കഥയും കഥാപാത്രങ്ങളും കഥാപശ്ചാത്തലവും തികച്ചും സങ്കല്പികമാണ് .ജീവിച്ചിരിക്കുന്നവരായോ മരിച്ചവരായോ യാതൊരു ബന്ധവുമില്ല.ഈ കഥ യാതൊരുവിധത്തിലും ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ വ്രണപ്പെടുത്തുന്നില്ല .ലോജിക്കുകൾ നോക്കാതെ കഥയെ കഥയായി മാത്രം കാണുക ..എന്നാൽ തുടങ്ങട്ടെ ..
"Nightmares exist outside of logic, and there’s little fun to be had in explanations; they’re antithetical to the poetry of fear "- unknown
-------------
കൊല്ലവര്‍ഷം 1899 ,കേരളത്തിലെ ഒരു മലയോരഗ്രാമത്തിലെ ഒരു രാത്രി
ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ചെമ്മണ്‍പാതയിലൂടെ ആ കുതിരവണ്ടി കുതിച്ചുപായാന്‍ തുടങ്ങിയിട്ട് അധികനേരമായില്ല.ഇരുട്ട് നിറഞ്ഞ ചെമ്മണ്‍പാതയിലെ വളവുകളും തിരിവുകളും കൃത്യമായി നിശ്ചയമുണ്ടായിരുന്ന ഹെൽഗ് റിക്കിനായിരുന്നു കുതിരവണ്ടിയെ മുന്നോട്ട് പായിച്ചത് .കുതിരവണ്ടിയിൽ ഹെൽഗിന്റെ പിറകിലായി ഇരുന്നിരുന്ന ഹെൽഗിന്റെ അച്ഛൻ അലക്‌സാണ്ടർ റിക്കിന്റെ മുഖത്തെ ഭയം കണ്ടപ്പോൾ കുതിരവണ്ടിയുടെ വേഗത കുറച്ചുകൊണ്ട് ഹെൽഗ് അലക്‌സാണ്ടറോട് ചോദിച്ചു
"അബ്ബാ നമ്മുടെ തീരുമാനം പിഴച്ചിട്ടില്ലല്ലോ? ഈ രാത്രിയോടെ അവന്റെ ശല്യം തീരുകയല്ലേ ? "
"പിഴച്ചിട്ടില്ല ഹെൽഗ് റബ്ബി പറഞ്ഞത് നീയും കേട്ടതല്ലേ ? രാത്രിയുടെ മൂന്നാം യാമത്തിൽ അവൻ ഉറക്കത്തിലേക്ക് വഴുതിവീഴും അപ്പോഴേ അവനെ ബന്ധസ്ഥനാക്കാനാകൂ " പിതാവിന്റെ ആ മറുപടി ഹെൽഗിന്റെ മുഖത്ത് സന്തോഷം നിറച്ചു അവൻ വീണ്ടും കുതിരവണ്ടിയുടെ വേഗതകൂട്ടി
ഒരു സിനഗോഗിന്റ മുന്നിലാണ് ഹെൽഗ് കുതിരവണ്ടി നിർത്തിയത് .അവരെയും കാത്തതുപോലെ ഒരാൾ സിനഗോഗിന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു
"റബ്ബി വന്ദനം " കാത്തുനിന്നിരുന്നയാളെ നോക്കി അലക്‌സാണ്ടർ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു
"മൂന്നുമണിയാകാൻ ഏതാനും മണിക്കൂറുകൾ മാത്രം.അതിനുമുന്നെ കാടുകയറി നമ്മുക്ക് അവന്റെ വാസസ്ഥലത്തെത്തണം " കുതിരവണ്ടിയിലേക്ക് കയറുന്നതിനിടയിൽ റബ്ബി അലക്‌സാണ്ടറോട് പറഞ്ഞു
ഹെൽഗ് കുതിരവണ്ടി സിനഗോഗിന്റെ മുന്നിൽ നിന്ന് പതിയെ മുന്നോട്ട് ചലിപ്പിച്ചു.ഇരുട്ടിന്റെ ശക്തിയെ ഭേദിക്കാനെന്ന പോലെ റബ്ബി കൈയ്യിലുണ്ടായിരുന്ന തനക്ക് എന്ന മതഗ്രന്ഥം നെഞ്ചോട് ചേർത്തുവെച്ച് ചില പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരുന്നു.
"യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള വളരെ പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ; അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ " ചലിക്കുന്ന കുതിരവണ്ടിയിലും കണ്ണുകൾ അടച്ചുകൊണ്ട് ഏകാഗ്രതയോടെ റബ്ബി പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരുന്നു.
ഏതാനും നിമിഷങ്ങൾ മുന്നോട്ട് നീങ്ങിയ കുതിരവണ്ടി ചെന്നുനിന്നത് ഒരു റബ്ബർ എസ്റ്റേറ്റിന്റെ ഗേറ്റിന്റെ മുന്നിലാണ്.ഗേറ്റിന് മുകളിലുണ്ടായിരുന്ന ഇരുമ്പ് ബോർഡിൽ 'റിക്കൻസ് ' എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
കുതിരവണ്ടിയിൽ നിന്ന് ആദ്യമിറങ്ങിയ ഹെൽഗായിരുന്നു എസ്റ്റേറ്റിന്റെ ഗേറ്റ് അലക്‌സാണ്ടറിനും റബ്ബിയ്ക്കും മുന്നിലായി തുറന്നുകൊടുത്തത്
"നമ്മുക്കിനി അധികം സമയമില്ല " ഇടതൂർന്ന് നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ അവർ മൂന്നുപേരും മുന്നോട്ട് നടന്നു
----------------------
ഇന്ന് , സമയം രാത്രി ഏഴുമണി
വലിയൊരു എസ്റ്റേറ്റിന്റെ മുന്നിൽ ഒരു ഇന്നോവ കാർ വന്നു നിന്നു. ആ കാറിനെ അനുഗമിച്ചെന്നതുപോലെ യമഹയുടെ രണ്ടു RX100 ബൈക്കുകളും എസ്റ്റേറ്റ് ഗേറ്റിന്റെ മുന്നിലായി പാർക്ക് ചെയ്തിരുന്ന കാറിന്റെ പിറകിലായി വന്നുനിന്നു
"ഇതാണ് ഞാൻ പറഞ്ഞ എസ്റ്റേറ്റ്..ഇവിടെയാണ് ഇന്നത്തെ ഷൂട്ടിംഗ്..എസ്റ്റേറ്റിന്റെ പിറകെയൊരു കാടാണ്..നമ്മുട കഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒരു സ്ഥലമാണ് ഈ എസ്റ്റേറ്റും അതിന്റെ പിറകിലെ കാടും..കാടിന്റെ അസാധ്യമായ ഫ്രെയിംസ് നമ്മുക്ക് ഇവിടെനിന്നും പകർത്താം "കാറിൽ നിന്നിറങ്ങിയ അല്പം ഫ്രീക്കനായ ഒരുത്തൻ അവന്റെ കുറ്റിത്താടിയിൽ കൈവെച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന അഞ്ചുപേരോടായി പറഞ്ഞു
"അർജുൻ അതിന് ഈ ഗേറ്റ് ലോക്കാണല്ലോ..അതിക്രമിച്ചു കടന്നാൽ പുലിവാലാകുമോ ? " എസ്റ്റേറ്റിന്റെ ഗേറ്റിന്റെ മുകളിൽ റിക്കൻസ് എന്നെഴുതിയിരിക്കുന്നതിലേയ്ക്ക് നോക്കികൊണ്ട് ശ്യാം അർജുനോടായി ചോദിച്ചു
"ഹേയ് ഇല്ല അളിയാ ഒരു പ്രശ്‌നവുമില്ല..പണ്ടെങ്ങോ കേരളത്തിൽ എത്തിപ്പെട്ട ജൂത ഫാമിലിയുടേതാണ് ഈ എസ്റ്റേറ്റ്..നമ്മൾ ഈ വഴിവരുമ്പോൾ മതിലിൽ റിക്കൻ ഫാമിലി എന്നെഴുതിയ വലിയൊരു ബംഗ്ലാവ് കണ്ടില്ലേ ? അവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ എസ്റ്റേറ്റ്..മാത്രമല്ല ഇതിന്റെ അവകാശികളൊക്കെ ലോകത്തിന്റെ ഏതൊക്കെയോ മൂലയിലാണ്..ഇവിടെയിപ്പോ അകയുള്ളത് ഈയിടെ മരണപ്പെട്ട ജോനാസ് റിക്കന്റെ ഭാര്യ മാർത്ത റിക്കനും അവരുടെ വേലക്കാരിയും ഒരു കാര്യസ്ഥനും മാത്രമേയുള്ളൂ..അവർക്കാണെങ്കിൽ ഈ എസ്റ്റേറ്റിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയുമില്ല " അർജുൻ ശ്യാമിനോടും കൂടെയുള്ളവരോടുമായി പറഞ്ഞു
"എന്നാലും അവരുടെ അനുവാദമില്ലാതെ ഇതിനകത്തേയ്ക്ക് കയറുന്നത് ? "ചോദിയ്ക്കാൻ വന്നത് മുഴുവനാക്കാതെ ബാലു അർജുനെ നോക്കി
"അളിയാ ബാലു,നമ്മുടെ ഷോർട്ട് ഫിലിമിന്റെ ബഡ്ജറ്റ് എത്രയാണെന്ന് നല്ല ബോധ്യമുണ്ടല്ലോ ? ഇരുപത്തയ്യായിരം രൂപയ്ക്ക് വിഷ്വൽ എഫക്ട്സ് ചെയ്യാനോ അല്ലെങ്കിൽ കാട് മുഴുവൻ സെറ്റ് ഉണ്ടാക്കാനോ കഴിയില്ല..ഇനി ഏതെങ്കിലും കാടുകളിൽ കയറി അതിന്റെ ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്താനാണെങ്കിൽ നിയമത്തിന്റെ നൂലാമാലകൾ ഒരു നൂറെണ്ണം നേരിടേണ്ടി വരും..ഇവിടെ നമ്മുക്ക് പത്തുപൈസ ചിലവില്ല ഒറ്റ സെക്യൂരിറ്റിക്കാരെയും ഭയപ്പെടേണ്ട..കേട്ടിടത്തോളം നമ്മുട കഥയ്ക്ക് വേണ്ട ആംബിയൻസ് എസ്റ്റേറ്റിന്റെ പിറകിലെ കാട്ടിൽനിന്നും നമ്മുക്ക് ലഭിക്കും "അത്രയും പറഞ്ഞുകൊണ്ട് അർജുൻ എസ്റ്റേറ്റിന്റെ ഗേറ്റ് തള്ളിത്തുറന്നു.പെയിന്റ് ശരിയായി അടിക്കാത്തതിനാൽ ഗേറ്റിന്റെ സിംഹഭാഗവും തുരുമ്പുപിടിച്ചിരുന്നു
"അധികം ഇരുട്ടാവുന്നതിന് മുൻപ് ഷൂട്ട് കഴിഞ്ഞു കാടിറങ്ങണം .. വേഗം ക്യാമറയും ട്രൈപ്പോഡും മൈക്കും എടുക്ക് "അർജുൻ ബാക്കിയുള്ളവരോടായി പറഞ്ഞു.അർജുന്റെ തീരുമാനത്തെ ശരിവെക്കും പോലെ അവന്റെ കൂടെയുള്ളവർ കാറിൽ നിന്ന് ക്യാമറയും മറ്റുള്ള ഉപകരണങ്ങളുമായി ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കാടിനെ ലക്ഷ്യമാക്കി നടന്നു
"ഇനിയും ഒരുപാട് ദൂരമുണ്ടോ " ഏകദേശം നടത്തം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടത്തിലെ വിഷ്ണു അർജുനോട് ചോദിച്ചു
"എനിയ്ക്കും വലിയ പരിചയമില്ല അളിയാ..ഞാനും ആദ്യമായാണ് ഇവിടേയ്ക്ക് വരുന്നത്..റബ്ബർ എസ്റ്റേറ്റ് കഴിഞ്ഞാൽ ഒരു അരുവി കാണാമെന്നും അതിന്റെ അപ്പുറമാണ് കാട് തുടങ്ങുന്നതെന്നാണ് അറിഞ്ഞത്"അർജുൻ അത്രയും പറഞ്ഞുകൊണ്ട് മുന്നോട്ടുള്ള നടത്തം തുടർന്നു
"നമ്മൾ എത്താറായി " ഏതാനും മിനിറ്റുകൾ മുന്നോട്ട് നടന്ന്,അവർക്ക് മുന്നിലൊരു അരുവി പ്രത്യക്ഷമായപ്പോൾ അർജുൻ കൂടെയുള്ളവരെ നോക്കി പറഞ്ഞു.
അർജുനെ അനുഗമിച്ചുകൊണ്ട് ബാക്കിയുള്ളവരും പതിയെ അരുവി മുറിച്ചുകടന്നുകൊണ്ട് കാട്ടിലേക്ക് കയറി .സമയം എട്ടരയോട് അടുത്തതിനാലും ചന്ദ്രന്റെ നുറുങ്ങുവെട്ടം ഇടത്തൂർന്ന് നിൽക്കുന്ന മരങ്ങളെ കവച്ചുവെക്കാൻ കഴിയാത്തതിനാലും കാടിനകത്തെ ഇരുട്ടിന് തീവ്രത വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു
"നമ്മുക്ക് കുറച്ചൂടെ നേരത്തെ വരാമായിരുന്നു ..ഇതിപ്പോ ഇരുട്ടത്ത് ഒന്നും കാണാനും കഴിയാത്ത അവസ്ഥയാണ് ..വല്ല പുലിയോ സിംഹമോ വന്നാൽ ? കാറിനകത്തെ ലൈറ്റെങ്കിലും എടുക്കാമായിരുന്നു " വിഷ്‌ണു കൂടെയുള്ളവരോടായി പറഞ്ഞു
"ഇത്രയും ദൂരം നടക്കേണ്ടി വരുമെന്ന് കരുതിയില്ല അറിഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ വരാമായിരുന്നു ..പിന്നെ നമ്മുട കഥയിൽ കാട്ടിലെ രംഗങ്ങൾ നടക്കുന്നത് രാത്രിയിലാണ്..പകൽ ആ ഷോട്ടുകൾ എടുത്ത് എഡിറ്റിംഗിൽ കളർ ചേർത്ത് രാത്രിയാക്കാൻ നോക്കിയാൽ ആ ഷോട്ടിനൊരു ഒറിജിനാലിറ്റി ഉണ്ടാവില്ല ..ഇത് നമ്മുടെ ഡ്രീം വർക്ക് അല്ലേടാ? അതൊരിക്കലും മോശമാണെന്ന് ആരും പറയാൻ പാടില്ല അതുകൊണ്ടാണ് പരിചയമില്ലാത്ത സ്ഥലമായിട്ടും ഇരുട്ട് വീണപ്പോൾ നമ്മൾ ഇവിടെ വന്നത്" അർജുൻ ആ പറഞ്ഞത് ബാക്കിയുള്ളവരെ ഉത്തേജിപ്പിക്കുന്ന തരത്തിലായിരുന്നു.അവരുടെ മുഖത്ത് സന്തോഷവും അഭിമാനവും മാറിമറഞ്ഞുകൊണ്ടിരുന്നു
"പിന്നെ ഈ കട്ടിൽ പുലിയും സിംഹവും മണ്ണാങ്കട്ടയുമില്ല ..യഥാർത്ഥത്തിൽ ഈ കാടിന്റെ ഒരു ഭാഗം വെട്ടിത്തെളിച്ച്, റബ്ബർ മരങ്ങൾ നട്ടുപിടിപ്പിച്ച് റിക്കൻ ഫാമിലി കൈയ്യേറിയ ഭൂമിയാണ് നമ്മൾ നേരത്തെ കണ്ട റിക്കൻസ് റബ്ബർ എസ്റ്റേറ്റ് ..അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട അളിയാ ഞാനല്ലേ പറയുന്നത് " അർജുൻ വിഷ്ണുവിനും ബാക്കിയുള്ളവർക്കും ധൈര്യം നൽകിക്കൊണ്ട് അവർ നടത്തം തുടർന്നു.അതുകേട്ടപ്പോൾ
പെട്ടെന്നാണ് വലിയ ശബ്ദത്തിൽ ഒരു ഇടിവെട്ടിയത് അതിനുപുറകേ തുടരെത്തുടരെ മിന്നലും മഴയും പെയ്യാൻ തുടങ്ങി .അപ്രതീക്ഷതമായ പെയ്യാൻ തുടങ്ങിയ മഴ അതുവരെ അവർക്കുണ്ടായിരുന്നു സന്തോഷത്തെയും മൊത്തമായി ഇല്ലാതാക്കുന്നതായിരുന്നു
"അർജുൻ മഴ ശക്തമാകാൻ തുടങ്ങി നമ്മുക്ക് ക്യാമറയിലും ബാക്കിയുള്ള ഉപകരണങ്ങളിലും മഴവെള്ളം വീഴാതെ അവ സുരക്ഷിതമാക്കണം "അതീവ ഗൗരവത്തോടെ ശ്യാം അർജുനോടായി പറഞ്ഞു.അർജുൻ വേഗത്തിൽ തന്നെ പരിസരത്തേയ്ക്ക് കണ്ണോടിച്ചു
"ദാ അവിടെ " കുറച്ചകലെയായി ഭാഗികമായി തകർന്ന ഒരു വീടുനോക്കി അർജുൻ ശ്യാമിനോടായി പറഞ്ഞു.അത്രയും പറഞ്ഞശേഷം അർജുൻ ആ വീടുനോക്കി അതിവേഗം ഓടുകയും ബാക്കിയുള്ളവർ അവനെ പിന്തുടർന്ന് ആ വീടിനകത്തേക്ക് കയറുകയും ചെയ്തു
മേൽക്കൂരയുടെ ഭൂരിഭാഗവും തകർന്ന ഒരു ഓല വീടായിരുന്നു അത്.ആ വീടിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് കാലപഴക്കം ഹേതുവായി തകരാതെ ബാക്കിയുണ്ടായിരുന്നുള്ളൂ.മേൽക്കൂരയുടെ ഭാഗങ്ങൾ നിലംപൊത്തിയതിനാൽ കുറച്ചു കഷ്ടപ്പെട്ടാണ് അവർ ആ വീടിനകത്തേയ്ക്ക് കയറിയത് .ശേഷം ക്യാമറയും മറ്റുള്ള ഉപകരണങ്ങളും മഴവെള്ളം വീഴാത്ത വീടിന്റെ ഉമ്മറം പോലെ തോന്നിച്ച ഭാഗത്തേയ്ക്ക് അവർ മാറ്റിവെച്ചു
"ഈ കാടിനകത്ത് ഇങ്ങനെയൊരു വീട് ? അല്പം വിചിത്രമായി തോന്നുന്നില്ലേ ? "ബാലു അർജുനോടായി ചോദിച്ചു
"മഴ നനയാതിരിക്കാൻ ഈ കാടിനകത്ത് ഒരു വീട് കിട്ടിയതിൽ നിനക്ക് വല്ല പ്രോബ്ലമുണ്ടോ ബാലു ? നിങ്ങൾ എന്തിനെയും ഏതിനെയും സംശയത്തോടെ നോക്കിയാൽ .."അർജുൻ മുഴുവനാക്കാതെ അല്പം ഗൗരവത്തോടെ ബാലുവിനോട് പറഞ്ഞു.
ഗൗരവത്തോടെയുള്ള അർജുന്റെ മറുപടികേട്ടപ്പോൾ പിന്നീട് കുറച്ച് നേരത്തേയ്ക്ക് ആരുമൊന്നും സംസാരിച്ചില്ല.മഴ അപ്പോഴും നിലക്കാതെ പെയ്തുകൊണ്ടിരുന്നു.അർജുൻ പതിയെ ആ വീടിന്റെ അകത്തേയ്ക്ക് നടന്നു.അകത്തേയ്ക്ക് നടന്നപ്പോൾ വീടിന്റെ മേൽക്കൂരയൊക്കെ തകർന്നതിനാൽ മഴവെള്ളം നേരിട്ട് അവന്റെ ദേഹത്ത് പതിക്കുന്നുണ്ടായിരുന്നു.വീടിന്റെ ഭിത്തിയുടെ ഭാഗങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു വീടിനകം മണ്ണുകൊണ്ട് നിറഞ്ഞിരുന്നതിനാലും മഴവെള്ളം നേരിട്ട് പതിക്കുന്നതിനാലും വീടിന്റെ അകം ചെളികൊണ്ട് നിറഞ്ഞിരുന്നു
"ആഹ് .."നടത്തത്തിനിടയിൽ കാലിൽ എന്തോ തടഞ്ഞപ്പോൾ വേദനയോടെ അർജുൻ ശബ്ദിച്ചു.അർജുന്റെ ഒച്ചക്കേട്ടപ്പോൾ ബാക്കിയുള്ളവരും അവിടേയ്ക്ക് ഓടിയെത്തി.അർജുൻ അപ്പോഴേക്കും കാലിനടിയിലെ മണ്ണിൽ തടഞ്ഞത് തിരയാൻ ശ്രമം നടത്തി.അവൻ ചെളി നിറഞ്ഞ മണ്ണ് കൈകൊണ്ട് നീക്കിയശേഷം മണ്ണിനടയിൽ അവന്റെ കാലിൽ തടഞ്ഞ സാധനത്തിൽ കൈവെച്ചു.എന്നിട്ടത് സർവ്വശക്തിയോടെ മണ്ണിനടയിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെടുത്തു
----------------------
അതെ ദിവസം ,രാത്രി
വളരെ വേഗത്തിലാണ് അയാൾ ഹെയർപിന്നുകൾ തിരിച്ചും വളച്ചും കാർ മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നത്.തെരുവ് വിളക്കുകൾ ആ റോഡിൽ ഇല്ലാത്തതിനാൽ കാറിന്റെ ലൈറ്റിന്റെ പ്രകാശം മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ.കാർ ഓടിക്കുന്നതിനിടയിലും അയാൾ ഇടക്കിടക്കായി വാച്ചിൽ സമയം നോക്കുന്നുണ്ടായിരുന്നു .
അയാൾ അടുത്ത ഹെയർപിന്ന് വളച്ചു കാർ മുന്നോട്ട് എടുത്തതും പെട്ടെന്ന് അയാളുടെ കാറിന് മുന്നിലേയ്ക്ക് ആരോ എവിടെനിന്നോ ചാടി.അയാൾ ദ്രുതവേഗത്തിൽ ബ്രേക്കിൽ കാലമർത്തി കാർ നിർത്താൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ അയാളുടെ കാർ മുന്നിലേയ്ക്ക് ചാടിയ ആളെ തട്ടിത്തെറിപ്പിച്ചു.കാർ തട്ടിയ ആൾ വായുവിലൂടെ ചെറുതായി ഒന്ന് പറന്നശേഷം കാറിന് കുറച്ചുമുന്നിലായി തെറിച്ചുവീണൂ
കാറിൽ നിന്നിറങ്ങിയ അയാൾ വേഗത്തിൽ തെറിച്ചുവീണ അയാളുടെ അടുത്തേയ്ക്ക് ഓടി.കാറിന്റെ ലൈറ്റിനെ മറഞ്ഞുനിന്നതിനാൽ തെറിച്ചുവീണയാളുടെ മുഖം വ്യക്തമായി അയാൾക്ക് കാണാൻ സാധിച്ചില്ല.
അയാൾ തെറിച്ചുവീണയാളുടെ കൈയ്യിൽ പിടിച്ചു പൾസ് നോക്കി.തുടിപ്പുകൾ ഇല്ലെന്ന് മനസ്സിലാക്കിയ അയാൾ ഭയത്തോടെ രണ്ടുചുവടുകൾ പിറകിലേക്ക് കാലുകൾവെച്ചു
പെട്ടെന്നാണ് യാന്ത്രികമായി അയാളുടെ കാറിന്റെ ലൈറ്റുകൾ അണയുകയും ഹോൺ നിർത്താതെ അടിക്കാൻ തുടങ്ങുകയും ചെയ്തത് .ചുറ്റം എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ അയാൾ കാറിനെ തിരിഞ്ഞുനോക്കിയതും ഹോൺ നിശബ്ദമാവുകയും ലൈറ്റ് വീണ്ടും പ്രകാശിക്കാൻ തുടങ്ങുകയും ചെയ്തു.
"മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ടു അമർത്താമോ?
അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? ഹ ഹ ഹ "
അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? ഹ ഹ ഹ "
ആരോ അട്ടഹസിക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി .അവിടെയതാ അല്പം മുൻപ് അയാളുടെ കാറിടിച്ചുവീണയാൾ റോഡിൽ എഴുന്നേറ്റ് നിൽക്കുന്നു
"ഹ ഹ ഹ " കാറിടിച്ചുവീണയാൾ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് വേഗത്തിൽ കാറോടിച്ചുവന്നയാളുടെ നേരെ വന്നശേഷം കൈകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന വലിയൊരു വാളുകൊണ്ട് അയാളുടെ വയറ്റിൽ ഒറ്റകുത്ത്.
അയാൾ സ്വപ്നത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു
"ചാർളി ? ആർ യൂ ഓക്കേ ? "
(തുടരും)
Written by Lijin John
Special Thanks - Jins Joseph
വാക്കുകളും അർത്ഥങ്ങളും
അബ്ബാ -അച്ഛൻ ,റബ്ബി -ജൂത മതപണ്ഡിതൻ ,സിനഗോഗ് -ജൂതപ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക