Slider

സ്വാതന്ത്ര്യം തന്നെയമൃതം....

0

സ്വാതന്ത്ര്യം തന്നെയമൃതം....
ഞാൻ നന്ദിത.... വീട്ടുകാർക്കും അടുപ്പമുള്ളവർക്കും ഞാൻ നന്ദുവാണ്.... ഇന്ന്‌ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. വളരെയേറെ പ്രത്യേകതകൾ ഉള്ള ദിവസം. ഇന്നെന്റെ ആറാമത് വിവാഹ വാർഷികമാണ്..... ഒപ്പം സ്വതത്രത്തിന്റെ അഞ്ചാം വാർഷികവും.!
എല്ലാ പെൺകുട്ടികളെയും പോലെ എനിക്കുമുണ്ടായിരുന്നു, ഒരുപാട് കല്യാണസ്വപ്നങ്ങൾ.... വെള്ളിമേഘകീറിലൂടെ വെള്ള കുതിരപ്പുറത്തേറി രാജകുമാരൻ വരുമെന്ന സ്വപ്നം... യാഥാർഥ്യം അതിന്റെ ഏഴയലത്ത് പോലും എത്തിയില്ലന്ന് മാത്രമല്ല... അഭിപ്രായസ്വാതന്ത്രം നഷ്ട്ടപെട്ട, കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയേ പോലെ, ആ വീട്ടിൽ ഞാൻ ചിറകിട്ടടിച്ചു... നന്ദു എന്ന ഓമന പേരിൽ നിന്ന് നന്ദിതയിലേയ്ക് ഒരുപാട് ദൂരമുണ്ടെന്നു ആ വീടും വീട്ടുകാരും എനിക്ക് മനസിലാക്കി തന്നു.
നെരാശ്യത്തിൽ മുങ്ങി, മനസ് കൈവിടുമെന്ന ഘട്ടം വന്നപ്പോഴാണ്, സ്വന്തമായി ആസ്വദിക്കാൻ വേണ്ടി മാത്രം, വീണ്ടും എഴുതാൻ ഞാൻ പേന കൈയിലെടുത്തത്. അത് വായിച്ചിട്ട് അയാൾ പറഞ്ഞതെന്താണെന്നു അറിയോ, " എന്താടി നിന്റെ എഴുത്തിലൊക്കെ ഒരു പ്രണയ നെരാശ്യച്ചുവ... എനിക്ക് കിട്ടിയത് ആരേലും ചവച്ചു തുപ്പിയതാണോ "
പ്രതികരിച്ചില്ല.... അല്ലെങ്കിലും ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ല.
സന്തോഷവതിയാണെന്ന് പലരെയും ബോധിപ്പിക്കേണ്ടതിന്, ഒരുപാട് അഭിനയിച്ചു. ഒടുവിൽ പെറ്റമ്മയ്ക് മുന്നിൽ, അണിഞ്ഞിരുന്ന മൂടുപടം അഴിഞ്ഞുവീഴുമ്പോൾ, ഒരു പൊട്ടികരച്ചിലോടെ ആ മടിത്തട്ട്ടെന്നെ ഏറ്റുവാങ്ങി. സാനധ്വനിപ്പിക്കുന്ന ആ കൈവിരലുകൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു.... പിന്നീട്, എങ്ങുമെത്താതെ പോയ കുറെ സമാധാന ചർച്ചകൾ.....
അച്ഛനില്ലാത്ത വീടിനെ ശപിച്ച് ബന്ധുക്കൾ.... അമ്മ കൊടുത്ത അമിത സ്വാതന്ത്ര്യം മകളുടെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞു നാട്ടുകാർ.... അവസാനം, " ഇരു മനസുമായി ഒരു കൂര കീഴിൽ ജീവിക്കുന്നതിലും നല്ലത്... പിരിയുന്നത് തന്നെയാ.... " എന്ന് പറഞ്ഞ ഏതോ ഒരു അമ്മാവന്റെ വാക്ക് കേട്ട് കോടതി മുറിയിലേക്ക്....അയാളിലെ അഭിനയത്തിന്റെ തമ്പുരാൻ കോടതിയിൽ നിറഞ്ഞാടിയപ്പോൾ, കൈ മലർത്തിയ നീതി വ്യവസ്ഥയും ഒത്തുതീർപ്പ് ചർച്ചകളും.
സ്വപ്നം കൊണ്ട് തുലാഭാരം നടത്തിയ താലി,അതണിഞ്ഞ ദിവസം, അഞ്ചു വർഷങ്ങൾക്കു ശേഷം അതേ ദിവസം തന്നെ അഴിച്ചു മാറ്റേണ്ടി വന്നത്... ഒരു പക്ഷെ യാദൃച്ഛികതയാവാം... അല്ലെങ്കിലും മനസ് കൊണ്ട് അതെന്നെ അഴിച്ചുമാറ്റിയിരുന്നു.....
അഞ്ചു വർഷത്തിനിപ്പുറം ഓസ്‌ട്രേലിയയിലെ മെൽബൺ സിറ്റിയിൽ ഇരുന്ന് ഈ അനുഭവകുറിപ്പെഴുതുമ്പോൾ, തികഞ്ഞ ആത്മ സംതൃപ്തി തോന്നുന്നു. അതിനേക്കാളുപരി, ആരോടും ചോദിക്കാതെ അല്പം ശ്വാസം എടുക്കാനാകുമെന്ന സമാധാനവും....
ഈ യാത്രയിൽ ഒരുപാട് പേരോട് കടപ്പാടുണ്ട്. ഈ ഭൂമിയിൽ, എനിക്ക് വേണ്ടി ദൈവം അയച്ച മാലാഖ.... എന്റെ അമ്മയോട്, കരഞ്ഞു തീർക്കാനുള്ളതല്ല ജീവിതമെന്നും, ഇഷ്ട്ടപെടാത്തിടത്ത് പ്രതികരിക്കാനുള്ളതാണ് നാവെന്നും പറഞ്ഞു തന്ന, എനിക്ക് വേണ്ടി ഒരുപാട് പേരോട് വാദിക്കുകയും ചെയ്‌ത എന്റെ കൂടപ്പിറപ്പിനോട്, താങ്ങായും തണലായും നിന്ന ബന്ധുക്കളോട്... കണ്ണീരൊപ്പാൻ സഹായിച്ച സുഹൃത്തുക്കളോട്.... സർവോപരി, വീണിടത്ത് നിന്ന് എഴുന്നേറ്റോടാൻ എന്നെ പ്രേരിപ്പിച്ച എന്റെ സങ്കടങ്ങളോട്.....
കടപ്പാട് :- ചിലർക്ക് തണലാണ്... മറ്റുചിലർക്ക് തടവറയുമാണ് താലി എന്ന് പറഞ്ഞു തന്ന ഒരു ഫേസ് ബുക്ക്‌ സുഹൃത്തിന്.....

Jyothi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo