സ്കൂൾ വിട്ടു വരുന്ന വഴി, വീട്ടിന്റെ തൊട്ടു മുന്നിലെ വളവിൽ എത്തിയപ്പോൾ അതിരിൽ മേൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന ശാന്തേച്ചി എന്നെ നോക്കി അർത്ഥ ഗർഭമായി ഒന്നു ചിരിച്ചു….
ഗേറ്റ് തുറക്കുന്നതിനു മുൻപേ മുറ്റത്തെ കാർ കണ്ടു. അമ്മായി വന്നിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു അകത്തേക്ക് കയറിയപ്പോൾ, ഒരു മൂന്ന് വയസ്സുകാരി കുറുമ്പി ഓടിവന്നു ഒരു കള്ള നോട്ടം നോക്കി ....ബാഗിലെ ഒരു ചോകൊലെറ്റ് എടുത്തു നീട്ടിയത്, അവൾ തട്ടി പറിച്ചു അകത്തേക്ക് ഒറ്റ ഓട്ടം.
അമ്മായി വന്നു സ്നേഹത്തോടെ കൈ പിടിച്ച് കസേരയിൽ ഇരുത്തി…."നീയങ്ങു ക്ഷീണിച്ചു പോയല്ലോ" എന്ന് സങ്കടം പറഞ്ഞു, "ഗിരിജേ , ദേ പ്രിയ എത്തി, അവൾക്കൂടെ ഒരു ചായ എടുത്തോ " എന്ന് അകത്തേക്ക് നീട്ടി പറഞ്ഞു..
അമ്മായി സ്‌കൂളിലെ വിശേഷങ്ങൾ തിരക്കുന്നതിതിടയിൽ കൊണ്ടുവന്ന ഒരു കവർ എനിക്ക് നീട്ടി.....ബനാറസ് പട്ടു സാരികളാണ്...ഇപ്രാവശ്യം ഡൽഹിയിൽ നിന്നും വരുന്ന വഴി കാശിയിൽ പോയിരുന്നത്രെ…
"ഞാൻ നിനക്ക് ആദ്യം ലൈറ്റ് കളറാ എടുത്തേ...….ഇതു വിനയന്റെ സെലെക്ഷനാ …..അവനാ പറഞ്ഞെ നിനക്ക് ഡാർക്ക് കളറാ കൂടുതൽ ചേർച്ച എന്നു" .....അത് സന്തോഷത്തോടെ വാങ്ങി നന്ദി പറയുന്നതിനിടയിൽ അടുക്കളയിൽ നിന്നും രണ്ടു കണ്ണുകൾ അവളുടെ മുഖത്തേക്ക് നീണ്ടു വന്നത് കണ്ടില്ലെന്നു നടിച്ചു…
ആ കൊച്ചു കുറുമ്പി വന്നു അവളെ മുട്ടിയുരുട്ടിയപ്പോൾ പ്രിയ അവളെ എടുത്തു മടിയിൽ വച്ച് കൊഞ്ചിക്കാൻ തുടങ്ങി. അമ്മായി അതു കണ്ടു "ഗിരിജേ, ഒന്നിങ്ങോട്ടു നോക്കിക്കേ, മാളു അങ്ങനെ ആരോടും പെട്ടന്ന് അടുക്കാത്തതാ, പ്രിയയെ വല്യ ഇഷ്ടായി" എന്ന് അതിശയം വച്ച് പറഞ്ഞു … പിന്നെ ,ടി വി യിൽ നടന്നു കൊണ്ടിരുന്ന ഒരു സിനിമയിലേക്ക് അമ്മായിയുടെ കണ്ണുകൾ ഇടയ്ക്കു ഉടക്കിയപ്പോൾ "എന്തു നല്ല സിനിമയാ , എത്ര കണ്ടാലും മതിവരില്ലെന്നു" പറഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി..
ചായ കുടിക്കുന്നതിനു മുൻപ് കുളിച്ചു ഡ്രെസ്സ് മാറാൻ മുറിയിൽ ചെന്ന് ബാഗ് വച്ചപ്പോൾ മേശമേൽ കണ്ട ഒരു മാസിക, രണ്ടു ദിവസം മുൻപ് അതിനുള്ളിൽ അമ്മ കൊണ്ട് തന്നെ ഒരു ഫോട്ടോ അങ്ങനെ തന്നെ നോക്കതെ ഇരിപ്പുണ്ടുന്നു ഓർമിപ്പിച്ചു .…
ആ ഫോട്ടോ നീട്ടി അമ്മ പറഞ്ഞു "എടീ, ഇന്നലെ ബ്രോക്കെർ വന്നപ്പോ കൊണ്ടു വന്ന ആലോചനയാ ...ജിതിൻ എന്നാ പേര്, അവൻ ഗൾഫിൽ ഒരു കമ്പനിയിലാ ...നിന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു, അവൻ എന്നെ നേരിട്ട് വിളിച്ചു... ആ ചെക്കന്റെ പറച്ചിലും രീതിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു…ഒരു നേരെ വാ നേരെ പോ എന്ന മട്ട് ...
അവൻ ഇതിനു മുൻപും അവധിക്കു വന്നിട്ട് പെണ്ണ് കണ്ടിട്ടും ഒന്നും ശരിയായില്ല..കഷണ്ടി ഉള്ളത് കൊണ്ട് ചെന്ന് കണ്ടു കഴിയുമ്പോൾ അവനെ വേണ്ടെന്നു പറയുന്നത് കൊണ്ട്, നീ ഫോട്ടോ കണ്ടു ഇഷ്ടമായാൽ മാത്രം വന്നു കാണാം എന്നാ പറഞ്ഞെ ..
മോഡൽ സ്കൂളിലാ പഠിച്ചെന്നു പറഞ്ഞപ്പോ ഞാൻ ഇന്ദിര ടീച്ചറിനെ വിളിച്ചു ചോദിച്ചു...പത്താം ക്ലാസ്സിൽ അവന്റെ ക്ലാസ് ടീച്ചർ ആയിരുന്നു അവര്.....ടീച്ചർ പറഞ്ഞത് സ്വന്തം മക്കളെക്കാൾ, അവന്റെ സ്വഭാവത്തിന് അവർ ഗ്യാരന്റി എന്നാണ്...പിന്നെ പറഞ്ഞു അവർക്കു ഒരു മോളുണ്ടായിരുന്നെ അവനെ കൊണ്ട് കെട്ടിചെനെന്നു ...നീ ഇതു ഒന്ന് നോക്ക്…"
മുഖം വെട്ടിച്ചു ഫോട്ടോ നോക്കാതെ നടന്നപ്പോൾ, പതിവ് പോലെ "വയസ്സെത്രായി എന്ന് വല്ല വിചാരമുണ്ടോ?, നാണമില്ലേ ഇപ്പോഴും അവനെ വിചാരിച്ചിരിക്കാൻ?"തുടങ്ങിയ പതിവ് ബി ജി എം ഉച്ചത്തിൽ മുഴങ്ങി…
മേശമേൽ കൊണ്ടു വച്ച മാസികക്കുള്ളിലെ ഫോട്ടോ അതേപോലെ അവിടെ ഇരിക്കുന്നു..
അമ്മായി അടുക്കളയിൽ നിന്നും പ്രിയക്ക് ആലോചനകൾ ഒന്നും ശരിയാകുന്നില്ലേ? എന്ന് ചോദിക്കുന്നതു മുറിയിൽ നിന്നും അവൾ കേട്ടു...
അതിനു ഉത്തരം പറയാതെ, "വിനയന് ഇവിടേക്ക് സ്‌ഥലം മാറ്റത്തിന് ശ്രമിച്ചിട്ട് എന്തായി?" എന്ന് അമ്മ വിഷയം മാറ്റാൻ ചോദിക്കുന്നു ….
അമ്മയ്ക്കു ഈ ന്യൂസൊക്കെ ഇത്ര പെട്ടന്ന് എങ്ങനെ കിട്ടുന്നു? വിനയേട്ടൻ കേരളത്തിലേക്ക് എന്തിനാണ് സ്ഥലം മാറ്റത്തിന് നോക്കുന്നത് ? എന്ന് പ്രിയ മനസ്സിൽ ചോദിച്ചു ..
"ആ, ഇനി അവനും ഒരു പെണ്ണ് നോക്കി തുടങ്ങണം" അമ്മായി ദീർഘനിശ്വാസത്തോടെ കുറച്ചു കഴിഞ്ഞു ഉച്ചത്തിൽ ആണ് പറഞ്ഞത്….
കുളിച്ചു വസ്ത്രം മാറുമ്പൊൾ മനസ്സിനോടു മറക്കാൻ പറഞ്ഞ പ്രണയകാലം മുന്നിൽ തെളിഞ്ഞു വന്നു….യൗവ്വനത്തിലേക്കു എത്തും മുൻപേ മുറച്ചെറുക്കൻ എന്ന അധികാരത്തിലും വാക്കാൽ ഉറപ്പിച്ച ബന്ധത്തിന്റെ ഉറപ്പിന്മേലും നാട്ടിലും വീട്ടിലും മറയില്ലാതെ പ്രണയിച്ചു നടക്കാൻ പ്രിയയക്കും വിനയനും ഒരു ഉപാധികളും ഉണ്ടായില്ല.
പ്രണയത്തിന്റെ പുതിയ ആകാശങ്ങൾ കീഴാക്കാൻ വിനയൻ ധൃതി കാണിച്ചപ്പോൾ അതിൽ നിന്നും പ്രിയയെ പിന്തിരിപ്പിച്ചത് അവരിരുവരേയും ഒന്നിച്ചു കാണുമ്പോൾ അമ്മ നോക്കിയിരുന്ന ഒരു നോട്ടമാണ്...ആ വയറ്റിൽ പിറന്നത് കൊണ്ടു ആ നോട്ടത്തിന്റെ അർഥം ഒന്നും പറയാതെ തന്നെ പ്രിയയ്ക്കും, അവൾക്കത് മനസ്സിലാകുന്നുണ്ടെന്നു അമ്മയ്ക്കും അറിയാമായിരുന്നു….
ഡൽഹിയിൽ ബാങ്ക് ഉദ്യോഗസ്ഥനായപ്പോൾ ആണ് അയാൾ ഐ എ എസ് എന്ന ചെറുപ്പത്തിലെ മോഹം പൊടി തട്ടി എടുത്തു വാശിയോടെ പഠിച്ചു തുടങ്ങിയത്….ആദ്യത്തെ ശ്രമത്തിൽ തന്നെ അത് കൈപ്പിടിയിലുമാക്കി... വിനയൻ ഇത്ര പെട്ടന്ന് അത് നേടുമെന്ന് വീട്ടുകാരോ പ്രിയയോ എന്തിനു അയാൾ തന്നെ വിചാരിച്ചിട്ടുണ്ടവില്ല…
വിനയൻ ഐ എ സ് കാരൻ ആയപ്പോൾ രാഷ്ട്രീയക്കാരും പ്രമാണിമാരും ഒരു ഐ എ ആസ് കാരനെ മരുമകനായി കിട്ടാനുള്ള ആലോചനയുമായി വീട്ടിൽ വരി നിന്നു …
ആദ്യം അകന്നു തുടങ്ങിയത് വിനയേട്ടനായിരുന്നു…"പ്രിയ, അച്ഛനും അമ്മയ്ക്കും എതിരായി ഞാൻ ഇതു വരെ ഒന്നും ചെയ്തിട്ടില്ല...ഇതു അവരുടെ തീരുമാനമാണ്. നീ മനസ്സിലാക്കണം" എന്ന് പറഞ്ഞൊഴിയുമ്പോൾ ആകാശത്തോളം കെട്ടിപൊക്കിയ പ്രണയ ഗോപുരം പൊട്ടിവീണ പോലെ ആയി പ്രിയയ്ക്ക്…
"ഞങ്ങൾ ജാതങ്ങൾ നോക്കിയപ്പോൾ വേണ്ടത്ര പൊരുത്തമില്ല, അതുകൊണ്ടു ഈ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതല്ലേ രണ്ടു പേർക്കും മുന്നോട്ടു നല്ലതെന്നു" അമ്മയിയും
"എവിടെ എല്ലാം തീരുമാനിക്കുന്നത് അവൾ ആണെന്ന് ഗിരിജയ്ക്ക് അറിയാമല്ലോ, അവൾക്കു അവനു ജാതകപ്പൊരുത്തമുള്ള ഒരു ആലോചന ഉറപ്പിക്കണമെന്നാണ്.."എന്ന് അമ്മാവനും പറഞ്ഞൊഴിഞ്ഞു..
പ്രിയയുടെ സങ്കടം സഹിക്കവയ്യാതെ അമ്മ അവസാനമായി ഒന്നുകൂടി ഇതിനെ പറ്റി സംസാരിക്കാൻ ആണ് അന്ന് വിനയന്റെ വീട്ടിൽ ചെന്നത്...... അവരുടെ പെരുമാറ്റത്തിൽ അപമാനിതയായി തിരികെ എത്തിയ അവർ ഭദ്രകാളിയായി..
"വിനയനല്ലടീ അവൻ...ചതിയാനാ..ചതിയൻ. ആണുങ്ങളായാൽ പറഞ്ഞ വാക്കിന് വിലയും നട്ടെല്ലും വേണം ...നാണമില്ലെടീ , നിനക്ക് അങ്ങെനെ ഒരുത്തനെ ഓർത്തു കണ്ണീരൊഴുക്കാൻ....ഇനി ഒരു തുള്ളി കണ്ണീരു അവന്റെ പേരിൽ ഈ വീട്ടിൽ വീണാൽ ഞാൻ നിന്നെ ചൂലെടുത്തു അടിച്ചു പുറത്താക്കും" എന്ന് അന്ത്യാ ശാസനം നൽകി
'അമ്മ പറഞ്ഞത് പോലെ ചെയ്യുന്ന സ്വഭാവക്കാരി ആയതിനാൽ, അവർ അതുപോലെ ചെയ്യുമെന്ന് പേടിച്ചിട്ടാണ് അതുവരെ പരമ്പരയായി ദിവസവും സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന കണ്ണീർ സീരിയൽ പൊടുന്നനെ നിർത്തി പ്രിയ, "ജയ് ഹനുമാൻ", "ഓം നമഃശിവായ" തുടങ്ങിയ പുണ്യ പുരാണ പരമ്പരകൾക്ക് തുടക്കമിട്ടത്…
നാട്ടിലെ പ്രമുഖ വ്യവസായിയും കോൺട്രാക്ടറുമായ കരുണാകര മേനോന്റെ മകളെ വിനയൻ കൈപിടിക്കാൻ തീരുമാനിക്കുമ്പോൾ അതുവരെ വിനയന്റെ പെണ്ണ് എന്ന് എല്ലാവരോടും അഭിമാനപൂർവ്വം പരിചയപ്പെടുത്തിയിരുന്ന അമ്മായി, പ്രിയക്കു ഭർത്താവിന്റ അനന്തരവൾ എന്നും നമ്മുടെ ചാടിയറ സ്കൂളിലെ ടീച്ചർ എന്നൊക്കെയുള്ള പുതിയ പദവികൾ നൽകി…
കോൺട്രാക്ടറുടെ മകൾ കൊച്ചിനേയും വേണ്ട അതിന്റെ അച്ഛനേയും വേണ്ട എന്ന് പറഞ്ഞു, വിവാഹ മോചനവും നേടി പണ്ട് കൂടെ പഠിച്ച കാമുകന്റെ കൂടെ പോയതിനു ശേഷമാണു ചോറ്റാനിക്കരയിലും ഗുരുവായൂരിലും മാസാ മാസം തൊഴുതിരുന്ന അമ്മായിക്ക് നമ്മുടെ അമ്പലത്തിലെ ദേവിയെ ഓർമ്മ വന്നതെന്ന് അവർ ഓരോ പ്രാവശ്യവും അവർ വരുമ്പോൾ അമ്മ ദുസ്സൂചന വച്ചു പറഞ്ഞു...
കുളി കഴിഞ്ഞു ഈറൻ മാറി വന്നപ്പോൾ ആ മാസികയ്ക്കുള്ളിലെ ഫോട്ടോ ഒന്ന് കണ്ടാൽ കൊള്ളാമെന്നു തോന്നി...പേജുകൾ മറിച്ചെത്തിയത് ഒരു ജോടി തുറന്ന കണ്ണുകളിലേക്കാണ്….അതും ചുണ്ടിലെ ഒരു നേർത്ത പുഞ്ചിരിയും ചേർന്നപ്പോൾ ആ ഫോട്ടോയ്‌ക്കു അപ്പുറം എന്തോ ഒന്ന് മെല്ല മിടിക്കുന്നുണ്ടെന്നും തോന്നി…
അതിഥികൾക്കായി അമ്മയുണ്ടാക്കിയ പഴംപൊരി കൂട്ടി ചായ കുടിക്കുമ്പോൾ അമ്മായിയുടെ പരി ദേവനങ്ങൾ വീണ്ടും കേട്ടു…
"നാത്തൂനേ, ജാതകപൊരുത്തത്തിൽ ഒന്നും അല്ല കാര്യം ...ചേർച്ചയുള്ള മനസ് തന്ന്യാ കാര്യം….."അമ്മായിക്കു പണ്ടത്തെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ടല്ലോ എന്ന് പ്രിയ മനസ്സിൽ പറഞ്ഞു..
അതുകേട്ടു അമ്മയും ശരി വച്ച് " അത് തന്നയാ ചേട്ടത്തി….പിന്നെ വേണ്ടത് ചങ്കു കൊടുത്തു സ്‌നേഹിക്കുമ്പോൾ ഇടക്ക് ചതിച്ചിട്ടു പോയിക്കളയരുത്…" 'അമ്മ അമ്മായിയെ നല്ല പോലെ ഒന്ന് കുത്തി
"വിനയന് ഒരു പാട് ആലോചനകൾ വരുന്നുണ്ട്….രണ്ടാം കെട്ടുകാരികളെ ഒന്നും വേണ്ടാന്നാ അവനു….നമ്മളുടെ കാര്യങ്ങൾ ഒക്കെ അറിയാവുന്ന,പൊരുത്തപ്പെടാൻ പറ്റിയ ഒരു കുട്ടിയെ മതിയെന്നാ …."
'അമ്മ വീണ്ടും അത് ശരിവച്ചു " അത് തന്ന്യാ നല്ലതു ചേട്ടത്തി... അവനേം , മാളൂനെയും പൊന്നു പോലെ സ്നേഹിക്കുന്ന, നമ്മൾ നേരിട്ടറിയാവുന്ന ഒരു കുട്ടി ആകുന്നതാ ഇനി നല്ലതു…"
അമ്മ അതുപറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു കൊട്ട തീ കോരിയിട്ടതു പോലെയായി........
"വിനയനും പ്രിയയും പണ്ട് മുതൽക്കേ….." അമ്മായി അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അമ്മ ഇടയിൽ വീണു…
"ഞാൻ ആലോചിച്ചപ്പോൾ.....ചേട്ടത്തിയുടെ മൂത്തങ്ങളയുടെ ഒരു മോളില്ലേ...ആ ഓട്ടോ റിക്ഷാക്കാരന്റെ കൂടെ സ്കൂളിന് ഒളിച്ചോടിപ്പോയ….നെറ്റിലൊക്കെ ഫോട്ടോ വന്ന കുട്ടിയേ ... ..അവളെ നമുക്ക് വിനയന് ഒന്ന് ആലോചിച്ചാലോ …? അവളാകുമ്പോ ഒന്നാം കെട്ടും ആണ് നമുക്ക് അടുത്ത് അറിയുകേം ചെയ്യാം.." 'അമ്മ ഒരു ഉപദേശം കൊടുക്കുന്ന മട്ടിൽ ഗൗരവത്തിലാണ് പറഞ്ഞത്….
അമ്മായിയുടെ മുഖം ഒന്ന് കാണാൻ ചരിഞ്ഞിരിക്കുന്നതിതിടയിൽ അമ്മ വീണ്ടും ചോദിച്ചു…
"ചേട്ടത്തിയോടു വേറൊരു കാര്യം ചോദിയ്ക്കാൻ മറന്നിരിക്ക ആയിരുന്നു...നമ്മുടെ വിനയന്റെ പഴേ അമ്മായി അച്ഛനില്ലേ ..ആ കോൺട്രാക്ടർ....പുള്ളി വിജിലെൻസ് കേസിൽ ഒക്കെ പെട്ട് ജയിലിൽ ആയിന്നു കേട്ടു ….ജാമ്യം കിട്ടിയോ ഏടത്തി…?
അമ്മായിക്ക് ഇനി അമ്മ സംസാരിക്കാൻ ഇടം കൊടുക്കില്ലെന്ന് മനസ്സിലായി…
"പിന്നെ പ്രിയയ്ക്ക് ഇപ്പോ വന്ന ആലോചന ഉറച്ചാൽ നമുക്ക് രണ്ടും അടുപ്പിച്ചടുപ്പിച്ചു നടത്താം .. ദൂരെയുള്ള കുടുംബക്കാർക്കൊക്കെ സംബന്ധിക്കാൻ എളുപ്പവുമാകുമല്ലോ ….."
അമ്മ പതുക്കെ ഉഷാറായി വരുന്നേ ഉള്ളു...അമ്മയാരാ മോൾ !!!
ഏതൊക്കെ കേട്ട്, കൈയ്യുടെ പിന്നിൽ ഒന്ന് ഒളിപ്പിച്ചു അടുക്കളയുടെ വാതിൽ പടിയിൽ നിന്നും ഞാൻ ഉറക്കെ അമ്മയോട് പറഞ്ഞു "അമ്മേ , ജിതിനേട്ടൻ എന്നെ കാണാൻ വരുന്ന ദിവസം നേരത്തെ പറയണേ, സ്കൂളിൽ ലീവ് പറയാനുള്ളതാ ……"
ഒരിക്കൽ മാത്രം കണ്ട തുറന്നു പിടിച്ച കണ്ണുകൾ ഒരു പ്രയാസവുമില്ലാതെ വീണ്ടും മനസ്സിലെത്തിയപ്പോൾ ആണ് അമ്മ സൂചിപ്പിച്ച കറുത്ത നിറവും കഷണ്ടിയും ശ്രദ്ധിച്ചില്ലല്ലോ എന്ന് ഓർത്തത് …….
കാണാൻ ആരും ഇല്ലാത്ത "അൾക്കൂട്ടത്തിൽ തനിയെ" എന്ന ടി വി യിൽ നടന്നു കൊണ്ടിരുന്ന സിനിമ ഓഫാക്കി ഞാൻ തൊടിയിലെ അതിരിലേക്കു ഓടുബോൾ കഴിഞ്ഞ തവണ അമ്മായി തന്ന സാരി കൊടുത്തപ്പോൾ ശാന്തേച്ചിയുടെ "ഇച്ചിരൂടെ കളർ ഉണ്ടായെങ്കി നന്നായേനെ" എന്ന പരാതി ഇപ്രാവശ്യം ഉണ്ടാവില്ല എന്ന് തോന്നി...
By: Anitha Sankar @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക