ഒരു ദിവ്യബലി.....
****************
****************
അവൾ ഓടുകയായിരുന്നു. പിന്നാലെ അവർ 3 പേരുണ്ട്. സംശയത്തോടെ അവൾ വീണ്ടും തിരിഞ്ഞു നോക്കി. അതെ ആ നാലാമൻ നൗഫലിക്ക തന്നെ. തന്നെ ഇത്ര നാളും ലാളിച്ചു വളർത്തിയ ഏറ്റവും കൂടുതൽ തന്റെ കൂടെപിറപ്പിനെ പോലെ സ്നേഹിച്ച നൗഫൽ. കരച്ചിൽ വന്നു പോയി അവൾക്ക്. കണ്ണീരുകൊണ്ട് മുന്നിൽ കാണുന്ന വഴികളൊന്നും അവൾക്ക് വ്യക്തമായില്ല. ഓടിയേ തീരൂ. പ്രാണനു വേണ്ടിയുള്ള ഓട്ടമാണ്. വഴികളിൽ നിറയെ കാടു കയറിയിരിക്കുന്നു. താൻ എന്നും പോകാറുള്ള വഴികളാണിത്. ഇത്രനാളും കാണാത്ത കാട് ഒരു ദിവസം കൊണ്ടെങ്ങിനെ പ്രത്യക്ഷമായാവോ... ഞാൻ മരിച്ചാൽ എന്റെ മക്കൾ ഒറ്റക്കാകും. രണ്ടു കുട്ടികളെ ഉള്ളൂ. ഞാൻ വേണം എപ്പോളും എന്തിനും. ഏറ്റവും കൂടുതൽ അവർക്കിഷ്ടം നൗഫലിക്കയെ ആണ്. മാർക്കറ്റിൽ പോവുകയാണെങ്കിൽ എന്തെങ്കിലും ഒക്കെ വാങ്ങിയേ മൂപ്പർ വരൂ.
ആദ്യമായി നൗഫലിക്കയെ കണ്ട ദിവസം എന്നെ നോക്കാറേ ഇല്ല്യായിരുന്നു. പിന്നെ പതുക്കെ പതുക്കെ എന്നോടു മിണ്ടാൻ വരും. ആദ്യം ഞാനും മിണ്ടാൻ പോയില്ല. പിന്നെ മനസ്സിലായി ആളൊരു പാവമാണെന്ന്.
അവൾ ഓടിയോടി എത്തിയത് ഒരു പുഴയുടെ മുന്നിലായിരുന്നു. ഇനി മുന്നിലേക്ക് വഴിയില്ല. ഇവിടെയാണ് നൗഫലിക്കക്ക് എന്തെങ്കിലും സങ്കടം വരുമ്പോൾ ഞങ്ങൾ വന്നിരിക്കാറുള്ളത്. ഈശ്വരാ ഇവിടെ വെച്ചു തന്നെയാകുമോ എന്റെ അന്ത്യവും. പുഴയിലേക്ക് ചാടിയാൽ എന്തായാലും താൻ മരിക്കും. തിരിച്ചു ഓടിയാൽ അവർ എന്നെ കൊല്ലും.. അവൾ ദയനീയ ഭാവത്തോടെ മുകളിലേക്ക് നോക്കി. ദൈവങ്ങൾ ആരെങ്കിലും കണ്ടോട്ടെ എന്ന ഭാവത്തിൽ. അഷറഫും ഉണ്ട് ആ കൂട്ടത്തിൽ. പണ്ടു മുതലേ അഷറഫിനെ പേടിയാണ്. അവന്റെ അരയിൽ എപ്പോളും ഒരു കത്തി ഉണ്ടാകുമെത്രെ. ഇനി ഒരേ ഒരു വഴി മാത്രം.....
അവൾ പതുക്കെ നിലത്തിരുന്നു. അവർ ഓരോരുത്തരായി അവളുടെ അടുത്തെത്തി. നൗഫലിക്ക എന്റെ കയ്യിൽ കയറി പിടിച്ചു. ഞാൻ സകലശക്തിയും എടുത്തു ഒന്നു കുതിച്ചു. പ്രതീക്ഷിക്കാതെ ആയതുകൊണ്ടു നൗഫൽ നിലത്തു വീണു. അതാ ഒരു അലർച്ചയോടെ അഷറഫ് ഓടിവരുന്നു. ഞാൻ ഓടി. അവർക്ക് പിടികൊടുക്കാതെ. പിന്നാലെ അവർ ഉണ്ട്. എനിക്ക് എന്റെ കുട്ടികളെ അവസാനമായി ഒന്നു കാണണം. അവൾ വീട് ലക്ഷ്യമാക്കി ഓടി. ഈശ്വരാ എന്താ പറ്റിയത് വീടിനു മുന്നിൽ ഒരാൾക്കൂട്ടം. എന്റെ കുട്ടികൾക്കെന്തെങ്കിലും.... അതാ തന്നെ കണ്ടതും അവർ ഓടിവരുന്നു. അതാ നൗഫലിന്റെ ഉമ്മ എന്നെ സ്നേഹത്തോടെ വിളിക്കുന്നു. " എന്റെ അമ്മിണി എവിടെ പോയതാ... ഇവിടെ വാ.... നിറകണ്ണുകളോടെ ഞാൻ ഉമ്മയുടെ അടുത്തേക്ക് നടന്നു. ഉമ്മ എന്നെ കെട്ടിപിടിച്ചു
"നൗഫലെ അമ്മിണി ഇവിടെ ഉണ്ട്.. "
എനിക്ക് ഉമ്മയോട് പറയണമെന്നുണ്ട്. പക്ഷെ ഒന്നു പ്രതികരിക്കാനാവും മുന്പേ നൗഫൽ എന്നെ വാരിയെടുത്തു. എന്റെ കൈയും കാലും അവൻ വരിഞ്ഞു കെട്ടി. അഷറഫ് ഒരു ആർത്തിയോടെ എന്റെ അരികിലേക്ക് ഓടിവന്നു.
" കുറേ ഓടി ക്ഷീണിച്ചതല്ലേ...കുറച്ചു വെള്ളം കുടിച്ചോ..."
ആ വെള്ളം കുടിച്ചു തീരും മുന്പേ അഷറഫ് അരയിൽ നിന്നു കത്തിയെടുത്തു. അവന്റെ കൈ വീശിയടുത്തു ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു...പ്രാണൻ പോകുന്ന വേദനയിലും എനിക്ക് കേൾക്കാമായിരുന്നു ആ വാക്കുകൾ...
"എടാ ആടുബിരിയാണി വേണ്ടവരൊക്കെ ഒരു പാത്രം കൊണ്ടു ഉച്ച ആകുമ്പോളേക്കും വാ... ഇന്ന് പെരുന്നാളല്ലേ.. പെരുന്നാളിന് ആട് നമ്മുടെ നൗഫലിന്റെ വക..
By...
CeePee....
CeePee....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക