Slider

ബാലവേണി - ഭാഗം 15

0

അവളുടെ ശരീരം  വിറച്ചു.
"എന്താ?"ശ്രീബാല പേടി പുറത്ത് കാട്ടാതെ ചോദിച്ചു.
"ഇടയ്‌ക്കെഴുന്നേറ്റപ്പോൾ സോഫയിൽ കണ്ടില്ല.ഇനി രെക്ഷപെട്ടോടിയോ  എന്നറിയാൻ നോക്കിയതാ.."ജിതേഷ് പറഞ്ഞു.അവൾക്ക് കുറച്ചാശ്വാസം തോന്നി.ഫോൺ സാരിക്കിടയിൽ  ഒളിപ്പിച്ചത് നന്നായി എന്നവൾക്ക് തോന്നി.
"ഞാൻ എങ്ങോട്ടും പോവില്ല .അത് പേടിച്ച് ആരും  ഉറക്കം അളയ്ക്കണ്ട."ശ്രീബാല അവനെ നോക്കാതെ പറഞ്ഞു.എന്നിട്ട് എന്തോ ബാഗിൽ തിരയുകയാണെന്ന  വ്യാജേന അവൾ ഫോൺ തിരികെ ബാഗിൽ വെച്ചിട്ട് സോഫയിൽ വന്ന് കിടന്നു..
ജിതേഷ് ഉള്ളാലെ ഒന്ന് ചിരിച്ചു.
"ബ്ലാങ്കെറ്റ് പുതയ്ക്ക്..തണുക്കും.."ജിതേഷ് പറഞ്ഞു.
"ഞാൻ പറഞ്ഞല്ലോ എന്നോട് സിമ്പതി വേണ്ട.വന്ന ദിവസം തന്നെ എന്നെ പട്ടിണിക്കിട്ടില്ലെ?അപ്പൊ ഈ സിമ്പതി ഒന്നും കണ്ടില്ലല്ലോ.."ശ്രീബാല പറഞ്ഞു.
ജിതേഷ് റിമോട്ട് എടുത്ത് എ.സി.യുടെ  ടെമ്പറേച്ചർ കൂട്ടി വെച്ചു..മുറിയിൽ ചൂട് ചെറുതായി വന്ന് തുടങ്ങി.ശ്രീബാല അവനെ അത്ഭുതത്തോടെ നോക്കി. അവൻ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു.ശ്രീബാല അവനെ തന്നെ നോക്കി സോഫയിൽ കിടന്നു. അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞ് വന്നു.കുറച്ച് കഴിഞ്ഞ് അവൾ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ജിതേഷ് എഴുന്നേറ്റ് താഴെ കിടന്ന ബ്ലാങ്കെറ്റ് എടുത്ത് അവളെ പുതപ്പിച്ചു. അവളെ കുറച്ച് നേരം നോക്കി നിന്നു.അവളുടെ കണ്ണിൽ നിന്ന് താഴേക്ക് ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവൻ തന്റെ വിരലുകൊണ്ട് പതിയെ തുടച്ച് നീക്കി.തിരികെ  അവൻ തന്റെ കട്ടിലിൽ വന്ന് കിടന്നു.
*****
കുട്ടൻ അടുക്കളയിൽ അത്താഴത്തിനുള്ള എന്തൊക്കെയോ പാചക പരീക്ഷണത്തിൽ ആയിരുന്നു.വേണി എന്തൊക്കെയോ ആലോചിച്ച് മുറിയിൽ തന്നെ ഇരിപ്പുണ്ട്.കണ്ണന്റെ മുഖം ആയിരുന്നു അവളുടെ മനസ്സ് നിറയെ.ജീവിതത്തിൽ ഇന്നേവരെ ആരോടും  പ്രണയം തോന്നിയിട്ടില്ല.തങ്ങളുടെ പ്രാരാബ്ധം അറിയാവുന്നത്കൊണ്ട് ആരും പ്രണയലേഖനങ്ങളുമായി പിറകെ വന്നിട്ടുമില്ല.മനസ്സിൽ ആദ്യം കയറിക്കൂടിയ ആൾ കണ്ണൻ ആണ്.ഒന്നിനോടും ഒരു മോഹം തോന്നിയിട്ടില്ല.പക്ഷെ കല്യാണം നീണ്ട് പോവുമെന്നറിഞ്ഞപ്പോൾ ശെരിക്കും സങ്കടപ്പെട്ടു.തന്റെയും ബാലേച്ചിയുടെയും സങ്കടം ആണല്ലോ അച്ഛനെ സാബുവിന്റെ കാൽക്കൽ കൊണ്ടെത്തിച്ചത്.കണ്ണനെ എന്ത് മാത്രം സ്നേഹിച്ചു വിശ്വസിച്ചു.പക്ഷെ ചതിക്കാൻ ആയിരുന്നു എന്ന് മാത്രം മനസ്സിലായില്ല. അവളുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.ഗിരി മൊബൈലും നോക്കി അടുക്കളയുടെ വാതിൽപ്പടിയിൽ ഇരിക്കുകയായിരുന്നു.
"എന്നെ ഒന്ന് സഹായിക്കാൻ കൂടിക്കൂടേ?"കുട്ടൻ വേണിയോട് വിളിച്ച് ചോദിച്ചു.
"തട്ടിക്കൊണ്ട് വന്നതും പോരാ ഞാൻ ഇനി അടുക്കളപ്പണി കൂടി ചെയ്ത് തരാം.."വേണി കട്ടിലിൽ ഇരുന്നുകൊണ്ട് വിളിച്ച് പറഞ്ഞു.
"ചേച്ചി ഉള്ളത്കൊണ്ടാ ഇല്ലെങ്കിൽ ഞങ്ങൾ ഇവിടെ വെപ്പും കുടിയും ഒന്നുമില്ല പുറത്ത് നിന്ന് എന്തെങ്കിലും മേടിച്ച് കഴിക്കും.ഒരു കൈ സഹായം ഉണ്ടെങ്കിൽ ഇതെല്ലാം  എളുപ്പം തീർന്നേനേം.."കുട്ടൻ പറഞ്ഞു.
"ഒരു കൈ സഹായത്തിന് അവിടെ ഒരെണ്ണം ഇരിപ്പുണ്ടല്ലോ ഫോണിൽ കുത്തിക്കൊണ്ട്.അങ്ങേരോട് പറയ്.."വേണി ദേഷ്യം വന്ന് വിളിച്ച് പറഞ്ഞു.
ഗിരി അത് കേൾക്കാത്ത പോലെ ഫോണിൽ പിന്നെയും നോക്കി ഇരുന്നു.
കുട്ടൻ ആഹാരം ഉണ്ടാക്കി എല്ലാവരെയും വിളിച്ചു.വേണി കട്ടിലിൽ തന്നെ ഇരുന്നതേ ഉള്ളു.
"ചേച്ചി..അങ്ങോട്ട്  വന്ന് എല്ലാവരുടെയും കൂടെ ഇരുന്ന്  കഴിക്ക്."കുട്ടൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു.
"പിന്നെ സദ്യ ആണല്ലോ അവിടെ വിളമ്പി വെച്ചിരിക്കുന്നത് എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഉണ്ണാൻ.."വേണി മൂക്ക് തുടച്ച് കൊണ്ട് പറഞ്ഞു.
"സദ്യ ഒന്നുമല്ല.ചേച്ചിയുടെ മാനസികാവസ്ഥ ഞങ്ങൾക്കറിയാം.ഞങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ്.പക്ഷെ ചേച്ചി ഒന്നോർക്കണം.എന്തൊക്കെ പറഞ്ഞാലും ഒരു ചെന്നായയുടെ കൈയിൽ നിന്ന് ഞങ്ങൾ ചേച്ചിയെ രക്ഷിച്ചില്ലെ?
ഇവിടെ വന്ന് ഇത്ര നേരമായിട്ടും ചേച്ചിയെ ഞങ്ങൾ ആരെങ്കിലും ഉപദ്രവിച്ചോ?ഇല്ലല്ലോ..ഉപദ്രവിക്കാൻ അല്ല ഞങ്ങൾ ഇങ്ങോട്ട്  കൊണ്ടുവന്നത്..മുകളിൽ നിന്ന് പറയുന്നത് വരെയേ ചേച്ചിക്ക് ഞങ്ങളുടെ കൂടെ താമസിക്കേണ്ടി വരൂ.അത് കഴിഞ്ഞ് ഉറപ്പായും ചേച്ചിക്ക് സ്വന്തം വീട്ടിൽ പോവാം..ഉള്ള ദിവസം ഞങ്ങളുടെ കൂടെ കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യ്.. "കുട്ടൻ പറഞ്ഞത് കേട്ട് വേണി കണ്ണുകൾ തുടച്ച് അവനെ നോക്കി. കുട്ടൻ പറയുന്നത് ഒരു കണക്കിനു ശരിയാണെന്ന് അവൾക്ക് തോന്നി.തന്നെ ഇവരുടെ കൈയിലേക്കെത്തിച്ചത് തന്റെ കഴുത്തിൽ താലി കെട്ടിയ ആൾ ആണ്.ഇവർക്ക് വേണമെങ്കിൽ തന്നെ ഉപദ്രവിക്കാമായിരുന്നു.ചോദിക്കാൻ ആരും വരില്ല.പക്ഷെ ഈ നിമിഷം വരെയും മോശമായ ഒരു പെരുമാറ്റവും കുട്ടന്റെയോ ഗിരിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.പക്ഷെ വേണിക്ക്   അവരെ അത്ര പെട്ടെന്ന് വിശ്വസിക്കാൻ മടി തോന്നി.കാരണം  കണ്ണനും ഇങ്ങനെ തന്നെ ആയിരുന്നുവല്ലോ തന്റെ വിശ്വാസം  പിടിച്ച് പറ്റിയത് എന്നവൾ ഓർത്തു..
"കണ്ട പെണ്ണുങ്ങളുടെ കാല് പിടിക്കാൻ നിനക്ക് നാണമില്ലേടാ..എപ്പോ നോക്കിയാലും ചോച്ചി ചോച്ചി എന്ന് വിളിച്ച് നടന്നോളും.."ഗിരി പറയുന്നത് കേട്ട് വേണിക്ക്  പെരുത്ത് കയറി.
"ദേ ആ കാണ്ടാ മൃഗത്തിനോട് മിണ്ടാതിരിക്കാൻ പറയ്.ഇല്ലെങ്കിൽ സത്യമായും അങേരെ ഞാൻ കൊല്ലും."വേണി കുട്ടനോട്  പതിയെ പറഞ്ഞു.
"ഗിരിയേട്ടാ ഈ ചേച്ചി പറയുന്നു.."കുട്ടൻ വിളിച്ച് പറയാൻ തുടങ്ങിയതും വേണി അവനെ അടിക്കാനായി  എഴുന്നേറ്റു.കുട്ടൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്കോടി.വേണിയും അവന്റെ പിന്നാലെ ചെന്നു.ഗിരിയെ കണ്ടതും വേണി പെട്ടെന്ന് നിന്നു! ഒന്നും മിണ്ടാതെ നിലത്തിരുന്ന് തന്റെ പ്ലേറ്റിൽ നിന്നും ഒരു വാ ചോറും കറിയും എടുത്ത് അവൾ കഴിച്ചു.
കറിയിൽ ഉപ്പിന്റെയും  മുളകിന്റെയും അതിപ്രസരം കൊണ്ട് അവൾക്ക് ശർദിക്കാൻ  വന്നു.കഴിച്ച സ്പീഡിൽ തന്നെ അവൾ തുപ്പാൻ തുടങ്ങിയതും പെട്ടെന്ന് കഴിഞ്ഞ ദിവസം ആഹാരം തറയിൽ നിന്ന് വാരിക്കഴിക്കേണ്ടിവന്നത്  അവൾക്ക് ഓർമ്മ വന്നു.അവൾ ഒന്നും മിണ്ടാതെ ആഹാരവും വായിലിട്ട് ഗിരിയെ പേടിയോടെ നോക്കി.അയാളും അവളുടെ  പ്ലേറ്റിലുള്ള അതെ ഭക്ഷണം ആണ് കഴിക്കുന്നത്.ഒരക്ഷരം മിണ്ടാതെ മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ  ഇതേ  ആഹാരം കഴിക്കുന്ന ഗിരിയെ അവൾ അത്ഭുത ജീവിയെ കാണുന്നത് പോലെ നോക്കി ഇരുന്നു.കുട്ടനും ഒരു കുഴപ്പവുമില്ലാതെ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.
"ഇത് എന്ത് കറിയാ?"വേണി അത് വായിലിട്ട് ഇറക്കാൻ വയ്യാതെ  കുട്ടനോട് ചോദിച്ചു.
"അതൊന്നും അറിയില്ല.തോന്നിയത് പോലെ എന്തൊക്കെയോ ഉണ്ടാക്കി.ഇവിടുത്തെ ഹോട്ടലിലെ  ഭക്ഷണം ചേച്ചിക്ക് ചിലപ്പോ പിടിക്കില്ല.അതാ ഞാൻ തന്നെ ഉണ്ടാക്കാമെന്ന് വെച്ചത്.കൊള്ളാമോ?"കുട്ടൻ ചോദിച്ചു.
വേണി അവനെ നിസ്സഹായയായി ഒന്ന് നോക്കി.പിന്നെ ഗിരിയെയും.
അവൾ കൊള്ളാം  എന്ന്  തലയാട്ടിക്കൊണ്ട് അത് വിഴുങ്ങി.ചവച്ചാൽ ഒരുപക്ഷെ താൻ ശർദിച്ചു  പോയേക്കുമോ എന്നവൾ ഭയന്നു.എരിവും ഉപ്പും കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ഗിരി പെട്ടെന്ന് വേണിയുടെ കൈയിൽ നിന്നും പ്ലേറ്റ് പിടിച്ച് വാങ്ങി .വേണിക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല.
"ഇത് കഴിച്ച് ഇനി വയറ് കേടാക്കി വെയ്ക്കണ്ട..നീ കടയിൽ പോയി നിനക്കും നിന്റെ ചേച്ചിക്കുമുള്ള  എന്തെങ്കിലും മേടിച്ചോണ്ട് വാ.."ഗിരി കുട്ടനോട് പറഞ്ഞു.വേണി അത്ഭുതത്തോടെ ഗിരിയെ നോക്കി.
കുട്ടൻ കഴിപ്പ് നിർത്തി കൈകഴുകി കടയിലേക്ക്  പോയി.ഗിരി ഒന്നും മിണ്ടാതെ വേണിയുടെയും കുട്ടന്റേയും  പ്ലേറ്റിൽ നിന്നും ബാക്കി വന്ന ചോറെടുത്ത് തന്റെ പ്ലേറ്റിലേക്കിട്ട് കഴിച്ചുതുടങ്ങി.ഇത് എന്ത് സാധനമാണെന്ന മട്ടിൽ വേണി അവനെ തന്നെ നോക്കി ഇരുന്നു...
പിറ്റേന്ന് വേണി എഴുന്നേറ്റപ്പോൾ കുട്ടൻ അടുക്കളയിൽ തന്നെ ആയിരുന്നു.
അവൾ പെട്ടെന്ന് കുളിച്ച് വന്ന് അവന്റെ കൂടെ അടുക്കളയിൽ കയറി അവനെ സഹായിക്കാൻ തുടങ്ങി.
"ഇന്നെന്താ പതിവില്ലാതെ..അന്നത്തെ പോലെ ഞാൻ തിരിഞ്ഞ് നിൽക്കുമ്പോ എന്റെ പിന്നിൽ കത്തി കേറ്റാൻ  ആണോ?"കുട്ടൻ കളിയായി ചോദിച്ചു.
"അല്ല  ഫുഡ് പോയ്‌സണിങ് കാരണം മരിക്കാൻ  ആഗ്രഹമില്ലാത്തത്  കൊണ്ട്.."വേണി ചെറിയൊരു ചിരിയോടെ പറഞ്ഞു.
"ഓഹ്  ഇന്നലത്തെ എന്റെ പാചകം അത്ര കേമം ആയിരുന്നു എന്നല്ലേ ഉദ്ദേശിച്ചത്.."കുട്ടൻ ചിരിച്ചു.
"പോയോ?" വേണി ചുറ്റും നോക്കി ചോദിച്ചു.
"ഗിരിയേട്ടൻ രാവിലെ ഇറങ്ങും.ചരക്ക് എത്തിച്ചിട്ട് ഇനി രാത്രിയെ വരൂ.."കുട്ടൻ പറഞ്ഞു.
"ഈ ചരക്ക് വെല്ല  സ്പിരിറ്റോ മറ്റോ ആണോ?"വേണി പച്ചക്കറികൾ അരിഞ്ഞുകൊണ്ട് ചോദിച്ചു.
"ഗിരിയേട്ടൻ അങ്ങനത്തെ ആളല്ല ചേച്ചി..പുള്ളിക്ക് കള്ളെന്നും  കഞ്ചാവെന്നും  കേൾക്കുന്നതെ ഹറാം ആണ്.പ്രത്യേകിച്ചും കള്ള്! "കുട്ടൻ പറഞ്ഞു.
"അതെന്താ അങ്ങനെ?"വേണി ചോദിച്ചു.കുട്ടൻ ഒന്നും മിണ്ടിയില്ല.
"ഞങ്ങടെ മുതലാളിക്ക് കുറെ സ്ഥലങ്ങളിൽ തുണിക്കട ഉണ്ട്.അതിനായുള്ള സാധന  സാമഗ്രികൾ  ഓരോ സ്ഥലങ്ങളിൽ എത്തിക്കണം.അതാ ചരക്ക് എന്നുദ്ദേശിച്ചത്.."കുട്ടൻ പറഞ്ഞു.
"നിന്റെ ഗിരിയേട്ടൻ എന്താ ഇങ്ങനെ?ഒരുമാതിരി വെട്ടുപോത്ത്‌ പോലെ?അങ്ങേരെ ഏതെങ്കിലും പെണ്ണ് ചതിച്ചിട്ട് പോയതാണോ?"വേണി ചോദിച്ചു.കുട്ടൻ ഒന്നും മിണ്ടിയില്ല..
"അങ്ങേർക്ക് മരിയാദയ്ക്ക് സംസാരിക്കാൻ അറിയില്ലേ?എപ്പോ നോക്കിയാലും മുഖം 'ഭും' എന്ന് വെച്ചോണ്ടിരിക്കും.മുരടൻ! " വേണി ദേഷ്യത്തോടെ പറഞ്ഞു.കുട്ടൻ അതിനും മറുപടി പറഞ്ഞില്ല..
"അതെ ഇവിടെ അടുത്ത് ക്രിക്കറ്റ് ടി വി യിൽ  നടക്കുന്നുണ്ട്. ഞാൻ ഒന്ന് ഓടി പോയി കണ്ടിട്ട് വരട്ടെ?"കുട്ടൻ ചോദിച്ചു.
"പോയിട്ട് വാ.അതിന് നിനക്ക് എന്റെ അനുവാദം വേണോ?"വേണി ചോദിച്ചു.
"അല്ല ഗിരിയേട്ടൻ അറിഞ്ഞാൽ വഴക്ക് പറയും.ചേച്ചിയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോവുന്നതിന്.."കുട്ടൻ പറഞ്ഞു.
"അത് സാരമില്ല.നീ എന്തായാലും വാതിൽ പൂട്ടിയിട്ട്  അല്ലെ പോവുന്നത്.പിന്നെ ഞാൻ രക്ഷപെടാൻ ശ്രമിക്കുമെന്ന പേടി വേണ്ടല്ലോ.."വേണി പറഞ്ഞു.
"ഞാൻ ഓടി പോയിട്ട് വരാം.."കുട്ടൻ പെട്ടെന്ന്  റെഡി ആയി വാതിൽ പൂട്ടി ഇറങ്ങി.വേണി പച്ചക്കറികൾ എല്ലാം അടുപ്പത്തിട്ടു.ശേഖരനെ കുറിച്ചായിരുന്നു അവളുടെ  ചിന്ത.വന്നിട്ട് ഇത്ര ദിവസമായിട്ടും അച്ഛനെ വിളിക്കാൻ പറ്റിയില്ല.ചേച്ചി അച്ഛനോട് കാര്യങ്ങൾ എല്ലാം അവതരിപ്പിച്ച് കാണുമോ എന്നവൾ ഓർത്തു..അച്ഛന്റെയും ശ്രീബാലയുടെയും കാര്യമോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ  പാതകത്തിനരികിൽ നിന്ന് വിതുമ്പി..**
അന്ന് വൈകുന്നേരം ഗിരി വീട്ടിൽ വന്നപ്പോൾ വേണിയും കുട്ടനും നിലത്ത് ചോക്ക് കൊണ്ട് വെട്ടും കുത്തും വരച്ച് കളിക്കുകയായിരുന്നു.
ഗിരി അത് കണ്ട് അന്തം വിട്ട് നിന്നു.
"എന്തെങ്കിലും പോയ് മേടിച്ചിട്ട് വാ.."ഗിരി കുറച്ച് പൈസ കുട്ടന്റെ കൈയിൽ വെച്ച് കൊടുത്തിട്ട് പറഞ്ഞു.
"ഗിരിയേട്ടൻ ഇരിക്ക്.കഴിക്കാനുള്ളത് എല്ലാം ഇവിടെ റെഡിയാ.."കുട്ടൻ എഴുന്നേറ്റ് പ്ലേറ്റുകൾ  കഴുകി ചോറും സാമ്പാറും ബീൻസ് തോരനും അതിലേക്ക് വിളമ്പി.ഗിരി അപ്പോഴേക്ക് കൈയും കാലും കഴുകി  വന്നു.
"ഞാൻ ഇത് കഴിച്ചോളാം.നിങ്ങൾക്ക് രണ്ടാൾക്കും എന്താ വേണ്ടതെന്ന് വെച്ചാൽ പോയ് മേടിക്ക്  .."പ്ലേറ്റിൽ വിളമ്പി വെച്ചിരിക്കുന്നത് കണ്ട് അതെല്ലാം കുട്ടൻ ആണ് ഉണ്ടാക്കിയതെന്നോർത്ത് ഗിരി കുട്ടനോട് പറഞ്ഞു.
"ഞാനാ ഉണ്ടാക്കിയതെന്നോർത്താ നമ്മളോട് വെളിയിൽ നിന്ന് മേടിച്ചോളാൻ  പറയുന്നത്..ഞാൻ ഉണ്ടാക്കിയതൊന്നും വായിൽ വെയ്ക്കാൻ കൊള്ളില്ല എന്ന് പുള്ളിക്ക് അറിയാം."കുട്ടൻ   വേണിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
ചോറും കറിയും കുഴച്ച് ഒരുരുള വായിൽ വെച്ചതും ഗിരി ഷോക്കടിച്ചത് പോലെ ഇരുന്നു! പിന്നെ ഭക്ഷണത്തിന്റെ സ്വാദ് ആസ്വദിക്കുന്ന മട്ടിൽ കണ്ണുകളടച്ച് ഇരുന്നു.വേണിയും കുട്ടനും ഗിരിയെ  തന്നെ നോക്കി നിൽക്കുകയായിരുന്നു.അയാൾ വേറെ  ഏതോ ലോകത്താണെന്ന് തോന്നി.ഗിരിയുടെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നത് വേണി അത്ഭുതത്തോടെ നോക്കി നിന്നു.ഒന്നും മിണ്ടാതെ കണ്ണുനീർ തുടയ്ക്കാതെ ഗിരി ഓരോ ഉരുളയും വേഗത്തിൽ കഴിച്ച് തീർത്തു.
കഴിച്ച പാത്രം പാതകത്തിൽ വെച്ച്  അവിടുന്ന് എഴുന്നേറ്റ് പോയി.
"കരയാനും  മാത്രം ഞാൻ ഉണ്ടാക്കിയ ഭക്ഷണം അത്രയ്ക്ക് മോശം ആയിരുന്നോ?പക്ഷെ പുള്ളിയുടെ കഴിപ്പ് കണ്ടിട്ട് എനിക്കങ്ങനെ തോന്നിയില്ല."വേണി കുട്ടനോട് പതിയെ ചോദിച്ചു.
"കുറെ നാള് കൂടി സ്വാദുള്ള ഭക്ഷണം കഴിച്ചതിന്റെയാ .."കുട്ടൻ പറഞ്ഞു.അത് കേട്ട് വേണിക്ക് മനസ്സിനൊരു സന്തോഷം തോന്നി...**
 അച്ഛനോട് കാര്യങ്ങൾ പറഞ്ഞു എന്ന ശ്രീബാല വിളിച്ച് പറഞ്ഞപ്പോൾ തന്നെ വേണി പിറ്റേന്ന് ഗിരിയുടെ ഫോണിൽ നിന്നും അദ്ദേഹത്തെ വിളിച്ചു.അത്രയും ദിവസം തന്നെ വിളിക്കാത്തതിലുള്ള  പരിഭവം അദ്ദേഹത്തിന്റെ സ്വരത്തിൽ ഉണ്ടായിരുന്നു.കണ്ണൻ ബംഗാനപ്പള്ളിയിലെ  ബാങ്കിൽ ജോയിൻ ചെയ്തുവെന്നും മൊബൈൽ കേടായി പുതിയത് വാങ്ങാൻ കുറച്ച് സമയം എടുക്കുമെന്നും അത്കൊണ്ട് അയല്പക്കത്ത്  പരിചയമുള്ള ഒരാളുടെ വീട്ടിൽ   നിന്നാണ് വിളിക്കുന്നതെന്നും വേണി കള്ളം പറഞ്ഞു.വേറെ ഒരാളുടെ ഫോൺ ആണെന്ന് അറിയുമ്പോ  ഇടയ്ക്കിടെ അങ്ങോട്ട്  വിളിക്കണമെന്ന് ശേഖരൻ  ആവശ്യപ്പെടുകയില്ലല്ലോ എന്നോർത്തായിരുന്നു വേണി അങ്ങനെ ഒരു കള്ളം പറഞ്ഞത്.ശേഖരനോട് സംസാരിച്ച് കഴിഞ്ഞ് വേണി കരച്ചിൽ തന്നെ ആയിരുന്നു.
"ചേച്ചി..ഇവിടെ അടുത്തൊരു കൃഷ്ണൻ കോവിൽ ഉണ്ട്..അങ്ങോട്ട്  പോവാം?ഇപ്പോഴല്ല ഗിരിയേട്ടൻ വന്നിട്ട്."വേണിയുടെ മൂഡ് മാറ്റാൻ കുട്ടൻ ചോദിച്ചു.
അമ്പലം എന്ന് കേട്ടതും വേണി ഉഷാറായി.വൈകിട്ട് ഗിരി വന്ന് കഴിഞ്ഞ് അവർ മൂന്ന് പേരും അമ്പലത്തിൽ  പോവാൻ ഒരുങ്ങി ഇറങ്ങി.ഗിരി ഒരു നീല ഷർട്ടും മുണ്ടും കുട്ടൻ ഒരു മഞ്ഞ ടി ഷർട്ടും പാന്റും വേണി വയലറ്റും മഞ്ഞയും കലർന്ന ഒരു സാരിയുമാണ്  ആണ് ഉടുത്തത്.മുടി പിന്നി ഇട്ടിരുന്നു.കഴുത്തിൽ ഒരു മുത്ത് മാലയും കൈയിൽ ഒന്ന് രണ്ട് കുപ്പി വളകളും ഉണ്ടായിരുന്നു. അവൾ ഇറങ്ങി വരുന്നത് കണ്ട് ഗിരിയും കുട്ടനും അവളെ തന്നെ നോക്കി നിന്നു.ഗിരിയുടെ നോട്ടം കണ്ടപ്പോൾ അവൾക്കെന്തോ പോലെ തോന്നി.അത് ദേഷ്യമല്ല  പകരം മറ്റെന്തോ വികാരം ആണെന്നും അവൾ മനസ്സിലാക്കി.
"എന്താ?"വേണി കുട്ടനെ നോക്കി ചോദിച്ചു.
"ഈ സാരി ഉടുത്ത് മുടി പിന്നിയിട്ട്  ചേച്ചി ഇറങ്ങി വരുന്നത് കണ്ടാൽ.."കുട്ടൻ മുഴുമിപ്പിച്ചില്ല.
"കണ്ടാൽ..?"വേണി കുറച്ച് അഭിമാനത്തോടെ ചോദിച്ചു.
"പാടത്ത് കോലം വെച്ചിരിക്കുന്നത് പോലെ ഉണ്ട്.."കുട്ടൻ പറഞ്ഞിട്ട് ഒറ്റ ഓട്ടം വെച്ച് കൊടുത്തു.
"നിന്നെ ഇന്ന് ഞാൻ!" വേണി അവന്റെ പിറകെ ഓടി..
ഗിരി അവരുടെ കളിതമാശകൾ  ആസ്വദിച്ച് പുറമെ ഗൗരവം നടിച്ചും നടന്നു.പോവുന്ന വഴിയേ മിക്കവരും  ഗിരിയോട് ചിരിക്കുകയും ബഹുമാനത്തോടെ സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.അക്കൂട്ടത്തിൽ പോലീസുകാരും ഉണ്ടായിരുന്നു.ആരോടും അധികം സംസാരിക്കാത്ത എപ്പോഴും  കടന്നൽ കുത്തിയത് പോലെ മുഖവും വെച്ച് നടക്കുന്ന ഗിരിയെ നാട്ടുകാർക്ക് വലിയ കാര്യമാണെന്നും അയാൾക്ക്  ഈ നാട്ടിൽ നല്ല പിടിപാടാണെന്നും  അവൾക്ക് മനസ്സിലായി.ആരൊക്കെയോ അവളോടും കുശലാന്വേഷണങ്ങൾ നടത്തി.അവരുടെ ഭാഷ അവൾക്ക് പിടികിട്ടിയില്ല.കുട്ടൻ അത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത് കൊടുത്തു.താൻ ഗിരിയുടെ ഭാര്യയാണെന്നാണ് എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നതെന്നും വേണിക്ക്  മനസ്സിലായി.
"കണ്ടോ ഗിരിയേട്ടൻ ഈ നാട്ടുകാരുടെ കണ്ണിലുണ്ണിയാ."അന്തം വിട്ട് നിൽക്കുന്ന വേണിയുടെ  ചെവിയിൽ കുട്ടൻ സ്വകാര്യം പറഞ്ഞു.
"അതെ അതെ നാട്ടുകാർക്കറിയില്ലല്ലോ എന്നെ നിന്റെ കീരിയേട്ടൻ തട്ടിക്കൊണ്ട് വന്നതാണെന്ന്.."വേണി പറഞ്ഞു.
"അവരെല്ലാവരും വിചാരിച്ചേക്കുന്നത് ചേച്ചി ഗിരിയേട്ടന്റെ ഭാര്യ ആണെന്നാ.."കുട്ടൻ പറഞ്ഞു.വേണി ഗിരിയെ നോക്കി.അയാളും  അതെ സമയം തന്നെ അവളെ നോക്കി.രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കൂട്ടി മുട്ടിയപ്പോൾ വേണി പെട്ടെന്ന് മുഖം തിരിച്ചു.പിന്നീട് അവർ അമ്പലത്തിലേക്ക് നടന്നു.
അമ്പലത്തിൽ കൃഷ്ണൻ ആയിരുന്നു മുഖ്യ പ്രതിഷ്ഠ.വേറെയും കുറെ ദൈവങ്ങളുടെ പ്രതിഷ്ഠ അവിടെ ഉണ്ടായിരുന്നു.എല്ലാവരെയും തൊഴുത് പ്രസാദം വാങ്ങി.
ചെറിയ വെളുത്ത ലഡൂ  ആയിരുന്നു അവിടുത്തെ  പ്രസാദം.
തിരികെ വരുന്ന വഴി അവർ ഒരു ചെറിയ കടയുടെ മുൻപിൽ നിന്നു.അവിടുന്ന് കുട്ടൻ വേണിക്ക്  ആ നാട്ടിലെ സ്പെഷ്യൽ വിഭവം ആയ 'പച്ചമിരുപ്പക്കായലു ബജ്ജി' വാങ്ങി കൊടുത്തു.നല്ല എരിവുള്ള പച്ചമുളക് ബജ്ജി ചെറുതായി അരിഞ്ഞ്  ഉള്ളിയുടെ കൂടെ മിക്സ് ചെയ്ത്  വളരെ സ്വാദുള്ളൊരു പലഹാരമായിരുന്നു അത്.വേണി അത് ആസ്വദിച്ച്  കഴിച്ചു.
ഇടയ്ക്ക് ഗിരിയുടെ നേരെ അവൾ നീട്ടിയെങ്കിലും അവൻ അത് കണ്ടില്ലെന്ന് നടിച്ചു.ഒന്ന് ചമ്മിയെങ്കിലും വേണി അത് കാര്യമാക്കാതെ കഴിപ്പ് തുടർന്നു.എരിവുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.ഇടയ്ക്ക് ചുമച്ചപ്പോൾ ഗിരി പെട്ടെന്ന് കുറച്ച് വെള്ളമെടുത്ത് അവൾക്ക് കൊടുത്തു.അവൾ ഗിരിയെ അത്ഭുതത്തോടെ നോക്കി.ഗിരി വേറെ എങ്ങോട്ടോ നോക്കി നിന്നു.അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു..
“ഓഹ് നമ്മളൊക്കെ ചുമച്ചാലും കുരച്ചാലും    തിരിഞ്ഞുനോക്കത്തില്ലല്ലോ..”കുട്ടൻ ഗിരിയെ കളിയാക്കി.
ഗിരി അവനെ രൂക്ഷമായി നോക്കി.. അത് കഴിഞ്ഞ് അവർ തിരികെ വീട്ടിലേക്ക് നടന്നു.***
ശ്രീബാല ഭോലയുടെ  കൂടെ എന്നും വൈകിട്ട് അമ്പലത്തിൽ പോവുമായിരുന്നു. .ഭോല വെളിയിൽ മാറി നിൽക്കും .അമ്പലത്തിൽ കുറെ മലയാളികൾ ഉണ്ടായിരുന്നുവെങ്കിലും ശ്രീബാല ആരെയും ശ്രദ്ധിക്കാറില്ല.ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചാൽ  അബദ്ധത്തിൽ സത്യങ്ങൾ എങ്ങാനും പുറത്ത് പറഞ്ഞ് പോകുമോ എന്നായിരുന്നു അവളുടെ  ഭയം. ദീപാരാധന കഴിഞ്ഞ് നട  അടക്കുന്നത് വരെ ശ്രീബാല  പടിക്കെട്ടിലിരുന്ന് പ്രാർത്ഥിക്കും..പ്രസാദം കിട്ടുന്നതിന്റെ ഒരു പങ്ക് ഭോലയ്ക്കായി  മാറ്റിവെക്കും.തന്റെ പ്രാർത്ഥനയിൽ അറിഞ്ഞോ അറിയാതെയോ  ജിതേഷിന്റെ പേരും വന്നുപോകുന്നത് എന്തുകൊണ്ടെന്ന് അവൾ അത്ഭുതത്തോടെ ഓർക്കും.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ശ്രീബാല  ഭോലയുമായി ഒരുപാട് അടുത്തു.ആ വലിയ വീട്ടിൽ അവൾക്ക് ഭോല മാത്രമായിരുന്നു ആശ്വാസം.ഇടയ്ക്ക് ഭോലയെയും  കൂട്ടി അവൾ വെളിയിൽ പോകും. ഭോലയ്ക്ക് സൺ അലർജി  ഉള്ളത്കൊണ്ട് ഒരുപാട് നേരം  വെളിയിൽ ഇറങ്ങി നിൽക്കാൻ വയ്യായിരുന്നു. പോയിട്ട് അധികം താമസിയാതെ തന്നെ അവർ രണ്ടുപേരും തിരികെ വരും. പല ദിവസങ്ങളിലായി  ഇന്ത്യ ഗേറ്റും കൊനൗട്ട് പ്ലേസും രാഷ്ത്രപതി ഭവനും ഒക്കെ ഭോല അവളെ കാണിച്ചു.ഡൽഹിയിലെ  പ്രസിദ്ധമായ കരോൾ ബാഗ്  എന്ന മാർക്കറ്റിലേക്ക് ഭോല അവളെ കൂട്ടികൊണ്ട് പോയി.വിവിധ ഇനം തുണിത്തരങ്ങൾ വളരെ കുറഞ്ഞ വിലയിൽ കിട്ടുന്ന അനേകം കടകൾ അവിടെ ഉണ്ടായിരുന്നു.വഴിയോരക്കടകളിലെ ‘ചാട്ട്’ ഭോല അവൾക്ക് വാങ്ങിക്കൊടുത്തു.ഗോൾക്കപ്പയും രാജ് കച്ചോരിയും അവൾ ആസ്വദിച്ച് കഴിച്ചു. നാട്ടിലെ ഇട്ടാവട്ടത്തിന് പുറത്ത് ഒരിക്കൽ പോലും ഇറങ്ങിയിട്ടില്ലാത്ത ശ്രീബാലയ്ക്ക്  അതൊക്കെ വലിയ അത്ഭുതമായിരുന്നു.ഓരോ കാഴ്ചകളും അവൾ കൗതുകത്തോടെ നോക്കി ഇരുന്നു.ഭോലയുടെ  കൂടെ ആയത് കൊണ്ട് ജിതേഷ് അവളെ തടഞ്ഞില്ല.അല്ലെങ്കിലും ഒരിക്കൽ രക്ഷപെടാൻ ശ്രമിച്ചതിന്റെ ഭവിഷ്യത്ത് അറിയാവുന്നത് കൊണ്ട് ശ്രീബാല വീണ്ടും അതിന് തുനിഞ്ഞില്ല.ഭോലയെ   അടുക്കളയിൽ സഹായിച്ചും ഇടയ്ക്ക് വേണിയെയും ശേഖരനെയും വിളിച്ച് വിശേഷങ്ങൾ പറഞ്ഞും  വൈകുന്നേരം അമ്പലത്തിൽ പോയിരുന്ന് തന്റെ സങ്കടങ്ങൾ ദൈവത്തിന്റെ  മുൻപിൽ കരഞ്ഞ് തീർത്തും അവൾ ആശ്വാസം കണ്ടെത്തി.അതുപോലെ ആയിരുന്നു വേണിയും.കുട്ടൻ അവൾക്ക് സ്വന്തം ആങ്ങളയെ പോലെ ആയിരുന്നു.വേണിയുടെ മുഖം ഒന്ന് വാടിയാൽ  അവൻ എന്തെങ്കിലും പറഞ്ഞ് അവളെ വീണ്ടും ഉഷാറാകും.അധികം സംസാരിക്കാറില്ലെങ്കിലും ഗിരി താൻ ഉദ്ദേശിച്ചത് പോലെ ഒരു കാണ്ടാമൃഗം അല്ലെന്ന് വേണി  മനസ്സിലാക്കിയിരുന്നു.പുറമെ കാണിച്ചില്ലെങ്കിലും എന്ത് കൊണ്ടോ പറയാനാകാത്ത ഒരിഷ്ടം വേണിക്ക്  ഗിരിയോട് തോന്നി തുടങ്ങിയിരുന്നു. വേണി രക്ഷപ്പെടുമോ എന്ന ഭയം ഇല്ലാത്തത്  കൊണ്ട് കുട്ടൻ വേണിക്ക്  കാവലിരിക്കുന്നത് മതിയാക്കി ഗിരിയുടെ കൂടെ  ലോറിയിൽ പണിക്ക് പോയി തുടങ്ങി.വീട് പൂട്ടിയിടാറില്ലായിരുന്നു.ഗിരിയും കുട്ടനും തിരികെ വരുമ്പഴേക്ക് വേണി ചോറും കറികളും പാകം ചെയ്ത്  വെക്കും.വേണി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോളൊക്കെയും ഗിരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകും.കുട്ടനോട് ചോദിക്കുമ്പോൾ കുട്ടൻ അതിന് മാത്രം മറുപടി പറയില്ല…
പിറ്റേന്ന് ഗിരിക്ക് ചരക്ക് എത്തിക്കാൻ വെളുപ്പിനെ പോവേണ്ടതുണ്ടായിരുന്നു.രാത്രി വളരെ വൈകിയേ വരാൻ പറ്റുള്ളൂ എന്നറിയാവുന്നത്കൊണ്ട് വേണിയെ ഒറ്റയ്ക്കാക്കേണ്ട എന്ന് കരുതി കുട്ടനെ അവൾക്ക് കൂട്ടിരുത്തിയിട്ടാണ് ഗിരി അതി രാവിലെ ഇറങ്ങിയത്.ഉച്ച കഴിഞ്ഞപ്പോൾ കുട്ടൻ പതിവ് പോലെ ക്രിക്കറ്റ് കാണാൻ അടുത്തുള്ള കടയിലേക്ക് പോയി.അത് കഴിഞ്ഞ് വന്ന് വൈകിട്ട് അത്താഴവും കഴിഞ്ഞ് കിടക്കാൻ നേരം വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.കുട്ടൻ കതക് തുറന്നതും അയൽപക്കത്തുള്ള ഒരു കൊച്ച് പയ്യൻ മുരുകേഷ് കരഞ്ഞുകൊണ്ട് നിൽക്കുന്നു.അവന്റെ അമ്മയ്ക്ക് ആസ്ത്മ ആണ് .ഇടയ്ക്ക് വലിവ് കൂടും.അവന്റെ അച്ഛൻ മരിച്ചുപോയതാണ്.അപ്പൂപ്പന്റെ കൂടെ ആണ് താമസം.അപ്പുപ്പൻ ഒരു തണ്ണിവണ്ടിയാണ്..മിക്ക സമയവും ഷാപ്പിൽ തന്നെ ആയിരിക്കും.അതുകൊണ്ട് സഹായത്തിന് എപ്പോ വേണമെകിലും വിളിക്കണമെന്ന് ഗിരി പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.കുട്ടൻ വേണിയോട് വാതിൽ അടച്ചുകൊള്ളാൻ പറഞ്ഞിട്ട് വേഗം മുരുകേശിന്റെ   കൂടെ അവന്റെ വീട്ടിലേക്കോടി.കുറച്ച് കഴിഞ്ഞ് ബാത്റൂമിൽ  പോവാനായി വേണി  അടുക്കളയുടെ പിറകിലുള്ള വാതിൽ തുറന്നു.പെട്ടെന്ന് ആരോ  അവളുടെ വായ തുണി കൊണ്ട് മൂടി കെട്ടി! എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപേ രണ്ടു മൂന്ന് പേര് പുറകിലത്തെ മതില് ചാടി വന്ന് അവളെ എടുത്ത് പൊക്കി തിരികെ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.എന്നിട്ട് അടുക്കള വാതിൽ കുറ്റി  ഇട്ടു.വേണിയെ  മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിലേക്കിട്ടു.അവർ നാല് പേരുണ്ടായിരുന്നു!

തുടരും.....( അടുത്ത ഭാഗം SOON.......  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo