നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാലയവനികയ്ക്കപ്പുറം -.2 (അവസാന ഭാഗം)

Part 1:- https://www.nallezhuth.com/2019/07/blog-post_37.html
പടിഞ്ഞാറൻകാറ്റിൽ പാറിയ തന്റെ മുടികളൊതുക്കി അവരെന്നെ ചോദ്യ രൂപേണ നോക്കി .
ബാക്കി കഥ കൂടി കേൾക്കാനുള്ള എന്റെ ആകാംഷ കണ്ടിട്ടാവണം, അവർ തുടർന്നു
"ആ സ്ത്രീ പോയതോടെ പുള്ളിയും ബീവിയും അവിടെ താമസം തുടങ്ങി. അധികം വൈകാതെ അവർക്കൊരു മകൻ ജനിച്ചു. ഫൈസൽ...അക്കാലത്തു എല്ലാ ജാതിക്കാരും ജാതകം നോക്കുന്ന ഏർപ്പാടുണ്ടായിരുന്നു. അങ്ങിനെ നാട്ടിലെ പ്രസിദ്ധ കണിയാർ അവന്റെ ജാതകത്തിൽ നാടുവിട്ടു പോവാനുള്ള യോഗമുണ്ടെന്നു പറഞ്ഞതോടെ അബൂബേക്കർ ചിന്തയിലാണ്ടു. കണിയാർ ചില പരിഹാരങ്ങൾ പറയുകയും നാടുവിട്ട മകൻ കുറച്ചുകാലത്തിനുശേഷം തിരിച്ചെത്തുമെന്നും പറഞ്ഞത് അയാൾക്ക്‌ ആശ്വാസം പകർന്നു. അങ്ങിനെ
വിളഞ്ഞ ബുദ്ധിക്കാരനായ അബൂബേക്കർ
ഫൈസലിന് പതിനഞ്ച് തികഞ്ഞപ്പോൾ നാടുവിടാനുള്ള പ്രേരണ നൽകി ,അങ്ങിനെയാവുമ്പോൾ തന്റെ വാർദ്ധക്യത്തിൽ തിരിച്ചെത്തുമല്ലോ ...! കണിയാരുടെ പ്രവചനം അച്ചട്ടായി ... പക്ഷെ തിരിച്ചു വന്ന ഫൈസൽ കള്ളിനും കഞ്ചാവിനും അടിമയായെന്നു മാത്രം."
"ഹൊ ... ഒരോരോ യോഗങ്ങൾ ... "
ഞാൻ നെറ്റി ചുളിച്ചു. "ഫൈസൽ സർവ്വതും നശിപ്പിച്ച് കോട്ടവീട് വിറ്റ് കാണും അല്ലെ ..?"
"അതെ .. ബാപ്പ മയ്യത്തായതോടെ ഫൈസൽ കോട്ട വീട് ഒരച്ചായന് വിറ്റിട്ട് മാതിരിക്കുന്ന് കയറി .. അതിനു ശേഷം അവനെ ആരും കണ്ടിട്ടില്ല ."
"ഈ മാതിരിക്കുന്ന് ഒരു സംഭവമാണെല്ലോ ... അവിടെ കയറുന്നവരൊക്കെ എങ്ങോട്ടാണ് അപ്രത്യക്ഷമാവുന്നത് ..?
അച്ചായൻ ഇപ്പോ അവിടയില്ലേ ..?"
"അച്ചായനും ചേട്ടത്തിയും അവിടെ കുറേക്കാലം താമസിച്ചു , അച്ചായന്റെ മരണത്തോടെ ചേട്ടത്തി വീട് വിറ്റിട്ട് ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോയി ."
ഞാൻ വിസ്മയത്തോടെ ആ മുഖത്തേക്ക് നോക്കി ...
"എന്തുവാ നോക്കുന്നേ, ഇതാണ് അതിന്റെ യഥാർത്ഥ കഥ . നിങ്ങൾക്ക് എന്താ ഇതിനോട് ഇത്ര താൽപര്യം തോന്നാൻ കാരണം .. "
"ഏയ് ... ചുമ്മാ ഒരു കൗതുകം .. പിന്നെ എഴുതിയ ആളിനേം ഒന്നു കാണാമെല്ലോ ...! അസാദ്ധ്യമായി എഴുതി ട്ടോ ... ഉഗ്രൻഫീൽ .. നിങ്ങൾ ഒരു സംഭവം തന്നെ. ."
"ഓ ... നന്ദി , എഴുത്തിനോട് എനിക്ക് അത്ര താൽപര്യമൊന്നുമില്ല. വായനയോടാ കമ്പം .വീട്ടിൽ ഒരു ലൈബ്രറിയുണ്ട് .അച്ഛൻ തന്നത് .പിന്നെ തോന്നുമ്പോൾ എഴുതും അത്ര മാത്രം ... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥയാ ഇത്‌ .. കഥാപാത്രങ്ങൾ ഒക്കെ സാങ്കൽപ്പികം ആണ് ...വത്സല എന്നല്ല അവരുടെ പേര് , അത് ഞാനിട്ടതാ ....!
പിന്നെ കുന്നത്താശൻ പറഞ്ഞതുകൊണ്ടു മാത്രമാണ് നിങ്ങളെ കാണാൻ വന്നത് .പുള്ളി എന്റെ നല്ലൊരു ഫ്രണ്ടാണ് .
നിങ്ങളെങ്ങിനെയാ പരിചയം ....?"
"എനിക്ക് ഈ കറക്കം തന്നെയാ പരിപാടി .ഇടയ്ക്ക് ജോലി തേടി വിദേശത്തും പോയിരുന്നു .ഒരാറുമാസം ദമാമിൽ ഒരു ലോജിസ്റ്റിക് കമ്പനിയിൽ അക്കൗണ്ടൻറായിട്ട് .അതേ കമ്പനിയിൽ പുള്ളിക്കാരനും ഉണ്ടായിരുന്നു .ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം .എനിക്കീ കലാകാരൻമാരെ വല്ല്യ ഇഷ്ടമാ , പുള്ളി ചിത്രം വരയ്ക്കുന്നത് അതിശയത്തോടെ നോക്കി നിൽക്കുമായിരുന്നു ....!
പൊള്ളുന്ന ചൂടിൽ മണൽക്കാറ്റുകളെ നിഷ്പ്രഭമാക്കി വലിയ വലിയ കണ്ടെയ്നർ ലോറികളെ അനായാസത്തോടെ മെരുക്കി,
കിട്ടുന്ന ഇടവേളകളിൽ കോറിയിടുന്ന ചിത്രങ്ങൾ എന്നെ അമ്പരിപ്പിക്കാറുണ്ട്. പുള്ളിയുടെ കഥകളും വായിക്കാറുണ്ട് .അദ്ദേഹമാണ് നിങ്ങളുടെ കഥയുടെ ലിങ്ക് എനിക്ക് തന്നതും മറ്റു സഹായങ്ങൾ ചെയ്തതും ."
"നിങ്ങൾ കോട്ടവീട് കാണാൻ പോവുന്നുണ്ടോ ...? "
"പിന്നേ .... ഇത്രേടം വന്നിട്ട് ...? "
"എങ്കിൽ ഇത് വെച്ചോളൂ ... " അവർ ഒരു താക്കോൽക്കൂട്ടം എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു .. എന്റെ മുഖഭാവം കണ്ടിട്ടാവാം അവരൊന്നു ചിരിച്ചു .
"മിസ്റ്റർ ... ആ വീട് ഇപ്പോൾ എന്റെതാണ്. നിങ്ങൾ തുറന്നു കണ്ടോളൂ ... വേണമെങ്കിൽ ഇന്നവിടെ നിന്നിട്ട് നാളെ പോയാൽ മതി .. താക്കോൽ നാളെ ഞാൻ വാങ്ങിക്കോളാം ."
ശരിക്കും അമ്പരന്നു പോയി ഞാൻ .. കോട്ട വീട്ടിൽ ഒരു ദിവസം ... എന്റെ സ്വപ്നമായിരുന്നു അത് .
"ഒരു പാട് സന്തോഷം ...എങ്ങിനെ നന്ദി പറയണം എന്നറിയില്ല .നാളെ ഞാൻ മെസേജ് ഇടാം ."
,______ ________________ _____________
അസ്തമയകിരണങ്ങളിൽക്കുളിച്ച മാതിരക്കുന്ന്സുന്ദരിയായിരുന്നു .
ആകാംക്ഷയുടെ താഴ് തുറന്ന് എന്റെ വലംകാൽ കോട്ട വീട്ടിൽ പതിയുമ്പോൾ ജൻമാന്തരങ്ങളുടെ നൂലിഴകൾ ഊടും പാവും മുറുക്കി സ്വാഗതമോതിയിരിക്കാം .
വിശാലമായ സ്വീകരണമുറിയും വിസ്താരമേറിയ കിടപ്പറകളും എന്റെ ചലനങ്ങളിൽ സംശയം പൂണ്ടു, അലങ്കാര ദീപങ്ങൾ ചുമരിൽ തീർത്ത ചിത്രങ്ങൾ നിദ്രവിട്ടു പുഞ്ചിരി തൂകി.... കോട്ട വീട്ടിന്റെ ചരിത്രത്തിന് മൂകസാക്ഷിയായ നാഴികമണി തന്റെ സാന്നിദ്ധ്യമറിയിച്ചു .
സിഗരറ്റിന്റെ പുകച്ചുരുളുകൾ കോട്ട വീടിന്റെ മുക്കിലും മൂലയിലും എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ടായിരുനു ..
നടന്നുനടന്നു തളർന്നു ....!
പുറത്ത് രാത്രിയുടെ കമ്പളം പുതച്ച് മാതിരിക്കുന്നുറങ്ങുന്നു .. നിറഞ്ഞ നിശ്ശബ്ദതയെ വകഞ്ഞു മാറ്റി ഒരു നാണയം തറയിൽ വീണ് കറങ്ങിക്കറങ്ങി നിശ്ചലമായ പോലെ ..! എന്റെ ബോധമണ്ഡലത്തിന്റെ സീമകളിൽ ഒരു ചിറകടിനാദം .നാണയത്തിന്റെ ശബ്ദം കേട്ടത് മച്ചിൽ നിന്നാണ് .. നിശ്ശബ്ദമായ രാവിൽ വീണ്ടുമാ ശബ്ദം . ..!
മച്ചിലേക്ക് വലിഞ്ഞു കേറുമ്പോഴാണ് എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചത് , തികഞ്ഞ ഒരഭ്യാസിയെപ്പോലെ തട്ടിൽ കയറി നിന്നു ഞാൻ മുന്നോട്ടു നടന്നു . മൂന്നു പേർ കൂനിക്കൂടിയിരിക്കുന്നു .നടുക്ക് ഒരു ചാക്കിൽ നിന്നും നാണയങ്ങൾ പെറുക്കിയെടുത്ത് എണ്ണിത്തിട്ടപ്പെടുത്തുകയാണവർ .
"ഫ.. !! തെണ്ടിക്കൂട്ടങ്ങളെ,.. നിങ്ങളോട് പറഞ്ഞിട്ടില്ലേ ഒരെണ്ണം പോലും കളയരുതെന്ന് ..."
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ എന്റെ പുറകിലായി ഒരാജാനുബാഹു . മേൽമുണ്ടിന്റെ കരയിൽ സ്വർണ്ണവർണ്ണം വെട്ടിത്തിളങ്ങുന്നു. നിറഞ്ഞ ചന്ദ്രിക തോൽക്കുന്ന വദനസൗകുമാര്യം ...!
"ഒന്നു പെട്ടന്നാവട്ടെ ... ഇനിയും പത്തോളം ചാക്കുകൾ ബാക്കിയാണ് ,കാളവണ്ടികൾ എത്തിത്തുടങ്ങി ... രാവറുതിയ്ക്ക് മുമ്പേ പുറപ്പെടണം ."
നരസിംഹ കർത്ത .... ! എന്റെ ചുണ്ടുകൾ മന്ത്രിച്ചു .,
എന്നെ ശ്രദ്ധിക്കാതെ അദ്ദേഹം അവരുടെ അടുത്തേയ്ക്ക് നടന്നു നീങ്ങി ...
ഒരു നേർത്ത താരാട്ട്പാട്ടിന്റെ ശീലുകൾ കാതുകളെ തഴുകിക്കടന്നുപോയി .... ഒരു വേള ഞൊനൊന്നു നിന്നു ... ഇല്ല , ഇപ്പോൾ കേൾക്കാനില്ല .. കൂരിരുട്ടിൽ ഒരു പ്രകാശ നാളം കർത്തയ്ക്ക് നേരെ നടന്നടുക്കുന്നു .... ഒരു സ്ത്രീ രൂപം .. !
അവർ കർത്തയോട് എന്തൊക്കയോ അടക്കത്തിൽ പറയുന്നുണ്ട് .പക്ഷെ അദ്ദേഹം അനുകൂലമായ മറുപടിയല്ല പറയുന്നതെന്ന് തോന്നുന്നു . ഒടുവിൽ നിരാശയോടെ അവർ തിരിച്ചു വന്നു .. അവർ പക്ഷെ എന്നെ കണ്ടതും ഒന്ന് നിന്നു ...
അപ്പോഴാണ് ഞാനവരെ ശരിക്കും കാണുന്നത് ....! നറുനിലാവിൽ കുളിച്ച് സുന്ദരിയായ പ്രകൃതി പോലും തോൽക്കുന്ന ഉടലഴക് ...അഞ്ജന മിഴികളിലൊളിപ്പിച്ച ചൂണ്ടകൾ എന്നെ കൊത്തിവലിച്ചു. അഴിഞ്ഞുവീണ കേശഭാരം ഒന്നൊതുക്കി അവരെനിക്കായി ഒരു ചെറു പുഞ്ചിരിയേകി.
"നിങ്ങളെ എനിക്കറിയാം ,പക്ഷെ പേരറിയില്ല ....വത്സല എന്നു വിളിച്ചോട്ടെ ..?"
ഞാൻ ഭവ്യനായി ചോദിച്ചു. ..
"എന്റെ പേര് ഞാൻ തന്നെ മറന്നിട്ടേറെ നാളായി .. ഇപ്പോ പലരുമെന്നെ വത്സലയെന്നാണ് വിളിക്കാറ് . പക്ഷെ എത്ര നാളെന്നറിയില്ല . വായനയുടെ പുസ്തകത്താളുകളടയ്ക്കുമ്പോൾ വീണ്ടും ഞാനൊരു കഥാപാത്രം മാത്രമാവില്ലേ...?
എന്റെ കാമനകൾക്ക് വർണ്ണം പകരാൻ ഇനിയാരുമില്ല.... മുറ്റത്ത് കാത്തുനിൽക്കുന്ന
വണ്ടിച്ചക്രങ്ങളിൽ കിടന്ന് തിരിയാൻ പോവുന്നതെന്റെ ശിഷ്ടജീവിതമാണെന്നറിയാമോ ..?കാള കുളമ്പുകൾക്കിടയിൽ ഞെരിഞ്ഞമരും എന്റെയീ ജന്മം."
അവരുടെ നിശ്വാസങ്ങൾ എന്നിൽ വീണുടയുമ്പോൾ അബൂബക്കറിന്റെ അട്ടഹാസം എനിക്ക് കേൾക്കാമായിരുന്നു.എന്റെ കൈയ്യും പിടിച്ച് ചായ്പ്പിന്റെ മൂലയിൽ പതിഞ്ഞിരിക്കുമ്പോൾ ആ ഹൃദയതാളം എന്റെ ചുണ്ടുകളെ വിറകൊള്ളിച്ചു .. അവരുടെ കൊലുസ്സുകളോട് കഥ പറയവേ കവടിപ്പലകയിൽ നവഗ്രഹ സഞ്ചാരം തുടങ്ങിയിരുന്നു ...വ്യാഴത്തിന്റ പന്ത്രണ്ടാം ഭാവത്തിലൂടെ അലഞ്ഞുനടക്കുമ്പോൾ കഞ്ചാവിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധം നാസികയിൽ തുളഞ്ഞു കയറി.
നിമ്നോന്നതങ്ങളിൽ തട്ടിത്തടഞ്ഞു വീര്യംചോർന്ന ഞാനെപ്പോഴോ ഒന്നു മയങ്ങി... മാറിലരിച്ചിറങ്ങുന്ന അസ്വസ്ഥതകൾ എന്റെ ബോധമണ്ഡലത്തെ ശല്യംചെയ്യാൻ തുടങ്ങിയതോടെ ആ ശ്രമം ഉപേക്ഷിച്ചു...
"നമുക്ക് പോവാം..അന്യരുടെ ദാസിയായി നിൽക്കാൻ എനിക്കിനി വയ്യ....പ്രണയത്തിന്റെ രണ്ടാം പറുദീസയെനിക്കേകിയ ഈ നെഞ്ചിലെ ചൂടേനിക്കു വേണം...വരൂ"
എന്റെ കൈയ്യിൽ ആഴ്ന്നിറങ്ങിയ താമരദളങ്ങളെ പിഴുതുമാറ്റാൻ തോന്നിയില്ല....അവർക്കൊപ്പം നടക്കുമ്പോൾ കുറെ മിഴികളെന്നെ തുറിച്ചു നോക്കുണ്ടായിരുന്നു....കർത്ത, അബുബക്കർ,ഫൈസൽ....!!
കാളവണ്ടികൾ കിലുക്കത്തോടെ പാഞ്ഞുപോയി...അബൂബക്കറിന്റെ മയ്യത്ത് നിസ്കാരം ഒരുഭാഗത്തു നടക്കുന്നുണ്ടായിരുന്നു...
വത്സല നടക്കാൻ തുടങ്ങിയിരുന്നു....മാതിരിക്കുന്നിലേക്ക്...!
എന്റെ കൈയ്യും പിടിച്ചവർ കുന്ന് കയറാൻ തുടങ്ങി.. കാലുകൾ സ്വതന്ത്രമാവുന്ന പോലെ ... ഞാൻ പറക്കുകയാണോ ... അറിയില്ല ... കുറച്ചകലെ ഫൈസൽ ഇരിപ്പുണ്ട് ...ധൂപക്കൂടാരത്തിലേരിഞ്ഞടങ്ങാൻ തയ്യാറായി....പാവം ..!
ഞങ്ങൾ നടക്കും തോറും കുന്നിന്റെ ഉയരവും കൂടുന്നുണ്ടായിരുന്നു ... കോട്ട വീട് ഇപ്പോൾ ചെറുതാണ് .ആടിത്തീർന്ന വേഷങ്ങൾ തന്നിലേക്കാവിച്ച് ഒരു ചുവന്ന അഗ്നിഗോളം പോലെ അത് തിളങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ അതു നീലനിറമായി,വത്സലയിപ്പോൾ ഏറെ മുന്നിലാണ്...എന്നെക്കാണാഞ്ഞിട്ടാവാം ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി...
ആ ചുണ്ടുകൾക്കിപ്പോൾ നീല നിറമാണ് ....
ഞാറപ്പഴം തിന്നു നീലിച്ച ചുണ്ടുമായി വത്സലയൊന്നു ചിരിച്ചു. അമരക്കിളി പറയും പോലെ ഒരു യക്ഷിയെപ്പോലെ സുന്ദരിയായി...!
അവസാനിച്ചു.
✍️ശ്രീധർ.ആർ.എൻ
കടപ്പാട്...ചിത്ര

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot