നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 12


"രണ്ടുപേരോ?ഞാൻ ഈ ബെഡിൽ തന്നെ കിടക്കും.പക്ഷെ ഇന്ന് മുതൽ നിന്റെ സ്ഥാനം അവിടെ ആണ്!" ജിതേഷ് പറഞ്ഞു.
ഒന്നും മനസ്സിലാകാതെ ശ്രീബാല അവനെ തന്നെ നോക്കി ഇരുന്നു.
ജിതേഷ് തമാശ പറയുകയല്ലെന്ന് അവന്റെ മുഖം കണ്ടപ്പോൾ ശ്രീബാലയ്ക്ക് മനസിലായി.
"ഏട്ടൻ എന്താ ഇങ്ങനെ സംസാരിക്കുന്നത് ?ഞാൻ ഏട്ടന്റെ ഭാര്യ അല്ലെ?പിന്നെന്തിനാ ഞാൻ ഒറ്റയ്ക്ക് അവിടെ കിടക്കുന്നത് ?"ശ്രീബാല കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.അവളുടെ മുഖത്തെ വെപ്രാളം കണ്ടപ്പോൾ ജിതേഷിന്റെ മുഖത്ത് ക്രൂരമായ  ഒരു ചിരി വിരിഞ്ഞു!
"ഭാര്യയോ? ഏത് വകയിൽ? ഒരു താലി കഴുത്തിൽ കേറിയത് കൊണ്ട് മാത്രം നീ എന്റെ ഭാര്യയാവുമോ?അതിന് ഞാനും കൂടി വിചാരിക്കണ്ടെ?"ജിതേഷ് ചോദിച്ചു.
"എനിക്കൊന്നും മനസ്സിലാകുന്നില്ല.ഏട്ടൻ എന്താ തമാശ പറയുവാണോ ?പ്ളീസ് എന്നെ ഇങ്ങനെ കളിപ്പിക്കല്ലേ..ഒന്നാമതെ  വേണിയുടെയും കണ്ണേട്ടന്റെയും കാര്യമോർത്ത്  ഞാൻ വിഷമിച്ചിരിക്കുകയാ..അതിന്റിടയ്ക്ക് ഇങ്ങനത്തെ തമാശ ഒന്നും പറയല്ലേ.."ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു.
"തമാശയോ?നീ എന്താ വിചാരിച്ചത് ഞാൻ നിന്നെ എന്റെ കെട്ടിലമ്മയായി പൊറുപ്പിക്കാൻ ആണ് ഇങ്ങോട്ട്  കൂട്ടിക്കൊണ്ട് വന്നതെന്നോ?എങ്കിൽ നിനക്ക് തെറ്റി!"ജിതേഷിന്റെ മുഖം വലിഞ്ഞു മുറുകി.ശ്രീബാല വാക്കുകൾ കിട്ടാതെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്താളിപ്പോടെ  അവനെ തന്നെ നോക്കി നിന്നു.
"ഞാൻ ആയിട്ട് പിന്നാലെ വന്നതല്ലല്ലോ..എന്നെ ഇഷ്ടമാണെന്ന് എന്റെ വീട്ടിൽ വന്ന് പറഞ്ഞ് എന്റെ അച്ഛന്റെ  സമ്മതത്തോടെ അല്ലെ എന്റെ കൈ പിടിച്ചത്?എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്?"ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നീ എന്താ കരുതിയത് നിന്നോടുള്ള ഇഷ്ടം മൂത്ത് ഭ്രാന്തായി നിന്റെ പിന്നാലെ വന്നതാണെന്നോ?പട്ടിയെ പോലെ നിന്റെ പിന്നാലെ അലഞ്ഞതും ഇണങ്ങിയും പിണങ്ങിയും നിന്റെ  ഇഷ്ടം പിടിച്ച് പറ്റിയതും  എല്ലാം നിന്നെ ഇവിടെ എത്തിക്കാനുള്ള എന്റെ അടവായിരുന്നു!" ജിതേഷ് പറഞ്ഞത് കേട്ട് ശ്രീബാലക്ക് നെഞ്ചിൽ കത്തി കുത്തി ഇറക്കിയത് പോലെ വേദനിച്ചു.
"എന്തിന് ?എന്തിനായിരുന്നു ഇതെല്ലാം?"ശ്രീബാല കരഞ്ഞുകൊണ്ട് ചോദിച്ചു.
"ചോദ്യങ്ങളൊക്കെ പിന്നീട്..ഒരുപാട് പേരുടെ കണ്ണീരും ശാപവും ഉണ്ട് നിന്റെയും നിന്റെ കുടുംബത്തിന്റെയും തലയിൽ.എല്ലാത്തിന്റെയും കണക്ക് തീർത്തിട്ടെ നിന്നെ ഞാൻ പറഞ്ഞയക്കു! എല്ലാം നിനക്ക് വഴിയേ മനസിലാവും.."ജിതേഷ് അവളെ വെറുപ്പോടെ നോക്കി.
"ഈ വീട് ആരുടെയാണെന്നറിയാമോ?ഞാൻ നിന്നോട് പറഞ്ഞ കഥയിലെ പണക്കാരനായ എന്റെ ആ കൂട്ടുകാരൻ,അത് ഈ ഞാൻ തന്നെ ആണ് ശ്രീബാലാ..ഇത് എന്റെ വീടാണ്.ഇനി മുതൽ നീ എന്റെ അടിമയും!"ജിതേഷ് റിവോൾവിങ്  ചെയറിൽ ഇരുന്ന് അവളെ നോക്കി ചിരിച്ചു.
"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ.നിങ്ങൾ എന്തിനാ എന്നെയും എന്റെ വീട്ടുകാരെയും കുരങ്ങ് കളിപ്പിച്ചതെന്ന് എനിക്ക് അറിയില്ല.പക്ഷെ നിങ്ങളുടെ കോപ്രായങ്ങളൊക്കെ സഹിച്ചുകൊണ്ട് ഞാൻ ഒരു കളിപ്പാവയെ പോലെ ഈ വീട്ടിൽ നിങ്ങളുടെ അടിമയായി കഴിയുമെന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി!  ഞാൻ ഇപ്പൊ ഇറങ്ങുവാ ഈ വീട്ടിൽ നിന്ന്! മതി അഭിനയവും നാടകവും ഒക്കെ."ശ്രീബാല കരഞ്ഞുകൊണ്ട് തന്റെ പെട്ടി അടച്ച് അതും എടുത്ത് മുറിയുടെ  വാതിൽ തുറന്നു.
"പോവുന്നതൊക്കെ കൊള്ളാം .അതിന് മുൻപ് ഇതും കൂടി ഒന്ന് കണ്ടിട്ട് പോ!"ജിതേഷ് ചെയറിൽ ഇരുന്നുകൊണ്ട് തന്നെ ഒരു കവർ എടുത്ത് ശ്രീബാലയ്ക്ക് നേരെ നീട്ടി.
ശ്രീബാല അനങ്ങിയില്ല.അവൻ ആ കവർ ശ്രീബാലയ്ക്ക് നേരെ വലിച്ചെറിഞ്ഞു.അവൾ നിലത്ത് നിന്നും അതെടുത്ത് തുറന്ന് നോക്കി.അവൾ സ്തബ്ധയായി നിന്നു! അത് ശ്രീബാലയുടെ  വീടിന്റെ ആധാരമായിരുന്നു.
"ഇത്..ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടി?"ശ്രീബാല കണ്ണ് മിഴിച്ച് അവനെ നോക്കി.
"മരുമകന് കുറച്ച് കാശിന്റെ അത്യാവശ്യം വന്നപ്പോ വിവാഹം മുടങ്ങിപ്പോവാണ്ടല്ലോ എന്ന് കരുതി പെണ്മക്കൾ അറിയാതെ ശേഖരൻ മാഷ്  വീടിന്റെ ആധാരം സാബുവിനെ ഏൽപ്പിച്ചു.കാലൻ  സാബുവിനെ! എന്നിട്ട് സാബു കൊടുത്ത പത്ത് ലക്ഷം മേടിച്ച് ഫ്ലാറ്റ് മേടിക്കാൻ മരുമകന് തന്നു.സാബുവിന് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു തുക കൊടുത്ത് ഈ മരുമകൻ  ആ ആധാരം ഇങ്ങ് മേടിച്ചു!"ജിതേഷ് പറഞ്ഞു.
"നിങ്ങൾ ഇത്ര ദുഷ്ടനാണോ?സ്വന്തം മകനെ പോലെ ആണ് എന്റെ അച്ഛൻ നിങ്ങളെ കണ്ടത്.ഞങ്ങളെ പോലും അറിയിക്കാതെ നിങ്ങൾക്ക് വേണ്ടി സ്വന്തമായി ആകെ ഉള്ള കിടപ്പാടം ആ കൊള്ളപ്പലിശക്കാരന്റെ കാൽക്കീഴിൽ കൊണ്ടുവെയ്‌ക്കണമെങ്കിൽ ഞങ്ങടെ അച്ഛൻ നിങ്ങളെ എന്ത് മാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഓർത്ത് നോക്കു."ശ്രീബാലയുടെ സ്വരം ഇടറി.പെട്ടെന്ന് അവളുടെ മുഖം വലിഞ്ഞു മുറുകി.
"ഈ ആധാരം ഞാൻ കൊണ്ടുപോകുവാ..എന്റെ ശവത്തിൽ ചവിട്ടിയെ നിങ്ങൾക്ക് ഇത് തിരികെ മേടിക്കാനാവു!"അവൾ ആധാരമെടുത്ത് തന്റെ കക്ഷത്തിനടിയിൽ വെച്ചു .അത് കണ്ട് ജിതേഷ് ചിരിച്ചു.
"ഒരു മൽപിടിത്തത്തിനൊന്നും  ഞാൻ ഇല്ല.ഈ ആധാരവുമായി  നിനക്കിവിടുന്ന്  ഇറങ്ങിപോവാം.ഞാൻ തടയില്ല.പക്ഷെ!"ജിതേഷ് പറയുന്നതെന്തെന്ന് മാനസ്സിലാവാതെ ശ്രീബാല അവന്റെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
"ആ കവറിൽ ഒരു പേപ്പർ കൂടി ഉണ്ട്.അതൊന്ന് വായിച്ച് നോക്ക്.."ശ്രീബാല താഴെ കിടന്ന് കവർ എടുത്ത് അതിൽ ഉണ്ടായിരുന്ന പേപ്പർ എടുത്ത് വായിച്ചു.
കണ്ടത് വിശ്വസിക്കാനാവാതെ അവളുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു! അവൾ വീണ്ടും വീണ്ടും അത് വായിച്ചു.
"സാബുവിന്റെ കൈയിൽ നിന്ന് മേടിച്ച ഇരുപത് ലക്ഷം പറഞ്ഞ തീയതിക്കുള്ളിൽ മടക്കി കൊടുത്തില്ലെങ്കിൽ നിങ്ങളുടെ വീടും സ്ഥലവും  സാബുവിന്റെ പേർക്ക് എഴുതി കൊടുക്കാൻ ശേഖരൻ മാഷിന് സമ്മതമാണെന്ന് എഴുതിയിരിക്കുന്ന പ്രോമിസറി നോട്ട് ആണത്..നിന്റെ അച്ഛൻ അതിൽ ഒപ്പു വെച്ചിട്ടുമുണ്ട്.."ജിതേഷ് സ്റ്റാമ്പ് പേപ്പറിലേക്ക് ചൂണ്ടി പറഞ്ഞു.
"ഇത് ചതിയാണ്.എന്റെ അച്ഛൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.."ആ പേപ്പർ കൈയിൽ പിടിച്ച് ശ്രീബാല വിതുമ്പി.
"അതെ ചതിയാണ്! അന്ന് സാബു നിന്റെ അച്ഛന്റെ  കൈയിൽ നിന്ന് ഒരു ബ്ലാങ്ക് സ്റ്റാമ്പ് പേപ്പർ ഒപ്പിട്ട്  മേടിച്ചിരുന്നു.സാബുവിന്റെ കൈയിൽ നിന്ന് ഞാൻ അത് മേടിച്ചിട്ട് എനിക്കിഷടമുള്ളതൊക്കെ ഞാൻ അതിൽ  എഴുതി ചേർത്തു.അങ്ങനെ പത്ത് ലക്ഷം ഇരുപത് ലക്ഷമായി.."ജിതേഷ് കൂസലില്ലാതെ പറഞ്ഞു.
ശ്രീബാല പെട്ടെന്ന് ആ സ്റ്റാമ്പ് പേപ്പർ വലിച്ചുകീറി.അവന്റെ അടുത്തേക്ക് ചെന്ന് ആ കഷണങ്ങൾ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
അത് കണ്ട്  ജിതേഷ് പൊട്ടിച്ചിരിച്ചു!
"ഒറിജിനൽ സ്റ്റാമ്പ് പേപ്പർ നിന്റെ കൈയിൽ തരാനും മാത്രം ഞാൻ അത്ര  മണ്ടനാണെന്ന് നീ വിചാരിച്ചോ ശ്രീബാലെ?നീ കീറിക്കളഞ്ഞത് അതിന്റെ കോപ്പിയാണ്.ഒറിജിനൽ ഭദ്രമായി എന്റെ കൈയിൽ തന്നെ ഉണ്ട്.."ജിതേഷിന്റെ ചിരി കണ്ട് ശ്രീബാല ഇനി എന്ത് ചെയ്യണമെന്നറിയാതെ തേങ്ങി.
"കേസ് കൊടുക്കും കോടതിയിൽ പോകും എന്നൊക്കെ വേണമെങ്കിൽ  നിനക്ക് വാദിക്കാം.പക്ഷെ എന്റെ കൈയിലിരിക്കുന്ന സ്റ്റാമ്പ്  പേപ്പറിൽ നിന്റെ അച്ഛന്റെ ഒപ്പുണ്ട്. പിന്നെ കോടതി ആവും എനിക്ക് വേണ്ടി കാര്യങ്ങൾ ഏറ്റെടുക്കുന്നത്.പിന്നെ സാബു ഒരു ലൈസെൻസ്ഡ് മണി ലെൻഡർ അല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്..അങ്ങനെ ഉള്ള ഒരാളുടെ കൈയിൽ നിന്ന് എന്തിന് കാശ് മേടിച്ചു എന്ന് ചോദ്യം വരും.അപ്പൊ നീ കേസ് കൊടുത്താൽ ആദ്യം കുടുങ്ങന്നത് സാബുവായിരിക്കും.പിന്നാലെ നിങ്ങളും.  സാബു  കുടുങ്ങിയാൽ പിന്നത്തെ കാര്യം അറിയാമല്ലോ.നിങ്ങളെ അയാൾ ഈ ഭൂമിയിൽ വെച്ചേക്കില്ല !" ജിതേഷ് പറഞ്ഞു.ശ്രീബാല എല്ലാം കേട്ട് തരിച്ച്  നിൽക്കുകയായിരുന്നു.
"എന്റെ വേണി  മോൾക്കെന്താ സംഭവിച്ചത്?"ശ്രീബാലയുടെ ചോദ്യം കേട്ട് ജിതേഷ് അവളെ പുച്ഛിച്ച് ചിരിച്ചു.
"ഞാൻ വിചാരിച്ചത് പോലെ അല്ല.നീ അത്ര മണ്ടിയൊന്നുമല്ല അല്ലെ..നിന്റെ വേണി  ഇപ്പൊ സുഖമായിരിക്കുന്നു കണ്ണന്റെ കൂടെ അല്ല അവളുടെ പുതിയ ഭർത്താവിന്റെ കൂടെ.."ജിതേഷ് പറഞ്ഞു.ശ്രീബാലയുടെ തലയ്ക്കുള്ളിൽ  ഒരു സ്ഫോടനം നടന്നു! അവൾ  ജിതേഷിന്റെ നേർക്ക് പാഞ്ഞ് ചെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു.
"ദുഷ്ടാ! നിങ്ങൾ എന്താ ചെയ്തത് അവളെ? കണ്ണേട്ടനെ നിങ്ങൾ എന്ത് ചെയ്തു ? അവരിപ്പോ  ജീവനോടെ ഉണ്ടോ?അവളെവിടെയാ?എനിക്കിപ്പോ അവളെ കാണണം!"ശ്രീബാല ദേഷ്യം കൊണ്ട്  വിറച്ചു.
"കൈയെടുക്കെടി!"ജിതേഷ് ചെയറിൽ നിന്നെഴുന്നേറ്റ് കൊണ്ട് അവളുടെ  കൈകൾ തട്ടിമാറ്റി അലറി.
"നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തരാൻ എനിക്കിപ്പോ മനസ്സില്ല.കുറച്ച് കാര്യങ്ങൾ പറഞ്ഞേക്കാം.മരിയാദയ്ക്ക് അടങ്ങി ഒതുങ്ങി ഇവിടെ ജീവിച്ചോ.എന്തിന് നിന്നെ ഇവിടെ കൊണ്ടുവന്നു എന്ന് അധികം താമസിയാതെ നിനക്ക് മനസിലാവും.നിന്നെ ഇവിടെ ആരും അടച്ചിടാൻ പോവുന്നില്ല.നിനക്ക് ഈ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാവും.പക്ഷെ ഒരു ഭർത്താവിന്റെ സ്നേഹമോ പരിചരണമോ ഒന്നും എന്നിൽ നിന്ന്  പ്രതീക്ഷിക്കണ്ട.കാരണം എനിക്ക് നിന്നെ കാണുന്നതേ അറപ്പാ. നിന്റെ അനിയത്തി തൽക്കാലം  സുരക്ഷിതയാണ്.തുടർന്നും അങ്ങിനെ ആവണമെങ്കിൽ നീ വിചാരിക്കണം.ഇവിടെ നടക്കുന്നതൊക്കെ പുറത്തിറങ്ങി ആരോടെങ്കിലും പറയുകയോ രക്ഷപെടാൻ ശ്രമിക്കുകയോ ചെയ്‌താൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല പക്ഷെ പിന്നെ നീ നിന്റെ അനിയത്തിയെയോ  അച്ഛനെയോ ഒരിക്കലും കാണില്ല.ഓർത്താൽ നന്ന്!"ജിതേഷിൻറെ മുഖത്ത് നോക്കാൻ ശ്രീബാലയ്ക്ക്  ഭയം തോന്നി.താൻ ഇന്നലെ വരെ കണ്ട സ്നേഹനിധിയായ മനുഷ്യാനാണോ തന്റെ മുൻപിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.
"ദ്രോഹി! നിങ്ങളെ ഞാൻ എന്ത് മാത്രം വിശ്വസിച്ചു സ്നേഹിച്ചു.എന്റെ വേണി മോൾക്കും നിങ്ങൾ സ്വന്തം  ചേട്ടനെ പോലെ ആയിരുന്നു.എന്റെ അച്ഛൻ നിങ്ങളെ സ്വന്തം മകനെക്കാളേറെ സ്നേഹിച്ചു.പക്ഷെ നിങ്ങൾ എല്ലാവരെയും ചതിച്ചു.ഒന്നോർത്തോ!മുകളിലിരിക്കുന്ന  ഒരാൾ ഇതെല്ലം കാണുന്നുണ്ട്.എല്ലാത്തിനും ഒരിക്കൽ കണക്ക് പറയേണ്ടി വരും!"ശ്രീബാല കണ്ണീരോടെ ജിതേഷിന് നേരെ വിരൽ ചൂണ്ടി അലറി.
അവളുടെ കണ്ണിൽ നിന്നും ചുടു ചോര ആണൊഴുകുന്നതെന്ന് അവന് തോന്നി.
"കഴുത്തിൽ താലി കെട്ടിയവനെ ഇങ്ങനെ പ്രാകി കൊല്ലല്ലേ മോളെ.."ജിതേഷ് അവളെ പുച്ഛിച്ചു.ശ്രീബാല അവനെ വെറുപ്പോടെ നോക്കി.
"അപ്പൊ പെട്ടി ഒക്കെ എടുത്ത് പഴയ സ്ഥാനത് തന്നെ വെച്ചോളൂ.ഞാൻ കിടക്കാൻ പോവാണ്.നിനക്ക് നല്ലതുപോലെ വിശക്കുന്നുണ്ടാവുമെന്ന് അറിയാം.സാരമില്ല..നല്ല കുട്ടിയായി സോഫയിൽ പോയ് കിടന്നുറങ്ങു."ജിതേഷ്  വാതിൽ കുറ്റിയിട്ട്  ലൈറ്റ് അണച്ചുകൊണ്ട് പറഞ്ഞു.   ശ്രീബാല കരഞ്ഞുകൊണ്ട് വാതിലിലൂടെ ഊർന്നിറങ്ങി നിലത്തേക്ക് ഇരുന്നു.താൻ ഇന്നലെ വരെ പ്രാണനെപ്പോലെ സ്നേഹിച്ച മനുഷ്യൻ ഒരു നിമിഷം കൊണ്ട് താൻ ഈ ലോകത്ത് ഏറ്റവും വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ഒരു പിശാചായി  തീർന്നത് അവൾ അറിയുകയായിരുന്നു.ഇനി എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.താൻ അറിയാതെ വീടിന്റെ ആധാരം അച്ഛൻ സാബുവിന്റെ കൈയിൽ പണയം വെച്ചത് തന്റെയും വേണിയും ആഗ്രഹം പോലെ വിവാഹം പറഞ്ഞ തീയതി തന്നെ നടത്താൻ വേണ്ടിയാണ്.അച്ഛന്റെ സ്നേഹവും വിശ്വാസവും മുതലെടുത്ത് ജിതേഷ് തങ്ങളെ എല്ലാവരെയും ഇപ്പൊ ഊരാക്കുടുക്കിൽ ആണ് കൊണ്ടെത്തിച്ചിരിക്കുന്നത്.തനിക്ക് വേണമെകിൽ ഇവിടുന്ന് ഇറങ്ങിപ്പോകാം.പക്ഷെ ജിതേഷ്  പറഞ്ഞതുപോലെ സാബുവിന്റെ കൈയിൽ നിന്നും ഇത്ര തുകയാണ് അച്ഛൻ മേടിച്ചതെന്ന് ഒരു രേഖയുമില്ല.അത് മാത്രമല്ല കള്ളത്തരം ആണ് എഴുതി പിടിപ്പിച്ചിരിക്കുന്നതെങ്കിലും ആ സ്റ്റാംപ് പേപ്പറിൽ അച്ഛന്റെ  ഒപ്പ് തന്നെ ആണുള്ളതും .കേസും കോടതിയുമായി മുൻപോട്ട് പോകാനുള്ള പൈസയോ ആൾബലമോ  ഒന്നും തങ്ങൾക്കില്ല.അഥവാ പോയാലും നീതിയും ന്യായവും ജിതേഷും സാബുവും  തന്റെ നോട്ടുകെട്ടുകളാൽ എങ്ങനെ വേണമെങ്കിലും തിരുത്തി എഴുതിക്കും. സാബുവിന്റെ ശത്രുത കൂടി സമ്പാദിക്കേണ്ടി വരും.തന്റെ മാർഗത്തിന് തടസ്സം നിൽക്കുന്നവരെ വെട്ടിനീക്കി ശീലിച്ച ആളാണ് സാബു. അയാൾക്കെതിരെ കേസ് കൊടുത്താൽ ചിലപ്പോ അച്ഛനെ അയാൾ കൊന്നുകളയാനും  മടിക്കില്ല. അതേപോലെ ജിതേഷിനെതിരെ നീങ്ങിയാൽ അവൻ വേണിയെ അപായപ്പെടുത്തും. വേണിക്ക്  ഇതിനകം എന്തെങ്കിലും ആപത്ത് സംഭവിച്ചുകാണുമോ എന്നായിരുന്നു ശ്രീബാലയുടെ  ചിന്ത മുഴുവനും.ജിതേഷിനോട്  ചോദിച്ചിട്ട് കാര്യമില്ലെന്ന് അവൾക്ക് മനസ്സിലായി.എല്ലാം കൂടി ആലോചിച്ചപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
തന്റെ നിസ്സഹായാവസ്ഥ ഓർത്ത് ശ്രീബാല നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു!
"കുറച്ചുകൂടി ഉച്ചത്തിൽ കരഞ്ഞോ.ഇതിലും ഇരട്ടി ഒച്ചയിൽ നെഞ്ച്  പൊട്ടി  കരഞ്ഞിട്ടുണ്ട് ഇവിടെ കുറച്ച് പേർ .അത് വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല."ജിതേഷ് കട്ടിലിൽ കിടന്നുകൊണ്ട് വിളിച്ച് പറഞ്ഞു.
ശ്രീബാല കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി വെച്ച് കരഞ്ഞുകൊണ്ടിരുന്നു...
***
പിറ്റേന്ന് നേരം വെളുത്തപ്പോൾ വേണി കട്ടിലിൽ നിന്നും എഴുന്നേറ്റ് വന്നു.മുറിയിലെ ചൂരൽ കട്ടിലിലാണ് അവൾ കിടന്നുറങ്ങിയത്.കരഞ്ഞ് തളർന്ന് ഉറങ്ങിയത് കൊണ്ട് തലയ്ക്ക് നല്ല വേദനയും കണ്ണുകൾക്ക് നല്ല ഭാരവും തോന്നി. തലേന്ന് രാത്രിയിൽ ഉണ്ടായ സംഭവമെല്ലാം അവൾ ഓർത്തെടുത്തു.നിലത്ത് കിടന്ന ദോശയും ചമ്മന്തിയും ആരോ തുടച്ച് വൃത്തിയാക്കിയിരുന്നു.അവൾ അടുക്കളയിലേക്ക് ചെന്നു.അവിടെ അവൾക്ക് കാണാൻ പാകത്തിൽ ബ്രഡിന്റെ ഒരു പാക്കറ്റ് വെച്ചിട്ടുണ്ടായിരുന്നു.. പെട്ടെന്ന് വാതിൽ ആരോ പുറത്ത് നിന്നും തുറക്കുന്ന ശബ്ദം കേട്ടു.അവൾ പേടിച്ച് അടുക്കളയിൽ നിന്നും ഒരു കത്തി എടുത്ത് വാതിലിന്റെ സൈഡിൽ മറഞ്ഞ് നിന്നു.
വാതിൽ തുറന്ന് അകത്തേക്ക് വന്നത് കുട്ടനായിരുന്നു.
കത്തിയും പിടിച്ച് വാതിലിന്റെ പിന്നിൽ മറഞ്ഞ് നിൽക്കുന്ന വേണിയെ കണ്ടതും അവന് ചിരി പൊട്ടി.
"ചേച്ചി എന്താ രാവിലെ കത്തി ഒക്കെ ആയിട്ട്?അത് അവിടെ വെച്ചേക്ക്.കൈ മുറിച്ച് വെക്കേണ്ട.."കുട്ടൻ തന്റെ കൈയിലെ കവർ അടുക്കളയുടെ സൈഡിലെ മേശയിൽ വെച്ചു.
അവൾ ആ കവറിലേക്ക്  നോക്കി.അത് കുറച്ച് പച്ചക്കറികൾ ആയിരുന്നു.
"ഉച്ചയ്ക്കത്തേക്ക് ചേച്ചിക്കെന്തെങ്കിലും കഴിക്കാൻ വെച്ചുകൊടുക്കണമെന്ന് പറഞ്ഞിട്ടാ  ഗിരിയേട്ടൻ പോയത്."കുട്ടൻ പറഞ്ഞു.
"അയ്യോ അതിന്റെ ഒന്നും ആവശ്യമില്ല...ഞാൻ ഇവിടെ  നിലത്ത് കിടക്കുന്ന എച്ചിൽ എന്തെങ്കിലും  ഒക്കെ വാരി തിന്നോളാം .ഇന്നലെ രാത്രി അതായിരുന്നുവല്ലോ എന്റെ അത്താഴം ."വേണി പുച്ഛത്തോടെ പറഞ്ഞു.
"അത് ചേച്ചി ചോദിച്ച് വാങ്ങിയതല്ലേ?കഴിക്കാൻ കൊണ്ടുത്തന്നത് വലിച്ചെറിഞ്ഞിട്ടല്ലേ?ഗിരിയേട്ടന് ഇത്രയും ദേഷ്യമുള്ള കാര്യം വേറെ ഇല്ല."കുട്ടൻ പറഞ്ഞു.
"ഈ വാതിൽ തുറക്ക് എനിക്ക് ബാത്‌റൂമിൽ പോകണം."അടുക്കളയുടെ പിറകിലുള്ള വാതിൽ ചൂണ്ടി വേണി പറഞ്ഞു.
"തുറക്കാം പക്ഷെ ഓടി രെക്ഷപെടാനൊന്നും ശ്രമിക്കരുത്.ഇവിടം മുഴുവനും ഗിരിയേട്ടന്റെ ആൾക്കാർ ആണ്. ചേച്ചി പോവുന്നതിനേക്കാൾ സ്പീഡിൽ അവർ ചേച്ചിയെ ഇവിടെ തിരികെ കൊണ്ടെത്തിക്കും."കുട്ടൻ പറഞ്ഞു.
"എങ്ങോട്ടും രെക്ഷപെടാനല്ല എനിക്ക് ബാത്‌റൂമിൽ പോവാൻ ആണ്."വേണിക്ക്  ദേഷ്യം  വന്നു.
"വെപ്രാളപ്പെടാതെ ഞാൻ വാതിൽ തുറന്ന് തരാം."കുട്ടൻ കീ എടുത്ത് അടുക്കളയുടെ പിറകിലത്തെ വാതിൽ തുറന്ന് കൊടുത്തു.അവിടെ  തന്നെയായിരുന്നു ബാത്റൂമും .കുട്ടൻ അവിടെ തന്നെ നിന്നു.
"എന്താ?"വേണി ചോദിച്ചു.
"ചേച്ചി പോയിട്ട് വാ.ഞാൻ ഇവിടെ തന്നെ കാണും."കുട്ടൻ പറഞ്ഞു.
"എങ്കിൽ ഒരു കാര്യം ചെയ് എന്റെ കൂടെ ഇതിന്റെ  അകത്തോട്ട് കയറി ഇരിക്ക് ."വേണിക്ക്  ദേഷ്യം ഇരച്ച് കയറി.
"അയ്യോ അത് ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലേ?"കുട്ടൻ അവളെ കളിയാക്കി.
"നീ പോടാ ചെക്കാ.."വേണി അവനെ ദേഷ്യത്തോടെ നോക്കിയിട്ട് ബാത്‌റൂമിൽ കെയറി.
"അതെ അവിടെ പുതിയ ബ്രഷും പേസ്റ്റും തോർത്തും ഒക്കെ ഇരിപ്പുണ്ട് കേട്ടോ."കുട്ടൻ വെളിയിൽ നിന്ന് വിളിച്ച് പറഞ്ഞു.
കുറച്ച് കഴിഞ്ഞും വേണിയെ കാണാതായപ്പോൾ കുട്ടൻ തട്ടി വിളിച്ചു.അവൾ കുളി കഴിഞ്ഞ് നേരത്തെ ഉടുത്തിരുന്ന പഴയ സാരി തന്നെ ഉടുത്ത് തിരികെ ഇറങ്ങി വന്നു.
"ഞാൻ ഓർത്തു അവിടെ കൂടി അങ്ങ് പോയെന്ന്.."കുട്ടൻ കളിയാക്കി.
"അങ്ങനെ ഉള്ള ജാല  വിദ്യ ഒന്നും എനിക്കറിയില്ല.പോവുന്നെങ്കിൽ നിങ്ങൾ രണ്ടെണ്ണത്തിനെയും പോലീസിൽ പിടിച്ച് കൊടുത്തിട്ട് പോവൂ."വേണി പറഞ്ഞു.
തിരികെ വേണി മുറിയിൽ കയറിയതും കുട്ടൻ അടുക്കളയുടെ ഡോർ വീണ്ടും ലോക്ക് ചെയ്തു.
"ചേച്ചീടെ ബാഗ് ദാ  അകത്ത് അലമാരിയിൽ വെച്ചിട്ടുണ്ട്."കുട്ടൻ പറഞ്ഞത് കേട്ട് വേണി പെട്ടെന്ന് മുറിയിൽ പോയി അലമാര തുറന്നു.അവിടെ തന്റെ ബാഗ് ഇരിക്കുന്നത് കണ്ട് അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
"ഈ ബാഗിനകത്ത് കാശുണ്ടെന്ന് വെച്ചാണോ ഇതും  കൂടി എടുത്തോണ്ട് വന്നത്?"വേണി കുട്ടനെ പുച്ഛത്തോടെ നോക്കി.
"പിന്നെ.. അതിനകത്തിരിക്കുന്ന പഴ്സിന്റെ അവസ്ഥ  കണ്ടപ്പോ കുറച്ച് കാശ് അങ്ങോട്ട് വെച്ച് തന്നാലോ  എന്ന് ഞാൻ ആലോചിച്ചു."കുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.വേണിക്ക് ഉത്തരം  മുട്ടി.അവൾ ഒന്നും മിണ്ടാതെ മുറി വലിച്ചടച്ചു.
"ഇതെല്ലം കൂടി ഇടിച്ച് പൊളിച്ച് കളയുവോ?"കുട്ടൻ വിളിച്ച് ചോദിച്ചു.
കുറച്ച് കഴിഞ്ഞ് വേണി വേഷം മാറി വെളിയിൽ ഇറങ്ങി.ഒരു ഇളം റോസ് കോട്ടൺ സാരി ആയിരുന്നു അവൾ ഉടുത്തത് .കുട്ടൻ കുറച്ച് നേരം അവളെ നോക്കി നിന്നു.
"എന്താടാ?"വേണി അവന്റെ നോട്ടം കണ്ട് ദേഷ്യപ്പെട്ടു.
"പൊക്കി പറയുവാണെന്ന് വിചാരിക്കരുത്.ചേച്ചിയെ കാണാൻ ദേവിയെ പോലെ ഉണ്ട്...മൂധേവി!"കുട്ടൻ പറഞ്ഞത് കേട്ട് വേണി ദേഷ്യത്തോടെ അവിടെ ഇരുന്ന ഒരു സ്റ്റീൽ പാത്രമെടുത്ത് അവന്റെ നേരെ എറിഞ്ഞു.അപ്പോഴാണ് വാതിൽ തുറന്ന് ഗിരി അകത്തേക്ക് വന്നതും കൃത്യമായി ആ പാത്രം ഗിരിയുടെ നെറ്റിയിൽ തന്നെ കൊണ്ടതും.വേണി എന്ത് ചെയ്യണമെന്നറിയാതെ നിന്ന് വിറച്ചു!
പാത്രത്തിന്റെ വക്ക് കൊണ്ട് അയാളുടെ നെറ്റി ചെറുതായൊന്ന് പോറി.ഗിരി വേണിയെ നോക്കി.റോസ് കോട്ടൺ സാരി ഉടുത്ത് നനഞ്ഞ  മുടി തോർത്ത് കൊണ്ട് മടക്കി വെച്ച് മുഖത്തും കഴുത്തിലും  വെള്ള തുള്ളികൾ പറ്റിപ്പിടിച്ച് തന്നെ നോക്കി ആലില പോലെ വിറച്ച് കൊണ്ട് നിൽക്കുന്ന വേണിയെ ഗിരി  കുറച്ച് നേരം നോക്കി നിന്നു.അവളുടെ നിൽപ്പ് കണ്ട് കുട്ടൻ വാ പൊത്തി  ചിരിച്ചു.ഗിരി ഒന്നും മിണ്ടാതെ പാത്രമെടുത്ത് തിരികെ അതിന്റെ സ്ഥാനത്ത്  വെച്ച് പൈപ്പിൽ നിന്ന് കുറച്ച്  വെള്ളമെടുത്ത് നെറ്റി കഴുകി.പിന്നെ മുറിയിൽ പോയി എന്തോ എടുത്ത് തിരികെ വെളിയിൽ  ഇറങ്ങി വാതിൽ പൂട്ടി.
വേണിക്ക്  അപ്പോഴാണ് ശ്വാസം നേരെ വീണത്.
"എന്തോ എടുക്കാൻ മറന്നുപോയി എന്ന് തോന്നുന്നു അതാ തിരികെ വന്നത്.."കുട്ടൻ പറഞ്ഞു.
"നിന്നെ എനിക്കിവിടെ കാവൽ ഇട്ടതായിരിക്കും അല്ലെ?"വേണി ചോദിച്ചു.
കുട്ടൻ ഒന്നും മിണ്ടിയില്ല.അവൻ ഊണിനുള്ള പച്ചക്കറികൾ അരിയാൻ   തുടങ്ങി.
"ഇതൊന്നും വലിയ ശീലമില്ല അല്ലെ?"കുട്ടൻ പച്ചക്കറി അറിയുന്നത് കണ്ട് വേണി അവനെ കളിയാക്കി.
"ഞങ്ങൾ ഇവിടെ അങ്ങനെ വെപ്പും കുടിയും ഒന്നുമില്ല.ഇതിപ്പോ ചേച്ചി വന്നത്കൊണ്ടാ.."കുട്ടൻ പറഞ്ഞു.
"ഇങ്ങ് താ ഞാൻ ചെയ്തോളാം.."വേണി കുട്ടന്റെ കൈയിൽ നിന്ന് കത്തി ബലമായി പിടിച്ച് വാങ്ങി.
"എന്ത് പറ്റി പെട്ടെന്ന്?ഇന്നലെ കണ്ട ആളെ അല്ലല്ലോ?സഹായിക്കാൻ ഒക്കെ കൂടുന്നു?ഇവിടം ഇഷ്ട്ടപ്പെട്ട്  തുടങ്ങിയോ?"കുട്ടൻ കത്തി അവൾക്ക് നൽകി ചിരിച്ചുകൊണ്ട് ചോദിച്ചു.വേണി ഒന്നും മിണ്ടിയില്ല.
"എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം എടുത്ത് തരാമോ?"കുറച്ച് കഴിഞ്ഞ് വേണി ചോദിച്ചു.
കുട്ടൻ വെള്ളം എടുക്കാൻ കൂജയ്ക്കരികിലേക്ക് തിരിഞ്ഞു.പെട്ടെന്ന് അവന്റെ പിറകിൽ നട്ടെല്ലിന് നടുവിലായി എന്തോ തട്ടി നിന്നത് അവൻ അറിഞ്ഞു! അവൻ തിരിയാൻ ഭാവിച്ചതും വേണിയുടെ ശബ്ദം  കേട്ടു!
"അനങ്ങിപ്പോവരുത്! നല്ല ഒന്നാന്തരം മൂർച്ചയുള്ള കത്തിയാ എന്റെ കൈയിലിരിക്കുന്നത്.ഒറ്റ കുത്തിന് നിന്റെ നട്ടെല്ല് തുളച്ച് ഞാൻ അത് പുറത്തോട്ടെടുക്കും.അത് വേണ്ടെങ്കിൽ നീ സത്യം പറയ്.നിങ്ങൾ ആരാ?എന്നെ എന്തിനാ ഇവിടെ പിടിച്ചുകൊണ്ട് വന്നിരിക്കുന്നത്?എന്റെ കണ്ണേട്ടനെ നിങ്ങൾ എന്താ ചെയ്തെ?അദ്ദേഹം ജീവനോടെ ഉണ്ടോ?"വേണി പതിയെ ആണ് സംസാരിച്ചതെങ്കിലും അവളുടെ വാക്കുകളിലെ പകയും വെറുപ്പും അവൻ കേട്ടു .
"ചേച്ചി..നിങ്ങൾ ഈ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം  പറയാൻ എനിക്ക് തൽക്കാലം നിർവാഹമില്ല.പക്ഷെ വേണമെങ്കിൽ വേറെ ഒരു കാര്യം പറഞ്ഞ് തരാം.നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം.."കുട്ടൻ പറഞ്ഞു.
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot