Showing posts with label AnithaShanker. Show all posts
Showing posts with label AnithaShanker. Show all posts

അമ്മയാരാ മോൾ !!

Image may contain: 1 person, selfie and closeup
സ്കൂൾ വിട്ടു വരുന്ന വഴി, വീട്ടിന്റെ തൊട്ടു മുന്നിലെ വളവിൽ എത്തിയപ്പോൾ അതിരിൽ മേൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന ശാന്തേച്ചി എന്നെ നോക്കി അർത്ഥ ഗർഭമായി ഒന്നു ചിരിച്ചു….
ഗേറ്റ് തുറക്കുന്നതിനു മുൻപേ മുറ്റത്തെ കാർ കണ്ടു. അമ്മായി വന്നിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു അകത്തേക്ക് കയറിയപ്പോൾ, ഒരു മൂന്ന് വയസ്സുകാരി കുറുമ്പി ഓടിവന്നു ഒരു കള്ള നോട്ടം നോക്കി ....ബാഗിലെ ഒരു ചോകൊലെറ്റ് എടുത്തു നീട്ടിയത്, അവൾ തട്ടി പറിച്ചു അകത്തേക്ക് ഒറ്റ ഓട്ടം.
അമ്മായി വന്നു സ്നേഹത്തോടെ കൈ പിടിച്ച് കസേരയിൽ ഇരുത്തി…."നീയങ്ങു ക്ഷീണിച്ചു പോയല്ലോ" എന്ന് സങ്കടം പറഞ്ഞു, "ഗിരിജേ , ദേ പ്രിയ എത്തി, അവൾക്കൂടെ ഒരു ചായ എടുത്തോ " എന്ന് അകത്തേക്ക് നീട്ടി പറഞ്ഞു..
അമ്മായി സ്‌കൂളിലെ വിശേഷങ്ങൾ തിരക്കുന്നതിതിടയിൽ കൊണ്ടുവന്ന ഒരു കവർ എനിക്ക് നീട്ടി.....ബനാറസ് പട്ടു സാരികളാണ്...ഇപ്രാവശ്യം ഡൽഹിയിൽ നിന്നും വരുന്ന വഴി കാശിയിൽ പോയിരുന്നത്രെ…
"ഞാൻ നിനക്ക് ആദ്യം ലൈറ്റ് കളറാ എടുത്തേ...….ഇതു വിനയന്റെ സെലെക്ഷനാ …..അവനാ പറഞ്ഞെ നിനക്ക് ഡാർക്ക് കളറാ കൂടുതൽ ചേർച്ച എന്നു" .....അത് സന്തോഷത്തോടെ വാങ്ങി നന്ദി പറയുന്നതിനിടയിൽ അടുക്കളയിൽ നിന്നും രണ്ടു കണ്ണുകൾ അവളുടെ മുഖത്തേക്ക് നീണ്ടു വന്നത് കണ്ടില്ലെന്നു നടിച്ചു…
ആ കൊച്ചു കുറുമ്പി വന്നു അവളെ മുട്ടിയുരുട്ടിയപ്പോൾ പ്രിയ അവളെ എടുത്തു മടിയിൽ വച്ച് കൊഞ്ചിക്കാൻ തുടങ്ങി. അമ്മായി അതു കണ്ടു "ഗിരിജേ, ഒന്നിങ്ങോട്ടു നോക്കിക്കേ, മാളു അങ്ങനെ ആരോടും പെട്ടന്ന് അടുക്കാത്തതാ, പ്രിയയെ വല്യ ഇഷ്ടായി" എന്ന് അതിശയം വച്ച് പറഞ്ഞു … പിന്നെ ,ടി വി യിൽ നടന്നു കൊണ്ടിരുന്ന ഒരു സിനിമയിലേക്ക് അമ്മായിയുടെ കണ്ണുകൾ ഇടയ്ക്കു ഉടക്കിയപ്പോൾ "എന്തു നല്ല സിനിമയാ , എത്ര കണ്ടാലും മതിവരില്ലെന്നു" പറഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി..
ചായ കുടിക്കുന്നതിനു മുൻപ് കുളിച്ചു ഡ്രെസ്സ്‌ മാറാൻ മുറിയിൽ ചെന്ന് ബാഗ് വച്ചപ്പോൾ മേശമേൽ കണ്ട ഒരു മാസിക, രണ്ടു ദിവസം മുൻപ് അതിനുള്ളിൽ അമ്മ കൊണ്ട് തന്നെ ഒരു ഫോട്ടോ അങ്ങനെ തന്നെ നോക്കതെ ഇരിപ്പുണ്ടുന്നു ഓർമിപ്പിച്ചു .…
ആ ഫോട്ടോ നീട്ടി അമ്മ പറഞ്ഞു "എടീ, ഇന്നലെ ബ്രോക്കെർ വന്നപ്പോ കൊണ്ടു വന്ന ആലോചനയാ ...ജിതിൻ എന്നാ പേര്, അവൻ ഗൾഫിൽ ഒരു കമ്പനിയിലാ ...നിന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു, അവൻ എന്നെ നേരിട്ട് വിളിച്ചു... ആ ചെക്കന്റെ പറച്ചിലും രീതിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു…ഒരു നേരെ വാ നേരെ പോ എന്ന മട്ട് ...
അവൻ ഇതിനു മുൻപും അവധിക്കു വന്നിട്ട് പെണ്ണ് കണ്ടിട്ടും ഒന്നും ശരിയായില്ല..കഷണ്ടി ഉള്ളത് കൊണ്ട് ചെന്ന് കണ്ടു കഴിയുമ്പോൾ അവനെ വേണ്ടെന്നു പറയുന്നത് കൊണ്ട്, നീ ഫോട്ടോ കണ്ടു ഇഷ്ടമായാൽ മാത്രം വന്നു കാണാം എന്നാ പറഞ്ഞെ ..
മോഡൽ സ്കൂളിലാ പഠിച്ചെന്നു പറഞ്ഞപ്പോ ഞാൻ ഇന്ദിര ടീച്ചറിനെ വിളിച്ചു ചോദിച്ചു...പത്താം ക്ലാസ്സിൽ അവന്റെ ക്ലാസ് ടീച്ചർ ആയിരുന്നു അവര്.....ടീച്ചർ പറഞ്ഞത് സ്വന്തം മക്കളെക്കാൾ, അവന്റെ സ്വഭാവത്തിന് അവർ ഗ്യാരന്റി എന്നാണ്...പിന്നെ പറഞ്ഞു അവർക്കു ഒരു മോളുണ്ടായിരുന്നെ അവനെ കൊണ്ട് കെട്ടിചെനെന്നു ...നീ ഇതു ഒന്ന് നോക്ക്…"
മുഖം വെട്ടിച്ചു ഫോട്ടോ നോക്കാതെ നടന്നപ്പോൾ, പതിവ് പോലെ "വയസ്സെത്രായി എന്ന് വല്ല വിചാരമുണ്ടോ?, നാണമില്ലേ ഇപ്പോഴും അവനെ വിചാരിച്ചിരിക്കാൻ?"തുടങ്ങിയ പതിവ് ബി ജി എം ഉച്ചത്തിൽ മുഴങ്ങി…
മേശമേൽ കൊണ്ടു വച്ച മാസികക്കുള്ളിലെ ഫോട്ടോ അതേപോലെ അവിടെ ഇരിക്കുന്നു..
അമ്മായി അടുക്കളയിൽ നിന്നും പ്രിയക്ക് ആലോചനകൾ ഒന്നും ശരിയാകുന്നില്ലേ? എന്ന് ചോദിക്കുന്നതു മുറിയിൽ നിന്നും അവൾ കേട്ടു...
അതിനു ഉത്തരം പറയാതെ, "വിനയന് ഇവിടേക്ക് സ്‌ഥലം മാറ്റത്തിന് ശ്രമിച്ചിട്ട് എന്തായി?" എന്ന് അമ്മ വിഷയം മാറ്റാൻ ചോദിക്കുന്നു ….
അമ്മയ്ക്കു ഈ ന്യൂസൊക്കെ ഇത്ര പെട്ടന്ന് എങ്ങനെ കിട്ടുന്നു? വിനയേട്ടൻ കേരളത്തിലേക്ക് എന്തിനാണ് സ്ഥലം മാറ്റത്തിന് നോക്കുന്നത് ? എന്ന് പ്രിയ മനസ്സിൽ ചോദിച്ചു ..
"ആ, ഇനി അവനും ഒരു പെണ്ണ് നോക്കി തുടങ്ങണം" അമ്മായി ദീർഘനിശ്വാസത്തോടെ കുറച്ചു കഴിഞ്ഞു ഉച്ചത്തിൽ ആണ് പറഞ്ഞത്….
കുളിച്ചു വസ്ത്രം മാറുമ്പൊൾ മനസ്സിനോടു മറക്കാൻ പറഞ്ഞ പ്രണയകാലം മുന്നിൽ തെളിഞ്ഞു വന്നു….യൗവ്വനത്തിലേക്കു എത്തും മുൻപേ മുറച്ചെറുക്കൻ എന്ന അധികാരത്തിലും വാക്കാൽ ഉറപ്പിച്ച ബന്ധത്തിന്റെ ഉറപ്പിന്മേലും നാട്ടിലും വീട്ടിലും മറയില്ലാതെ പ്രണയിച്ചു നടക്കാൻ പ്രിയയക്കും വിനയനും ഒരു ഉപാധികളും ഉണ്ടായില്ല.
പ്രണയത്തിന്റെ പുതിയ ആകാശങ്ങൾ കീഴാക്കാൻ വിനയൻ ധൃതി കാണിച്ചപ്പോൾ അതിൽ നിന്നും പ്രിയയെ പിന്തിരിപ്പിച്ചത് അവരിരുവരേയും ഒന്നിച്ചു കാണുമ്പോൾ അമ്മ നോക്കിയിരുന്ന ഒരു നോട്ടമാണ്...ആ വയറ്റിൽ പിറന്നത് കൊണ്ടു ആ നോട്ടത്തിന്റെ അർഥം ഒന്നും പറയാതെ തന്നെ പ്രിയയ്ക്കും, അവൾക്കത് മനസ്സിലാകുന്നുണ്ടെന്നു അമ്മയ്ക്കും അറിയാമായിരുന്നു….
ഡൽഹിയിൽ ബാങ്ക് ഉദ്യോഗസ്ഥനായപ്പോൾ ആണ് അയാൾ ഐ എ എസ് എന്ന ചെറുപ്പത്തിലെ മോഹം പൊടി തട്ടി എടുത്തു വാശിയോടെ പഠിച്ചു തുടങ്ങിയത്….ആദ്യത്തെ ശ്രമത്തിൽ തന്നെ അത് കൈപ്പിടിയിലുമാക്കി... വിനയൻ ഇത്ര പെട്ടന്ന് അത് നേടുമെന്ന് വീട്ടുകാരോ പ്രിയയോ എന്തിനു അയാൾ തന്നെ വിചാരിച്ചിട്ടുണ്ടവില്ല…
വിനയൻ ഐ എ സ് കാരൻ ആയപ്പോൾ രാഷ്ട്രീയക്കാരും പ്രമാണിമാരും ഒരു ഐ എ ആസ് കാരനെ മരുമകനായി കിട്ടാനുള്ള ആലോചനയുമായി വീട്ടിൽ വരി നിന്നു …
ആദ്യം അകന്നു തുടങ്ങിയത് വിനയേട്ടനായിരുന്നു…"പ്രിയ, അച്ഛനും അമ്മയ്ക്കും എതിരായി ഞാൻ ഇതു വരെ ഒന്നും ചെയ്തിട്ടില്ല...ഇതു അവരുടെ തീരുമാനമാണ്. നീ മനസ്സിലാക്കണം" എന്ന് പറഞ്ഞൊഴിയുമ്പോൾ ആകാശത്തോളം കെട്ടിപൊക്കിയ പ്രണയ ഗോപുരം പൊട്ടിവീണ പോലെ ആയി പ്രിയയ്ക്ക്…
"ഞങ്ങൾ ജാതങ്ങൾ നോക്കിയപ്പോൾ വേണ്ടത്ര പൊരുത്തമില്ല, അതുകൊണ്ടു ഈ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതല്ലേ രണ്ടു പേർക്കും മുന്നോട്ടു നല്ലതെന്നു" അമ്മയിയും
"എവിടെ എല്ലാം തീരുമാനിക്കുന്നത് അവൾ ആണെന്ന് ഗിരിജയ്ക്ക് അറിയാമല്ലോ, അവൾക്കു അവനു ജാതകപ്പൊരുത്തമുള്ള ഒരു ആലോചന ഉറപ്പിക്കണമെന്നാണ്.."എന്ന് അമ്മാവനും പറഞ്ഞൊഴിഞ്ഞു..
പ്രിയയുടെ സങ്കടം സഹിക്കവയ്യാതെ അമ്മ അവസാനമായി ഒന്നുകൂടി ഇതിനെ പറ്റി സംസാരിക്കാൻ ആണ് അന്ന് വിനയന്റെ വീട്ടിൽ ചെന്നത്...... അവരുടെ പെരുമാറ്റത്തിൽ അപമാനിതയായി തിരികെ എത്തിയ അവർ ഭദ്രകാളിയായി..
"വിനയനല്ലടീ അവൻ...ചതിയാനാ..ചതിയൻ. ആണുങ്ങളായാൽ പറഞ്ഞ വാക്കിന് വിലയും നട്ടെല്ലും വേണം ...നാണമില്ലെടീ , നിനക്ക് അങ്ങെനെ ഒരുത്തനെ ഓർത്തു കണ്ണീരൊഴുക്കാൻ....ഇനി ഒരു തുള്ളി കണ്ണീരു അവന്റെ പേരിൽ ഈ വീട്ടിൽ വീണാൽ ഞാൻ നിന്നെ ചൂലെടുത്തു അടിച്ചു പുറത്താക്കും" എന്ന് അന്ത്യാ ശാസനം നൽകി
'അമ്മ പറഞ്ഞത് പോലെ ചെയ്യുന്ന സ്വഭാവക്കാരി ആയതിനാൽ, അവർ അതുപോലെ ചെയ്യുമെന്ന് പേടിച്ചിട്ടാണ് അതുവരെ പരമ്പരയായി ദിവസവും സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന കണ്ണീർ സീരിയൽ പൊടുന്നനെ നിർത്തി പ്രിയ, "ജയ് ഹനുമാൻ", "ഓം നമഃശിവായ" തുടങ്ങിയ പുണ്യ പുരാണ പരമ്പരകൾക്ക് തുടക്കമിട്ടത്…
നാട്ടിലെ പ്രമുഖ വ്യവസായിയും കോൺട്രാക്ടറുമായ കരുണാകര മേനോന്റെ മകളെ വിനയൻ കൈപിടിക്കാൻ തീരുമാനിക്കുമ്പോൾ അതുവരെ വിനയന്റെ പെണ്ണ് എന്ന് എല്ലാവരോടും അഭിമാനപൂർവ്വം പരിചയപ്പെടുത്തിയിരുന്ന അമ്മായി, പ്രിയക്കു ഭർത്താവിന്റ അനന്തരവൾ എന്നും നമ്മുടെ ചാടിയറ സ്കൂളിലെ ടീച്ചർ എന്നൊക്കെയുള്ള പുതിയ പദവികൾ നൽകി…
കോൺട്രാക്ടറുടെ മകൾ കൊച്ചിനേയും വേണ്ട അതിന്റെ അച്ഛനേയും വേണ്ട എന്ന് പറഞ്ഞു, വിവാഹ മോചനവും നേടി പണ്ട് കൂടെ പഠിച്ച കാമുകന്റെ കൂടെ പോയതിനു ശേഷമാണു ചോറ്റാനിക്കരയിലും ഗുരുവായൂരിലും മാസാ മാസം തൊഴുതിരുന്ന അമ്മായിക്ക് നമ്മുടെ അമ്പലത്തിലെ ദേവിയെ ഓർമ്മ വന്നതെന്ന് അവർ ഓരോ പ്രാവശ്യവും അവർ വരുമ്പോൾ അമ്മ ദുസ്സൂചന വച്ചു പറഞ്ഞു...
കുളി കഴിഞ്ഞു ഈറൻ മാറി വന്നപ്പോൾ ആ മാസികയ്ക്കുള്ളിലെ ഫോട്ടോ ഒന്ന് കണ്ടാൽ കൊള്ളാമെന്നു തോന്നി...പേജുകൾ മറിച്ചെത്തിയത് ഒരു ജോടി തുറന്ന കണ്ണുകളിലേക്കാണ്….അതും ചുണ്ടിലെ ഒരു നേർത്ത പുഞ്ചിരിയും ചേർന്നപ്പോൾ ആ ഫോട്ടോയ്‌ക്കു അപ്പുറം എന്തോ ഒന്ന് മെല്ല മിടിക്കുന്നുണ്ടെന്നും തോന്നി…
അതിഥികൾക്കായി അമ്മയുണ്ടാക്കിയ പഴംപൊരി കൂട്ടി ചായ കുടിക്കുമ്പോൾ അമ്മായിയുടെ പരി ദേവനങ്ങൾ വീണ്ടും കേട്ടു…
"നാത്തൂനേ, ജാതകപൊരുത്തത്തിൽ ഒന്നും അല്ല കാര്യം ...ചേർച്ചയുള്ള മനസ് തന്ന്യാ കാര്യം….."അമ്മായിക്കു പണ്ടത്തെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ടല്ലോ എന്ന് പ്രിയ മനസ്സിൽ പറഞ്ഞു..
അതുകേട്ടു അമ്മയും ശരി വച്ച് " അത് തന്നയാ ചേട്ടത്തി….പിന്നെ വേണ്ടത് ചങ്കു കൊടുത്തു സ്‌നേഹിക്കുമ്പോൾ ഇടക്ക് ചതിച്ചിട്ടു പോയിക്കളയരുത്…" 'അമ്മ അമ്മായിയെ നല്ല പോലെ ഒന്ന് കുത്തി
"വിനയന് ഒരു പാട് ആലോചനകൾ വരുന്നുണ്ട്….രണ്ടാം കെട്ടുകാരികളെ ഒന്നും വേണ്ടാന്നാ അവനു….നമ്മളുടെ കാര്യങ്ങൾ ഒക്കെ അറിയാവുന്ന,പൊരുത്തപ്പെടാൻ പറ്റിയ ഒരു കുട്ടിയെ മതിയെന്നാ …."
'അമ്മ വീണ്ടും അത് ശരിവച്ചു " അത് തന്ന്യാ നല്ലതു ചേട്ടത്തി... അവനേം , മാളൂനെയും പൊന്നു പോലെ സ്നേഹിക്കുന്ന, നമ്മൾ നേരിട്ടറിയാവുന്ന ഒരു കുട്ടി ആകുന്നതാ ഇനി നല്ലതു…"
അമ്മ അതുപറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു കൊട്ട തീ കോരിയിട്ടതു പോലെയായി........
"വിനയനും പ്രിയയും പണ്ട് മുതൽക്കേ….." അമ്മായി അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അമ്മ ഇടയിൽ വീണു…
"ഞാൻ ആലോചിച്ചപ്പോൾ.....ചേട്ടത്തിയുടെ മൂത്തങ്ങളയുടെ ഒരു മോളില്ലേ...ആ ഓട്ടോ റിക്ഷാക്കാരന്റെ കൂടെ സ്കൂളിന് ഒളിച്ചോടിപ്പോയ….നെറ്റിലൊക്കെ ഫോട്ടോ വന്ന കുട്ടിയേ ... ..അവളെ നമുക്ക് വിനയന് ഒന്ന് ആലോചിച്ചാലോ …? അവളാകുമ്പോ ഒന്നാം കെട്ടും ആണ് നമുക്ക് അടുത്ത് അറിയുകേം ചെയ്യാം.." 'അമ്മ ഒരു ഉപദേശം കൊടുക്കുന്ന മട്ടിൽ ഗൗരവത്തിലാണ് പറഞ്ഞത്….
അമ്മായിയുടെ മുഖം ഒന്ന് കാണാൻ ചരിഞ്ഞിരിക്കുന്നതിതിടയിൽ അമ്മ വീണ്ടും ചോദിച്ചു…
"ചേട്ടത്തിയോടു വേറൊരു കാര്യം ചോദിയ്ക്കാൻ മറന്നിരിക്ക ആയിരുന്നു...നമ്മുടെ വിനയന്റെ പഴേ അമ്മായി അച്ഛനില്ലേ ..ആ കോൺട്രാക്ടർ....പുള്ളി വിജിലെൻസ് കേസിൽ ഒക്കെ പെട്ട് ജയിലിൽ ആയിന്നു കേട്ടു ….ജാമ്യം കിട്ടിയോ ഏടത്തി…?
അമ്മായിക്ക് ഇനി അമ്മ സംസാരിക്കാൻ ഇടം കൊടുക്കില്ലെന്ന് മനസ്സിലായി…
"പിന്നെ പ്രിയയ്ക്ക് ഇപ്പോ വന്ന ആലോചന ഉറച്ചാൽ നമുക്ക് രണ്ടും അടുപ്പിച്ചടുപ്പിച്ചു നടത്താം .. ദൂരെയുള്ള കുടുംബക്കാർക്കൊക്കെ സംബന്ധിക്കാൻ എളുപ്പവുമാകുമല്ലോ ….."
അമ്മ പതുക്കെ ഉഷാറായി വരുന്നേ ഉള്ളു...അമ്മയാരാ മോൾ !!!
ഏതൊക്കെ കേട്ട്, കൈയ്യുടെ പിന്നിൽ ഒന്ന് ഒളിപ്പിച്ചു അടുക്കളയുടെ വാതിൽ പടിയിൽ നിന്നും ഞാൻ ഉറക്കെ അമ്മയോട് പറഞ്ഞു "അമ്മേ , ജിതിനേട്ടൻ എന്നെ കാണാൻ വരുന്ന ദിവസം നേരത്തെ പറയണേ, സ്കൂളിൽ ലീവ് പറയാനുള്ളതാ ……"
ഒരിക്കൽ മാത്രം കണ്ട തുറന്നു പിടിച്ച കണ്ണുകൾ ഒരു പ്രയാസവുമില്ലാതെ വീണ്ടും മനസ്സിലെത്തിയപ്പോൾ ആണ് അമ്മ സൂചിപ്പിച്ച കറുത്ത നിറവും കഷണ്ടിയും ശ്രദ്ധിച്ചില്ലല്ലോ എന്ന് ഓർത്തത് …….
കാണാൻ ആരും ഇല്ലാത്ത "അൾക്കൂട്ടത്തിൽ തനിയെ" എന്ന ടി വി യിൽ നടന്നു കൊണ്ടിരുന്ന സിനിമ ഓഫാക്കി ഞാൻ തൊടിയിലെ അതിരിലേക്കു ഓടുബോൾ കഴിഞ്ഞ തവണ അമ്മായി തന്ന സാരി കൊടുത്തപ്പോൾ ശാന്തേച്ചിയുടെ "ഇച്ചിരൂടെ കളർ ഉണ്ടായെങ്കി നന്നായേനെ" എന്ന പരാതി ഇപ്രാവശ്യം ഉണ്ടാവില്ല എന്ന് തോന്നി...

By: Anitha Sankar @ Nallezhuth

ബന്ധുക്കൾ

Image may contain: 1 person, smiling, indoor
കിടപ്പു രോഗിയായെ ഭാര്യയെ പതിവുപോലെ ചുവരിനോട് ചാരി എണീപ്പിച്ചിരുത്തി, കഞ്ഞി സ്‌പൂണിൽ വാരിക്കൊടുക്കുമ്പോൾ അവർ പറഞ്ഞു "അപ്പുറത്തു ബഹളങ്ങളൊക്കെ കേൾക്കുന്നല്ലോ...എല്ലാവരും വന്നെന്നു തോന്നുന്നു..വേഗം റെഡിയായി പോകു..കഞ്ഞി പിന്നെ ആയാലും മതി.."
അയാൾ ഒന്ന് മൂളി ചുമലിലെ തോർത്തു കൊണ്ട് കഞ്ഞി പുറത്തേക്കു ഒഴുകിയതു താടിയിൽ ഒപ്പി തുടച്ചു കൊടുത്തു.
പകുതി പോലും കഴിക്കാതെ മതി, ഇനി കിടക്കാം എന്നു പറഞ്ഞു കിടക്കയിലേക്ക് ചായുന്നതിന് മുമ്പ് അവർ ഓർമ്മിപ്പിച്ചു.
"പോകുമ്പോൾ വൃത്തിയായി പോണേ...വലിയ ആൾക്കാരൊക്കെ ഉണ്ടാകും അവിടെ...ഷർട്ട് ഇസ്തിരിയിട്ടത് ഉണ്ടോ?"
ഭാര്യയെ ബോധിപ്പിക്കാൻ അയാൾ ഉള്ളതിൽ ഏറ്റവും നല്ല ഷർട്ടും മുണ്ടും ധരിച്ചു. പോകുന്നു എന്ന് പറയാൻ വീണ്ടും അവരുടെ മുറിയിലെത്തി, പുതപ്പു നെഞ്ചുവരെ എത്തിച്ചു അവരെ പുതപ്പിച്ചു..
മുൻവശത്തുകൂടി പുറത്തിറങ്ങി അയാൾ പിന്നാമ്പുറത്തെത്തി അടുക്കളയോട് ചേർന്ന ചായ്പ്പിൽ ചെന്നിരുന്നു ..
അവിടെയിരുന്നു ഒരു മതിലിനു അപ്പുറത്തെ വീട്ടിലെ ആഘോഷങ്ങളും ബഹളവുമൊക്കെ അയാൾ നോക്കിക്കൊണ്ടിരുന്നു..
അയാളുടെ ഭാര്യയുടെ സഹോദരന്റെ വീടാണത്….അവിടെ അയാളുടെ അളിയന്റെ കൊച്ചുമകളുടെ ഒന്നാം പിറന്നാൾ ആഘോഷമാണ്...
ഒരു പറമ്പിൽ തന്നെ അടുത്തടുത്തായി രണ്ടു വീടുകൾ ആണെങ്കിലും, കഴിഞ്ഞ ഒരു മൂന്നു പതിറ്റാണ്ടു കാലം ഒരു വീട് പോലെ കഴിഞ്ഞതാണ് … ആ രണ്ടു വീടിനും ഇടയിൽ ഒരു കോൺക്രീറ്റ് മതിൽ പൊങ്ങിയിട്ടു അഞ്ചു വർഷത്തിലും താഴയേ ആയിട്ടുള്ളു..
മനസ്സിലെ മതിൽ പൊങ്ങിയത് അയാളുടെ അളിയന്റെ ബിസിനസ് പച്ചപിടിക്കുകയും അയാൾക്ക്‌ പണവും സമൂഹത്തിൽ സ്ഥാനവും ഉണ്ടായതു മുതലാണ്.
അതുവരെ അവർക്കു പെങ്ങളേയും അളിയനെയും വേണമായിരുന്നു...അവശ്യം വരുമ്പോൾ പണം കടം വാങ്ങാനും, ബാങ്കിലും കോടതിയിലും ജാമ്യം നിൽക്കുവാനും അവരുടെ മക്കളെ വളർത്താനും അവർക്കു അർക്കെങ്കിലും ദീനം വരുമ്പോൾ ആശുപത്രിയിലേക്കു ഓടാനും…... അങ്ങനെ എല്ലാത്തിനും…...
മക്കളില്ലാത്ത അയാൾക്കും ഭാര്യക്കും, അവരുടെ രണ്ടു ആൺമക്കൾ സ്വന്തം മക്കൾ ആയിരുന്നു..അവരെ രണ്ടു പേരെയും വളർത്തിയത് ആയാളും ഭാര്യയും കൂടി ആയിരുന്നു....ചെറുപ്പത്തിൽ അവരുടെ കളിയും കിടപ്പും പഠിത്തവുമൊക്കെ സ്വന്തം വീടിനേക്കാൾ അയാളുടെ വീട്ടിൽ ആയിരുന്നു..
എന്നാലവർ മുതിർന്നു വലിയ ബിസിനസ്സുകാരായപ്പോൾ, അങ്ങനെ രണ്ടു പേർ ഒരു മതിലിനപ്പുറം ഉണ്ടെന്ന കാര്യം മനഃപൂർവ്വം മറന്നിരിക്കുന്നു...
ഭാര്യ കിടപ്പായതു മുതൽ അവരുടെ വരവും പോക്കും കുറഞ്ഞു...ഇപ്പോൾ തീരെ വരാറില്ല എന്നുതന്നെ പറയാം.
ചിലപ്പോൾ, സാമ്പത്തികമായി അവരെ സഹായിക്കേണ്ടി വരുമോ എന്നോ, രോഗികൾ ആയ അവരെ വാർധ്യക്യ കാലത്തു ഏറ്റെടുക്കേണ്ടി വരുമോ, എന്നോമറ്റോ പേടിച്ചിട്ടുമാകണം....
അവർ പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചില്ലെന്നു അയാൾ ഭാര്യയോടു പറഞ്ഞില്ല….ഭാര്യ ചോദിച്ചപ്പോൾ അല്ലെങ്കിലും വീട്ടിൽ വന്നു വിളിക്കേണ്ട ഔപചാരികത അവർക്കിടയിൽ വേണ്ടല്ലോ എന്ന് സ്വരത്തിൽ വരുത്തി അവരോടു പറഞ്ഞു
"ക്ഷണിച്ചിട്ടുണ്ട്...വേലിക്കൽ വച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നു.."
ഒരു കിടക്കയിൽ കാലം കഴിച്ചു കൂട്ടുന്ന അവരെ കൂടി എന്തിനു വിഷമിപ്പിക്കണം…
കുറച്ചു കഴിഞ്ഞു അയാൾ ചായ്പ്പിൽ നിന്നും എഴുനേറ്റു മതിലിന്റെ അരികിലായി ചെന്നു നിന്നു..പറമ്പിലെ കള പറിക്കുന്നതായി അഭിനയിച്ചു...
സിറ്റ്ഔട്ടിലെ കസേരയിൽ ഇരുന്നു വലിയ ശബ്ദത്തിൽ അതിഥികളോട് സംസാരിക്കുന്ന അയാളുടെ അളിയൻ അയാളെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ സംസാരം തുടർന്നു …
ഇന്ന് കൂടിയിരിക്കുന്ന അയാളുടെ അതിഥികളെ വച്ച് നോക്കുമ്പോൾ വെറും ഒരു സ്കൂൾ മാഷായിരുന്ന അളിയന് സ്റ്റാറ്റസ് പോരാ..
ഒരു അരമണിക്കൂർ എങ്ങനെയൊക്കെയോ പറമ്പിൽ കഴിച്ചു കൂട്ടി തിരികെ ഭാര്യയുടെ കിടക്കക്കരികിൽ എത്തിയപ്പോൾ ഭക്ഷണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് അന്വേഷിച്ച ഭാര്യയോട് അയാൾ പറഞ്ഞു
"നന്നായില്ല... രുചി തോന്നിയില്ല…..ഒന്നിനും ഉപ്പുമുണ്ടായില്ല…"

By: Anitha Sankar

ചൊവ്വാദോഷം

Image result for saturn astrology
"നിങ്ങൾക്കു എന്താണോ ഇഷ്ടം, അതുപോലെ എന്ത് വേണമെങ്കിലും തീരുമാനിച്ചു കൊള്ളൂ…... എന്നെ അധികം ബുദ്ധിമുട്ടിക്കാതിരുന്നാൽ മാത്രം മതി. എപ്പോൾ, എവിടെയെന്ന് പറഞ്ഞാൽ മതി... വന്നു ഒപ്പിട്ടു തരാം….. പിന്നെ മ്യൂച്ചൽ ഡിവോഴ്സ് ഫയൽ ചെയ്താൽ രണ്ടുപേർക്കും സൗകര്യവുമാകും "
ഡിവോഴ്സ് വേണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഡിവോഴ്സ് വേണമെന്ന് ഭാര്യ ആ നിമിഷം വരെ ചിന്തിച്ചിരുന്നില്ല. ആഴ്കകൾ നീണ്ടു പോയ ഒരു വഴക്കിന്റെ ശ്വാസം മുട്ടലിനിടയിലെ ഒരു നിമിഷത്തിൽ വായിൽ നിന്നും വീണു പോയതാണ്... പിന്നെ പറഞ്ഞു കഴിഞ്ഞപ്പോൾ അയാളുടെ മനസ്സറിയാൻ അവൾ ആഗ്രഹിച്ചു..... എന്നാലയാളുടെ പ്രതികരണം അവളെ വല്ലാതെ ഉലച്ചു കളഞ്ഞു. അയാൾ അത് ആഗ്രഹിക്കുന്നുണ്ടെന്നു പറയാതെ പറയുകയായിരുന്നു .
അത് പറഞ്ഞയാൾ റൂമിൽ നിന്നും ഇറങ്ങി പോയി. ആശയുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ അനുവാദമില്ലാതെ പുറത്തേക്കു ചാടി. ചുറ്റുമുള്ളതൊക്കെ മങ്ങി കാഴ്ച ഇരുണ്ടു നേർത്തപ്പോൾ അവർ സ്റ്റഡി ടേബിളിലേക്ക് തല കുമ്പിട്ടു കുറേ നേരം അങ്ങനെ തന്നെ ഇരുന്നു .
"ആശമ്മായി" എന്ന് വിളിച്ചു, അപ്പു ഓടിവന്നു അവരെ പിന്നിൽ നിന്നും കെട്ടിപിടിച്ചു.
അപ്പു എപ്പോഴാണ് വന്നത്? അവൻ വന്നതു ആശ അറിഞ്ഞിരുന്നില്ല.. പുറത്തെ ശബ്ദങ്ങൾ ഒന്നും കുറെ നേരമായി കേട്ടിരുന്നില്ല. അവരുടെ മനസ്സിൽ കഴിഞ്ഞ നിമിഷങ്ങളിൽ നടന്ന വലിയ സ്ഫോടനം ചുറ്റുമുള്ള ശബ്ദങ്ങളെ കേൾവിയിൽ എത്തിക്കാതെ നിഷ്പ്രഭമാക്കിയിരുന്നു....
ആ വീട്ടിലെ മറ്റുള്ളവർ അവരുടെ ഉച്ചതിലുള്ള ശബ്ദത്തിലുള്ള സംസാരം കേട്ടിട്ടുകുമോ എന്ന് ആശാ ഒരു നിമിഷം ശങ്കിച്ചു. കേട്ടിട്ടുണ്ടെങ്കിൽ അവരൊക്കെ ഏന്തു വിചാരിച്ചിട്ടുണ്ടാകും?
കണ്ണ് തുടച്ചു, കണ്ണാടിയിൽ നോക്കി കരച്ചിലിന്റെ പാടുകളൊന്നും ശേഷിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തി, അപ്പുവിന്റെ കൈപിടിച്ച് ആശാ താഴേക്ക് സ്റ്റെപ്പിറങ്ങി ഡൈനിങ്ങ് റൂമിലെത്തി.
ഗൗരി ചേച്ചി അടുക്കളയുടെ സ്ലാബില് കയറിയിരുന്നു രാവിലത്തെ ബ്രേക്‌ഫാസ്റ് വച്ചിരുന്ന കാസറോൾ മടിയിൽ വച്ച്, അതിൽ നിന്ന് തന്നെ തിന്നുകൊണ്ടു ആശയുടെ ഭർത്താവിന്റെ അമ്മയോടു സംസാരിക്കുന്നു. അവരുടെ സംസാരം തടസ്സപ്പെടുത്തണ്ട എന്നുകരുതി ആശ അവളുടെ അമ്മായി അമ്മ ഡൈനിങ്ങ് ടേബിളിൽ പകുതി മുറിച്ചു വച്ച പച്ചക്കറികൾ നുറുക്കാൻ തുടങ്ങി.
"നിന്നെ വിവാഹം കഴിപ്പിച്ചത് തണ്ടും തടിയും ഉള്ള ഒരു ആണിന്റെ കൂടെയല്ലേ, നാട്ടുകാരുടെ ഒക്കെ കാര്യം നോക്കാൻ അവനു സമയം ഉണ്ടല്ലോ , സ്വന്തം വീട്ടിലെ കാര്യങ്ങൾക്കു മാത്രം സമയമില്ലല്ലേ?" അടുക്കളയിൽ തിരക്കിട്ടു ജോലി ചെയ്യുന്നതിനിടയിൽ അവരുടെ ശബ്ദവും ഉയർന്നു പൊങ്ങി.
"അമ്മയ്ക്ക് അച്ഛനെപ്പോലെ എല്ലാത്തിനും കൂടെ നിൽക്കുന്ന നല്ല ഒരു ഭർത്താവിനെ കിട്ടിയതിന്റെ അഹങ്കാരമാണ്" ഗൗരി ചേച്ചി ധൃതിയിൽ ചവച്ചു കൊണ്ട് പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.
ആശ ഡൈനിങ്ങ് റൂമിലേക്ക് വന്നത് കണ്ടതു കൊണ്ടാവാം, അവർ അതിനു മറുപടി ഒന്നും പറയാതെ വീണ്ടും ജോലിയിൽ മുഴുകി.
ഇതുപോലെയുള്ള വഴക്കുകൾ അവർക്കിടയിൽ പതിവാണ്.
കാര്യം എപ്പോഴും ഒന്നുതന്നെ. ഗൗരിചേച്ചിക്ക് അച്ഛനെ കൊണ്ട് പല ആവശ്യങ്ങളുണ്ട്. ചിലപ്പോൾ എന്തെങ്കിലും ബില്ലടയ്ക്കാൻ, ചിലപ്പോൾ അവരുടെ വീട്ടിലെ ഏതെങ്കിലും കാര്യങ്ങൾക്കു, കുല വെട്ടാനോ കേടായ എന്തെങ്കിലും ശരിയാക്കുവാനോ അങ്ങനെ എന്തെങ്കിലും. ചേച്ചി അതൊന്നും ഭർത്താവിനെ കൊണ്ട് ചെയ്യിക്കാതെ അച്ഛനെ ബുദ്ധിമുട്ടിക്കുന്നതിലാണ് അമ്മക്ക് ദേഷ്യം.
എന്നാൽ എപ്പോഴുമെന്നപോലെ. ചേച്ചിയെ കണ്ടപ്പോൾ തന്നെ അച്ഛൻ ഷർട്ടു മാറ്റി അവരുടെ സംസാരം തീരാൻ കാത്തു സ്വീകരണമുറിയിൽ ഇരിപ്പുണ്ടാകും എന്നു ആശ ഊഹിച്ചു.
"എന്റമ്മേ ഇതെന്താണ്, റെസ്റ്ററെന്റിലെ പോലെ, മീൻ പൊരിച്ചതു, കറി വച്ചതു, ചെമ്മീൻ ഉലർത്തിയത്. മോനും മരുമകളും വരുമ്പോൾ കാണിക്കുന്ന സ്നേഹം വല്ലപ്പോഴും എന്നോടും ആകാം." ചേച്ചി വീണ്ടും പരിഭവിച്ചു.
ഗാരി ചേച്ചി യാത്ര പറഞ്ഞതു ഇറങ്ങി. അവർ ഓഫീസിൽ നിന്നും വരുന്നത് വരെ അപ്പു ഇനി ഇവിടെയാണ്.
ആശ ആ വീട്ടിൽ ഉള്ളപ്പോൾ മിക്ക സമയവും അവരുടെ പിന്നാലെ തന്നെ….. ആശയെ അപ്പുവിനു വലിയ ഇഷ്ടമാണ്... അപ്പുവിന് മാത്രമല്ല ആ വീട്ടിൽ ഉള്ള എല്ലാവര്ക്കും…..
അച്ഛൻ വരെ ഓഫീസിൽ കൊണ്ടാക്കാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോൾ അമ്മ പുറകിൽനിന്നും ഒരു ചെറിയ കവറുമായി ഓടി പുറകെ ചെന്നു . "മൊബൈൽ എടുത്തില്ലേ"? എന്ന് അച്ഛനെ ഓർമിപ്പിക്കുന്നു. വെയിലത്ത് അധിക നേരം അധ്വാനിക്കാൻ നിൽക്കരുതെന്നു ശാസിക്കുന്നു.അച്ഛൻ ഗൗരിചേച്ചിയെ ഓഫീസിൽ ആക്കി യശേഷം പോകുന്നത് രണ്ടു കിലോമീറ്റർ അപ്പുറമുള്ള അവരുടെ വീട്ടിലേക്കാണ്. ആ വീടിനു പുറകിൽ ചെറിയ ഒരു തൊടിയിൽ അച്ഛന്റെ കൃഷിയിടമുണ്ട്.
അമ്മ പൊതിഞ്ഞു കൊടുക്കുന്ന കവറിൽ ഇടനേരത്തേക്കു കഴിക്കാനുള്ളതാകും. ഷുഗർ ഉള്ളതിനാൽ ആഹാരം കഴിക്കാൻ താമസിക്കുന്ന ദിവസങ്ങളിലൊക്കെ അമ്മയുടെ വക എങ്ങനെ എന്തെങ്കിലുമൊക്കെ പൊതിഞ്ഞു കൊടുത്തയക്കുന്നത് കണ്ടിട്ടുണ്ട്..
അച്ഛൻ സ്‌കൂട്ടർ സ്റ്റാർട്ട് ആക്കുന്ന സമയം ടി വിയിൽ കണ്ണും നട്ടിരിക്കുന്ന ഗിരീഷ് എന്ന ഗിരിയോട് ചേച്ചി പറഞ്ഞു "എടാ ജ്യോതി നാട്ടിൽ വന്നിട്ടുണ്ട്...ഒരാഴ്ചയായി…....എന്നെ വിളിച്ചിരുന്നു. ഞായറാഴ്ച ചിലപ്പോൾ ഇവിടേക്കു വന്നേക്കുമെന്നു പറഞ്ഞു. നീ ഇവിടെ ഉണ്ടാകുമോ എന്ന് അന്വേഷിച്ചിരുന്നു…"
ഗിരി ഒന്ന് മൂളി. പിന്നെ പറഞ്ഞു, "എന്നെ വിളിച്ചിരുന്നു"..... അത്രമാത്രം….......
"ജ്യോതി അമേരിക്കയിൽ നിന്നും എത്തിയിട്ട് ഒരാഴ്ചയല്ല, പത്തു ദിവസമായി. വന്നിട്ട് ഗിരിയെ നാലുപ്രാവശ്യം വിളിച്ചിരുന്നു". ആശ മനസ്സിൽ പറഞ്ഞു.
എല്ലാ കോളുകളും രാത്രിയിൽ, വളരെ വൈകി. അവർ സംസാരിച്ചപ്പോൾ ഒക്കെ ആശ അടുത്തുണ്ടായിരുന്നു. അതിൽ രണ്ടു കോളുകൾ ലാപ്ടോപിൽ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന ഗിരി, സ്പീക്കർ മോഡിലാണ് സംസാരിച്ചത്. ഉറക്കം വരാതെ കട്ടിലിൽ മൂടിപ്പുതച്ചു കിടന്ന ആശ അതെല്ലാം കേട്ടതുമാണ്.
അതുകേട്ടു, ഗിരിയുടെ അമ്മയുടെ മുഖം ഒന്ന് വല്ലാതെ ആയതു പോലെ തോന്നി. ആശാ അത് ശ്രദ്ധിച്ചെന്ന് മനസ്സിലായപ്പോൾ, അവർ ആശയുടെ കയ്യിൽ നിന്നും കത്തി കൈയ്യിൽ വാങ്ങി, ആശ ചെയ്തിരുന്നതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി...
ജ്യോതി ഗിരിയുടെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമാണ്. അവർ ഈ നഗരത്തിൽ പഠിക്കുമ്പോൾ ഗിരിയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു... കുറെ നാളുകൾ അവിടെ താമസിച്ചു പഠിച്ചിട്ടുമുണ്ട്.. ഗിരിയെ അവർക്ക് ഇഷ്ടമായിരുന്നെന്നും വിവാഹം ആലോചിച്ചിരുന്നെന്നും, ജാതകം ചേരാത്തതുകൊണ്ടു അത് നടക്കാതെ പോയി എന്ന് ഗൗരി ചേച്ചി ഒരിക്കൽ പറഞ്ഞിരുന്നു ...
എന്നാൽ ഗിരി പറഞ്ഞത്, "അമ്മയ്ക്ക് അത് ഇഷ്ടമില്ലായിരുന്നതു കൊണ്ടു ഞാൻ അതിനെ പറ്റി ആലോചിച്ചട്ടില്ല എന്നാണ്!!! "...
ഒരു നിമിഷം അവരുടെ ശ്രദ്ധ ആശയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് വന്നു വീണു..പിന്നെ മുൻവശത്തിരിക്കു മകൻ കൂടി കേൾക്കാൻ ശബ്ദം ഉയർത്തി പറഞ്ഞു "മോളെ, നീ അവനെ കൂട്ടി പോയി ആ മാല ഒന്ന് ശരിയാക്കു, അല്ലെങ്കിൽ പുതിയത് ഒന്ന് വാങ്ങു." മറുപടിയായി ആശ ഒന്ന് ചിരിച്ചെന്നു മാത്രം വരുത്തി.
താലി കോർത്തിരുന്ന മാല കൊളുത്തു പൊട്ടി ആശയുടെ ബാഗിൽ കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി . ഒറ്റയ്ക്ക് പോകാൻ മടിച്ചിട്ടു, അതൊന്നു മാറ്റി വാങ്ങാൻ പോകണമെന്ന് പറയാമെന്നു പലവട്ടം തുനിഞ്ഞതാണ്. എന്നാൽ ഒരു സഹായം ചോദിക്കുന്നത് ഒരു കീഴടങ്ങൽ ആയി തോന്നാവുന്നത് കൊണ്ട് പറഞ്ഞില്ല. മാത്രവുമല്ല, കണ്ണികൾ പൊട്ടിത്തുടങ്ങിയ ഒരു ബന്ധത്തിൽ, ഒരു മാലയിൽ കൊരുത്ത താലി കഴുത്തിൽ അണിഞ്ഞു നടക്കുന്നതിൽ പ്രാധാന്യം കൊടുത്തതുമില്ല.
ഇപ്രാവശ്യമെങ്കിലും ആരോടെങ്കിലും ഒന്ന് ഉള്ളു തുറന്നു സംസാരിക്കണമെന്ന് ആശ നാട്ടിലേക്കു പുറപ്പെടും മുൻപ് ആഗ്രഹിച്ചിരുന്നു. ആരോട്? എന്ന ചോദ്യത്തിനു മാത്രം ഉത്തരം കിട്ടിയില്ല. കുറച്ചു നാളത്തെ അടുപ്പമേ ഉള്ളുവെങ്കിലും സ്വന്തം അമ്മയേക്കാൾ അവളെ മനസിലാക്കിയത് ഗിരിയുടെ അമ്മയാണ്. പക്ഷെ അവരോട്, എങ്ങനെയാണു അവരുടെ മകനുമായുള്ള പൊരുത്തക്കേടുകൾ പറയുന്നത് എന്ന് അവൾക്കറില്ലായിരുന്നു.
അവളെ മകളോടൊപ്പമോ അതിലേറെയോ സ്നേഹിക്കുന്ന ഒരമ്മയോട്, അവരുടെ മകനുമായുള്ള ജീവിതം കലഹപൂർണ്ണമാണ്‌ എന്ന് പറയാനുള്ള ഔചിത്യമില്ലായ്മയും ജാള്യതയും ഓരോ പ്രവശ്യവും ആശയെ ഒരു തുറന്നു പറച്ചിലിൽ നിന്ന് പിന്നോട്ട് വലിച്ചു….
ചിലപ്പോഴൊക്കെ ധൈര്യം സംഭരിച്ചു പറയാൻ തുടങ്ങിയപ്പോൾ ആ വീട്ടിലെ ഗിരി ഒഴികെയുള്ളവരുടെ പെരുമാറ്റം അവരെ വീണ്ടും വീണ്ടും നിശ്ശബ്ദയാക്കികൊണ്ടിരുന്നു…...
"ഇതൊന്നും ഞാൻ കഴിക്കാറില്ലല്ലോ...'അമ്മ എനിക്കിഷ്ടപ്പെട്ട ഒന്നും ഉണ്ടാക്കിയില്ലേ? ഉച്ചയൂണിന്റെ സമയത്തു ഗിരി അമ്മയുണ്ടാക്കിയ വിഭവങ്ങളിൽ നോക്കി മുഖം ചുളിച്ചു…" '
അപ്രതീക്ഷിതമായി അന്ന് ഉച്ചതിരിഞ്ഞു ആശയുടെ വല്യച്ചനും വല്യമ്മയും മറ്റെവിടെയോ പോകുന്നവഴി അവിടെയെത്തി. ആശാ അവരുടെ കൂടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.
നാട്ടിൽ വരുമ്പോൾ അവർ ഒരുമിച്ചാണ് ആശയുടെ വീട്ടിലേക്കു പോകാറ്. എന്നാൽ ഈ പ്രാവശ്യം ആശ പതിവ് തെറ്റിച്ചു. "പോകുന്നു" എന്ന് പറഞ്ഞപ്പോൾ ഗിരി ഒന്നും മിണ്ടിയില്ല…അയാൾ "ഇപ്പോൾ പോകണമോ" എന്നോ , "നമുക്ക് ഒരുമിച്ചു പോകാമെന്നോ" മറ്റോ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചാണത് പറഞ്ഞത്.
പക്ഷേ അയാൾ ഒന്നുംമിണ്ടിയില്ല….."എല്ലാം നിങ്ങളുടെ തീരുമാനങ്ങൾ, എന്നോട് എന്തിനു പറയുന്നു"? എന്ന ഒരു ഭാവം.
അവരോടൊപ്പമുള്ള യാത്രയിലും പിന്നീടുള്ള ദിവസങ്ങളിലും ഒക്കെ ആശ ചിന്തിച്ചത് അവളുടെ ചൊവ്വ ദോഷത്തെ കുറിച്ചാണ്….ആശയുടെ ജീവിതം മാറ്റി മറിച്ച കാരണക്കാരനെ കുറിച്ച്!!!!!….
കുട്ടിയായിരുന്നപ്പോൾ മുതൽ കേട്ടു വളർന്നതാണ് "ചൊവ്വ ദോഷമുള്ള ജാതകം"...അതുകാരണം വീട്ടുകാരും ബന്ധുക്കളും അവളുടെ വിവാഹകാര്യത്തിലുള്ള ആശങ്കകൾ പലപ്പോഴും പരസ്യമായി പങ്കുവെച്ചിരുന്നു....പഠിക്കുമ്പോൾ തന്നെ ആശയറിയാതെ രഹസ്യമായി വിവാഹാലോചനകൾ തുടങ്ങി, ജോലികിട്ടിയ ഉടൻ പരസ്യമായും.
ഒത്തു വന്ന ആദ്യ ജാതകത്തിൽ തന്നെ വീട്ടുകാർ കല്യാണവുമുറപ്പിച്ചു...ചൊവ്വാ ദോഷക്കാരിയായതിനാൽ ആശയുടെ അഭിപ്രായത്തിനു ആരും വലിയ പ്രാധാന്യം കൊടുത്തതുമില്ല. കൊടുത്തിരുന്നെങ്കിലും ആ വിവാഹം നടക്കുമായിരുന്നു..കാരണം പ്രത്യക്ഷത്തിൽ അവർ തമ്മിൽ പൊരുത്തക്കേടുകൾ ഒന്നും ഉണ്ടായിരുന്നില്ല. അത് തുടങ്ങിയത് അവർ ഒരുമിച്ചുള്ള ഒരു ജീവിതം തുടങ്ങിയപ്പോൾ മാത്രമായിരുന്നു.
വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുപേർ. അവരുടെ താല്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ രണ്ടു രീതിയിൽ. കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണം മുതൽ ജീവിതത്തോടുള്ള സമീപനം വരെ വേറെ രീതിയിൽ. പൊതുവായി സംസാരിക്കാൻ താല്പര്യമുള്ള ഒരു വിഷയം കൂടി ഇല്ലെന്നു അവർ മനസ്സിലാക്കിയപ്പോഴേക്കും ഒരു പാടു വൈകിപ്പോയിരുന്നു.
അവർക്കു രണ്ടുപേർക്കും പൊതുവായി ഉണ്ടായിരുന്നത്, മുൻകോപവും ഈഗോയും പിന്നെ ചൊവ്വാദോഷവും മാത്രമായിരുന്നു…….
ചെറിയ പൊരുത്തക്കേടുകൾ കലഹങ്ങളിലേക്കും, പറഞ്ഞു തീർക്കാത്ത പിണക്കങ്ങൾ അകൽച്ചയിലേക്കും വഴിമാറി. ഒരു പക്ഷേ, അവരിൽ ഒരാൾ ഒരൽപം താണു കൊടുത്തിരുന്നെങ്കിലോ തുറന്നു സംസാരിച്ചിരുന്നെങ്കിലൊ തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് മറ്റുള്ളവരെക്കാൾ അവർക്കു തന്നെ നനന്നായിഅറിയാമായിരുന്നു.
എന്നാൽ രണ്ടുപേരും തോൽക്കാൻ തയ്യാറായിരുന്നില്ല…….
ആശ അവളുടെ വീട്ടിന്റെ മുകളിലെത്തെ നിലയിൽ നിന്ന് ടെറസ്സിലേക്കുള്ള വാതിൽ തുറന്നു, അവിടെയുള്ള ചെറിയ പടിക്കെട്ടിൽ ചെന്നിരുന്നു.
ആകാശത്തിൽ മിന്നിത്തെളിയുന്ന നക്ഷത്ര കൂട്ടത്തിൽ നിന്നും ചുമന്ന തുടുത്ത ജാതക ദോഷക്കാരനെ കണ്ടെത്താൻ അധികം പണിപ്പെടേണ്ടി വന്നില്ല. അവൻ പതിവുപോലെ ദേഷ്യക്കാരനായി മുഖം വീർപ്പിച്ചു ഒറ്റയ്ക്ക് ഒരു കോണിൽ നിൽപ്പുണ്ട്.
ഗിരി പിന്നെയും മനസ്സിലേക്ക് വന്നു. കഴിഞ്ഞ ഒരു മണിക്കൂറിൽ പോലും എത്രമത്തെ തവണ ആണ് അയാളെ ഓർക്കുന്നതെന്നു സ്വയം ചോദിച്ചു. സ്വന്തമായി പോയ ഒരാളെ എപ്പോഴും നെഞ്ചിൽ കൊണ്ടുനടക്കാൻ ഒരു ഒരു താലിയുടെയും ആവശ്യമില്ല എന്ന് തിരിച്ചറിവുണ്ടാവുക ആയിരുന്നു …
അവരുടെ മുൻപുള്ള വഴക്കുകൾ ഒന്നും സംസാരിച്ചു തീർത്തതല്ല ..അത്പോലെ ഒരവസരം ഒന്നു കൂടി വന്നിരുന്നികിൽ എന്നാശിച്ചു പോയി..
അവർ രണ്ടുപേരും അവരവരുടെ ഈഗോയെ എടുത്തു പുതച്ചു കിടക്കയുടെ രണ്ടറ്റതു കിടക്കിന്ന രാത്രികളിൽ, അറിയാതെ എന്ന് തോന്നിപ്പിക്കുന്ന ചെറു സ്പര്ശനങ്ങളിലൂടെ, ദൃഢമായ ആലിംഗനങ്ങളിലൂടെ പിന്നെ പതുക്കെയുള്ള ചുംബനങ്ങളിലൂടെ രണ്ടുപേരും ധരിച്ചിരുന്ന ഈഗോയെ തിടപ്പെട്ടു ഊരിയെറിഞ്ഞു ഒരു പുരുഷൻ സ്ത്രീയെയും തിരിച്ചും അറിയുന്ന നിമിഷങ്ങൾ...….
ആ നിമിഷങ്ങളിൽ, നിങ്ങളാണ് എനിക്ക് ഈ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്നു അവരിരുവരും എണ്ണമറ്റ തവണ പറയാതെ പറഞ്ഞിരുന്നു …
പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് ആശ തിരിഞ്ഞു നോക്കിയപ്പോൾ ഗിരിയായാണ്!!!!!!
കുറച്ചുമുമ്പ് മുറ്റത്തു ഒരു വാഹനത്തിന്റെ ശബ്‌ദം കേട്ടിരുന്നുവെങ്കിലും ഗിരി ആയിരിക്കുമെന്ന് വിചാരിച്ചരുന്നില്ല!!!!!!!…
കുറച്ചു നേരം അവർ മതിവരാതെ പരസ്പരം നോക്കി നിന്നു... മൗനമായി കലഹിച്ചു... പിന്നെ ആ നിശബ്ദദയിൽ തന്നെ പരസ്പരം ക്ഷമ ചോദിച്ചു....
ഗിരി ആശയുടെ അടുത്തേക്ക് ചെന്നു അവരുടെ കണ്ണുലേക്കു നോക്കി പതുക്കെ പറഞ്ഞു "നിങ്ങൾ കാരണം ഞാൻ ചീത്ത കേട്ടതിനു കണക്കില്ല…സമാധാനമായില്ലേ ഇപ്പോൾ" എന്തിനെന്ന ആശയുടെ മുഖഭാവം കണ്ടയാൾ തുടർന്നു:
"നിങ്ങൾക്ക് മാത്രമാല്ലല്ലോ കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിയുള്ളതു….നിങ്ങൾ വീട്ടിൽ നിന്നും പിണങ്ങി പോയതിൽ പിന്നെ എനിക്ക് വീട്ടുകാർ സമാധാനം തന്നിട്ടില്ല….മുതിർന്നതിനു ശേഷം എന്റെ അമ്മ എന്നെ ഇങ്ങനെ വഴക്കു പറഞ്ഞിട്ടില്ല..."
"അവരുടെ ഒക്കെ വിചാരം ജ്യോതിയാണ് നമുക്കിടയിലെ പ്രശ്നമെന്നു ...….അതൊന്നും നമുക്കിടയിൽ ഒരു വിഷയമേ അല്ലെന്നു ഞാൻ പറഞ്ഞിട്ടു ആരും വിശ്വസിക്കുന്നില്ല!!!….. നമ്മൾ വഴക്കിട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ അതൊക്കെ പിണങ്ങാൻ ഒരു കാരണമാണോ എന്നാണ് അവരുടെ ചോദ്യം!!!!!"..
ഗിരി അയാളുടെ അച്ഛന്റെയും അമ്മയുടെയും സ്വഭാവഗുണങ്ങൾ കിട്ടിയിട്ടുള്ള മകനാണ്...അവരുടെ ജീവിതം കണ്ടും മനസ്സിലാക്കിയുമാണ് അയാൾ വളർന്നത്...അയാളെ എത്ര ജ്യോതിമാർ എപ്പോഴൊക്കെ, ഏതൊക്കെ രീതിയിൽ വിളിച്ചു സംസാരിച്ചാലും, ആശക്കു അയാളെളെപ്പറ്റി അങ്ങനെ ഒരു പരാതിയോ ആശങ്കയോ ഇല്ല..... അത് അയാൾക്കും നല്ല ബോധ്യമുണ്ട്….
കലഹിക്കുവാനും സ്നേഹിക്കുവാനും പരസ്പരം താങ്ങായിരിക്കാനും അവർക്കു അവർ മാത്രമേ ഉള്ളുവെന്നു അവരെന്നേ മനസ്സിലാക്കിയാണ്!!!!
കുറച്ചു നേരം അവരിരുവരും പിന്നെയും മൗനമായി നിന്നു. ഒരു തമാശ കലർന്ന സ്വരത്തിൽ പതുക്കെ ഗിരി ചോദിച്ചു "താൻ എന്തു കൈവിഷമാണ് എന്റെ അമ്മക്ക് കൊടുത്ത്? അതിൽ ബാക്കിയുണ്ടെകിൽ കുറച്ചു എനിക്കും തരു!!!!"..
മറുപടിയൊന്നും പറയാതെ, ആശയുടെ കണ്ണുകൾ വീണ്ടും ചുവപ്പൻ ഗ്രഹത്തെ തിരഞ്ഞു മുകളിലേക്കു പോയി... ..ചൊവ്വാഗ്രഹം മുന്നിൽ വരാൻ മടിച്ചു മേഘക്കൂട്ടത്തിൽ മറഞ്ഞു നിന്നു.....
ആശയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഗിരി അയാളുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല ഊരി ആവരുടെ ഒഴിഞ്ഞ കഴുത്തിൽ ഇട്ടുകൊടുത്തു പറഞ്ഞു .. "ഇതിന്റെ പേരിലും കുറേ ചീത്ത കിട്ടി"….പിന്നെ പുഞ്ചിരിച്ചു ശബ്ദം താഴ്ത്തി അവളുടെ ചെവിയിൽ ചുണ്ടകൾ ഉരസി പറഞ്ഞു…….
"എന്നെ ഡിവോഴ്സ് ചെയ്യുമ്പോൾ തിരികെ തന്നാൽ മതി" …..
പിന്നെ അയാളുടെ കൈകൾ, അയാൾ തന്നെ അറിയാതെ അവരെ സ്പർശിച്ചു തുടങ്ങി...ഏതു നിമിഷവുമായാളുടെ നെഞ്ചോട് ചേർക്കപ്പെടുവാനായി ആശ കണ്ണുകൾ പതുക്കെ അടച്ചു…..
പത്തു വർഷങ്ങൾപ്പുറം, അതേ പടിക്കെട്ടിൽ ആശയുടെ മടിയിൽ തല വച്ചു കിടന്ന ഒരു രാത്രിയിൽ, അവരുടെ കഴുത്തിൽ ഇട്ടിരുന്ന മാല മുഖത്ത് ഉരസി അലോസരപ്പെടുത്തിയപ്പോൾ, ഗിരി അന്വേഷിച്ചു,
"ഇതെനിക്ക് തിരിച്ചു തരാൻ സമയമായില്ലേ?"
അപ്പോൾ ചൊവ്വ ഗ്രഹത്തെ കണ്ടെത്താൻ, ആകാശത്തേക്കു കണ്ണും നട്ടു പരതിക്കൊണ്ടിരുന്ന ആശ, അലസമായി മറുപടികൊടുത്തു "ഡിവോഴ്സ് ചെയ്യുമ്പോൾ തിരികെ തന്നാൽ മതിയെന്നല്ലേ പറഞ്ഞത്? അത് ചെയ്യുമ്പോൾ തരാം".


By: Anitha Shankar @ Nallezhuth FB group

Image may contain: 1 person, smiling, indoor

നഷ്ടങ്ങൾ

Image may contain: 1 person, selfie and closeup
"ദേവ്, നീ ഒന്ന് ചെന്ന് സംസാരിക്കു…...അല്ലെങ്കിൽ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടാണ് നീ ഇങ്ങനെ പെരുമാറുന്നതെന്ന് വിചാരിക്കില്ലേ?" ഫ്രൈഡ് റൈസിനുള്ള അരി കുക്കറിൽ വയ്ക്കുന്നതിനിടയിൽ ദിവ്യ പിന്നോട്ട് നോക്കി അവർ രണ്ടുപേരും കേൾക്കാൻ മാത്രം ശബ്ദം താഴ്ത്തി ഒന്ന് കൂടി പറഞ്ഞു..
മൂന്നാമത്തെ തവണയാണ് ദിവ്യ ഇതു ദേവിനോട് പറയുന്നത്..... കിച്ചണിലെ കോഫി ടേബിളിൽ മറ്റൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ സൂക്ഷമായി ക്യാരറ്റ് ചെറിയ കഷണങ്ങൾ ആക്കി കൊണ്ടിരുന്ന ദേവ് അവസാനം വാ തുറന്നു... ..നിസ്സഹായതയോടെ പറഞ്ഞു..
"എനിക്ക് തോന്നുന്നില്ല അമ്മ"…പിന്നെ ഒന്ന് തലതിരിച്ചു സ്വീകരണ മുറിയിലേക്ക് ഒന്ന് പാളി നോക്കി ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു "എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ..."
ഇനി പറഞ്ഞിട്ടുമൊരു കാര്യമില്ലന്നു ദിവ്യക്കു തോന്നി… മനസ്സിനിഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യണ്ട എന്ന് ദിവ്യയാണ് അവനു പഠിപ്പിച്ചു കൊടുത്ത്, ആരൊക്കെ എന്തൊക്കെ പറഞ്ഞു നിർബദ്ധച്ചാൽ കൂടി... ..അതിനി മാറ്റി പറയാൻ പറ്റില്ല.
ശാന്തമ്മ തൂക്കലും തുടക്കലും ഒക്കെ കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോൾ ഫ്രൈഡ്റൈസ്‌ ഉണ്ടാക്കാനുള്ള ബാക്കി ജോലികൾ അവരെ ഏൽപ്പിച്ചു ദിവ്യ കുളിച്ചു റെഡിയാകാൻ മുറിയിലേക്ക് പോയി….സ്വീകരണ മുറിയിലെ അതിഥിക്ക് നാരങ്ങാ വെള്ളം ഉണ്ടാക്കാൻ കൂടി പറഞ്ഞേൽപ്പിച്ചിട്ടു…
ശനിയാഴ്ച ദിവസം ദിവ്യക്കു തിരക്കു കൂടുതലാണ്….അവർ ജോലി ചെയ്യുന്ന നഗരത്തിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ നാല് ബാച്ചുകൾ ക്ലാസ്സെടുക്കാനുണ്ട്..
ഡ്രസ്സ്ചെയ്തു വന്നപ്പോഴേക്കും ദേവ്‌ ഒരു ബൗളിൽ ഫ്രൈഡ്റൈസുമായി ദിവ്യയുടെ പുറകെ കൂടി...പ്രിപ്പറേഷൻ നോട്സും അവർക്ക് കൊണ്ട് പോകാനുള്ള പ്രിന്റൗട്സ് മൊക്കെ എടുക്കുന്ന തിരക്കിലും കുറച്ചു സ്പൂണുകൾ അവളുടെ വായിൽ വച്ചുകൊടുത്തു..സ്വീകരണ മുറിയിലെ അതിഥി അതൊക്കെ കണ്ടുകൊണ്ടു എന്നാൽ കണ്ടില്ലെന്നു നടിച്ചു ദിവ്യയുടെ ഇളയ മകളോടൊപ്പം അയാളുടെ ടാബ്ലെറ്റിൽ ഗെയിം കളിച്ചുകൊണ്ടിരുന്നു. അയാൾ കുട്ടികൾക്കായി കൊണ്ടുവന്ന പായ്ക്കറ്റുകൾ ഒരു അരികിൽ ആരാലും ശ്രദ്ധിക്കാതെ കിടന്നു......
ദിവ്യ മകനോടും മകളോടും ശാന്തമ്മയോടും യാത്ര പറഞ്ഞു തിടുക്കപ്പെട്ടിറങ്ങി..ദേവ്‌ ഫ്രൈഡ് റൈസ് ഒരു ചെറിയ ടിഫിൻ ബോക്സിൽ ആക്കി ദിവ്യയുടെ ബാഗിൽ വച്ചിട്ട് പറഞ്ഞു..
"അമ്മ, ഇന്നാണ് ഓപ്പൺ ഹൌസ് ...ഞാൻ പറഞ്ഞിട്ടുണ്ട് ടീച്ചറിനോട് അമ്മക്ക് വരാൻ പറ്റില്ലെന്ന്… ബ്രേക്ക് ടൈമിൽ ഒന്ന് വിളിച്ചാൽ മതി…."
ദിവ്യ മറവിയെ ശപിച്ചു ലിഫ്റ്റിന് കാത്തു നിൽക്കാതെ പടിക്കെട്ടിറങ്ങി പോയി..
ടീച്ചറിന് ദേവിനെയും ദിവ്യയെയും പിന്നെ അവരുടെ കാര്യങ്ങളും നന്നായി അറിയുന്നത് കൊണ്ട് പി ടി എ മീറ്റിംഗിന് വരണമെന്ന് ഒരിക്കലും നിർബന്ധം പറഞ്ഞിട്ടില്ല..അവന്റെ പഠന കാര്യങ്ങളിൽ ദിവ്യക്കോ അധ്യാപകർക്കോ നല്ലതല്ലാത്ത ഒന്നും പറയാനില്ല .. കഴിഞ്ഞ തവണ ക്ലാസ് ടീച്ചർ കണ്ടപ്പോൾ പറഞ്ഞത് ഇ ങ്ങനെയാണ്
"അവനെ കുറിച്ച് ഒന്നും ഞങ്ങൾക്ക് പറയാനില്ല …..ഇത്രയും മെചുർഡ് ആയ ഒരു കുട്ടിയെ ഈ പ്രായത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല….പതിമൂന്നു വയസ്സിൽ അവൻ മുപ്പതു വയസ്സുള്ളതു പോലെയാണ് അവൻ പെരുമാറുന്നത്..എല്ലാം കണ്ടറിഞ്ഞു ചെയ്തോളും..ദിവ്യയുടെ ഭാഗ്യമാണ് അവൻ "
അതെ, വലിയ ഭാഗ്യമാണ് ദിവ്യയ്ക്ക് അത് നല്ല ബോധ്യമുണ്ട്...ജീവിതത്തിലെ നിനച്ചിരിക്കാതെ സംഭവിച്ച വലിയ ഒരു ദൗർഭാഗ്യം രൂപപ്പെടുത്തി എടുത്ത ഭാഗ്യം...
ദേവ് എന്ന എട്ടാം ക്ലാസ്സുകാരൻ ഒരു ഗൃഹനാഥനെപ്പോലെ അല്ലെങ്കിലതിനേക്കാൾ ഉത്തരവാദിത്തവും പക്വ്വതയും കാണിക്കുന്നുണ്ട്.. ചിലതൊക്കെ സാഹചര്യങ്ങൾ അവനെ പഠിപ്പിച്ചതും ചിലതൊക്കെ സ്വയം മനസ്സിലാക്കി ചെയ്യുന്നതുമാണ്‌ ...
അവർ ഒറ്റക്കായി ശേഷം, ദിവ്യക്കു അവന്റെ അച്ഛൻ ചെയ്തിരുന്ന പോലെ ഒരിക്കലും കുടിച്ച ചായ കോപ്പുകൾ വീടിന്റെ പല മൂലകളിൽ നിന്നും ഒരിക്കലും പെറുക്കി എടുക്കേണ്ടി വന്നിട്ടില്ല..മുഷിഞ്ഞ തുണികൾ അന്വേഷിച്ചു റൂമുകൾ തോറും കയറി ഇറങ്ങേണ്ടി വരുന്നില്ല..അതൊക്കെ കൃത്യമായി മെഷീനിൽ അലക്കുകയും ഉണങ്ങിയവ കബോർഡിൽ മടക്കിവയ്ക്കുകയും ചെയ്തിരുന്നു.......
രാത്രിയിൽ ക്ലാസ്സുകഴിഞ്ഞു വൈകി എത്തി തിരക്കിട്ടു അടുക്കളയിൽ കയറുമ്പോൾ ചപ്പാത്തിക്കുള്ള മാവു കുഴച്ചു മൂടിവച്ചിരിക്കും..പച്ചക്കറികൾ അറിഞ്ഞോ കുക്കറിൽ പരിപ്പ് വേവിച്ചോ വച്ചിരുന്നു..രാവിലെ സ്വയം റെഡിയാകുന്നതിനൊപ്പോം രണ്ടാം ക്ലാസുകാരിയായ അനിയത്തിയേയും അവൻ റെഡിയാക്കി ..പുറത്തേക്കു പോകുമ്പോൾ വീട്ടിലെ സ്വിച്ചുകൾ എല്ലാം അണച്ചെന്നും ഡോർ ലോക്കുചെയ്തിട്ടുണ്ടെന്നും അവൻ ഉറപ്പു വരുത്തി..
ദിവ്യ പോയിക്കഴിഞ്ഞപ്പോൾ ഉടൻതന്നെ ദേവ് മുറിയിൽ കയറി കതകടച്ചു...സ്വീകരണ മുറിയിലെ അതിഥി അപ്പോഴും ദേവിനോട് സംസാരിക്കാൻ വെമ്പി അവൻ റൂമിൽ നിന്നും പുറത്തേക്കു വരുന്നതും കാത്തു മകളോട് സംസാരിച്ചു കൊണ്ടിരുന്നു..
വീട്ടിൽ നിന്നിറങ്ങിയിട്ടും ദിവ്യയുടെ മനസ്സിനെ അയാളുടെ നിസ്സഹായമായ നോട്ടം കുത്തി നോവിച്ചു കൊണ്ടിരുന്നു...സത്യത്തിൽ ദിവ്യക്കു അയാളുടെ വേദന മസ്സിലാക്കാൻ പറ്റുന്നുണ്ട്...
വെറുപ്പിന്റെയും ദേഷ്യത്തിന്റെയും അഗ്നിപർവ്വതങ്ങൾ ഒക്കെ പൊട്ടിയൊലിച്ചു പോയിട്ടു വളരെ നാളായി ...കാലപ്പഴക്കത്തിൽ ലാവാ ചാരമായി പരിണമിക്കുന്നതു പോലെ സഹതാപത്തിന്റെ ചെറിയ മൊട്ടക്കുന്നുകൽ അവരുടെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.....
ഡിവോഴ്സ് ആഴി രണ്ടു വർഷമായിട്ടും മുടങ്ങാതെ എല്ലാ മാസവും അവർക്കുള്ള തുക അക്കൗണ്ടിൽ കൃത്യമായിട്ട് വരുന്നുണ്ട്,..എല്ലാ രണ്ടാഴ്ച കൂടുമ്പോളും വളരെ ദൂരത്തു നിന്നും അവരെ കാണാൻ വരുന്നു.....
എന്നിട്ടും ഓരോപ്രാവശ്യവും നിരാശയോടെ അയാൾക്ക്‌ മടങ്ങേണ്ടി വരുന്നു ….ഓരോ വരവിലും അയാളാഗ്രഹിക്കുന്നതു ഒന്ന് മാത്രമെന്ന് ദിവ്യക്കു അറിയാം..
പതിനൊന്നു വയസ്സ് വരെ അച്ഛന്റെ അടുത്ത് നിന്നും മാറാത്ത മകൻ..ആദ്യമായി പറഞ്ഞ വാക്ക് പോലും "അച്ഛാ"... എന്നാണ്. ഉണ്ണാനും ഉറങ്ങാനുമൊക്കെ അച്ഛൻ തന്നെ വേണമെന്ന് വാശിപിച്ചിരുന്ന ഒരു കുട്ടി..അവൻ എത്ര പെട്ടന്നാണ് മാറിപ്പോയത്..
ഡിവോഴ്സ് എന്ന തീരുമാനം അവസാനമായി ഉറപ്പിക്കുന്നതിനു മുൻപ് ദിവ്യ അവനോടു മാത്രം ചോദിച്ചു..
അടച്ച മുറിയിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് എത്രമാത്രം ഉൾക്കൊള്ളാൻ പറ്റുമെന്ന് ആലോചിക്കാതെ ..
അച്ഛന് കൂടെ ജോലി ചെയ്യുന്ന ഒരുസ്ത്രീയുമായി ഒരു ബന്ധം ഉണ്ടെന്നും അവരിൽ ഒരു കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്നും അവനോടു പറഞ്ഞു..പഴയതു പോലെ ഒരിക്കലും സ്നേഹത്തോടെ അവന്റെ അച്ഛന്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്നും എന്നാൽ അവനു ഇഷ്ടമില്ലെങ്കിൽ ഡിവോഴ്‌സിന് സമ്മതിക്കില്ലെന്ന് പറഞ്ഞു..
ദേവ് പറഞ്ഞത് "അമ്മ നിങ്ങള്ക്ക് തോന്നുന്നത് മാത്രം ചെയ്യൂ….എന്തായാലും ഞാൻ കൂടെയുണ്ട് "
ആ ദിവസം മുതൽ അവന്റെ തീരുമാനങ്ങൾ ആയിരുന്നു ദിവ്യയുടെ തീരുമാനങ്ങൾ..അവന്റെ ധൈര്യം ആയിരുന്നു ദിവ്യയുടെ ധൈര്യം..
തളർന്നു പോയപ്പോൾ ഒക്കെ അച്ഛനിൽ നിന്നോ സഹോദരനിൽ നിന്നോ കിട്ടാത്ത ധൈര്യം അവൻ കൊടുത്തു..ജീവിക്കാനായി ജോലിക്കു ശ്രമിച്ചു കിട്ടാതെ നിരാശപ്പെട്ടപ്പോൾ, സാമ്പത്തികമായി ബുദ്ധി മുട്ടിയപ്പോൾ, പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ ഒക്കെ താങ്ങും തണലും ആയത് അവനാണ്....
ചില മാസങ്ങളിൽ പുതിയായി വാങ്ങിയ ഫ്ലാറ്റിന്റെ ഇ എം ഐ അടക്കാൻ ബുദ്ധിമുട്ടിയപ്പോൾ ദിവ്യ അവനോടു ചോദിച്ചു അച്ഛൻ തരുന്ന പൈസ എടുക്കട്ടേ എന്ന്..അവൻ പറഞ്ഞു "വേണ്ടമ്മ നമുക്കതു വേണ്ട..അതവിടെ കിടക്കട്ടെ.."
അതെ അവഗണന ഓരോ പ്രാവിശ്യം അവന്റെ അച്ഛൻ വരുമ്പോഴും മനഃപൂർവ്വമല്ലെങ്കിലും അവൻ കാണിച്ചു തുടങ്ങി..പിന്നെ ഒരു പാട് അകന്നകന്നു പോയി..
"അച്ഛനെ നീ ഒരുപാടു സ്നേഹിച്ചിരുന്നതല്ലേ? പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നെതെന്നു? " അയാളുടെ വിഷമം കണ്ടു ഒരിക്കൽ ദിവ്യ ചോദിച്ചു
"അമ്മയും അച്ഛനെ ഒരുപാടു സ്നേഹിച്ചതല്ലേ, എന്നിട്ടു ഇപ്പോൾ പഴയപോലെ പറ്റുന്നുണ്ടോ?" എന്നായിരുന്നു അവന്റെ മറു ചോദ്യം...പിന്നെ ആരോടെന്നില്ലാതെ അവൻ പറയുന്നത് കേട്ടു "അമ്മയെ സ്നേഹിച്ചിരുന്ന അച്ഛനെയാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്"…….
അപ്പോഴൊക്കെ ദിവ്യക്കു അയാളോട് പറയണമെന്ന് തോന്നിയിട്ടുണ്ട് നിങ്ങൾ നഷ്ടപ്പെടുത്തിയത് എത്ര വലുതായിരുന്നു എന്ന് ഇ പ്പോൾ തിരിച്ചറിയുന്നുണ്ടോ? ആകർഷകമായ മറ്റൊരു സ്ത്രീ ശരീരത്തിന് വേണ്ടി ഒരു ആയുസ്സിന്റെ സ്നേഹം നഷ്ടപ്പെടുത്തിയല്ലോ!!!…..
പാർക്കിങ്ങിൽ വച്ചിരുന്ന സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നതിടയിൽ വീട്ടിലെ അഥിതി വൈകിയാണ് പോകുന്നതെങ്കിൽ ലഞ്ചു കൊടുക്കണമെന്ന് ശാന്തമ്മയോടു പറഞ്ഞില്ലല്ലോ എന്ന് ദിവ്യ ഓർമിച്ചു.
ശാന്തമ്മ ചിലപ്പോഴൊക്കെ ദിവ്യയോട് പറയാറുണ്ട് മക്കളൊക്കെ വലുതായി ഒരിക്കൽ പറന്നു പോകും..അന്ന് തനിച്ചാക്കാതിരിക്കാൻ ഒരു കൂട്ട് കണ്ടുപിടിക്കാൻ..അപ്പോഴൊക്കെ ദിവ്യ മനസ്സിൽ പറഞ്ഞു..
"പ്രായമാകുമ്പോൾ മക്കൾ അവരുടെ വഴി തേടിപ്പോകുന്നത് പ്രകൃതി നിയമമല്ലേ ? അങ്ങനെയല്ലേ വേണ്ടത്….?പിന്നെ ഒറ്റക്കായിപ്പോകുമ്പോൾ മകൾ ഓർത്തില്ലെങ്കിലും മകൻ ഓർക്കും...ഈ ലോകത്തിന്റെ ഏതൊരു കോണിലായാലും ദിവസത്തിൽ ഒരിക്കൽ ഒരു മിനിറ്റെങ്കിലും അവൻ എനിക്ക് വേണ്ടി മാറ്റിവയ്ക്കും..'അമ്മ എന്നൊരു വിളി എവിടെ നിന്നായാലും എന്നെ തേടി വരും ...അതിൽ കൂടുതൽ എന്താണ് വേണ്ടത്…?"
ദിവ്യ സ്കൂട്ടി മുന്നോട്ടെടുത്തു...അവർക്കിനിയും ചിന്തിച്ചു നില്ക്കാൻ സമയമില്ല...

Written by 
Anitha Shanker in Nallezhuth FB Group

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo