നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 19


രേണുക ഒന്നും മിണ്ടാതെ മോപ്പും എടുത്ത് തിരികെ അടുക്കളയിലേക്ക് പോയി.ശ്രീബാല അവിടെ ഉണ്ടെന്ന് സുമ അപ്പോഴാണ് ഓർത്തത്.അവർ അമളി പറ്റിയത് പോലെ ചിരിച്ചു.
"അത്..അത് വാട്ടർ ബോയ്ലറിന്റെ പൈപ്പ് ഇരിക്കുന്ന സ്ഥലം ആണ്...അതാ തുറക്കേണ്ടെന്ന് പറഞ്ഞത്.." സുമ പറഞ്ഞത് കള്ളമാണെന്ന് അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു..പിന്നീട് അവർക്ക് സംസാരിക്കാൻ വലിയ  താൽപ്പര്യം ഉള്ളതുപോലെ തോന്നിയില്ല.അതുകൊണ്ട് ശ്രീബാല കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി.
സുമയ്ക്ക്  ഇഷ്ടമുകുമോ എന്നറിയാത്തത്  കൊണ്ട് ശ്രീബാല അവരുടെ  ഭർത്താവിനെ പറ്റിയോ കുടുംബത്തെ പറ്റിയോ കൂടുതൽ ഒന്നും ചോദിച്ചില്ല.
ജിതേഷ് വന്നപ്പോൾ ശ്രീബാല അവനോട് താൻ സുമയെ പരിചയപ്പെട്ടതും അവരുടെ വീട്ടിൽ പോയതുമൊന്നും പറഞ്ഞില്ല.ഇനി ഇതറിഞ്ഞാൽ ജിതേഷ് അവളെ അങ്ങോട്ട്  പോവുന്നതിൽ നിന്നും എന്നെന്നേക്കുമായി വിലക്കുമോ എന്നായിരുന്നു അവളുടെ  പേടി .പിന്നീടുള്ള രണ്ട് ദിവസം ശ്രീബാല സുമയെ കണ്ടില്ല.അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനിടയ്ക്ക് താൻ ഒരു ശല്യമാവണ്ടല്ലോ എന്ന് കരുതി അവൾ സുമയുടെ വീട്ടിലേക്ക് പോയതുമില്ല.ഒരു ദിവസം രാവിലെ കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ശ്രീബാലയാണ് വാതിൽ തുറന്നത്.ഭോല അടുക്കളയിൽ ആയിരുന്നു.വാതിൽക്കൽ സുമയെ കണ്ടതും ശ്രീബാലയ്ക്ക് അതിയായ സന്തോഷം തോന്നി.അവൾ  അവരെ  അകത്തേക്ക് വിളിച്ചിരുത്തി.
"എന്തെ പിന്നീട് അങ്ങോട്ടൊന്നും കണ്ടില്ല?"സുമ ചോദിച്ചു.
"അത്..പ്രത്യേകിച്ചൊന്നുമില്ല.പിന്നീട് ഇറങ്ങാൻ സമയം  കിട്ടിയില്ല.."ശ്രീബാല കള്ളം പറഞ്ഞു.
"പിന്നീട് അങ്ങോട്ട്  കാണാതിരുന്നപ്പോ ഞാൻ ഓർത്തു എന്ത് പറ്റിയെന്ന്. എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയിട്ടുണ്ടാവുമോ എന്ന് വിചാരിച്ചു.അതാ ഞാൻ ഇങ്ങോട്ട്  വന്നത്.."സുമ പറഞ്ഞു.അവരുടെ മുഖത്ത് ശ്രീബാല പിന്നീട്  ചെല്ലാഞ്ഞതിന്റെ വിഷമവും പരിഭവും ഉണ്ടായിരുന്നു.
"അയ്യോ ഇഷ്ടക്കേടൊന്നും തോന്നിയിട്ടല്ല  അമ്മെ..അമ്മ ബിസി ആണെങ്കിൽ ശല്യപ്പെടുത്തണ്ട എന്ന്  കരുതിയാണ്  ഞാൻ വരാതിരുന്നത്.."ശ്രീബാല പറഞ്ഞു.പെട്ടെന്നാണ് താൻ അവരെ 'അമ്മെ' എന്നാണല്ലോ  വിളിച്ചതെന്ന് അവൾ ഓർത്തത്.
സുമയുടെ  കണ്ണുകൾ നിറഞ്ഞുവരുന്നത് ശ്രീബാല കണ്ടു.
"ഞാൻ അറിയാതെ വിളിച്ച് പോയതാണ്..ആന്റിയെ കാണുമ്പോ  എന്തോ എനിക്ക് എന്റെ  അമ്മയെ ആണ് ഓർമ്മ വരുന്നത് ..ക്ഷമിക്കണം."ശ്രീബാല പറഞ്ഞു.
"ഒരുപാട് നാളുകൾ കൂടിയാണ് ഇങ്ങനെ ഒരു വിളി കേൾക്കുന്നത്..വിളിച്ചതല്ലേ..ഇനി എന്തായാലും അങ്ങനെ തന്നെ വിളിച്ചാൽ  മതി.."സുമ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.ശ്രീബാല അവരെ വിഷമത്തോടെ നോക്കി ഇരുന്നു.
"ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.."ശ്രീബാല പറഞ്ഞു.
"വേണ്ട..മോള് സമയം കിട്ടുമ്പോ അങ്ങോട്ടിറങ്ങണം .ഇവിടെ എനിക്ക് മിണ്ടിയും  പറഞ്ഞുമിരിക്കാൻ വേറെ ആരും ഇല്ല.ആകെ കൂടി കിട്ടിയ ഒരു ഫ്രണ്ട് ആണ് മോള്.എനിക്ക് മോളെ  ഒരുപാട് ഇഷ്ടമാണ്...."സുമ പറഞ്ഞു.അവരുടെ കണ്ണുകളിൽ തളം കെട്ടി നിന്ന വിഷാദത്തിന്റെ കാരണം ചോദിക്കണം എന്നുണ്ടായിരുന്നു ശ്രീബാലയ്ക്ക് .പക്ഷെ അവൾ അത് വേണ്ടെന്ന് വെച്ചു.
"ഞാൻ ഇറങ്ങാം   അമ്മെ.." ശ്രീബാല അവർക്ക് ഉറപ്പ് കൊടുത്തു.സുമ യാത്ര പറഞ്ഞിറങ്ങി..
"അജ്നബിയോ കോ ഗർ കെ അന്ധർ മത് ബുലാവോ ബിട്ടിയാ.. സാബ് കോ യെ സബ് പസന്ത്‌ നഹി..(അപരിചിതരെ വീട്ടിനകത്തേക്ക് വിളിച്ച് കേറ്റാതെ  മോളെ..സാറിന് ഇതൊന്നും ഇഷ്ടമല്ല..)"സുമ പോയതും ഭോല അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു.
"അവര് പാവമാ ഭോലാ.നല്ലൊരു സ്ത്രീയാ.."ശ്രീബാല പറഞ്ഞു.ഭോല അതിഷ്ടപ്പെടാത്ത മട്ടിൽ അടുക്കളയിലേക്ക് പോയി.
ഭോല വിലക്കിയിട്ടും ശ്രീബാല മിക്ക ദിവസവും സുമയുടെ വീട്ടിൽ പോയി.ശ്രീബാലയ്ക്ക് സുമയോട് വല്ലാത്തൊരാത്മബന്ധം തോന്നിയിരുന്നു..ഒരിക്കൽ സുമ അമ്പലത്തിലേക്ക് പോവാൻ ശ്രീബാലയെ കൂട്ടിന് വിളിച്ചു..ജിതേഷിന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഭോല അവളെ തടഞ്ഞു.അതുകൊണ്ട് ജിതേഷിനോട് സുമയെ പരിചയപ്പെട്ട വിവരം ശ്രീബാല പറയാൻ തന്നെ തീരുമാനിച്ചു.കൂട്ടത്തിൽ അവരുടെ കൂടെ അമ്പലത്തിൽ പോവാനുള്ള അനുവാദവും ചോദിച്ചു.താൻ അവരോട് ബന്ധം സ്ഥാപിക്കുന്നതിൽ ജിതേഷിന് എതിർപ്പുണ്ടാവുമെന്നും അവൻ വഴക്ക് ഉണ്ടാക്കുമെന്നുമാണ് അവൾ വിചാരിച്ചത്.പക്ഷെ അവളെ ഞെട്ടിച്ചുകൊണ്ട് ജിതേഷ് സമ്മതം മൂളി.ശ്രീബാലയുടെ മുഖത്തെ സന്തോഷം അവൻ ആസ്വദിച്ചു. പിന്നീട് സുമയുടെ കൂടെ ആയിരുന്നു ശ്രീബാല അമ്പലത്തിൽ പൊയ്ക്കൊണ്ടിരുന്നത്.അവർക്ക് വരാൻ  കഴിയാത്ത ദിവസങ്ങളിൽ ഭോല അവളുടെ കൂടെ ചെന്നു.വേണിയെയും ശേഖരനെയും  വിളിച്ച് തനിക്ക് പുതിയ കൂട്ടുകിട്ടിയ വിവരം ശ്രീബാല സന്തോഷത്തോടെ അറിയിച്ചു..
ഒരിക്കൽ  ശ്രീബാല സുമയുടെ വീട്ടിൽ ചെന്നു.വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.അകത്ത് സുമ ആരോടോ സംസാരിക്കുന്നത് കേട്ടു.
"നീ പഴയതൊക്കെ ഇപ്പോഴും മനസ്സിൽ വെച്ചുകൊണ്ടിരിക്കുകയാണോ?അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെ..തെറ്റുകൾ  പറ്റാത്ത മനുഷ്യർ ഉണ്ടോ?"ഒരു പുരുഷ ശബ്ദം കേട്ടു.
"തെറ്റുകൾ! എത്ര നിസാരമായിട്ടാണ് നിങ്ങൾ പറഞ്ഞത്.നിങ്ങൾ ചെയ്ത തെറ്റുകളുടെ വലുപ്പം നിങ്ങൾക്ക് നല്ല വണ്ണം അറിയാം.ഇനി ഒരവസരം കൂടി കിട്ടിയാൽ നിങ്ങൾ പഴയതൊക്കെ വീണ്ടും ആവർത്തിക്കും ! "സുമയുടെ അമർഷം കലർന്ന സ്വരം കേട്ടു.
"കമ്മോൺ സുമ..ഡോണ്ട് ബി സില്ലി..ചെയ്തത് ഒക്കെയും തെറ്റാണെന്ന് ഞാൻ സമ്മതിച്ചല്ലോ..ഞാൻ ഒരു പുതിയ മനുഷ്യൻ ആയി തീർന്നുവെന്ന് നിനക്ക് തോന്നുന്നില്ലേ?"അയാൾ ചോദിച്ചു.
"പുതിയ മനുഷ്യൻ! നാണമില്ലേ നിങ്ങൾക്ക് എന്റെ മുൻപിൽ വന്നിതു  പറയാൻ..എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല.."സുമയുടെ സ്വരത്തിലെ പകയും വേദനയും അമർഷവും അവൾ കേട്ടു..
"അതിനൊക്കെയും ഞാൻ സോറി പറഞ്ഞല്ലോ.."അയാൾ കെഞ്ചി.
"സോറി പോലും! ഇംഗ്ലീഷിൽ അങ്ങനെ ഒരു വാക്കുള്ളത് കൊണ്ട് എന്ത് തെമ്മാടിത്തരവും കാണിച്ചിട്ട് എപ്പോ വേണമെങ്കിലും അതെടുത്ത് ഉപയോഗിച്ചാൽ ചെയ്ത വൃത്തികേടുകളൊക്കെ മാഞ്ഞു പോകുമെന്നാണോ വിചാരം ?" സുമയുടെ ശബ്ദം ഉയർന്നു.
"സുമ പ്ളീസ്..ഞാൻ നിന്റെ കാലു പിടിക്കാം.എനിക്ക് ഒരവസരം കൂടി തരണം.."അയാൾ കെഞ്ചി.
" ഇറങ്ങി പോവുന്നുണ്ടോ ഇവിടുന്ന്?അതോ ഞാൻ പിടിച്ച് പുറത്താക്കണോ?"സുമ അലറി.
"സുമ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.."അയാൾ വീണ്ടും കെഞ്ചുന്നു
"എനിക്കൊന്നും കേൾക്കണ്ട..ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് ഹിയർ!" സുമ ദേഷ്യം കൊണ്ട് വിറച്ചു!
"ച്ചി നിർത്തടി! നീ ആരെയാ ഗെറ്റ് ഔട്ട് അടിക്കുന്നത്?എന്നെയോ?ഈ എന്നെയോ?"അയാളുടെ കെഞ്ചുന്ന ശബ്ദം ഭീഷണിയുടെ സ്വരത്തിലേക്ക് വഴി മാറുന്നത് കേട്ട് ശ്രീബാല ഞെട്ടിപ്പോയി!
"ഇതും പറഞ്ഞോണ്ട് കാലം കുറെ ആയി ഞാൻ നിന്റെ പിന്നാലെ നടക്കുന്നു.എപ്പഴെങ്കിലും നിനക്ക് മനസ്സലിവ് തോന്നുമെന്ന് വിചാരിച്ചാ താണ് കേണു നിന്നത്.അപ്പൊ നീ എന്റെ തലയിൽ കയറാൻ  നോക്കുന്നോ?"അയാൾ മുരണ്ടു.
"ഒരു കാര്യം പറഞ്ഞേക്കാം..ഞാൻ കുറച്ച് സമയം കൂടി നിനക്ക് തരാം.അതിനുള്ളിൽ ആലോചിച്ച് എനിക്കൊരു മറുപടി തരണം.'നോ' എന്നാണെങ്കിൽ   നീയും നിന്റെ തന്തയും കൂടി വർഷങ്ങളായി  മൂടിവച്ച രഹസ്യം ഞാൻ അങ്ങ് പരസ്യമാക്കും..പിന്നെ അച്ഛനും മകൾക്കും വെളിയിലിറങ്ങി നടക്കാൻ പറ്റില്ല..ഓർത്താൽ നന്ന്!" അയാൾ പറഞ്ഞു.സുമയുടെ ശബ്ദമൊന്നും കേട്ടില്ല.അവർ കരയുകയാണെന്ന്  ശ്രീബാലയ്ക്ക് തോന്നി.
ദേഷ്യത്തിൽ  എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് പുറത്തേക്ക് വന്ന അയാൾ ശ്രീബാലയെ കണ്ടതും നിന്നു. ശ്രീബാല അയാളെ നോക്കി.ഫോർമൽ പാന്റും ഷർട്ടും ഇട്ട് കറുത്ത് തടിച്ച്  അറുപത് വയസ്സിനോടടുത്ത് പ്രായമുള്ള ഒരു മനുഷ്യൻ. കണ്ടാൽ വളരെ മാന്യൻ ആണ്.പക്ഷെ അകത്ത് നടന്ന സംസാരവും അയാളുടെ മുഖത്തെ ധാർഷ്ട്യവും എല്ലാം കൂടി ആയപ്പോൾ ശ്രീബാലയ്ക്ക് അയാളോട് വെറുപ്പ് തോന്നി.
ശ്രീബാലയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കൊടുങ്കാറ്റ് പോലെ അയാൾ വെളിയിലേക്ക് പാഞ്ഞു.അകത്ത് സുമയുടെ കരച്ചിൽ കേൾക്കാമായിരുന്നു.
ശ്രീബാല അകത്തേക്ക് ചെന്നതും സുമ അവിടെ നിലത്തിരുന്ന് കാൽമുട്ടിൽ തലവെച്ച് കരയുകയായിരുന്നു.ശ്രീബാലയ്ക്ക് അത് കണ്ട് കരച്ചിൽ വന്നു.അവൾ വേഗം അവരുടെ അടുത്ത് ചെന്ന് നിലത്തിരുന്നു.സുമ ശ്രീബാലയെ കെട്ടിപ്പിടിച്ച് കരഞ്ഞു.ശ്രീബാല അവരെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു…
അവൾ സുമയെ  പിടിച്ചെഴുന്നേല്പിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി. ശ്രീബാല അവരുടെ  കട്ടിലിനടുത്ത് ഒരു കസേരയിട്ട് അവരുടെ തലമുടിയിൽ വിരലൊടിച്ചുകൊണ്ടിരുന്നു.അവർ ശ്രീബാലയുടെ കൈകൾ മുറുകെ പിടിച്ച് മയങ്ങി.മയക്കത്തിനിടയിൽ അവർ ഏങ്ങൽ   അടിക്കുന്നുണ്ടായിരുന്നു..ശ്രീബാല കൈ അയക്കുമ്പോൾ സുമ  'മിന്നു' എന്ന് വിളിച്ചുകൊണ്ട് ശ്രീബാലയുടെ കൈകൾ ഒന്നുകൂടി മുറുകെ പിടിച്ചു.
സുമ  ഉറങ്ങി എഴുന്നേൽക്കുന്നത് വരെ ശ്രീബാല അതെ  ഇരിപ്പ് തന്നെ ഇരുന്നു.ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ അവർക്ക് കുറച്ച് ആശ്വാസം തോന്നി.
എന്താണ് പ്രശ്നം എന്ന് ശ്രീബാല  ചോദിച്ചില്ല.എന്നെങ്കിലും അവർ സ്വയം പറയുന്നെങ്കിൽ പറയട്ടെ എന്നവൾ കരുതി.സുമ വീണ്ടും നോർമൽ ആയി എന്ന് തോന്നിയപ്പോൾ ശ്രീബാല അവരോട് യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി.ശ്രീബാല ഇറങ്ങാൻ നേരം സുമ  ശ്രീബാലയുടെ കൈകളിൽ പിടിച്ചു.എന്താണെന്ന അർത്ഥത്തിൽ അവൾ അവരെ നോക്കി.സുമ ശ്രീബാലയുടെ  മുഖം പിടിച്ച് വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഒരുമ്മ  കൊടുത്തു.രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
"മിന്നു പൊക്കോ.."സുമ അവളോട് പറഞ്ഞിട്ട് കണ്ണുകൾ തുടച്ച് പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.ശ്രീബാല അവിടെ ഒരു നിമിഷം നിന്നിട്ട് തിരികെ വീട്ടിലേക്ക് നടന്നു..** വീട്ടിൽ ജിതേഷ് ഇല്ലാത്ത സമയം ശ്രീബാല ഇടയ്ക്ക് ഹരിയുടെ ഫോണിൽ വിളിച്ച് കൊണ്ടിരുന്നു.മിക്കപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു.ഒരിക്കൽ രാത്രി ജിതേഷ് ഉറങ്ങിയെന്ന്  ഉറപ്പ് വരുത്തിയ ശേഷം ശ്രീബാല ഫോണുമായി ബാത്‌റൂമിൽ കയറി.ഫോൺ ഓൺ ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ ഹരിയുടെ കാൾ വന്നു.
"ഹലോ ഹരിയേട്ടാ! "ശ്രീബാല സന്തോഷം കൊണ്ട് അല്പം ഉച്ചത്തിൽ വിളിച്ചു.പെട്ടെന്ന് അവൾ ശബ്ദം താഴ്ത്തി.
"സുഖമാണോ മോളെ നിനക്ക്?"ഹരിയുടെ ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എവിടായിരുന്നു ഇത്ര ദിവസം?എന്താ എന്നെ വിളിക്കാതിരുന്നത്?"ശ്രീബാലയുടെ സ്വരം ഇടറി.
"എന്റെ കാര്യം നിനക്ക് അറിയില്ലേ മോളെ..എന്റെ അളിയൻ എന്ത് പറയുന്നു? വേണി മോൾക്കും ഭർത്താവിനും സുഖമാണോ?നിങ്ങൾ അടുത്തടുത്താണോ  താമസിക്കുന്നത്?നീ അളിയന്റെ കൂടെ അതെ സ്കൂളിൽ ജോലിക്ക് ശ്രമിക്കുന്നുണ്ടോ?"ഹരി ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
ശ്രീബാല അത് കേട്ട് പൊട്ടിക്കരഞ്ഞു.
"എന്താ മോളെ?എന്തിനാ കരയുന്നത്?എന്തെങ്കിലും പ്രശ്നമുണ്ടോ?"ഹരി വെപ്രാളത്തോടെ ചോദിച്ചു.ശ്രീബാല ഒന്നും മിണ്ടിയില്ല.അവൾ തങ്ങളുടെ  പ്രശ്നങ്ങൾ പറയണോ  വേണ്ടയോ എന്ന് ആലോചിച്ചു.
"മോളെ.. സംസാരിക്ക്..എന്താ മോളെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഏട്ടനോട് പറയ്.അധിക നേരം സംസാരിച്ചുകൊണ്ടിരിക്കാൻ പറ്റില്ല.പോലീസ് എന്റെ പിന്നാലെ തന്നെ ഉണ്ട്..."ഹരി നിർബന്ധിച്ചു.
അത് കേട്ടതും ശ്രീബാല താൻ  പറയാൻ വന്നതത്രയും വിഴുങ്ങി.ഒരുപാട് പ്രശ്നങ്ങളുടെ നടുവിലിരുന്ന് നട്ടം  തിരിയുന്ന ഹരിയോട് തന്റെ  പ്രശ്നങ്ങൾ  കൂടി പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്കണ്ട എന്നവൾ വിചാരിച്ചു.
"ഒന്നുമില്ല..ഹരിയേട്ടനെ എന്നാ ഒന്ന് കാണാൻ പറ്റുക?"ശ്രീബാല ചോദിച്ചു.
"അതിനാണോ കരഞ്ഞത്?ഞാൻ പേടിച്ചു..ഞാൻ വരാം മോളെ.."ഹരി പറഞ്ഞു.
"ശരിക്കും?"ശ്രീബാല വിശ്വാസം  വരാതെ   ചോദിച്ചു.
"അതെ! ഞാൻ വരാം..നിന്റെ വീട്ടിലേക്കല്ല..നീ തന്നെ ഒരു സ്ഥലം പറയ്.."ഹരി പറഞ്ഞു.ശ്രീ ബാല ഒന്ന് ആലോചിച്ചു.
"ഹരിയേട്ടാ ഇവിടെ ഞാൻ എന്നും തൊഴാൻ പോകുന്ന ഒരമ്പലം ഉണ്ട്..ആർ.കെ പുരം എന്നൊരു സ്ഥലത്താണ്..അവിടേക്ക് വരാമോ?"ശ്രീബാല ചോദിച്ചു.
"നീ ഒറ്റയ്ക്കാണോ  വരുന്നത് ?"ഹരി ചോദിച്ചു.
"അല്ല..കൂടെ ആളുണ്ടാവും.."ശ്രീബാല ഭോലയേയോ  സുമയെയോ ആണ്  ഉദ്ദേശിച്ചത്.
"ഞാൻ നോക്കട്ടെ.ഉറപ്പ് പറയുന്നില്ല.ഇനി എപ്പോ വിളിക്കാൻ പറ്റുമെന്ന് അറിയില്ല.വിളിക്കാൻ ഞാൻ ഇനി ബാക്കി ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല..എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഞാൻ.വേറെ ആര്  വിശ്വസിച്ചില്ലെങ്കിലും എനിക്ക് കുഴപ്പമില്ല.പക്ഷെ അച്ഛൻ! അച്ഛനോട് പറയണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്.."ഹരിയുടെ ശബ്ദം ഇടറുന്നത്  ശ്രീബാല വേദനയോടെ കേട്ടു.അവൾക്കെന്തെങ്കിലും ചോദിക്കാൻ പറ്റും  മുൻപ് കാൾ കട്ട് ആയി.ശ്രീബാല പൈപ്പിന്റെ ചുവട്ടിൽ ഇരുന്ന് ഫോണും പിടിച്ച് കുറെ നേരം കരഞ്ഞു.പൈപ്പ് ഓഫ് ചെയ്ത്  ഫോൺ സാരിക്കിടയിൽ ഒളിപ്പിച്ച് വെളിയിലിറങ്ങി വന്നതും ജിതേഷ് അവിടെ കട്ടിലിൽ അവളെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു! താൻ അകത്ത് സംസാരിച്ചത് അവൻ  കേട്ട് കാണില്ല എന്ന് ശ്രീബാലയ്ക്ക് അറിയാമായിരുന്നു പക്ഷെ കണ്ണുകൾ ചുവന്ന്  കലങ്ങി ഇരിക്കുന്നത് കണ്ട് ജിതേഷ് എന്തെങ്കിലും ചോദിക്കുമോ എന്നായിരുന്നു അവളുടെ  ഭയം.അവൾ ജിതേഷിനെ നോക്കാതെ സോഫയിൽ പോയി കിടന്നു.കുറച്ച് കഴിഞ്ഞ്  ജിതേഷ് കിടന്നുകാണുമെന്ന് കരുതി അവൾ കണ്ണുകൾ തുറന്ന് നോക്കി.ജിതേഷ് ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവന്റെ മുഖത്തെ ഭാവമെന്തെന്ന് അവൾക്ക് മനസ്സിലായില്ല.
ശ്രീബാല ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടന്നു...***
ഹരി കാണാൻ വരാമെന്ന് പറഞ്ഞ ദിവസം ശ്രീബാല നേരത്തെ എഴുന്നേറ്റ് ഭോലയെ  അടുക്കളയിൽ സഹായിച്ചു.അന്നവൾക്ക് ഒരു പ്രത്യേക ഉന്മേഷം തോന്നി.വേണിയെയും ശേഖരനെയും വിളിച്ച് കുറെ നേരം സംസാരിച്ചു.
ഗിരിയെ പറ്റി  പറയുമ്പോൾ വേണിയുടെ  സ്വരം ആർദ്രമാകുന്നത് ശ്രീബാല ശ്രദ്ധിച്ചു.ഒരിക്കൽ ഹൃദയം തുറന്ന് സ്നേഹിച്ചതിന്റെ ഭവിഷ്യത്ത് അറിയാവുന്നത് കൊണ്ട് വീണ്ടും ചതിയിൽ പെടാതെ ശ്രദ്ധിച്ചോളണം എന്ന് ശ്രീബാല അവൾക്ക് താക്കീത് നൽകി.കാളിങ് ബെൽ ശബ്‌ദിച്ചപ്പോൾ ശ്രീബാല വാതിൽ തുറന്നു.സുമ അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.
ശ്രീബാല അവരെ അകത്തേക്ക് ക്ഷണിച്ചു.
ഭോലയോട് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ വിളിച്ച് പറഞ്ഞിട്ട് അവൾ അവരോട് സംസാരിച്ചു.
"കഴിഞ്ഞ ദിവസം  കുട്ടി വന്നപ്പോ..ഐ വാസ് എ മെസ്..അല്ലെ?"സുമ ജാള്യതയോടെ ചോദിച്ചു.
"സാരമില്ല അമ്മെ..പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടോ?എല്ലാവരും  അത് ഹാൻഡിൽ  ചെയ്യുന്നത് ഒരേപോലെ ആവണമെന്നില്ല.."ശ്രീബാല പറഞ്ഞു.
"ശരിയാണ്..പക്ഷെ എന്റെ പ്രശ്നങ്ങൾ വളരെ വലുതാണ് കുട്ടി.അല്ല എല്ലാവർക്കും  അങ്ങനെയേ തോന്നു.അവരവരുടെ പ്രോബ്ലെംസ് ആണ് വലുതെന്ന്.."സുമ വിഷമത്തോടെ ചിരിച്ചു.
"വൈകിട്ട് അമ്പലത്തിൽ പോവാം..ഒന്ന് തൊഴുത് വരുമ്പോൾ അമ്മയുടെ വിഷമങ്ങൾ എല്ലാം മാറും.."ശ്രീബാല അവരെ ആശ്വസിപ്പിച്ചു.
"ആയിക്കോട്ടെ..ഞാൻ റെഡി ആയിട്ട് പറയാം.."സുമ പറഞ്ഞു.ഭോല അവർക്കുള്ള കാപ്പി കൊണ്ടുവന്ന് ടേബിളിൽ വെച്ചിട്ട് തിരികെ പോയി.
കാപ്പി കുടിച്ചുകൊണ്ട്  സുമ  കുറച്ച്  നേരം എന്തോ ആലോചിച്ചിരുന്നു.ഫോണിൽ ആരുടെയോ മെസ്സേജ് വന്നതും അവരുടെ മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞു.അവർ കപ്പ് താഴെ വെച്ച് പെട്ടെന്ന് എഴുന്നേറ്റു.ശ്രീബാലയ്ക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല.അന്ന് കണ്ട ആ മനുഷ്യൻ ഭീഷണിയുമായി മെസ്സേജ് അയച്ചതാകാം എന്ന് ശ്രീബാലയ്ക്ക് തോന്നി.അവൾ പക്ഷെ  അതേപ്പറ്റി ചോദിച്ചില്ല.
"ഞാൻ വീട്ടിൽ പോയി കുറച്ച് റസ്റ്റ് എടുത്തിട്ട് വിളിക്കാം.."സുമ  പറഞ്ഞു.യാത്ര പറഞ്ഞ് അവർ അവിടെ നിന്നുമിറങ്ങി.അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി ശ്രീബാലയ്ക്ക് തോന്നി.കുറച്ച് കഴിഞ്ഞ്  ശ്രീബാലയ്ക്ക് സുമയുടെ കാൾ വന്നു.അവർക്ക്   അന്ന് എന്തോ അത്യാവശ്യം ഉള്ളതിനാൽ അമ്പലത്തിൽ കൂടെ വരാൻ പറ്റില്ല എന്ന് ശ്രീബാലയെ അറിയിച്ചു..
വൈകിട്ട് ശ്രീബാലയും ഭോലയും  അമ്പലത്തിൽ പോവാനായി ഒരുങ്ങി ഇറങ്ങി.രണ്ടുപേരും അമ്പലത്തിലേക്ക് നടന്നു.സുമ അന്ന് കൂടെ വരാത്തത് ഒരു കണക്കിന് നന്നായി എന്ന് ശ്രീബാലയ്ക്ക് തോന്നി.ഹരിയെ ഒറ്റയ്ക്ക് കാണണമെങ്കിൽ സുമ കൂടെ ഉണ്ടെങ്കിൽ പറ്റില്ല.ഭോല അറിയാതെ ഹരിയെ എങ്ങനെ നേരിൽ കാണും എന്ന് ഓർത്തു വിഷമിക്കുകയായിരുന്നു അവൾ.ഭോല അമ്പലത്തിനകത്തേക്ക് കയറില്ല.ഭോല അമ്പലത്തിന് വെളിയിൽ നിൽക്കുന്ന സമയം  ഹരിയെ അമ്പലത്തിനകത്ത് വെച്ച്  കണ്ട് സംസാരിക്കാനുള്ള സൗകര്യമുണ്ട്.പക്ഷെ അമ്പലത്തിനകത്ത് അത്രയും ആളുകൾ ഉള്ളത്കൊണ്ട് ഹരി അകത്തേക്ക്  വരുമോ എന്നും സംശയമാണ്.ഹരി ഡെൽഹിയിൽ തന്നെ ഉണ്ടോ എന്നും അറിയില്ല..
"തും ക്യാ സോച്ച് രഹെ ഹോ ബിട്ടിയാ?"(മോളെന്താ ആലോചിക്കുന്നത്?)ഭോല ചോദിച്ചു.
ശ്രീബാല അത് കേട്ടതായി തോന്നിയില്ല.
"എന്താ ആളോചിക്കുന്നത്?"ഭോല ശ്രീബാലയുടെ തോളിൽ തട്ടി വിളിച്ചു..
"ഏയ്..ഒന്നുമില്ല.."ശ്രീബാല പറഞ്ഞു.
"ജൂട്ട് മത്ത് ബോലോ..കോയി പരേഷാനി ഹേയ് ക്യാ?(കള്ളം പറയരുത്.എന്തെങ്കിലും പ്രശ്നം ഉണ്ടോ?)"ഭോല ചോദിച്ചു.
"ഇപ്പൊ ഉള്ള പരേഷാനി തന്നെ അധികം ആണ് ഭോലാ..എന്താകുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.."ശ്രീബാല പറഞ്ഞു.
"സബ് ടീക് ഹോ ജായേഗാ ബിട്ടിയാ..(എല്ലാം ശരി ആവും മോളെ..) "ഭോല പറഞ്ഞു.ശ്രീബാല ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.തന്റെ പ്രശ്നങ്ങൾ തനിക്കും ഈശ്വരനും അല്ലെ അറിയൂ..
ഭോലയോട് താൻ ഇറങ്ങി വരാൻ കുറച്ച് വൈകും എന്ന് പറഞ്ഞിട്ട്  ശ്രീബാല അമ്പലത്തിൽ കയറി.പ്രദക്ഷിണം വെയ്ക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ ശ്രീബാലയുടെ കണ്ണുകൾ അവിടെയെല്ലാം ഹരിയെ തിരയുകയായിരുന്നു.ഹരി ഇനി വേഷം മാറിയാവും വരിക എന്നവൾക്ക് തോന്നി.ശ്രീബാല പടിക്കെട്ടിൽ ആള് കുറവുള്ള ഭാഗത്തേക്ക് മാറി ഇരുന്നു.പൂജ കഴിഞ്ഞിട്ടും ഭജന തീർന്നിട്ടും നട  അടയ്ക്കാറായിട്ടും ഹരി വന്നില്ല.കഴിഞ്ഞ ദിവസം ഫോൺ വിളിച്ചപ്പോൾ ഹരി പറഞ്ഞ വാക്കുകൾ അവൾ ഓർത്തു.'ഫോൺ വിളിക്കാൻ ഇനി താൻ ബാക്കി ഉണ്ടാവുമോ എന്ന് പോലും അറിയില്ല' അത്രെ ..  ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.കാലുകൾക്കിടയിൽ മുഖം വെച്ച് അവൾ കരയാൻ തുടങ്ങി.ഹരി ജീവനോടെ തന്നെ ഉണ്ടാവണേ  എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.പെട്ടെന്ന് അവളുടെ തോളിൽ ആരോ കൈ വെച്ചു!
"ഹരിയേട്ടാ!" എന്ന് വിളിച്ചുകൊണ്ട് അവൾ മുഖം ഉയർത്തിയതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot