നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 26ജിതേഷ് വന്നപ്പോൾ ശ്രീബാല ഭയങ്കര കരച്ചിലായിരുന്നുവെന്നും കാര്യം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും ഭോല അവനോട് പറഞ്ഞു.
ജിതേഷ് മുറിയിലേക്ക് വന്നപ്പോൾ ശ്രീബാല ഉറക്കം പിടിച്ചിരുന്നു.അവളെ കുറച്ച് നേരം നോക്കി നിന്നിട്ട് അവൾ  ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കാര്യം തിരക്കാമെന്ന് കരുതി അവളെ ഉണർത്താതെ അവൻ ബാത്റൂമിലേക്ക് പോയി..
പിറ്റേന്ന് ഉണർന്നെഴുന്നേറ്റപ്പോൾ ജിതേഷ് ശ്രീബാലയോട്  കാര്യം തിരക്കി.അവൾ മറുപടി ഒന്നും പറഞ്ഞില്ല.അവളുടെ മനസ്സിൽ കാര്യമായി എന്തോ വിഷമം തട്ടിയിട്ടുണ്ടെന്ന് ജിതേഷിന്  മനസ്സിലായി പക്ഷെ എത്ര ചോദിച്ചിട്ടും  എന്താണ് കാര്യമെന്ന് മാത്രം അവൾ പറഞ്ഞില്ല. അവളുടെ മനസ്സൊന്ന് ശാന്തമാകുമ്പോൾ ഒരുപക്ഷെ അവൾ കാര്യമെന്താണെന്ന് തന്നോട് തുറന്ന് പറയുമെന്ന് അവന് തോന്നി.അവൻ അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി പിന്നെ ഒന്നും ചോദിച്ചില്ല.*****

ഗിരി ഒരിക്കൽ പോലും വേണിയോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.വേണി എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും മറന്ന മട്ടിലായിരുന്നു അയാളുടെ പെരുമാറ്റം.വേണി പലപ്പോഴും സംസാരിക്കാനായി ഗിരിയുടെ മുൻപിൽ വന്നെങ്കിലും അയാൾ ഒഴിഞ്ഞു മാറി.
ഒരു ദിവസം രാവിലെ ഗിരി കുട്ടനെ അടുക്കളയിലേക്ക് വിളിപ്പിച്ചു.വേണി അവിടെ തന്നെ  നിൽപ്പുണ്ടായിരുന്നു.
പോക്കറ്റിൽ നിന്നും ഒരു പൊതിക്കെട്ട്   എടുത്ത് ഗിരി കുട്ടന്റെ കൈയിൽ വെച്ച് കൊടുത്തു.
"ഇതെന്താ ഗിരിയേട്ടാ?" കുട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.വേണിയും അത് എന്താണെന്ന മട്ടിൽ ഗിരിയെ നോക്കി.
"ഞാൻ ഇതുവരെ ഓട്ടം ഓടി സമ്പാദിച്ചതും അറിയാവുന്ന കുറച്ച് പേരുടെ കൈയിൽ നിന്നും കടം മേടിച്ചതും ഒക്കെ ആയിട്ട് ഉള്ള തുകയാണ്.. ഈ തുക ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ..കുറച്ച് കാശ് മുതലാളി അടുത്ത ആഴ്ച്ച കടം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.എല്ലാം കൂടി കൂട്ടിയാൽ ജിതേഷ് സാറിന്റെ  കൈയിൽ നിന്നും  വാങ്ങിച്ചതിന്റെ പകുതി തുകയെ വരുള്ളൂ.എന്നാലും ഒന്നും ഇല്ലാത്തതിനെക്കാട്ടിലും  ഭേദമാണല്ലോ..മുതലാളി തരാമെന്നേറ്റ കാശ് കൂടി കിട്ടിയാൽ ഗിരിജയുടെ കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി മേടിച്ചതിന്റെ ചെറിയൊരു പങ്ക് നമ്മുക്ക് ജിതേഷ് സാറിന് കൊടുത്ത് തീർക്കാനാകും.അത് കഴിഞ്ഞാൽ നീ വേണിയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടേക്കണം.ബാക്കി ഉള്ള കാശ് ഞാൻ എങ്ങനെയെങ്കിലും കൊടുത്ത് തീർത്തോളാം  ..നമുക്ക് ഈ കളി ഇതോടെ അവസാനിപ്പിക്കാം.."ഗിരി കുട്ടനോട് പറഞ്ഞു.വേണി എല്ലാം കേൾക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ഗിരി ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.വേണി അങ്ങോട്ട്  ചെന്നു.അവൾ അവിടെ നിൽക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഗിരി അങ്ങോട്ട്  നോക്കിയതേ ഇല്ല.
എങ്ങോട്ടോ  പോവാൻ വേണ്ടി അവൻ ഷർട്ട്  എടുത്തിട്ടു.പെട്ടെന്ന് വേണി ഒരു പൊട്ടിക്കരച്ചിലോടെ ഗിരിയുടെ  കാൽക്കൽ വീണു."എന്നോട് പൊറുക്കണേ..എനിക്കറിയില്ലായിരുന്നു..എനിക്കൊന്നും അറിയില്ലായിരുന്നു.."വേണിയുടെ ശബ്ദം ഇടറി.
"ഞാൻ അറിയാതെ ചെയ്തുപോയതാ..എനിക്ക് മാപ്പ് തരണം.എന്നെ തിരിച്ച് തല്ലിക്കോളു..വഴക്ക് പറഞ്ഞോ ദേഷ്യപ്പെട്ടോളൂ ..പക്ഷെ എന്നെ ഇങ്ങനെ അവഗണിക്കരുതേ..."വേണി രണ്ടു കൈകൾ കൊണ്ടും ഗിരിയുടെ കാലുകളിൽ പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു.ഗിരി ഒന്നും മിണ്ടാതെ അവളുടെ കൈകൾ പതിയെ വിടുവിച്ച് അവളോടൊരക്ഷരം സംസാരിക്കാതെ വീടിന് വെളിയിലേക്ക് ഇറങ്ങി.വേണി അത് കണ്ട്‌ കാലുകളിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ടിരുന്നു."****
ആ ഞായറാഴ്ച്ച ആയിരുന്നു സുമയുടെ വീട്ടിൽ പോവേണ്ടിയിരുന്നത്.ശ്രീബാലയും ജിതേഷും ഭോലയും പറഞ്ഞ സമയത്ത് തന്നെ സുമയുടെ വീട്ടിലെത്തി.
സുമ എല്ലാം തയ്യാറാക്കി വെച്ച് അവരെ കാത്തിരിക്കുകയായിരുന്നു.ജിതേഷും ഭോലയും ലിവിങ് റൂമിൽ തന്നെ ഇരുന്നു.സുമ ശ്രീബാലയെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി.ശ്രീബാലയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നുവെന്ന് സുമ ശ്രദ്ധിച്ചു.
"എന്ത് പറ്റി?ആകെയൊരു മൂഡ് ഔട്ട്?" സുമ ചോദിച്ചു.
ശ്രീബാല അവരെ സൂക്ഷിച്ച് നോക്കിയതല്ലാതെ അതിന് മറുപടി പറഞ്ഞില്ല.
സുമ ജ്യൂസ് എടുത്ത് ശ്രീബാലയ്ക്കും പിന്നെ ലിവിങ് റൂമിൽ ചെന്ന് ജിതേഷിനും ഭോലയ്ക്കും  കൊടുത്തു.
"ശരത് സാറിനെ കണ്ടില്ലല്ലോ?" ജിതേഷ് ചോദിച്ചു.
"ശരത്തേട്ടൻ ഉടനെ വരും.പുള്ളി അടുത്ത് ഒരു ഹോട്ടലിലാ താമസം.."സുമ പറഞ്ഞു. ജിതേഷും താനും  ജ്യൂസ് കുടിച്ച   ഗ്ലാസ് ഭോല അടുക്കളയിലേക്ക് കൊണ്ടുപോവാൻ തുടങ്ങി.
സുമ അത് അയാളുടെ കൈയിൽ നിന്നും മേടിച്ചു.
"ക്യാ മേ ആപ്കേ ടോയ്ലറ്റ്  കാ ഇസ്തെമാൽ കർ സക്താ  ഹും?"(ഞാൻ നിങ്ങളുടെ ബാത്റൂം   ഒന്ന് ഉപയോഗിച്ചോട്ടെ?)ഭോല ചോദിച്ചു.
"സരൂർ. ടോയ്ലറ്റ്  വഹാ ഹേ .."(തീർച്ചയായും.ബാത്റൂം അവിടെ ആണ്.)ഡൈനിങ്ങ് ടേബിളിന്റെ പിന്നിൽ ഉള്ള വാതിലിന് നേർക്ക് നോക്കി സുമ  പറഞ്ഞു. എന്നിട്ട് ജ്യൂസിന്റെ  ഗ്ലാസ്  അടുക്കളയിൽ കൊണ്ടുപോയി വെച്ചു.തിരികെ  വന്നപ്പോൾ ഭോല ഡൈനിങ്ങ് ടേബിളിന്റെ സൈഡിലുള്ള അടച്ചിട്ട വാതിൽ ബാത്റൂം  ആണെന്ന് കരുതി തുറക്കാൻ ശ്രമിക്കുകയായിരുന്നു.
"നയി വോ ദർവാജ നയി ദൂസരാ..ഉസ് കമരെ മേ  പുരാനാ  സാമാൻ   രഖാ ഹുവാ  ഹേ   "(അല്ല ആ വാതിൽ അല്ല.. മറ്റേതാണ്.ഇത് പഴയ സാധങ്ങൾ വെച്ചിരിക്കുന്ന മുറിയാണ്. ) സുമ പറഞ്ഞു.സുമയുടെ വെപ്രാളം കണ്ട് ഭോലയ്ക്കും  ജിതേഷിനും  കാര്യമെന്താണെന്ന് മാനസ്സിലായില്ല.  അന്ന് ജോലിക്ക് വരുന്ന രേണുകയും ഇതേ വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ അത് വാട്ടർ ബോയ്ലർ പൈപ്പ് ഇരിക്കുന്ന മുറി ആണെന്നാണ് സുമ പറഞ്ഞതെന്ന് ശ്രീബാല ഓർത്തെടുത്തു.ഇപ്പോൾ അവർ പറയുന്നു അത് പഴയ സാധനങ്ങൾ വെച്ചിരിക്കുന്ന മുറിയാണെന്നും.അവൾ പക്ഷെ അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല.
കുറച്ച് കഴിഞ്ഞ് ശരത്ത് അങ്ങോട്ടേക്ക് കയറി വന്നു.
ജിതേഷ് എഴുന്നേറ്റ് അയാൾക്ക്  കൈ കൊടുത്തു.
"വന്നിട്ട് കുറച്ച് നേരം ആയി അല്ലെ.സോറി കേട്ടോ.ബ്ലോക്കിൽ പെട്ടു.അതാ ലേറ്റ് ആയത്.."ശരത് ക്ഷമാപണം  നടത്തി.അന്ന് ഇവിടുന്ന് അലറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് ഇറങ്ങിപ്പോയ ആളെ അല്ലല്ലോ  ഇതെന്ന്  ശ്രീബാല അത്ഭുതത്തോടെ ഓർത്തു.
"നമ്മക്ക് ലഞ്ച് കഴിക്കാം..എന്നിട്ടാവാം  സംസാരം.ആൾറെഡി ഞാൻ കാരണം ഒരുപാട് ലേറ്റ് ആയില്ലേ.."ശരത് പറഞ്ഞു.എല്ലാവരും ആഹാരം കഴിക്കാനായി ഇരുന്നു.ഭോലയും ശ്രീബാലയും ചേർന്ന് എല്ലാം എടുത്ത് വെക്കാൻ സുമയെ സഹായിച്ചു.
ജിതേഷ് ഇടയ്ക്കിടെ ശ്രീബാലയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവളുടെ മുഖം മൂടിക്കെട്ടി ഇരുന്നു.സുമയുടെ അടുത്ത് വരുമ്പോ എങ്കിലും അവൾ ഒന്ന് ചിരിച്ച് കാണുമെന്നാണ് അവൻ കരുതിയത്.പക്ഷെ അവൾ സുമയോടും അധികം സംസാരിക്കുന്നില്ലെന്ന് അവൻ ശ്രദ്ധിച്ചു.
ശരത്തും ജിതേഷും എന്തൊക്കെയോ ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിച്ചു.ഭോല ആരെയും ശ്രദ്ധിക്കാതെ ആഹാരം ആസ്വദിച്ച് കഴിച്ചു.ശ്രീബാല വെറുതെ പ്ലേറ്റിൽ കൈയിട്ട് ഇളക്കികൊണ്ടിരുന്നു.
"നിങ്ങളുടെ കമ്പനി ആദ്യം ബോംബെ ബേസ്ഡ് ആയിരുന്നില്ലേ?അടുത്തിടെ ആണല്ലേ ഇവിടെ ഔട്ട്ലെറ്റ് തുടങ്ങിയത്.."ശരത് ചോദിച്ചു.
"അതെ സാർ..ഞാൻ ഡൽഹിയിൽ എത്തിയിട്ട്  കുറച്ച് നാൾ ആയതേ ഉള്ളു.."ജിതേഷ് പറഞ്ഞു.
"ഞാൻ നിങ്ങളുടെ ബോംബെ  ഔട്ലെറ്റിൽ വന്നിട്ടുണ്ട്..അവിടെ ഞങ്ങൾ പുതിയ വീട് മേടിച്ചപ്പോ ഫർണിച്ചർ നിങ്ങളുടെ ഷോപ്പിൽ നിന്നാ വാങ്ങിയത് ..അന്ന് ജിതേഷിന്റെ അച്ഛൻ എനിക്ക് വൻ ഡിസ്‌കൗണ്ട് ആണ്  തന്നത്..ജിതേഷ് അന്ന് കോളേജിൽ പഠിക്കുന്ന സമയം ആയിരുന്നു  എന്ന് തോന്നുന്നു.എന്നെ കണ്ട് കാണാൻ വഴിയില്ല "ശരത് പഴയ ഓർമ്മയിൽ ചിരിച്ചു.
"അതെ..സാറിനെ കണ്ടിട്ടില്ല..പക്ഷെ എനിക്ക് സാറിനെ അറിയാമായിരുന്നു.എന്റെ ഒരു ഫ്രണ്ട് സാറിന്റെ ഹോസ്പിറ്റലിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.."ജിതേഷ് പറഞ്ഞു.
"ഈസ് ഇറ്റ്?ആരാ അത്?പറഞ്ഞാൽ ചിലപ്പോ അറിയുമായിരിക്കും.."ശരത് ചോദിച്ചു.
"ഒരു ഡോക്ടർ മിഥില.."ജിതേഷ് പറഞ്ഞതും ശരത്തിന്റെ കൈയിലിരുന്ന വാട്ടർ ഗ്ലാസ് താഴെ വീണ് പൊട്ടി ചിതറി! ശരത്തിന്റെ മുഖം വിവർണ്ണമായി!
അയാളുടെ മുഖത്തെ ഭാവമാറ്റം ജിതേഷും ശ്രീബാലയും ഭോലയും  ഒരുപോലെ ശ്രദ്ധിച്ചു.
"അത് അറിയാതെ കൈയിൽ നിന്നും.."ശരത് മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു.
"ഇറ്റ്സ് ഓക്കേ ശരത്തേട്ടാ ..ഞാൻ ക്ലീൻ ചെയ്തോളാം .."സുമ അദ്ദേഹത്തെ സമാധാനിപ്പിച്ചു.
"എനിക്കറിയാം..ഷീ  വാസ് എ ബ്രില്ലിയൻറ് ഗേൾ.ആ കുട്ടി നല്ല ഡെഡിക്കേറ്റഡ് ആൻഡ് ഹാർഡ് വർക്കിംഗ് ആയിരുന്നു..പക്ഷെ എന്ത് ചെയ്യാം..ഫെയിറ്റ്!"ശരത് ഒരു നെടുവീർപ്പോടെ  പറഞ്ഞു.
"ആ കുട്ടിയുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ?അവളെ രക്ഷപെടുത്താൻ ശ്രമിച്ച ഒരു യങ്ങ്  മാൻ?"ശരത് ചോദിച്ചു.ജിതേഷ് കഴിച്ചുകൊണ്ടിരുന്നത് നിർത്തി..
"അതെ.. നന്ദൻ..എന്റെ ബ്രദർ ആണ്.."ജിതേഷ് പറഞ്ഞു.
"ഓ മൈ ഗോഡ്! ഐ ആം സൊ സോറി! എനിക്കറിയില്ലായിരുന്നു.." ശരത് വിഷമത്തോടെ പറഞ്ഞു.
"ആ ക്രിമിനലിനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ലല്ലോ..ഹരി?"ശരത് ചോദിച്ചു.ശ്രീബാല പല്ലുകടിച്ചു.ജിതേഷ് അവളെ നോക്കി.
സുമയുടെയും ശ്രീബാലയുടെയും കണ്ണുകൾ പരസ്പരം കൂട്ടി മുട്ടി.താൻ ഹരിയുടെ സിസ്റ്റർ ആണെന്ന് താൻ സുമയോട് പറഞ്ഞത് സുമ ശരത്തിനോട് പറഞ്ഞിരിക്കില്ല എന്നവൾക്ക് തോന്നി.അതായിരിക്കണമല്ലോ തന്റെ മുൻപിൽ വെച്ച് ഹരിയേട്ടനെ പറ്റി  ഇങ്ങനെ ഒരു ചോദ്യം അയാൾ ചോദിച്ചത്.
"നമ്മൾക്ക് ഈ ടോപ്പിക്ക് വിടാം..വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ സംസാരിക്കാനുണ്ട്.."സുമ വിഷയം മാറ്റി. "ശരിയാണ് കണ്ട ക്രിമിനൽസിനെ  പറ്റി നമ്മൾ എന്തിനാ സംസാരിച്ച് നമ്മടെ മൂഡ് കളയുന്നത്.."ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.ശ്രീബാലയ്ക്ക് എഴുന്നേറ്റ് അയാളുടെ കരണത്ത് ഒരെണ്ണം  പൊട്ടിക്കണമെന്ന് തോന്നി.ജിതേഷ് സ്പൂണും ഫോർക്കും താഴെ പ്ലേറ്റിൽ വെച്ച് ടേബിളിനടിയിൽ കൂടി അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ ഇടതു കൈ എടുത്ത് പൊതിഞ്ഞ് പിടിച്ചു..എന്നിട്ട് വീണ്ടും കഴിച്ച് തുടങ്ങി.
“ബാല  പറഞ്ഞു കാണുമല്ലോ ഞങ്ങൾ തമ്മിൽ കുറച്ച് ഇഷ്യൂസ്  ഉണ്ടായിരുന്നു.അതെല്ലാം സോർട് ഔട്ട് ചെയ്ത് ഞങ്ങൾ പുതിയൊരു ലൈഫ് തുടങ്ങാൻ പോവുകയാണ്..ഞാൻ ഉടനെ തന്നെ ഇദ്ദേഹത്തിന്റെ കൂടെ തിരികെ ബോംബെയിലേക്ക് പോവും.അതിന് മുൻപ് ചെറിയൊരു ഗെറ്റ് ടുഗെതർ.അത്രയേ ഉദ്ദേശിച്ചുള്ളൂ.." സുമ പറഞ്ഞു.
"ഉവ്വ്..ബാല എന്നോട് പറഞ്ഞിരുന്നു.അവൾക്ക് മാഡത്തെ  പറ്റി പറയുമ്പോ നൂറ് നാവാണ്.."ജിതേഷ് ചിരിയോടെ പറഞ്ഞു.
"എന്നിട്ടെന്താ ആൾക്കിന്ന് ഒരു ഉഷാറില്ലാത്തത്?" സുമ ശ്രീബാലയെ നോക്കി ജിതേഷിനോട്  ചോദിച്ചു.
ജിതേഷ് എന്ത് പറയണമെന്നറിയാതെ ശ്രീബാലയെ നോക്കി.
"അത് ചിലപ്പോ ഞാൻ കൂടെ ഉള്ളത് കൊണ്ടാവും സുമേ."ശരത് പറഞ്ഞു.
"ശ്രീബാലയ്ക്ക് എന്നെ പറ്റിയുള്ള ഫസ്റ്റ് ഇമ്പ്രെഷൻ അത്ര നല്ലതല്ല കേട്ടോ ജിതേഷ്..ഒരിക്കെ  ശ്രീബാല ഇവിടെ വന്നപ്പോൾ ഞാനും സുമിയും അത്ര നല്ല ഫോമിൽ അല്ലായിരുന്നു.വീ  വേർ  ഹാവിങ് എ ഹീറ്റെഡ് ആർഗ്യുമെന്റ് ആൻഡ് വീ  വേർ  ഷൗട്ടിങ് അറ്റ് ഈച്ച് അദർ..എന്റെ പ്രെസെൻസ്  ശ്രീബാലയ്ക്ക് അത്ര  കംഫർട്ടബിൾ ആയിരിക്കില്ല.. "ശരത് വിഷമത്തോടെ പറഞ്ഞു.
"അയ്യോ അതൊന്നുമല്ല സാർ..അവൾ കുറച്ച് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.മാഡം പറഞ്ഞു കാണുമല്ലോ..അവൾ  ആ ഷോക്കിൽ നിന്നും റിക്കവർ ആയി വരുന്നതേ ഉള്ളു.. ആള് നല്ല ടയേർഡ് ആണ്."ജിതേഷ് പറഞ്ഞു.
"യെസ് യെസ്..സുമ പറഞ്ഞിരുന്നു.."ശരത് പറഞ്ഞു.
"മോളൊന്നും കഴിക്കുന്നുമില്ലല്ലോ.. എന്ത് പറ്റി  വിശപ്പില്ലെ?"ശരത്ത് ചോദിച്ചു.
"വിശപ്പില്ല.."ശ്രീബാല ഗൗരവത്തിൽ പറഞ്ഞു.
"വിശപ്പില്ല.. ടയേർഡ്  ആണ്..എന്തോ മണക്കുന്നുണ്ടല്ലോ?ജൂനിയർ ജിതേഷ് വരുന്ന ലക്ഷണം കാണുന്നുണ്ടല്ലോ.."സുമ ശ്രീബാലയെ കളിയാക്കി.
ജിതേഷ് അത് കേട്ട് വല്ലാതായി.അവൻ ശ്രീബാലയെ നോക്കി.
"അങ്ങനെ എന്തെങ്കിലും ആണെങ്കിൽ  നേരെ ഞങ്ങളുടെ കൂടെ ബോംബെയിലേക്ക് വന്നോളൂ. അവിടെ ഞങ്ങളുടെ ഹോസ്പിറ്റൽ ഉണ്ടല്ലോ..ഡെലിവറി വരെ ഉള്ള എല്ലാ കാര്യങ്ങളും ഫ്രീ.നിങ്ങൾ ആയത് കൊണ്ട് സ്പെഷ്യൽ കൺസിഡറേഷൻ.."ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെ! ഇല്ലാത്ത ഗർഭം ഉണ്ടെന്ന് പറഞ്ഞ് കള്ള റിപ്പോർട്ട് എഴുതി ആളുകളെ വിശ്വസിപ്പിക്കാൻ  നിങ്ങൾ പണ്ടേ മിടുക്കർ ആണല്ലോ!"
ശ്രീബാല പറഞ്ഞത് കേട്ട് സുമയും ശരത്തും സ്തബ്ധരായി ഇരുന്നുപോയി!
കണ്ണൻ അന്ന് ഉപദ്രവിക്കാൻ ശ്രമിച്ച  ഷോക്കിൽ അവൾ എന്തെങ്കിലും പിച്ചും പെയ്യും പറയുകയാണോ എന്നോർത്ത് ജിതേഷ് അവളുടെ കൈയിൽ ചെറുതായൊന്ന് തട്ടി.
"നീ എന്താ ബാലെ  ഈ  പറയുന്നത്?" ജിതേഷ് അവളെ ശാസിച്ചു.ശ്രീബാലയുടെ ഭാവമാറ്റം കണ്ട് ഭോലയും കഴിപ്പ് നിർത്തി. സുമയും ശരത്തും ആകെ പകച്ചിരിക്കുകയാണ്.
"ഞാൻ പറഞ്ഞത് ശെരി അല്ലെന്ന് ഇവർ പറയട്ടെ.."ശ്രീബാല രണ്ടുപേരെയും നോക്കി.
"കുട്ടി എന്താ ഈ പറയുന്നത്?ആര് എന്ത് കള്ള റിപ്പോർട്ട് ഉണ്ടാക്കി എന്നാ?" ശരത്ത് ചോദിച്ചു.
"ഒന്നുമറിയില്ല അല്ലെ?അന്ന് പാർക്കിൽ വെച്ച് നടന്ന ആ സംഭവത്തിന് ശേഷം മിഥിലയെ നിങ്ങളുടെ  സേവാ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ തന്നെയായിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്.. "ശ്രീബാല പറഞ്ഞുതുടങ്ങി.എന്നിട്ട് തന്റെ ഫോണിലെ ഗാലറിയിൽ രണ്ട് ഫോട്ടോസ് എടുത്തു. അത് എന്തൊക്കെയോ  ഡോക്യുമെന്റ്സ്  ആയിരുന്നു.."എന്റെ ഫോണിൽ മിഥിലയുടെ രണ്ട് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. ഈ രണ്ടാമത്തെ   റിപ്പോർട്ടിൽ ആണ്  ഫിസിക്കൽ ചെക്കപ്പ്  കഴിഞ്ഞ്  മിഥില പ്രഗ്നൻറ്  ആണെന്ന് കൺഫേം ചെയ്തിരിക്കുന്നത്.ഒന്നാമത്തെ റിപ്പോർട്ട് അതായത് മിഥിലയെ അഡ്മിറ്റ് ചെയ്ത്  കഴിഞ്ഞ് നടത്തിയ ആദ്യ ഫിസിക്കൽ  ചെക്കപ്പിന്റെ ഡീറ്റെയിൽസ്  അടങ്ങിയ  റിപ്പോർട്ട്  ഇതുവരെ പുറം ലോകം കണ്ടിരുന്നില്ല.അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെന്ന് പോലും ആ ഹോസ്പിറ്റലിലെ കുറച്ച് സ്റ്റാഫിനല്ലാതെ   മിഥിലയ്‌ക്കോ അവളുടെ കുടുംബത്തിനൊ മറ്റാർക്കും തന്നെ അറിയാമായിരുന്നില്ല. " ശ്രീബാല കസേരയിൽ  നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു..ശരത്ത് വിയർത്ത് തുടങ്ങി.സുമയുടെ മുഖത്തും നല്ല വെപ്രാളം ഉണ്ടായിരുന്നു.
"പറയണം സുമ മാഡം.. ആദ്യത്തെ റിപ്പോർട്ട് എഴുതിയിരിക്കുന്നത് ഡോക്ടർ ശ്രീനിവാസൻ എന്നൊരാൾ ആണ്.പക്ഷെ അദ്ദേഹം അന്ന് തന്നെ ആ ഹോസ്പിറ്റലിൽ നിന്നും റിസൈന്‍  ചെയ്തു.അല്ലെങ്കിൽ ചെയ്യിച്ചു! അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വൻ തുക ഒഴുകിയെത്തിയതും അദ്ദേഹം ബോംബെ വിട്ടു. അൺകോൺഷ്യസ്   ആയിരുന്ന മിഥിലയെ പിന്നീട്  ചികിൽസിച്ചതും  ആദ്യത്തെ റിപ്പോർട്ട് തിരുത്തി അവൾ പ്രെഗ്നന്റ് ആണെന്ന് കാണിച്ച് രണ്ടാമതൊരു റിപ്പോർട്ട് എഴുതിയതും മറ്റാരുമല്ല..ആ പേപ്പറിൽ  നിങ്ങളുടെ പേരും ഒപ്പും തന്നെ അല്ലെ ഉള്ളത്  ഡോക്ടർ.സുമ ശരത്?"ശ്രീബാലയുടെ ചോദ്യം കേട്ട് സുമ കുറ്റം പിടിപ്പിക്കപ്പെട്ടവളെ  പോലെ മുഖം താഴ്ത്തി ഇരുന്നു!
ജിതേഷ് അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ പറഞ്ഞ രണ്ട് റിപ്പോർട്ടുകളും വായിച്ച് തുടങ്ങി.അതിൽ ഫസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചതും അവന്റെ തലയ്ക്കകത്ത് ഒരു സ്ഫോടനം നടന്നു!അവൻ വിശ്വാസം വരാതെ സുമയെയും ശരത്തിനെയും മാറി മാറി നോക്കി.
ജിതേഷിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.അവന്റെ കണ്ണുകൾ കുറുകി.
"ഇതിൽ പറഞ്ഞിരിക്കുന്നത് സത്യം ആണോ?"ജിതേഷ് അവരെ നോക്കി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല.
"എന്താണതിൽ പറഞ്ഞിരിക്കുന്നതെന്നറിയാതെ എന്ത് പറയാൻ ആണ്?"ശരത് നീരസത്തോടെ ചോദിച്ചു.
" മിഥിലയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ അവൾക്ക് ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും അത്  റേപ്പ്  ആണെന്ന് പ്രഥമദൃഷ്ടിയാൽ തോന്നുമെങ്കിലും അതല്ല മറിച്ച് അത് മെൻസസിന്റെ ബ്ലീഡിങ് ആയിരുന്നു എന്നും  ഡോക്ടർ ശ്രീനിവാസൻ കൺഫേം ചെയ്തിരിക്കുന്ന റിപ്പോർട്ട് ആണിത്..  പിന്നെങ്ങനെ ആണ് മിഥില പ്രെഗ്നന്റ് ആണെന്ന് നിങ്ങൾ കൺഫേം ചെയ്തത്?"ജിതേഷിന്റെ സ്വരം കനത്തു.സുമ ഒന്നും മിണ്ടാതെ ഇരുന്നു.ശരത്  നന്നേ വിയർക്കുന്നുണ്ടായിരുന്നു.
"ഇങ്ങനെ ഒരു റിപ്പോർട്ടിനെ പറ്റി ഞങ്ങൾക്കറിയില്ല..  ശ്രീബാലയ്ക്ക് ഇത്  എവിടുന്ന് കിട്ടി?ഞങ്ങളോട് വിരോധം ഉള്ള ആരെങ്കിലും മനപ്പൂർവം കെട്ടിച്ചമച്ച റിപ്പോർട്ട് ആയിരിക്കുമിത്."ശരത് ശ്രീബാലയോട് ചോദിച്ചു.
"അതെ കെട്ടിച്ചമച്ചതാണ്..വേറാരുമല്ല.നിങ്ങൾ തന്നെ!"ശ്രീബാല സുമയുടെയും ശരത്തിന്റെയും നേരെ വിരൽ ചൂണ്ടി.
"കുറച്ച് മുൻപ് നിങ്ങൾ വിളിച്ചില്ലേ  ക്രിമിനൽ എന്ന്?ആ ക്രിമിനലിന്റെ സ്വന്തം പെങ്ങളാ ഞാൻ!"ശ്രീബാല ശരത്തിനെ നോക്കി പല്ലുകടിച്ചു.
ശരത് അത് കേട്ട് കണ്ണ് മിഴിച്ചു.ഹരിയും ശ്രീബാലയുമായി അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
"ഓഹോ?ആങ്ങളയും പെങ്ങളേയും കൂടി ഉള്ള ഒത്തുകളി ആണല്ലേ?എവിടുന്നോ ഒരു കള്ള റിപ്പോർട്ടും കൊണ്ടുവന്ന് കുറ്റം എല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെച്ചാൽ നിന്റെ  ആങ്ങളയ്ക്ക് രെക്ഷപെടാനാവുമല്ലോ.കൊള്ളാം ! ബുദ്ധി കൊള്ളാം ! "ശരത് അവളെ പുച്ഛിച്ചു.
"ഈ റിപ്പോർട്ട് കണ്ടിട്ട് അത് ഫോർജ്ഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല.ഇതിൽ സാറിന്റെ വൈഫിന്റെ സിഗ്നേച്ചർ തന്നെ ആണുള്ളത്.."ജിതേഷ് ഫോൺ ശരത്തിന് നേരെ നീട്ടി പറഞ്ഞു.
"ഒരു സിഗ്നേച്ചർ കോപ്പി ചെയ്യാൻ ഇത്ര പ്രയാസമാണോ  ജിതേഷ്?താങ്കളുടെ ഒപ്പ് കാണിച്ച് തരു.താങ്കൾക്ക് പോലും സംശയം തോന്നാത്ത വിധം താങ്കളുടെ കള്ളയൊപ്പിടുന്ന അനേകം പേരെ ഞാൻ കാണിച്ച് തരാം.."ശരത് വെല്ലു വിളിച്ചു.
"ശരി..സമ്മതിച്ചു.ഈ റിപ്പോർട്ട് വിശ്വസിക്കേണ്ട.പക്ഷെ നിങ്ങൾ എല്ലാവരും മറന്നുപോയ ഒരു മുഖമുണ്ട്.."ശ്രീബാല ജിതേഷിന്റെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങി അതിൽ ഒരു വീഡിയോ പ്ലേയ് ചെയ്തു.
ഫോണിലെ വിഡിയോയിൽ  സംസാരിച്ച് തുടങ്ങിയ ആ സ്ത്രീരൂപത്തെ കണ്ട് സുമയും ശരത്തും ഒരുപോലെ ഞെട്ടിത്തരിച്ചു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot