നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 20


അത് ജിതേഷ് ആയിരുന്നു!
"വന്നില്ല അല്ലെ?" ജിതേഷിന്റെ ചോദ്യം കേട്ട് ശ്രീബാല സ്തബ്ധയായി ഇരുന്നു!
"എഴുന്നേറ്റ് വാ.."ജിതേഷ് അവളെ വിളിച്ചു.ശ്രീബാല അനങ്ങിയില്ല.
"നട അടച്ചു..എല്ലാവരും പോയി തുടങ്ങി..നീ എഴുന്നേറ്റ് വാ.."ജിതേഷ് അവളുടെ കൈയിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു.
പടിക്കെട്ടിറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീബാല  കാലിടറി വീഴാൻ തുടങ്ങി.പെട്ടെന്ന് ജിതേഷ് അവളെ താങ്ങി പിടിച്ചു.
"ശ്രദ്ധിച്ച് നടക്ക് ബാലെ..."ജിതേഷ് അവളെ ശാസിച്ചു.ശ്രീബാല നടക്കുന്ന വഴിയേ ഹരി അവിടെയെങ്ങാനും  ഉണ്ടോ എന്ന് ചുറ്റും നോക്കി..ജിതേഷ് അവളുടെ കൈയിൽ പിടിച്ച് അവളെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഭോല കാറിൽ ഇരിപ്പുണ്ടായിരുന്നു.
വീടെത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.വീട്ടിൽ എത്തി ഭോല അടുക്കളയിലേക്ക് പോയി കഴിക്കാൻ എടുത്ത് വെച്ചു.ശ്രീബാല വിശപ്പില്ലെന്ന് പറഞ്ഞ് മുറിയിൽ പോയി.ജിതേഷ് അവളുടെ പിന്നാലെ ചെന്നപ്പോൾ അവൾ മുറിയിലെ സോഫയിൽ കിടക്കുകയായിരുന്നു.
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"വന്ന് എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്.."ജിതേഷ് പറഞ്ഞു.
"നിങ്ങൾക്ക് എങ്ങനെ അറിയാം ഞാൻ അവിടെ ആരെയോ കാത്ത് നിൽക്കുകയായിരുന്നു എന്ന്?"ശ്രീബാല ചോദിച്ചു.
ജിതേഷ് ഒന്നും മിണ്ടിയില്ല.
"ഇന്ന് ഹരിയേട്ടൻ അവിടെ വരുമെന്ന് അറിഞ്ഞിട്ടാണോ നിങ്ങൾ പതിവില്ലാതെ അമ്പലത്തിൽ വന്നത്..?"ശ്രീബാല ചോദിച്ചു.
"അതെ" ജിതേഷ് കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
"ഞാൻ രഹസ്യമായി ഹരിയേട്ടനോട് സംസാരിച്ചത് നിങ്ങൾ എങ്ങനെ അറിഞ്ഞു?"ശ്രീബാല സംശയത്തോടെ അവനെ നോക്കി. ജിതേഷ് അതിന് മറുപടി പറഞ്ഞില്ല.
"എന്റെ ഹരിയേട്ടനെ നിങ്ങൾക്ക് അറിയാമോ?"ശ്രീബാല ചോദിച്ചു.
"അറിയില്ല."ജിതേഷ് പറഞ്ഞു.
"പിന്നെ?പിന്നെന്തിനാ നിങ്ങൾ അവിടെ വന്നത്?"ശ്രീബാല ചോദിച്ചു.
"കൊല്ലാൻ! നിന്റെ ഹരിയേട്ടനെ കൊല്ലാൻ!"ജിതേഷിന്റെ മറുപടി കേട്ട് ശ്രീബാല സോഫയിൽ നിന്നും ചാടി എഴുന്നേറ്റു! അവന്റെ മുഖം രൗദ്രമാകുന്നത് ശ്രീബാല പേടിയോടെ കണ്ടു..
"നിങ്ങൾ ശരിക്കും ആരാ?"ശ്രീബാല ജിതേഷിനെ സൂക്ഷിച്ച് നോക്കി.
" നിന്റെ ഹരിയേട്ടന്റെ കാലൻ! ഒരു പ്രാവശ്യം അവൻ എന്റെ മുൻപിൽ ഒന്ന് വരട്ടെ! കൊന്ന് കളയും  ഞാൻ!" ജിതേഷ് വെറുപ്പോടെ പല്ലുകൾ കടിച്ച് കൊണ്ട് പറഞ്ഞു.
"എന്തിന്?എന്ത് തെറ്റാ എന്റെ ഹരിയേട്ടൻ നിങ്ങളോട് ചെയ്തത്?"ശ്രീബാല വെപ്രാളത്തോടെ  ചോദിച്ചു.
അവന്റെ ഉത്തരത്തിനായി കാത് കൂർപ്പിച്ചു.
"മതി ഇന്ററോഗേഷൻ.കിടന്നുറങ്ങാൻ നോക്ക്.."ജിതേഷ് ഗൗരവത്തോടെ പറഞ്ഞു.ശ്രീബാലയ്ക്ക് അവന്റെ  മുഖത്തേക്ക് നോക്കാൻ ഭയം തോന്നി..
അവൾ ഒന്നും മിണ്ടാതെ തിരികെ സോഫയിലേക്ക് കിടന്നു.ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് ചോദ്യങ്ങളും ഉത്തരങ്ങളും കൂട്ടിയിണക്കി അവൾ സ്വയം ഒരു മറുപടി കണ്ടെത്താൻ ശ്രെമിച്ചുകൊണ്ടിരുന്നു…
രാവിലെ വൈകിയാണ് ശ്രീബാല എഴുന്നേറ്റത്.ജിതേഷ് കമ്പനിയിൽ പോയി കഴിഞ്ഞിരുന്നു. ജിതേഷ് എങ്ങനെ മനസ്സിലാക്കി ഹരിയേട്ടൻ ഇന്നലെ അമ്പലത്തിൽ വരുന്നുണ്ടെന്ന്?അത് താനും ഹരിയേട്ടനും രഹസ്യമായി ഫോണിൽ സംസാരിച്ച കാര്യമാണ്.ജിതേഷിന് ഹരിയേട്ടനെ അറിയില്ലെന്ന് പറയുന്നു പക്ഷെ തീർത്താൽ തീരാത്ത പകയുണ്ട് ഹരിയേട്ടനോട്.കണ്ടാൽ കൊല്ലും എന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് വെറുതെ അല്ല എന്ന് ജിതേഷിന്റെ മുഖം കണ്ടാൽ അറിയാം.ഇത്രയ്ക്ക് പക ഉണ്ടാവാൻ  ഹരിയേട്ടൻ ജിതേഷിനോട് എന്ത് കുറ്റം ആണ് ചെയ്തത്?ഒരു പക്ഷെ ഹരിയേട്ടന്റെ പേരിലുള്ള  കേസും ജിതേഷുമായി എന്തെങ്കിലും ബന്ധം ഉണ്ടാവുമോ എന്ന് ശ്രീബാലയ്ക്ക് സംശയം തോന്നി.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു അവളുടെ മനസ്സിൽ.വീട്ടിലിരുന്നിട്ട് അവൾക്ക് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.കുളിയെല്ലാം കഴിഞ്ഞ് അവൾ സുമയുടെ വീട്ടിലേക്കിറങ്ങി.ബെൽ അടിച്ചപ്പോൾ രേണുക ആണ് വാതിൽ തുറന്നത്.
സുമ അവിടെ സോഫയിൽ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.ശ്രീബാല അകത്തേക്ക് ചെന്നു.സുമയുടെ കൈകളിൽ ഒരു ഫോട്ടോ അവർ നെഞ്ചോട് അടക്കിപ്പിടിച്ച് വെച്ചിട്ടുണ്ടായിരുന്നു.
ശ്രീബാല അവരുടെ അടുത്ത് ചെന്നിരുന്നു.സുമ പെട്ടെന്ന് കണ്ണുകൾ തുറന്നു.അവർ ഫോട്ടോ കൈയിൽ പിടിച്ച് സോഫയിൽ എഴുന്നേറ്റിരുന്നു..ശ്രീബാലയെ കണ്ടതും അവർ വിഷാദത്തോടെ  ചിരിച്ചു.
സുമ ആ ഫോട്ടോ ശ്രീബാലയ്ക്ക് നേരെ നീട്ടി.ശ്രീബാല അത് വാങ്ങി നോക്കി.ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു അത്.
"എന്റെ മിന്നുവാ.."സുമ ആ ഫോട്ടോ നോക്കി പറഞ്ഞു.സുമയെ പറിച്ച് വെച്ചതുപോലെ തന്നെ ഉണ്ടെന്ന് ശ്രീബാല ഓർത്തു.
"നല്ല  ടാലന്റഡ് ആയിരുന്നു.പാട്ട് ഡാൻസ് കീബോർഡ്‌ എന്ന് വേണ്ട എല്ലാത്തിലും നല്ല വാസന ഉണ്ടായിരുന്നു അവൾക്ക്..പറഞ്ഞിട്ടെന്താ..എല്ലാം മുകളിലിരിക്കുന്ന ആളുടെ കൈയിൽ അല്ലെ..ഒന്നും നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്.."സുമയുടെ കണ്ണുകൾ നിറഞ്ഞു.
"ഇത് അവളുടെ പഴയ  ഫോട്ടോയാ..ആക്സിഡന്റ് ഉണ്ടാവുന്നതിന് തലേന്ന് ഞാൻ അവളുടെ ക്യാമെറയിൽ എടുത്ത ഫോട്ടോ.."സുമയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അവരുടെ സ്വരം ഇടറി.ശ്രീബാല അവരെ വിഷമത്തോടെ നോക്കി ഇരുന്നു.
"പിന്നീട് ഞാൻ അവളുടെ ഫോട്ടോ ഒന്നും എടുത്തിട്ടില്ല  . അല്ലെങ്കിലും ശരീരം മുഴുവൻ വയറും കുന്തവും ഒക്കെ ഘടിപ്പിച്ച്  മൂക്കിലും വായിലും ട്യൂബ് ഇട്ട് കോമാ  സ്റ്റേജിൽ കിടന്നിരുന്ന  അവളുടെ  ഫോട്ടോ എടുക്കാൻ ചെന്നിരുന്നെങ്കിൽ   അവള് എന്നെ ഓടിച്ചേനേം .പെണ്ണ് ഭയങ്കര ബ്യൂട്ടി കോൺഷ്യസ് ആയിരുന്നെ.."സുമ ചിരിച്ചുകൊണ്ട് പറഞ്ഞു.തൊട്ടടുത്ത നിമിഷം  അവർ അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു! ശ്രീബാല അവരുടെ അടുത്ത് ചെന്നിരുന്ന് അവരെ കെട്ടിപ്പിടിച്ചു.
"ഞാൻ അവളുടെ  ഫോട്ടോ എടുക്കുന്നത് അവൾക്ക് എന്ത് ഇഷ്ടം ആയിരുന്നെന്നോ..അണിഞ്ഞൊരുങ്ങി നടക്കാൻ  അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു.എന്ത് കോലം കെട്ടാനും എന്റെ കൂടെ ഇരുന്ന് തരും.."സുമ കരച്ചിലിനിടയിലും പഴയ ഓർമ്മകളിൽ ചിരിച്ചു..
ശ്രീബാലയുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്ത് പറ്റിയതാ  മിന്നുവിന്?"അവൾ  വിഷമത്തോടെ ചോദിച്ചു.
"കൊന്നതാ!ആ ദുഷ്ടൻ കൊന്നതാ!"സുമയുടെ മുഖത്ത് ഭയവും വെറുപ്പും കലർന്നു.
ശ്രീബാല ഞെട്ടി വിറച്ച് അവരെ നോക്കി!
"ആര്?"അവൾ ചോദിച്ചു.
"അയാൾ..അന്ന് വന്നില്ലേ ഇവിടെ..അയാൾ!"സുമ പറഞ്ഞു.
"അതാരാ?"ശ്രീബാല ചോദിച്ചു.
"എന്റെ ഭർത്താവ്! ഡോക്ടർ ശരത്!" സുമ വെറുപ്പോടെ പറഞ്ഞു.കേട്ടത് വിശ്വസിക്കാനാവാതെ ശ്രീബാല അവരെ തന്നെ നോക്കി ഇരുന്നു!
"ഒരച്ഛന് സ്വന്തം മകളെ എങ്ങനെ..?"ശ്രീബാലയ്ക്ക് മുഴുമിപ്പിക്കാനായില്ല.
"അതിന് സ്വന്തം മകൾ ആണെങ്കിൽ അല്ലെ.."സുമ പറഞ്ഞതെന്താണെന്ന് മനസ്സിലാവാതെ ശ്രീബാല കണ്ണ് മിഴിച്ച് അവരെ നോക്കി.
"ഞാൻ ബോംബെയിൽ തന്നെ വേറെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ആദ്യം പ്രാക്ടീസ് തുടങ്ങിയത്. സീനിയറായ എന്റെ കോളീഗിനോട് തോന്നിയ ആരാധന.പിന്നീട് അത് പ്രണയമായി.പ്രണയത്തിന് പിന്നെ കണ്ണും മൂക്കും ഇല്ലാതായി.ശരീരം മാത്രമേ ഒന്നേയുള്ളു.മനസ്സ് രണ്ട് ധ്രുവങ്ങളിലാണെന്ന് മനസ്സിലായപ്പോഴേക്കും ബ്രേക്ക് അപ്പ് ആയി .അയാൾ എങ്ങോട്ടോ  പോയി .എന്റെ വയറ്റിലൊരു  ഗിഫ്റ്റ്  തന്നിട്ടാണ് അയാൾ പോയതെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര കോലാഹലം ആയി.അച്ഛൻ എന്നെ അബോർഷന് നിർബന്ധിച്ചു.അബോർഷന് ഞാൻ സമ്മതിക്കില്ല എന്ന് കട്ടായം പറഞ്ഞപ്പോൾ വർഷങ്ങളായുള്ള അധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യം മകൾ പേരുദോഷം കേൾപ്പിക്കുന്നതിലൂടെ തകർന്ന് പോവുമോ എന്ന് ഭയന്ന് എന്റെ അച്ഛൻ സത്യങ്ങൾ എല്ലാം അറിയിച്ച് എനിക്കായി വിലകൊടുത്ത് വാങ്ങിയ പെർഫെക്റ്റ് മരുമകൻ ആയിരുന്നു ഡോക്ടർ ശരത്! ശരത്തിന്റെ കുടുംബത്തിലെ പ്രാരാബ്ധങ്ങൾ എന്റെ  അച്ഛൻ പണം കൊണ്ട് തുടച്ച് നീക്കി.ശരത് എന്റെ കഴുത്തിൽ താലികെട്ടി ! എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.അങ്ങനെയെയങ്കിലും എന്റെ കുഞ്ഞിനെ അബോർട്ട്  ചെയ്യാതെ രെക്ഷപെടുത്താമല്ലോ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.ഞാൻ മിന്നുവിനെ പ്രസവിച്ചു.എല്ലാത്തിനും ശരത്  എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.എപ്പോഴോ ഞാനും അയാളെ സ്നേഹിച്ച് തുടങ്ങി.പതിയെ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ ചുമതല അയാളെയും എന്നെയും ഏൽപ്പിച്ച് അച്ഛൻ വിശ്രമജീവിതം നയിച്ചു . ശരത്  എല്ലാവരുടെയും  മുൻപിൽ എല്ലാ അർത്ഥത്തിലും ഒരു പെർഫെക്റ്റ് ഹസ്ബൻഡ്  ആയിരുന്നു എന്റെ മിന്നു വളർന്ന്  വരുന്നത് വരെ. മിന്നുവിന് പ്രായപൂർത്തി ആയപ്പോ അച്ഛൻ ഹോസ്പിറ്റൽ ഒഴികെ ബാക്കി എല്ലാ സ്വത്തുക്കളും  അവളുടെ പേരിൽ എഴുതി വെച്ചുവെന്ന്  അച്ഛൻ പറയുന്നത് വരെ ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല..ശരത്തിന്  അതിൽ നല്ല  അമർഷം ഉണ്ടായിരുന്നു.അച്ഛനെ പേടിച്ച് അയാൾ ഒന്നും മിണ്ടിയില്ല.പക്ഷെ അതോടെ വീട്ടിൽ പ്രശ്നങ്ങൾ  തുടങ്ങി.അത്ര നാളും  അയാൾ ഞങ്ങളുടെ കൂടെ നിന്നതും മിന്നുവിനെയും എന്നെയും സ്നേഹം കൊണ്ട് പൊതിഞ്ഞതും ഞങ്ങളുടെ സ്വത്ത് മാത്രം മോഹിച്ചായിരുന്നു എന്ന് ഞങ്ങൾക്ക്  മനസ്സിലായി.ഞാൻ ഒന്നും അച്ഛനെ അറിയിച്ചില്ല.ഒരിക്കൽ  മിന്നു ഡ്രൈവ് ചെയ്ത കാർ  ആക്‌സിഡന്റിൽ പെട്ടു! ആരൊക്കെയോ അവളെ ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.ആക്‌സിഡന്റിന്റെ ആഘാതത്തിൽ അവൾ കംപ്ലീറ്റ്ലി   പാരലൈസ്ഡ് ആയി.വിദേശത്തുള്ള  ഹോസ്പിറ്റലിൽ കൊണ്ടുപോയി ചെയ്യാവുന്ന ട്രീറ്റ്മെന്റുകൾ   എല്ലാം ചെയ്തു. പക്ഷെ മിന്നുവിന്റെ   അവസ്ഥയിൽ കാര്യമായി ഒരു മാറ്റവും  വന്നില്ല.പിന്നീട് ഞങ്ങളുടെ വീട്ടിലേക്ക് അവളെ കൊണ്ടുവന്നു.കരയുകയും പ്രാർത്ഥിക്കുകയുമല്ലാതെ  എനിക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.ചിരിച്ച് കളിച്ച് അമ്മെ എന്ന് വിളിച്ച് എന്റെ വാലിൽ തൂങ്ങി  നടന്നിരുന്ന മകൾ  പെട്ടെന്ന് ഒരു ദിവസം സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാനാവാതെ ഒരു കിടക്കയിൽ കണ്ണുകൾ തുറിച്ച്  കിടന്ന കിടപ്പിൽ തന്നെ എല്ലാം ചെയ്ത് കുറച്ച് ട്യൂബുകളുടെ സഹായത്തോടെ മാത്രം ശ്വാസം വലിക്കുന്നത് കാണുമ്പോൾ ഒരമ്മയ്ക്കുണ്ടാവുന്ന മനോവിഷമത്തിന്റെ ആഴം  എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.. മിന്നുവിനെ  നോക്കാൻ ഒരു ഹോം നഴ്സിനെ നിർത്തി.ഒരു ദിവസം  മിന്നുവിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവിടെ ഏതൊക്കെയോ പേപ്പറിൽ തളർന്നുകിടക്കുന്ന അവളുടെ  കൈപിടിച്ച് ഒപ്പിടുവിക്കുന്ന ശരത്തിനെ കണ്ടപ്പോഴാണ് എന്റെ കുഞ്ഞിന് പറ്റിയത് വെറുമൊരു ആക്സിഡന്റ് അല്ല കൊലപാതക ശ്രമം ആയിരുന്നു എന്നെനിക്ക് മനസ്സിലായത്.സത്യങ്ങൾ എന്റെ അച്ഛനോടോ മറ്റ് ആരോടെങ്കിലും പറഞ്ഞാൽ മിന്നുവിനെ തീർത്ത് കളയുമെന്ന്  അയാൾ പറഞ്ഞു.ശരത്തിനെ  ഞാൻ ആട്ടിപ്പായിച്ചു.പക്ഷെ മിന്നുവിന്റെ പേരിലുള്ള സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി അയാൾ അവളുടെ ഒപ്പിലൂടെ നേടി എടുത്തു.  ആക്സിഡന്റ് ആവുന്നതിന് മുൻപേ മിന്നു അത് ശരത്തിന്  എഴുതി നൽകിയിരുന്നു എന്നാണ് പുറത്തറിഞ്ഞത്.സത്യമതല്ലെങ്കിൽ  കൂടി മിന്നുവിന്റെ ജീവൻ രക്ഷിക്കാൻ എനിക്കത് സമ്മതിക്കേണ്ടി വന്നു. പക്ഷെ ഞങ്ങളുടെ ഹോസ്പിറ്റലിലും അയാൾ തിരിമറികൾ കാണിക്കാൻ തുടങ്ങിയതായി ഞാൻ അറിഞ്ഞു.എതിർക്കാൻ ശ്രമിച്ചപ്പോൾ ശരത്  മിന്നുവിനെ വെച്ച് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.എന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കിയത് അയാൾ ആണ്.അതുകൊണ്ട് കൊല്ലുമെന്ന് അയാൾ വെറും വാക്ക് പറയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. മാത്രമല്ല അയാൾക്കെതിരെ എനിക്ക് ഒരു തെളിവും ശേഖരിക്കാൻ പറ്റിയില്ല.ഹോസ്പിറ്റലിലെ സ്റ്റാഫും ശരത്തിന്റെ  കൂടെ ആയിരുന്നു.അതുകൊണ്ട് കേസിന് പോയിട്ട് കാര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു.മിന്നുവിനെ കരുതി ഞാൻ എന്റെ അച്ഛനോടും മറ്റാരോടും സത്യങ്ങൾ പറയാതെ ഇരുന്നു. പക്ഷെ ഒരു ദിവസം ഞാൻ എഴുന്നേൽക്കുന്നത് എന്റെ കുഞ്ഞിന്റെ തണുത്ത് മരവിച്ച ശരീരം കണ്ടുകൊണ്ടാണ്.അവൾ എപ്പോ വേണമെങ്കിലും ഈ ലോകം വിട്ട് തിരികെ പോയേക്കാമെന്ന് ഡോക്ടർമാർ വിധി എഴുതിയെങ്കിലും അത് അത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.അത് കഴിഞ്ഞ്  ശരത്  വീണ്ടും എന്റെ അടുത്തേക്ക് വന്നു.കാരണം മിന്നു പോയതോടെ പവർ ഓഫ് അറ്റോർണി ഇൻവാലിട്   ആയി.ഞാൻ അച്ഛനെ കാര്യങ്ങൾ അറിയിച്ചു.എന്റെ മിന്നുവിനോടും എന്നോടും ചെയ്ത ക്രൂരതകൾക്ക് അച്ഛൻ അയാളെ ചവുട്ടി അരച്ചു.അപ്പോഴാണ് അയാൾ അടുത്ത ആയുധം പുറത്തെടുത്തത്.ബ്ലാക്‌മെയ്‌ലിംങ്ങ് ! മിന്നു എന്റെ ജാരസന്തതി ആയിരുന്നു എന്ന് നാട്ടുകാരെ അറിയിക്കുമെന്ന് അയാൾ എന്നെയും അച്ഛനെയും ഭീഷണിപ്പെടുത്തി.സ്വന്തം മാനത്തിനും അന്തസ്സിനും സ്വന്തം ജീവനേക്കാൾ  വിലകൽപ്പിക്കുന്ന  എന്റെ അച്ഛന് അതൊരു അടിയായി.  പക്ഷെ ശരത്തിന്റെ  ഭീഷണിക്ക് വഴങ്ങാൻ ഞാൻ തയാറല്ലായിരുന്നു.അയാൾക്ക് ഇപ്പൊ ആവശ്യം എന്റെ പേരിലുള്ള ഞങ്ങളുടെ ഹോസ്പിറ്റൽ ആണ്.അതിന് വേണ്ടി കുറെ നാൾ എന്റെ പിറകെ നല്ല പിള്ള ചമഞ്ഞ് പട്ടിയെ പോലെ നടന്നു.ഞാൻ ഇപ്പൊ ഡൽഹിയിൽ ഉണ്ടെന്നറിഞ്ഞ് അയാൾ ഈ ആവശ്യം പറഞ്ഞാണ് അന്നെന്നെ കാണാൻ വന്നത്..അയാൾക്ക് എന്റെ ലൈഫിലേക്ക് മടങ്ങി വരണമെന്ന്..അന്ന് ബാല മോൾ കേട്ടതാണല്ലോ  ഞങ്ങളുടെ സംസാരം.സഹികെട്ടാണ് ഞാൻ അയാളെ അന്ന്  ആട്ടിയിറക്കിയത്.എന്റെ അച്ഛനും ഇപ്പൊ ഹോസ്പിറ്റൽ അയാൾ എടുത്തുകൊള്ളട്ടെ എന്ന മട്ടിലാണ് .അച്ഛന് എങ്ങനെയെങ്കിലും എല്ലാവരുടെയും മുൻപിൽ അച്ഛന്റെ മുഖം രെക്ഷിക്കണമെന്നേ ഉള്ളു.പക്ഷെ ഞാൻ അതിന് തയ്യാറല്ല.എന്റെ കുഞ്ഞിനോടും എന്നോടും ചെയ്തതിനൊക്കെയും ഞാൻ അയാളെ കൊണ്ട് കണക്ക് പറയിക്കും!" സുമ കിതപ്പോടെ പറഞ്ഞ് നിർത്തി. ശ്രീബാല എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു! പുറമെ ചിരിച്ച് നടന്നിരുന്നെങ്കിലും സുമ ജീവിതത്തിൽ ഇത്രയും  വേദന അനുഭവിച്ചിട്ടുണ്ടെന്ന്  അവൾക്ക് അറിയില്ലായിരുന്നു.ഈ ഒരവസരത്തിലും സ്വന്തം വീട്ടുകാർ പോലും കൈയൊഴിഞ്ഞിട്ടും ഒറ്റയ്ക്കാണെന്നറിഞ്ഞിട്ടും സ്വന്തം മകളുടെ മരണത്തിന് കണക്ക് ചോദിക്കാൻ ഭീഷണിക്കിടയിലും തളരാതെ പൊരുതി നിൽക്കുന്ന  ആ അമ്മയോട് ശ്രീബാലയ്ക്ക്  ഒരുപാട്  ഇഷ്ടവും അതിലുപരി ബഹുമാനവും  തോന്നി.******
 ശേഖരൻ  ട്രെഷറിയിൽ  പോയി തിരികെ വന്ന് ബസ് സ്റ്റോപ്പിൽ  നിൽക്കുകയായിരുന്നു...പൊള്ളുന്ന വെയിലത്ത് നടന്ന് വന്നത്  കൊണ്ട് അദ്ദേഹത്തിന് തല കറങ്ങി.
വീഴാൻ പോയപ്പോൾ ആരോ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.അത് ഒരു മധ്യവയസ്‌കൻ ആയിരുന്നു.
"വെയിലത്ത് നടന്നതിന്റെ ആവും.കുറച്ച് നേരം വിശ്രമിച്ചിട്ട് പോവാം.."അയാൾ ശേഖരനെ പിടിച്ച് ബസ് സ്റ്റോപ്പിന് പിറകിലുള്ള 'അമ്പാട്ട് ' എന്ന്  പേരുള്ള വലിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അയാൾ ശേഖരനെ അകത്ത് സോഫയിൽ ഇരുത്തി.ആരോടോ കുടിക്കാൻ കുറച്ച്  വെള്ളം കൊണ്ടുവരാൻ  ആവശ്യപ്പെട്ടു.
അകത്ത് നിന്നും ഒരു സ്ത്രീ ശേഖരന് വെള്ളം കൊണ്ട് കൊടുത്തു.അദ്ദേഹം  അത് ഒറ്റ വാലിക്ക് കുടിച്ച് തീർത്തു.അദ്ദേഹത്തിന്   കുറച്ച് ആശ്വാസം തോന്നി.
"ട്രെഷറിയിൽ പോയിട്ട് വരുന്ന വഴിയാ..കുറച്ച് നേരം വെയിലത്ത് നടന്നേ..അതാ പറ്റിയത്..ഇപ്പൊ കുറവുണ്ട് "ശേഖരൻ തന്നെ താങ്ങി പിടിച്ചുകൊണ്ട് വന്ന ആളോട് പറഞ്ഞു.
"മാഷ് എവിടുത്തെയാ..?"അയാൾ  ചോദിച്ചു.
"ഞാൻ ഈ നാട്ടിൽ തന്നെയുള്ളതാ..മഹാദേവന്റെ അമ്പലത്തിന്റെ അടുത്താ എന്റെ വീട്..നിങ്ങളുടെ പേര് മാധവൻ എന്നല്ലേ?"ശേഖരൻ  ചോദിച്ചു.
"അതെ..എങ്ങനെ അറിയാം?"മാധവൻ അത്ഭുതത്തോടെ ചോദിച്ചു.
"ദല്ലാൾ രാഘവൻ പറഞ്ഞ് അറിയാം.ഇവിടുത്തെ കുട്ടിയെ കല്യാണം കഴിച്ച് വിട്ടിരിക്കുന്ന വീട്ടുകാരെയും എനിക്ക്  അറിയാം.എന്റെ മരുമക്കളും  നിങ്ങളുടെ കുട്ടിയുടെ ഭർത്താവ് സുധിയും  കൂട്ടുകാർ ആണ്.രാഘവനോടൊപ്പം ഞാൻ അവരുടെ വീട്ടിൽ പോയിട്ടുമുണ്ട് ഇവിടുത്തെ മോളെ കണ്ടിട്ടുമുണ്ട്...."ശേഖരൻ പറഞ്ഞു.
"ആണോ?പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..തിരികെ വീട്ടിലേക്ക് പോവാൻ ഒരു കാർ  ഏർപ്പാടാക്കാം.വീണ്ടും വയ്യായ്ക  വന്നാലോ.."മാധവൻ പറഞ്ഞു.
"അത് വേണ്ട.ഇപ്പൊ കുഴപ്പമൊന്നുമില്ല..ഞാൻ ബസിൽ പൊയ്ക്കോളാം ."ശേഖരൻ  എഴുന്നേറ്റു.
"സുധിയും മോളും തിരികെ പോയോ?"ശേഖരൻ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
"മോള് പോയില്ല ഇവിടെ ഉണ്ട്..സുധിക്ക്  ഒരു മാസത്തെ ലീവെ ഉണ്ടായിരുന്നുള്ളു,.ആർമിയിൽ അല്ലെ..അത്കൊണ്ട് പെണ്ണിനെ കൂടെ കൊണ്ടുപോവാനും പറ്റില്ലല്ലോ.."മാധവൻ ചിരിയോടെ പറഞ്ഞു.
"ആർമിയിലോ ?നിങ്ങൾക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടോ?ഞാൻ പറഞ്ഞത് ഡെൽഹിയില് സ്കൂളിൽ പഠിപ്പിക്കുന്ന മരുമകന്റെ കാര്യമാ.."ശേഖരൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അയ്യോ ഞങ്ങൾക്ക് ആകെ കൂടി ഒറ്റ മോളെ ഉള്ളു മാഷേ.അവളുടെ ഭർത്താവ്  മിലിറ്ററിയിലാ .."മാധവൻ തിരുത്തി.
"നിങ്ങൾ എന്താ പറയുന്നത്?മിലിറ്ററിയിലോ?എന്റെ മരുമക്കളുടെ കൂടെയാണെന്നെ സുധി ജോലി ചെയ്യുന്നത്. ഞാൻ അന്ന് രാഘവന്റെ കൂടെ മോളെയും സുധിയേയും സുധിയുടെ വീട്ടിൽ വെച്ച്  കണ്ട് സംസാരിച്ചതാണല്ലോ.."ശേഖരൻ പറഞ്ഞു.മാധവനും ഭാര്യയും പരസ്പരം നോക്കി.
"ഒരു മിനിറ്റ് മാഷെ .ഞാൻ മോളെ വിളിക്കാം. "മാധവൻ പേര് വിളിച്ചതും അകത്ത് നിന്ന് ഒരു പെണ്ണ് അവിടേക്ക് വന്നു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot