നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 29


അവിടെ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടി വിറച്ചു!ഒരു തരിപ്പ് അവളുടെ ദേഹത്തൂടെ കടന്നുപോയി! കൺമുൻപിൽ  നിൽക്കുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ  അവൾ തന്റെ നെഞ്ചിൽ കൈവെച്ചു.അത് ഹരിയായിരുന്നു ! ജിതേഷും അതെ അവസ്ഥയിൽ ആയിരുന്നു.അവൻ ഹരിയെ  ആദ്യമായിരുന്നു നേരിട്ട് കാണുന്നത്.വർഷങ്ങളായുള്ള ഓട്ടപ്പാച്ചിലിൽ  അവന്റെ രൂപം തന്നെ മാറിപ്പോയിരുന്നു.പണ്ട് പത്രത്തിൽ  വന്നിരുന്ന ഹരിയുടെ തേജസുള്ള  മുഖവും ഇപ്പോഴത്തെ കോലവും അവൻ ഇത്രനാളും അനുഭവിച്ച മാനസിക സംഘർശം എത്രയെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
"ഹരിയേട്ടാ!"ശ്രീബാല ഓടി ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു.മരിച്ചെന്ന് കരുതിയ തന്റെ ഹരിയേട്ടൻ തിരികെ വന്നിരിക്കുന്നു! സന്തോഷം കൊണ്ടവൾ  പൊട്ടിക്കരഞ്ഞു.
"ഹരിയേട്ടൻ ഇനി തിരികെ  വരില്ല എന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോ ഞാൻ തകർന്നുപോയി ഹരിയേട്ടാ..ഞാൻ അനുഭവിച്ച വിഷമത്തിനും സങ്കടങ്ങൾക്കും കൈയും കണക്കുമില്ല.." ശ്രീബാല അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് തേങ്ങി.
"കരയാതെ മോളെ. ഹരിയേട്ടന്റെ അവസ്ഥ അതായിപ്പോയി..."ഹരി ശ്രീബാലയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
"നമ്മൾ ആദ്യം കാണുകയാണ്.."ഹരി ജിതേഷിന്റെ മുൻപിൽ വന്ന് നിന്നു. അവന്റെ മുഖത്തേക്ക് നോക്കും തോറും ജിതേഷിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.
"എന്നെ കെണിയിലാക്കാൻ വേണ്ടി എന്റെ പെങ്ങന്മാരുടെ ജീവിതം വെച്ചാണോടാ നീയൊക്കെ കളിച്ചത്!"ഹരി ജിതേഷിന്റെ കോളറിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക്  രൂക്ഷമായി നോക്കി .ജിതേഷ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി.ജിതേഷ്  ശ്രീബാലയെ ഇപ്പൊ എത്ര മാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന്  സുമ പറഞ്ഞ് ഹരി മനസ്സിലാക്കിയിരുന്നുവെങ്കിലും ജിതേഷിനെ നേരിട്ട് കണ്ടപ്പോൾ ഹരിക്ക് പിടിച്ച് നിൽക്കാനായില്ല. ജിതേഷിന്റെ നിൽപ്പ് കണ്ട് ശ്രീബാലയ്ക്ക് സഹിച്ചില്ല."ഹരിയേട്ടാ നമക്ക് ആ വിഷയം വിടാം.."ശ്രീബാല ഇടയിൽ കയറി ഹരിയുടെ കൈ വിടുവിച്ച് കൊണ്ട് പറഞ്ഞു..ഹരി ശ്രീബാലയെ ഒന്ന് നോക്കി.ശ്രീബാല ഒന്നും ചെയ്യല്ലേ എന്ന് അവനോട് കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു.ഹരി ജിതേഷിനെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവന്റെ കോളറിൽ നിന്നും കൈ വിട്ടു.
പിന്നീട് ഹരി നടന്ന് ഭോലയുടെ മുൻപിൽ വന്ന് നിന്നു.
ഭോല അവനെ പകയോടെ നോക്കി.ഹരി കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു..
"നീ ഒരുത്തൻ കാരണം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് പട്ടിയെപ്പോലെ ഞാൻ അലയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇക്കാലമത്രയും ഓരോ നിമിഷവും ഞാൻ തള്ളി നീക്കിയത്   ഇതുപോലൊരു അവസരം എന്നെങ്കിലും എന്റെ കൈയിൽ കിട്ടും എന്നെനിക്കറിയാവുന്നത് കൊണ്ടായിരുന്നു..എന്റെ പെണ്ണിനേയും പാവം പിടിച്ച ഒരു പയ്യനെയും കൊല്ലാക്കൊല ചെയ്തതിന്  തരാൻ ഓങ്ങി ഓങ്ങി വെച്ചിരുന്ന ഒരു കണക്ക് ഉണ്ട്..അത് തീർത്തിട്ടാവാം ബാക്കി സംസാരം!"ഹരി പറഞ്ഞു.എന്നിട്ട് ഭോലയുടെ  കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു!
"എനിക്ക് കൊലക്കയറു വാങ്ങി തന്നിട്ട് നീ ഇവിടെ വന്ന് ഭോലയെന്നും തേങ്ങാക്കൊലയെന്നും പറഞ്ഞ് ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ കളിക്കുവാണോടാ പുല്ലേ?"ഹരി ഭോലയുടെ ചെവിക്കല് നോക്കി  ഒന്നുകൂടി പൊട്ടിച്ചു! ഭോല വേദനകൊണ്ട് അലറി വിളിച്ചു! സുമ പെട്ടെന്ന് ഹരിയെ പിടിച്ച് മാറ്റി..
"അന്ന് എന്നെ അമ്പലത്തിൽ കാണാൻ വന്നിരുന്ന സ്ത്രീ ആരായിരുന്നു?എന്തിനായിരുന്നു ഹരിയേട്ടൻ മരിച്ചെന്ന്  ഒരു കള്ളം അവരെ കൊണ്ട് പറയിച്ചത് ?"ശ്രീബാല വിഷമത്തോടെ ചോദിച്ചു.
"അതിന് മുൻപ് സുമ മാഡം പറഞ്ഞ് നിർത്തിയിടത്ത് നിന്ന് ഞാൻ തുടങ്ങാം..അല്ലെ ജാവേദ്?" ഹരി ഭോലയെ  നോക്കി ചോദിച്ചു.ഭോല ചോരയൊലിക്കുന്ന ചുണ്ടുകളുമായി പല്ലുകടിച്ചുകൊണ്ട് അവനെ നോക്കി.
"ഏക് ബാർ മുജേ ഇസ് റസി സെ നിക്കാൽദൊ ! ചോടുങ്കാ നയി! തും സബ്‌കോ മേം മാർ ടാലുങ്കാ !(ഒരു പ്രവശ്യം എന്റെ കെട്ടഴിച്ച് വിട് ! നിങ്ങളെ എല്ലാം ഞാൻ കൊന്നുകളയും!) " ഭോല എല്ലാവരെയും നോക്കി അലറി.
"നിനക്ക് കിട്ടിയത് പോരാ അല്ലെ?" ഹരി ദേഷ്യം കൊണ്ട് വിറച്ച് ഭോലയുടെ  അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും സുമ അവനെ തടഞ്ഞു.
"നന്ദാ നമുക്ക് തിരികെ റൂമിലേക്ക് പോവാം?"ശ്യാമ പേടിയോടെ നന്ദനോട് ചോദിച്ചു.
"വേണ്ട..എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം.ഹരിക്ക് പറയാനുള്ളതും എനിക്ക് കേൾക്കണം.അത് കഴിഞ്ഞേ ഞാൻ വരുന്നുള്ളു."നന്ദന്റെ സ്വരം ദൃഢമായിരുന്നു.ഹരി സംസാരിച്ച് തുടങ്ങി.
"മിത്തുവിൻറെ റിപ്പോർട്ട് തിരുത്തി എഴുതിയത് സുമ മാഡം ആണെന്നറിഞ്ഞ് ഒളിവിലായിരുന്ന സമയത്ത് ഞാൻ ശരത് ഡോക്ടർ അറിയാതെ മാഡത്തെ  കാണാൻ ചെന്നു.മോളി സിസ്റ്റർ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ മാഡത്തോട്  ചോദിച്ചു..ആദ്യമൊന്നും മാഡം   എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല.എന്റെ കൈയിൽ ശരത്തിനെതിരെ ഉള്ള എല്ലാ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിട്ടും മാഡം  എന്റെ കൂടെ നില്ക്കാൻ തയാറായില്ല.അതൊരുപക്ഷേ മാഡത്തിന്റെ മകൾ മിന്നുവിനെ ശരത് അപായപ്പെടുത്താൻ ശ്രമിച്ചേക്കുമോ എന്ന് ഭയന്നായിരിക്കും മാഡം അയാൾക്കെതിരെ മൂവ് ചെയ്യാത്തതെന്ന് എനിക്ക് തോന്നി.പക്ഷെ അതല്ലാതെ മാഡം എന്തോ എന്നിൽ നിന്നും മറച്ച് പിടിക്കുന്നതായി എനിക്ക് തോന്നി.ഞാൻ മാഡത്തിന്റെ  ഓരോ നീക്കങ്ങളും നിരീക്ഷിച്ചു.പക്ഷെ അസ്വാഭാവികമായ ഒന്നും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.പിന്നീട് മാഡത്തിന്റെ   മകൾ മിന്നു മരിച്ച് കുറച്ച് നാൾ കഴിഞ്ഞ് അവർ എന്നെ  കോൺടാക്ട്  ചെയ്തു.ബോംബെയിലായിരുന്ന മാഡം എനിക്ക് ഡെൽഹിയിലെ  ഈ വീടിന്റെ അഡ്രസ് തന്നു.മാഡം പറഞ്ഞ തീയതി രാത്രി ആരും കാണാതെ ഇവിടെ എത്തണമെന്നും ഇവിടെ ആരോ എന്നോട് സംസാരിക്കാനായി കാത്തിരിപ്പുണ്ടെന്നും പറഞ്ഞു.അങ്ങനെ ബോംബെയിലായിരുന്ന ഞാൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഡെൽഹിയിൽ  എത്തി.മാഡം പറഞ്ഞതനുസരിച്ച് ഈ വീട്ടിൽ എത്തി.ഇവിടെ എത്തിയതും എനിക്ക് മനസ്സിലായി ഞാൻ സംശയിച്ചത് വെറുതെ അല്ല മാഡം സത്യത്തിൽ ശരത് സാറിനേക്കാൾ ബുദ്ധിമതി ആയിരുന്നു എന്ന്!" ഹരി ചെറിയൊരു ചിരിയോടെ സുമയെ നോക്കി.
"ചുപ് രഹോ സാലെ! തും ക്യാ ഭക്വാസ് കർ രഹെ ഹോ?ഇസ് കേസ് മേം മേരാ ഇൻവോൾവ്മെന്റ് ഭഗവാൻ കോ ബി നഹി മാലൂം ഹേ ! ഇസ് ദുനിയാ കെ സാംനെ തും ഏക് അപരാധി ഹോ. തുമാരെ ബാത് കോയി നഹി സുനേഗാ..(നീ എന്ത് വിഡ്ഢിത്തരം ആണീ  പറയുന്നത്! ഞാൻ ഈ കേസിൽ ഇൻവോൾവ്ഡ് ആണെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല.ഈ ലോകത്തിന് മുൻപിൽ നീ തെറ്റുകാരൻ ആണ്.നീ പറയുന്നത് ആരും വിശ്വസിക്കില്ല.)ഭോല പറഞ്ഞു.
"ഔർ യെ പാഗൽ ആദ്മി! ഇസ് പാഗൽ കെ ബാത് കോയി നഹി മാനേഗാ!"(ഈ വട്ടന്റെ വാക്ക് ആരും വിശ്വസിക്കില്ല)"ഭോല നന്ദനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
"ശെരിയാ ഇവരുടെ  വാക്ക് ആരും വിശ്വസിച്ചെന്ന്  വരില്ല .പക്ഷെ ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും ഭോല!"ആ ശബ്ദം കേട്ട് ശ്യാമ ഞെട്ടി തിരിഞ്ഞു നോക്കി! ഡൈനിങ്ങ് ടേബിളിന് സൈഡിൽ ഉള്ള അടച്ചിട്ട മുറിയുടെ വാതിൽ തുറന്ന് വീൽ ചെയറിൽ പുറത്തേക്കിറങ്ങി വരുന്ന രൂപത്തെ കണ്ട് ശ്യാമ  ഞെട്ടിത്തരിച്ചുപോയി! പ്രേതത്തെ കണ്ടത് പോലെ ശ്യാമയുടെ മുഖം വിളറി വെളുത്തു ! അവളുടെ മാത്രമല്ല ജിതേഷിന്റെയും നന്ദന്റെയും ഭോലയുടെയും  ഒക്കെ അവസ്ഥ അത് തന്നെ ആയിരുന്നു.
അത് മിഥിലയായിരുന്നു! എല്ലാവരും മരിച്ചെന്ന് കരുതിയ ശ്യാമയുടെ സ്വന്തം സഹോദരി മിഥില! അവിടെ വീൽ ചെയറിൽ ഇരിക്കുന്ന മിഥിലയുടെ  പിന്നിൽ വീൽ ചെയറിൽ പിടിച്ചുകൊണ്ട് ഒരു സ്ത്രീ ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.അവരെ കണ്ടതും ശ്രീബാലയുടെ മനസ്സിൽ  ഒരു കൊള്ളിയാൻ മിന്നി! അന്ന് അമ്പലത്തിൽ വന്ന് തന്റെ കൈയിൽ പെൻഡ്രൈവ് തന്നതും  ഹരി മരിച്ചെന്ന് തന്നോട് കള്ളം പറഞ്ഞതും  ഇവർ ആയിരുന്നു എന്നവൾ ഓർത്തെടുത്തു.
ശ്യാമ നിന്നിടത്ത് നിന്നും അനങ്ങിയില്ല.മിഥില അവളെ നോക്കി ചിരിച്ചെങ്കിലും ശ്യാമ ആകെ ഭയന്ന് നിൽക്കുകയായിരുന്നു.
"ഇത് ഞാനാ മോളെ..നിന്റെ മിത്തു!" മിഥിലയുടെ   ശബ്ദം കേട്ടതും ശ്യാമ ഒരു പൊട്ടിക്കരച്ചിലോടെ അവളുടെ അടുത്തേക്ക് ചെന്ന് വീൽ ചെയറിന്റെ അടുത്തിരുന്നു . മിഥിലയുടെ   മടിയിലേക്ക് മുഖം പൂഴ്ത്തി ശ്യാമ പൊട്ടിക്കരഞ്ഞു.നന്ദൻ വിശ്വാസം വരാതെ മിഥിലയെ തന്നെ നോക്കി നിന്നു.
"അടച്ചിട്ടിരുന്ന ആ വാതിൽ  ഈ വീടിന്റെ  ബേസ്‌മെന്റിലേക്കുള്ളതാണ് .കുറെ നാളുകളായി മിഥിലയുടെ  ലോകം അവിടെ ആണ്..കൂട്ടിന് ഹോം നേഴ്സ് വത്സലയും.."സുമ എല്ലാവരോടുമായി  പറഞ്ഞു.
"മിത്തു നീ മരിച്ചെന്നാണ് ഞങ്ങൾ എല്ലാം കരുതിയത്!  മിത്തു നിനക്കെന്താ സത്യത്തിൽ സംഭവിച്ചത്?നീ എങ്ങനെ ഇവിടെ ജീവനോടെ?എന്തൊക്കെയാ ഇവിടെ നടക്കുന്നത്?"ജിതേഷ് ഒന്നും മനസ്സിലാകാതെ ചോദിച്ചു.ഹരിയാണ്  മറുപടി പറഞ്ഞത്.
"അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം മിത്തു  അൺകോൺഷ്യസ്  ആയിരുന്നുവല്ലോ.. ഇതിനിടയിൽ ശരത് സുമ മാഡത്തെ  കൊണ്ട് മിത്തു പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിപ്പിച്ചു.പിന്നീട് അയാളുടെ അടുത്ത നീക്കം മിത്തുവിനെ ഇല്ലാതാക്കുക ആയിരുന്നു.ഇത് മനസ്സിലാക്കിയ സുമ മാഡം ഒരു കളി കളിച്ചു.മാഡം മിത്തുവിന്റെ അച്ഛനോട് അവളെ മാഡം റെഫർ  ചെയ്ത വേറെ ഒരു ആശുപത്രിയിലേക്ക് മാറ്റണമെന്നും  ഇവിടെ ലഭിക്കുന്നതിനെക്കാട്ടിലും ബെറ്റർ ട്രീറ്റ്മെന്റ്  അവിടെ കിട്ടുമെന്നും പറഞ്ഞു. പക്ഷെ താൻ പറഞ്ഞിട്ടാണ് മിത്തുവിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതെന്ന് ഒരു കാരണവശാലും മറ്റാരും അറിയരുതെന്നും അത് തന്റെ ഹോസ്പിറ്റലിന് നാണക്കേടാണെന്നും മാഡം  മിത്തുവിന്റെ അച്ഛനോട് കള്ളം പറഞ്ഞു. ശരത് എത്ര വിലക്കിയിട്ടും മിത്തുവിന്റെ അച്ഛൻ  അവളെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു.അവളെ ആംബുലൻസിൽ കൊണ്ടുപോയത് മാഡം  ഏർപ്പാടാക്കിയ ഒരു ഡ്രൈവറും സ്റ്റാഫും  ആയിരുന്നു..അയാൾ തനിക്കറിയാവുന്ന ഒരു കുറുക്ക് വഴിയിൽ ആംബുലൻസ് കയറ്റി.അതെ റോഡിൽ മറ്റൊരു ആംബുലൻസ് എല്ലാ സന്നാഹങ്ങളുമായി മിത്തുവിന് വേണ്ടി കാത്ത് കിടപ്പുണ്ടായിരുന്നു.മിത്തുവിനെ ആ ആംബുലൻസിലേക്ക് കയറ്റി.പകരം മിത്തുവിനോടും  അവളെ കൊണ്ടുവന്ന ഡ്രൈവെറോടും സ്റ്റാഫിനോടും രൂപ സാദൃശ്യമുള്ള അവരുടെ അതെ ഹൈറ്റും  വെയിറ്റും തോന്നിക്കുന്ന ഡെഡ്ബോഡികൾ ആദ്യത്തെ ആംബുലൻസിലേക്ക് കയറ്റി.തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ  അതിൽ ബോംബ് വെച്ചു.... മിത്തുവിന്റെ മരണ വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി! അവളുടെ അച്ഛൻ തളർന്ന് വീണു! സുമ  മാഡത്തിന്   വിശ്വസ്തനായ ഒരു ഫോറൻസിക് സർജനെ കൊണ്ട്  മരിച്ചത് മിത്തുവാണെന്ന്  കൺഫേം ചെയ്യിച്ചു.മരിച്ചത് മിത്തു  തന്നെയാണെന്ന് എല്ലാവരും വിശ്വസിച്ചു!"ഹരി പറഞ്ഞു.എല്ലാവരും അപ്പോഴും  സ്തംഭിച്ച് നിൽക്കുകയായിരുന്നു.ഭോല പകയോടെ മിഥിലയെ നോക്കി.
"മിത്തുവിന്റെ നാട്ടിലുള്ള റിലേറ്റീവ്‌സിനോടൊന്നും അവളുടെ മരണവാർത്ത ശ്യാമയും അവളുടെ അച്ഛനും  അറിയിച്ചിരുന്നില്ല.സംഭവം നടന്ന്  കഴിഞ്ഞ് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് മിത്തുവിന്റെ മരണവാർത്ത നാട്ടിൽ ഉള്ളവർ അറിഞ്ഞത്..അത് ഒരു ആക്സിഡന്റ് ആയിരുന്നു എന്നാണ് ശ്യാമയും അവളുടെ അച്ഛനും എല്ലാവരോടും പറഞ്ഞിരുന്നത്..പക്ഷെ മിത്തുവിന്റെ അച്ഛന്റെ  മരണം സുമ മാഡം  ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല.അത് സുമ മാഡത്തെ  വല്ലാതെ തളർത്തി.പക്ഷെ  മിത്തുവിന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു മാഡത്തിന്റെ പ്രയോറിറ്റി.."ഹരി പറഞ്ഞു.പിന്നീട് സുമയാണ് സംസാരിച്ചത്.
"മിഥിലയുടെ   മരണം കൺഫേം ചെയ്യാൻ എന്റെ കൂടെ നിന്ന് എന്നെ  സഹായിച്ച അതെ ഡോക്ടർ വഴി  അവളെ  ഞങ്ങൾ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ടിലെക്ക് മാറ്റി.അവിടെ അദ്ദേഹത്തിന്   പരിചയമുള്ള  ഡോക്ടേഴ്സിനോട്  കാര്യങ്ങൾ പറഞ്ഞു.എല്ലാം രഹസ്യമായിരിക്കണമെന്നും അല്ലെങ്കിൽ അവളുടെ ജീവന് ആപത്താണെന്നും അവരെ അറിയിച്ചു.പിന്നീട് കുറെ നാൾ അവളുടെ ട്രീത്മെന്റ്റ് അവിടെ ആയിരുന്നു.
പക്ഷെ കുത്തേറ്റ് സ്‌പൈനൽ കോർഡിന് ക്ഷതം സംഭവിച്ചതിനാൽ  അവളുടെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയിരുന്നു.എങ്കിലും അവളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് പറ്റി .പതിയെ മിഥില ജീവിതത്തിലേക്ക് മടങ്ങി വന്നു.
പിന്നീട് മിഥില  തന്നെയാണ് എന്നോട് കാര്യങ്ങൾ പറഞ്ഞത്.മിനിസ്റ്ററുടെ കില്ലറിനെ കുറിച്ചും അയാൾ തന്നെയാണ് പാർക്കിൽ തന്നെയും നന്ദനെയും ആക്രമിച്ചതെന്ന് അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ രൂപം കണ്ടതോടെ മനസ്സിലായെന്നും അവൾ പറഞ്ഞു.മിഥിലയുടെ ഫോൺ എന്റെ കൈയിൽ ഉണ്ടായിരുന്നു. അതിൽ അന്ന് ഹോസ്പിറ്റലിൽ വെച്ചെടുത്ത ജാവേദിന്റെ ഫോട്ടോ  അവൾ എന്നെ കാണിച്ചു.അത് ഞാൻ ബോംബെ പോലീസ് കമ്മീഷണറിന് കൈമാറി.അങ്ങനെ ആണ് മിനിസ്റ്ററുടെ കില്ലർ ഇന്റർനാഷണൽ ക്രിമിനൽ ജാവേദ് സമദ് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്..പക്ഷെ ജാവേദ്  എവിടെയാണെന്ന് ഒരു വിവരവുമില്ലായിരുന്നു.അതിനിടയ്ക്കാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഹരി മോളി സിസ്റ്റർ  പറഞ്ഞതിനെക്കുറിച്ച് ചോദിക്കാൻ എന്നെ കാണാൻ വന്നത് .പക്ഷെ ശരത്തിനെതിരായി മോളി സിസ്റ്റർ കൊടുത്ത തെളിവുകൾ ഹരിയുടെ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും എന്റെ   മിന്നുവിന്റെ ജീവനെ കരുതി ഞാൻ ഹരിയോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മിന്നു മരിച്ചപ്പോൾ ഞാൻ ഹരിയെ കോൺടാക്ട്  ചെയ്തു.അവനോട് ഡൽഹിയിലെ ഈ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.  ഇവിടെ വന്നപ്പോഴാണ് മിഥില ജീവനോടെ ഉണ്ടെന്ന് ഹരി മനസ്സിലാക്കുന്നതും അതെ പോലെ അന്ന് പാർക്കിൽ വെച്ച് തങ്ങളെ ആക്രമിച്ചത് ഹരിയും മോളി സിസ്റ്ററും വിചാരിച്ചിരുന്നത്പോലെ ശരത് ഏർപ്പാടാക്കിയ ക്രിമിനൽ അല്ല മറിച്ച് മിനിസ്റ്ററുടെ കില്ലറായ ഇന്റർനാഷണൽ ക്രിമിനൽ  ജാവേദ് ആണെന്ന് ഹരി അറിയുന്നതും.ഇത് എന്റെ ക്ലോസ്   ഫ്രണ്ടിന്റെ വീടാണ്. എയിംസിൽ നിന്നും സുഖം പ്രാപിച്ച ശേഷം ഇവിടുത്തെ ബേസ്‌മെന്റിൽ ആയിരുന്നു  ഞാൻ മിഥിലയെ ആരും കാണാതെ താമസിപ്പിച്ചിരുന്നത്.കൂട്ടിന് വത്സലയും.എനിക്ക് മിന്നുവിന്റെ  കൂടെ ബോംബയിൽ നിന്നും വിട്ട് നിൽക്കാൻ  പറ്റില്ലായിരുന്നു..പക്ഷെ ഈശ്വരൻ തിരികെ വിളിച്ചപ്പോൾ എന്റെ മിന്നു  ഒരു ദിവസം എന്നെ വിട്ട് പോയി..  "സുമ വിഷമത്തോടെ പറഞ്ഞു.അവർ പറഞ്ഞതൊക്കെയും എല്ലാവർക്കും ഒരു കടംകഥ പോലെ തോന്നി.ഒന്നും വിശ്വസിക്കാനാവാതെ ജിതേഷും ശ്രീബാലയും ശ്യാമയും നന്ദനും പരസ്പരം നോക്കി.
"ശ്യാമയെയും നന്ദനെയും ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞാണ് ഇപ്പൊ വിളിച്ച്  വരുത്തിയത്.പക്ഷെ മിഥില ജീവനോടെ ഉണ്ടെന്ന് മാത്രം ഞാൻ അവരെ അറിയിച്ചില്ല.."സുമ പറഞ്ഞു.
"ആ ഇൻസിഡന്റിന് ശേഷം നന്ദൻ കുറെ നാൾ അതിന്റെ മെന്റൽ ഷോക്കിൽ ആയിരുന്നു.ഓർമ്മപ്പിശകും മൂഡ് സ്വിങ്ങും ഒക്കെ ഉണ്ടായിരുന്നു.നന്ദൻ പലപ്പോഴും ഹരിയല്ല തങ്ങളെ ഉപദ്രവിച്ചതെന്ന് പറയാൻ ശ്രമിച്ചെങ്കിലും സാഹചര്യ തെളിവുകൾ എല്ലാം ഹരിക്ക് എതിരായതിനാലും നന്ദന്റെ മാനസിക നില തകരാറിലായതിനാലും ജിതേഷ് അവന്റെ വാക്കുകൾ മുഖ വിലയ്ക്ക് എടുത്തില്ല.പക്ഷെ ഹരി ആണ് മിഥിലയെയും നന്ദനെയും  കൊല്ലാൻ   ശ്രമിച്ചതെന്ന്  ശ്യാമ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നന്ദന്റെ നാവിൽ നിന്ന് തന്നെ ആ ക്രിമിനലിനെ  പറ്റി  എന്തെങ്കിലും ക്ലൂ  കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്  ശ്യാമ നന്ദനെ നാട്ടിൽ അവളുടെ ഫ്രണ്ടും സൈക്കാർട്ടിസ്റ്റും ആയ ഡോക്ട്ടർ ബിന്ദുവിനെ കാണിച്ചുകൊണ്ടിരുന്നത്.."സുമ പറഞ്ഞു.ജിതേഷ് വേദനയോടെ ശ്യാമയെയും നന്ദനെയും നോക്കി. നന്ദൻ ഭോലയെ  കണ്ണിമ വെട്ടാതെ പകയോടെ നോക്കി നിൽക്കുന്നത് ജിതേഷ് ശ്രദ്ധിച്ചു.
" എന്റെ മിന്നുവിന്റെ മരണത്തിന് ശേഷം ആണ് ഞാൻ ബോംബയിൽ നിന്നും ഡൽഹിയിൽ എത്തുന്നതും ഈ വീട്ടിൽ മിഥിലയുടെയും വത്സലയുടെയും കൂടെ താമസമാക്കുന്നതും. ജിതേഷ് ഇവിടെ ആണ് താമസിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.എന്നെങ്കിലും എല്ലാം കലങ്ങി തെളിയുമ്പോൾ മിത്തുവിനെ ജിതേഷിന്റെ അടുത്ത് ഏൽപ്പിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം."സുമ പറഞ്ഞു.
"ഭോലയാണ് ജാവേദ് എന്ന് മാഡത്തിന് എപ്പോഴാണ് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ഒരിക്കൽ  ഞാൻ ശ്രീബാലയെ കാണാൻ വീട്ടിൽ പോയി ..അന്ന് ഭോല ആണ് എനിക്ക് കോഫി തന്നത്.അന്ന് ഭോലയുടെ  കൈയിൽ മൂന്ന് തലയുള്ള പാമ്പിന്റെ പച്ച കുത്തിയത് കണ്ടു.ഭോലയെ  നേരിട്ട് കണ്ടിട്ടില്ലെങ്കിലും മിഥില പറഞ്ഞ് എനിക്ക് ആ ഐഡന്റിഫിക്കേഷൻ മാർക്ക് നന്നായി അറിയാമായിരുന്നു.സംശയം തോന്നിയപ്പോ അത് കൺഫേം ചെയ്യാൻ ഞാൻ അപ്പൊ തന്നെ ഹരിയെ അറിയിച്ചു..അന്ന് വൈകിട്ടായിരുന്നു  ഹരി ശ്രീബാലയെ കാണാൻ അമ്പലത്തിൽ വരാമെന്ന് പറഞ്ഞ ദിവസവും.ശ്രീബാല അമ്പലത്തിൽ പോവുമ്പോൾ  ഭോല വെളിയിൽ നിൽക്കാറുള്ളത് എനിക്ക് അറിയാമായിരുന്നു.ഞാൻ അത് ഹരിയെ അറിയിച്ചു.ഹരി വന്നില്ലെന്നോർത്ത് ശ്രീബാല വിഷമത്തോടെ മടങ്ങിയില്ലേ അന്ന് ജിതേഷിന്റെ കൂടെ?അന്ന് ഹരി അവിടെ വന്നിരുന്നു .അമ്പലത്തിനു വെളിയിൽ നിൽക്കുന്ന ഭോലയെ  കണ്ടിരുന്നു..അന്ന് ബോംബെയിലെ  പാർക്കിൽ വെച്ച് ഭോലയുടെ  ശെരിക്കുള്ള രൂപം  ഹരി നേരിട്ട് കണ്ടതാണ്.  അതുകൊണ്ട് താടിയും മുടിയും വടിച്ച്  കളഞ്ഞാണ് ഭോല നടന്നതെങ്കിലും ഹരിക്ക് ആളെ മനസ്സിലായി.കൈയിലെ പച്ച കുത്തിയതും കൂടി കണ്ടപ്പോ, ഹരി ഉറപ്പിച്ചു അതെ ആളെ ആയിരുന്നു അന്ന് പാർക്കിൽ വെച്ച് കണ്ടതെന്നും അയാൾ തന്നെ ആണ് മിഥിലയെയും നന്ദനെയും ആക്രമിച്ചതെന്നും.."സുമ പറഞ്ഞു.
"അപ്പൊ ഹരിയേട്ടൻ അന്ന് എന്നെ കണ്ടിരുന്നോ അമ്പലത്തിൽ വെച്ച് ?"ശ്രീബാല ഹരിയോട് ചോദിച്ചു.സുമയാണ് മറുപടി പറഞ്ഞത്.
"ഇല്ല കുട്ടി.ഹരി നിന്നെ കണ്ടില്ല.നിന്റെ വീട്ടിൽ വന്നപ്പോൾ ഭോലയെ ഐഡന്റിഫൈ ചെയ്തു എന്നല്ലാതെ ശ്രീബാല ഹരിയുടെ  സിസ്റ്റർ ആണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നുവല്ലോ.ഹരിയോട് അതുകൊണ്ട് ഞാൻ ശ്രീബാലയെ കുറിച്ച്  ഒന്നും പറഞ്ഞിരുന്നില്ല.ഭോല ജിതേഷിന്റെ വൈഫിന്റെ കൂടെ  അമ്പലത്തിൽ വരാറുണ്ട് എന്ന് മാത്രമാണ്  ഞാൻ ഹരിയെ അറിയിച്ചത്.ബിസിനസ് മാഗ്നെറ്റ് ജിതേഷിന്റെ വൈഫ് തന്റെ പെങ്ങൾ ശ്രീബാലയാണെന്ന് ഹരിക്ക് അറിയില്ലായിരുന്നു.കാരണം നീ ഹരിയോട് പറഞ്ഞിരുന്ന കഥയിൽ ജിതേഷ് സ്കൂൾ  ടീച്ചർ ആയിരുന്നല്ലോ.."സുമ പറഞ്ഞു.
"പിന്നീട് എപ്പോഴാണ് ശ്രീബാല  ഹരിയുടെ  സിസ്റ്റർ ആണെന്ന് മാഡത്തിന് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ശ്രീബാലയെ ഞാൻ   ആദ്യമായി അമ്പലത്തിൽ വെച്ച് കണ്ടപ്പോഴും അവൾ  ഹരിയുടെ സിസ്റ്റർ ആണെന്നോ  ജിതേഷിന്റെ വൈഫ് ആണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു..ജിതേഷിന്റെ വീട്ടിൽ ഗാർഡൻ നനച്ചുകൊണ്ടിരുന്നപ്പോഴാണ്  ഞാൻ അവളെ   പിന്നീട് കാണുന്നത്.അപ്പോഴാണ് എനിക്ക് മനസ്സിലായത് നിങ്ങളുടെ കല്യാണം കഴിഞ്ഞതാണെന്ന്.പക്ഷെ ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു.അന്ന് കണ്ണൻ കാരണം ശ്രീബാല   ഹോസ്പിറ്റലിൽ ആയിരുന്ന സമയത്ത് ഞാൻ അവളെ കാണാൻ ചെന്നു.അന്നാണ് ജിതേഷ് ഹരിയോടെയുള്ള പ്രതികാരം തീർക്കാൻ  ആണ് ശ്രീബാലയെ കല്യാണം കഴിച്ചതെന്ന് അവൾ എന്നോട് പറഞ്ഞത്.ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്നറിഞ്ഞാൽ ഭോല എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയില്ലായിരുന്നു.അതുകൊണ്ടാണ് അന്ന് ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരം  സൂക്ഷിക്കണം  എന്ന് ഞാൻ ശ്രീബാലയോട്  പറഞ്ഞത്.പിന്നീട് ഹരിയെ ഞാൻ ഈ  വിവരങ്ങൾ എല്ലാം  അറിയിച്ചു."സുമ പറഞ്ഞു.
" ശ്രീബാലയോട് സത്യങ്ങൾ തുറന്ന്  പറഞ്ഞാൽ അവൾ ഒരിക്കലും പഴയത് പോലെ ആവില്ല ഭോലയോട് പെരുമാറുക.അവളുടെ  മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസങ്ങൾ ഉണ്ടെന്ന്  ഭോല മനസ്സിലാക്കിയിരുന്നെങ്കിൽ ഭോല ഉറപ്പായും അവളെ വക വരുത്തുമായിരുന്നു.അത്കൊണ്ട് ശ്രീബാലയോട് ഒന്നും പറഞ്ഞില്ല.സത്യങ്ങൾ എല്ലാം എല്ലാരുടെയും മുൻപിൽ വെച്ച് പുറത്ത് കൊണ്ടുവരണം അതിനു വേണ്ടി ആദ്യം എന്റെ ഭർത്താവിനെ കുടുക്കണം .അതിനുള്ള ആദ്യ പടി ആയിട്ടാണ്  മോളി തന്ന തെളിവുകൾ എല്ലാം ഹരി വത്സലയുടെ കൈയിൽ കൊടുത്ത് വിട്ടത്. ശ്രീബാല എന്നോട് അതിനെപ്പറ്റി ചോദിച്ച് ഇവിടെ ഒരു വാഗ്‌വാദം  ഉണ്ടാവുമെന്നറിഞ്ഞ് കൊണ്ടുതന്നെയാണ് ഞാൻ നിങ്ങളെ ഇവിടേക്ക് ലഞ്ചിന് ക്ഷണിച്ചത്.മിഥിലയുടെ  കാര്യം ഇവിടെ  ചർച്ചാവിഷയമായപ്പോൾ ഞാൻ ഭോലയെ  ശ്രദ്ധിച്ചു.അവൻ  ഏത് നിമിഷവും പ്രതികരിക്കാൻ റെഡി ആയി നിൽക്കുകയായിരുന്നു.ശരത്തും ഞാനും  അറസ്റ്റ് ചെയ്യപ്പെട്ടു.ഞങ്ങളെ  അറസ്റ്റ് ചെയ്യുകയും ഹരി മരിച്ചു എന്ന് പറഞ്ഞ് ശ്രീബാല പൊട്ടിക്കരയുകയും  ചെയ്തതോടെ ഭോല തന്നെ ഇനി ആരും സംശയിക്കില്ല എന്ന് സന്തോഷിച്ച് തൽക്കാലം   അടങ്ങി.  അല്ലായിരുന്നുവെങ്കിൽ  ഇവൻ  നമ്മളെ എല്ലാരേയും കൊന്നൊടുക്കിയെനേം...അതിന് മുൻപേ  ഞാൻ ഇവന്റെ ജ്യൂസിൽ  സ്ലീപ്പിങ് പിൽസ്  ആഡ് ചെയ്തിരുന്നു.അത് കഴിച്ചാണ് ഇവൻ പിന്നീട് ബോധം കെട്ടത് . അല്ലാതെ ഇവനെ   പിടിക്കാൻ  നമ്മൾ ശ്രമിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഒരു നീക്കം ഇവന് നേരെ നടക്കുന്നതായി എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിൽ ഒന്നെങ്കിൽ ഇവൻ കഴുത്തിലെ രുദ്രാക്ഷത്തിൽ കൊണ്ടുനടക്കുന്ന സയനൈഡ് കഴിച്ച് സൂയിസൈഡ് ചെയ്തേനേം ഇല്ലെങ്കിൽ നമ്മളെ ഇല്ലാതാക്കിയേനേം! "സുമ കിതപ്പോടെ പറഞ്ഞ്  നിർത്തി.
ജിതേഷ് പതിയെ ഭോലയുടെ  അടുത്തേക്ക് ചെന്നു.
"നമ്മൾ പരിചയപ്പെട്ടിട്ട് അധികം നാളായില്ല.ഒരു ജോലി തേടി നീ എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ ഒരക്ഷരം പറയാതെ നിന്നെ വിശ്വസിച്ച് എന്റെ കൂടെ നിർത്തി.എന്റെ ഒരു മൂത്ത ജ്യേഷ്ഠൻ ആയിട്ടേ നിന്നെ ഞാൻ കണ്ടിരുന്നുള്ളൂ.എന്നിട്ടും നീ എന്നെ ചതിച്ചു.എല്ലാത്തിന്റെയും പിന്നിൽ നീ ആയിരുന്നു അല്ലേടാ പന്ന #$@%^!" ജിതേഷ് ഭോലയുടെ കവിളിൽ ആഞ്ഞടിച്ചു.
"ജിതേഷ് മതി! അയാളെ പൊലീസിന് കൈമാറാനുള്ളതാണ്.."ഹരി അവനെ വിലക്കി.എന്നിട്ടും ജിതേഷിന്റെ  രോഷം അടങ്ങുന്നില്ലായിരുന്നു.അവൻ പിന്നെയും ഭോലയെ അടിക്കാനായി   കൈയോങ്ങി.
"മതി ജിത്തു! അവനെ നമുക്ക് നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ട?ഹരിയുടെ നിരപരാധിത്വം തെളിയിക്കണ്ടേ?"മിഥില ചോദിച്ചു.
"അതിന് ഇവൻ ജീവനോടെ വേണമെന്ന് നിർബന്ധമില്ലല്ലോ..ഇവന്റെ ശവം ആയാലും മതി..നിയമത്തിന് ഇവനെ തൊടാനാവില്ല മിത്തു.. ഇവനെപോലെയുള്ള ക്രിമിനലുകളെ പുറത്തിറക്കാൻ കോടികളുമായി അനേകംപേർ കാത്തിരിപ്പുണ്ടാവും.. നഷ്ടം എന്നും നമുക്കായിരിക്കും "ജിതേഷ് പകയോടെ പറഞ്ഞു.ജിതേഷ് പറഞ്ഞത് കേട്ട് നന്ദന്റെ കണ്ണുകൾ കുറുകി.
"നിനക്ക് ജീവിതം ഇനിയും ബാക്കി  ഉണ്ട് ജിത്തു.ഒരു മനുഷ്യമൃഗത്തിന് വേണ്ടി നീ അത് നശിപ്പിക്കരുത്.ഈ ഒരു അവസരത്തിന് വേണ്ടിയാണ് ഹരി ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത്.മോളി സിസ്റ്റർ ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം ഹരിയുടെ കൈയിൽ ഏൽപ്പിച്ചിരുന്നെങ്കിലും ഹരിക്ക് വേണ്ടിയിരുന്നത് മിഥിലയെയും നന്ദനെയും ഇല്ലാതാക്കാൻ ശ്രമിച്ചവനെ ആയിരുന്നു.ജീവനോടെയോ അല്ലാതെയോ  അയാളെ കൈയിൽ കിട്ടിയാലേ ഹരിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റുമായിരുന്നുള്ളു.വർഷങ്ങളായി  ഹരി ജാവേദിനെ അന്വേഷിച്ചുള്ള ഓട്ടത്തിൽ ആയിരുന്നു.ജാവേദ് ഡൽഹിയിൽ ഭോലയായി ജിത്തുവിന്റെ  അടുത്തേക്ക് വേഷം മാറി വന്നത് എന്തിനായിരുന്നുവെന്നോ? ഒളിവിൽ പോയ ഹരി എന്നെങ്കിലും സത്യങ്ങൾ കണ്ടുപിടിച്ച് ജിത്തുവുമായി   ബന്ധപ്പെടാൻ ശ്രമിക്കുമോ എന്നറിയാൻ വേണ്ടി ആണ്.അങ്ങനെ എങ്കിൽ ഹരിയേയും ജിത്തുവിനെയും  ഒറ്റയടിക്ക് ഇല്ലാതാക്കാൻ വേണ്ടി ആയിരുന്നു.."  മിഥില പറഞ്ഞു.ജിതേഷ് രോഷത്തോടെ ഭോലയെ  നോക്കി.
"ജാവേദിനറിയില്ലായിരുന്നു ശ്രീബാല ഹരിയുടെ പെങ്ങൾ ആണെന്ന്.അറിഞ്ഞിരുന്നെങ്കിൽ ജിത്തു അവളെ വെച്ച് ഹരിക്ക് വേണ്ടി വല വീശിയത് പോലെ അയാളും  അവളെ ഏതെങ്കിലും രീതിയിൽ ഉപദ്രവിച്ചേനേം.."മിഥില ശ്രീബാലയെ നോക്കി പറഞ്ഞു.
അവൾ ഭോലയെ  നോക്കി.ആ നോട്ടത്തിൽ അവളുടെ  കണ്ണുകളിൽ പകയും വെറുപ്പും രോഷവും എല്ലാം ഉണ്ടായിരുന്നു.സൺ അലർജി  ആണെന്ന്  കള്ളം പറഞ്ഞ് വെളിയിലിറങ്ങുമ്പോൾ ഭോല മുഖവും ശരീരവും എപ്പോഴും മറച്ച് നടന്നത് തന്നെ ആരും മനസ്സിലാക്കാതിരിക്കാനായിരുന്നു എന്ന് ശ്രീബാലയ്ക്ക് മനസ്സിലായി. ആ വീട്ടിൽ ശ്രീബാല ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഭോലയെ  ആയിരുന്നു.അയാളെ അവൾ സ്വന്തം സഹോദരനെ പോലെ ആയിരുന്നു കണ്ടിരുന്നത്..അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം ജിതേഷിന് പോലും കൊടുക്കാതെ അവൾ മാറ്റിവെച്ചത് ഭോലയ്ക്ക്  വേണ്ടി ആയിരുന്നു.എന്ത് കിട്ടിയാലും അതിന്റെ ഒരു പങ്ക് അവൾ ഭോലയ്ക്ക്  വേണ്ടി മാറ്റിവെയ്ക്കുമായിരുന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് അയാളെ  . ഒരിക്കൽ പോലും കരുതിയിരുന്നില്ല തന്റെയും തന്റെ കുടുംബത്തിന്റെയും പതനത്തിന്റെ മുഖ്യ  കാരണം ഭോല ആയിരിക്കുമെന്ന്.
"പ്രശ്നങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞല്ലോ..ഞാൻ ഇൻസ്‌പെക്ടർ ശേഖറിനോട് കാര്യങ്ങൾ എല്ലാം നേരത്തെ അറിയിച്ചിരുന്നു.അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം അറിയാം.അദ്ദേഹവും കൂടി അറിഞ്ഞുകൊണ്ടായിരുന്നു നേരത്തെ ശരത്തിന്റെ കൂടെ എന്നെയും അറസ്റ്റ് ചെയ്യുന്ന നാടകം കളിച്ചത്. ഞങ്ങൾ പോയ പിന്നാലെ ഞാൻ കൊടുത്ത ജ്യൂസ് കുടിച്ച് ഭോല ബോധംകെട്ട് വീണു !ജീപ്പിൽ നിന്നും  പാതിക്ക് വെച്ച് ഞാൻ ഇറങ്ങി.തിരികെ വന്നപ്പോൾ ഭോല അൺകോൺഷ്യസ് ആയി താഴെ വീണു കിടക്കുന്നു അത് കണ്ട് തൊട്ടടുത്ത് ജിതേഷും ശ്രീബാലയും ഞെട്ടി നിൽക്കുന്നു.ഭോലയെ ബന്ധനസ്ഥനാക്കാൻ ജിതേഷിന്റെ സഹായം ചോദിച്ചപ്പോഴും ഞാൻ ജിതേഷിനോടോ ബാലയോടോ പറഞ്ഞില്ല എന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന്..ഇപ്പോൾ ശേഖർ  സാർ  മേലധികാരികളോട്  സംസാരിച്ചുകൊണ്ടിരിക്കുയാണ്.അവർ ഇന്റർപോളിന്റെ കൺഫർമേഷൻ   കിട്ടിയതിന് ശേഷം ഇങ്ങോട്ട്  വരും ജാവേദിനെ  അറസ്റ്റ്  ചെയ്യാൻ.അതുവരെ ഇവനെ നമുക്ക് ഇവിടെ ബേസ്‌മെന്റിൽ ഇടാം."സുമ പറഞ്ഞു.ജിതേഷും ഹരിയും ചേർന്ന് ഭോലയെ  കെട്ടുകൾ അഴിക്കാതെ തന്നെ കസേരയിൽ  എടുത്ത് മിഥില താമസിച്ചിരുന്ന ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി.നന്ദൻ അത് നോക്കി നിന്നു.ഭോല ഹിന്ദിയിൽ എന്തൊക്കെയോ ചീത്ത വിളിച്ച് പറയുന്നുണ്ടായിരുന്നു.
"നന്ദാ.റൂമിൽ പോയി കുറച്ച് റസ്റ്റ് എടുക്കാം.."ശ്യാമ നന്ദനെ അവിടെ നിന്നും മനപ്പൂർവം മാറ്റാനായി പറഞ്ഞു.
ജിതേഷും ഹരിയും പോലീസ് വിളിപ്പിച്ചതനുസരിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക്  പോയി.ശ്യാമ നന്ദനെ റൂമിൽ കിടത്തി മിഥിലയുടെ  അടുത്തേക്ക് പോയി.മിഥിലയും  ശ്യാമയും ശ്രീബാലയും സുമയും എല്ലാം തങ്ങളുടെ സന്തോഷം പങ്കുവെച്ചു.പ്രശ്നങ്ങൾ  എല്ലാം അവസാനിച്ചതിൽ എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാല വേണിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.കുറച്ച് കഴിഞ്ഞ് ശ്യാമ മുറിയിൽ വന്ന് നോക്കിയതും നന്ദൻ അവിടെ ഇല്ലായിരുന്നു!
=======
(വിട്ടുപോയ കണ്ണികൾ എല്ലാം തനിയെ കൂടിച്ചേർന്നിരിക്കുന്നു..കഥ എന്താണെന്നും സസ്പെൻസുകൾ എന്തിനായിരുന്നുവെന്നും എല്ലാവർക്കും മനസ്സിലായല്ലോ അല്ലെ?അഭിപ്രായങ്ങൾ പറയണേ..)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot