Slider

വർത്തമാനകാലം

0
ഞാൻ ഒരു ചെരുപ്പുകുത്തിയാണ് .ആൽമരത്തിന് ചുവട്ടിലെ ഒഴിഞ്ഞ കോണിൽ താത്കാലിക ഷെഡുണ്ടാക്കി അവിടെയിരുന്നാണ് ഞാൻ പണിയെടുക്കുക
മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമായി ചിന്നിച്ചിതറിയ മുടിയിൽ വിരൽ ചുറ്റി ഒരു ഭ്രാന്തി അവിടെ വന്നത് ഒരു ഉച്ചയ്ക്കായിരുന്നു .അവൾ ആൽമരത്തിന്റെ തടിച്ച വേരിൽ ഇരുന്നു ഞാൻ ചെയ്യുന്നതും നോക്കിയിരിക്കുക പതിവായി . ആദ്യമാദ്യം ഞാൻ അവളെ ഓടിച്ചു വിടാനൊക്കെ ശ്രമിച്ചെങ്കിലും അത് വിജയിക്കാതായപ്പോൾ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.അവൾ ഒരു ഉഴുന്നുവടയുടെ പകുതിയോ ഒരു കഷ്ണം ബ്രെഡോ ഒക്കെ കടിച്ചിട്ടു എന്റെ നേരെ നീട്ടുമ്പോൾ ഞാൻ അറപ്പോടെ മുഖം തിരിക്കും.
വൈകുന്നേരം അഞ്ചുമണിയാകുമ്പോൾ തന്നെ ഞാൻ വീട്ടിലോട്ടു പോരും .സ്കൂൾ വിട്ട് വന്നാൽ വീട്ടിലിന്റെ മോള് മാളുക്കുട്ടി തനിച്ചാണ് . കഴിഞ്ഞ മഴക്കാലത്ത് ഒരു പനി വന്നു അവളുടെ അമ്മയെ ദൈവം അങ്ങ് കൊണ്ടുപോയതിൽ പിന്നെ ഞാനും അവളും തനിച്ചായി .അമ്മയില്ലാത്ത പെൺകുഞ്ഞുങ്ങൾ സത്യത്തിൽ അച്ഛന്റെ മനസ്സിലെ തീയാണ് .ഒരു അഗ്നിപർവതം ചുമന്നു കൊണ്ട് നടപ്പാണ് ഞാൻ .എന്റെ വീടറിയാനെന്ന പോലെയോ എന്തോ ഭ്രാന്തിപ്പെണ്ണ് എന്റെ പിന്നാലെഎന്നും കുറെ ദൂരം വരും .ഞാൻ ആട്ടിയോടിക്കുമ്പോൾ തിരിച്ചു പോകും
രാത്രിയിൽ ചായ്പ്പിൽ ഒരു ശബ്ദം കേട്ടെന്ന് പറഞ്ഞു മാളുക്കുട്ടിയാണ് എന്നെ ഉണർത്തിയത്
"നമ്മുടെ ആടിനെ ആരോ അഴിച്ചു കൊണ്ട് പോവാണെന്നു തോന്നുന്നു അച്ഛാ "അവൾ പറഞ്ഞത് കേട്ട് ടോർച്ചും തെളിച്ചു ഞാൻ അങ്ങോട്ടേയ്ക്ക് ചെന്നു
ഭ്രാന്തി പെണ്ണ് ആടിനൊപ്പം ദേ മൂലയിൽ ഒതുങ്ങിയിരിക്കുന്നു.മാളു അവളെ കണ്ടു വല്ലാതെ പേടിച്ചു .രാവിലെ എന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞു ഞാൻ മാളുവിനെ ചേർത്ത് ഉറങ്ങാൻ പോയി .പുലർച്ചെ പക്ഷെ അവൾ അവളുട പാട്ടിന്‌ പോയി .പിന്നെ അതൊരു പതിവായി. രാത്രി ആകുമ്പോൾ എന്റെ ചായ്പ്പിലായി അതിന്റെ ഉറക്കം .ചില രാത്രികളിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ ജനലഴികളിൽ പിടിച്ചു അവൾ നോക്കി നിൽക്കുന്നത് കാണാം .ഞാൻ എണീൽക്കുമ്പോളെക്ക് പോയി കിടക്കും
മാളുവിന്റെ പേടിയൊക്കെ മാറി .അവൾ അതിനു ആഹാരമൊക്കെ കൊടുക്കുന്നതു കാണാം .അത് മുറ്റമടിക്കുകയും ആടിന്റെ ചായ്പു വൃത്തിയാക്കുകയും ഒക്കെ ചെയ്യും .എനിക്ക് മാത്രം ഒരു അറപ്പു പോലെ .അമ്മയുടെ പഴയ സാരി ഒരെണ്ണം കൊടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ മാളുവിനെ ഒരു പാട് വഴക്കും പറഞ്ഞു
അന്ന് പകൽ അവളെ ഞാൻ കണ്ടതേയില്ല വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഒരാൾക്കൂട്ടം, ഞാൻ ഭയന്ന് പോയി .കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി മാളു ആർത്തലച്ചു കരഞ്ഞു കൊണ്ട് എന്നെ വന്നു കെട്ടിപ്പിടിച്ചു .നിലത്തു വാഴപ്പിണ്ടി വെട്ടിയരിഞ്ഞിട്ട പോലെ ഒരു പുരുഷശരീരം .ഞാൻ ഞെട്ടി പോയി .ഭ്രാന്തിപ്പെണ്ണിന്റെ ദേഹം മുഴുവനും ചോര .അവളെന്തോ പിറുപിറുത്തുകൊണ്ട് കയ്യിലെ വെട്ടുകത്തി നിലത്തു കുത്തിക്കൊണ്ടിരുന്നു
വീണു കിടന്നിരുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നന്ദനായിരുന്നു എന്നത് എന്നെ നടുക്കി കളഞ്ഞു. അവന്റ കണ്ണുകൾ എന്റെ പൊന്നുമോളുടെ ശരീരത്തിൽ പതിഞ്ഞിരുന്നു എന്നതും എന്നെ തകർത്തു കളഞ്ഞു.
പോലീസ് വന്നു അവളെ കൊണ്ട് പോയി .ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളു അതൊക്കെ മറക്കുന്നത് പോലെ തോന്നിയെങ്കിലും എനിക്കതിനു കഴിയുന്നുണ്ടായിരുന്നില്ല
"അവളെന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നത് ?അവളെന്നെ നോക്കുമായിരുന്നു നോട്ടം ..നീട്ടിയിരുന്ന ഭക്ഷണം ...എന്റെ ഉള്ളിലെന്തൊ ഉടക്കി വലിച്ചു കൊണ്ടിരുന്നു
ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു തിരക്കി .ഭ്രാന്തിയായതു കൊണ്ട് ശിക്ഷ ഒന്നും കിട്ടില്ല എന്നവർ പറഞ്ഞു .വല്ലതെ വയലന്റ് ആയതു കൊണ്ട് ആശുപത്രീയിലാണത്രെ .
ഞാനും മോളും കൂടെ ആശുപത്രിയിൽ ചെന്നു .വല്ലാതെ അക്രമാസക്തമായ ആ അവസ്ഥയിലും എന്നെ കണ്ടതും ഓടി മുറിയുടെ ജനലഴികളിൽ പിടിച്ചുനിന്നു കിതച്ചു ..പിന്നെ ചുറ്റും നോക്കിയിട്ട് അവൾക്കു കഴിക്കാൻ വെച്ചിരുന്ന ഒരു കഷ്ണം ബ്രെഡ് എൻറെനേരെ നീട്ടി ...,കണ്ണീർ ഒഴുകിപ്പരക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ആ ബ്രെഡ് വാങ്ങി. ആ മുഖത്ത് ഒരു ചിരി പടർന്നു പെട്ടെന്ന് ...ചിരിയും കണ്ണീരും നിറഞ്ഞ അവളുടെ മുഖത്തിനു അന്നേരം എന്ത് ഭംഗിയാരുന്നെന്നോ ?
കേസും കൂട്ടവും ചികിത്സയും ഒക്കെ കഴിഞ്ഞു ഞാൻ അവളെ എന്റെ വീട്ടിലോട്ടു കൊണ്ട് പോരുന്നു .ചായ്പ്പിലേക്കല്ല കേട്ടോ എന്റെ വീട്ടിലേക്ക്‌.
ഇപ്പോൾ എനിക്ക് സമാധാനം ഉണ്ട് .ഞാൻ വൈകിയാലും അവളുടെ പരിഭവം നിറഞ്ഞ നോട്ടം മാത്രം നേരിട്ടാൽ മതി .മാളുവിനെ അവൾ പൊന്നു പോലെ നോക്കും .എനിക്കിഷ്ടമുള്ള ആഹാരം ഉണ്ടാക്കി വെച്ച് വഴികണ്ണുമായി കാത്തിരിക്കുന്ന അവളുടെ ഓർമയിൽ പകൽ കഴിഞ്ഞു പോകുന്നതു ഞാൻ അറിയാറില്ല .അവൾക്കു ഇപ്പോളും ഭ്രാന്തുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല .പക്ഷെ അന്നും ഇന്നും അവളുടെ കാഴ്ചകൾ തുടങ്ങിയതും ഒടുങ്ങിയതും എന്നിലായിരുന്നു .കാരണം മാത്രം എനിക്ക് അന്നുമിന്നും അറിയില്ല .എനിക്കറിയുകയും വേണ്ട
കാരണം ഞാൻ അവളെ സ്നേഹിക്കുന്നു .അവളുടെ ഭൂതകാലം എനിക്കറിയണ്ട ..അവളുടെ വർത്തമാനകാലം ഞാൻ ആണ് .ഞാൻ മാത്രമാണ് .അത് പോരെ ഒരു പുരുഷന് ?

By: Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo