Slider

ബാലവേണി - ഭാഗം 22

0

അവൾ ഫോണുമെടുത്ത് വാതിലിന്റെ നേർക്ക് നടന്നതും വാതിലിൽ ആരോ മുട്ടി.അവൾ ഓടി ചെന്ന് വാതിൽ തുറന്നു.ജിതേഷിന് പകരം അവിടെ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടിപ്പോയി!
കണ്ണൻ! തന്റെ വേണിമോളുടെ  കഴുത്തിൽ താലികെട്ടി അവളെ ഊരും പേരും അറിയാത്ത ഒരുത്തന്റെ കൈകളിലേക്ക് വലിച്ചെറിഞ്ഞവൻ! കണ്ണൻ പെട്ടെന്ന് മുറിയിൽ കയറി വാതിലടച്ചു.
"എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ?കമ്പനിയിലെ സ്റ്റാഫിന് വേണ്ടിയുള്ള പാർട്ടി അല്ലെ നടക്കുന്നത് ?പണ്ട്  ഞാനും അവരിൽ ഒരാളായിരുന്നുവല്ലോ.അതുകൊണ്ട് ക്ഷണിച്ചില്ലെങ്കിലും ഞാൻ വരും!"കണ്ണൻ പുച്ഛത്തോടെ പറഞ്ഞു.പ്രാകൃതമായിരുന്നു കണ്ണന്റെ കോലം.മുടി പാറിപ്പറന്ന് കണ്ണുകൾ മയക്കുമരുന്നിന്റെ ഉപയോഗം മൂലം  ചുവന്ന്  കലങ്ങിയിരുന്നു. ശ്രീബാല അവനെ വെറുപ്പോടെ നോക്കി.
"എങ്ങനെ ധൈര്യം  വന്നെടാ നിനക്ക് എന്റെ മുൻപിൽ വരാൻ?എന്റെ കുഞ്ഞിനെ സ്നേഹം അഭിനയിച്ച് വഞ്ചിച്ച ദുഷ്ടൻ!"ശ്രീബാല അവനെ പകയോടെ നോക്കി.
"നിന്റെ ഭർത്താവ് പറഞ്ഞതിന് ഞാൻ കൂട്ട് നിൽക്കുകയായണ് ചെയ്തത്.പക്ഷെ കാര്യം കഴിഞ്ഞപ്പോ അവന് മാനസാന്തരം വന്നു.അവൻ എന്നെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു."കണ്ണൻ പറഞ്ഞു.ശ്രീബാലയ്ക്ക് അത് പുതിയൊരറിവായിരുന്നു.
"ഇപ്പൊ എനിക്ക് ജോലിയില്ല കയറി താമസിക്കാൻ ഒരിടമില്ല..എല്ലാം നീയും നിന്റെ അനിയത്തിയും കാരണം!"കണ്ണൻ  ശ്രീബാലയ്ക്ക് നേരെ വിരൽ ചൂണ്ടി പല്ലുകടിച്ചു.
"ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ നീ അനുഭവിക്കണം! എന്റെ വേണി നിന്നെ എന്ത് മാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്ന് നിനക്ക് അറിയില്ല.അവളുടെ കണ്ണീരിന്റെ ശാപം ഒരിക്കലും നിന്നെ വിട്ട് പോവില്ല.."ശ്രീബാല ദേഷ്യം  കൊണ്ട് വിറച്ചു.
"നിന്റെ അനിയത്തിയെ ഞാൻ നോട്ടമിട്ട്  വെച്ചതാ..പക്ഷെ ഒരു കാരണവശാലും അവളുടെ ശരീരത്തിൽ തൊടരുതെന്ന് ജിതേഷ് എന്നെ വിലക്കിയിട്ടുണ്ടായിരുന്നു.അതന്ന്.ഇപ്പൊ എനിക്ക് അവനോട് യാതൊരു കടപ്പാടുമില്ല.എന്നെ പെരുവഴിയിൽ ആക്കിയതേ അവൻ ആണ്.  നീയായിരിക്കും അവനെ മാറ്റിയെടുത്തത് അല്ലെ?അതിനും മാത്രം എന്ത് മാജിക് ആണ് നിന്റെ കൈയിൽ ഉള്ളതെന്ന് എനിക്ക് അറിയണം."കണ്ണൻ ഒരു വഷളൻ ചിരിയോടെ ശ്രീബാലയുടെ അടുത്തേക്ക് വന്നു.ശ്രീബാല ഡോർ തുറക്കാൻ ശ്രമിച്ചതും കണ്ണൻ അവളുടെ  കൈകളിൽ പിടിച്ച് വലിച്ചു.അവൾ നിലത്തേക്ക് മലർന്നടിച്ച് വീണു! ജിതേഷിന്റെ ഫോൺ അവളുടെ  കൈകളിൽ നിന്നും തെറിച്ച് വീണു.കണ്ണൻ അവളുടെ  മുടിയിൽ പിടിച്ച്  അവളെ കട്ടിലിലേക്ക് വലിച്ചിഴയ്ക്കാൻ നോക്കി.
"ഇത് നിൻറെ ഭർത്താവിനുള്ള എന്റെ ഒരു ചെറിയ സമ്മാനം ആയിരിക്കട്ടെ!"കണ്ണൻ അട്ടഹസിച്ചു.
ശ്രീബാല നിലത്ത് കിടന്നുകൊണ്ട്  കണ്ണന്റെ കാലുകളിൽ പിടിച്ച് വലിച്ചു.ബാലൻസ് തെറ്റി അവൻ സോഫയിലേക്ക് മറിഞ്ഞ് വീണു.ആ സമയം ശ്രീബാല എഴുന്നേറ്റ് കിച്ചണിലേക്ക് ഓടി.കണ്ണൻ സോഫയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തെത്തി.
"എന്താടി രക്ഷിക്കണേ എന്നും പറഞ്ഞ് അലറിവിളിക്കാത്തത്?ഓഹ് ജിതേഷും ഞാനും ഒക്കെ ഒരേ ഗണത്തിൽ പെട്ടവർ ആണല്ലോ അല്ലെ..അവനെ വിളിക്കാൻ നിന്റെ ആത്മാഭിമാനം സമ്മതിക്കുന്നുണ്ടാവില്ല അല്ലെ.."കണ്ണൻ അവളെ പുച്ഛിച്ചു.
 പെട്ടെന്ന്  ശ്രീബാല  കൈയിൽ കിട്ടിയ  ഒരു കത്തി എടുത്ത് അവന് നേരെ നീട്ടി!
"എല്ലാം തകർന്ന ഒരവസ്ഥയിൽ നിൽക്കുകയാണ് ഞാൻ ഇപ്പോൾ! എന്റെ അച്ഛൻ അവിടെ മരണത്തോട് മല്ലടിക്കുകയായണ്.എന്റെ അടുത്തേക്ക് വന്നാൽ ഞാൻ ഉറപ്പായും നിന്നെ കൊല്ലും!" ശ്രീബാല കത്തി കണ്ണന് നേരെ നീട്ടി പറഞ്ഞു!
"അതെ മോളെ..ഞാനും എല്ലാം തകർന്ന  അവസ്ഥയിൽ തന്നെ ആണ്.നിന്റെ ഭർത്താവിനോട് ഇങ്ങനെയെങ്കിലും പകരം വീട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?"കണ്ണൻ അവളുടെ  അടുത്തേക്ക് നടന്നുകൊണ്ടിരുന്നു.അവൻ നടക്കുന്നതിനൊപ്പിച്ച് ശ്രീബാല പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
"അടുത്ത്  വരരുത്!" ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളുടെ കൈകൾ വിറച്ചു.തൊണ്ട വറ്റി വരണ്ടു.
അവൾ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
"കത്തി താഴെ ഇടടി!"കണ്ണൻ അവളെ  പിടിക്കാനായി കൈ നീട്ടിയതും  ശ്രീബാല കൈയിലിരുന്ന കത്തികൊണ്ട് അവളുടെ കൈതണ്ടയിൽ ആഞ്ഞു വരഞ്ഞു! അവളുടെ കൈയിൽ  നിന്നും ചുടു രക്തം ചീറ്റി! ആ കാഴ്ച കണ്ട് അവൻ തരിച്ച്  നിന്നുപോയി! അങ്ങനെ   ഒരു നീക്കം കണ്ണൻ പ്രതീക്ഷിച്ചില്ലായിരുന്നു.ശ്രീബാല കത്തിയും പിടിച്ച് ചോര ഒഴുകുന്ന കൈയുമായി ഭിത്തിയിൽ ചാരി കണ്ണനെ നോക്കി നിന്നു.എന്ത് ചെയ്യണമെന്ന് കണ്ണന് പിടിയ്ക്കിട്ടിയില്ല.ഇനി ഇവിടെ നിന്നാൽ ഒരുപക്ഷെ കൊലപാതകിന് ഉത്തരം പറയേണ്ടി വരുമോ എന്ന് ഭയന്ന് കണ്ണൻ വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി ഓടി.
തളർച്ച തോന്നിയതും ശ്രീബാല ഭിത്തിയിലൂടെ  ഊർന്നിറങ്ങി.ശേഖരന്റേയും വേണിയുടെയും ഹരിയുടെയും മുഖം അവളുടെ മനസ്സിലേക്കോടിയെത്തി.മരിക്കുന്നതിന് മുൻപ് അവരെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു.ആരും രക്ഷിക്കാൻ വരരുതേ എന്ന് മാത്രമാണവൾ  പ്രാർഥിച്ചത്..****
നന്ദനെ പതിവ് ചെക്കപ്പിന്  വൈകിട്ട് ബിന്ദു ഡോക്ടറുടെ വീട്ടിലെ ക്ലിനിക്കിൽ കൊണ്ടുചെന്നതായിരുന്നു ശ്യാമ.
ഒബ്സെർവേഷൻ റൂമിൽ നിൽക്കുന്നതിന് പകരം ബിന്ദു അവളോട് വെളിയിൽ ഇരിക്കാൻ പറഞ്ഞിട്ട് നന്ദനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
"നന്ദാ..എനിക്ക് നന്ദനെ ഹെൽപ്  ചെയ്യണമെന്നുണ്ട്.പക്ഷെ അതിന് ഇയാള് കൂടി വിചാരിക്കണം."ബിന്ദു കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
അവർ എന്താണ് പറഞ്ഞുവരുന്നതെന്ന് നന്ദന് മനസ്സിലായില്ല.
"നന്ദൻ നന്ദന്റെ മനസ്സിനെ തടഞ്ഞ് വെച്ചിരിക്കുകയായാണ്.."ബിന്ദു പറഞ്ഞു .നന്ദൻ ഒരു കുറ്റവാളിയെപോലെ അവരെ നോക്കി."അന്ന് അവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നന്ദന് അറിയാം.അന്ന് നന്ദനെ പാർക്കിൽ വെച്ച് ഉപദ്രവിച്ചയാളെ നന്ദൻ കണ്ടു..ശരിയല്ലേ നന്ദാ?"ബിന്ദു ചോദിച്ചു.നന്ദൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
"താങ്ങാനാവാത്ത വിഷമം അല്ലെങ്കിൽ എന്തെങ്കിലും ഇമോഷണൽ ട്രോമാ നമ്മൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ  അതിൽ നിന്നൊക്കെ രെക്ഷ  നേടാൻ നമ്മടെ ബ്രെയിൻ  കണ്ടുപിടിക്കുന്ന ഒരു കള്ളത്തരം ആണ് പഴയ ഓർമ്മകളെ ഷഡ്  ഡൌൺ ചെയ്യുക എന്നത്. ഇവിടെ നന്ദനും അത് തന്നെ ആണ് സംഭവിച്ചിരിക്കുന്നത്.ആ ഓർമ്മകൾ എല്ലാം നന്ദന്റെ മനസ്സിൽ  തന്നെ എവിടെയോ ഒളിഞ്ഞ് കിടപ്പുണ്ട്.ഒന്ന് ശ്രമിച്ചാൽ നമുക്കത് പുറത്തെടുക്കാം.."ബിന്ദു പറഞ്ഞു.
"നമ്മുക്ക് ഒന്ന് കൂടി ശ്രമിക്കാം..ഇയാൾക്ക് ശ്യാമയുടെ ആ പഴയ നന്ദൻ  ആവണ്ടേ??"ബിന്ദു ചോദിച്ചു.
നന്ദൻ തലയാട്ടി.
അവർ ഒരു വീഡിയോ പ്ലേയ് ചെയ്തു.ഒരു പാർക്കിൽ കുറച്ച് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന വീഡിയോ ആയിരുന്നു അത്.നന്ദൻ അതിലേക്ക് നോക്കി ഇരുന്നു.അവന്റെ മുഖത്തെ ഭാവ വെത്യാസങ്ങൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ബിന്ദു.വീഡിയോ  നോക്കിയിരിക്കുംതോറും നന്ദൻ അസ്വസ്ഥനായി.  പെട്ടെന്ന് നന്ദൻ അലറി വിളിച്ചു!
ബിന്ദു ടീവി ഓഫ്  ചെയ്തില്ല..നന്ദന്റെ നിലവിളി ശ്യാമയ്ക്ക് വെളിയിൽ നിന്നും കേൾക്കാമായിരുന്നു.ശ്യാമ  വാതിലിൽ തുരു  തുരെ മുട്ടി പക്ഷെ ബിന്ദു വാതിൽ തുറന്നില്ല.ബിന്ദു മനപ്പൂർവം ആണ് അവളെ ഒബ്സെർവേഷൻ റൂമിൽ നിന്നും മാറി ഇരിക്കാൻ പറഞ്ഞത്. അവൾക്ക് അവിടേക്ക് ഓടി ചെല്ലണമെന്ന് ഉണ്ടായിരുന്നു.എന്ത് ചെയ്യണമെന്നറിയാതെ ശ്യാമ ദൈവങ്ങളെ വിളിച്ച് അവിടെ വരാന്തയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും   നടന്നു.നന്ദന്റെ  നിലവിളി പതിയെ നിന്നു.അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശ്യാമയ്ക്ക് മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് ബിന്ദു വാതിൽ തുറന്നു.അവരുടെ മുഖത്ത് ഭയം പ്രകടമായിരുന്നു.
"എന്താ ബിന്ദു?എന്റെ നന്ദന് എന്താ പറ്റിയത് ?"ശ്യാമ ചോദിച്ചു.ബിന്ദു മറുപടി പറഞ്ഞില്ല.
"എന്താടി എന്ത് പറ്റി ?"ശ്യാമ അവളുടെ തോളിൽ പിടിച്ച് കുലുക്കി.
"നന്ദന്റെ ഓർമ്മയിലെ ആ വില്ലൻ ആരാണെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല പക്ഷെ ഞാൻ മറ്റൊരു സത്യം മനസിലാക്കി!"ബിന്ദു പറഞ്ഞുവരുന്നതെന്താണെന്ന് ശ്യാമയ്ക്ക് മനസ്സിലായി.
"നിന്റെ മിഥിലയുടെ മരണം ആക്സിഡന്റ് ആയിരുന്നില്ല അല്ലെ?"ബിന്ദു ചോദിച്ചത് കേട്ട് ശ്യാമ ഞെട്ടി!
"ഇറ്റ് വാസ് എ കോൾഡ് ബ്ലഡഡ് മർഡർ!"ബിന്ദു വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു..
"നിനക്കെല്ലാം അറിയാമായിരുന്നു അല്ലെ?"ബിന്ദു ശ്യാമയോട് ചോദിച്ചു.
 ശ്യാമ ഒന്നും മിണ്ടാതെ അത് ശ്രദ്ധിക്കാതെ  കരഞ്ഞുകൊണ്ട് അകത്തേക്ക്  ചെന്നപ്പോൾ നന്ദൻ അവിടെ കസേരയിൽ മയങ്ങുകയായിരുന്നു.
ശ്യാമ അവന്റെ അടുത്ത ചെന്നിരുന്ന് അവന്റെ മുഖത്ത് തലോടി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
വീട്ടിൽ ചെന്നപ്പോൾ അവിടെ ശാരി സിറ്റ് ഔട്ടിൽ അവരെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.
ശ്യാമയും നന്ദനും അകത്തേക്ക് കയറി.നാളുകൾ ഒരുപാടായെങ്കിലും കഴിഞ്ഞതൊക്കെയും ഒരുവിധം ഓർത്തെടുക്കാൻ സാധിച്ചിരിക്കുന്നു. നന്ദന് പതിവില്ലാത്ത ഒരുന്മേഷം തോന്നി.ഒരു മഴ പെയ്ത് തോർന്ന ആശ്വാസവും.പെട്ടെന്ന് ശ്യാമയെ തൊട്ടടുത്ത  വീട്ടിലെ മായമ്മ  വിളിച്ചിട്ട് അവൾ അങ്ങോട്ടേക്ക്  പോയി. നന്ദൻ ലിവിങ് റൂമിലേക്ക് ചെന്ന് അവിടെ സോഫയിൽ ഇരുന്നു.
"കൊറേ നാളായല്ലോ ഡോക്ടറെ കാണാൻ  തുടങ്ങിയിട്ട്.ഈ ഭ്രാന്തിന് ചികിത്സ എന്തെങ്കിലും ഉണ്ടോ?"ശാരി നന്ദനോട്  ചോദിച്ചു.
"എനിക്ക് ഭ്രാന്തൊന്നുമില്ല.."നന്ദൻ സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
"ആഹ് എല്ലാ വട്ടന്മാരും ഇത് തന്നെയാ പറയുന്നത്.."ശാരി അവനെ പരിഹസിച്ചു.
"ചിറ്റയ്ക്കെന്താ എന്നോടിത്ര ദേഷ്യം?ഞാൻ ചിറ്റയോട് എന്തെങ്കിലും തെറ്റ് ചെയ്തോ?"നന്ദൻ ആത്മാർത്ഥമായി ചോദിച്ചു.
"തെറ്റ് നീ എന്നോടല്ല ചെയ്തത്.ശ്യാമയോടാ..നിന്നെപ്പോലെ ഒരു ഭ്രാന്തനെ തലയിൽ എടുത്ത് വെയ്ക്കരുതെന്ന് പതിനായിരം തവണ പറഞ്ഞതാ ഞാൻ അവളോട്.അവള് കേട്ടില്ല..അവളെ എന്തിന് പറയുന്നു.ഇത്ര നല്ലൊരു പെണ്ണിന്റെ തലയില് ഒരു മുഴുവട്ടനെ  കെട്ടി വെക്കാൻ നിന്റെ വീട്ടുകാർക്ക് ഒരുളുപ്പും തോന്നിയില്ലേ?കഷ്ടം! എന്ത് മാത്രം നല്ല ആലോചനകൾ വന്നതാ അവൾക്ക്.എന്നാലും അവള് രാമനാമം പോലെ ജപിച്ചോണ്ടിരുന്നത്  നിന്റെ പേരാ. കല്യാണം കഴിഞ്ഞ് ഇത്ര നാളായി.അവൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിഞ്ഞോ നിനക്ക്?ഞങ്ങടെ കുടുംബത്തിൽ ആർക്കും അങ്ങനത്തെ ഒരു കുഴപ്പവും ഇല്ല.ഒരു ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും കൊടുക്കാൻ നിനക്കിത് വരെ കഴിഞ്ഞിട്ടുണ്ടോ?അതെങ്ങനാ നീ മൊട്ടേന്ന് വിരിഞ്ഞിട്ടില്ലെന്നാ അവളുടെ വിചാരം. ഇപ്പഴും അവള് വാരി തന്നാൽ അല്ലെ നിനക്ക് ഇറങ്ങാത്തൊള്ളൂ! ഒക്കത്തെടുത്ത് വെച്ചോണ്ട് നടക്കുന്നില്ലെന്നേ ഉള്ളു. അതും പോരാഞ്ഞ് എപ്പോ നോക്കിയാലും ഒരു ബ്രഷും കുറച്ച് പെയിന്റും പിടിച്ചോണ്ട് അങ്ങനെ നിൽക്കും.രവി വർമ്മ ആണെന്നാ വിചാരം! അവനവന്റെ ജീവിതമോ നശിപ്പിച്ചു.അവളുടെ ജീവിതം കൂടി ഇല്ലാതാക്കണോ?നല്ലൊരു ജീവിതം അവളായിട്ട്  നശിപ്പിച്ച് കളയുവാ നിനക്ക് വേണ്ടി. അവളുടെ ജീവിതം ഇങ്ങനിട്ട്  നരകിപ്പിക്കാതെ ഇറങ്ങി പൊയ്ക്കൂടേ ?"ശാരിയുടെ വാക്കുകൾ അസ്ത്രം പോലെ ആണ് നന്ദന്റെ നെഞ്ചിൽ തറച്ചത്! അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ താഴേക്കൊഴുകി.ശാരി അമർഷത്തോടെ അടുക്കളയിലേക്ക് പോയി.
നന്ദൻ സോഫയിൽ നിന്ന് അനങ്ങിയില്ല.കുറെ നേരം അതെ ഇരിപ്പ് തുടർന്നു.ശ്യാമ അകത്തേക്ക് കയറി വന്നത് നന്ദൻ ശ്രദ്ധിച്ചില്ല.
"എന്താ നന്ദാ ഭയങ്കര ആലോചനയിൽ ആണല്ലോ..എന്ത് പറ്റി ?"ശ്യാമ ചോദിച്ചു.
നന്ദൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ഓടി പോയി മെല്  കഴുകിയിട്ട് വരാം..എന്നിട്ട് അത്താഴം എടുത്ത് വെയ്ക്കാം കേട്ടോ.."ശ്യാമ മുറിയിലേക്ക് പോയി.
"ചിറ്റേ നന്ദന് ചപ്പാത്തി എടുത്ത് വെച്ചേക്കണേ.."ശ്യാമ മുറിയിലേക്ക് പോവും വഴി ശാരിയെ വിളിച്ച് പറഞ്ഞു.
"ഓഹ് ചപ്പാത്തി..അത് മാത്രമല്ലേ ഇറങ്ങത്തൊള്ളു.."ശാരി പിറുപിറുത്തു.
കുറച്ച് കഴിഞ്ഞ് നന്ദൻ എഴുന്നേറ്റ് മുറിയിലേക്ക് നടക്കാൻ തുടങ്ങി.
"ഇവിടെ ഞാൻ പറഞ്ഞതെല്ലാം വള്ളി പുള്ളി വിടാതെ അവിടെ ചെന്ന് അവളെ പറഞ്ഞ് കേൾപ്പിക്കണം കേട്ടോ!" ശാരി നന്ദന്റെ അടുത്തേക്ക് വന്ന് പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
നന്ദൻ ഒന്നും മിണ്ടാതെ അവരെ ശ്രദ്ധിക്കാതെ മുറിയിലേക്ക് നടന്നു.മുറിയിൽ എത്തിയപ്പോൾ ശ്യാമ കുളി കഴിഞ്ഞ് ഒരു തോർത്ത് തലയിൽ കെട്ടി കണ്ണാടിക്ക് മുൻപിൽ നിന്ന് സാരി ഉടുക്കുക ആയിരുന്നു.വായിൽ ഒരു പിൻ  കടിച്ചുപിടിച്ചിട്ടുണ്ട്.നന്ദൻ അവളെ തന്നെ നോക്കി നിന്നു.
"വിശക്കുന്നോ  നന്ദാ?ഞാൻ ഇപ്പൊ വരാം കേട്ടോ.ഇതൊന്ന് ഉടുത്തോട്ടെ.."സാരിയുടെ ഞൊറിവു ശെരിയാക്കി പിൻ  കുത്തുന്നിതിനിടയിൽ ശ്യാമ പറഞ്ഞു.
നന്ദൻ അകത്ത് കയറി വാതിൽ കുറ്റിയിട്ട്  അവളുടെ അടുത്തേക്ക് ചെന്നു.
"എന്ത് പറ്റി ഇത്ര നേരത്തെ ഉറങ്ങാൻ പോവാണോ?കഴിച്ചിട്ട് മതി കേട്ടോ..ഇല്ലെങ്കിൽ വിശക്കില്ലേ നന്ദന് .."ശ്യാമ സാരിയുടെ മുന്താണി ശെരിയാക്കിക്കൊണ്ട് പറഞ്ഞു.നന്ദൻ ഒന്നും മിണ്ടാതെ ശ്യാമയുടെ  പിന്നിൽ വന്ന് നിന്നു.അവളുടെ ഇടുപ്പിൽ കൂടി കൈ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. ശ്യാമ ഞെട്ടിപ്പോയി! മുൻപിലെ കണ്ണാടിയിൽ അവൾക്ക് നന്ദന്റെ മുഖം  കാണാമായിരുന്നു.അവളുടെ തൊട്ടു  പിന്നിൽ അവളെ  ചേർത്ത് പിടിച്ച് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു നന്ദൻ.അവന്റെ ചൂട് നിശ്വാസം പിൻകഴുത്തിൽ തട്ടുന്നത് അവൾ  അറിയുന്നുണ്ടായിരുന്നു.  .നന്ദന്റെ ചുണ്ടുകൾ ശ്യാമയുടെ ചെവിയുടെ പിറകിൽ അമർന്നതും അവൾ പുളഞ്ഞുപോയി!
ശ്യാമ തിരിയാൻ ഭാവിച്ചതും നന്ദൻ അവളെ ഒന്ന് കൂടി തന്നിലേക്ക് അടുപ്പിച്ചു.അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിന് പിന്നിലൂടെ  ഓടി നടന്നു.അവൾക്ക് മേലാകെ ഒരേ സമയം തണുപ്പും ചൂടും അരിച്ചിറങ്ങുന്നത് പോലെ തോന്നി.
നന്ദൻ അവളെ പതിയെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി.ശ്യാമയുടെ  മുഖം ചുവന്ന്  തുടുത്തിരുന്നു.അവൾ വിശ്വാസം വരാതെ നന്ദന്റെ കണ്ണുകളിലേക്ക് നോക്കി..നന്ദൻ അവളുടെ കൈകൾ തന്റെ തോളിന്റെ  ഇരുവശത്തുമായി  എടുത്ത് വെച്ചു.
"നന്ദാ.."ശ്യാമ എന്തോ പറയാൻ ഭവിച്ചതും നന്ദൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു.ശ്യാമയുടെ  മിഴികൾ കൂമ്പി അടയുന്നത് അവളുടെ അധരങ്ങളിലെ  തേൻ നുകരുന്നതിനിടയിൽ അവൻ കണ്ടു.
അവൻ പതിയെ അവളെ തന്നിൽ നിന്നുമടർത്തി കട്ടിലിലേക്ക് ചെറുതായി തള്ളി.അവൾ വീണ്ടും വിശ്വാസം വരാതെ അവനെ നോക്കി ഇരുന്നു..ശ്യാമ എന്ന പനിനീർ  പൂവിലേക്ക് നന്ദൻ  ഒരു ചിത്രശലഭമായി പറന്നിറങ്ങി.പതിയെ നന്ദൻ അവളിലേക്ക് ലയിച്ചു.ഇതുവരെയും അറിഞ്ഞിട്ടില്ലാത്ത പേരറിയാൻ വയ്യാത്ത ഒരുപാട് വികാരങ്ങളിലൂടെ ശ്യാമ  ഒരു അപ്പൂപ്പൻ താടി പോലെ ഒഴുകി നടന്നു..ശരീരത്തിലേക്ക് ഒരു നോവും നീറ്റലും പടർന്നുകയറിയപ്പോൾ അവൾ തന്റെ നഖങ്ങൾ നന്ദനിലേക്കാഴ്ത്തി.  അവളുടെ കണ്ണുകൾ നിറഞ്ഞു.ചുടുകണ്ണീർ  കവിളിലേക്ക് ഒഴുകി ഇറങ്ങുന്നതിനു മുൻപേ നന്ദൻ തന്റെ ചുണ്ടുകളാൽ അത് ഒപ്പി എടുത്തു. ഒടുവിൽ നിലയില്ലാ കയത്തിലേക്ക് കൂപ്പ് കുത്തുന്നത് പോലെ തോന്നിയപ്പോൾ ശ്യാമ നന്ദനെ മുറുകെ പിടിച്ചു.എല്ലാം കഴിഞ്ഞ് ഒരു കിതപ്പോടെ നന്ദൻ ശ്യാമയുടെ മുകളിലേക്ക് വീണു.ശ്യാമ നന്ദനെ തന്റെ നെഞ്ചിലേക്ക്  ചേർത്ത് പിടിച്ചു.തന്റെ നെറുകയിലെ  സിന്ദൂരത്തിനും നെഞ്ചിൽ ഒട്ടിക്കിടന്ന താലിക്കും പുതിയൊരർത്ഥം വന്നത് അവൾ അറിഞ്ഞു.. ***
ഹോട്ടലിൽ ആളുകൾ പാർട്ടിയും സൽക്കാരവും കഴിഞ്ഞ് മടങ്ങി.തങ്ങൾക്ക്  കിട്ടിയ ഗിഫ്റ്റുകളുടെ കൂമ്പാരം ജിതേഷ് വീട്ടിലേക്ക് എത്തിക്കാൻ ആരെയോ ഏർപ്പാട് ചെയ്തു.ശ്രീബാല തിരികെ മുറിയിലേക്ക് പോയി എന്ന് ജിതേഷിന്റെ മാനേജർ അവനോട് പറഞ്ഞിരുന്നു.പെട്ടെന്നാണ് തന്റെ  ഫോൺ ശ്രീബാലയുടെ കൈയിൽ ആണെന്ന് അവൻ ഓർത്തത്.അത് വൈഫിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന്  ബാത്‌റൂമിൽ നിന്നും അത് എടുത്തുകൊണ്ടുവന്ന സ്റ്റാഫ് അവനെ അറിയിച്ചിരുന്നു.പക്ഷെ തിരക്കിനിടയിൽ അവൻ അത് ശ്രദ്ധിച്ചില്ല..നാട്ടിൽ നിന്നും ശേഖരന്റെ വിവരങ്ങൾ മനു അതിൽ വിളിച്ചായിരിക്കും തന്നെ അറിയിക്കുന്നതെന്ന് ഓർത്തപ്പോൾ ജിതേഷ് പെട്ടെന്ന് മുറിയിലേക്ക് നടന്നു.ശേഖരന്റെ വിവരം കാലൻ സാബു ആണ് ജിതേഷിനെ വിളിച്ചറിയിച്ചത്.സാബുവിനോട് അദ്ദേഹത്തെ സിറ്റിയിലുള്ള ഏറ്റവും നല്ല ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു.അപ്പോൾ തന്നെ നാട്ടിലുള്ള തന്റെ ക്ലോസ്  ഫ്രണ്ട് മനുവിനോട് അങ്ങോട്ട്  പുറപ്പെട്ട് അവിടെ ചെന്ന് എല്ലാ കാര്യങ്ങളും ചെയ്ത്  കൊടുക്കാൻ ജിതേഷ് ആവശ്യപ്പെട്ടു. ശ്രീബാല  അറിഞ്ഞാൽ വിഷമിക്കും എന്ന് കരുതിയാണ് അവൻ മനപ്പൂർവം  ഈ വിവരം അവളിൽ നിന്നും മറച്ച് വെച്ചത്.അല്ലെങ്കിലേ താൻ കാരണം അവളും കുടുംബവും ഒരുപാട് കണ്ണുനീർ കുടിക്കുന്നുണ്ട്.ശ്രീബാലയ്ക്ക്  തന്നോടുള്ള വെറുപ്പിന്റെ ആഴവും അവന് നന്നായി അറിയാം.പക്ഷെ ആ വെറുപ്പിനിടയിലും എവിടെയോ ഒരു സ്നേഹം അവൾക്ക്  തന്നോടുള്ളതായി ജിതേഷിന്  തോന്നിയിട്ടുണ്ട്.താൻ കാരണമാണ് ശേഖരന്  വയ്യാതായതെന്ന് അറിഞ്ഞാൽ  ഉള്ള സ്നേഹവും  കൂടി നഷ്ട്ടപ്പെടുത്തണ്ടല്ലോ എന്ന് കരുതിയാണ് അദ്ദേഹത്തിന് കുറച്ച് ഒന്ന് ഭേദമായി കഴിഞ്ഞ് അവളെ വിവരം അറിയിച്ചാൽ മതി എന്ന് വെച്ചത്.പക്ഷെ മനു ഈ സമയം കൊണ്ട് തന്റെ ഫോണിൽ വിളിച്ചുകാണുമെന്നും  സത്യം ശ്രീബാല  അറിഞ്ഞുകാണുമെന്ന് ജിതേഷിന് അറിയാമായിരുന്നു.തന്നെ അവൾ പൂർണമായി വെറുത്തു കാണും എന്നവന് തോന്നി.എങ്ങനെ അവളെ ഫേസ് ചെയ്യും എന്ന വിഷമത്തോടെ ജിതേഷ് മുറിയുടെ വാതിൽ തുറന്നു. ശ്രീബാലയെ മുറിയിലെങ്ങും കണ്ടില്ല.ഫോൺ താഴെ വീണ് കിടപ്പുണ്ട്.അതിൽ മനുവിന്റെ കുറെ മിസ് കോളുകൾ  ഉണ്ടായിരുന്നു.കാൾ ലിസ്റ്റ് നോക്കിയപ്പോൾ അവസാനം വന്ന ഇൻകമിങ് കാൾ  മനുവിന്റെ നമ്പറിൽ നിന്നായിരുന്നു. ശ്രീബാല അതെടുത്ത് സംസാരിച്ചിട്ടുമുണ്ട്.സത്യങ്ങൾ എല്ലാം അവൾ അറിഞ്ഞുവെന്ന് ജിതേഷിന് മനസ്സിലായി.അവൾ നാട്ടിലേക്ക് പോവാനായി പണ്ടത്തെ പോലെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി കാണുമോ എന്നായിരുന്നു അവന്റെ ചിന്ത.ജിതേഷ്  പെട്ടെന്ന് ഫോണുമായി തിരികെ നടക്കാൻ തുടങ്ങിയതും കിച്ചണിൽ ഉള്ള ഇൻ ബിൽറ്റ്  ബ്രേക്ഫാസ്റ്റ്   ടേബിളിന്റെ പിറകിലായി  താഴെ ഒരു പിങ്ക് തുണി വെളിയിലേക്ക്  നീണ്ട് കിടക്കുന്നത് കണ്ടു.  അത് ശ്രീബാലയുടെ സാരിയുടെ മുന്താണി  ആയിരുന്നു! ജിതേഷ് അവിടേക്ക് ഓടി ചെന്നു.അവിടെ ശ്രീബാല കൈത്തണ്ടയിൽ നിന്നും രക്തം വാർന്ന് ബോധമില്ലാതെ തറയിൽ കിടക്കുന്ന  കാഴ്ച കണ്ട് ജിതേഷ് ഒരു നിലവിളിയോടെ അവളുടെ അടുത്തേക്ക് മുട്ടുകുത്തി ഇരുന്നു! അവളെ എടുത്ത് തന്റെ മടിയിൽ കിടത്തി.
"ബാലെ കണ്ണ് തുറക്ക് ..കണ്ണ് തുറക്ക് മോളെ..എഴുന്നേൽക്ക്.."ജിതേഷ് അവളുടെ രണ്ട് കവിളിലും തട്ടുകയും അവളെ കുലുക്കി വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.പ്രതികരണം ഒന്നും ഉണ്ടായില്ല!

By: തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo