഇവന്റെ ചുണ്ടിൽ ആരും കാണാതെ തത്തി കളിക്കുന്ന പുഞ്ചിരിയോ.. ആ കണ്ണിലെ വിജയത്തിളക്കാമോ മറ്റാർക്കും കാണാൻ പറ്റില്ല.. എനിക്ക് മാത്രമേ അത് കാണാൻ കഴിയൂ...
എന്റെ കൈയ്യിൽ അവൻ തൊട്ടപ്പോൾ ഇതുവരെ തോന്നാത്ത ദേഷ്യവും വെറുപ്പും എനിക്ക് തോന്നി.. കൈയ്യിൽ തല ചേർത്ത് വച്ച് ഏങ്ങി കരഞ്ഞ് അവൻ മരണം കാത്തു കിടക്കുന്ന ഒരു പെണ്ണിന്റെ ഭർത്താവിന്റെ റോളും ഭംഗിയാക്കി ആ മാലാഖമാരുടെ മുൻപിൽ... ഭാര്യയെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണ് എന്ന് ആ കുട്ടികൾ ചിന്തിച്ചിരിക്കാം.. അത്ര നാച്ചുറൽ അഭിനയം..
നിങ്ങൾ കാണുന്ന ഈ കഥയിലെ നായകൻ അല്ല വില്ലൻ ആണിവൻ എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടാരുന്നു എനിക്ക്..
വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ പിടിച്ചു നിർത്തിയിരിക്കുന്ന എനിക്ക് പക്ഷേ നാവ് ചലിപ്പിക്കാൻ പോലും ആകുമായിരുന്നില്ല...
ഡേവിഡിന്റെ മുഖം കണ്ടപ്പോൾ രാവിലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലേക് തികട്ടി വന്നു..
..............................................
ആശ ക്ലിനിക്കിൽ നിന്നും ഇറങ്ങി തനിച്ചിരുന്നു സംസാരിക്കാൻ പറ്റിയ ഒരു സ്ഥലത്താണ് ഡേവഡ് എന്നെ കൊണ്ടുപോയത്..
...... മരിയ.. ഞാൻ എന്റെ ഫ്രണ്ട് ഡോക്ടർ ശാരിയോട് കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇന്ന് തന്നെ നമ്മുക്ക് അവിടെ പോകാം.. അവൾ വേണ്ടതൊക്കെ ചെയ്തു തരും..
...... ഡേവിഡ്.. നിനക്കൊരു ശല്യമായി ഞാനോ കുഞ്ഞോ വരില്ല.. എന്റെ കുഞ്ഞിനെ കളയാൻ ഞാൻ സമ്മതിക്കില്ല.. പ്ളീസ്... ഡേവിഡ്..
.... ഇല്ല.. എനിക്കാ കുഞ്ഞിനെ വേണ്ട.. നിന്നെയും.. ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു നീ എനിക്ക് ചേർന്ന പെണ്ണല്ലന്ന്.. നിനക്കറിയാം എന്റെ ആഗ്രഹങ്ങൾ... അവ സാധിക്കണമെങ്കിൽ നാൻസിയെ പോലൊരു പെണ്ണുണ്ടെങ്കിലെ പറ്റൂ..
നാൻസിയുടെ ഫാമിലിക്ക് വേണമെങ്കിൽ എന്നെ സ്‌പോൺസർ ചെയ്യാനുള്ള ഫിനാൻഷ്യൽ കപ്പാസിറ്റി ഉണ്ട്... ഞാൻ വിവാഹിതൻ ആണെന്ന സത്യം അവൾ അറിയാതെ ഞാൻ നോക്കിക്കൊള്ളാം..
... ഡേവിഡ്.. ലോകം അറിയപ്പെടുന്ന ഒരു റേസിംഗ് ചാമ്പ്യൻ ആകണം എന്നുള്ള നിന്റെ ആഗ്രഹത്തിന് ഇതുവരെ ഞാൻ തടസ്സം ആയിട്ടില്ല.. ഞാൻ നിന്റെ ജീവിതത്തിൽ നിന്നും മാറി തന്നേക്കാം.. എന്നേം നമ്മുടെ കുഞ്ഞിനേം വെറുതെ വിട്ടുടെ നിനക്ക്?
.... നമ്മുടെ കുഞ്ഞ്.. നമ്മുടെ കുഞ്ഞ്.. വേണ്ട അങ്ങനൊരു ജന്മം.. അത് എനിക്കൊരു ബാധ്യത ആകും.. റോസ് മമ്മി ഇതറിഞ്ഞാൽ നിന്നെ ഉപേഷിക്കുന്ന കാര്യം പോലും നടക്കില്ല.. നീ തന്നെ എന്തേലും കാര്യം ഉണ്ടാക്കി എന്നെ തള്ളി കളഞ്ഞിട്ട് പോവാൻ എത്ര തവണ നിന്നോട് ഞാൻ പറഞ്ഞിരുന്നു ഇതിന്‌ മുൻപേ... അന്നേ നീ പോയിരുന്നെങ്കിൽ നാശം ഇങ്ങനൊന്നും ആവില്ലരുന്നു..
മമ്മിയെ വിട്ടുപോകാൻ ഉള്ള സങ്കടം ഒന്നുകൊണ്ട് മാത്രമാണ് ഡേവിഡ് ഞാൻ പോകാതിരുന്നത്.. കിടപ്പറയിൽ നിന്നെ അനുസരിക്കുന്ന പാവ ആയതും അതുകൊണ്ട് തന്നാണ്.. എന്നെങ്കിലും നീ എന്നെ സ്നേഹിച്ചു തുടങ്ങും എന്നുള്ള നേരിയ പ്രതീക്ഷയും എന്നിൽ ഉണ്ടാരുന്നു ഡേവിഡ്..
.... നിന്നെ സ്നേഹിക്കാൻ... ഹും.. അത് ഈ ജന്മം ഉണ്ടാവില്ല.. സമയം വൈകുന്നു .. ശാരി അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും.. ബാക്കി കേസുകൾ മാറ്റി വച്ചിട്ട്..
... ഇല്ല ഡേവിഡ് ഞാൻ വരില്ല.... മമ്മിയോട് ഞാൻ ഇതെല്ലം പറയും.. ഇതുവരെ ഞാൻ ഒന്നും മമ്മിയെ അറിയിച്ചില്ല.. എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല..
.... നീ ഒന്നും മമ്മിയോട് പറയില്ല... അതിന് നീ ജീവിച്ചിരുന്നിട്ടു വേണ്ടേ??
അവൻ എന്റെ കഴുത്തു പിടിച്ചു അമർത്തി ... ശ്വാസം കിട്ടാതെ ഒരു മാത്ര ഞാൻ പിടഞ്ഞു..
പെട്ടന്നവൻ കൈകൾ പിൻവലിച്ചു..
.... സോറി മരിയ.. സോറി.. ഞാൻ അറിയാതെ.. ചേർത്ത് പിടിച്ചുകൊണ്ട്‌ അത്രയും അവൻ പറഞ്ഞപ്പോൾ ഞാനും ആ നിമിഷം അവന്റെ നാടകം വിശ്വസിച്ചുപോയി...
................................................
ഉച്ചയ്ക്ക് ഡോക്ടർ "കാണേണ്ടവരെ ഒക്കെ കയറ്റി കാണിച്ചോളൂ" എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്കിനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലായി...റോസ് മമ്മിയുടെ മുഖം മാത്രമായി എന്റെ മനസ്സിൽ.. പാവം.... എന്റെ വേർപാട് ഒരിക്കലും മമ്മിക്കു താങ്ങാൻ ആവില്ല.. ആ വലിയ വീട്ടിൽ മമ്മി ഒറ്റക്കാവും.. ഈ മകന്റെ തനി സ്വരൂപം മമ്മിയുടെ നേരെ എന്നാവും എടുത്ത് തുടങ്ങുക?...
റൂമിന്റെ ഡോർ പതിയെ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചു.. കരഞ്ഞു തളർന്ന എന്റെ മമ്മി.. വേച്ചു വീഴാതിരിക്കാൻ മമ്മി ഒരു നഴ്സിന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട്.. എന്റെ ചങ്ക് തകർന്നു പോയി.. മമ്മിയുടെ മുഖം കണ്ടപ്പോൾ.. സ്വന്തം അമ്മ പോലും ഒരു മകളെ ഇത്ര മാത്രം സ്നേഹിക്കില്ല.. ദൈവമേ ഈ അമ്മയുടെ സ്നേഹം അനുഭവിച്ച് എനിക്ക് മതിയായില്ലല്ലോ.. എന്തിനാ നീ എന്നെ???
മമ്മിയുടെ കൈകൾ എന്റെ കൈകളിൽ അമർന്നപ്പോൾ ഒരു നനുത്ത കുളിർ ദേഹം ആസകലം പടരുന്നപോലെ.. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഏറെ നേരം മമ്മി എന്നെ നോക്കി ഇരുന്നു.. ആ മടിയിൽ ഒരു കുഞ്ഞു കുഞ്ഞിനെപോലെ വീണ്ടും ഒതുങ്ങി കിടക്കാൻ ഞാൻ ആശിച്ചു.. ആ കൈ വിരലുകൾ എന്റെ തലമുടിയിൽ കൂടെ താളത്തിൽ ഒരിക്കൽ കൂടെ ചലിച്ചിരുന്നെങ്കിൽ... ആ കൈയ്യിൽ നിന്നും എന്നത്തേയും പോലെ ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ സാധിച്ചിരുന്നെങ്കിൽ...
മമ്മി തന്റെ കൈകൾ എന്റെ വയറിൽ കൊണ്ട് വച്ചു... ആ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു.. ആ കൈകൾ തലോലിക്കാൻ ആഗ്രഹിച്ചിരുന്ന പിഞ്ചോമന അവിടെ ഇല്ല എന്ന തിരിച്ചറിവാണ് ആ വേദനക്ക് കാരണം... ആ യാഥാർഥ്യം ഞാൻ എപ്പോളേ തിരിച്ചറിഞ്ഞതാണ്.. ഞാൻ ഇല്ലാത്ത ലോകത്ത് എന്റെ കുഞ്ഞ് മമ്മിയുടെ കാലശേഷം ഒറ്റപ്പെടും... എന്നെ രക്ഷിക്കാൻ മമ്മി വന്നപോലെ എന്റെ കുഞ്ഞിന്റെ കാവലിന് മറ്റൊരാൾ വരും എന്ന പ്രതീക്ഷ വെക്കാൻ ആവില്ലല്ലോ..
.............................................
പുറത്തു പോലീസ് എത്തിയെന്ന കാര്യം ഒരു നേഴ്സ് അറിയിച്ചപ്പോൾ ആണ് മമ്മി എന്റെ അടുത്ത് നിന്നും റൂമിന് പുറത്തേക്ക് പോയത്...
മമ്മിയെ കൊണ്ട് ആക്കാൻ പോയ നേഴ്സ് തിരികെ വന്നത് എനിക്കുള്ള സന്തോഷ വാർത്തയും ആയാണ്..
"സിസ്റ്റർ.. അയാളെ പോലീസ് അറസ്റ്റ് ചെയ്തു.. ഈ patient ന്റെ ഭർത്താവിനെ.. അയാൾ മനഃപൂർവം ഇവരെ കൊല്ലാൻ വേണ്ടി ആക്സിഡന്റ് create ചെയ്തതാണത്രെ...ഇപ്പൊ പുറത്തേക്ക് ഇറങ്ങി പോയ ആന്റി അയാളുടെ അമ്മയാ.. അവർ ആണ് പോലീസ് നോട് മകനെകുറിച്ച് പറഞ്ഞത്.."
പാവം എന്റെ മമ്മി... എനിക്ക് വേണ്ടി സ്വന്തം മകനെ പോലും...
അതേ... അവൻ മനഃപൂർവം എന്നെ കൊല്ലാൻ ചെയ്തതാണിത്... അവന്റെ നാടകത്തിൽ വിശ്വസിച്ചു അവന്റെ ഒപ്പം ബൈക്കിൽ കയറിയ എന്നെ ബൈക്കിന്റെ സ്പീഡ് കൂട്ടി സ്പീഡ് കൂട്ടി ഭയപ്പെടുത്തി..
ഡേവിഡ്... എനിക്ക് പേടിയാകുന്നു... ബൈക്ക് നിർത്തൂ...എന്ന് ഞാൻ യാചിച്ചിട്ടും അവൻ കേട്ടില്ല.. ചായ്ച്ചും ചെരിച്ചും റേസിംഗ് ട്രാക്കിൽ പായും പോലെ ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ടവൻ ബൈക്ക് പറത്തി..
തിരക്കേറിയ റോഡിൽ എത്തിയപ്പോൾ എതിരേ വന്ന ബസ്സിന് നേരെ ബൈക്ക് ഇടിച്ചു കയറും പോലെ....
FMSCI ലൈസൻസ് ഉള്ള.. കോയമ്പത്തൂർ kari motor racing track ലെ സൂപ്പർ റേസർക്ക്‌ വണ്ടി പാളിച്ചു സ്വയം രക്ഷപെടാൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല..
വലത് കൈയ്യിലെ പൊട്ടലും.. നെറ്റിയിലെ മുറിവും ... ഭാര്യയെ നഷ്ടപ്പെടാൻ പോകുന്ന ഭർത്താവിന്റെ തീവ്ര വേദന തിങ്ങുന്ന ഭാവവും മറ്റുള്ളവരുടെ മുൻപിൽ ഇത് ഒരു അപകടം മാത്രമാക്കി..
എന്നാൽ.. ആശ ക്ലിനിക്കിൽ വച്ച് മമ്മിയെ വിളിച്ചു ഞാൻ പ്രെഗ്നൻറ് ആണെന്ന കാര്യവും ഡേവിഡിന്റെ ഇപ്പോളത്തെ മനോഭാവവും പറഞ്ഞിരുന്നു.. മമ്മി തന്നാണ് അവൻ സംസാരിക്കുമ്പോൾ എന്റെ മൊബൈലിൽ നിന്നും മമ്മിക്കു കാൾ ഇട്ട് വക്കാൻ പറഞ്ഞത് ... മകന്റെ യഥാർത്ഥ ഭാവം അറിയാൻ വേണ്ടി മാത്രം.. വീട്ടിൽ എത്തുമ്പോൾ ഡേവിഡ് നോട് ചോദിയ്ക്കാൻ തെളിവായി മമ്മി അത് റെക്കോർഡ് ചെയ്തിരുന്നു..
..............................................
"ഡേവിഡിന്റെ ക്രൂരത മനസിലാക്കിയ ആ ആന്റി പോലീസ്ന് മൊബൈലിലെ recorded ഡാറ്റാ കൈമാറിയത്രേ...
ഒന്നൂടെ ഉണ്ട് കേട്ടോ... മരണ ശേഷം ഈ patient ന്റെ അവയവങ്ങൾ donate ചെയ്യാനുള്ള ഫോമിലും പുള്ളിക്കാരി സൈൻ ചെയ്തു... അവരുടെ മനക്കട്ടി സമ്മതിക്കണം സിസ്റ്ററെ..."
... റോസ് മമ്മീ... മമ്മിയെ വിട്ട് പോകുന്നതിൽ മാത്രമേ എനിക്കിപ്പോ ദുഖമുള്ളു.. ഒരു പ്രാർത്ഥന മാത്രമേ ഇനി എനിക്കുള്ളൂ... വരും ജന്മത്തിൽ എനിക്ക് മമ്മിയുടെ മകളായി ജനിക്കണം... ആ സ്നേഹം ആവോളം അനുഭവിക്കണം......
നിഷ ബിബിൻ
09/06/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo