നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 16


എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപേ രണ്ടു മൂന്ന് പേര് പുറകിലത്തെ മതില് ചാടി വന്ന് അവളെ എടുത്ത് പൊക്കി തിരികെ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.എന്നിട്ട് അടുക്കള വാതിൽ കുറ്റി  ഇട്ടു.വേണിയെ  മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിലേക്കിട്ടു.അവർ നാല് പേരുണ്ടായിരുന്നു!
അവരിൽ രണ്ട് പേരെ താൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ വേണിക്ക്  തോന്നി.കൃഷ്ണന്റെ  അമ്പലത്തിൽ പോവുന്ന വഴിക്ക് അവിടെ ചായക്കടയിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്.അവർ രണ്ട് പേരും ലോറി ഓടിക്കുന്നവർ ആണ്.ഗിരിയോട് ഇങ്ങോട്ട്  വന്ന് എന്തെങ്കിലും ഒക്കെ സംസാരിക്കും.പക്ഷെ ഗിരി അധികം ലോഹ്യത്തിന് പോവുന്നത് കണ്ടിട്ടില്ല.അപ്പോഴൊന്നും വൃത്തികെട്ട ഒരു നോട്ടമോ വർത്തമാനമോ ഒന്നും അവരിൽ നിന്നും അവൾക്കുണ്ടായിട്ടില്ല.അത് ഒരു പക്ഷെ ഗിരി കൂടെ ഉള്ളത് കൊണ്ടാവാം എന്നവൾക്ക് തോന്നി.
വേണി  ഭയന്ന്  വിറച്ചുകൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു.വായിലെ കെട്ടഴിക്കാൻ തുടങ്ങിയതും രണ്ട് പേര്   അവളുടെ കൈകളിൽ പിടിത്തമിട്ടു.അവളുടെ   കൈ രണ്ട് സൈഡിലുമായി വലിച്ച് പിടിച്ച് കട്ടിലിൽ ഭിത്തിയോട് ചേർത്ത് ഇരുത്തി.കട്ടിലിന്റെ മുൻപിൽ നിൽക്കുന്ന രണ്ടുപേരിൽ  ഒരാൾ ഒരു തമിഴൻ ആയിരുന്നു പിന്നെ ഒരു പയ്യനും.ആ പയ്യന് ഒരു പതിനേഴ് വയസ്സ് മാത്രമേ പ്രായമുണ്ടാവു എന്നവൾ വേദനയോടെ മനസ്സിലാക്കി.കൂട്ടത്തിൽ അവനാണ്  ആർത്തിയോടെ അവളുടെ  ശരീരം കണ്ണുകൾ കൊണ്ട് കൊത്തി  വലിക്കുന്നത്. തമിഴൻ  വേണിയുടെ അടുത്തേക്ക് വന്നു.
"ഇന്ത ഒരു ചാൻസിക്കാഹ്‌ എത്തനാ നാളാഹ  കാത്തിക്കിട്ടിറക്കിറതെന്ന്  തെരിയുമാ?എപ്പ പാത്താലും അന്ത മുട്ടാൽ ബോഡിഗാർഡ് മാതിരി ഉൻ കൂടവെ ഇരുന്തത്..കൊഞ്ചം അഡ്ജസ്റ്റ് പണ്ണിങ്ക ചെല്ലോം..എല്ലാം ശീക്രം  മുടിഞ്ചിടും.."തമിഴൻ പറഞ്ഞു.മറ്റുള്ളവരും തെലുഗിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വേണി കരഞ്ഞുകൊണ്ട് ഒന്നും ചെയ്യരുതേ എന്ന് അപേക്ഷിച്ചു.വാ മൂടിക്കെട്ടിയത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല..കൈ രണ്ടും പിടിച്ച്  വെച്ചിരുന്നത് കൊണ്ട് അവൾക്ക് എഴുന്നേൽക്കാൻ  കഴിഞ്ഞിരുന്നില്ല.വേണി  കുതറുകയും കാലുകൾ കട്ടിലിൽ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.കൂടെയുള്ള പയ്യനോട് കുറ്റി   ഇട്ടിരിക്കുന്ന മുൻ വാതിൽക്കൽ കാവൽ നിൽക്കണമെന്നും പുറത്ത് ആരെങ്കിലും വരുന്ന ശബ്ദം കേട്ടാൽ  സിഗ്നൽ തരണമെന്നും  പറഞ്ഞിട്ട് തമിഴൻ വേണിയുടെ അടുത്തേക്ക് നടന്ന്  ചെന്നു.അവൾ ഉറക്കെ അലറി.പക്ഷെ അത് വായിലെ തുണിയിലൂടെ ചെറിയ മൂളൽ മാത്രമായിട്ടാണ് പുറത്തേക്ക് വന്നത്.മുരുകേശന്റെ  അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടത്കൊണ്ട് കുട്ടൻ ഉടനെ എങ്ങും തിരികെ വരില്ല എന്ന് വേണിക്ക്  അറിയാമായിരുന്നു.ഗിരി ഇന്ന് വരവ് ഉണ്ടാവുമോ എന്ന്  തന്നെ അറിയില്ല.എത്തേണ്ട  സമയം ഒക്കെ കഴിഞ്ഞു.ഇന്ന് ചരക്ക് എത്തിക്കാൻ ദൂരെ എവിടേക്കോ പോവേണ്ടത് കൊണ്ടാണ് അതിരാവിലെ ഇറങ്ങിയത്.തിരികെ എത്തിയാലും അടുത്ത ഓട്ടം ഉടനെ ഉള്ളത്കൊണ്ട് വീട്ടിലേക്ക് വരില്ല എന്ന് കുട്ടനോട് പറഞ്ഞിരുന്നു.അത് മനസ്സിലാക്കി വെച്ചായിരിക്കണം ഇവർ ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്ന് വേണിക്ക് മനസ്സിലായി . തന്റെ അന്ത്യം അടുത്തു എന്ന് അവൾ ഉറപ്പിച്ചു.അവൾ മനമുരുകി എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.അവളുടെ കണ്ണുനീരും പിടച്ചിലും ആ നാലുപേരുടെയും ലഹരി കൂട്ടിയതേ ഉള്ളു.അവർ അത് കണ്ട് അട്ടഹസിച്ചു!
തമിഴൻ കട്ടിൽ വേണിയുടെ അടുത്തായി വന്നിരുന്നു.വേണി കാല് നിവർത്തി  അയാളുടെ നെഞ്ചിനിട്ടു  തന്നെ ആഞ്ഞ് ചവിട്ടി.അയാൾ കട്ടിലിൽ നിന്നും എടുത്തടിച്ച്  തറയിൽ വീണു.എഴുന്നേറ്റതും  അയാൾ ദേഷ്യത്തോടെ ചീത്ത വിളിച്ചുകൊണ്ട്  വേണിയുടെ നേരെ പാഞ്ഞ് ചെന്ന് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.അടിയുടെ ശക്തിയിൽ വേണിക്ക്  തല കറങ്ങിപ്പോയി.അയാൾ  അവളുടെ  സാരിയിൽ പിടിത്തമിട്ടു.
പെട്ടെന്നാണ് അത് സംഭവിച്ചത്! മുൻ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ടു.അതോടൊപ്പം വാതിലിനരികിൽ നിന്ന പയ്യൻ ഒരലർച്ചയോടെ പിറകോട്ട് തെറിച്ച് വീണു!
വേണിയും തമിഴനും കൂട്ടാളികളും അങ്ങോട്ടേക്ക്  നോക്കി.അവിടെ ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന ഗിരിയെ കണ്ടതും തമിഴന്റെ തൊണ്ട വറ്റി! അയാൾ നിന്ന് വിയർത്തു.ഗിരി വേണിയെ നോക്കി.അവളുടെ കൈകളിൽ പിടിത്തമിട്ടിരുന്ന രണ്ടുപേരുടെയും കൈകൾ പതിയെ അയഞ്ഞു.വേണി പെട്ടെന്ന് കട്ടിലിൽ നിന്നുമെഴുന്നേറ്റ് ഗിരിയുടെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി.
"ഗിരിയണ്ണാ..ഇന്ത വാട്ടി മാപ്പാക്കണം..നാങ്ക സെയ്തത്  തപ്പ് താൻ..ആനാ.."തമിഴനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഗിരി അവന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു! ദേഷ്യം തീരാതെ  അവൻ അയാളുടെ രണ്ട് കവിളിലും മാറി മാറി അടിച്ചു.കൂടെ ഉള്ളവർ ആരും അനങ്ങിയില്ല.ഗിരിയുടെ സ്വഭാവം ശരിക്ക് അറിയാവുന്നത് കൊണ്ട് അവർക്ക് അവനോട്  ഏറ്റുമുട്ടാൻ ഭയം ആയിരുന്നു.
"അടിക്കാതീങ്കോ  റൊമ്പ വലിക്കിത് അടിക്കാതീങ്കോ.."അടികൊണ്ട്  വശം കെട്ട് തമിഴൻ ചോര ഒലിപ്പിച്ച് കരഞ്ഞുകൊണ്ട്  ഗിരിയുടെ കാല് പിടിച്ചു.
 "സ്വന്തം ശരീരം ആവുമ്പൊ വലിക്കുന്നുണ്ട് അല്ലേടാ നായെ?ഇപ്പൊ നിനക്ക് കരയാൻ അറിയാം അല്ലെ? പക്ഷെ പെൺപിള്ളേർടെ കരച്ചിലും മാനത്തിനും ഒന്നും നിന്റെം ഈ നിൽക്കുന്ന തെണ്ടികളുടേം പുസ്തകത്തിൽ ഒരു വിലയും ഇല്ല അല്ലെ?"ഗിരി തമിഴന്റെ  കോളറിൽ പിടിച്ച് വലിച്ചിഴച്ച് അയാളെ പുറത്തേക്ക് കൊണ്ടുവന്നു.അപ്പോഴേക്കും അവിടെ ശബ്ദവും ബഹളവും കേട്ട് വെളിയിൽ ആളുകൾ തടിച്ച് കൂടിയിരുന്നു.എല്ലാവരും തമിഴന്റെ കൂടെ ഉള്ള മൂന്ന് പേരെയും  ശെരിക്ക് കൈകാര്യം ചെയ്തു.
"ഇന്ന് ഇവർ  എന്റെ വീട്ടിൽ കയറി.ഭാഗ്യം കൊണ്ടാണ് ഇവിടുത്തെ പെണ്ണ് രക്ഷപെട്ടത്.നാളെ നിങ്ങളുടെ പെണ്മക്കൾ ആവാം ഇവരുടെ  ഇര.പോലീസിൽ പിടിച്ച് കൊടുത്താൽ ജയിലിൽ കിടന്ന് ഇവന്മാർ തിന്നു കൊഴുക്കും."ഗിരി എല്ലാവരോടുമായി തെലുങ്കിൽ പറഞ്ഞു.പിന്നെ ഗിരി തമിഴന്റെ കൂടെ ഉണ്ടായിരുന്ന പയ്യനെ ചൂണ്ടി പറഞ്ഞു."ഈ നിൽക്കുന്ന ചെറുക്കനെ മൊട്ടേന്ന്  വിരിഞ്ഞിട്ടില്ല എന്ന കാരണം പറഞ്ഞ് വെല്ല  ജുവനൈൽ ഹോമിലും  രണ്ടോ മൂന്നോ വർഷം  സുഖവാസത്തിന് വിട്ടിട്ട് പിന്നീട്  ഒരു തയ്യൽ മെഷീനും  കുറച്ച് കാശും കൊടുത്ത് ആശംകസൾ നൽകി റിലീസ് ചെയ്യും.അടുത്ത ഇരയെ തപ്പി ഇവന്മാർ വീണ്ടും വേട്ടയ്ക്കിറങ്ങും.അതുകൊണ്ട് തൽക്കാലം  ഇവരെ പോലീസിൽ  ഏൽപ്പിക്കുന്നില്ല. .ഇവന്മാർക്ക് എന്ത് ശിക്ഷ നൽകണം എന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്."ഗിരി തമിഴന്റെ കോളറിൽ പിടിച്ച് എല്ലാവരോടുമായി  ചോദിച്ചു.
"ഇങ്ങോട്ട്  വിട്ടേരെ ഞങ്ങള് കൈകാര്യം ചെയ്തോളാം  .."കൂടി നിന്നവർ തെലുങ്കിൽ വിളിച്ച് പറഞ്ഞു.
ഗിരി തമിഴനെ അവരുടെ ഇടയിലേക്ക് ഇട്ട് കൊടുത്തു.ആളുകൾ അയാളെ ചവിട്ടി മെതിച്ചു.തമിഴന്റേയും കൂട്ടരുടെയും നിലവിളി കേട്ടുകൊണ്ട് ഗിരി വീടിനകത്ത് കയറി വാതിൽ കുറ്റി  ഇട്ടു.വേണിയെ മുറിയിൽ കണ്ടില്ല.അപ്പോഴാണ് അടുക്കള വാതിലിനപ്പുറം  ഒരു കരച്ചിൽ കേട്ടത്.ഗിരി വേഗം അങ്ങോട്ട് ചെന്നു.അവിടെ  അരഭിത്തിയുടെ സൈഡിൽ ഇരുന്ന് കരയുന്ന വേണിയെ കണ്ടു.ഗിരി അവളുടെ അടുത്ത് ചെന്ന് ഇരുന്നു.കുറച്ച് നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല.വേണി  മുഖം കുനിച്ചിരുന്ന് കരയുകയാണ്.ഗിരി വന്നത് അവൾ അറിഞ്ഞിട്ടില്ല.അവളുടെ ശരീരം നല്ലതുപോലെ വിറയ്ക്കുന്നുണ്ട്.അവളുടെ ഭയം ഇപ്പോഴും  വിട്ടുമാറിയിട്ടില്ല എന്നവന് മനസ്സിലായി.ഇടയ്ക്ക് ആ സംഭവം പിന്നെയും ഓർത്തിട്ടാവണം  എങ്ങി എങ്ങി കരയുന്നുമുണ്ട്.ഗിരി  പതിയെ അവന്റെ കൈ അവളുടെ ചുമലിൽ വെച്ചു.വേണി  ഞെട്ടി മുഖമുയർത്തി അവനെ നോക്കി.അവളുടെ തിണിർത്ത് കിടന്ന കവിളിൽ അവൻ മെല്ലെ വിരലോടിച്ചു.പിന്നെ മുള ചീന്തുന്നത് പോലെ ഒരു കരച്ചിൽ ആയിരുന്നു വേണി .ഗിരിക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപേ അവൾ  ആർത്തലച്ച് അവന്റെ നെഞ്ചിലേക്ക്  വീണ് അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു! ഗിരി അത്  ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. പുതിയൊരു അനുഭവം ആയിരുന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ അവൻ പകച്ചിരുന്നു.
വേണി  കരച്ചിൽ നിർത്തിയില്ല.അവളെ ചേർത്ത് പിടിക്കാനും  അവളുടെ കവിളിൽ തന്റെ ചുണ്ടുകൾ ചേർക്കാനും  ഗിരി  കൊതിച്ചു...പക്ഷെ അവൻ  അനങ്ങിയില്ല .പകരം അവൻ അവളുടെ തലയിൽ ആശ്വസിപ്പിക്കാനെന്നവണ്ണം  കൈവെച്ചു.
"കരയണ്ട..ഒന്നും പറ്റിയില്ലല്ലോ..ഞാൻ ഇങ്ങ് വന്നില്ലേ.."ഗിരി അവളെ തലോടിക്കൊണ്ട് പറഞ്ഞു.തന്റെ ശബ്ദത്തിന് ഇത്ര മയം ഉണ്ടായിരുന്നോ എന്നവൻ അത്ഭുതത്തോടെ  ഓർത്തു.വേണിയോട് മനസ്സിൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ വിത്തുകൾ പൊട്ടിമുളച്ചതും അവ പടർന്ന് പന്തലിച്ചതും അവൻ അറിയുകയായിരുന്നു..അവളുടെ കരച്ചിൽ അടങ്ങുന്നത് വരെ ഗിരി വേണിയുടെ ചുമലിൽ പതിയെ തട്ടി അവളെ ആശ്വസിപ്പിച്ചു. കരച്ചിൽ അടങ്ങിയപ്പോൾ അവൾ പതിയെ അവനിൽ നിന്നും അടർന്ന് മുറിയിലേക്ക് നടന്നു.കട്ടിലിൽ കയറി ചുരുണ്ട്  കൂടി കിടന്നു.
ഗിരി അടുത്തുണ്ടെന്ന ധൈര്യത്തിൽ അവൾ കണ്ണുകളടച്ചു.ഗിരിയും അങ്ങോട്ട്  ചെന്നു.ബഹളത്തിനിടയ്ക്ക് മുൻ വാതിലിന്റെ കുറ്റി അടർന്ന് പോയിരുന്നു.അത് നേരെ ആക്കാൻ ഫോണിൽ വിളിച്ച് ഒരാളെ ഏർപ്പാടാക്കി.ഈ സംഭവം കാരണം വേണിക്ക്  പേടിച്ച് രാത്രി പനി  വരുമോ എന്നായിരുന്നു ഗിരിയുടെ പേടി.അത്കൊണ്ട് അവൻ ഒരുപോള  കണ്ണടച്ചില്ല.രാത്രിയിലും ഓട്ടം ഉള്ളത്കൊണ്ട് ഗിരി പിറ്റേന്ന് വെളുപ്പിനെ വരാൻ ആയിരുന്നു പ്ലാൻ .അപ്പോഴാണ് കുട്ടൻ ആശുപത്രിയിലേക്ക് പോവുന്ന വഴി ഗിരിയെ വിളിച്ച് വീട്ടിൽ വേണി ഒറ്റയ്ക്കാണെന്ന് അറിയിച്ചത്.പിന്നെ ഒന്നും നോക്കിയില്ല.മുതലാളിയോട് തന്റെ അത്യാവശ്യം പറഞ്ഞ് വീട്ടിലേക്ക് വെച്ച് പിടിക്കുകയായിരുന്നു.താൻ എത്താൻ  കുറച്ച് വൈകിയിരുന്നെങ്കിൽ! അത് ഓർക്കുമ്പോൾ ഗിരിയുടെ ശരീരം വിറച്ചു.തനിക്ക് വേണിയോട്  എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നവൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.പക്ഷെ താൻ അവളെ എന്ത് മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഈ ഒരു സംഭവത്തോടെ അവൻ മനസ്സിലാക്കി.ജിതേഷ് ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ എല്ലാം നടന്ന് കഴിയുമ്പോൾ വേണി തിരികെ പോവും എന്നുള്ള ഓർമ്മ ഗിരിയെ  അസ്വസ്ഥനാക്കി.***
കുട്ടൻ വന്നപ്പോഴാണ് അവൻ സംഭവങ്ങൾ അറിഞ്ഞത്.അവനെ തമിഴനെയും കൂട്ടരെയും കൊല്ലാനുള്ള ദേഷ്യം  ഉണ്ടായിരുന്നു.താനും നാട്ടുകാരും അവരെ നല്ലവണ്ണം കൈകാര്യം ചെയ്തുവെന്ന് ഗിരി അവനെ സമാധാനിപ്പിച്ചു.കുട്ടൻ വന്ന ശേഷം ആണ് ഗിരി ഒന്ന് മയങ്ങിയത് ..വേണി ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.അപ്പോൾ അവളുടെ കട്ടിലിന്റെ കാൽക്കൽ ചാരി ഇരുന്ന് ഉറങ്ങുന്ന ഗിരിയെ കണ്ടത്.അയാൾ കൂർക്കം വലിച്ച് കിടന്നുറങ്ങുകയായിരുന്നു.ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തിലായിരുന്നു അവൾ..ദൈവമായിട്ടാണ് ഗിരിയെ തക്ക സമയത്ത് അവിടെ എത്തിച്ചത്. ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല..ശാരീരിക ഉപദ്രവം ഏൽപ്പിച്ചില്ലെങ്കിലും തന്റെ കഴുത്തിൽ താലി കെട്ടിയവനും  ഇന്നലെ തന്നെ ഉപദ്രവിച്ചവരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് വേണി  ഓർത്തു.തട്ടിക്കൊണ്ടുവന്നതാണെങ്കിലും കണ്ണനിൽ നിന്നും  പിന്നെ തമിഴന്റേയും കൂട്ടരുടെയും കൈയിൽ നിന്നും ഒക്കെ തന്നെ തക്ക സമയത്ത് രക്ഷിച്ചത് ഗിരിയാണ്.അവൾ ഒന്നും മിണ്ടാതെ കുറച്ച് നേരം ഗിരിയെ  നോക്കി ഇരുന്നു.നോക്കി ഇരിക്കുംതോറും വേണിക്ക്  അയാളോട് വല്ലാത്തൊരിഷ്ടം തോന്നി.ഇന്നലത്തെ പോലെ അയാളുടെ നെഞ്ചിൽ ഒന്നുകൂടി പറ്റിച്ചേർന്നിരിക്കണമെന്ന് അവൾക്ക് തോന്നി.അപ്പോഴേക്കും കുട്ടൻ കാപ്പിയുമായി അവരുടെ അടുത്തേക്ക് വന്നു.
"എഴുന്നേറ്റോ?"കുട്ടൻ വേണിയോട്  ചോദിച്ചു.എന്നിട്ട് ഗിരിയെയും വിളിച്ചുണർത്തി കാപ്പി അവർക്ക് കൊടുത്തു.
"ഇന്നലെ ഞാൻ എങ്ങാനും ഇവിടെ ഉണ്ടായിരുന്നെങ്കിൽ കൊന്നേനേം നാലെണ്ണത്തിനേം.."കുട്ടൻ ദേഷ്യം കൊണ്ട് വിറച്ചു.
"നിന്നോട് ഞാൻ പറഞ്ഞില്ലേ കൊടുക്കാനുള്ളതെല്ലാം ഞങ്ങൾ നല്ലതുപോലെ കൊടുത്തിട്ടാ വിട്ടത്.ഇനി അവന്മാർ ഈ പണിക്കിറങ്ങില്ല.."ഗിരി പറഞ്ഞു.
"ആ കുട്ടിയുടെ അമ്മയ്ക്ക് എങ്ങനെ ഉണ്ട്?"വേണി ചോദിച്ചു.
"വലിവ് കൂടിയതാ ചേച്ചി..ഇപ്പൊ കുഴപ്പമില്ല .വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.മുരുകേശന്റെ   അച്ഛന്റെ അനിയനെ വിളിച്ച് വരുത്തിയിട്ടുണ്ട്..അങ്ങേര്  നോക്കിക്കോളും..ഇനി ചേച്ചിയെ രാത്രി ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എങ്ങോട്ടും  ഇല്ല."കുട്ടൻ പറഞ്ഞു.
"അതിന് നിന്റെ ചേച്ചി ഇവിടെ സ്ഥിര താമസത്തിന് വന്നതല്ല.കുറച്ച് കഴിയുമ്പോ അവള് തിരിച്ച് പോകും.."ഗിരി അടുക്കളയിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു.അയാളുടെ  ശബ്ദത്തിലെ വേദന  കുട്ടനും വേണിയും ഒരുപോലെ തിരിച്ചറിഞ്ഞു! ഇത്ര ദിവസവും അച്ഛന്റെ അടുത്തേക്ക് തിരികെ പോവാൻ തിടുക്കമായിരുന്നു വേണിക്ക് ..പക്ഷെ ഇപ്പൊ  തിരികെ പോകണം എന്നുള്ള ഓർമ്മയിൽ ആദ്യമായി വേണിയുടെ ഹൃദയം നൊന്തു! അവളുടെ മുഖ ഭാവം ശ്രദ്ധിച്ചിരിക്കുകായായിരുന്നു കുട്ടനും..അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..
ഒരു ദിവസം രാവിലെ വേണി പതിവുപോലെ അടുക്കളയിൽ ആയിരുന്നു.
വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വേണി തുറക്കണോ  വേണ്ടയോ എന്ന് സംശയിച്ചു.ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ വേണി പെട്ടെന്ന് വാതിൽ തുറന്നു.വാതിൽക്കൽ ഒരു പെണ്ണും അവളുടെ കൈയിൽ ഒരു  വയസ്സ് പ്രായമായ ഒരു പെൺകുഞ്ഞും ഉണ്ടായിരുന്നു! വേണി വാതിൽ തുറന്നതും അവർ പെട്ടെന്ന് അകത്ത് കയറി.അകത്ത് കയറിയതും ആ പെണ്ണ് കുഞ്ഞിനെ താഴെ നിർത്തി വേണിയുടെ കാലിൽ പിടിച്ച് കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു!
(എല്ലാവർക്കും  ഒരുപാട് സംശംയങ്ങൾ ഉണ്ടെന്നറിയാം.കഥ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല എന്നുമറിയാം..ക്ലൈമാക്സ് അടുപ്പിച്ചേ എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസ്സിലാവു. പിന്നെ ഗിരിക്ക് ഇതിൽ എന്താണ് പങ്ക് എന്നുള്ളതിന് നാളെ ഉത്തരം കിട്ടും..വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.ഇഷ്ടമാകുന്നുണ്ടെങ്കിൽ തീർച്ചയായും ലൈക് ചെയ്യണേ.. )

തുടരും.....( അടുത്ത ഭാഗം SOON  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot